Slider

ഉത്തരമില്ലാത്ത ചോദ്യങ്ങൾ

0
Image may contain: 2 people

തിരക്കു പിടിച്ച ഹൈവേയിലൂടെ ആ വാഹനം അതിവേഗതയിൽ പാഞ്ഞു. റോഡിലുള്ള മറ്റു വാഹനങ്ങളേയും യാത്രക്കാരേയും അയാൾ കാണുന്നതേ ഇല്ല എന്നു തോന്നി. ഏതാനും നിമിഷങ്ങൾക്ക് മുമ്പ് മാത്രം കേട്ട ആ രണ്ടു വാർത്തകൾ അയാളുടെ മനസ്സിനെ അത്രയധികം ഇളക്കി മറിച്ചിരുന്നു.ആദ്യത്തേത് മീനാക്ഷി ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നു........ ; രണ്ടാമത്തേത് അവൾ ഗർഭിണിയാണ്.........!
ഹോസ്പിറ്റൽ റിസപ്ഷനിൽ നിന്ന് അയാൾ മീനാക്ഷിയുടെ റൂം നമ്പറും മറ്റും തിരക്കുമ്പോൾ അവരിൽ ചിലരുടെ കണ്ണുകൾ അയാളിൽ തന്നെയായിരുന്നു. നാൽപ്പത്തഞ്ചാം വയസ്സിന്റെ അവസാനത്തിലും മുകുന്ദൻ മേനോൻ ഏതു പെണ്ണും ഒന്നു നോക്കിപ്പോവുന്ന കരുത്തുറ്റ ശരീരത്തിന് ഉടമയായിരുന്നു. ആ നോട്ടങ്ങളെ അയാൾ രഹസ്യമായി ആസ്വദിച്ചിരുന്നു എന്നതാണ് സത്യം. പക്ഷേ ഈ നിമിഷം മറ്റൊന്നിനെക്കുറിച്ചും അയാൾക്ക് ചിന്തിക്കാൻ കഴിയുമായിരുന്നില്ല.
മീനാക്ഷിയുടെ മുറിയിൽ കൂട്ടുകാരികൾ എന്ന് തോന്നുന്ന അവളുടെ പ്രായത്തിലുള്ള രണ്ട് പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പേടിച്ചരണ്ടതു പോലെ നിൽക്കുകയായിരുന്ന അവർക്ക് അയാളെ കണ്ടപ്പോൾ പരിഭ്രമം കൂടിയതു പോലെ തോന്നി.
" ഞാൻ മീനാക്ഷിയുടെ ബോസ്സാണ്.. കുറച്ചു മുമ്പാണ് വിവരം അറിഞ്ഞത് " അയാൾ സ്വയം പരിചയപ്പെടുത്തി. അവർക്ക് അൽപ്പം ആശ്വാസമായതു പോലെ തോന്നി.
സെഡേഷന്റെ മയക്കത്തിലാവാം അവൾ ഉറങ്ങുകയാണ്.ഉറക്കത്തിലും അവളുടെ മുഖത്ത് വല്ലാത്ത ഒരു നിഷ്കളങ്കത ഉണ്ടെന്ന് അയാൾക്ക് തോന്നി. ഏതാനും മാസങ്ങൾക്കു മുമ്പ് ആദ്യമായി തന്റെ സ്ഥാപനത്തിലെ ഒരു ഇൻറർവ്യൂനിടയിൽ ആണ് അവളെ ആദ്യമായി കാണുന്നത്. പക്ഷേ അന്ന് നിഷ്കളങ്കതയെക്കാൾ അധികം അവളുടെ സൗന്ദര്യത്തേയും ശരീരവടിവുകളേയുമാണ് ശ്രദ്ധിച്ചതെന്ന് അയാൾ ഓർത്തു. ഒരു പാട്
സി. എ ക്കാർക്ക് കിട്ടാതിരുന്ന ആ ജോലി വെറും ഒരു ബി.കോം കാരിയായ അവൾക്കു കിട്ടിയതിനു പിന്നിലെ രഹസ്യം അവളുടെ വിടർന്ന കണ്ണുകൾക്കും സുന്ദരമായ ചിരിക്കും പിന്നിൽ ഒളിഞ്ഞു കിടന്നു.
പെട്ടെന്ന് ഡോക്ടർ റൗണ്ട്സിന് മുറിയിലേക്കു കടന്നു വന്നപ്പോൾ അയാളുടെ ചിന്തകൾ മുറിഞ്ഞു. അവൾ ഉറക്കമാണെന്നു കണ്ട് ഡോക്ടർ തിരിച്ചു പോവാനൊരുങ്ങി.
" ഡോക്ടർ... മീനാക്ഷിക്ക് ഇപ്പോൾ എങ്ങനെയുണ്ട് " അയാൾ ചോദിച്ചു.
" ഷി ഈസ് ഓൾ റൈറ്റ്. വെയ്ൻ അധികം കട്ട് ആയിട്ടുണ്ടായിരുന്നില്ല. പിന്നെ വല്ലാതെ വയലന്റ് ആയതു കൊണ്ട് സെഡേഷൻ കൊടുത്തു മയക്കി എന്നേ ഉള്ളു. വേണമെങ്കിൽ നാളെ ഡിസ്ചാർജ് ചെയ്യാം " ഡോക്ടർ പുറത്തേക്കിറങ്ങി.
ആ മുറിയിൽ ആ രണ്ടു പെൺകുട്ടികൾ അല്ലാതെ മുതിർന്ന ആരും ഇല്ല എന്നത് മുകുന്ദൻ മേനോൻ ശ്രദ്ധിച്ചു. അയാൾ അവരോട് അവളുടെ വീട്ടുകാരെ കുറിച്ച് തിരക്കി. അവർക്ക് അതേക്കുറിച്ച് അറിവില്ലായിരുന്നു. ആരോ പറഞ്ഞു കേട്ട് അറിഞ്ഞ് അവർ വരുമ്പോഴും ആ മുറിയിൽ മീനാക്ഷി തനിച്ചായിരുന്നു.അവളെ അവിടെ കൊണ്ടു ചെന്ന് ആക്കിയ വീട്ടുകാരെ അപകടനില തരണം ചെയ്തു എന്നറിഞ്ഞ ശേഷം പിന്നെ കണ്ടിട്ടില്ലെന്ന് ആശുപത്രി ജീവനക്കാരിൽ നിന്ന് അറിയാൻ കഴിഞ്ഞു.
മീനാക്ഷിയുടെ സുഹൃത്തുക്കൾ തിരിച്ചു പോവുന്നതിന് മുമ്പ് അവരിൽ നിന്നും അവളുടെ വീടിന്റെ അഡ്രസ്സും ലാൻഡ് ഫോൺ നമ്പറും വാങ്ങാൻ അയാൾ മറന്നില്ല. പക്ഷേ വീട്ടിലേക്കു വിളിച്ചപ്പോഴുള്ള അവരുടെ തണുത്ത പ്രതികരണം അയാളെ നിരാശപ്പെടുത്തി.
ഫോൺ എടുത്തത് ഒരു പുരുഷ ശബ്ദം.
" ഞാൻ അവളുടെ അമ്മയുടെ ആങ്ങളയാ സാറേ, അമ്മാവൻ....സാറിന് അറിയാമോ, അവളുടെ അമ്മയും അച്ഛനും മരിച്ചതിൽ പിന്നെ ഞങ്ങൾ പൊന്നു പോലെയാ അവളെ വളർത്തിയത്. ഞങ്ങളുടെ മകനുമായി അവളുടെ കല്യാണം വരെ ഉറപ്പിച്ചു വച്ചിരിക്കുകയായിരുന്നു. ആ ഞങ്ങളോടാ അവൾ ഈ ചതി ചെയ്തത്. ആ എരണം കെട്ടവളെ ഇനി ഈ പടി കടത്തില്ല." അയാൾ ഫോൺ കട്ട് ചെയ്തു.
അന്ന് രാത്രി അപ്രതീക്ഷിതമായി ജീവിതത്തിൽ തനിച്ചായി പോയ അവൾക്കു വേണ്ടിതന്റെ പ്രധാനപ്പെട്ട ഒരു പാട് കാര്യങ്ങൾ മാറ്റി വച്ച് ആ ആശുപത്രി കിടക്കയ്ക്കിരികിൽ ഇരിക്കുമ്പോൾ അയാൾക്ക് ആദ്യമായി അവൾ തന്റെ വീട്ടിൽ വന്നത് ഓർമ്മ വന്നു.
ജോലി സംബന്ധമായി ചില ഫയലുകൾ എടുക്കാൻ എന്ന രൂപേണ അന്ന് അവളെ അവിടെ എത്തിക്കാൻ അയാൾക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതക്കാരിയായിരുന്നു മീനാക്ഷി. ഒരു പാട് നൻമയും സ്നേഹവുമുള്ള ഒരു പെൺകുട്ടി. അവളുടെ കളങ്കമില്ലാത്ത പെരുമാറ്റം പലപ്പോഴും അയാളെ സന്തോഷിപ്പിച്ചിരുന്നു. പക്ഷേ അതൊന്നും അയാളെ തന്റെ തീരുമാനത്തിൽ നിന്ന് പുറകോട്ടു വലിക്കുന്നതായിരുന്നില്ല. ആഗ്രഹിച്ചത് നേടുക എന്നത് അയാളുടെ സ്വഭാവത്തിന്റെ ഭാഗമായിരുന്നു. അങ്ങനെയാണ് മുൻകൂട്ടി തീരുമാനിക്കപ്പെട്ടതനുസരിച്ച് മീനാക്ഷി അന്ന് ആ വീട്ടിൽ എത്തപ്പെട്ടത്.
ആ വലിയ മുറിയുടെ ജനാലയിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയായിരുന്നു അവൾ അപ്പോൾ. അയാളുടെ കണ്ണുകൾ പുറം തിരിഞ്ഞു നിൽക്കുന്ന അവളുടെ ശരീരവടിവുകളിലൂടെ പരതാൻ തുടങ്ങിയിരുന്നു.
" വീട് ഇഷ്ടമായോ" അയാൾ ഒരു മനം മയക്കുന്ന ചിരിയോടെ ചോദിച്ചു.
"ഇഷ്ടമായി.... വലിയ വീട്... ഭംഗിയുള്ള പൂന്തോട്ടം..... " അവൾ ഒന്നു നിർത്തിയിട്ട് തുടർന്നു. "പക്ഷേ എന്തോ ഒരു കുറവുണ്ട് സാർ ...."
അവളുടെ ചുമലിൽ തൊടാൻ ഒരുങ്ങിയ അയാൾ പെട്ടെന്ന് ഒരു നിമിഷം നിന്നു. പുറമേ നിന്ന് നോക്കുന്ന ആർക്കും സ്വർഗ്ഗമായി തോന്നുന്ന ആ മാളികയിൽ വലിയ ഒരു കുറവുണ്ടായിരുന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരും ഇല്ലാത്ത തന്റെ ജീവിതത്തെക്കുറിച്ച് പെട്ടെന്ന് അയാൾക്ക് ഓർമ്മ വന്നു. മറക്കാൻ ആഗ്രഹിച്ച ഏതൊക്കെയോ ഓർമ്മകൾ തികട്ടി തികട്ടി വരുന്നു.
"ശരിയാണ്..... മീനാക്ഷി പറഞ്ഞത്.......ഇവിടെ ഒരു കുറവുണ്ട് " അയാൾ തുടർന്നു " ഒരു പ്രകാശത്തിന്റെ ......"
"അയ്യോ അല്ല സാർ... ഈ മുറിയിൽ വലിയ ജനലുകൾ ഉള്ളതുകൊണ്ട് പ്രകാശം നന്നായിട്ടുണ്ട് സർ... പക്ഷേ ചൂട് കൂടുതലാ... ഇവിടെ ഒരു ഏ. സി യുടെ കുറവുണ്ടെന്നാ ഞാൻ ഉദ്ദേശിച്ചത് സാർ......... "
അവളുടെ മറുപടി കേട്ട് അയാൾ അറിയാതെ പൊട്ടിച്ചിരിച്ചു പോയി. ജീവിതത്തിൽ ആദ്യമായി ഒരു പെൺകുട്ടിയുടെ സൗന്ദര്യത്തേക്കാളധികം നിഷ്കളങ്കതയോട് അയാൾക്ക് ഇഷ്ടം തോന്നി. അന്ന് അയാളുടെ വീട്ടിലെ ഏറ്റവും മാന്യമായി സ്വീകരിക്കപ്പെട്ട അതിഥി ആയിരുന്നു അവൾ; പിന്നീട് അങ്ങോട്ടുള്ള അയാളുടെ ജീവിതത്തിലും!
...............................................
പിറ്റേന്ന് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി ബില്ലടച്ചു കഴിഞ്ഞ് അവളുടെ അടുത്ത് ചെന്ന് അയാൾ ചോദിച്ചു.
" മീനാക്ഷിയ്ക്ക് എവിടെയാണ് പോവേണ്ടതെന്ന് പറയു.ഞാൻ കൊണ്ടു പോയി ആക്കാം "
അവൾ ഒന്നും മിണ്ടാതെ നിർവ്വികാരയായി ഇരുന്നു.
ഒന്നു സംശയിച്ചിട്ട് അയാൾ തുടർന്നു.
" മീനാക്ഷി.... ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ... ആരാ നിന്നെ.... "
'' വേണ്ട സാർ... ചോദിക്കേണ്ട "... അവൾ അയാളെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല
" ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല സാർ....."
തന്റെ കൂടെ വരാനുള്ള അയാളുടെ അപേക്ഷ അവൾ വിനയത്തോടെ നിരസിച്ചപ്പോൾ അവളെ അവിടെ ഉപേക്ഷിച്ച് അയാൾക്കു പോവേണ്ടി വന്നു.പിന്നീടുള്ള ദിവസങ്ങളിൽ അയാളുടെ മനസ്സിനെ അവളുടെ ഓർമ്മകൾ മഥിച്ചു കൊണ്ടിരുന്നു. എവിടെയാണെങ്കിലും അവളെ തേടി കണ്ടു പിടിക്കണമെന്ന് എന്തു കൊണ്ടോ അയാൾക്ക് തോന്നി. വലിയ ജനലകൾ ഉണ്ടായിട്ടും പ്രകാശം ഇല്ലാത്ത തന്റെ വീട്ടിൽ വീണ്ടും വെളിച്ചം നിറയ്ക്കാൻ അവൾക്കു കഴിയുമെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.
അയാൾ അന്നത്തെ പത്രത്തിൽ ഒന്നു കൂടി കണ്ണോടിച്ചു. കാണ്മാനില്ല.... വലിയ തലക്കെട്ടിൽ അയാൾ അവളുടെ ഫോട്ടോ കൊടുത്തിരുന്നു. അധികം വൈകാതെ അവൾ തന്റെ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് തോന്നി....... എന്തോ ഒരു സമാധാനത്തോടെ അയാൾ പത്രം മടക്കി വച്ചു. അതിന്റെ അടിയിലെ ചെറിയ കോളത്തിൽ അധികം ശ്രദ്ധിക്കപ്പെടാതെ ഒരു വാർത്ത ഉണ്ടായിരുന്നു.പീഡിപ്പിച്ചു ഗർഭിണിയാക്കിയ മാതൃസഹോദരനെ കൊന്ന യുവതി അറസ്റ്റിൽ...... അത് അറിയാതെ അയാളും ആ വീടും കാത്തിരിക്കുകയായിരുന്നു ചോദ്യങ്ങൾക്ക് ഉത്തരവുമായി തങ്ങളെ തേടി വരുന്ന ഒരു വെളിച്ചം വിതറുന്ന പെൺകുട്ടിയെ.......!!!

By: ResmiAnuraj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo