Slider

തെരുവിന്റെ സന്തതി

0
Image may contain: one or more people, beard, eyeglasses, selfie and closeup

എപ്പോഴാ സാറേ ഞങ്ങളെ വിടുന്നെ ? തലങ്ങും വിലങ്ങും ഓടി നടക്കുന്ന പൊലീസുകാരെ നോക്കി മീര ചോദിച്ചു. ദിവസം രണ്ടായി ഇവിടെ വന്നിട്ട്. അവളെവിടെ ആയിരിക്കും? വല്ലതും കഴിച്ചു കാണുമോ?
മീര, ഓർമ്മ വച്ച കാലം മുതൽ അവൾ തെരുവിലാണ്. ചിലപ്പോൾ ഉറക്കെ ചിരിച്ചും ചിലപ്പോൾ കരഞ്ഞും, ദേഷ്യംവരുമ്പോൾ തന്നെ തല്ലിയും കൂടെ കൊണ്ട് നടക്കുന്ന ഒരു സ്ത്രീ ആയെ അവൾ അമ്മയെ അറിഞ്ഞിരുന്നുള്ളു.
ഏതോ തെരുവോരത്ത് കിടന്നു മരിക്കാറായപ്പോ അമ്മ അവളെ സ്നേഹത്തോടെ വിളിച്ച് അടുത്തിരുത്തി. അവസാനമായി അവർ അവളോട്‌ പറഞ്ഞത്, സൂക്ഷിക്കണം എന്നായിരുന്നു. കണ്ടാൽ പന്ത്രണ്ട് പോലും തോന്നിക്കാത്ത ആ പതിനഞ്ചുകാരിക്ക് അന്ന് അതിന്റെ അർത്ഥം മനസിലായില്ല.
നഗരസഭയുടെ വണ്ടി വന്ന് അവരുടെ ശരീരം കൊണ്ട് പോയപ്പോൾ എട്ടും പൊട്ടും തിരിയാത്ത ഒരു പെൺകുട്ടി മാത്രം ബാക്കിയായി. തെരുവ് തോറും അലഞ്ഞു നടന്ന അവൾ പകൽ ഭിക്ഷ യാചിച്ചും, രാത്രി കടത്തിണ്ണയിൽ ഉറങ്ങിയും കഴിച്ചുകൂട്ടി.
ആയിടയ്ക്കാണ് അവൾ അവനെ കാണുന്നത്. ചിലപ്പോൾ വിലകൂടിയ കാറിൽ, ചിലപ്പോൾ ബൈക്കിൽ അവനെ അവൾ നഗരത്തിൽ പലയിടത്ത് വച്ചും കണ്ടു. അവന്റെ വെള്ളാരം കണ്ണുകളോ, തൊലി വെളുപ്പോ കാരണം അല്ല അവൾ ശ്രദ്ധിച്ചത്. പതിനഞ്ചു വർഷത്തെ ജീവിതത്തിൽ അവളെ നോക്കി അനുകമ്പയോടെ പുഞ്ചിരിച്ച ഒരേ ഒരാൾ അവനായിരുന്നു.
കൂടെ ആളുള്ളപ്പോൾ അവനവളെ നോക്കിയില്ല. ചിലപ്പോഴൊക്കെ അവൻ കഴിച്ചതിന്റെ ബാക്കി അവൾക്ക് എറിഞ്ഞു കൊടുത്തു. പലപ്പോഴും അത് അവളുടെ വിശപ്പകറ്റി.
ഭക്ഷണപ്പൊതി കാട്ടിത്തന്നെയാണ് അന്നും അവൻ അവളെ വിളിച്ചത്. രാത്രി ആയിട്ടും ഒരു നേരത്തെ ആഹാരത്തിനു വഴി കാണാതെ ഇരുന്ന അവൾക്കു അവനെ കണ്ടപ്പോൾ സമാധാനമായി.
ഇടവഴിയുടെ വിജനതയും, തനിച്ചാണ് എന്ന സത്യവും, വിശപ്പ് കൊണ്ട് അവൾ ഓർത്തില്ല. ഭക്ഷണപ്പൊതി എടുക്കാൻ കൈനീട്ടിയ അവൾ പിന്നീട് കണ്ണുതുറക്കുമ്പോൾ പരിപൂർണ നഗ്നയായി വഴിയരികിൽ കിടക്കുകയായിരുന്നു.
എന്താണ് തനിക്കു സംഭവിച്ചത് എന്ന് അവൾക്കു മനസിലായില്ല. ശരീരമാസകലം വേദനിച്ചപ്പോൾ മാത്രം അന്ന് ഭക്ഷണം തരാതെ പോയ ആ പൂച്ചക്കണ്ണനോട് അവൾക്കു വെറുപ്പ്‌ തോന്നി.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ആഹാരം കഴിക്കാതെ വന്ന ശർദിയും, മനം പുരട്ടലും കണ്ട്‌ നാടോടി പെണ്ണുങ്ങൾ കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയപ്പോഴേക്കും അവൾ മൂന്നു മാസം ഗര്ഭിണി ആയിരുന്നു. തന്നോടിത് ചെയ്തവനെ അവൾ പിന്നീട് ഒരിക്കലും കണ്ടില്ല. പക്ഷെ അപ്പോഴേക്കും താൻ ഒരു അമ്മയാകാൻ പോകുന്നു എന്നും, തന്റെ കുഞ്ഞു തനിക്ക് കൂട്ടാകും എന്നും അവൾ സ്വപ്നം കണ്ട്‌ തുടങ്ങിയിരുന്നു.
നിറവയറുമായി ഭിക്ഷ ചോദിച്ച അവളിൽ പ്രബുദ്ധ കേരളം ദയ വാരിച്ചൊരിഞ്ഞു. ആഹാരത്തിനു മുട്ടില്ലാതെ അവൾ കഴിഞ്ഞ 6 മാസങ്ങൾ. അതിനൊടുവിൽ ഡോക്ടർമാർ ഇല്ലാതെ ഇൻജെക്ഷൻ ഇല്ലാതെ നാടോടികളുടെ കൂടാരത്തിൽ അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. വെള്ളാരം കണ്ണുള്ള വെളുത്തു തുടുത്ത ഒരു പെണ്കുഞ്ഞ്.
മീര അവൾക്കു മായ എന്നു പേരിട്ടു. ഭിക്ഷയെടുക്കാൻ പോകുമ്പോൾ മോളെ അവൾ തുണിയിൽ പൊതിഞ്ഞ് സ്വന്തം ശരീരത്തോട് ചേർത്ത് കെട്ടി. ഒരു വയസ് വരെ അവളെ മുലയൂട്ടി. പിന്നീട് പാല്‌ വാങ്ങി കാച്ചി കൊടുത്തു. തനിക്ക് കഴിക്കാൻ കിട്ടിയില്ലെങ്കിലും അവളെ ഊട്ടി.
തന്റെ മകൾ തെരുവിൽ വളരരുത് എന്ന് അവൾ ഉറപ്പിച്ചു. അങ്ങനെയാണ് നാടോടികൾ പറഞ്ഞത് അനുസരിച്ച് അവൾ കുറച്ചു കാശ് കൂട്ടി വച്ച് ട്രെയിനിലും ബസിലും ട്രാഫിക് സിഗ്നലിലും കച്ചവടം തുടങ്ങിയത്.
ഇന്നു ട്രെയ്‌നിലായിരുന്നു കച്ചവടം. പതിവുപോലെ മോളെയും കൊണ്ട് ട്രെയിനിൽ കയറി. അല്പം ഒന്ന് വിശ്രമിക്കാൻ ഇരുന്നതാണ്. അടുത്തിരുന്ന സീറ്റിലെ ചേച്ചി അവജ്ഞയോടെ അവളെ നോക്കി. പിന്നെ അവളുടെ നെഞ്ചിൽ ചേർന്ന് കിടക്കുന്ന കുഞ്ഞിനേയും. അവർ തിടുക്കത്തിൽ ഫോൺ എടുത്തു മോളുടെ നേർക്ക്‌ പിടിച്ചു, എഴുന്നേറ്റു പോകാൻ തുനിഞ്ഞ മീരയോട് ഇരിക്കാൻ പറഞ്ഞു. വിശേഷങ്ങൾ ചോദിച്ചു തുടങ്ങിയപ്പോൾ അവൾക്ക് ആശ്വാസമായി. അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ എഴുന്നേറ്റ അവളെ കുറെ പോലീസുകാരാണ് ഇവിടെ എത്തിച്ചത്.
തന്റെ മോളെ കാണാതെ രണ്ടു ദിവസമായി മീര സ്റ്റേഷനിൽ ഇരിക്കുന്നു. ഇവിടെ വന്ന ഉടനെ ഒരു വനിതാ പോലീസ് പിടിച്ചു വാങ്ങിയതാ അവളെ.
അപ്പോഴേക്കും മാതൃവാത്സല്യം തുളുമ്പിയ ആ ചേച്ചിയുടെ ഫോൺ വഴി മായാമോളുടെ ചിത്രം whatsapp ഉം facebook ഉം കടന്നു ട്വിറ്ററിലേക്കുള്ള പ്രയാണത്തിൽ ആയിരുന്നു. "നാടോടി സ്ത്രീ കൈകുഞ്ഞുമായി പിടിയിൽ. ഇത് ഇവരുടെ കുഞ്ഞാണെന്നു തോന്നുന്നുണ്ടോ? ദയവായി share ചെയ്ത് മാതാപിതാക്കളിൽ എത്തിക്കു" എന്ന തലക്കെട്ടുമായി.
അമ്മയെ കാണാതെ രണ്ട് ദിവസമായി അലറിക്കരഞ്ഞ കുഞ്ഞിനെ തനിക്ക് മാനേജ് ചെയ്യാൻ കഴിയില്ല എന്നറിയിക്കാൻ വന്ന പൊലീസുകാരി യുടെ കയ്യിൽ നിന്നു സ്വന്തം കുഞ്ഞിനെ തട്ടിപ്പറിക്കുമ്പോൾ മീര എന്ന അമ്മ ഒരു ചീറ്റപ്പുലിയുടെ ശൗര്യം കാണിച്ചു.
ഉപദ്രവിക്കാൻ ഓടിയടുത്ത പോലീസുകാരിൽ പലരും കൈ താഴ്ത്തി തിരിഞ്ഞ് നടക്കുമ്പോൾ മായ തന്റെ അമ്മയുടെ ഇനിയും വറ്റാത്ത മാറിൽ നിന്നും മുലപ്പാൽ നുകരുകയായിരുന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo