
പ്ലസ് വണ്ണിന് പഠിക്കുന്ന അല്ല പോകുന്ന കാലം. മരമോന്തയുടെ സൗന്ദര്യം കൊണ്ടോ, വീപ്പക്കുറ്റിയുടെ വലിപ്പം കൊണ്ടോ പ്രേമം എന്നത് നമ്മുടെ ഏഴയലത്തു കൂടി പോയിട്ടില്ല. ഒരു ചേച്ചി യുള്ളതിനു twilight നും sydney sheldon ഉം ഇടയിൽ നിന്നും തല പോക്കാൻ നേരമില്ല. മുംബൈ ജീവിതം മുറ്റമില്ലാത്ത ഫ്ലാറ്റിനും ക്യാമ്പസ് ഇല്ലാത്ത കോളേജിനും ഇടയിൽ തീർന്നുകൊണ്ടിരിക്കുമ്പോൾ, ദേ വരുന്നു വാലന്റൈൻസ് ഡേ. കോളേജിലാണേൽ പെൺപിള്ളേർ ഗിഫ്റ്റ് വാങ്ങലും പൊതിയലും പ്ളാനിംഗും ആകെ ബഹളം. എനിക്കിതൊക്കെ കണ്ടിട്ട് അസൂയ സഹിക്കുന്നില്ല. ഒരു കോന്തനും എന്നെ പ്രേമിക്കാൻ തോന്നുന്നില്ലല്ലോ ന്നൊരു വിഷമവും.
ഏതായാലും രണ്ടും കല്പ്പിച്ചു ഒരു തീരുമാനം അങ്ങെടുത്തു. അച്ഛനും അമ്മയ്ക്കും വേണ്ടി വീട്ടിൽ ഒരു വാലന്റൈൻസ് ഡേ ഡിന്നർ ഒരുക്കുന്നു. ചേച്ചിയും ഫുൾ സപ്പോർട്ട്. പിന്നെ കംപ്ലീറ്റ് പ്ലാനിംഗ് ആയിരുന്നു.
ആദ്യമായി അമ്മക്ക് ഡിന്നർ ഉണ്ടാക്കുന്നതിൽ നിന്നും അവധി കൊടുത്തു. ഒരു ബദാം മിൽക്ക് ഷേക്ക് ഞാൻ ഉണ്ടാക്കാം ന്നു പറഞ്ഞതും എന്റെ ചേച്ചീന്ന് പറയുന്ന സാധനം ഒരു ചോദ്യം "അപ്പൊ ഡിന്നർ നീയല്ലേ ഉണ്ടാക്കുന്നത് " എന്ന്. സ്വന്തമായി ഒരു ചായപോലും ഉണ്ടാക്കാൻ അറിയാത്തതിന്റെ വല്ല അഹങ്കാരവും ആ മുഖത്തു ഉണ്ടോന്നു നോക്കിക്കേ. ഞാൻ ആണെങ്കിലോ അമ്മക്ക് വയ്യാത്തപ്പോ അടുക്കള ഭരണം ഏറ്റെടുക്കുന്നതല്ലാതെ കുനിഞ്ഞു ഒരു കുപ്പ ഞാൻ എടുക്കുമെന്ന് ആരും വിചാരിക്കണ്ട. അത്ര ശ്രദ്ധയോടെ കാത്തു സൂക്ഷിച്ച ശരീരമാണ്.
അവസാനം ബസ്ചാർജിൽ നിന്നു മിച്ചം വച്ചതും, വഞ്ചി പൊട്ടിച്ചതും ഒക്കെ കൂടി, പുറത്തു നിന്ന് ഡിന്നറും ഓർഡർ ചെയ്തു. രാവിലെ മുതൽ അടുക്കളയിൽ അധ്വാനിച്ചു ഞാനൊരു ബദാം ഷേക്കും ഉണ്ടാക്കി.
രാത്രിയായി. അച്ഛൻ എത്തി എന്ന് താഴെ നിന്നും വാച്ച്മാൻ കാൾ ചെയ്തു പറഞ്ഞു. ലൈറ്റുകൾ അണഞ്ഞു, മെഴുകുതിരി കത്തി. കിട്ടിയതിൽ ബെസ്റ്റ് പട്ടുസാരി ഉടുത്ത് അമ്മയെ ഞങ്ങൾ റെഡി ആക്കി. കാളിംഗ് ബെൽ മുഴങ്ങി. ഞാൻ പോയി വാതിൽ തുറന്നു. അകത്തു കയറിയ അച്ഛൻ, എന്താ ലൈറ്റ് ഇടാത്തത് എന്നും ചോദിച്ചു നേരെ സ്വന്തം റൂമിൽ പോയി ലൈറ്റ് ഇട്ടു. എന്തെങ്കിലും പറയാൻ സമയം കിട്ടുന്നതിനു മുൻപ്, അച്ഛന്റെ മുറിയിലെ കതകടഞ്ഞു.
ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു, ദേശിയ വസ്ത്രമായ മുണ്ടും ഉടുത്ത് സ്റ്റീൽ ബോഡിയും കാണിച്ചു വന്നപ്പോഴാണ് പട്ടുസാരി ഉടുത്ത അമ്മയും മെഴുകുതിരിയും ഒക്കെ അച്ഛന് തെളിഞ്ഞത്. കാര്യത്തിന്റെ കിടപ്പ് വശം മനസിലായപ്പോഴേക്കും ഒക്കെ കൈ വിട്ടുപോയി. ഏതായാലും അച്ഛൻ സ്റ്റീൽബോഡി ഇലും അമ്മ പട്ടുസാരി യിലും ഞങ്ങൾ രണ്ട് പേരും ചമ്മലിലും ആണേലും ഒരു അടിപൊളി ഡിന്നർ ഒന്നിച്ചു കഴിച്ചു. പിന്നെ ആ ബദാം മിൽക്ക് ഷേക്ക് , അതുണ്ടാക്കിയവനെ അച്ഛൻ ഇപ്പോഴും തിരക്കി നടക്കുന്നു എന്നാണ് കേട്ടത്.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക