നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തണൽ വിടരുമ്പോൾ.....

തണൽ വിടരുമ്പോൾ.....
**
സ്കൂൾബാഗ് മേശപ്പുറത്തേയ്ക്കിട്ട് കൊണ്ട് രേവതി കിടക്കയിൽ വീണ് പൊട്ടിക്കരയാൻ തുടങി..മകൾ മുറിയിലേയ്ക്ക്‌ കരഞ്ഞു കൊണ്ട് പോകുന്നത് അടുക്കളയിൽ നിന്നും സീത കണ്ടിരുന്നു. 'എന്ത് പറ്റി ഇവൾക്ക്......!?'
തെല്ല് ആന്തലോടെ സീത രേവൂന്റെ മുറിയിലേയ്ക്കോടി..
എന്താ രേവൂ...?
മോളേ..നിനക്കെന്തു പറ്റി...??
എന്തിനാ നീ കരയണേ...!!
'അമ്മേ....'
രേവതി കരഞ്ഞു കൊണ്ട് സീതയെ മടിയിലേയ്ക്ക് മുഖമമർത്തി..!
സീത മകളെ പതിയെ പിടിച്ചുയർത്തി
കണ്ണ് തുടച്ചു.. രേവു ചുവരിലേയ്ക്ക് ചാരിയിരുന്നു. മിഴികൾ അപ്പോഴും തോരാൻ കൂട്ടാക്കിയില്ല..!
'പറ മോളേ...
എന്താ പറ്റീത് മോൾക്ക്..?..
അമ്മയെ തീ തീറ്റിക്കാതെ...'
രേവു കണ്ണ് തുടച്ചു.വിതുമ്പുന്ന ചുണ്ടുകളനക്കി..
'എന്നെ കളിയാക്കിയമ്മേ...എല്ലാരും..'
'എന്തിന്...'
സീത തെല്ല്‌ ആശ്വാസത്തോടെ ചോദിച്ചു. അവളാകെ ഭയന്നു പോയിരുന്നു..
പറ മോളെ...എന്തിനാ മോളെ കളിയാക്കിയത്..?
'ഇന്ന് ലോക വന ദിനമായിരുന്നമ്മേ...
പ്രകൃതിയെ സംരക്ഷിക്കുമെന്നും, മരങൾ വച്ചു പിടിപ്പിക്കുമെന്നൊക്കെ
ഞങൾ പ്രതിഞ്ജ ചെയ്തു..'
സീത രേവുവിനെ ഒരെത്തും പിടിയും കിട്ടാതെ നോക്കി.
"വന ദിനോ...അതെന്ത്.."
സീത മകളെ നോക്കി..
"അങനൊരു ദിനമുണ്ട്...
നമുക്ക് പിറന്നാൾ ദിനമില്ലേ അതു പോലെ...."..
രേവു ചീറ്റിക്കൊണ്ട് പറഞ്ഞു.
സീത ചിരിച്ചു പോയി...
'മ്...അതിനിപ്പോ എന്താാ...
എന്തിനാ നിന്നെ കളിയാക്കിയത്..?'
'എന്റെ അച്ഛനാരാ...!??
'ങേ...!!!!സീത മകളെ നോക്കി..
'എന്റച്ഛൻ മരം വെട്ടുകാരനല്ലേ..!!!
പ്രതിഞ്ജ ചൊല്ലി‌ ക്ലാസ് റൂമിലെത്തിയപ്പോ അതും പറഞ്ഞ് എല്ലാരുമെന്നെ കളിയാക്കിയമ്മേ.....!!'
രേവുവിന്റെ കണ്ണ് നിറഞ്ഞു...
അശ്വിൻ പറയുവാ...
"നീ പ്രതിഞ്ജ ചൊല്ലുന്ന നേരത്ത് നിന്റച്ഛൻ മരം മുറിച്ചു വീഴ്ത്തുവായിരിക്കുമെന്ന്..."
രേവു വീണ്ടും കരയാൻ തുടങി.
സീത വല്ലായ്മയോടെ മകളെ തലോടി.
'അത് അച്ഛന്റെ ജോലിയല്ലേ മോളേ..
മോളുടെ കൂട്ടുകാരുടെ അച്ഛന്മാരും‌ ഒരോ ജോലി ചെയ്യുന്നില്ലേ...
അതു പോലെ മോൾടെ അച്ഛനും അറിയാവുന്ന ഒരു ജോലി ചെയ്യുന്നു..
അതിൽ മോൾ എന്തിനാ നാണിക്കുന്നത്....നീ ചുണക്കുട്ടിയല്ലേ ,
നിനക്ക് നല്ല മറുപടി കൊടുക്കാരുന്നില്ലേ...പൊട്ടിപ്പെണ്ണ്...
മോള് കരയാതെ...'
സീത മകളെ ആശ്വസിപ്പിച്ചു.
'ഇല്ലമ്മേ....എനിക്കും ഇഷ്ട്ടമല്ല അച്ഛൻ മരം മുറിക്കുന്നത്...
അത് പാപാണമ്മേ..,
അച്ഛന് മരത്തിന്റെ ശാപം കിട്ടാതിരിക്കാൻ വേണ്ടിയാ ഞാൻ സ്കൂളിലും വീട്ടിലും നിറയെ തൈകൾ നടുന്നത്...'
സീത മകളുടെ വാക്കുകൾ അതിശയത്തോടെ കേട്ടു..അവൾ ഇതു വരെ അറിയാത്ത ഒരു പാപം, ശാപം..!
'വേണ്ടമ്മേ..., അമ്മ അച്ഛനോട് പറ വേറെ ജോലി ചെയ്യാൻ‌‌..!!'
...ന്തു ജോലിയാ മോളേ...
അച്ഛനിതല്ലേ അറിയൂ.., ...
"...ഒരു നാൾ ഇവിടം മുഴുവൻ മരുഭൂമിയായാൽ മരംവെട്ടുന്നവർ
പട്ടിണി കിടക്കുമോ..? വേറെ ജോലിക്ക് പോകില്ലേ....???!!!!!
രേവു ചോദിച്ചു.
സീത മകളെ നോക്കി...
മകളുടെ ചിന്തയുടെ ആഴത്തിലേയ്ക്ക് അവളുടെ മനസ്സും ചെന്ന് തൊടുന്നുണ്ട്...
സീത നെടുവീർപ്പോടെ എഴുന്നേറ്റു,
'മോള്..വാ വല്ലതും കഴിക്കാം.‌'
"ഇല്ല...എനിക്കൊന്നും വേണ്ട..
അച്ഛൻ വരട്ടെ.., അച്ഛൻ സമ്മതിക്കട്ടെ വേറെ ജോലി ചെയ്യാമെന്ന്...എന്നിട്ടേ രേവു ഇനി ആഹാരം കഴിക്കൂ..."
സീത ഒന്നും മിണ്ടാതെ അടുക്കളയിലേയ്ക്ക് പോയി..!
*
'ഇല്ലമ്മേ....എനിക്കും ഇഷ്ട്ടമല്ല അച്ഛൻ മരം മുറിക്കുന്നത്...
അത് പാപാണമ്മേ..,
അച്ഛന് മരത്തിന്റെ ശാപം കിട്ടാതിരിക്കാൻ വേണ്ടിയാ ഞാൻ സ്കൂളിലും വീട്ടിലും നിറയെ തൈകൾ നടുന്നത്...'
സീതയുടെ മനസ്സിൽ മകളുടെ വാക്കുകൾ കയറിയിറങി പോകുന്നുണ്ട്...തിണ്ണയിലിരുന്ന് സീത മുറ്റത്തേയ്ക്ക് നോക്കി..നിറയെ മകൾ നട്ടു നനയ്ക്കുന്ന തണലുകൾ..!
ഒരുറുമ്പിനെ പോലും അവൾ അറിഞ്ഞു കൊണ്ട് കൊല്ലില്ല,
നാമം ചൊല്ലലിനിടെ വിളക്കിലെ എണ്ണയിൽ വീണ ഈയലുകളെ തീ പെടാതെ രക്ഷിക്കുന്ന രേവുവിനെ സീത സ്നേഹത്തോടെ നോക്കി‌നിന്നിട്ടുണ്ട്.‌
ചെടിയിൽ പൂക്കൾ വിരിയുമ്പോൾ സന്തോഷിച്ചും , കൊഴിയുന്ന പൂക്കളെ ചെടിയുടെ ചുവട്ടിൽ കുഴി കുത്തി അടക്കം ചെയ്ത് വിഷാദിക്കുകയും ചെയ്യുന്ന രേവതി
മറ്റുള്ള കുട്ടികളിൽ നിന്നും
വേറിട്ടു നിന്നു .
ടീച്ചർമാർ രേവതിയെ തെല്ല് വിസ്മയത്തോടെ വീക്ഷിച്ചിരുന്നു..
എട്ടാം ക്ലാസുകാരിയായ അവൾ തന്റെ ക്ലാസ് റൂം ചുവരിൽ ഇങ്ങനെ എഴുതി വച്ചു.
"എത്ര വായിച്ചാലും മടുക്കാത്തതും ആകാംക്ഷയൊടുങാത്തതുമായ ഒരേയൊരു 'കൃതി'യേ ഭൂമിയിലുള്ളൂ...."പ്രകൃതി"!!!
***
'രേവൂ...മോളേ.....
എഴുന്നേക്കെടീ...അച്ഛനാ..'
രേവു എഴുന്നേറ്റ് ഭിത്തിയിൽ ചാരിയിരുന്നു...അവൾ കുളിച്ചില്ല, നാമം ജപിച്ചില്ല..
സേതു മകളെ നോക്കി..
'മോള് പോയി കുളിക്ക്...
ന്നിട്ട് വല്ലതും കഴിക്ക്...അച്ഛനും വിശക്കുന്നു..'
രേവു സീതയെ നോക്കി..
സീത സേതുവിനേയും..
'മോള് അമ്മയെ നോക്കണ്ട, അമ്മ എല്ലാം അച്ഛനോട് പറഞ്ഞു...
മോളേ...മോൾക്ക് പഠിച്ച് നല്ലൊരു ടീച്ചറാകണ്ടേ...അതിന് കാശ് വേണ്ടേ..
അച്ഛനാ കാശൊക്കെയാകുമ്പോ ഈ ജോലിയൊക്കെ കളഞ്ഞ് മോളുടെ ചിലവിൽ കഴിഞ്ഞോളാം...അല്ലാതെ അച്ഛനിപ്പോ വേറെ ഏത് ജോലിക്ക് പോകാനാ....?'
രേവു തല കുമ്പിട്ടു....
"വേണ്ട...അച്ഛനീ ജോലിക്ക് പോകണ്ട..."...
"രേവൂ...."
സീതയ്ക്ക് കലി കയറി..
'പെണ്ണേ, കൂടുതൽ അഹങ്കാരം കാട്ടരുത്..പറഞ്ഞാൽ മനസ്സിലാകത്തില്ലേഡീ നിനക്ക്...
പട്ടിണി കെടന്ന് വയറു കായുമ്പോ നീ പഠിച്ചോളും..നിങൾ വാ മനുഷ്യാ ...കഴിച്ചിട്ട് കിടന്നുറങ്..'..
സേതു സീതയെ രൂക്ഷമായ് നോക്കി..
'നമ്മുടെ മോൾ എന്നെങ്കിലും ഇത്ര വാശി പിടിച്ചു നീ കണ്ടിട്ടുണ്ടോ സീതേ....നീയെന്തിനാ അവളോട് ദേഷ്യപ്പെടുന്നത്..?'
'മോള്...വാ..
അച്ഛനൊന്ന് ആലോചിക്കട്ടെ...
അച്ഛൻ വിശക്കുന്നു...ജോലി കഴിഞ്ഞ് വന്നതല്ലേ‌ അച്ഛൻ...
വാ....എഴുന്നേൽക്ക്..'
രേവു അച്ഛനെ സ്നേഹത്തോടെ നോക്കി...അച്ഛനോട് ചേർന്ന് നടന്ന് പോകുന്ന മകളെ നോക്കി സീത നിന്നു..
***
സേതൂ....സേതൂ....
അടുക്കളപ്പുറത്ത് പല്ല് വിളക്കുന്ന നേരത്താണ് സേതു
മാധവേട്ടന്റെ വിളി കേട്ടത്..
ഇന്ന് മാധവേട്ടന്റെ പറമ്പിലെ കുറെ മരങൾ വെട്ടാനേറ്റിരുന്നതാണ്...സേതു മുഖം കഴുകി മുൻ വശത്തേയ്ക്ക് ചെന്നു.
'നീ നല്ല ആളാ...
രാവിലെ ആറുമണിക്ക് എത്താന്ന് പറഞ്ഞിട്ട്...മണി എട്ടേ കാലായി...'
മാധവേട്ടൻ പറഞ്ഞു കൊണ്ട് തിണ്ണയിലേയ്ക്കിരുന്നു..
'മാധവേട്ടാ..അത്....
ഒന്നും വിചാരിക്കല്ലേ...മാധവേട്ടൻ പണി മറ്റാരെയെങ്കിലും ഏൽപ്പിക്ക്‌...
സേതു മടിച്ചു കൊണ്ട് പറഞ്ഞു.
'ങേ...മറ്റാരെ....
നിനക്കെന്താ പ്രശ്നം..
വേറെ പണി വല്ലതും ഏറ്റാ...എന്നാ നാളെ കഴിഞ്ഞ് മതിയെടാ...'
മാധവേട്ടൻ തോളിലെ തോർത്ത് കൊണ്ട് മുഖത്തെയും കഴുത്തിലെയും വിയർപ്പൊപ്പി തലയെത്തി അടുക്കളയിലേയ്ക്ക് നോക്കി വിളിച്ചു....
"സീതേ...ഒരു മൊന്ത വെള്ളമിങെടുത്തേടീ.."
സേതു എന്തു ചെയ്യുമെന്നറിയാതെ പരുങലിലാണ്‌‌. മാധവേട്ടൻ നല്ലൊരു മനുഷ്യനാ, സഹായിയാ,...
ഇതു വരെ മാധവേട്ടനോട് വാക്ക് മാറ്റി പറയേണ്ടി വന്നിട്ടില്ല..
സീത വെള്ളവുമായ് വന്നു.
വെള്ളം കുടിച്ച് കഴിഞ്ഞ് മാധവേട്ടൻ എഴുന്നേറ്റു...
"ഞാൻ പോട്ടെ സേതൂ....
ന്നാ പിന്നെ നാളെ കഴിഞ്ഞ്...."
സീതയും, സേതുവും പരസ്പരം നോക്കി. മാധവേട്ടൻ അവരെ ശ്രദ്ധിച്ചു...
"സേതേ...എന്തഡീ പ്രശ്നം.."
മാധവേട്ടൻ വീണ്ടും തിണ്ണയിലിരുന്നു.
സീതയും, സേതുവും കാര്യങൾ മാധവേട്ടനോട് പറഞ്ഞു..
ടൈം ടേബിൾ നോക്കി ബുക്ക് ബാഗിലേയ്ക്ക് വയ്ക്കവേ രേവുവും അത് കേൾക്കുന്നുണ്ടായിരുന്നു...
മാധവേട്ടൻ ഒക്കെ കേട്ടു തലയാട്ടിച്ചിരിച്ചു കൊണ്ട് അകത്തേക്ക് നോക്കി വിളിച്ചു...
"രേവൂട്ടിയേ....ഒന്നിങ് ഇറങി വാ മോളെ ......"
രേവു പതിയെ പുറത്തേയ്ക്കിറങി വന്നു....
"മിടുക്കി.....മിടു മിടുക്കി..."
മാധവേട്ടൻ അവളെ ചേർത്തു പിടിച്ചു....!
സേതുവേ‌... നീ രാത്രി പത്ത് പത്തരയാകുമ്പോ വീട്ടിലേയ്ക്കൊന്നു വാ...
'എന്തിനാ മാധവേട്ടാ...'
'വാടാ...ബാക്കി‌ പിന്നല്ലേ...'
***
മാധവേട്ടന്റെ വീട്ടിൽ നിന്നും വീട്ടിലേയ്ക്ക് നടക്കുമ്പോൾ സേതുവിന്റെ മനസ്സും കണ്ണും നിറഞ്ഞിരുന്നു.....നാളെ മുതൽ പുതിയ ജോലി, മാധവേട്ടന്റെ മകളുടെ ഹോസ്പിറ്റലിൽ സെക്യൂരിറ്റിയായിട്ട്...!!!
രേവൂട്ടിക്ക് ഇന്ന് സന്തോഷാകും.. സേതു ടോർച്ച് നീട്ടിയടിച്ചു കൊണ്ട് വേഗം നടന്നു...
ആൾക്കൂട്ടം കണ്ട് സേതു ഭയന്നു പോയി...മുറ്റത്തെ തിണ്ണയിൽ രേവൂട്ടിയും, സീതയുമിരിക്കുന്നു...
അടുക്കളയുടെ ഒരു ഭാഗം തകർന്നു പോയിട്ടുണ്ട്...പല വട്ടം സീത പറഞ്ഞതാ കേടായ തെങ് മുറിച്ച് മാറ്റാൻ.,..ഇപ്പോൾ ആ തെങിന്റെ മണ്ടയിതാ അടുക്കളയും തകർത്ത്...
രേവു ഓടി വന്ന് സേതുവിനെ ചുറ്റിപ്പിടിച്ചു കൊണ്ട് കരഞ്ഞു..
**
തെങ് വീണു തകർന്ന അടുക്കളയൊക്കെ ശരിയാക്കി‌ സേതു വിശ്രമിക്കും നേരത്താണ്
രേവൂട്ടി അടുത്ത് വന്നിരുന്നത്.
അച്ഛാ...
എന്താ മോളേ....
'അച്ഛന് വിഷമമുണ്ടോ,
ജോലിക്ക് പോകാൻ പറ്റാത്തതിൽ...'
സേതു ചിരിയോടെ മോളെ നോക്കി.
ആശുപത്രിയിൽ ജോലി കിട്ടിയ കാര്യം സേതു അവളോട് പറഞ്ഞിരുന്നില്ല.
"അച്ഛൻ ജോലിക്ക് പൊയ്ക്കോ..
പക്ഷേ... മരം മുറിക്കുമ്പോൾ
മനുഷ്യന്റെ സ്വത്തിനും, ജീവനും ദോഷകരമായ് നിൽക്കുന്നത്
 മാത്രമേ മുറിക്കാവൂ..!
അത് തെറ്റല്ല..
മരം ശപിക്കില്ല..."
സേതു പൊട്ടിച്ചിരിച്ചു കൊണ്ട് രേവുവിനെ ചുറ്റിപ്പിടിച്ചു...
'ചെല്ലക്കുട്ടീ.....ഇന്നലെ പേടിച്ചു പോയല്ലേ...'
അവൾ ചിരിച്ചു..
'എന്നാൽ നമുക്ക് ഇന്നലെ വീണ തെങിന്റെ ബാക്കി മുറിച്ചാലോ...
അല്ലേൽ..അത് വീണ്ടും വീഴും..'
ചിരിച്ചു കൊണ്ട് രേവു തലയാട്ടി..
പക്ഷേ, അച്ഛാ "ഒരു മരം മുറിക്കുമ്പോൾ രണ്ട് മരം നടണം.."
രേവു സേതുവിനെ നോക്കി.
"അതിനെന്താ നടാല്ലോ മോളേ...
അച്ഛൻ ഇത്ര കാലം കൊണ്ട് എത്ര മരം വെട്ടിയോ അതിന്റെ ഇരട്ടി മരം നടാാം..ന്തേ....."
സത്യം.....???!!!
സത്യം....മോളേ...!!!....
By
Shyam Varkala

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot