Showing posts with label അഞ്ജുമോഹൻ. Show all posts
Showing posts with label അഞ്ജുമോഹൻ. Show all posts

വാലന്റൈൻസ് ഡേ -ചീറ്റി

Image may contain: one or more people, beard, eyeglasses, selfie and closeup

പ്ലസ്‌ വണ്ണിന് പഠിക്കുന്ന അല്ല പോകുന്ന കാലം. മരമോന്തയുടെ സൗന്ദര്യം കൊണ്ടോ, വീപ്പക്കുറ്റിയുടെ വലിപ്പം കൊണ്ടോ പ്രേമം എന്നത് നമ്മുടെ ഏഴയലത്തു കൂടി പോയിട്ടില്ല. ഒരു ചേച്ചി യുള്ളതിനു twilight നും sydney sheldon ഉം ഇടയിൽ നിന്നും തല പോക്കാൻ നേരമില്ല. മുംബൈ ജീവിതം മുറ്റമില്ലാത്ത ഫ്ലാറ്റിനും ക്യാമ്പസ്‌ ഇല്ലാത്ത കോളേജിനും ഇടയിൽ തീർന്നുകൊണ്ടിരിക്കുമ്പോൾ, ദേ വരുന്നു വാലന്റൈൻസ് ഡേ. കോളേജിലാണേൽ പെൺപിള്ളേർ ഗിഫ്റ്റ് വാങ്ങലും പൊതിയലും പ്ളാനിംഗും ആകെ ബഹളം. എനിക്കിതൊക്കെ കണ്ടിട്ട് അസൂയ സഹിക്കുന്നില്ല. ഒരു കോന്തനും എന്നെ പ്രേമിക്കാൻ തോന്നുന്നില്ലല്ലോ ന്നൊരു വിഷമവും.
ഏതായാലും രണ്ടും കല്പ്പിച്ചു ഒരു തീരുമാനം അങ്ങെടുത്തു. അച്ഛനും അമ്മയ്ക്കും വേണ്ടി വീട്ടിൽ ഒരു വാലന്റൈൻസ് ഡേ ഡിന്നർ ഒരുക്കുന്നു. ചേച്ചിയും ഫുൾ സപ്പോർട്ട്. പിന്നെ കംപ്ലീറ്റ് പ്ലാനിംഗ് ആയിരുന്നു.
ആദ്യമായി അമ്മക്ക് ഡിന്നർ ഉണ്ടാക്കുന്നതിൽ നിന്നും അവധി കൊടുത്തു. ഒരു ബദാം മിൽക്ക് ഷേക്ക്‌ ഞാൻ ഉണ്ടാക്കാം ന്നു പറഞ്ഞതും എന്റെ ചേച്ചീന്ന് പറയുന്ന സാധനം ഒരു ചോദ്യം "അപ്പൊ ഡിന്നർ നീയല്ലേ ഉണ്ടാക്കുന്നത് " എന്ന്. സ്വന്തമായി ഒരു ചായപോലും ഉണ്ടാക്കാൻ അറിയാത്തതിന്റെ വല്ല അഹങ്കാരവും ആ മുഖത്തു ഉണ്ടോന്നു നോക്കിക്കേ. ഞാൻ ആണെങ്കിലോ അമ്മക്ക് വയ്യാത്തപ്പോ അടുക്കള ഭരണം ഏറ്റെടുക്കുന്നതല്ലാതെ കുനിഞ്ഞു ഒരു കുപ്പ ഞാൻ എടുക്കുമെന്ന് ആരും വിചാരിക്കണ്ട. അത്ര ശ്രദ്ധയോടെ കാത്തു സൂക്ഷിച്ച ശരീരമാണ്.
അവസാനം ബസ്ചാർജിൽ നിന്നു മിച്ചം വച്ചതും, വഞ്ചി പൊട്ടിച്ചതും ഒക്കെ കൂടി, പുറത്തു നിന്ന് ഡിന്നറും ഓർഡർ ചെയ്തു. രാവിലെ മുതൽ അടുക്കളയിൽ അധ്വാനിച്ചു ഞാനൊരു ബദാം ഷേക്കും ഉണ്ടാക്കി.
രാത്രിയായി. അച്ഛൻ എത്തി എന്ന് താഴെ നിന്നും വാച്ച്മാൻ കാൾ ചെയ്തു പറഞ്ഞു. ലൈറ്റുകൾ അണഞ്ഞു, മെഴുകുതിരി കത്തി. കിട്ടിയതിൽ ബെസ്റ്റ് പട്ടുസാരി ഉടുത്ത് അമ്മയെ ഞങ്ങൾ റെഡി ആക്കി. കാളിംഗ് ബെൽ മുഴങ്ങി. ഞാൻ പോയി വാതിൽ തുറന്നു. അകത്തു കയറിയ അച്ഛൻ, എന്താ ലൈറ്റ് ഇടാത്തത് എന്നും ചോദിച്ചു നേരെ സ്വന്തം റൂമിൽ പോയി ലൈറ്റ് ഇട്ടു. എന്തെങ്കിലും പറയാൻ സമയം കിട്ടുന്നതിനു മുൻപ്‌, അച്ഛന്റെ മുറിയിലെ കതകടഞ്ഞു.
ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു, ദേശിയ വസ്ത്രമായ മുണ്ടും ഉടുത്ത് സ്റ്റീൽ ബോഡിയും കാണിച്ചു വന്നപ്പോഴാണ് പട്ടുസാരി ഉടുത്ത അമ്മയും മെഴുകുതിരിയും ഒക്കെ അച്ഛന് തെളിഞ്ഞത്. കാര്യത്തിന്റെ കിടപ്പ് വശം മനസിലായപ്പോഴേക്കും ഒക്കെ കൈ വിട്ടുപോയി. ഏതായാലും അച്ഛൻ സ്റ്റീൽബോഡി ഇലും അമ്മ പട്ടുസാരി യിലും ഞങ്ങൾ രണ്ട് പേരും ചമ്മലിലും ആണേലും ഒരു അടിപൊളി ഡിന്നർ ഒന്നിച്ചു കഴിച്ചു. പിന്നെ ആ ബദാം മിൽക്ക് ഷേക്ക്‌ , അതുണ്ടാക്കിയവനെ അച്ഛൻ ഇപ്പോഴും തിരക്കി നടക്കുന്നു എന്നാണ് കേട്ടത്.
By: 

തെരുവിന്റെ സന്തതി

Image may contain: one or more people, beard, eyeglasses, selfie and closeup

എപ്പോഴാ സാറേ ഞങ്ങളെ വിടുന്നെ ? തലങ്ങും വിലങ്ങും ഓടി നടക്കുന്ന പൊലീസുകാരെ നോക്കി മീര ചോദിച്ചു. ദിവസം രണ്ടായി ഇവിടെ വന്നിട്ട്. അവളെവിടെ ആയിരിക്കും? വല്ലതും കഴിച്ചു കാണുമോ?
മീര, ഓർമ്മ വച്ച കാലം മുതൽ അവൾ തെരുവിലാണ്. ചിലപ്പോൾ ഉറക്കെ ചിരിച്ചും ചിലപ്പോൾ കരഞ്ഞും, ദേഷ്യംവരുമ്പോൾ തന്നെ തല്ലിയും കൂടെ കൊണ്ട് നടക്കുന്ന ഒരു സ്ത്രീ ആയെ അവൾ അമ്മയെ അറിഞ്ഞിരുന്നുള്ളു.
ഏതോ തെരുവോരത്ത് കിടന്നു മരിക്കാറായപ്പോ അമ്മ അവളെ സ്നേഹത്തോടെ വിളിച്ച് അടുത്തിരുത്തി. അവസാനമായി അവർ അവളോട്‌ പറഞ്ഞത്, സൂക്ഷിക്കണം എന്നായിരുന്നു. കണ്ടാൽ പന്ത്രണ്ട് പോലും തോന്നിക്കാത്ത ആ പതിനഞ്ചുകാരിക്ക് അന്ന് അതിന്റെ അർത്ഥം മനസിലായില്ല.
നഗരസഭയുടെ വണ്ടി വന്ന് അവരുടെ ശരീരം കൊണ്ട് പോയപ്പോൾ എട്ടും പൊട്ടും തിരിയാത്ത ഒരു പെൺകുട്ടി മാത്രം ബാക്കിയായി. തെരുവ് തോറും അലഞ്ഞു നടന്ന അവൾ പകൽ ഭിക്ഷ യാചിച്ചും, രാത്രി കടത്തിണ്ണയിൽ ഉറങ്ങിയും കഴിച്ചുകൂട്ടി.
ആയിടയ്ക്കാണ് അവൾ അവനെ കാണുന്നത്. ചിലപ്പോൾ വിലകൂടിയ കാറിൽ, ചിലപ്പോൾ ബൈക്കിൽ അവനെ അവൾ നഗരത്തിൽ പലയിടത്ത് വച്ചും കണ്ടു. അവന്റെ വെള്ളാരം കണ്ണുകളോ, തൊലി വെളുപ്പോ കാരണം അല്ല അവൾ ശ്രദ്ധിച്ചത്. പതിനഞ്ചു വർഷത്തെ ജീവിതത്തിൽ അവളെ നോക്കി അനുകമ്പയോടെ പുഞ്ചിരിച്ച ഒരേ ഒരാൾ അവനായിരുന്നു.
കൂടെ ആളുള്ളപ്പോൾ അവനവളെ നോക്കിയില്ല. ചിലപ്പോഴൊക്കെ അവൻ കഴിച്ചതിന്റെ ബാക്കി അവൾക്ക് എറിഞ്ഞു കൊടുത്തു. പലപ്പോഴും അത് അവളുടെ വിശപ്പകറ്റി.
ഭക്ഷണപ്പൊതി കാട്ടിത്തന്നെയാണ് അന്നും അവൻ അവളെ വിളിച്ചത്. രാത്രി ആയിട്ടും ഒരു നേരത്തെ ആഹാരത്തിനു വഴി കാണാതെ ഇരുന്ന അവൾക്കു അവനെ കണ്ടപ്പോൾ സമാധാനമായി.
ഇടവഴിയുടെ വിജനതയും, തനിച്ചാണ് എന്ന സത്യവും, വിശപ്പ് കൊണ്ട് അവൾ ഓർത്തില്ല. ഭക്ഷണപ്പൊതി എടുക്കാൻ കൈനീട്ടിയ അവൾ പിന്നീട് കണ്ണുതുറക്കുമ്പോൾ പരിപൂർണ നഗ്നയായി വഴിയരികിൽ കിടക്കുകയായിരുന്നു.
എന്താണ് തനിക്കു സംഭവിച്ചത് എന്ന് അവൾക്കു മനസിലായില്ല. ശരീരമാസകലം വേദനിച്ചപ്പോൾ മാത്രം അന്ന് ഭക്ഷണം തരാതെ പോയ ആ പൂച്ചക്കണ്ണനോട് അവൾക്കു വെറുപ്പ്‌ തോന്നി.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ആഹാരം കഴിക്കാതെ വന്ന ശർദിയും, മനം പുരട്ടലും കണ്ട്‌ നാടോടി പെണ്ണുങ്ങൾ കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയപ്പോഴേക്കും അവൾ മൂന്നു മാസം ഗര്ഭിണി ആയിരുന്നു. തന്നോടിത് ചെയ്തവനെ അവൾ പിന്നീട് ഒരിക്കലും കണ്ടില്ല. പക്ഷെ അപ്പോഴേക്കും താൻ ഒരു അമ്മയാകാൻ പോകുന്നു എന്നും, തന്റെ കുഞ്ഞു തനിക്ക് കൂട്ടാകും എന്നും അവൾ സ്വപ്നം കണ്ട്‌ തുടങ്ങിയിരുന്നു.
നിറവയറുമായി ഭിക്ഷ ചോദിച്ച അവളിൽ പ്രബുദ്ധ കേരളം ദയ വാരിച്ചൊരിഞ്ഞു. ആഹാരത്തിനു മുട്ടില്ലാതെ അവൾ കഴിഞ്ഞ 6 മാസങ്ങൾ. അതിനൊടുവിൽ ഡോക്ടർമാർ ഇല്ലാതെ ഇൻജെക്ഷൻ ഇല്ലാതെ നാടോടികളുടെ കൂടാരത്തിൽ അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. വെള്ളാരം കണ്ണുള്ള വെളുത്തു തുടുത്ത ഒരു പെണ്കുഞ്ഞ്.
മീര അവൾക്കു മായ എന്നു പേരിട്ടു. ഭിക്ഷയെടുക്കാൻ പോകുമ്പോൾ മോളെ അവൾ തുണിയിൽ പൊതിഞ്ഞ് സ്വന്തം ശരീരത്തോട് ചേർത്ത് കെട്ടി. ഒരു വയസ് വരെ അവളെ മുലയൂട്ടി. പിന്നീട് പാല്‌ വാങ്ങി കാച്ചി കൊടുത്തു. തനിക്ക് കഴിക്കാൻ കിട്ടിയില്ലെങ്കിലും അവളെ ഊട്ടി.
തന്റെ മകൾ തെരുവിൽ വളരരുത് എന്ന് അവൾ ഉറപ്പിച്ചു. അങ്ങനെയാണ് നാടോടികൾ പറഞ്ഞത് അനുസരിച്ച് അവൾ കുറച്ചു കാശ് കൂട്ടി വച്ച് ട്രെയിനിലും ബസിലും ട്രാഫിക് സിഗ്നലിലും കച്ചവടം തുടങ്ങിയത്.
ഇന്നു ട്രെയ്‌നിലായിരുന്നു കച്ചവടം. പതിവുപോലെ മോളെയും കൊണ്ട് ട്രെയിനിൽ കയറി. അല്പം ഒന്ന് വിശ്രമിക്കാൻ ഇരുന്നതാണ്. അടുത്തിരുന്ന സീറ്റിലെ ചേച്ചി അവജ്ഞയോടെ അവളെ നോക്കി. പിന്നെ അവളുടെ നെഞ്ചിൽ ചേർന്ന് കിടക്കുന്ന കുഞ്ഞിനേയും. അവർ തിടുക്കത്തിൽ ഫോൺ എടുത്തു മോളുടെ നേർക്ക്‌ പിടിച്ചു, എഴുന്നേറ്റു പോകാൻ തുനിഞ്ഞ മീരയോട് ഇരിക്കാൻ പറഞ്ഞു. വിശേഷങ്ങൾ ചോദിച്ചു തുടങ്ങിയപ്പോൾ അവൾക്ക് ആശ്വാസമായി. അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ എഴുന്നേറ്റ അവളെ കുറെ പോലീസുകാരാണ് ഇവിടെ എത്തിച്ചത്.
തന്റെ മോളെ കാണാതെ രണ്ടു ദിവസമായി മീര സ്റ്റേഷനിൽ ഇരിക്കുന്നു. ഇവിടെ വന്ന ഉടനെ ഒരു വനിതാ പോലീസ് പിടിച്ചു വാങ്ങിയതാ അവളെ.
അപ്പോഴേക്കും മാതൃവാത്സല്യം തുളുമ്പിയ ആ ചേച്ചിയുടെ ഫോൺ വഴി മായാമോളുടെ ചിത്രം whatsapp ഉം facebook ഉം കടന്നു ട്വിറ്ററിലേക്കുള്ള പ്രയാണത്തിൽ ആയിരുന്നു. "നാടോടി സ്ത്രീ കൈകുഞ്ഞുമായി പിടിയിൽ. ഇത് ഇവരുടെ കുഞ്ഞാണെന്നു തോന്നുന്നുണ്ടോ? ദയവായി share ചെയ്ത് മാതാപിതാക്കളിൽ എത്തിക്കു" എന്ന തലക്കെട്ടുമായി.
അമ്മയെ കാണാതെ രണ്ട് ദിവസമായി അലറിക്കരഞ്ഞ കുഞ്ഞിനെ തനിക്ക് മാനേജ് ചെയ്യാൻ കഴിയില്ല എന്നറിയിക്കാൻ വന്ന പൊലീസുകാരി യുടെ കയ്യിൽ നിന്നു സ്വന്തം കുഞ്ഞിനെ തട്ടിപ്പറിക്കുമ്പോൾ മീര എന്ന അമ്മ ഒരു ചീറ്റപ്പുലിയുടെ ശൗര്യം കാണിച്ചു.
ഉപദ്രവിക്കാൻ ഓടിയടുത്ത പോലീസുകാരിൽ പലരും കൈ താഴ്ത്തി തിരിഞ്ഞ് നടക്കുമ്പോൾ മായ തന്റെ അമ്മയുടെ ഇനിയും വറ്റാത്ത മാറിൽ നിന്നും മുലപ്പാൽ നുകരുകയായിരുന്നു.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo