Showing posts with label രശ്മിഅനുരാജ്. Show all posts
Showing posts with label രശ്മിഅനുരാജ്. Show all posts

എഴുത്തുകാരൻ

എഴുത്തുകാരൻ
............................
"ഇതെന്താ പതിവില്ലാതെ താൻ ഇന്ന് ലഞ്ച് കൊണ്ടുപോവുന്നത്?" മീനാക്ഷി തിരക്കിനിടയിലൂടെ ലഞ്ച് ബോക്സ് തപ്പുന്നത് കണ്ടാണ് സുധി ചോദിച്ചത്. സാധാരണ അത് പതിവില്ലാത്തതാണ്. നിർബന്ധിച്ചാലും കാൻറീനിൽ നിന്ന് കഴിച്ചോളാമെന്ന് പറയും. പല ദിവസങ്ങളിലും ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ വയ്യാത്ത തിരക്കിലാവുകയും ചെയ്യും.
"എന്തു പറ്റി എന്റെ ശ്രീമതിക്ക് നല്ല ബുദ്ധി തോന്നാൻ?" വീണ്ടും സുധിയുടെ ശബ്ദം.
" അത് കാൻറീനിലെ ഭക്ഷണത്തിന് ഈയിടെയായി തീരെ രുചിയില്ല സുധിയേട്ടാ " അവൾ തപ്പിത്തടഞ്ഞ് പറഞ്ഞു. താൻ എന്തിനാണ് അങ്ങനെ ഒരു നുണ പറഞ്ഞതെന്ന് ആലോചിച്ചപ്പോൾ മീനാക്ഷിക്ക് സ്വയം അത്ഭുതം തോന്നി. തന്നെ പണ്ട് പഠിപ്പിച്ച ഒരു മാഷ് ഇന്ന് തന്റെ പേഷ്യന്റായി ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നും , കൂടെ ആരുമില്ലെന്നും, അദ്ദേഹത്തിനു വേണ്ടിയാണ് ഭക്ഷണം എന്നും പറയാമായിരുന്നു. പക്ഷേ ഒരു അർദ്ധ സത്യം പറഞ്ഞു വയ്ക്കുന്നതിലും നല്ലത് നുണ പറയുന്നത് തന്നെയാണെന്ന് എന്തുകൊണ്ടോ അവൾക്ക് തോന്നി.
കാറിലിരുന്ന് പുറത്തേക്കു നോക്കി വെറുതെ ചിന്തിച്ചിരുന്നു. ഇടയ്ക്കെ പ്പൊഴോ സുധിയേട്ടനും പാറുവും തമ്മിൽ സംസാരിക്കുന്നത് ശ്രദ്ധിച്ചു. ഏതോ പുസ്തകത്തെക്കുറിച്ചാണ്.
" ഇന്നലെ മലയാളം സാർ പൂച്ചക്കുട്ടി എന്ന ഒരു നോവലിനെ കുറിച്ച് പറഞ്ഞു. ബെസ്റ്റ് സെല്ലർ ആണത്രേ. ഇപ്പൊ അതിന്റെ കോപ്പി ഒന്നും കിട്ടാനില്ല.നിഖിലയുടെ കയ്യിൽ ഉണ്ട്. ചോദിച്ചിട്ട് അവൾ തരുന്നില്ല." പാറു നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു.സുധിയേട്ടൻ അതിന് എന്തൊക്കെയോ അഭിപ്രായങ്ങൾ പറയുന്നുണ്ട്. അച്ഛന്റേയും മകളുടേയും സംസാരം കേട്ടിരുന്നപ്പോൾ മീനാക്ഷിക്ക് എന്തോ ഒരു കുറ്റബോധം തോന്നി. എട്ടാം ക്ലാസ്സുകാരിയായ പാറുവിന്റെ കാര്യങ്ങൾ അമ്മയായ തന്നെക്കാളധികം സുധിയേട്ടന് അറിയാം. താൻ സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്ന, രോഗികളോട് സ്നേഹവും സഹാനുഭൂതിയും ഉണ്ടെന്ന് പേരുകേട്ട ഒരു ഡോക്ടറാണ്. പക്ഷേ ഒരിക്കലും ഒരു നല്ല അമ്മയോ ഭാര്യയോ ആയിരുന്നിട്ടില്ല. പക്ഷേ എന്നിട്ടും സുധിയേട്ടന് അതിൽ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല.
അന്ന് പതിവില്ലാതെ ഒ.പി യിൽ തിരക്കു കുറവായിരുന്നു. ഇനി മറിച്ചാണെങ്കിൽ പോലും ഉച്ചയ്ക്കു മുമ്പേ മാഷിന്റെ റൂമിൽ ഒന്ന് പോവണമെന്ന് കരുതിയിരുന്നു. അതിനു മുമ്പ് ഒരു ചായ കുടിക്കണം. തല വല്ലാതെ വേദനിക്കുന്നു.
കാന്റീനിൽ ഇരിക്കുമ്പോൾ തൊട്ടപ്പുറത്തെ ടേബിളിൽ ഇരുന്ന് രണ്ട് നേഴ്സുമാർ സംസാരിക്കുന്നു.
"അയ്യോ ശരിക്കും ഫോട്ടോ യിൽ കാണുന്നത് പോലെ തന്നെ ഉണ്ടല്ലേ.. എന്നോട് ഭയങ്കര കൂട്ടായി രണ്ട് ദിവസം കൊണ്ട്... എഴുത്തുകാരനാണെന്നുള്ള ജാഡ ഒന്നുമില്ല'' ഒരാൾ പറയുന്നു.
അടുത്തയാൾക്ക് അതു കേട്ട് അത്ര രസിച്ചില്ലെന്ന് തോന്നി. "എന്റെയടുത്തും നല്ല സ്നേഹമാ.... എന്നെപ്പറ്റി കഥ എഴുതാമെന്ന് വാക്കു തന്നിട്ടുണ്ട് . എന്തൊരു സുന്ദരനാ അല്ലേ അങ്ങേര്..പ്രായവും അത്രയധികം ഒന്നുമില്ലെന്ന് തോന്നുന്നു"
സംസാരം കേട്ടപ്പോൾ അനിരുദ്ധൻ മാഷിനെ കുറിച്ചാവും എന്ന് മീനാക്ഷി ഊഹിച്ചു. എന്തോ അവൾക്കു ചിരി വന്നു.എന്നും സ്ത്രീകൾക്ക് അദ്ദേഹം ഒരു ആരാധനാ കഥാപാത്രമായിരുന്നു. ആരേയും .അദ്ദേഹവും ആരേയും നിരാശപ്പെടുത്തിയിട്ടുമില്ല.
ഇപ്പൊ എത്ര വയസ്സുണ്ടാവും മാഷിന്. അവൾ വെറുതെ ഓർത്തു.നാല്പത്... തന്നേക്കാൾ പത്തു വയസ് കൂടുതൽ. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ആദ്യമായി അദ്ദേഹം മലയാളം അധ്യാപകനായി കോളേജിൽ വന്ന ദിവസം.എഴുത്തിന്റെ ലോകത്ത് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയ സമയം. ഒരു പാട് ആരാധകർ.. പെൺകുട്ടികൾക്ക് ഭ്രാന്തായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മനസ്സ് ഉടക്കിയത് ഇതിലൊന്നും പെടാതെ പഠിത്തത്തിൽ മാത്രം ശ്രദ്ധ വച്ചു കൊണ്ടിരുന്ന തന്നിലും. ഒഴിഞ്ഞു മാറാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ കഴിയുമായിരുന്നില്ല. അത്രയും വലിച്ചടുപ്പിക്കുന്നതായിരുന്നു മാഷിന്റെ എഴുത്തുകളും വ്യക്തിത്വവും. എഴുത്തുകാരന്റെ പ്രണയം ഒരു മഴ പോലെയാണ്. അടിമുടി നനയ്ക്കും. അനുഭവിച്ചറിയണം. പക്ഷേ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ പെട്ടെന്ന് ഒരു കാരണവുമില്ലാതെ മാഷ് തന്നിൽ നിന്നും അകലാൻ ശ്രമിക്കുന്നത് പോലെ തോന്നി. തകർന്നു പോയി താൻ. പിരിഞ്ഞാൽ ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞു കരഞ്ഞു. പക്ഷേ കൂടുതൽ അവഗണിക്കുകയായിരുന്നു അദ്ദേഹം.
മാനസികമായി തളർന്നു പോയ നിമിഷങ്ങൾ. പഠിപ്പു പോലും വേണ്ടെന്നു വച്ചു. മകൾക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ അച്ഛനുമമ്മയും. ആ സമയത്തൊക്കെ അദ്ദേഹത്തിന്റെ ഓരോ കഥയും തിരഞ്ഞുപിടിച്ചു വായിക്കുമായിരുന്നു. അതിൽ എവിടെയൊക്കെയോ തന്നെക്കുറിച്ച് എഴിതിയിരിക്കുന്നതെന്ന് കരുതി സന്തോഷിക്കും . പക്ഷേ ആ സമയത്ത് തന്നെ വേറെ ഏതെങ്കിലും സ്ത്രീയുമായി ബന്ധപ്പെട്ട് മാഷിന്റെ പേര് കേൾക്കും. പക്ഷേ അപ്പോഴും വെറുത്തിരുന്നില്ല. പിന്നെ വെറുത്തത് അറിയപ്പെടുന്ന ഒരു അഭിസാരിക യോടൊപ്പം ഒരു ലോഡ്ജിൽ നിന്നും പിടിക്കപ്പെട്ടു എന്ന വാർത്ത കേട്ടാണ്. തന്റെ പ്രണയത്തിന് വെറും അഭിസാരികയുടെ ശരീരത്തിന്റെ വില പോലും അദ്ദേഹം നൽകിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. ആ നിമിഷം എന്നന്നേയ്ക്കുമായി മനസ്സിൽ നിന്നും പുറത്തെടുത്തു കളഞ്ഞു പ്രണയവും ഓർമ്മകളേയും. വാശിയോടെ പഠിച്ചു. ഡോക്ടറായി. സ്വപ്നം കാണാൻ കഴിയാത്ത രീതിയിൽ ഒരു വിവാഹം. ജീവിതത്തിന്റെ തിരക്കുകൾ, പാടെ മറന്നു പോയിരുന്നു അദ്ദേഹത്തെ.
പിന്നീട് രണ്ട് ദിവസങ്ങൾക്ക് മുമ്പ് കടുത്ത പനി പിടിച്ച് മരണാസന്നനായ ഒരു രോഗിയായാണ് കാണുന്നത്. ഒന്നും തോന്നിയില്ല. പ്രതികാര മോ വെറുപ്പോ സങ്കടമോ ഒന്നും. ഒരു ഡോക്ടർക്ക് രോഗിയോടു തോന്നേണ്ട മനുഷ്യത്വവും പരിഗണനയും മാത്രം തോന്നി. താൻ കഠിന ഹൃദയയാണെന്ന് സുധിയേട്ടൻ ഇടയ്ക്ക് പറയാറുള്ളത് ഓർത്തു.തന്നെ തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹത്തിലും ഭാവപ്പകർച്ച ഉണ്ടാതായി തോന്നിയില്ല. ഒരേ നാട്ടുകാർ , എവിടെയോ വച്ച് കണ്ടവർ എന്നതിലപ്പുറം ഒന്നുമില്ലാത്തതു പോലെ ഇടപെട്ടു. അതിൽ തനിക്കു അത്ഭുതം തോന്നാതിരുന്നില്ല. ഒരിക്കൽ പ്രണയിച്ചവർ പിരിഞ്ഞാലും മനസ്സിൽ നിന്ന് ഒരിക്കലും അത് പോവില്ല എന്നാണ് കേട്ടിട്ടുള്ളത്. പക്ഷേ തങ്ങളുടെ കാര്യത്തിൽ അതു തികച്ചും തെറ്റാണെന്നു തോന്നുന്നു. ഇനി തങ്ങൾക്കിടയിൽ ഒരിക്കലും പ്രണയം ഉണ്ടായിരുന്നില്ല എന്നതാണോ സത്യം. അവൾക്ക് അത്ഭുതം തോന്നി.
കാൻറീനിൽ നിന്ന് തിരിച്ചു റൂമിലേക്ക് ചെന്നപ്പോൾ സുധിയെ കണ്ട് അവൾ അത്ഭുതപ്പെട്ടു.
" ആഹാ.. ലഞ്ച് കൊണ്ട് വന്നിട്ടും താൻ കാന്റീനിൽ പോയി കഴിച്ചോ "
മേശപ്പുറത്ത് ഇരുന്ന ലഞ്ച് ബോക്സിൽ നോക്കി അയാൾ പറഞ്ഞു. അവൾ ഒന്നും മിണ്ടിയില്ല.
"ഞങ്ങൾ വീട്ടിലേക്ക് പോവുന്ന വഴി വെറുതെ കയറിയതാ. തന്റെ തിരക്കു കഴിഞ്ഞെങ്കിൽ കൂടെ കൂട്ടാമെന്ന് കരുതി " സുധി പറഞ്ഞു.
"എന്നിട്ട് പാറു എവിടെ?" അവൾ തിരക്കി.
" പുറത്തേയ്ക്കിറങ്ങി "
" സുധിയേട്ടാ.. എന്റെ തിരക്കു ഒരു വിധം കഴിഞ്ഞു. ഒരു പത്തു മിനിട്ടു കൂടി .ഞാൻ ഇപ്പൊ വരാം." അവൾ തിരക്കിൽ അനിരുദ്ധന്റെ മുറിയിലേക്ക് നടന്നു.
അനിരുദ്ധന്റ മുറിയിൽ കടന്നപ്പോൾ മീനാക്ഷി ഒന്ന് അമ്പരന്നു. അവിടെ പാറു ഒരു പുസ്തകവുമായി ഇരിക്കുന്നുണ്ടായിരുന്നു.
"പാറൂ നീ എന്താ ഇവിടെ "
"അമ്മേ ഈ റൂമിൽ ആരാ ഉണ്ടായിരുന്നതെന്ന് അമ്മക്ക് അറിയാമോ.. എന്റെ ഫേവറൈറ്റ് റൈറ്റർ അനിരുദ്ധൻ. ഇതാ അദ്ദേഹത്തിന്റെ പുസ്തകാ.... പൂച്ചക്കുട്ടി.എനിക്ക് ഗിഫ്റ്റ് തന്നതാ "
അവളുടെ ശബ്ദത്തിൽ സന്തോഷം.
"നീ ആരാണെന്ന് അദ്ദേഹത്തിനോട് പറഞ്ഞോ" മീനാക്ഷി ഉദ്യോഗത്തോടെ ചോദിച്ചു.
" ഉം പറഞ്ഞു. ഡോക്ടർ മീനാക്ഷിയുടെ മകളാ എന്നു പറഞ്ഞു. എന്നോട് അദ്ദേഹത്തിന് വലിയ സ്നേഹമായിരുന്നു "
"എന്നിട്ട് അദ്ദേഹം എവിടെ?" മീനാക്ഷി ചോദിച്ചു. പാറു അറിയില്ല എന്ന മട്ടിൽ കൈ മലർത്തി വായന തുടർന്നു.
മീനാക്ഷി വേഗം ഡ്യൂട്ടി റൂമിലേയ്ക്ക് ചെന്ന് അന്വേഷിച്ചു.
" അദ്ദേഹം ഒരു പ്രത്യേക മനുഷ്യനാ മാഡം. ഇടയ്ക്ക് ചിരിച്ചു വർത്തമാനം പറയും. ഇടയ്ക്ക് കൊല്ലാൻ വരുന്ന പോലെ ദേഷ്യം. ഡിസ്ചാർജ് വേണമെന്ന് പറഞ്ഞ് ഇപ്പൊ ഇവിടെ വന്ന് ബഹളം വച്ചു. മാഡം വന്നിട്ടു പറയാം എന്നു പറഞ്ഞിട്ടു പോലും സമ്മതിച്ചില്ല. ഇതു മാഡത്തിന് തരാൻ പറഞ്ഞു " നഴ്സ് ഒരു ലെറ്റർ കൊടുത്തു.
അവൾ അത് വിറയ്ക്കുന്ന കൈകളോടെ വാങ്ങി തുറന്നു.
" പ്രണയിച്ചിട്ടേ ഉള്ളു അന്നും ഇന്നും. ശരീരം ഒരു പാട് പേർക്ക് നൽകിയെങ്കിലും മനസ്സ് ഒരാളുടേത് മാത്രമായിരുന്നു എന്നും മീനു..പിന്നെ വേണ്ടെന്ന് വച്ചത് നിന്റെ നന്മ കണ്ടിട്ടാണ്. എന്റെ നശിച്ച ജീവിതത്തിലേക്ക് നിന്നെ കൂട്ടരുതെന്ന് തോന്നി. ഇപ്പൊ നിന്റെ നല്ല ജീവിതം കണ്ട് ഒരു പാട് സന്തോഷം. പക്ഷേ ഇനിയും നിന്റെ മുന്നിൽ അന്യനായി അഭിനയിക്കാൻ വയ്യ. ഞാൻ പോവുന്നു. പാറുവിനെ കണ്ടു. ഇഷ്ടമായി. പൂച്ചക്കുട്ടി എന്ന കഥ അവളെക്കുറിച്ചെഴുതിയതാണ്. എന്നിൽ നിന്നല്ലെങ്കിലും നിനക്കു ജനിച്ച എന്റെ മാനസപുത്രിയ്ക്ക് വേണ്ടി "
മീനാക്ഷിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണു നീർ കണ്ണുനീർ അടർന്നു വീണു. ആ നിമിഷം അവൾക്കു തോന്നി ജീവിതത്തിൽ മറ്റൊരു പുരുഷനേയും താൻ ഇത്രയധികം പ്രണയിച്ചിട്ടില്ലെന്ന്....!!!

resmi

കറുത്ത കോപം

കറുത്ത കോപം
.............................
കഴുകന്റെ കണ്ണുകൾ പോലെ
മൂർച്ചയുള്ള ഒരു മനസ്സു വേണമെനിക്ക്.
അവന്റെ തുളച്ചുകയറുന്ന നോട്ടം പോലെ ഉള്ള ചിന്തകളും.
ജീർണ്ണിച്ച വിശ്വാസങ്ങളുടെ മൃതദേഹങ്ങളെയെല്ലാം
കൂർത്ത നഖങ്ങൾ കൊണ്ട് കീറിപ്പറിക്കണം.
പഴകിയ ഇറച്ചിയുടെ രുചി അറിയണം.
അശുദ്ധമായ രക്തത്തിന്റെ ചുവപ്പ്
എന്റെ ചിറകുകളിൽ അടയാളപ്പെടുത്തണം.
ആ കറയുടെ പാടുകൾ ഒരു ഓർമ്മപ്പെടുത്തലാണ്.
ഇന്നലത്തെ ശരി ഇന്നത്തെ എന്റെ തെറ്റാണ്
എന്ന ഓർമ്മപ്പെടുത്തൽ......!
ഞാൻ നെഞ്ചോടു ചേർത്തു പിടിക്കുന്ന
ഓരോ വിശ്വാസവും മരണപ്പെടുമ്പോൾ
എന്നിലെ കഴുകൻ ഉണരട്ടെ...
കണ്ണീർ വറ്റുന്ന കണ്ണിൽ തെളിയുന്ന
കാഠിന്യത്തിന്റെ കറുപ്പിൽ
വീണ്ടും അവന്റെ ചിറകടിയൊച്ചകൾ ഉയരട്ടെ...
കോപത്തിന് ചുവപ്പിനേക്കാൾ ചേരുന്ന നിറം കറുപ്പാണ് !!!

resmi

നീലക്കുറിഞ്ഞി

നീലക്കുറിഞ്ഞി
...........................
തന്റെ കൈ വിടുവിച്ച് യാത്ര പറയാനൊരുങ്ങുന്ന
കണ്ണനെ നോക്കി രാധ പറഞ്ഞു.
വൃന്ദാവനത്തിനും ദ്വാരകയ്ക്കുമിടയിൽ
ഒരു പാട് അകലമുണ്ടല്ലേ കണ്ണാ..
അവളുടെ വാക്കുകൾക്കിടയിൽ
നിരവധി അർത്ഥങ്ങൾ ഒളിച്ചു കിടന്നു.
അതു തിരിച്ചറിഞ്ഞിട്ടെന്ന പോലെ
കണ്ണൻ പറഞ്ഞു.
നമുക്കിടയിൽ ഉള്ളത് എന്തും സുന്ദരമാണ് രാധേ.
ഈ അകലത്തിൽ പോലും
പ്രണയത്തിന്റെ നീലക്കുറിഞ്ഞികൾ പൂക്കും.
പൊടിപടലങ്ങൾ വായുവിൽ അവശേഷിപ്പിച്ച്
അവന്റെ രഥം തിരിച്ചു പോവുമ്പോൾ
രാധ ഓർത്തത് ഒന്നു മാത്രം.
നീലക്കുറിഞ്ഞികൾക്ക് പകരം
നീ എന്തുകൊണ്ട് മറ്റൊരു പൂവിന്റെ പേര്
പറഞ്ഞില്ല കണ്ണാ....?
അതാവുമ്പോൾ എന്റെ കാത്തിരിപ്പിന്
ഇത്ര നീളക്കൂടുതൽ ഉണ്ടാവില്ലായിരുന്നു...!!

Resmi

ഇരുട്ടിലെ വാക്കുകൾ

ഇരുട്ടിലെ വാക്കുകൾ
.......................................
പാതിയുറക്കത്തിൽ ഞാൻ ഞെട്ടി ഉണർന്നു.
ഇരുട്ടിൽ ആരുടെയോ രഹസ്യ സംസാരം.
എന്നെക്കുറിച്ചാണെന്ന് തോന്നി.
ഞാൻ കാതോർത്തു.
ചിരിക്കാൻ മാത്രം ഇഷ്ടമുള്ള എനിക്ക്
ചുവടുകൾ മറന്ന ഈ പാദങ്ങൾ നരകമാണ്.
എന്റെ പാദസരമണികളുടെ ശബ്ദം.
പ്രണയത്തിന്റെ നിറമായ എനിക്ക്
ഇവൾ നെറ്റിയിൽ തൊടുന്ന
വേദനയുടെ സിന്ദൂരത്തോട് വെറുപ്പാണ്.
ചുവന്ന പൊട്ട് പരാതി പറയുന്നു.
കണ്ണുനീരിന്റെ ഉപ്പ് വീണ് എന്റെ തിളക്കം
നഷ്ടപ്പെട്ടിരിക്കുന്നു.
മൂക്കുത്തിക്കല്ല് കരഞ്ഞു.
ഇവളുടെ മരണത്തോടെയല്ലാതെ
നമുക്ക് ഈ വിധിയിൽ നിന്ന് രക്ഷയില്ല.
മൂവരും ഒന്നിച്ചു പറയുന്നു.
ഇരുട്ടിൽ ഏതോ കൈകൾ എന്റെ കഴുത്തിനെ
തേടുന്നു.
ഞാൻ ചാടിയെഴുന്നേറ്റു.
ശ്വാസം തൊണ്ടയിൽ തടഞ്ഞു നിന്നു.
ആശ്വാസത്തോടെ ഞാൻ അറിഞ്ഞു,
കണ്ടതും കേട്ടതും വെറും ഒരു സ്വപ്നമായിരുന്നു.
നാവും മനസ്സുമില്ലാത്ത
പാദസരമണിയും കുങ്കുമപ്പൊട്ടും മൂക്കുത്തിയും
ഒന്നുമറിയാത്തവരെപ്പോലെ ശാന്തമായുറങ്ങുന്നു.
പക്ഷേ അപ്പോഴും അവർ പറയാതെ പറഞ്ഞ
വാക്കുകൾ
ആ തണുപ്പിൽ ബാക്കിയായതു പോലെ....!
എനിക്കു തോന്നി,
കേൾക്കുവാൻ ഒരു കാതിനെ ആഗ്രഹിക്കാത്ത വാക്കുകൾക്ക്
ഒളിച്ചിരിക്കുവാൻ ഏറ്റവും നല്ലത്
ഈ രാത്രിയുടെ ഇരുട്ടും തണുപ്പും തന്നെയാണ്..!!

Resmi

വേട്ടക്കാരൻ


ഒരേ സമയം ഒരു മാന്ത്രികനും
വേട്ടക്കാരനും ആവാൻ ആഗ്രഹിക്കുന്നുവോ?
എങ്കിൽ നിങ്ങൾ ഒരു വായനക്കാരനായിരിക്കുക.
ഒരു വായനക്കാരൻ ആവുക എന്നാൽ
ഒരു മാന്ത്രികൻ ആവുക എന്നതു കൂടിയാണ്.
അക്ഷരങ്ങളിലൂടെ മാത്രം കണ്ട
ഏതോ കാലത്തിലേയ്ക്ക്
മാന്ത്രിക ക്കുതിരയിൽ ചെന്നിറങ്ങണം.
ഭാവനയിൽ പിറന്ന അപരിചിതരായ മനുഷ്യരിലേക്ക്
പരകായ പ്രവേശം നടത്തണം.
അവർക്കു വേണ്ടി ചിരിക്കണം, കരയണം , ചിന്തിക്കണം.
അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ
നടന്നു നീങ്ങണം.
അവസാനത്തെ താളിൽ നിന്ന് യാത്ര പറഞ്ഞ്
പുറത്തേക്ക് ചാടുമ്പോൾ
എന്തൊക്കെയോ ഹൃദയത്തിൽ
ബാക്കി വയ്ക്കണം.
ഒരു വായനക്കാരനാവുകയെന്നാൽ
ഒരു വേട്ടക്കാരൻ ആവുക എന്നത് കൂടിയാണ്.
ഹൃദയത്തിൽ എന്തോ ബാക്കി വയ്ക്കാൻ കഴിയുന്ന
ഒരു തൂലികയെ തേടുക എന്നതാണ്.
നിങ്ങൾ നായാട്ട് തുടങ്ങിക്കഴിഞ്ഞെങ്കിൽ
പുലിക്കുട്ടിയിൽ കുറഞ്ഞ ഒന്നിലും തൃപ്തനാവാതിരിക്കുക.
മൂർച്ചയുള്ള നഖങ്ങളിൽ നിന്ന്
ഒഴിഞ്ഞു മാറാൻ നിങ്ങൾക്ക് അറിയാമെങ്കിൽ
കളിക്കുവാൻ നല്ലത് പുലിക്കുട്ടി തന്നെയാണ്..!!

Resmi

രാജാവിന്റെ ഭാര്യമാർ


രാജാവിന്റെ ഭാര്യമാർ
.......................................
ഒരു രാജാവിന് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു.
സുന്ദരിയും യുവതിയുമായ മിഥ്യയും
വിരൂപയും വൃദ്ധയുമായ യാഥാർത്ഥ്യവും.
"എന്റെ രുചികരമായ ഭക്ഷണങ്ങളേക്കാൾ
അങ്ങ് ആ കിഴവിയുടെ പാവയ്ക്ക നീരിനെ
ഇഷ്ടപ്പെടുന്നു "- മിഥ്യ പരാതിപ്പെട്ടു.
"രുചിയല്ല ആരോഗ്യമാണ് പ്രധാനം"
അയാൾ പറഞ്ഞു. "
" വിരുന്നുകാർക്ക് മുന്നിൽ അങ്ങ് സുന്ദരിയായ
മിഥ്യയെ കൊണ്ടുപോവാൻ ഇഷ്ടപ്പെടുന്നു "
യാഥാർത്ഥ്യം പരിഭവിച്ചു.
"സുന്ദരമായ നുണകൾ സത്യത്തേക്കാൾ
അധികം അംഗീകരിക്കപ്പെടുന്നു. "
അയാൾ ചിരിച്ചു.
"യാഥാർത്ഥ്യത്തെ മാത്രമല്ല മിഥ്യയേയും
കൂടി ഭാര്യയാക്കിയ അങ്ങ്
എങ്ങനെ നല്ല ഭരണം നടത്തും?"
ജനങ്ങൾ ചോദിച്ചു.
"രാജാവിന്റെ സിംഹാസനത്തിൽ ഇരിക്കുന്നത്
ഞാനാണ്;
എന്റെ ഭാര്യമാരല്ല!"
അയാളുടെ മറുപടിയിൽ ഗാംഭീര്യം ഉണ്ടായിരുന്നു.
മുഖത്ത് രാജകലയും!
യാഥാർത്ഥ്യത്തെ മാത്രമല്ല
മിഥ്യയേയും ജീവിതത്തിൽ കണ്ടുമുട്ടും.
ഒഴിഞ്ഞു മാറി നിൽക്കുന്നത് അപ്രായോഗികം.
തുറന്ന യുദ്ധം വിഡ്ഢിത്തം.
ചെയ്യാനുള്ളത് ഒന്നു മാത്രം;
തിരിച്ചറിവുള്ള രാജാവായി ഇരിക്കുക.....!
ഭരണം നടത്തുന്നത് രാജാവാണ്,
ഭാര്യമാരല്ല......!!!

resmi

ഭ്രാന്തൻ


ഭ്രാന്തൻ
................
ഒരാൾ കല്ല് ഉരുട്ടി കുന്നിൻ മുകളിലെത്തി.
മുകളിൽ നിന്നും താഴേയ്ക്കിട്ട്
കൈ കൊട്ടി ചിരിച്ചു.
ഞാൻ അവനെ വിളിച്ചു "ഭ്രാന്തൻ "
ഒരാൾ നേരം ഇരുട്ടിയപ്പോൾ
കോഴിക്കുഞ്ഞുങ്ങളെയെല്ലാം
കൂട്ടിനകത്താക്കി വാതിലടച്ചു.
പാതിരാവിൽ ആ കൂട് തുറന്ന്
അവയെ കുറുക്കന്റെ വായിലേക്ക് വിട്ടു.
ഞാൻ അവനെ വിളിച്ചു " ഭ്രാന്തൻ "
ഒരാൾ വികാരങ്ങളെ തോൽപ്പിച്ച്
പാറക്കല്ലു പോലെ ഉറച്ച് നിന്നു.
മനസ്സിന്റെ കൂട് താഴിട്ട് പൂട്ടി
നൻമ തിൻമകളെ തരം തിരിച്ചു.
ഞാൻ അവനെ വിളിച്ചു "യഥാർത്ഥ മനുഷ്യൻ "
പക്ഷേ അവന്റെ തല കുനിഞ്ഞിരുന്നു.
പാറക്കല്ലു പോലെ ഉറച്ചു നിൽക്കുമ്പോഴും
ഒരു ഉരുൾപൊട്ടലിൽ തകരാൻ കൊതിച്ചവൻ;
മനസ്സിനെ താഴിട്ട് പൂട്ടിയിട്ട്
അതിന്റെ താക്കോൽ
മറ്റൊരാളുടെ കയ്യിൽ കൊടുത്തവൻ;
എന്നിട്ടും യഥാർത്ഥ മനുഷ്യനെന്ന്
അഹങ്കരിക്കുന്നവൻ;
അവൻ സ്വയം വിളിച്ചു "ഭ്രാന്തൻ...... "

resmi

നീല നക്ഷത്രം


നീല നക്ഷത്രം
............................
രാത്രിയിൽ നിലാവിനു പകരം
നീല നക്ഷത്രത്തെ തിരഞ്ഞ
ഒരു കുട്ടിയുണ്ടായിരുന്നു....!
ആകാശത്തിൽ ഒരിക്കലും നീല നക്ഷത്രം
ഉണ്ടാവില്ല; ആരോ പറഞ്ഞു.
എങ്കിൽ എനിക്ക് പുതിയ ഒരു ആകാശം വേണം.
അവൻ വാശി പിടിച്ചു.
പ്രപഞ്ചത്തിന് ഒരു നിയമമുണ്ട്.
ഓരോന്നിനും അതിന്റേതായ സ്ഥാനവും.
ആർക്കും അതു മാറ്റാനാവില്ല;
ആരോ വീണ്ടും പറഞ്ഞു.
അവൻ തന്റെ ജാലക വാതിലിലൂടെ
ഒരിക്കൽക്കൂടി ആകാശത്തേയ്ക്ക് നോക്കി.
അത് അപൂർണ്ണമാണെന്ന് അവന് തോന്നി.
അന്ന് ഉറങ്ങുന്നതിന് മുമ്പ്
നിറം മങ്ങിയ തന്റെ പുസ്തകത്താളിൽ
അവൻ ഒരു ചിത്രം വരച്ചു തീർത്തിരുന്നു.
പുതിയ ആകാശവും അതിൽ ഒരു നീല നക്ഷത്രവും!
യാഥാർത്ഥ്യം അറിഞ്ഞിട്ടും
ഒരു സ്വപ്നത്തെ സ്നേഹിച്ച
വാശിക്കാരനായ ആ കുട്ടിയുടെ പേര്
എന്റെ മനസ്സ് എന്നായിരുന്നു........!!!

By Resmi Anuraj

മൂന്നു പക്ഷികൾ


മൂന്നു പക്ഷികൾ
................................
പെയ്യാൻ ഒരുങ്ങിയ ഒരു മേഘം
വെറുതെ ഭൂമിയിലേക്ക് ഒന്നു നോക്കി.
താഴെ മൂന്നു പക്ഷികൾ
കൂടുകളിൽ ഇരിക്കുന്നുണ്ടായിരുന്നു.
ഉയരത്തിൽ നിന്ന് മേഘം അവരോട് ചോദിച്ചു.
" ഈ തടവറകളെ നിങ്ങൾ സ്നേഹിക്കുന്നുണ്ടോ?"
"സ്വയം തീർത്ത തടവറകളിൽ കിടന്ന്
ശ്വാസം മുട്ടുന്നവരോട് ഈ ചോദ്യം ചോദിക്കരുത്.
കണ്ണീർ പുരണ്ട മൗനമായിരിക്കും മറുപടി."
വാതിൽ അടച്ച് സ്വന്തം കൂട്ടിൽ ഇരുന്ന
ആദ്യത്തെ പക്ഷി പറഞ്ഞു.
"മറ്റൊരാളുടെ കൂട്ടിൽ
ബന്ധനസ്ഥരായി കൈകാലിട്ടടിക്കുന്നവരോട്
ചോദിക്കരുത്.
രോഷം നിറഞ്ഞ നോട്ടങ്ങളാവും മറുപടി."
പുറത്ത് നിന്ന് താഴിട്ട സ്വർണ്ണക്കൂട്ടിൽ ഇരുന്ന്
രണ്ടാമത്തെ പക്ഷി പറഞ്ഞു.
മൂന്നാമത്തെ പക്ഷി അപ്പോൾ
തുറന്ന ഒരു കൂട്ടിൽ ഇരിക്കുകയായിരുന്നു.
" അവൾ സ്വതന്ത്രയാണ്;
തടവറയെ കുറിച്ച് അവളോട് ചോദിക്കുന്നതെന്തിന്?"
മറ്റു രണ്ടു പേർ അത്ഭുതപ്പെട്ടു.
മൂന്നാമത്തെ പക്ഷി പറഞ്ഞു തുടങ്ങി.
"ഞാൻ സ്വതന്ത്രയാണ്.
അപ്പോഴും തിരിച്ചറിവിന്റെ ചങ്ങലക്കെട്ടുകളിൽ
ചിലപ്പോഴൊക്കെ സ്വയം തടവിലിടുന്നു.
ഈ തടവിനെ ഞാൻ സ്നേഹിക്കുന്നത്
എന്തുകൊണ്ടെന്നാൽ
ആ ചങ്ങലയുടെ ഓരോ കണ്ണിയും
പക്വമായ മനസ്സിന്റെ ആജ്ഞകളാൽ
അടയാളപ്പെടുത്തിയിരിക്കുന്നു.
കാരണം എന്റെ സ്വാതന്ത്ര്യം ഒരിക്കലും
എന്റെ ആത്മാവിൽ കറകൾ വീഴ്ത്തരുതെന്ന്
എനിക്ക് നിർബന്ധമുണ്ട്."
സ്വന്തം അതിരുകൾ അറിയുന്നവർ
തീർച്ചയായും സ്വാതന്ത്രത്തിന് അർഹരാണ്...
മേഘം പുഞ്ചിരിച്ചു.
മഴ പെയ്യാൻ തുടങ്ങിയിരുന്നു.

By
Resmi Anuraj

സമൂഹം ഒരു കാക്ക കൂടാണ്.. ;


സമൂഹം ഒരു കാക്ക കൂടാണ്.. ;
കാണാൻ ഒരു പോലെ ,
കരയുന്നത് ഒരു പോലെ,
കാക്ക കുഞ്ഞുങ്ങളുടെയെല്ലാം
വിധിയും ഒരു പോലെ തന്നെ..;
ചിറകു മുളയ്ക്കും വരെ
അമ്മയുടെ ചിറകിനടിയിൽ,
അതിനു ശേഷം
അടുക്കളയുടെ പിന്നാമ്പുറത്തും..!
ഈ കാക്കക്കൂട്ടിൽ വിരിയുന്ന
ഓരോ കുയിൽ മുട്ടയ്ക്കും
ഒരു കഥ പറയാനുണ്ടാവും;
അതിജീവനത്തിന്റെ കഥ.. !
അവളുടെ കഥ ഇങ്ങനെ പറഞ്ഞു തുടങ്ങാം;
ഒരു പക്ഷേ ഞാൻ നിങ്ങളെപ്പോലെ അല്ലായിരിക്കാം.. ;
പക്ഷേ ആ വ്യത്യസ്തതയാണ് എന്റെ സൗന്ദര്യം!
എന്റെ ലക്ഷ്യങ്ങൾ നിങ്ങളിൽ നിന്ന്
വ്യത്യസ്തമായിരിക്കാം... ;
പക്ഷേ അതിനു പുറകേ പോവുന്നതാണ്
എന്റെ സന്തോഷം...!
നിങ്ങൾ ഒന്നിച്ചു കൂടി
നാട്ടുവർത്തമാനങ്ങൾ പറയുന്നുണ്ടാവാം.. ;
പക്ഷേ ഒരു മരക്കൊമ്പിന്റെ പുറകിൽ
മൗനമായിരുന്ന് സ്വയം തിരയാനാണ്
ഞാൻ ഇഷ്ടപ്പെടുന്നത്..!
നീ ഒരു കാക്കയും ഞാൻ ഒരു കുയിലും ആയിരിക്കാം... ;
ആൾക്കൂട്ടത്തിൽ ഞാൻ തനിയെ ആയിരിക്കാം;
അതു കൊണ്ട് മാത്രം
നീ ശരിയും ഞാൻ തെറ്റും ആവണമെന്നില്ല..!
നീ എന്നെ അളന്നപ്പോൾ
ഞാൻ ഒരു പാട് ചെറുതാണെന്ന് തോന്നിയിരിക്കാം.. ;
പക്ഷേ നിന്റെ അളവുകോൽ
എനിക്കു യോജിച്ചതാണെന്ന്
ഞാൻ കരുതുന്നില്ല എന്നതാണ് എന്റെ ന്യായം.
കാരണം എല്ലാവർക്കും പാകമാവുന്ന
തരത്തിൽ ഒരു വസ്ത്രം ഇല്ല എന്നതു തന്നെ..!
നീയും ഞാനും തമ്മിൽ ഒരു വ്യത്യാസം മാത്രം.
നീ സമൂഹമെന്ന കാക്ക കൂടിനുള്ളിൽ മാത്രം
നിന്റെ ജീവിതം കണ്ടു;
ഞാൻ ആ ചട്ടക്കൂടിനു പുറത്തു നിൽക്കാൻ
മനസ്സു കൊണ്ടെങ്കിലും
ആഗ്രഹിക്കുകയും ചെയ്യുന്നു!
അപ്പോഴും നമ്മൾ രണ്ടു പേരും
ആ കൂടിന്റെ അവകാശികൾ തന്നെയാണ്.
നീ അതിനു ചേർന്ന രൂപവും ഭാവവുമുള്ള
പാരമ്പര്യത്തിൽ ഉറച്ച സന്തതിയും,
ഞാൻ തനിച്ചെങ്കിലും
സ്വന്തം വ്യക്തിത്വത്തെ
മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്ന
ഒരു ദത്തുപുത്രിയും!
അപ്പോഴും ഞാൻ നിനക്കും നിന്റെ കൂടിനും
സ്വന്തമായിരിക്കുകയും ചെയ്യും;
വെള്ളം എതവസ്ഥയിലും
വ്യകതിത്വത്തെ മുറുകെ പിടിക്കുമ്പോഴും
സ്വന്തം അസ്തിത്വത്തെ മറക്കാത്തതുപോലെ!

By
Resmi Anuraj

മാതൃദിനാശംസകൾ


"നിങ്ങളുടെ മകൾ എവിടെ ഉണ്ടെന്ന് എനിക്കറിയാം......!!"
അങ്ങേത്തലയ്ക്കൽ നിന്ന് വീണ്ടും ആ പുരുഷശബ്ദം. ഫോണിന്റെ റിസീവർ കയ്യിൽ പിടിച്ച് ജാനകി ദേവി നിന്നു വിറച്ചു. എത്തിച്ചേരേണ്ട സമയവും സ്ഥലവും അയാൾ പറയുന്നത് കേട്ടുകൊണ്ടിരുന്നപ്പോഴും അവർക്കു തോന്നി താനൊരു സ്വപ്നത്തിലാണെന്ന്.
റിസീവർ താഴെ വയ്ക്കുമ്പോൾ ഓർമ്മകൾ പുറകോട്ട് പാഞ്ഞു.അന്നും ഒരു മാതൃദിനമായിരുന്നു.മൂന്നു വർഷം മുമ്പ് അതേ ദിവസമാണ് തന്റെ ഒരേ ഒരു മകൾ ഒരു അമ്മയ്ക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനം നൽകി പോയത്. ക്ഷണിക്കപ്പെട്ട അതിഥികളുടെ നടുവിൽ , മകളുടെ വിവാഹ പന്തലിൽ അഭിമാനം നഷ്ടപ്പെട്ട് ജീവിതത്തിൽ ആദ്യമായി ജസ്റ്റിസ് ജാനകി ദേവി തലകുമ്പിട്ട് നിന്ന ദിവസം. ഓമനിച്ചു വളർത്തിയ മകൾ വിവാഹ ദിവസം ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയിരിക്കുന്നു.....!
ഭർത്താവ് മരിച്ചിട്ടും മറ്റൊരു ജീവിതത്തിലേയ്ക്കു പോവാതെ വളർത്തിയ അമ്മയോട് മകൾ ചെയ്ത ചതി യെ കുറിച്ച് പറഞ്ഞ് ചിലർ സഹതപിച്ചു. ഒറ്റ മോളാണെന്ന് കരുതി ഓമനിച്ചു വഷളാക്കിയതിന്റെ ഫലമാണെന്ന് ചിലർ കുറ്റം പറഞ്ഞു. അതൊന്നും ഒരിക്കൽ ഹൈക്കോർട്ട് ജസ്റ്റിസ് ആയിരുന്ന ജാനകി ദേവി എന്ന സ്ത്രീയെ തളർത്താൻ പര്യാപ്തമായിരുന്നില്ല. തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ട എന്ന തത്വത്തിൽ മുറുകെ പിടിച്ച് ജീവിക്കാൻ ശ്രമിച്ചു. വേദനകളെ ഉള്ളിൽ ഒളിപ്പിച്ച് പുറമേ കരുത്തുള്ള ഒരു സ്ത്രീയുടെ മുഖം മൂടി എടുത്തണിഞ്ഞു. രണ്ട് വർഷങ്ങൾക്ക് മുമ്പ് മകളുടെ ഒരു കത്ത് അവരെ തേടി വരുന്നതു വരെ മാത്രം...!
" ഞാൻ ചെയ്ത തെറ്റ് എനിക്കു മനസ്സിലായി അമ്മേ. അതിനുള്ള ശിക്ഷ ഞാൻ ഇന്ന് അനുഭവിക്കുന്നു. ഒരു പക്ഷേ ഈ കത്ത് അമ്മയുടെ കയ്യിൽ കിട്ടുമ്പോൾ ഞാൻ ജീവിച്ചിരിക്കുന്നുണ്ടാവില്ല. മാപ്പു ചോദിക്കാനുള്ള അർഹത പോലും ഇല്ലെന്ന് അറിയാം. എങ്കിലും അമ്മ ക്ഷമിക്കണം....
അശ്വതി"
അതുവരെ എടുത്തണിഞ്ഞിരുന്ന അഭിമാനത്തിന്റെയും വാശിയുടേയും മുഖം മൂടികൾ അഴിഞ്ഞു വീണു. വെറും ഒരു അമ്മ മാത്രമായി അവർ അന്ന് പൊട്ടിക്കരഞ്ഞു. അന്നു തുടങ്ങിയ അന്വേഷണമാണ്. നീണ്ട രണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അതിന്റെ ഫല സമാപ്തിയെന്ന വണ്ണം ഇന്ന് ഫോണിലൂടെ കേട്ട ആ അപരിചിതന്റെ ശബ്ദം. "നിങ്ങളുടെ മകൾ എവിടെ ഉണ്ടെന്ന് എനിക്കറിയാം."
ആ അപരിചിതൻ പറഞ്ഞ സ്ഥലത്ത് ട്രെയിൻ ഇറങ്ങി അക്ഷമയോടെ കാത്തു നിൽക്കുകയായിരുന്നു ജാനകി ദേവി... ഒരു പഴയ തൊണ്ണൂറു മോഡൽ കാർ ദൂരെ നിന്നു വരുന്നത് കാണാമായിരുന്നു.
" ജസ്റ്റിസ് ജാനകി ദേവി ആണോ" കാറിനുള്ളിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ചോദിച്ചു.
"അതേ .. നിങ്ങളാണോ എന്നെ ഫോൺ ചെയ്തത് ?" അവർ അക്ഷമയോടെ ചോദിച്ചു.
"അല്ല, പക്ഷേ അയാൾ പറഞ്ഞിട്ടാണ് ഞാൻ വന്നത് " ചെറുപ്പക്കാരന്റെ മറുപടി.
ജാനകി ദേവി കാറിൽ കയറി. പാലക്കാടിന്റെ ഒരു ഉൾനാടൻ ഗ്രാമപ്രദേശത്തിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു. മനസ്സിൽ ഒരു പാട് ചോദ്യങ്ങൾ അടക്കിപ്പിടിച്ച് ജാനകി ദേവി മൗനം പാലിക്കാൻ ശ്രമിച്ചു. അതു മനസ്സിലാക്കിയിട്ടെന്നോണം ചെറുപ്പക്കാരൻ സംസാരിക്കാൻ തുടങ്ങി.
അയാൾ പറഞ്ഞ കഥ വ്യത്യസ്തമായിരുന്നു; കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന ഒരാളായിരുന്നു സുഭാഷ് . എല്ലാവരുടേയും പ്രിയങ്കരൻ.പഠിത്തത്തിൽ ഉള്ള മികവു കാരണം അവനെ ഉന്നത പഠനത്തിന് എറണാകുളത്തെ പ്രശസ്തമായ ഒരു കോളേജിൽ അയക്കാൻ അവർ തീരുമാനിച്ചു. പക്ഷേ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സ്നേഹിച്ച പെൺകുട്ടിയുമായി അവൻ തിരിച്ചു വന്നപ്പോൾ എല്ലാവരും ഉപദേശിച്ചു , അവളെ തിരിച്ചു കൊണ്ടാക്കാൻ. പക്ഷേ രണ്ടു പേരും അതിനു വഴങ്ങിയില്ല. പ്രണയത്തിന് കണ്ണില്ലായിരുന്നു.ഒന്നിച്ചു ജീവിതം തുടങ്ങിയപ്പോൾ പൊരുത്തക്കേടുകൾ തല പൊക്കാൻ തുടങ്ങി. നല്ല രീതിയിൽ ജീവിച്ചു വന്ന ആ പെൺകുട്ടിക്ക് അവന്റെ പരിമിതമായ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയുമായിരുന്നില്ല. പരിഭവങ്ങളും ചെറിയ പിണക്കങ്ങളും വലിയ വഴക്കുകളിലേക്ക് ചെന്ന് അവസാനിച്ചു. ഒടുവിൽ ആത്മഹത്യാ ശ്രമം വരെ അത് അവളെ കൊണ്ട് ചെന്നെത്തിച്ചു.
തന്റെ മകളുടെ ജീവിതം ശ്വാസം പോലും വിടാനാവാതെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു ജാനകി ദേവി. കാറ് കവലയിലുള്ള ഒരു ചെറിയ ചായക്കടയുടെ മുന്നിൽ എത്തിയിരുന്നു.
" മാഡത്തിനെ ഇവിടെ വരെ എത്തിക്കുന്നത് ആയിരുന്നു എന്റെ ജോലി. ഞാൻ പോട്ടെ"
ജാനകി ദേവി എന്തെങ്കിലും പറയുന്നതിന് മുമ്പ് അയാൾ കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി. ചായക്കടയിൽ നിന്നിരുന്ന മറ്റൊരു ചെറുപ്പക്കാരനോട് അയാൾ എന്തോ സംസാരിക്കുന്നത് കണ്ടു. പുതിയ ചെറുപ്പക്കാരൻ വന്ന് കാറിൽ കയറി .ജാനകി ദേവിയ്ക്ക് ശരീരം വിറയ്ക്കുന്നതു പോലെ തോന്നി." സുഭാഷ്..... " അവർ ഒരു സംശയത്തോടു കൂടി ചോദിച്ചു. അയാൾ പ്രതികരിച്ചില്ല. എങ്കിലും ആ മൗനം അതു സമ്മതിക്കുന്നതായി അവർക്ക് മനസ്സിലായി. ജാനകി ദേവിയുടെ ഹൃദയത്തിൽ പെരുമ്പറ കൊട്ടുന്നതു പോലെ തോന്നി. പക്ഷേ ഒരു വാക്കു പോലും പുറത്തേയക്ക് വന്നില്ല.കാർ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഒരു ഇടവഴിയുടെ മുന്നിൽ ചെന്നു നിന്നു.
"ഇനി കുറച്ചു ദൂരം നടക്കണം. കാർ പോവാത്ത വഴിയാണ്. " സുഭാഷ് അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
മറുപടിയ്ക്ക് കാത്തു നിൽക്കാതെ സുഭാഷ് നടക്കാൻ തുടങ്ങി. കീ കൊടുത്തു വിട്ട പാവയെ പ്പോലെ പുറകെ അവരും;തന്റെ മകളെ പറഞ്ഞു പറ്റിച്ച് അവളുടെ ജീവിതം നശിപ്പിച്ചവന്റെ മുഖം ഇത്രനാളും തിരഞ്ഞുകൊണ്ടിരുന്നു. പക്ഷേ ഇന്ന് അവനെ നേരിട്ടു കണ്ടപ്പോൾ താൻ ഇങ്ങനെയാണ് പ്രതികരിക്കുന്നതെന്നോർത്തപ്പോൾ അവർക്ക് അത്ഭുതം തോന്നി.ഒരു ഓടിട്ട ചെറിയ വീടിന്റെ മുന്നിൽ അയാൾ നിന്നു.
"അശ്വതി അമ്മയെ ഒരു പാട് സ്നേഹിക്കുന്നുണ്ട്. ഞങ്ങൾക്കിടയിൽ എത്ര വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടും അവൾ അമ്മയുടെ അടുത്തേക്ക് തിരിച്ചു വരാതെ ഇരുന്നത് ആ മുഖത്തേയ്ക്ക് നോക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ടാണ്. ഞാൻ അവളെ തിരിച്ചേൽപ്പിക്കാഞ്ഞത് എനിക്കു അവളെ നഷ്ടപ്പെടുത്താൻ വയ്യാത്തതു കൊണ്ടും. പക്ഷേ ഇപ്പോൾ ഞാൻ തീരുമാനിച്ചു ഒരു മാതൃദിനത്തിൽ അമ്മയ്ക്ക് നഷ്ടപ്പെടുത്തിയ മകളെ ഈ മാതൃദിനത്തിൽ തിരിച്ചു തരണമെന്ന് .. അശ്വതി അകത്തുണ്ട്. അമ്മ അവളെ കൊണ്ടു പോയ്ക്കോളു" നിർവികാരനായി അയാൾ പറഞ്ഞു തീർത്തു.
അയാൾ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പേ ജാനകി ദേവി ഓടുകയായിരുന്നു. വർഷങ്ങളായി അടക്കി വച്ചിരുന്ന സ്നേഹവും കണ്ണീരും ഒന്നിച്ച് മകളെ ഒന്ന് കെട്ടിപ്പിടിക്കാൻ....പക്ഷേ അകത്ത് കണ്ട കാഴ്ച അവരെ ഒന്നു പിടിച്ചു നിർത്തി. അടുക്കളയിൽ വെറും നിലത്ത് ഒരു പായയിൽ ആറു മാസത്തോളം പ്രായമുള്ള ഒരു കുഞ്ഞ് കിടക്കുന്നു. തന്റെ മകൾ പാചകം ചെയ്തു കൊണ്ടിരിക്കുന്നു. വില കുറഞ്ഞ ഒരു ചുരിദാറാണ് വേഷം.. പാചകത്തിനിടയിൽ കരയുന്ന കുഞ്ഞിനെ അവൾ ഓരോന്നു പറഞ്ഞ് വശത്താക്കാൻ ശ്രമിക്കുന്നുണ്ട്. കുട്ടിക്കളി മാറാത്ത ഒരു പെൺകുട്ടിയിൽ പക്വതയുള്ള സ്ത്രീയായി രൂപത്തിലും ഭാവത്തിലും അവൾ മാറിയിരിക്കുന്നു. ജാനകി ദേവി കുറച്ചു സമയം ആ കാഴ്ച കണ്ടു നിന്നു. തന്റെ പേരക്കുഞ്ഞിനെ എടുത്ത് ഒന്ന് നെഞ്ചോടു ചേർക്കുവാൻ ആ ഹൃദയം വിങ്ങി. പക്ഷേ പെട്ടെന്ന് തന്നെ വികാരങ്ങളെ നിയന്ത്രിച്ചു കൊണ്ട് ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി. അവിടെ നിൽക്കുന്ന സുഭാഷിന്റെ അടുത്തേക്ക് ചെന്നു.
"എന്റെ മകൾ ഒരു സ്വപ്ന ലോകത്ത് ജീവിച്ച കുട്ടിയാണ്. അതാണ് നിങ്ങളുടെ ജീവിതത്തിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായത്. പക്ഷേ ഇന്നവൾ യാഥാർത്യലോകത്തേയ്ക്കു വന്നു കൊണ്ടിരിക്കുന്നു. മാതാപിതാക്കൾക്ക് മക്കൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് നല്ല ഒരു കുടുംബം. ഇന്ന് അത് അവൾക്ക് ഉണ്ട്. അതു തട്ടിപ്പറിച്ച് അവളെ ഞാൻ കൊണ്ടു പോവുന്നില്ല"
തന്റെ കണ്ണിൽ നിന്നും അടരുന്ന നീർത്തുള്ളികളെ മറച്ചു പിടിക്കാൻ അവർ ശ്രമിച്ചു.
"പക്ഷേ അമ്മേ....." സുഭാഷ് എന്തോ പറയാൻ ശ്രമിച്ചു. അവർ തടഞ്ഞു.
" ഞാൻ ഇനിയും വരും. എന്റെ പേരക്കുട്ടിയേയും നിങ്ങൾ രണ്ടു പേരേയും കാണാൻ... എന്റെ വീട്ടിലേക്ക് കൊണ്ടു പോവാൻ..... പക്ഷേ അതിനു മുമ്പ് അവൾ ജീവിതം എന്തെന്ന് പഠിച്ചിരിക്കണം. അതിന് ഇനി ഒരു പാട് താമസം ഇല്ലെന്ന് എന്റെ മനസ്സ് പറയുന്നു. ഇപ്പോൾ ഞാൻ തിരിച്ചു പോവുന്നു. സുഭാഷ് അവൾക്കു കിട്ടാവുന്ന ഏറ്റവും നല്ല പങ്കാളിയാണെന്ന തിരിച്ചറിവോടു കൂടി........ഞാൻ വന്നതും പോയതും അവൾ അറിയരുത്"
നടന്നു പോവുന്ന ആ അമ്മയെ നോക്കി അയാൾ ഒരു നിമിഷം നിർവ്വികാരനായി നിന്നു. ഈ സമയം അടുക്കളയിലെ പുൽ പായയിൽ കിടന്ന് കുഞ്ഞ് വീണ്ടും കരഞ്ഞു.
"ഈ പണി തീർക്കാൻ നീ സമ്മതിക്കില്ലേടാ
കള്ളാ "
അശ്വതി ചെറു ചിരിയോടെ ഗ്യാസ് ഓഫ് ചെയ്ത് കുഞ്ഞിനെ എടുത്തു.
പാലു കൊടുത്ത് ഉറക്കാനായി ബെഡ് റൂമിലേയ്ക്ക് പോവുമ്പോൾ ഹാളിൽ ഓൺ ചെയ്തു വച്ചിരുന്ന ടി വി യിൽ മാതൃദിന പരിപാടികൾ നടക്കുന്നുണ്ടായിരുന്നു......!!!
...............................
ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ...!!!

By Resmi Anuraj

ഉത്തരമില്ലാത്ത ചോദ്യങ്ങൾ

Image may contain: 2 people

തിരക്കു പിടിച്ച ഹൈവേയിലൂടെ ആ വാഹനം അതിവേഗതയിൽ പാഞ്ഞു. റോഡിലുള്ള മറ്റു വാഹനങ്ങളേയും യാത്രക്കാരേയും അയാൾ കാണുന്നതേ ഇല്ല എന്നു തോന്നി. ഏതാനും നിമിഷങ്ങൾക്ക് മുമ്പ് മാത്രം കേട്ട ആ രണ്ടു വാർത്തകൾ അയാളുടെ മനസ്സിനെ അത്രയധികം ഇളക്കി മറിച്ചിരുന്നു.ആദ്യത്തേത് മീനാക്ഷി ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നു........ ; രണ്ടാമത്തേത് അവൾ ഗർഭിണിയാണ്.........!
ഹോസ്പിറ്റൽ റിസപ്ഷനിൽ നിന്ന് അയാൾ മീനാക്ഷിയുടെ റൂം നമ്പറും മറ്റും തിരക്കുമ്പോൾ അവരിൽ ചിലരുടെ കണ്ണുകൾ അയാളിൽ തന്നെയായിരുന്നു. നാൽപ്പത്തഞ്ചാം വയസ്സിന്റെ അവസാനത്തിലും മുകുന്ദൻ മേനോൻ ഏതു പെണ്ണും ഒന്നു നോക്കിപ്പോവുന്ന കരുത്തുറ്റ ശരീരത്തിന് ഉടമയായിരുന്നു. ആ നോട്ടങ്ങളെ അയാൾ രഹസ്യമായി ആസ്വദിച്ചിരുന്നു എന്നതാണ് സത്യം. പക്ഷേ ഈ നിമിഷം മറ്റൊന്നിനെക്കുറിച്ചും അയാൾക്ക് ചിന്തിക്കാൻ കഴിയുമായിരുന്നില്ല.
മീനാക്ഷിയുടെ മുറിയിൽ കൂട്ടുകാരികൾ എന്ന് തോന്നുന്ന അവളുടെ പ്രായത്തിലുള്ള രണ്ട് പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പേടിച്ചരണ്ടതു പോലെ നിൽക്കുകയായിരുന്ന അവർക്ക് അയാളെ കണ്ടപ്പോൾ പരിഭ്രമം കൂടിയതു പോലെ തോന്നി.
" ഞാൻ മീനാക്ഷിയുടെ ബോസ്സാണ്.. കുറച്ചു മുമ്പാണ് വിവരം അറിഞ്ഞത് " അയാൾ സ്വയം പരിചയപ്പെടുത്തി. അവർക്ക് അൽപ്പം ആശ്വാസമായതു പോലെ തോന്നി.
സെഡേഷന്റെ മയക്കത്തിലാവാം അവൾ ഉറങ്ങുകയാണ്.ഉറക്കത്തിലും അവളുടെ മുഖത്ത് വല്ലാത്ത ഒരു നിഷ്കളങ്കത ഉണ്ടെന്ന് അയാൾക്ക് തോന്നി. ഏതാനും മാസങ്ങൾക്കു മുമ്പ് ആദ്യമായി തന്റെ സ്ഥാപനത്തിലെ ഒരു ഇൻറർവ്യൂനിടയിൽ ആണ് അവളെ ആദ്യമായി കാണുന്നത്. പക്ഷേ അന്ന് നിഷ്കളങ്കതയെക്കാൾ അധികം അവളുടെ സൗന്ദര്യത്തേയും ശരീരവടിവുകളേയുമാണ് ശ്രദ്ധിച്ചതെന്ന് അയാൾ ഓർത്തു. ഒരു പാട്
സി. എ ക്കാർക്ക് കിട്ടാതിരുന്ന ആ ജോലി വെറും ഒരു ബി.കോം കാരിയായ അവൾക്കു കിട്ടിയതിനു പിന്നിലെ രഹസ്യം അവളുടെ വിടർന്ന കണ്ണുകൾക്കും സുന്ദരമായ ചിരിക്കും പിന്നിൽ ഒളിഞ്ഞു കിടന്നു.
പെട്ടെന്ന് ഡോക്ടർ റൗണ്ട്സിന് മുറിയിലേക്കു കടന്നു വന്നപ്പോൾ അയാളുടെ ചിന്തകൾ മുറിഞ്ഞു. അവൾ ഉറക്കമാണെന്നു കണ്ട് ഡോക്ടർ തിരിച്ചു പോവാനൊരുങ്ങി.
" ഡോക്ടർ... മീനാക്ഷിക്ക് ഇപ്പോൾ എങ്ങനെയുണ്ട് " അയാൾ ചോദിച്ചു.
" ഷി ഈസ് ഓൾ റൈറ്റ്. വെയ്ൻ അധികം കട്ട് ആയിട്ടുണ്ടായിരുന്നില്ല. പിന്നെ വല്ലാതെ വയലന്റ് ആയതു കൊണ്ട് സെഡേഷൻ കൊടുത്തു മയക്കി എന്നേ ഉള്ളു. വേണമെങ്കിൽ നാളെ ഡിസ്ചാർജ് ചെയ്യാം " ഡോക്ടർ പുറത്തേക്കിറങ്ങി.
ആ മുറിയിൽ ആ രണ്ടു പെൺകുട്ടികൾ അല്ലാതെ മുതിർന്ന ആരും ഇല്ല എന്നത് മുകുന്ദൻ മേനോൻ ശ്രദ്ധിച്ചു. അയാൾ അവരോട് അവളുടെ വീട്ടുകാരെ കുറിച്ച് തിരക്കി. അവർക്ക് അതേക്കുറിച്ച് അറിവില്ലായിരുന്നു. ആരോ പറഞ്ഞു കേട്ട് അറിഞ്ഞ് അവർ വരുമ്പോഴും ആ മുറിയിൽ മീനാക്ഷി തനിച്ചായിരുന്നു.അവളെ അവിടെ കൊണ്ടു ചെന്ന് ആക്കിയ വീട്ടുകാരെ അപകടനില തരണം ചെയ്തു എന്നറിഞ്ഞ ശേഷം പിന്നെ കണ്ടിട്ടില്ലെന്ന് ആശുപത്രി ജീവനക്കാരിൽ നിന്ന് അറിയാൻ കഴിഞ്ഞു.
മീനാക്ഷിയുടെ സുഹൃത്തുക്കൾ തിരിച്ചു പോവുന്നതിന് മുമ്പ് അവരിൽ നിന്നും അവളുടെ വീടിന്റെ അഡ്രസ്സും ലാൻഡ് ഫോൺ നമ്പറും വാങ്ങാൻ അയാൾ മറന്നില്ല. പക്ഷേ വീട്ടിലേക്കു വിളിച്ചപ്പോഴുള്ള അവരുടെ തണുത്ത പ്രതികരണം അയാളെ നിരാശപ്പെടുത്തി.
ഫോൺ എടുത്തത് ഒരു പുരുഷ ശബ്ദം.
" ഞാൻ അവളുടെ അമ്മയുടെ ആങ്ങളയാ സാറേ, അമ്മാവൻ....സാറിന് അറിയാമോ, അവളുടെ അമ്മയും അച്ഛനും മരിച്ചതിൽ പിന്നെ ഞങ്ങൾ പൊന്നു പോലെയാ അവളെ വളർത്തിയത്. ഞങ്ങളുടെ മകനുമായി അവളുടെ കല്യാണം വരെ ഉറപ്പിച്ചു വച്ചിരിക്കുകയായിരുന്നു. ആ ഞങ്ങളോടാ അവൾ ഈ ചതി ചെയ്തത്. ആ എരണം കെട്ടവളെ ഇനി ഈ പടി കടത്തില്ല." അയാൾ ഫോൺ കട്ട് ചെയ്തു.
അന്ന് രാത്രി അപ്രതീക്ഷിതമായി ജീവിതത്തിൽ തനിച്ചായി പോയ അവൾക്കു വേണ്ടിതന്റെ പ്രധാനപ്പെട്ട ഒരു പാട് കാര്യങ്ങൾ മാറ്റി വച്ച് ആ ആശുപത്രി കിടക്കയ്ക്കിരികിൽ ഇരിക്കുമ്പോൾ അയാൾക്ക് ആദ്യമായി അവൾ തന്റെ വീട്ടിൽ വന്നത് ഓർമ്മ വന്നു.
ജോലി സംബന്ധമായി ചില ഫയലുകൾ എടുക്കാൻ എന്ന രൂപേണ അന്ന് അവളെ അവിടെ എത്തിക്കാൻ അയാൾക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതക്കാരിയായിരുന്നു മീനാക്ഷി. ഒരു പാട് നൻമയും സ്നേഹവുമുള്ള ഒരു പെൺകുട്ടി. അവളുടെ കളങ്കമില്ലാത്ത പെരുമാറ്റം പലപ്പോഴും അയാളെ സന്തോഷിപ്പിച്ചിരുന്നു. പക്ഷേ അതൊന്നും അയാളെ തന്റെ തീരുമാനത്തിൽ നിന്ന് പുറകോട്ടു വലിക്കുന്നതായിരുന്നില്ല. ആഗ്രഹിച്ചത് നേടുക എന്നത് അയാളുടെ സ്വഭാവത്തിന്റെ ഭാഗമായിരുന്നു. അങ്ങനെയാണ് മുൻകൂട്ടി തീരുമാനിക്കപ്പെട്ടതനുസരിച്ച് മീനാക്ഷി അന്ന് ആ വീട്ടിൽ എത്തപ്പെട്ടത്.
ആ വലിയ മുറിയുടെ ജനാലയിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയായിരുന്നു അവൾ അപ്പോൾ. അയാളുടെ കണ്ണുകൾ പുറം തിരിഞ്ഞു നിൽക്കുന്ന അവളുടെ ശരീരവടിവുകളിലൂടെ പരതാൻ തുടങ്ങിയിരുന്നു.
" വീട് ഇഷ്ടമായോ" അയാൾ ഒരു മനം മയക്കുന്ന ചിരിയോടെ ചോദിച്ചു.
"ഇഷ്ടമായി.... വലിയ വീട്... ഭംഗിയുള്ള പൂന്തോട്ടം..... " അവൾ ഒന്നു നിർത്തിയിട്ട് തുടർന്നു. "പക്ഷേ എന്തോ ഒരു കുറവുണ്ട് സാർ ...."
അവളുടെ ചുമലിൽ തൊടാൻ ഒരുങ്ങിയ അയാൾ പെട്ടെന്ന് ഒരു നിമിഷം നിന്നു. പുറമേ നിന്ന് നോക്കുന്ന ആർക്കും സ്വർഗ്ഗമായി തോന്നുന്ന ആ മാളികയിൽ വലിയ ഒരു കുറവുണ്ടായിരുന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരും ഇല്ലാത്ത തന്റെ ജീവിതത്തെക്കുറിച്ച് പെട്ടെന്ന് അയാൾക്ക് ഓർമ്മ വന്നു. മറക്കാൻ ആഗ്രഹിച്ച ഏതൊക്കെയോ ഓർമ്മകൾ തികട്ടി തികട്ടി വരുന്നു.
"ശരിയാണ്..... മീനാക്ഷി പറഞ്ഞത്.......ഇവിടെ ഒരു കുറവുണ്ട് " അയാൾ തുടർന്നു " ഒരു പ്രകാശത്തിന്റെ ......"
"അയ്യോ അല്ല സാർ... ഈ മുറിയിൽ വലിയ ജനലുകൾ ഉള്ളതുകൊണ്ട് പ്രകാശം നന്നായിട്ടുണ്ട് സർ... പക്ഷേ ചൂട് കൂടുതലാ... ഇവിടെ ഒരു ഏ. സി യുടെ കുറവുണ്ടെന്നാ ഞാൻ ഉദ്ദേശിച്ചത് സാർ......... "
അവളുടെ മറുപടി കേട്ട് അയാൾ അറിയാതെ പൊട്ടിച്ചിരിച്ചു പോയി. ജീവിതത്തിൽ ആദ്യമായി ഒരു പെൺകുട്ടിയുടെ സൗന്ദര്യത്തേക്കാളധികം നിഷ്കളങ്കതയോട് അയാൾക്ക് ഇഷ്ടം തോന്നി. അന്ന് അയാളുടെ വീട്ടിലെ ഏറ്റവും മാന്യമായി സ്വീകരിക്കപ്പെട്ട അതിഥി ആയിരുന്നു അവൾ; പിന്നീട് അങ്ങോട്ടുള്ള അയാളുടെ ജീവിതത്തിലും!
...............................................
പിറ്റേന്ന് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി ബില്ലടച്ചു കഴിഞ്ഞ് അവളുടെ അടുത്ത് ചെന്ന് അയാൾ ചോദിച്ചു.
" മീനാക്ഷിയ്ക്ക് എവിടെയാണ് പോവേണ്ടതെന്ന് പറയു.ഞാൻ കൊണ്ടു പോയി ആക്കാം "
അവൾ ഒന്നും മിണ്ടാതെ നിർവ്വികാരയായി ഇരുന്നു.
ഒന്നു സംശയിച്ചിട്ട് അയാൾ തുടർന്നു.
" മീനാക്ഷി.... ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ... ആരാ നിന്നെ.... "
'' വേണ്ട സാർ... ചോദിക്കേണ്ട "... അവൾ അയാളെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല
" ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല സാർ....."
തന്റെ കൂടെ വരാനുള്ള അയാളുടെ അപേക്ഷ അവൾ വിനയത്തോടെ നിരസിച്ചപ്പോൾ അവളെ അവിടെ ഉപേക്ഷിച്ച് അയാൾക്കു പോവേണ്ടി വന്നു.പിന്നീടുള്ള ദിവസങ്ങളിൽ അയാളുടെ മനസ്സിനെ അവളുടെ ഓർമ്മകൾ മഥിച്ചു കൊണ്ടിരുന്നു. എവിടെയാണെങ്കിലും അവളെ തേടി കണ്ടു പിടിക്കണമെന്ന് എന്തു കൊണ്ടോ അയാൾക്ക് തോന്നി. വലിയ ജനലകൾ ഉണ്ടായിട്ടും പ്രകാശം ഇല്ലാത്ത തന്റെ വീട്ടിൽ വീണ്ടും വെളിച്ചം നിറയ്ക്കാൻ അവൾക്കു കഴിയുമെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.
അയാൾ അന്നത്തെ പത്രത്തിൽ ഒന്നു കൂടി കണ്ണോടിച്ചു. കാണ്മാനില്ല.... വലിയ തലക്കെട്ടിൽ അയാൾ അവളുടെ ഫോട്ടോ കൊടുത്തിരുന്നു. അധികം വൈകാതെ അവൾ തന്റെ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് തോന്നി....... എന്തോ ഒരു സമാധാനത്തോടെ അയാൾ പത്രം മടക്കി വച്ചു. അതിന്റെ അടിയിലെ ചെറിയ കോളത്തിൽ അധികം ശ്രദ്ധിക്കപ്പെടാതെ ഒരു വാർത്ത ഉണ്ടായിരുന്നു.പീഡിപ്പിച്ചു ഗർഭിണിയാക്കിയ മാതൃസഹോദരനെ കൊന്ന യുവതി അറസ്റ്റിൽ...... അത് അറിയാതെ അയാളും ആ വീടും കാത്തിരിക്കുകയായിരുന്നു ചോദ്യങ്ങൾക്ക് ഉത്തരവുമായി തങ്ങളെ തേടി വരുന്ന ഒരു വെളിച്ചം വിതറുന്ന പെൺകുട്ടിയെ.......!!!

By: ResmiAnuraj

സ്നേഹത്തിന്റെ നൂലിഴകൾ

Image may contain: 2 people

സ്നേഹത്തിന്റെ നൂലിഴകൾ കൊണ്ട്
ബന്ധങ്ങളുടെ വസ്ത്രങ്ങൾ നെയ്യുന്നവരും നെയ്ത്തുകാരാണ്..!
പരുത്തി നൂലിനാൽ തീർത്തവയും
വാഴനാരിനാൽ തീർത്തവയും ഉണ്ടാകാം.. ;
എനിക്കു വേണ്ടത് സുന്ദരമായതല്ല,
ഉറപ്പു കൂടുതൽ ഉള്ളതാണ്...!
നിറങ്ങൾ കൂടുതലുള്ളതുമുണ്ടാവാം
മങ്ങിയതുമുണ്ടാവാം;
എനിക്ക് വേണ്ടത് കഴുകുമ്പോൾ
ചായം ഇളകി പോവുന്നതല്ല ,
നീണ്ടു നിൽക്കുന്നതാണ്....!
എന്റെ സൗഹൃദങ്ങൾ എന്റെ വസ്ത്രങ്ങളാണ്.
നഗ്നമായ എന്റെ ആത്മാവിനെ
പൊതിഞ്ഞു പിടിക്കുന്ന കവചങ്ങൾ ;
വസ്ത്രങ്ങൾക്ക് വേണ്ടത്
ഭംഗിയും നിറവുമല്ല;
ഉറപ്പും നീണ്ടു നിൽപ്പുമാണ്..!
സൗഹൃദങ്ങളിൽ എനിക്കു വേണ്ടത്
പുഞ്ചിരികളും ആഘോഷങ്ങളുമല്ല,
മറിച്ച് ജീവിതത്തോട്
ചേർത്തു നിർത്താൻ മടിക്കാത്ത
ഒരു ഹൃദയമാണ്.....!!!

By: resmi Anuraj

ദൂരെ.

Image may contain: 2 people

ഭൂമിയുടെ മനസ്സുള്ള മനുഷ്യരും ജീവിക്കുന്നു... ;
തണുത്തുറഞ്ഞ പുഞ്ചിരിക്കൾക്കു പുറകിൽ
ജ്വലിക്കുന്ന അഗ്നി നാളങ്ങളെ ഒളിപ്പിച്ചു കൊണ്ട്...!
പക്വത കുറഞ്ഞ ഒരു കുഞ്ഞുമേഘം
തന്റെ സ്നേഹസ്പർശം കൊണ്ട്
ആ അഗ്നിയെ അണയ്ക്കുവാൻ ആഗ്രഹിച്ചിരിക്കാം...!
പക്ഷേ അവസാനത്തെ മഴത്തുള്ളിയും
മണ്ണിന് കൊടുത്ത്
പെയ്തൊഴിയുന്ന ഓരോ മേഘവും അറിയണം,
വെറുമൊരു നനവിന്റെ ഓർമ്മ അവശേഷിപ്പിച്ച്
തിരിച്ചു പോവാൻ മാത്രമാണ് തന്റെ വിധി...!
ഭൂമിയുടെ അഗ്നി ഹൃദയം
എന്നും ഒരു കുഞ്ഞു മേഘത്തിന്റെ
നീല വിരലുകളിൽ നിന്നും ഒരു പാട് ദൂരെയാണ്;
എത്ര കൈ നീട്ടിയാലും തൊടാൻ കഴിയാത്തത്ര ദൂരെ..

By: Resmi Anuraj

യുദ്ധം

Image may contain: 2 people

ചിന്തകളെ ഞാൻ തടവിൽ ഇടാറില്ല...
സ്വതന്ത്രമായി സഞ്ചരിക്കാൻ വിടും.
അശ്വമേധത്തിൽ അഴിച്ചു വിട്ട കുതിരയെപ്പോലെ.....
അതിനെ തടയാൻ ആർക്കും കഴിയില്ലെന്നല്ല;
തടയുന്നവന് എന്റെ ആശയങ്ങളുമായി
യുദ്ധം ചെയ്യേണ്ടി വരും.
തോൽക്കുന്നവനെ മറവിക്ക്
വിട്ടുകൊടുക്കുകയാണ് പതിവ്.
പക്ഷേ വിജയിക്കുന്നവന്
എന്റെ ഹൃദയം നൽകാൻ മടിക്കാറില്ല!
അപ്പോഴും ഞാൻ സന്തോഷിക്കും.
കാരണം ചിന്തകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ
ശത്രുതയല്ല സമ്മാനിക്കുന്നത്;
മറിച്ച് പുതിയ അറിവുകളെയാണ്.


By: Resmi Anuraj

വിജയം

Image may contain: 2 people

അന്നൊരു മെയ്ദിനമായിരുന്നു.. ;
കത്തുന്ന സൂര്യന്റെ താഴെ
ഒരു നടപ്പാതയിൽ വച്ചാണ്
അവർ വീണ്ടും കണ്ടുമുട്ടിയത്;
അധ്വാനവും വിജയവും!
" എന്നും എന്റെ കൂടെ വരാൻ
കടപ്പെട്ടവളല്ലേ നീ........;
പക്ഷേ പലപ്പോഴും നീ അതു മറക്കുന്നു!"
അധ്വാനം വിജയത്തോട് പറഞ്ഞു.
വിജയം പുഞ്ചിരിച്ചു.
"നീയാണ് മറക്കുന്നത്,
ഞാൻ നിന്റെ ഭാര്യയല്ല, കാമുകിയാണ്... ;
ചിലപ്പോഴെങ്കിലും എനിക്ക് നിന്നെ
വഴിയിൽ ഉപേക്ഷിക്കേണ്ടി വരും!"
ഇതു കേട്ട് നടപ്പാത വെട്ടിക്കൊണ്ടിരുന്ന
മനുഷ്യൻ ഒരു നിമിഷം നിന്നു..
അവന്റെ വിയർപ്പു തുള്ളികൾ വീണ്
നനഞ്ഞ മണ്ണ് അപ്പോഴും ഉണങ്ങിയിരുന്നില്ല.
"വിജയമേ...
നീ കൂടെ വരാൻ മടിക്കുന്ന കാമുകിയായിരിക്കാം,
പക്ഷേ അധ്വാനിക്കുന്ന എന്റെ കൈകൾക്ക്
നിന്നെ പിടിച്ച് വലിച്ച്
സ്വന്തമാക്കാനുള്ള കരുത്തുമുണ്ട്.. "
മറുപടി പറഞ്ഞ് മുഖമുയർത്തിയ
അവൻ കണ്ടത് മുന്നിൽ
വരണമാല്യവുമായി നാണിച്ചു നിൽക്കുന്ന
വിജയത്തെയാണ്.......!!!
..................
അധ്വാനിക്കുന്നവന്റെ കൂടെ വിജയം വന്നേ തീരു... മടിച്ച് നിൽക്കുന്ന വിജയത്തെ പിടിച്ചു നേടണം.. മെയ്ദിന ആശംസകൾ..

സമയം

Image may contain: 1 person

ഒരു വിത്തിനെ നുള്ളിമാറ്റുന്നതു പോലെ എളുപ്പമല്ല 
ഒരു വൃക്ഷത്തെ വെട്ടിമാറ്റുന്നത്..
എനിക്കു വേണ്ടത് സമയമാണ്;
മണ്ണിന്റെ ഹൃദയത്തിലേക്ക്
ആഴ്ന്നിറങ്ങിപ്പോയ നിന്റെ വേരുകളെയെല്ലാം
അറുത്തു കളയാൻ വേണ്ടത്ര സമയം...
നിന്റെ ചില്ലകളിലെ കുഞ്ഞു കൂട്ടിൽ
ഞാൻ ഇട്ടു വച്ച സ്വപ്നങ്ങളുടെ മുട്ടകളെല്ലാം
നിലത്തെറിഞ്ഞ് ഉടക്കുവാൻ വേണ്ടത്ര സമയം.
കരുത്തുള്ള നെഞ്ചകം എന്നു വിശ്വസിച്ച്
നിന്നിലേക്ക് പടർന്നു കയറിയ
മോഹങ്ങളുടെ മുന്തിരിവള്ളികളെയെല്ലാം
പൊട്ടിച്ചെറിയാൻ വേണ്ടത്ര സമയം.
പഴുക്കുന്നതിനു മുമ്പേ കിളി കൊത്തിയ
പ്രണയത്തിന്റെ പഴത്തിന്റെ
കയ്പും ചവർപ്പും
അവസാനമായി നുണയുവാൻ
വേണ്ടത്ര സമയം.
പഴുത്തില വീണപ്പോൾ കളിയാക്കി ചിരിച്ച
പച്ചിലകളുടെ അഹങ്കാരങ്ങളെയെല്ലാം ദയയില്ലാതെ
ഉയരത്തിൽ നിന്നും താഴേയ്ക്കു
തള്ളിയിടുവാൻ വേണ്ടത്ര സമയം.
ഒടുവിൽ നീ മറിഞ്ഞു വീഴുമ്പോൾ
ആ വേദന താങ്ങുവാൻ
മണ്ണിന്റെ ഹൃദയത്തിനു തയ്യാറെടുക്കുവാൻ
വേണ്ടത്ര സമയം..
അത്രയും മതി...
അതു കഴിഞ്ഞു ഞാൻ സമയം ചോദിക്കില്ല.
കാരണം പിന്നെ എത്ര നാൾ കഴിഞ്ഞാലും
നീ എന്നിലുണ്ടാക്കുന്ന ശൂന്യത എനിക്ക് നികത്തുവാനാവുകയില്ല.
ഒരിക്കൽ നീ നിലനിന്നിരുന്നു എന്ന ഓർമ്മകൾ
അപ്പോഴും എന്നിൽ ബാക്കിയാവുകയും ചെയ്യും.
പ്രണയത്തോടൊപ്പം
ആ ഓർമ്മകളെക്കൂടി വേരറുത്തു കളയാൻ
എനിക്കു ഒരു ജീവിതം മുഴുവൻ തികയുകയില്ലായിരിക്കും!!
...........................
മുൻ അനുഭവങ്ങൾ വച്ച് ചെറിയ ഒരു അപേക്ഷ..എഴുത്തിൽ എഴുത്തുകാരുടെ ജീവിതം തിരയുന്ന ഒരു പ്രവണതയുണ്ട്'. അത് സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയും എഴുത്തിനുള്ള വിഷങ്ങയങ്ങളെ പരിമിതപ്പെടുത്തുകയും ആണ് പതിവ്. വെറും ഒരു രചന മാത്രമായി കണ്ട് ആസ്വദിക്കുക

By: ResmiAnuraj

പ്രതീക്ഷയുടെ തീരങ്ങൾ

Image may contain: 1 person

സൂസൻ റെയിൽവേ പ്ലാറ്റ്ഫോമിലൂടെ ധൃതിയിൽ നടന്നു. തോളിൽ കിടക്കുന്ന കുഞ്ഞ് ഉറക്കത്തിൽ ഒന്നു ഞരങ്ങി. അതു ശ്രദ്ധിക്കാതെ മറ്റേ കൈ കൊണ്ട് ലഗേജ് വലിച്ചു കൊണ്ട് അവൾ നടത്തത്തിന്റെ വേഗം കൂട്ടി. ഏഴു മണിയുടെ ബാംഗ്ലൂർ ടു ട്രിവാൻഡ്രം ട്രെയിനിൽ കയറുന്നതോടെ എന്നന്നേയ്ക്കുമായി ബാംഗ്ലൂർ നഗരത്തോട് താൻ വിട പറയുകയാണ്. അഞ്ചു വർഷങ്ങൾ ഈ മഹാനഗരത്തിൽ ഒരു നഴ്സിന്റെ വെളുത്ത കുപ്പായവുമിട്ട് മൂത്രത്തിന്റേയും മലത്തിന്റേയും ചോരയുടെയും ഗന്ധത്തിൽ ജീവിച്ച തനിക്ക് തിരിച്ചു പോവുമ്പോഴുള്ള സമ്പാദ്യം കുറേ മുഷിഞ്ഞ തുണികളും തോളിൽ മയങ്ങുന്ന ആ കുഞ്ഞും മാത്രം ആണെന്നത് അവളെ ചിരിപ്പിച്ചു.
ട്രെയിൻ പുറപ്പെടാൻ തുടങ്ങിയിരുന്നു. വല്ല വിധേനയും അകത്തേക്ക് കയറിപറ്റിക്കഴിഞ്ഞപ്പോഴാണ് ഒന്ന് ഉറപ്പിച്ചു ശ്വാസമെടുത്തത്. ട്രെയിനിൽ കുറച്ച് തിരക്കുണ്ടായിരുന്നു. സീറ്റ് നേരത്തെ തന്നെ റിസർവ് ചെയ്തതു കൊണ്ട് പേടിക്കേണ്ട. പിറ്റേന്ന് രാവിലെ എറണാകുളം എത്തുന്നത്.സ്ലീപ്പർ കോച്ചായത് കൊണ്ട് വേണമെങ്കിൽ സുഖമായൊന്നുറങ്ങാം. രണ്ടര വർഷങ്ങളായി നഷ്ടപ്പെട്ട ഉറക്കം ഇന്ന് രാത്രി കിട്ടുമെന്നത് വെറുമൊരു വ്യാമോഹം മാത്രമാണെന്ന് അവൾ ഓർത്തു. എന്തായാലും ആ മോഹത്തിന് അധികം ആയുസ്സുണ്ടായില്ല. ആദ്യമായി ട്രെയിനിൽ കയറുന്നത് കൊണ്ടാവാം അവളുടെ ഒന്നര വയസ്സുകാരൻ കുഞ്ഞ് പേടിച്ച് കരഞ്ഞു കൊണ്ടിരുന്നു. റിസർവ്വ് ചെയ്തിരുന്ന അപ്പർ ബർത്തിൽ ഒരു വിധത്തിലും കിടക്കാൻ കുഞ്ഞ് സമ്മതിക്കുന്നില്ല. അവൾ ഒഴിഞ്ഞു കിടക്കുന്ന ലോവർ ബർത്തിൽ ഇരുന്നു. കുഞ്ഞ് ഒരു വിധം സമാധാനപ്പെട്ടതായി തോന്നി. അതിലെ പാസഞ്ചർ വരുമ്പോൾ ബർത്ത് എക്സേ ഞ്ച് ചെയ്യുമോ എന്ന് ചോദിച്ചു നോക്കാം. അവൾ കരുതി...
കുഞ്ഞ് ഉറങ്ങിക്കഴിഞ്ഞപ്പോൾ അവൾ വീട്ടിലേക്ക് വിളിച്ചു. എല്ലാം അവസാനിപ്പിച്ച് തിരിച്ചു വരികയാണെന്ന് അവരോട് പറയണമല്ലോ. പ്രതീക്ഷിച്ചതു പോലെ തന്നെ ഒരു പൊട്ടിത്തെറി..
" ഞങ്ങളോട് ആരോടും ചോദിച്ചിട്ടല്ലല്ലോ ഒരു താലി പോലും കെട്ടാതെ ഒരുത്തന്റെ കൂടെ പൊറുത്തത്. ഇനി അതിൽ ഉണ്ടായ വിഴുപ്പിനേയും കൊണ്ട് ഈ പടി കടക്കണ്ട... നീ മാത്രമല്ല ഞങ്ങൾക്ക് വേറെയും മക്കളുണ്ട്. " ഫോണിലൂടെ കേട്ട അമ്മയുടെ മറുപടി ആ വീടിന്റെ മുഴുവൻ തീരുമാനമാണെന്ന് അവൾക്ക് അറിയാമായിരുന്നു. എന്നിട്ടും അവൾ ചോദിച്ചു.
"ഈ കുഞ്ഞിനെയും കൊണ്ട് ഇനി ഞാൻ എന്തു ചെയ്യും അമ്മേ...."
"പോയി ചത്തൂട്ടേടി നിനക്ക്..... ബാക്കിയുള്ളവരെങ്കിലും രക്ഷപെടും" അമ്മയുടെ മറുപടി കേട്ട് നെഞ്ച് നൊന്തു. പക്ഷേ അവരെ തെറ്റു പറയാൻ തോന്നിയില്ല. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമായി ഇവിടെ വന്ന താൻ ഒരിക്കലും ഇങ്ങനെ ഒരു ചതിക്കുഴിയിൽ അകപ്പെടരുതായിരുന്നു. സ്വന്തം ജീവിതവും മറ്റുള്ളവരുടെ പ്രതീക്ഷകളും തകർക്കരുതായിരുന്നു. തന്നെയും കുഞ്ഞിനേയും തനിച്ചാക്കി എവിടെയോ പോയ് മറഞ്ഞ അയാളുടെ മുഖം ഓർമ്മയിൽ തെളിഞ്ഞു. പ്രണയവും വിശ്വാസവും ജീവിതവും ഒന്നിച്ച് ഒരു നിമിഷം കൊണ്ട് തകർത്ത മനുഷ്യൻ...വേണ്ടെന്നു വച്ചിട്ടും അവളുടെ മനസ്സ് പഴയ ഓർമ്മകളിലേക്ക് വീണുകൊണ്ടിരുന്നു. അതിനിടയിൽ എപ്പോഴോ ഉറക്കം കണ്ണുകളെ തഴുകാൻ തുടങ്ങിയത് അവൾ അറിഞ്ഞു.
" എഴുന്നേൽക്ക്..." ആരോ ശക്തിയായി കുലുക്കി വിളിച്ചപ്പോഴാണ് അവൾ ഉണർന്നത്. മുന്നിൽ ദേഷ്യം പിടിച്ചു നിൽക്കുന്ന ഒരു സ്ത്രീയുടെ മുഖം.
" എഴുന്നേൽക്കാൻ... ഇത് എന്റെ ബർത്താണ്.. "
സൂസൻ വേഗം ചാടി എഴുന്നേറ്റു. അവൾ തന്റെ അവസ്ഥയെ കുറിച്ച് അവരോട് പറയാൻ ശ്രമിച്ചു. പക്ഷേ അവർ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. ഈ ബഹളം കേട്ട് കുഞ്ഞ് ഉണർന്ന് കരയാൻ തുടങ്ങി. അതും അവരുടെ മനസ്സിനെ അലിയിച്ചില്ല. അവരുടെ കൂടെ പതിനഞ്ചോ പതിനാറോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും ചെറിയ ഒരു ആൺകുട്ടിയും ഉണ്ട്. ആ സ്ത്രീയുടെ കുട്ടികളാണെന്ന് തോന്നുന്നു.സൂസൻ അവരെ ദയനീയമായി നോക്കി. പെൺകുട്ടി കുറച്ച് മനസ്സലിവ് ഉള്ള കൂട്ടത്തിൽ ആണെന്ന് തോന്നി. അവൾ അമ്മയോട് സൂസന് വേണ്ടി സംസാരിക്കുന്നുണ്ട്. ആ സ്ത്രീ കൂടുതൽ ദേഷ്യത്തോടെ അവളെ വഴക്കു പറയുന്നു. സൂസൻ പിന്നെ അവിടെ നിന്നില്ല. കരയുന്ന കുഞ്ഞിനേയും എടുത്തു കൊണ്ട് പുറത്തെ ഡോറിനടുത്തേക്ക് ചെന്നു നിന്നു.
എത്ര നേരം അങ്ങനെ നിന്നുവെന്ന് അവൾക്ക് തന്നെ അറിയില്ല. കുഞ്ഞ് ഉറങ്ങിയിരുന്നു. തനിക്ക് ഇറങ്ങേണ്ട സ്റ്റേഷൻ എത്താറായി വരുന്നു.വലിയ ഒരു ചോദ്യം മാത്രം മനസ്സിൽ അവശേഷിച്ചു. ഇനി എങ്ങോട്ട്....? അമ്മയുടെ മറുപടി കാതിൽ മുഴങ്ങുന്നു... " പോയി ചത്തൂടേ ടീ നിനക്ക്?"
അവൾ തന്റെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. നിഷ്കളങ്കമായി അവൻ ഉറങ്ങുന്നു. ഇനി തനിക്കും തന്റെ അമ്മയ്ക്കും തല ചായ്ക്കാൻ ഒരു ഇടമില്ലെന്ന് അവൻ അറിയുന്നുണ്ടാവുമോ? തിരിച്ചറിവു വന്നു തുടങ്ങുമ്പോൾ മുതൽ അവൻ കേട്ടു തുടങ്ങാൻ പോവുന്ന ആ പേര് എന്തായിരിക്കുമെന്ന് അവൻ അറിയുന്നുണ്ടാവുമോ? ഒന്നുമറിയാതെ ഉള്ള ഈ സുഖകരമായ ഉറക്കത്തിൽ നിന്ന് നിന്നെ ഉണർത്താതിരിക്കുന്നതല്ലേ മകനേ, ഈ അമ്മയ്ക്ക് നിനക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം...! അവളുടെ മനസ്സ് മന്ത്രിച്ചു.ട്രെയിനിന്റെ വേഗത ഒന്നു കൂടി കൂടിയതു പോലെ. ആ മഞ്ഞിന്റെ തണുപ്പിലും അവൾ വിയർത്തു...! പെട്ടെന്ന് ഉണ്ടായ ആ ഭ്രാന്തൻ ചിന്ത ഒരു തീരുമാനം ആയി മനസ്സിൽ ഉറക്കുകയായിരുന്നു. ഏതാനും നിമിഷങ്ങൾക്കകം ചിതറി തെറിക്കാൻ പോവുന്ന രണ്ടു ശരീരങ്ങൾ .... അവൾ കണ്ണടച്ചു.
" ചേച്ചീ..."
പെട്ടെന്ന് പുറകിൽ നിന്ന് ഒരു വിളി. സൂസൻ ഞെട്ടി തിരിഞ്ഞു നോക്കി. കുറച്ചു നേരം മുൻപ് മാത്രം കണ്ട ആ പെൺകുട്ടി.
" ലോവർ ബർത്തിൽ വന്നു കിടന്നോളു ചേച്ചീ " അവളുടെ ശബ്ദം.
തൊട്ടു മുമ്പത്തെ നിമിഷം മരണം വഴിമാറിപ്പോയ ഞെട്ടലിൽ നിന്നു സൂസൻ മോചിതയായിരുന്നില്ല. അവളുടെ പകച്ച നോട്ടം കണ്ട ആ പെൺകുട്ടി പറഞ്ഞു.
"പേടിക്കേണ്ട ചേച്ചീ... അമ്മ പറഞ്ഞിട്ടാ.... "
സൂസൻ മറുപടി ഒന്നും പറയാതെ നിന്നപ്പോൾ അവൾക്ക് ഒരു വല്ലായ്മ തോന്നി. ഒരു ക്ഷമാപണ സ്വരത്തോടെ അവൾ പറഞ്ഞു.
" ഒന്നും വിചാരിക്കരുത് ചേച്ചീ.. എന്റെ അമ്മ ഒരു പാവമാ... പക്ഷേ അമ്മയുടെ അവസ്ഥ അത് ആയതു കൊണ്ടാണ് അങ്ങനെയൊക്കെ സംസാരിച്ചത്." ആ പെൺകുട്ടി സംസാരിക്കാനുള്ള മൂഡിലായിരുന്നു. സൂസൻ പക്ഷേ അത് കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. എങ്കിലും ആ കുട്ടിയുടെ മുഖത്ത് നോക്കി മറുത്ത് പറയാൻ തോന്നിയില്ല.
" അമ്മയ്ക്ക് ബ്രസ്റ്റ് കാൻസറാ ചേച്ചീ... ഉള്ള മുതൽ എല്ലാം വിറ്റു ചികിത്സിച്ചു.പക്ഷേ രക്ഷപെടില്ല എന്നാ പറയുന്നെ " അവൾ പറഞ്ഞു കൊണ്ടിരുന്നു. സൂസൻ പതിയെ ശ്രദ്ധിക്കാൻ തുടങ്ങി.
" അച്ഛൻ ആണെങ്കിൽ മുഴുക്കുടിയനാണ്. കുറച്ചു നാളുകളായി എന്റെ അടുത്തുള്ള അച്ഛന്റെ പെരുമാറ്റം.... " അവൾ ഒന്നു നിർത്തി. കണ്ണിൽ വെള്ളം നിറഞ്ഞു.
" സ്വന്തം മകളോട് ഏതെങ്കിലും ഒരു അച്ഛൻ ഇങ്ങനെ ചെയ്യുമോ.അമ്മ മരിച്ചാൽ എനിക്കും എന്റെ അനിയനും ആരും ഇല്ലെന്നുള്ള ആധി മാത്രമാ അമ്മയുടെ മനസ്സ് നിറയെ.. ഇപ്പൊ അമ്മയുടെ ആങ്ങളമാരുടെ അടുത്ത് ഞങ്ങളെ കൊണ്ടു ചെന്നു വിടാൻ പോയതാ അമ്മ.. പക്ഷേ അവർ ആരും ഞങ്ങളെ ഏറ്റെടുക്കാൻ തയ്യാറല്ല "
തന്റെ മനസ്സിലെ വിഷമം ആരോടെങ്കിലും ഒന്നു പറഞ്ഞു തീർക്കാനുള്ള വ്യഗ്രതയിൽ അവൾ പറഞ്ഞു കൊണ്ടിരുന്നു.
" ചേച്ചിക്ക് അറിയാമോ , ഈ ട്രെയിനിൽ വച്ച് അമ്മ പറഞ്ഞു ഒന്നിച്ചു മരിക്കാമെന്ന്. പിന്നെ ആരെയും പേടിക്കേണ്ടല്ലോ.പക്ഷേ ഞാൻ സമ്മതിച്ചില്ല. ദൈവം തന്ന ജീവൻ എടുക്കാൻ മനുഷ്യന് അവകാശമില്ല. എങ്ങനെയെങ്കിലും പഠിക്കണം. അനിയനെ നല്ല രീതിയിൽ ആക്കണം. അതു മാത്രമാണ് ഇനി എന്റെ ആഗ്രഹം "
ആ പതിനഞ്ചു വയസ്സുകാരിയുടെ വാക്കുകൾ സൂസന്റെ കാതുകളെ പൊള്ളിച്ചു. കടുത്ത വേദനയിലും അവളുടെ കണ്ണുകളിൽ ധൈര്യത്തിന്റെ നേർത്ത സ്ഫുരണങ്ങൾ ഉണ്ടായിരുന്നു. ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും തളരാതെ മുന്നേറുമെന്ന് അവളുടെ മുഖത്തെ ആത്മവിശ്വാസം വിളിച്ചു പറയുന്നുണ്ടായിരുന്നു. അൽപ്പം മുമ്പ് എല്ലാം അവസാനിപ്പിക്കാൻ വേണ്ടി താൻ എടുത്ത തീരുമാനത്തിൽ സൂസന് സ്വയം ലജ്ജ തോന്നി.
ട്രെയിൻ തന്റെ സ്റ്റേഷനിൽ എത്തിയതായി സൂസൻ തിരിച്ചറിഞ്ഞു. ലഗേജുമായി ഇറങ്ങുമ്പോൾ അവൾ ഒരിക്കൽ കൂടി പിന്തിരിഞ്ഞു നോക്കി. വാതിൽക്കൽ ഒരു വിളക്കു കത്തിച്ചു വച്ചതു പോലെ ആ പെൺകുട്ടി നിൽക്കുന്നു.
സൂസൻ കുഞ്ഞിനേയും എടുത്ത് പതിയെ നടക്കാൻ തുടങ്ങി. ഉള്ളിൽ അതു വരെ ഇല്ലാത്ത ഒരു പ്രകാശം നിറയുന്നു.ആ വഴിയുടെ അവസാനം എവിടെയോ പ്രതീക്ഷയുടെ തീരങ്ങൾ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് അവൾ അറിയാൻ തുടങ്ങുകയായിരുന്നു.......!!!


നഖം വെട്ടി

Image may contain: 1 person

കല്യാണി ഉറക്കത്തിനിടയിൽ തിരിഞ്ഞ് കൈ എടുത്ത് അമ്മയുടെ ദേഹത്തേയ്ക്ക് വയ്ക്കാൻ ശ്രമിച്ചു.അപ്പോഴാണ് മനസ്സിലാവുന്നത് അടുത്ത് അമ്മ ഇല്ലെന്ന് . അവൾ പതിയെ കണ്ണു തുറന്നു. അവളുടെ അമ്മ മീനാക്ഷി കണ്ണാടിയുടെ മുന്നിൽ നിന്ന് ചുരിദാറിന്റെ ഷാൾ പിൻ ചെയ്യുന്നു. ജോലിക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്. അവൾക്ക് സങ്കടം വന്നൂ. ഒച്ച വച്ച് ചിണുങ്ങി കരഞ്ഞു.
"അമ്മേ ട പൊന്ന് എഴുന്നേറ്റോ " മീനാക്ഷി ധൃതിയിൽ ഷാൾ കുത്തി വന്ന് അവളെ എടുത്തു.
അഞ്ചു മിനിട്ട് കല്യാണിയെ തോളത്തിട്ടു നടന്നു.
" അമ്മേ കൊച്ചു ടി വി വച്ചു തന്നിട്ട് അമ്മ ജോലിക്കു പോയ്ക്കോ " ഉറക്കത്തിന്റെ ആലസ്യം മാറിയപ്പോൾ കല്യാണി പെട്ടെന്ന് തന്റെ പക്വത വീണ്ടെടുത്തു. എത്ര വയസ്സായി എന്നു ഓർമ്മയില്ലെങ്കിലും താൻ ഇപ്പോൾ വലിയ കുട്ടിയാണെന്ന് അമ്മ പറയാറുള്ളത് അവൾ ഓർത്തു. വലിയ കുട്ടികൾ കരയാറില്ല!
ഒരു കട്ടൻ ചായയും കുടിച്ച് ടി.വി കണ്ടു കൊണ്ടിരിക്കുമ്പോൾ അമ്മ ജോലിക്കു പോവാനായി ഇറങ്ങുന്നു. വിഷമം പുറത്തു കാണിക്കാതെ കല്യാണി പറഞ്ഞു.
"അമ്മേ വരുമ്പോ കിൻഡർ ജോയ് വാങ്ങിക്കൊണ്ടു വരണേ"
തലയാട്ടി അമ്മ ധൃതിയിൽ ഓടി.
മൂന്നു വയസ്സു കാരി കല്യാണിയുടെ ഒരു ദിവസം തുടങ്ങുന്നത് അങ്ങനെയാണ്.ഇനി അങ്ങോട്ടുള്ള സമയം കുറേ കളിപ്പാട്ടങ്ങളും കൊച്ചു ടി.വി യുമായി ചിലവഴിച്ചു തീർക്കണം.എങ്ങനെയെങ്കിലും ഒന്നു വലുതായിരുന്നെങ്കിൽ സ്കൂളിൽ പോവാമായിരുന്നു. ബാഗും പേനയും ബുക്കും ഒക്കെയായി പത്രാസിൽ ദേവൂട്ടി സ്കൂളിൽ പോവുന്നത് അവൾ കൊതിയോടെ എന്നും നോക്കി നിൽക്കാറുണ്ട്. പക്ഷേ സ്കൂളിൽ പോവണമെങ്കിൽ ഒരു പാട് വലുതാവണം. അതിനും അവൾ ഒരു വഴി കണ്ടു വച്ചിട്ടുണ്ട്. അവൾക്കും അമ്മയ്ക്കും മാത്രം അറിയാവുന്ന പരമ രഹസ്യമാണത്. ഒരു പാട് ചോറ് ഉണ്ടു കഴിഞ്ഞാൽ എളുപ്പം വലുതാവാമത്രേ. എന്തായാലും ദേവൂട്ടിക്ക് ഈ രഹസ്യം പറഞ്ഞു കൊടുക്കുന്നില്ല.
അന്നും കുളി കഴിഞ്ഞ് അമ്മൂമ്മ അവളുടെ നഖം വെട്ടാൻ നോക്കിയിട്ട് അവൾ സമ്മതിച്ചില്ല.
" ഞാൻ തോറ്റു കൃഷ്ണാ..... കട്ടപ്പാര പോലെയാ ഇരിക്കുന്നെ നഖം... അതെങ്ങനാ അമ്മയ്ക്ക് ഉദ്യോഗം ഭരിക്കാൻ പോയിട്ടു വന്നാൽ ഇതിനു വല്ലതും സമയം തികയുമോ " മരുമോളെ കുറ്റം പറഞ്ഞു കൊണ്ട് അവർ പോയി.
കല്യാണി അമർത്തിച്ചിരിച്ചു. തനിക്ക് ഈ നഖങ്ങൾ എന്തിനാണെന്ന് അമ്മമ്മയ്ക്ക് അറിയില്ലല്ലോ. ഇന്നലെ തന്റെ നഖം കൊണ്ട് കണ്ണൻ ചേട്ടൻ കരഞ്ഞത് ഓർത്തപ്പോൾ അവൾക്ക് സ്വന്തം കഴിവിൽ അഭിമാനം തോന്നി.
ഒരു പാട് ഇഷ്ടമായിരുന്നു അടുത്ത വീട്ടിലെ കണ്ണൻ ചേട്ടനെ. പക്ഷേ കുറച്ചു നാളായി കണ്ണൻചേട്ടൻ അടുത്തു വന്നിരിക്കുമ്പോഴും കളിക്കുമ്പോഴും എല്ലാം ദേഹത്ത് എവിടെയൊക്കെയോ പിടിച്ച് വേദനിപ്പിക്കുന്നു. അമ്മ കഴിഞ്ഞ ദിവസം ദേഹത്ത് രണ്ടു മൂന്നിടത്ത് തൊട്ട് കാണിച്ചിട്ട് പറഞ്ഞിരുന്നു അവിടെയൊക്കെ ആരെങ്കിലും നുള്ളുകയോ മാന്തുകയോ ചെയ്താൽ അമ്മയോട് പറയണമെന്ന്. ചീത്ത ആളുകൾ ആണത്രേ അങ്ങനെ ചെയ്യുക. അപ്പോ കണ്ണൻ ചേട്ടൻ ചീത്തയാണോ... അമ്മ പറഞ്ഞത് എന്തായാലും തെറ്റാൻ വഴിയില്ല.ഇന്നലെ അതുകൊണ്ട് തന്നെയാണ് കണ്ണൻ ചേട്ടൻ അവിടെ നുള്ളി വേദനിപ്പിച്ചപ്പോൾ ഒറ്റ മാന്തു കൊടുത്തത്. ദേഷ്യത്തോടെ തിരിച്ചു തല്ലാൻ വന്നപ്പോൾ അമ്മയോട് പറയുമെന്ന് പറഞ്ഞു.ചേട്ടൻ പേടിച്ച് ഓടിപ്പോയി.അങ്ങനെയുള്ള തന്റെ നഖങ്ങൾ വെട്ടിക്കളയാനാണ് അമ്മൂമ്മ പറയുന്നത്. ഈ അമ്മൂമ്മയ്ക്ക് എന്തറിയാം?
അന്നും മീനാക്ഷി ജോലി കഴിഞ്ഞ് വന്നപ്പോൾ പതിവു പോലെ കല്യാണി കാത്തു നിൽക്കുന്നുണ്ടായിരുന്നു. കിൻഡർ ജോയ് വേണമെന്നു പറഞ്ഞേൽപ്പിച്ചാലും അമ്മ വേറെ എന്തെങ്കിലുമേ കൊണ്ടു വരുള്ളു എന്ന് അവൾക്ക് നന്നായറിയാം. ഇന്നാള് ഒരു കൊച്ച് കിൻഡർ ജോയ് തിന്നപ്പോ അതിനകത്ത് കുറേ പുഴു ഉണ്ടായിരുന്നത്രേ. അമ്മ പറഞ്ഞതാ. പാവം അമ്മ... താൻ പുഴുവിനെ തിന്നാൽ ചത്തു പോവുമെന്ന് ഓർത്താ ഒരിക്കലും അത് മേടിച്ച് കൊണ്ടു വരാത്തെ. എന്തൊരു സ്നേഹമാ അമ്മയ്ക്ക് തന്നോട്. അതു കൊണ്ട് തന്നെ അന്നു രാത്രി അമ്മ നഖം വെട്ടണം എന്നു പറഞ്ഞപ്പോ സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല. പിന്നെ നഖം വളർന്നാൽ അതിൽ കോക്കാച്ചി വന്നിരുന്ന് ഒത്തിരി അസുഖം വരുമത്രേ. അമ്മ പറഞ്ഞതാ. എന്തൊരു അറിവാ ഈ അമ്മയ്ക്ക്. പക്ഷേ അമ്മുമ്മ ദേഷ്യപ്പെട്ട് വഴക്കു പറയുമ്പോഴൊക്കെ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ടിരിക്കും. നഖം വെട്ടിയില്ലെങ്കിൽ അമ്മുമ്മ അമ്മയെ ഇനിയും ഒരുപാട് കരയിക്കും....പക്ഷേ നഖമില്ലെങ്കിൽ ഇനി കണ്ണൻ ചേട്ടനെ എങ്ങനെ നേരിടും......!
" നഖം വെട്ടാൻ സമ്മതിക്കാം. പക്ഷേ എനിക്ക് ഒരു സൂത്രം വേണം'' അവൾ അവസാനം ഒരു അനുരഞ്ജനത്തിന് തയ്യാറായി.
"എന്താ എന്റെ പൊന്നിന് വേണ്ടേ.. " അമ്മ സ്നേഹത്തോടെ ചോദിച്ചു.
അമ്മയുടെ കയ്യിൽ ഇരിക്കുന്ന നഖം വെട്ടിയുടെ കൂർത്ത മുനയിലേക്ക് നോക്കി അവൾ പറഞ്ഞു "ഇത്......"
" അയ്യോ ഇത് ചെറിയ കുട്ടികൾക്ക് കളിക്കാനുള്ളതല്ല " അമ്മ ചിരിച്ചു
"അതിന്...... ഞാനിപ്പം ചെറ്യ കുട്ടിയല്ലല്ലോ... ഒത്തിരി ചോറ് തിന്നപ്പം ഞാൻ ബല്യ കുട്ടി ആയില്ലേ അമ്മേ... " കല്യാണിയുടെ ചോദ്യത്തിൽ നിഷ്കളങ്കതയായിരുന്നു.
..............
ടി.വി യിൽ ന്യൂസ് ചാനലിൽ അടുത്ത് നടന്ന ഒരു പീഡനത്തിന്റെ ഫ്ലാഷ് ന്യൂസ് പോയിക്കൊണ്ടിരുന്നു. മീനാക്ഷി എഴുന്നേറ്റ് ബെഡ് റൂമിലേക്ക് പോയി. നിഷ്കളങ്കമായി ഉറങ്ങുന്ന തന്റെ കുഞ്ഞിന്റെ മുഖത്തേക്ക് അവൾ നോക്കി. ചെന്നായകളുടേയും നരികളുടേയും ഇടയിലാണ് ഈ പൊന്നു മോൾ വളർന്നു വരേണ്ടത്. ഏത് ഒരു അമ്മയേയും പോലെ തന്റെ ഉള്ളിലും ഒരു നെരിപ്പോട് എരിയുന്നുണ്ടെന്ന് അവൾ ഓർത്തു. ഒരു നെടുവീർപ്പോടെ നിഷ്കളങ്കമായി ഉറങ്ങുന്ന തന്റെ മകളുടെ നെറ്റിയിൽ ചുംബിച്ചു. അപ്പോഴാണ് കണ്ടത് കുഞ്ഞിന്റെ കയ്യിൽ എന്തോ ഉണ്ട്. അവൾ നോക്കി... ഒരു നഖം വെട്ടി... മീനാക്ഷി അവളുടെ കയ്യിൽ നിന്നും അത് വിടുവിക്കാൻ ശ്രമിച്ചു. പക്ഷേ ഉറക്കത്തിനിടയിലും കൂടുതൽ ശക്തമായി അവൾ അത് മുറുകെ പിടിക്കുകയാണ് ചെയ്തത്.
ഒന്നുമറിയാതെ ഒരു നഖം വെട്ടിയുടെ സുരക്ഷിതത്വത്തിൽ കല്യാണി ഉറങ്ങുകയാണ്. തന്റെ അമ്മയുടെ ആകുലതകൾ അറിയില്ല, ലോകത്ത് മറഞ്ഞിരിക്കുന്ന ചതിക്കുഴികളും നരാധമൻമാരെയും അറിയില്ല. കാരണം അവൾ വെറുമൊരു കുട്ടിയാണ്. മൂന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടി. പക്ഷേ അവളുടെ കയ്യിൽ ഒരു നഖം വെട്ടിയുണ്ട്.തന്നെ നോവിക്കാൻ വരുന്നവരെ നേരിടാൻ ഉള്ള ഒരു മനസ്സും........

Resmi

മകൻ, എന്റെ മകൻ

Image may contain: 1 person

ട്രെയിന്റെ അരികിലെ സീറ്റിൽ ഇരുന്ന് പുറത്തെ കാഴ്ചകൾ കാണുകയായിരുന്നു അരുന്ധതി. പിന്നിലാക്കി പോവുന്ന കാഴ്ചകളെ കുറിച്ച് അവൾ ഓർത്തു. പുറകോട്ടു നോക്കാതെ വേഗതയിൽ മുന്നോട്ടു പോവുന്നവർ പലർക്കും ജീവിതത്തിൽ ഏതെങ്കിലും ഒരു വഴിയിൽ വച്ച് ഒരിക്കലെങ്കിലും പിന്തിരിഞ്ഞു നോക്കേണ്ടി വരും. മറന്നു തുടങ്ങിയ പലതിനേയും തിരഞ്ഞു വീണ്ടും പോവേണ്ടി വരും. അങ്ങനെ ഒരു യാത്രയുടെ അവസാനത്തിലെത്താൻ തനിക്ക് ഏതാനും മണിക്കൂറുകൾ മാത്രം മതിയെന്ന അറിവ് തന്നെ സന്തോഷിപ്പിക്കുകയാണോ ദു:ഖിപ്പിക്കുകയാണോ ചെയ്തത് എന്ന് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല.
മനോഹരമായ ആ ഇരുനില വീടിന്റെ ഗേറ്റ് തുറക്കുമ്പോൾ അരുന്ധതി മനപ്പൂർവ്വം ധൈര്യം സംഭരിക്കാൻ ശ്രമിച്ചു. രണ്ടോ മൂന്നോ തവണ കോളിംഗ് ബെൽ അമർത്തിയതിന് ശേഷമാണ് വാതിൽ തുറന്നത്.അടുക്കളയിൽ നിന്നും ധൃതിയിൽ ഓടി വന്ന് വാതിൽ തുറന്ന മെഹറുണ്ണീസയുടെ മുഖത്ത് അന്ധാളിപ്പ്.
''ന്റെ പഹയത്തി... " അവൾ വാ പൊളിച്ചു നിന്നു പോയി. പത്തു വർഷങ്ങൾക്ക് മുമ്പ് രണ്ടു ശരീരവും ഒരു മനസ്സും ആയി നടന്നവൾ. കോളേജ് കഴിഞ്ഞ് പോവുമ്പോഴും ഒരിക്കലും പിരിയില്ലെന്ന് ശപഥം ചെയ്തവർ. എല്ലാ പെൺകുട്ടികളേയും പോലെ ജീവിതത്തിലേക്ക് കടന്നപ്പോൾ പ്രിയപ്പെട്ട പലതിനേയും പോലെ തന്നെ ആ സൗഹൃദത്തേയും മറവിക്ക് വിട്ടു കൊടുക്കുകയായിരുന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു ഫേയ്സ്ബുക്ക് കൂട്ടായ്മയിൽ വച്ച് കാണുമ്പോഴും വിശേഷങ്ങൾ പങ്കു വയ്ക്കുമ്പോഴും മെഹറുണ്ണീസ ഒരിക്കലും കരുതിയിരുന്നില്ല തന്നെ തിരഞ്ഞ് എവിടെ നിന്നോഅവൾ വീണ്ടും വരുമെന്ന്!
ആദ്യത്തെ അന്ധാളിപ്പ് മാറിയപ്പോൾ മെഹറുണ്ണീസ സ്ഥലകാലം ബോധം വീണ്ടെടുത്തു. പ്രിയ കൂട്ടുകാരിയെ ചുറ്റിപ്പിടിച്ച് അകത്തേക്ക് ക്ഷണിച്ചു. വിശേഷം പറച്ചിലിനും സൽക്കാരത്തിനുമിടയിൽ അരുന്ധതി പക്ഷേ മറ്റൊരു മുഖം തിരയുകയായിരുന്നു.
റഫീക്ക് ജോലി കഴിഞ്ഞ് ധൃതിയിൽ വരുകയായിരുന്നു. ഇന്ന് ഏഴാമത്തെ വെഡ്ഡിംഗ് ആനിവേഴ്സറിയാണ്. നേരത്തെ വരാം എന്ന് മെഹറു വിന് ഉറപ്പുകൊടുത്തതാണ്. പക്ഷേ പതിവിലും വൈകി. എങ്ങനെ അവളെ പരിഭവത്തെ നേരിടണമെന്ന് ആലോചിച്ച് വന്ന അയാൾ വാതിൽ തുറന്ന ഭാര്യയുടെ സന്തോഷം നിറഞ്ഞ മുഖം കണ്ട് അത്ഭുതപ്പെട്ടു. അതിനു പിന്നിലെ കാരണം അറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.
പരിഭവങ്ങളും കണ്ണീരും കൊണ്ട് തീരേണ്ട ആ ദിവസം കൂടുതൽ മനോഹരമാക്കി തീർക്കാൻ വന്ന അജ്ഞാത യായ ആ അതിഥിയോട് അയാൾ മനസ്സ് കൊണ്ട് നന്ദി പറഞ്ഞു.
ജനൽ പാളികൾക്കിടയിലൂടെ അരുന്ധതി അയാളെ നോക്കി കാണുകയായിരുന്നു. വർഷങ്ങൾക്കു ശേഷവും കാലം അയാളിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ഒരിക്കൽ തന്നെ ഏറെ കൊതിപ്പിച്ച ഭംഗിയുള്ള ആ ചിരി ഇപ്പോഴും ആ ചുണ്ടുകളിൽ ഉണ്ട്. ഇന്ന് അത് പക്ഷേ മെഹറുണ്ണീസയ്ക്കു വേണ്ടി ഉള്ളതാണെന്ന് മാത്രം.
അവർ തന്റെ മുറിക്ക് നേരെ നടന്നു വരുന്നത് കണ്ട് വേഗം അവൾ കട്ടിലിന് അടുത്തേക്ക് പോയി. ഒരു പുസ്തകം തുറന്ന് വായിക്കുന്ന മട്ടിൽ ഇരുന്നു. വാതിൽ തുറന്ന് അകത്തേയ്ക്ക് വന്ന അയാളുടെ ചിരി മായുന്നതും മുഖത്ത് ഞെട്ടൽ വീഴുന്നതും അവൾ ചെറുചിരിയോടെ കണ്ടു കൊണ്ടിരുന്നു. ലോകം തലകീഴായി മറിയുന്നത് പോലെ തോന്നി അയാൾക്ക്. ഏതാനും വർഷങ്ങൾക്ക് മുമ്പ് അറിഞ്ഞു കൊണ്ട് തന്നെ താൻ ചെയ്ത ഒരു തെറ്റ് ഇന്ന് തന്റെ മുന്നിൽ പല്ലിളിച്ചു കൊണ്ട് വന്ന് നിൽക്കുന്നു. എല്ലാം തകർത്തു തരിപ്പണമാക്കുവാൻ ഒരു നിമിഷം മതി അവൾക്ക്.
അരുന്ധതി പക്ഷേ അയാളെ പരിചയഭാവം പോലും കാണിച്ചില്ല. വളരെ മാന്യമായും സുഹൃത്തിന്റെ ഭർത്താവിനോട് കാണിക്കേണ്ട ബഹുമാനത്തോടും കൂടി ഇടപെട്ടു. അയാളുടെ വിവശത അവൾ ഭംഗിയായി ആസ്വദിക്കുകയായിരുന്നു.
കുറച്ചു നാൾക്കു മുമ്പ് ഫെയ്സ് ബുക്കിൽ പഴയ കൂട്ടുകാരിയെ കണ്ട സന്തോഷത്തിൽ അവളുടെ പ്രൊഫൈൽ തിരയുമ്പോഴാണ് അയാളുടെ ഫോട്ടോ കണ്ണിൽ പെട്ടത്. ശരീരവും മനസ്സും കൊടുത്ത് പ്രണയിച്ചവൻ; അവന് ഒരു കുടുംബമുണ്ടെന്നും തന്നെ മനപൂർവ്വം വഞ്ചിക്കുകയായിരുന്നെന്നും മനസ്സിലാക്കിയപ്പോൾ പ്രതികാരം ചെയ്യാനല്ല തോന്നിയത്. കരഞ്ഞു കൊണ്ട് ഒഴിഞ്ഞു മാറി കൊടുക്കുകയായിരുന്നു. അത്രയധികം സ്നേഹിച്ചിരുന്നു. ഒരു പക്ഷേ ഇന്നും ! വർഷങ്ങൾക്കു ശേഷം വന്നത് പഴയ ഒരു കളിക്കൂട്ടുകാരിക്ക് വേണ്ടി ആയിരുന്നില്ല, ജീവന്റെ പാതിയായി സ്നേഹിച്ചവനെ തേടിയാണ്!!
പിറ്റേന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ മെഹറുണ്ണീസ ഒരു പാട് നിർബന്ധിച്ചു കുറച്ചു നാൾ കൂടി തന്നോടൊപ്പം നിൽക്കുവാൻ. പക്ഷേ അവൾ സ്നേഹത്തോടെ നിരസിച്ചു;ഇനിയും വരാം എന്ന വാഗ്ദാനം നൽകിക്കൊണ്ട് !
ടാക്സിയിൽ കയറി ഇരുന്നപ്പോൾ ഡ്രൈവർ ചോദിച്ചു.
"എങ്ങോട്ടേയ്ക്കാ മാഡം"
"നെഹ്രു പാർക്ക് " അവൾ പറഞ്ഞു.
പാർക്കിൽ ആളൊഴിഞ്ഞ ബഞ്ചിൽ ഒന്നിൽ തന്നെ കാത്തു അക്ഷമനായി ഇരിക്കുന്ന റഫീക്കിനെ അവൾ കണ്ടു. തലേന്ന് മെഹ്റു ഇല്ലാത്ത അവസരം നോക്കി തന്റെ ആവശ്യം അവൾ അയാളെ അറിയിച്ചിരുന്നു. ഒരു കൂടി കാഴ്ച! മറ്റു പോംവഴി ഒന്നുമില്ലാതെ അയാൾക്ക് അത് സമ്മതിക്കേണ്ടി വന്നു.
ടാക്സിയിൽ വന്ന് ഇറങ്ങുന്ന അരുന്ധതിയെ അയാൾ കണ്ടു. ചുറ്റും പരിചയക്കാർ ആരും ഇല്ലെന്ന് ഉറപ്പു വരുത്തി അയാൾ അവളുടെ അടുത്തേക്ക് ചെന്നു.
"എന്താ നിനക്കു വേണ്ടത് " അക്ഷമയോടു കൂടി അയാൾ ചോദിച്ചു.
" വർഷങ്ങൾക്കു ശേഷം കാണുന്ന എന്നോട് ഇതാണോ നിനക്ക് ചോദിക്കാൻ ഉള്ളു. അറ്റ്ലീസ്റ്റ് സുഖമാണോ എന്നെങ്കിലും ചോദിക്കാമായിരുന്നു " അവൾ ചിരിച്ചു.
അയാളുടെ മുഖം വലിഞ്ഞു മുറുകി.
" നീ ആ മര്യാദ കാണിച്ചില്ലെങ്കിലും എനിക്ക് അത് തിരിച്ചു കാണിക്കാതിരിക്കാൻ പറ്റില്ലല്ലോ. വരു ചായ കുടിച്ചു സംസാരിക്കാം" അയാളുടെ മറുപടിക്ക് കാക്കാതെ അവൾ അടുത്ത് കണ്ട കോഫീ ഷോപ്പിലേക്ക് നടന്നു. വേറെ വഴിയില്ലാതെ അയാൾ അനുഗമിച്ചു.
ചായ കുടിച്ചു തീർത്തതിനു ശേഷം അയാൾ അക്ഷമയോടെ സംസാരിക്കാൻ തുടങ്ങി.
"ഇനി പറ.നിനക്ക് എന്താ വേണ്ടത് ? സ്വത്തോ പണമോ എന്തു വേണമെങ്കിലും തരാം. പക്ഷേ മെഹ്റു ഒന്നും അറിയരുത്. എന്റെ കുടുംബം തകർക്കരുത്"
അവൾ ചിരിച്ചു.
"നിനക്ക് ഒരു മാറ്റവും ഇല്ല. ഒരിക്കലും എന്റെ മനസ് അറിയാൻ നിനക്ക് കഴിഞ്ഞിട്ടില്ല. " അവൾ തുടർന്നു. "എനിക്ക് വേണ്ടത് നിന്റെ പണമല്ല; നിന്റെ ഒരു ദിവസം; എനിക്കായി മാത്രം !"
" ഇംപോസിബിൾ " അയാൾ ചാടി എഴുന്നേറ്റു.
അരുന്ധതി ഒരു ഭാവമാറ്റവുമില്ലാതെ ബാഗിൽ നിന്നും ഒരു വിസിറ്റിംഗ് കാർഡ് പുറത്തെടുത്തു.
" കൊച്ചിയിലെ എന്റെ ഫ്ലാറ്റിന്റെ അഡ്രസ്. നാളെ ഞാൻ നിന്നെ പ്രതീക്ഷിക്കുന്നു. " അവൾ എഴുന്നേറ്റു. "അല്ലെങ്കിൽ ഒരിക്കൽ കൂടി എനിക്ക് മെഹ്റുവിനെ തിരഞ്ഞ് വരേണ്ടി വരും "
അവൾ നടന്നു പോവുന്നതും നോക്കി എന്തു ചെയ്യണമെന്നറിയാതെ അയാൾ ഇരുന്നു.
..................
അരുന്ധതിയുടെ ഫ്ലാറ്റിലേക്ക് കാറോടിക്കുമ്പോൾ അവളുടെ ലക്ഷ്യം എന്താണെന്നതിനെ കുറിച്ച് അയാൾക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. തന്നോടുള്ള പ്രതികാരമാണോ അതോ ഒരിക്കൽ അവസാനിപ്പിച്ചതിനെയെല്ലാം വീണ്ടും തുടങ്ങുവാനാണോ..... ഒന്നിച്ചു ചിലവഴിച്ച ദിവസങ്ങൾ അയാളുടെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. ഒരിക്കലും മറക്കാനാവാത്ത അവളുടെ പ്രണയം... വീണ്ടും തന്റെ മനസ്സ് അവളിലേക്ക് ചെന്ന് വീഴുന്നതായി അയാൾക്ക് തോന്നി. സ്വയം നിയന്ത്രിക്കാൻ അയാൾ ശ്രമിച്ചു കൊണ്ടിരുന്നു.
അരുന്ധതി വളരെ ഹാർദ്ദവമായി അവനെ സ്വീകരിച്ചു. ആ ചുവന്ന സാരിയിൽ അവൾ വളരെ സുന്ദരിയായിരുന്നു. അയാളോട് ഹാളിൽ ഇരിക്കാൻ പറഞ്ഞിട്ട് അവൾ അകത്തേയ്ക്ക് പോയി. ടേബിളിൽ മനോഹരമായി അലങ്കരിച്ച ഒരു കേക്ക് ഉണ്ടായിരുന്നു. ഇന്ന് അവളുടെ പിറന്നാൾ ആണോ? അയാൾ അത്ഭുതപ്പെട്ടു.
അകത്തേയ്ക്ക് പോയ അരുന്ധതി തിരിച്ചു വന്നത് നാലോ അഞ്ചോ വയസ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയെ എടുത്തു കൊണ്ടാണ്.
" യഷ്, ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ ഈ പിറന്നാളിന് ഞാൻ നിനക്ക് ഏറ്റവും വലിയ സമ്മാനം തരുമെന്ന്.... ഇതാ .... നിന്റെ അച്ഛൻ ''
റഫീക്ക് ഒരു ചുവട് പുറകിലേക്ക് വച്ച് വേച്ചു വീഴാൻ പോയി. ലോകം മുഴുവൻ കീഴ്മേൽ മറിയുന്നതായി തോന്നി. യഷ് എന്ന ആ കുട്ടി അവന്റെ അമ്മയുടെ കയ്യിൽ ഇരുന്ന് അയാളെ കൗതുകത്തോടെ നോക്കി.
അയാൾ ഒരു തളർച്ചയോടെ സോഫയിൽ ഇരുന്നു. അതു ശ്രദ്ധിക്കാത്തതു പോലെ അവൾ മകനെ കൊണ്ട് കേക്ക് കട്ട് ചെയ്തു. കുട്ടി ഒരു കഷ്ണം കേക്കുമായി അയാളുടെ അടുത്തേക്കു ചെന്നതും യാന്ത്രികമായി അയാൾ വാ തുറന്നു. കേക്കിനൊപ്പം ഒരു ഉമ്മ കൂടി അയാൾക്ക് കൊടുത്തു തെല്ല് ഒരു നാണത്തോടെ അവൻ മാറി നിന്നു.
'' യഷ് അകത്തേയ്ക്ക് പോയ്ക്കോളു" അമ്മയുടെ വാക്കു കേട്ടതും അവൻ അനുസരണയുള്ള ഒരു കുട്ടിയെ പോലെ അവൻ അകത്തേയ്ക്കു പോയി.
" റഫീ... നീ വരില്ല എന്ന് ഞാൻ ഒന്ന് പേടിച്ചു. എങ്കിൽ എന്റെ മകന് അവൻ ഏറെ ആഗ്രഹിച്ച ഈ പിറന്നാൾ സമ്മാനം എനിക്ക് ഒരിക്കലും കൊടുക്കാൻ കഴിയുമായിരുന്നില്ല." ഒന്നു നിർത്തിയിട്ട് അവൾ തുടർന്നു. " അടുത്ത പിറന്നാളിന് സമ്മാനം വാങ്ങാൻ അവൻ ഉണ്ടാവില്ലെന്ന് ഡോക്ടേഴ്സ് പറയുന്നു. അതു കൊണ്ടു മാത്രമാണ് നിങ്ങളെ എനിക്ക് ബുദ്ധിമുട്ടിക്കേണ്ടി വന്നത് " അവളുടെ സ്വരം ഒട്ടും പതറുന്നുണ്ടായിരുന്നില്ല.
റഫീക്ക് ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു. അവളുടെ മുന്നിൽ താൻ ഒരു പാട് ചെറുതാവുന്നതു പോലെ അയാൾക്ക് തോന്നി. അയാൾ എന്തോ പറയാൻ ശ്രമിച്ചു. പക്ഷേ അവൾ അതു പൂർത്തിയാക്കാൻ സമ്മതിച്ചില്ല.
" മെഹറു വിന് ഞാൻ ഒരു വാക്ക് കൊടുത്തിരുന്നു. ഇനിയും ഞാൻ വരുമെന്ന്... പക്ഷേ അത് ഒരിക്കലും ഞാൻ പാലിക്കില്ല...... എനിക്കും എന്റെ മകനും നിങ്ങളിൽ നിന്ന് ഇനി ഒന്നും ആവശ്യമില്ല..... റഫീ....... പോകൂ..... ഞാൻ പുറകെ വരില്ല ''
തന്റെ മകനെ വാരിയെടുത്ത് ചു: ബി ക്കണമെന്ന് അയാൾ ആഗ്രഹിച്ചു. പക്ഷേ ഒരു നിമിഷം കൂടി അവളുടെ മുന്നിൽ നിൽക്കാനുള്ള ധൈര്യം തനിക്കില്ലെന്ന് അയാൾ മനസ്സിലാക്കുകയായിരുന്നു.... നിറകണ്ണുകളോടെ പുറത്തേക്ക് നടക്കുമ്പോൾ അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരുന്നു....... മകൻ.... എന്റെ മകൻ......

Resmi

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo