നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആദ്യ പ്രണയം


ആദ്യ പ്രണയം ചീറ്റി പണ്ടാരമടങ്ങിയ നേരത്താണ് ഗൾഫിലേക്കൊരു വിസ നോക്കിയത്....
ഇതിനു മുമ്പ് വന്ന വിസയെല്ലാം അവളുടെ കിസയിൽ മയങ്ങി ഒഴിവാക്കി...
എങ്ങനെയെങ്കിലും നാട്ടിൽ നിന്നൊന്നു രക്ഷപ്പെടണം എന്നാലോചിച്ച് ഇരിക്കുമ്പോളാണ് കൂട്ടുകാരൻ ഖാദറിന്റെ വിസ വന്നത്...
പോയവളെ കുറിച്ചോര്‍ത്ത് ഇരിക്കുന്നതിലും നല്ലതല്ലേ വിസയെന്നു തോന്നി...
ഇല്ലേൽ അവളെ തന്നെ ഓർത്തിരുന്നു വീട്ടുകാരുടെ വായിൽ നിന്ന് ഓരോന്നും കേൾക്കുന്നതിലും നല്ലതല്ലേ ആരും കാണാത്ത ഒരിടത്തേക്ക് പോകുന്നതെന്നും തോന്നി...
മുങ്ങി കളിച്ചാലും കണ്ണുകൾ നിറയുന്നുണ്ട് ഇനിയും ഇവിടെ നിന്നാൽ അവളുടെ ഓർമ്മകൾ എന്നെ ചുറ്റിക്കൂട്ടുമെന്നറിഞ്ഞപ്പോൾ പോകാനുറച്ചു....
വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അതു വരെ എന്നിൽ അനുഭവപ്പെടാത്തൊരു വിങ്ങലെന്റെ ഉള്ളിൽ വന്നിരുന്നു...
പെട്ടെന്ന് പിടികൂടിയ വിങ്ങലുകൊണ്ടാണ് ഞാൻ പിന്നെ തിരിഞ്ഞു നോക്കാതിരുന്നത്...
ഫ്ലൈറ്റിൽ കയറിയത് അവളുടെ ഓർമ്മകളുമായാണ് ഫ്ലൈറ്റ് പൊങ്ങുമ്പോൾ അടി വയറ്റിലൊരു ആന്തൽ ഇതേ പോലെ ഒരാന്തൽ വന്നത് അവളും ഞാനും വഴിപിരിഞ്ഞന്നായിരുന്നു...
ആകാശത്തിനും ഭൂമിക്കുമിടയിൽ ഞാൻ പറന്നത് അവളോടൊപ്പമുള്ള നിമിഷങ്ങളിലായിരുന്നു.....
ഇന്ന് ഭൂമിയെ വിട്ട് പറക്കുന്ന വിമാനവും എന്റെ അവസ്ഥയും തമ്മിൽ നല്ല ചേർച്ച പോലെ തോന്നിയെനിക്ക്...
തെങ്ങോലകളുടെ നാടിനെ പിരിഞ്ഞ് ഞാൻ മരുഭൂയുടെ വിശാലതയിൽ കാലു കുത്തി..
ഞാനിറങ്ങി വരുന്നത് കണ്ട് കൂട്ടുകാരൻ വന്നു കെട്ടിപിടിച്ചു ചോദിച്ചു '' '' സുഖമല്ലേ ടാ..എന്ന് പിന്നെ.. എന്റെ ഭാര്യ കൊടുത്തയച്ച അച്ചാറും അലുവയും ഒക്കെ എടുത്തില്ലെ ടാ നീ... എന്ന്
കാലമാടൻ വന്നു കെട്ടിപ്പിടിച്ചത് ഇതിനായിരുന്നോ..എന്നു ഞാൻ മനസ്സിൽ പറഞ്ഞു..
ഭാര്യ വെക്കുന്ന ഭക്ഷണത്തിന് രുചിയില്ലെന്നും പറഞ്ഞ് എന്നോടൊപ്പം ഹോട്ടലിൽ കയറി തട്ടുന്നവനിന്ന് ഭാര്യ ഉണ്ടാക്കിയ അച്ചാറു വേണം പോലും...
പറയാൻ നാവിൽ കയറി വന്നതാണ് അവന്റെ സന്തോഷം കണ്ടപ്പോൾ ഞാൻ വേണ്ട എന്ന് വെച്ചു...
എന്നെയും കൂട്ടി റൂമിലേക്ക് പോകും നേരമവൻ പറഞ്ഞു.
.....നാടു വിട്ടപ്പോഴാണ് എല്ലാറ്റിന്റെയും വില അറിയുന്നതെന്ന്...
 .....ഭാര്യയെ ഏറെ സ്നേഹിക്കാൻ പഠിച്ചു തുടങ്ങിയതെന്ന് ...
.....അതു വരെ ഒരു വിലയും നൽകാത്ത അവൾക്കിന്നൊരു സ്ഥാനമുണ്ടെന്ന്......
.....ഇന്ന് മനസ്സിലാക്കുന്നു അവളുടേയും വീട്ടുകാരുടെയും സ്നേഹമൊക്കെയെന്ന്... ..
പിന്നെ എന്തൊക്കയോ തട്ടി വിട്ടു കൊണ്ടിരുന്നു അവൻ
ഞാൻ ഇതെല്ലാം കേട്ട് കൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു....
മുൻപിൽ അവളുടെ മുഖം വന്നു നിന്നു ഞാൻ പതിയെ കണ്ണുകളടച്ചു....
ഇടക്കവൻ തട്ടി വിളിച്ചു ചോദിച്ചു '' '' '' അല്ല എന്തായി നിന്റെ മരം ചുറ്റി പ്രേമം എന്ന്....
എന്താവാൻ ഞാൻ കുറേ ചുറ്റി ഇപ്പോ മരം മാത്രം അവിടെയുണ്ട് അവളെന്നെ ചുറ്റിച്ചേച്ചങ്ങ് പോയി
പണവും പത്രാസും ഉള്ള ഒരുത്തനുമായി അടുത്ത മാസം കല്യാണമാണ്....ചെല്ലാൻ പറഞ്ഞിരുന്നു...
അതു കൊണ്ടല്ലേ നീ വിസ അയച്ചപ്പോൾ ഇങ്ങട്ടു പോന്നത്....
അല്ലാതെ നാടു മടുത്തിട്ടൊന്നുമല്ല...
അവൻ എന്നെ തന്നെ ഒന്ന് നോക്കി പിന്നെ റോഡിലെ കാഴ്ചകളിലേക്ക് കണ്ണുകൾ തിരിച്ചു...
അവന്റെ ആ നോട്ടത്തിലൊരു കുത്തലുണ്ടായിരുന്നു.... ഇവനൊക്കെയാണോ പ്രേമിക്കാൻ നടക്കുന്നത് എന്ന ചോദ്യ ശകലമുണ്ടായിരുന്നു എന്നെനിക്കു തോന്നി...
പുതിയ ജോലി പുതിയ കാഴ്ചകൾ പുതിയ കൂട്ടുകൾ എല്ലാം എന്നെ വീണ്ടും പ്രസന്ന വദനനാക്കി.... എന്നാലും വീട്ടിലേക്കും നാട്ടിലേക്കും വലിയ വിളിയൊന്നും ഉണ്ടായിരുന്നില്ല വല്ലപ്പോഴുമൊന്നു വിളിക്കും
വിളിച്ചു തീർന്നാൽ കുറേ നേരം ഓരോന്നും ഓർത്തങ്ങനെ ഇരിക്കും അതൊഴിവാക്കാൻ വല്ലപ്പോഴും ഒരു വിളി മാത്രം
വീട്ടിൽ നിന്ന് ചീത്ത കേട്ട് തുടങ്ങിയപ്പോൾ ഇടക്കൊക്കെ കുത്തി വിളിക്കും..
അപ്പോളാണ് ഞാൻ ശരിക്കുമൊന്നു സന്തോഷിക്കാൻ തുടങ്ങിയതും... അവരെ എല്ലാം മനസ്സിലാക്കാൻ തുടങ്ങിയതും....
അന്നാണ് അച്ഛന്റെ ദേഷ്യങ്ങൾക്ക് വാത്സല്യത്തിന്റെ കരുതലുണ്ടായിരുന്നെന്നറിയാൻ കഴിഞ്ഞത്..!
അമ്മയുടെ വാക്കുകൾക്ക് സ്നേഹത്തിന്റെ തലോടലുണ്ടായിരുന്നു എന്നറിയാൻ കഴിഞ്ഞത്..!
പെങ്ങളുടെ കളിയാക്കലുകൾക്ക് ഹൃദയത്തിന്റെ ഒരു സ്പർശമുണ്ടായിരുന്നു എന്നറിയാൻ കഴിഞ്ഞത്..!
ഇത് വരെ തിരിച്ചറിയാത്ത പലതും എന്നെ പഠിപ്പിച്ചു കൊണ്ട് ദിവസങ്ങൾ കടന്നു പോയി....
ഇന്ന് ഞാൻ നാട്ടിലുള്ള കൂട്ടുകാരനെയൊന്നു വിശേഷമറിയാൻ വിളിച്ചു
അവനോട് '' '' ടാ ഞാനാ എന്ന് പറയുമ്പോഴേക്കും അവൻ പറഞ്ഞു '' '' നീ അറിഞ്ഞില്ലേ നിന്നെ മേഞ്ഞു പോയവളുടെ കല്യാണം മുടങ്ങി... എന്ന്
എങ്ങനെ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു.... അവന് വേറെ ഒരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നത്രേ എന്ന്
ഫോണ്‍ കട്ടു ചെയ്യുമ്പോൾ ഞാൻ അവളെ ഓർത്തു...
ഒന്നു വിളിച്ചു നോക്കിയാലോ എന്ന് തോന്നി... പിന്നെ വേണ്ടെന്നു വെച്ചു...
എന്നാലും ഒന്നു വിളിക്കാം എന്റെ സ്നേഹം ചവിട്ടി തേച്ചു പോയവളെ ഒരു ആശ്വാസ വാക്കു കൊണ്ടെങ്കിലും ഒന്നോർമ്മിപ്പിക്കാം ജീവനായിരുന്നെന്ന്...
എന്നെല്ലാം കരുതിയാണ് ഞാൻ ഫോണെടുത്തു അവൾക്ക് വിളിച്ചത് '' 'ഹലോ എന്ന് ഞാൻ പറയുമ്പോൾ' '' ആരാ എന്ന് തിരിച്ചു ചോദിച്ചവൾ '' അപ്പോൾ മനസ്സിലായി സ്വരം പോലുമവൾ മറന്നെന്നു
ഞാൻ സജിയാണെന്ന് പറയുമ്പോൾ അവൾ പറഞ്ഞു എന്താ ആശ്വാസിപ്പിക്കാൻ വിളിച്ചതാണോ എന്ന് ...
അവളുടെ അഹങ്കാരത്തിന്റെ കൊഴുപ്പ് കണ്ടപ്പോൾ എനിക്ക് ശരിക്കും ദേഷ്യം കയറി...
എന്നാൽ ഒരു കരച്ചിലാണ് പിന്നീട് ഫോണിലൂടെ കേട്ടത് എന്നോട് ക്ഷമിക്കണം എന്നും പറഞ്ഞവൾ ഫോണ് കട്ടാക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നു ഒരു കുറ്റ ബോധം അവളിൽ വന്നെന്നു..
പാതി ജീവിതം അവൾക്കൊപ്പം നടന്നു തീര്‍ത്ത ഞാൻ വീണ്ടും ഫോണെടുത്തു ഓർമ്മകൾ തീ പിടിക്കാൻ തുടങ്ങിയ നേരം അവളുടെ ഫോണ്‍ നമ്പറെടുത്ത് ഡിലീറ്റ് ചെയ്തു... ഡിലീറ്റായി പോകും നേരം എന്റെ മനസ്സ് പറഞ്ഞിരുന്നു എന്നെ സ്നേഹിച്ചവരെ ഞാൻ മറന്നിരുന്നു ഇനിയെങ്കിലും അവർക്കായൊന്നു ജീവിക്കട്ടെ എന്ന്...
പാതിയിലാക്കി പോയവളോട് ഒട്ടും വെറുപ്പിന്നുമില്ല ഏച്ചു കെട്ടിയാൽ മുഴച്ചു നിൽക്കുമെന്നറിഞ്ഞു വഴിമാറി കൊടുത്തവരുടെ ഇടയിലൊരുത്തനായി ഞാനും മാറി നിന്നു.....
സ്റ്റോറി... വഴിയേതെന്നറിയാതെ
എ കെ സി അലി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot