-----------------------
"സ്വപ്നങ്ങൾ തളിരിടുന്ന കാലമാണ് ഹൈസ്കൂൾ ജീവിതം. നിറമുളള സ്വപ്നങ്ങൾ കാണുവാനും അവ അതേപടി പകർത്തുവാനും വെമ്പൽ കൊളളുന്ന പ്രായം.സമപ്രായത്തിലെ ആൺപെൺ വ്യത്യാസമില്ലാതെ ഇഷ്ടം കൂടുന്ന സ്വഭാവം...
എനിക്കുമുണ്ടായിരുന്നു പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഇഷ്ടം കൂടിയ ഒരു പയ്യൻ.നന്നേ വെളുത്ത് മെലിഞ്ഞ പൊടിമീശയുളള ഒരു ചെത്ത് പയ്യൻ എന്റെ കൂടെയും ഇഷ്ടം കൂടി..
കാണുവാൻ അത്ര മോശമല്ലാത്ത ഒരു സൗന്ദര്യത്തിനു ഉടമയായിരുന്നു ഞാനും.കുളിച്ച് അണിഞ്ഞൊരുങ്ങി അമ്പലത്തിലേക്ക് ഞാനും പോകുമായിരുന്നു ദീപാരാധന കണ്ട് തൊഴാനെന്ന വ്യാജേനെ എന്റെ മനസ്സ് കീഴടക്കിയ ആളെ കാണുവാനായി.ദീപപ്രഭയിൽ അവന്റെ മുഖത്ത് വിരിയുന്നൊരു പുഞ്ചിരിക്ക് അമ്പലത്തിലെ ദേവനേക്കാൾ ചൈതന്യമുണ്ടെന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അപ്പോൾ തോന്നിയത്..
സ്കൂളിലേക്കുളള വഴിയിൽ ആൽത്തറയിൽ എന്നെയും പ്രതീക്ഷിച്ചു കൊണ്ടവൻ കാത്ത് നിൽക്കുമായിരുന്നു.അവനെയും കടന്ന് മുമ്പോട്ട് പോകുമ്പോൾ എന്റെയൊരു കടാക്ഷം ലഭിക്കുവാനായി ഒളികണ്ണാൽ അവനെന്നെ നോക്കുമായിരുന്നു.കുറച്ച് ദൂരം മുമ്പോട്ട് നീങ്ങി കൂട്ടുകാരികളുടെ കണ്ണ് വെട്ടിച്ച് പിന്തിരിഞ്ഞു നോക്കുമ്പോൾ പ്രതീക്ഷാ നിർഭരമായി അവനെന്നെ നോക്കി നിൽക്കും.നനുത്ത ഒരു പുഞ്ചിരി കൊണ്ട് ഞാനവന്റെ ഹൃദയത്തിനു സന്തോഷം നൽകുമ്പോൾ എന്റെ മനസ്സിലും ആഹ്ലാദ പൂത്തിരി തെളിയും...
സ്കൂളു വിട്ട് വരുന്ന വഴിയിൽ എനിക്ക് മുന്നിലൂടെ സൈക്കളിൽ അവനൊന്ന് ചീറിപ്പായുമായിരുന്നു.അകലങ്ങളിൽ ചെന്ന് എനിക്കൊരു പുഞ്ചിരിയും സമ്മാനിക്കും.പാടത്തും പറമ്പിലും ഓടുവാനും കളിക്കാനും എന്റെ കൂടെയവൻ കൂടുമായിരുന്നു.എന്നെ വേറെയാരും നോക്കുന്നതും മറ്റുളള ആൺകുട്ടികളോടു സംസാരിക്കാനും അവനെന്നെ സമ്മതിക്കില്ല..എനന്റെ അച്ഛനമ്മമാരെക്കാൾ എന്നിൽ അധികാരം അവനാണെന്നൊരു ഭാവവും പ്രകടിപ്പിക്കും...
ആദ്യമായി കിട്ടിയ പ്രണയലേഖനത്തിൽ മൊത്തം അക്ഷരത്തെറ്റ് ആയിട്ടുകൂടി ഒരു നിധി പോലെ ഞാനത് സൂക്ഷിച്ചു വെച്ചു.എന്റെയും അവന്റെയും സ്നേഹം പാൽ പോലെ പരിശുദ്ധമായി അങ്ങനെ തുടർന്നു പോന്നു.
പാലു പോലെ പരിശുദ്ധമായ പ്രണയത്തിൽ ആരെക്കെയോ വെളളം ചേർത്തു. അത് അച്ഛനുമമ്മയും ഏട്ടനും കൂടിയായിരുന്നെന്ന് അവരുടെ കയ്യിൽ നിന്ന് ചൂരൽ കഷായം ലഭിച്ചപ്പോൾ മനസ്സിലായി.അങ്ങനെ ആദ്യ പ്രേമം ദയനീയമായി പരാജയപ്പെട്ടു.അങ്ങനെ പ്രണിയിക്കണമെന്നുളള എന്റെ പൂതി അതോടെ തീർന്ന് കിട്ടി"
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക