Slider

പ്രതീക്ഷയുടെ തീരങ്ങൾ

0
Image may contain: 1 person

സൂസൻ റെയിൽവേ പ്ലാറ്റ്ഫോമിലൂടെ ധൃതിയിൽ നടന്നു. തോളിൽ കിടക്കുന്ന കുഞ്ഞ് ഉറക്കത്തിൽ ഒന്നു ഞരങ്ങി. അതു ശ്രദ്ധിക്കാതെ മറ്റേ കൈ കൊണ്ട് ലഗേജ് വലിച്ചു കൊണ്ട് അവൾ നടത്തത്തിന്റെ വേഗം കൂട്ടി. ഏഴു മണിയുടെ ബാംഗ്ലൂർ ടു ട്രിവാൻഡ്രം ട്രെയിനിൽ കയറുന്നതോടെ എന്നന്നേയ്ക്കുമായി ബാംഗ്ലൂർ നഗരത്തോട് താൻ വിട പറയുകയാണ്. അഞ്ചു വർഷങ്ങൾ ഈ മഹാനഗരത്തിൽ ഒരു നഴ്സിന്റെ വെളുത്ത കുപ്പായവുമിട്ട് മൂത്രത്തിന്റേയും മലത്തിന്റേയും ചോരയുടെയും ഗന്ധത്തിൽ ജീവിച്ച തനിക്ക് തിരിച്ചു പോവുമ്പോഴുള്ള സമ്പാദ്യം കുറേ മുഷിഞ്ഞ തുണികളും തോളിൽ മയങ്ങുന്ന ആ കുഞ്ഞും മാത്രം ആണെന്നത് അവളെ ചിരിപ്പിച്ചു.
ട്രെയിൻ പുറപ്പെടാൻ തുടങ്ങിയിരുന്നു. വല്ല വിധേനയും അകത്തേക്ക് കയറിപറ്റിക്കഴിഞ്ഞപ്പോഴാണ് ഒന്ന് ഉറപ്പിച്ചു ശ്വാസമെടുത്തത്. ട്രെയിനിൽ കുറച്ച് തിരക്കുണ്ടായിരുന്നു. സീറ്റ് നേരത്തെ തന്നെ റിസർവ് ചെയ്തതു കൊണ്ട് പേടിക്കേണ്ട. പിറ്റേന്ന് രാവിലെ എറണാകുളം എത്തുന്നത്.സ്ലീപ്പർ കോച്ചായത് കൊണ്ട് വേണമെങ്കിൽ സുഖമായൊന്നുറങ്ങാം. രണ്ടര വർഷങ്ങളായി നഷ്ടപ്പെട്ട ഉറക്കം ഇന്ന് രാത്രി കിട്ടുമെന്നത് വെറുമൊരു വ്യാമോഹം മാത്രമാണെന്ന് അവൾ ഓർത്തു. എന്തായാലും ആ മോഹത്തിന് അധികം ആയുസ്സുണ്ടായില്ല. ആദ്യമായി ട്രെയിനിൽ കയറുന്നത് കൊണ്ടാവാം അവളുടെ ഒന്നര വയസ്സുകാരൻ കുഞ്ഞ് പേടിച്ച് കരഞ്ഞു കൊണ്ടിരുന്നു. റിസർവ്വ് ചെയ്തിരുന്ന അപ്പർ ബർത്തിൽ ഒരു വിധത്തിലും കിടക്കാൻ കുഞ്ഞ് സമ്മതിക്കുന്നില്ല. അവൾ ഒഴിഞ്ഞു കിടക്കുന്ന ലോവർ ബർത്തിൽ ഇരുന്നു. കുഞ്ഞ് ഒരു വിധം സമാധാനപ്പെട്ടതായി തോന്നി. അതിലെ പാസഞ്ചർ വരുമ്പോൾ ബർത്ത് എക്സേ ഞ്ച് ചെയ്യുമോ എന്ന് ചോദിച്ചു നോക്കാം. അവൾ കരുതി...
കുഞ്ഞ് ഉറങ്ങിക്കഴിഞ്ഞപ്പോൾ അവൾ വീട്ടിലേക്ക് വിളിച്ചു. എല്ലാം അവസാനിപ്പിച്ച് തിരിച്ചു വരികയാണെന്ന് അവരോട് പറയണമല്ലോ. പ്രതീക്ഷിച്ചതു പോലെ തന്നെ ഒരു പൊട്ടിത്തെറി..
" ഞങ്ങളോട് ആരോടും ചോദിച്ചിട്ടല്ലല്ലോ ഒരു താലി പോലും കെട്ടാതെ ഒരുത്തന്റെ കൂടെ പൊറുത്തത്. ഇനി അതിൽ ഉണ്ടായ വിഴുപ്പിനേയും കൊണ്ട് ഈ പടി കടക്കണ്ട... നീ മാത്രമല്ല ഞങ്ങൾക്ക് വേറെയും മക്കളുണ്ട്. " ഫോണിലൂടെ കേട്ട അമ്മയുടെ മറുപടി ആ വീടിന്റെ മുഴുവൻ തീരുമാനമാണെന്ന് അവൾക്ക് അറിയാമായിരുന്നു. എന്നിട്ടും അവൾ ചോദിച്ചു.
"ഈ കുഞ്ഞിനെയും കൊണ്ട് ഇനി ഞാൻ എന്തു ചെയ്യും അമ്മേ...."
"പോയി ചത്തൂട്ടേടി നിനക്ക്..... ബാക്കിയുള്ളവരെങ്കിലും രക്ഷപെടും" അമ്മയുടെ മറുപടി കേട്ട് നെഞ്ച് നൊന്തു. പക്ഷേ അവരെ തെറ്റു പറയാൻ തോന്നിയില്ല. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമായി ഇവിടെ വന്ന താൻ ഒരിക്കലും ഇങ്ങനെ ഒരു ചതിക്കുഴിയിൽ അകപ്പെടരുതായിരുന്നു. സ്വന്തം ജീവിതവും മറ്റുള്ളവരുടെ പ്രതീക്ഷകളും തകർക്കരുതായിരുന്നു. തന്നെയും കുഞ്ഞിനേയും തനിച്ചാക്കി എവിടെയോ പോയ് മറഞ്ഞ അയാളുടെ മുഖം ഓർമ്മയിൽ തെളിഞ്ഞു. പ്രണയവും വിശ്വാസവും ജീവിതവും ഒന്നിച്ച് ഒരു നിമിഷം കൊണ്ട് തകർത്ത മനുഷ്യൻ...വേണ്ടെന്നു വച്ചിട്ടും അവളുടെ മനസ്സ് പഴയ ഓർമ്മകളിലേക്ക് വീണുകൊണ്ടിരുന്നു. അതിനിടയിൽ എപ്പോഴോ ഉറക്കം കണ്ണുകളെ തഴുകാൻ തുടങ്ങിയത് അവൾ അറിഞ്ഞു.
" എഴുന്നേൽക്ക്..." ആരോ ശക്തിയായി കുലുക്കി വിളിച്ചപ്പോഴാണ് അവൾ ഉണർന്നത്. മുന്നിൽ ദേഷ്യം പിടിച്ചു നിൽക്കുന്ന ഒരു സ്ത്രീയുടെ മുഖം.
" എഴുന്നേൽക്കാൻ... ഇത് എന്റെ ബർത്താണ്.. "
സൂസൻ വേഗം ചാടി എഴുന്നേറ്റു. അവൾ തന്റെ അവസ്ഥയെ കുറിച്ച് അവരോട് പറയാൻ ശ്രമിച്ചു. പക്ഷേ അവർ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. ഈ ബഹളം കേട്ട് കുഞ്ഞ് ഉണർന്ന് കരയാൻ തുടങ്ങി. അതും അവരുടെ മനസ്സിനെ അലിയിച്ചില്ല. അവരുടെ കൂടെ പതിനഞ്ചോ പതിനാറോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും ചെറിയ ഒരു ആൺകുട്ടിയും ഉണ്ട്. ആ സ്ത്രീയുടെ കുട്ടികളാണെന്ന് തോന്നുന്നു.സൂസൻ അവരെ ദയനീയമായി നോക്കി. പെൺകുട്ടി കുറച്ച് മനസ്സലിവ് ഉള്ള കൂട്ടത്തിൽ ആണെന്ന് തോന്നി. അവൾ അമ്മയോട് സൂസന് വേണ്ടി സംസാരിക്കുന്നുണ്ട്. ആ സ്ത്രീ കൂടുതൽ ദേഷ്യത്തോടെ അവളെ വഴക്കു പറയുന്നു. സൂസൻ പിന്നെ അവിടെ നിന്നില്ല. കരയുന്ന കുഞ്ഞിനേയും എടുത്തു കൊണ്ട് പുറത്തെ ഡോറിനടുത്തേക്ക് ചെന്നു നിന്നു.
എത്ര നേരം അങ്ങനെ നിന്നുവെന്ന് അവൾക്ക് തന്നെ അറിയില്ല. കുഞ്ഞ് ഉറങ്ങിയിരുന്നു. തനിക്ക് ഇറങ്ങേണ്ട സ്റ്റേഷൻ എത്താറായി വരുന്നു.വലിയ ഒരു ചോദ്യം മാത്രം മനസ്സിൽ അവശേഷിച്ചു. ഇനി എങ്ങോട്ട്....? അമ്മയുടെ മറുപടി കാതിൽ മുഴങ്ങുന്നു... " പോയി ചത്തൂടേ ടീ നിനക്ക്?"
അവൾ തന്റെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. നിഷ്കളങ്കമായി അവൻ ഉറങ്ങുന്നു. ഇനി തനിക്കും തന്റെ അമ്മയ്ക്കും തല ചായ്ക്കാൻ ഒരു ഇടമില്ലെന്ന് അവൻ അറിയുന്നുണ്ടാവുമോ? തിരിച്ചറിവു വന്നു തുടങ്ങുമ്പോൾ മുതൽ അവൻ കേട്ടു തുടങ്ങാൻ പോവുന്ന ആ പേര് എന്തായിരിക്കുമെന്ന് അവൻ അറിയുന്നുണ്ടാവുമോ? ഒന്നുമറിയാതെ ഉള്ള ഈ സുഖകരമായ ഉറക്കത്തിൽ നിന്ന് നിന്നെ ഉണർത്താതിരിക്കുന്നതല്ലേ മകനേ, ഈ അമ്മയ്ക്ക് നിനക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം...! അവളുടെ മനസ്സ് മന്ത്രിച്ചു.ട്രെയിനിന്റെ വേഗത ഒന്നു കൂടി കൂടിയതു പോലെ. ആ മഞ്ഞിന്റെ തണുപ്പിലും അവൾ വിയർത്തു...! പെട്ടെന്ന് ഉണ്ടായ ആ ഭ്രാന്തൻ ചിന്ത ഒരു തീരുമാനം ആയി മനസ്സിൽ ഉറക്കുകയായിരുന്നു. ഏതാനും നിമിഷങ്ങൾക്കകം ചിതറി തെറിക്കാൻ പോവുന്ന രണ്ടു ശരീരങ്ങൾ .... അവൾ കണ്ണടച്ചു.
" ചേച്ചീ..."
പെട്ടെന്ന് പുറകിൽ നിന്ന് ഒരു വിളി. സൂസൻ ഞെട്ടി തിരിഞ്ഞു നോക്കി. കുറച്ചു നേരം മുൻപ് മാത്രം കണ്ട ആ പെൺകുട്ടി.
" ലോവർ ബർത്തിൽ വന്നു കിടന്നോളു ചേച്ചീ " അവളുടെ ശബ്ദം.
തൊട്ടു മുമ്പത്തെ നിമിഷം മരണം വഴിമാറിപ്പോയ ഞെട്ടലിൽ നിന്നു സൂസൻ മോചിതയായിരുന്നില്ല. അവളുടെ പകച്ച നോട്ടം കണ്ട ആ പെൺകുട്ടി പറഞ്ഞു.
"പേടിക്കേണ്ട ചേച്ചീ... അമ്മ പറഞ്ഞിട്ടാ.... "
സൂസൻ മറുപടി ഒന്നും പറയാതെ നിന്നപ്പോൾ അവൾക്ക് ഒരു വല്ലായ്മ തോന്നി. ഒരു ക്ഷമാപണ സ്വരത്തോടെ അവൾ പറഞ്ഞു.
" ഒന്നും വിചാരിക്കരുത് ചേച്ചീ.. എന്റെ അമ്മ ഒരു പാവമാ... പക്ഷേ അമ്മയുടെ അവസ്ഥ അത് ആയതു കൊണ്ടാണ് അങ്ങനെയൊക്കെ സംസാരിച്ചത്." ആ പെൺകുട്ടി സംസാരിക്കാനുള്ള മൂഡിലായിരുന്നു. സൂസൻ പക്ഷേ അത് കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. എങ്കിലും ആ കുട്ടിയുടെ മുഖത്ത് നോക്കി മറുത്ത് പറയാൻ തോന്നിയില്ല.
" അമ്മയ്ക്ക് ബ്രസ്റ്റ് കാൻസറാ ചേച്ചീ... ഉള്ള മുതൽ എല്ലാം വിറ്റു ചികിത്സിച്ചു.പക്ഷേ രക്ഷപെടില്ല എന്നാ പറയുന്നെ " അവൾ പറഞ്ഞു കൊണ്ടിരുന്നു. സൂസൻ പതിയെ ശ്രദ്ധിക്കാൻ തുടങ്ങി.
" അച്ഛൻ ആണെങ്കിൽ മുഴുക്കുടിയനാണ്. കുറച്ചു നാളുകളായി എന്റെ അടുത്തുള്ള അച്ഛന്റെ പെരുമാറ്റം.... " അവൾ ഒന്നു നിർത്തി. കണ്ണിൽ വെള്ളം നിറഞ്ഞു.
" സ്വന്തം മകളോട് ഏതെങ്കിലും ഒരു അച്ഛൻ ഇങ്ങനെ ചെയ്യുമോ.അമ്മ മരിച്ചാൽ എനിക്കും എന്റെ അനിയനും ആരും ഇല്ലെന്നുള്ള ആധി മാത്രമാ അമ്മയുടെ മനസ്സ് നിറയെ.. ഇപ്പൊ അമ്മയുടെ ആങ്ങളമാരുടെ അടുത്ത് ഞങ്ങളെ കൊണ്ടു ചെന്നു വിടാൻ പോയതാ അമ്മ.. പക്ഷേ അവർ ആരും ഞങ്ങളെ ഏറ്റെടുക്കാൻ തയ്യാറല്ല "
തന്റെ മനസ്സിലെ വിഷമം ആരോടെങ്കിലും ഒന്നു പറഞ്ഞു തീർക്കാനുള്ള വ്യഗ്രതയിൽ അവൾ പറഞ്ഞു കൊണ്ടിരുന്നു.
" ചേച്ചിക്ക് അറിയാമോ , ഈ ട്രെയിനിൽ വച്ച് അമ്മ പറഞ്ഞു ഒന്നിച്ചു മരിക്കാമെന്ന്. പിന്നെ ആരെയും പേടിക്കേണ്ടല്ലോ.പക്ഷേ ഞാൻ സമ്മതിച്ചില്ല. ദൈവം തന്ന ജീവൻ എടുക്കാൻ മനുഷ്യന് അവകാശമില്ല. എങ്ങനെയെങ്കിലും പഠിക്കണം. അനിയനെ നല്ല രീതിയിൽ ആക്കണം. അതു മാത്രമാണ് ഇനി എന്റെ ആഗ്രഹം "
ആ പതിനഞ്ചു വയസ്സുകാരിയുടെ വാക്കുകൾ സൂസന്റെ കാതുകളെ പൊള്ളിച്ചു. കടുത്ത വേദനയിലും അവളുടെ കണ്ണുകളിൽ ധൈര്യത്തിന്റെ നേർത്ത സ്ഫുരണങ്ങൾ ഉണ്ടായിരുന്നു. ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും തളരാതെ മുന്നേറുമെന്ന് അവളുടെ മുഖത്തെ ആത്മവിശ്വാസം വിളിച്ചു പറയുന്നുണ്ടായിരുന്നു. അൽപ്പം മുമ്പ് എല്ലാം അവസാനിപ്പിക്കാൻ വേണ്ടി താൻ എടുത്ത തീരുമാനത്തിൽ സൂസന് സ്വയം ലജ്ജ തോന്നി.
ട്രെയിൻ തന്റെ സ്റ്റേഷനിൽ എത്തിയതായി സൂസൻ തിരിച്ചറിഞ്ഞു. ലഗേജുമായി ഇറങ്ങുമ്പോൾ അവൾ ഒരിക്കൽ കൂടി പിന്തിരിഞ്ഞു നോക്കി. വാതിൽക്കൽ ഒരു വിളക്കു കത്തിച്ചു വച്ചതു പോലെ ആ പെൺകുട്ടി നിൽക്കുന്നു.
സൂസൻ കുഞ്ഞിനേയും എടുത്ത് പതിയെ നടക്കാൻ തുടങ്ങി. ഉള്ളിൽ അതു വരെ ഇല്ലാത്ത ഒരു പ്രകാശം നിറയുന്നു.ആ വഴിയുടെ അവസാനം എവിടെയോ പ്രതീക്ഷയുടെ തീരങ്ങൾ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് അവൾ അറിയാൻ തുടങ്ങുകയായിരുന്നു.......!!!


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo