നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സുമംഗലിക്കുരുവി.


"അച്ചെ, അച്ഛക്കൊരു കത്തുണ്ട് "
പ്രഭാതഭക്ഷണം പോലും കഴിയ്ക്കാൻ നിൽക്കാതെ തിരക്കിട്ട് ഓടുന്നതിനിടയിൽ വികാസിനെ പിടിച്ചു നിർത്തിക്കൊണ്ടു പറഞ്ഞു, മകൾ അളക.
" കത്തോ?"
ഈ ഇന്റർനെറ്റ്‌ യുഗത്തിൽ ആരാണ് തനിയ്ക്ക് കത്തയയ്ക്കാൻ ?
"ഇന്നലെ വന്നതാ, അമ്മ എന്നെ ഏല്പ്പിച്ചു പോയതാ, അച്ഛയ്ക്ക് തരാൻ.അച്ഛ ഇന്നലെ എത്തിയപ്പോഴേയ്ക്കും ഞാൻ ഉറങ്ങിയില്ലേ?"
ആ ആറു വയസ്സുകാരിയുടെ കൊഞ്ചൽ പോലും കേൾക്കാൻ നേരമില്ല, വികാസിന്.
യാത്ര, മീറ്റിംഗ്, ബിസ്സിനസ്സ്, തിരക്കോട് തിരക്ക്....
കത്ത് വാങ്ങി അയാൾ പാന്റ്സിന്റെ പോക്കറ്റിൽ തിരുകി.
"തുറന്നു നോക്കൂ അച്ചേ,... "
കുഞ്ഞു നിഷ്കളങ്കമായി ചിരിച്ചു കൊണ്ടു പറഞ്ഞു.
" അച്ഛ പിന്നെ വായിച്ചോളാം, മോള് ബ്രേക്ക്‌ഫാസ്റ്റ് ഒക്കെ കഴിച്ചു മിടുക്കിയായി, സ്കൂളിൽ പോണം ട്ടോ, മുടിയൊക്കെ നല്ല ചന്തത്തിൽ കെട്ടിത്തരാൻ പറയണം ഉഷചേച്ചിയോട്... കേട്ടോ."
അളക പയ്യെ തലയാട്ടി.
"മീറ്റിംഗും സെമിനാറും ഒക്കെ കഴിഞ്ഞു അമ്മയിനി എപ്പഴാ അച്ചെ തിരിച്ചുവരിക"
കുഞ്ഞിന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടില്ലെന്നു നടിച്ചു, വികാസ്.
അവളുടെ കുഞ്ഞിക്കവിളിൽ മുത്തം കൊടുത്തു, തിടുക്കപ്പെട്ടു അയാൾ കാറിലേയ്ക്ക് കയറി.
ഡ്രൈവർ രഘു ശ്രദ്ധയോടെ വണ്ടി തിരിച്ചു.
തിരക്കേറിയ നിരത്തിലൂടെ സാമാന്യം വേഗതയിൽ കാർ പാഞ്ഞു പോകുമ്പോഴും, ലാപ്ടോപ്പിലും മൊബൈലിലും മാറി മാറി സഞ്ചരിയ്ക്കുകയായിരുന്നു, പുറകിലിരുന്ന വികാസിന്റെ മാന്ത്രിക വിരലുകൾ.!
പുറത്തെ കാഴ്ച്ചകളൊന്നും അയാൾ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നില്ല. അല്ലെങ്കിൽ, ശ്രദ്ധിക്കണമെന്ന് അയാൾ ആഗ്രഹിച്ചിട്ടില്ല. അയാളുടെ ലോകം മുഴുവൻ സ്വന്തം മടിത്തട്ടിലും കൈവെള്ളയിലും മാത്രമായി ഒതുങ്ങിപ്പോയിരുന്നു.
ഒരു മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ , ഏതോ ഗതാഗതക്കുരുക്കിൽ പെട്ടു വണ്ടി നിന്നപ്പോഴാണ് വികാസ് കണ്ണുകളുയർത്തി നോക്കിയത്.
"എന്തു പറ്റി രഘു ?"
ഗൗരവത്തിൽ വികാസ് ചോദിച്ചു.
"അറിയില്ല സാർ, നല്ല ബ്ലോക്ക് ഉണ്ട്. കണ്ടില്ലേ വണ്ടികളുടെ നീണ്ട നിര."
പോരാത്തതിന് ആകാശത്ത് കാർമേഘം ഉരുണ്ടു കൂടുന്നു, നല്ല മഴയ്ക്കുള്ള സാധ്യത കാണുന്നുണ്ട്.
വികാസ് ആകെ അസ്വസ്ഥനായി.
തിരക്കുകളുടെ.... തിരക്കുകളുടെ മാത്രം വക്താവാണ് വികാസ്.!!
പാഴായിപ്പോകുന്ന ഓരോ നിമിഷവും അയാളെ സംബന്ധിച്ച് മരണതുല്യമാണ്.
വെട്ടിപ്പിടിയ്ക്കാനുള്ള നെട്ടോട്ടം.
സർവ്വതും കാൽക്കീഴിലൊതുക്കാനുള്ള പരക്കംപാച്ചിൽ.
അതിനിടയിൽ, നഷ്ടങ്ങളുടെ കണക്കു നോക്കാനുള്ള സമയം കിട്ടാറില്ല വികാസിനു .
നഷ്ടങ്ങളുടെ പട്ടികയിലേയ്ക്ക് എപ്പോഴൊക്കെയോ ഒഴുകിപ്പോകുന്ന നന്മ നിമിഷങ്ങൾ ഏറെയാണെന്ന് വികാസ് അറിയാറേയില്ല......
നേട്ടങ്ങൾ മാത്രമാണ് അയാളുടെ മുന്നിൽ.
വണ്ടികൾ അനങ്ങുന്ന ലക്ഷണം കാണുന്നില്ല.
അപ്പോൾ മാത്രമാണ് വികാസിനു പോക്കറ്റിൽ കിടന്ന കത്തിന്റെ കാര്യം ഓർമ്മ വന്നത്.
അയാളുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിടർന്നു.
കത്ത്....
ആരാണിപ്പോൾ ഇങ്ങനെയൊരു കത്ത് തനിക്ക് എഴുതുന്നത് ?
അച്ഛനും അമ്മയും രണ്ടു ദിവസം കൂടുമ്പോൾ ഫോണിൽ വിളിയ്ക്കാറാണ് പതിവ്.
കൂടെപ്പിറപ്പുകൾ ആരും തന്നെയില്ല.
ഒറ്റ മകൻ. !! ഒരുപാട് ബന്ധങ്ങൾ സൂക്ഷിയ്ക്കുന്ന ആളുമല്ല വികാസ്.
പിന്നെ ആര് ?
അയാൾ അൽപ്പം കൗതുകത്തോടെ കത്ത് തുറന്നു.
എന്റെ പ്രിയപ്പെട്ട കണ്ണാ.....
ആ വിളിയിൽ ഒരു താരാട്ടിന്റെ ഈണം ഒഴുകി വന്നു അയാളെ പുണർന്നു.
പ്രിയ മകനെ, ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ന്റെ കുഞ്ഞു മറന്നു കാണുകയില്ലല്ലോ.
അയാൾ, കത്തിലുള്ള തിയ്യതി നോക്കി.
ഈ ദിവസത്തിനെന്തു പ്രത്യേകത?
മലയാളം മാസപ്രകാരം ഇന്നു നിന്റെ ജന്മനാളാണു....
അമ്മ കാലത്തു തന്നെ മേട്രന്റെ അനുവാദം വാങ്ങി അമ്പലത്തിൽ പോയി പുഷ്പാഞ്ജലി കഴിപ്പിച്ചു. പിന്നെ പാൽപ്പായസോം ഒരു തൃക്കൈവെണ്ണയും.
അത്രയുമെത്തിയപ്പോൾ വികാസ് എന്ന കണ്ണൻ ആ കത്തെഴുതിയ ആളിനെ തിരിച്ചറിഞ്ഞു.
ഉണ്ണിയമ്മ.....
അച്ഛന്റെ ചെറിയമ്മ......
ഒരിയ്ക്കലും മറക്കരുതാത്ത, എന്നാൽ എപ്പോഴൊക്കെയോ താൻ മറന്നു, മറന്നു പോയ പ്രിയപ്പെട്ട ഉണ്ണിയമ്മ......
അയാളുടെ ഹൃദയത്തിലൊരു നീറ്റൽ അനുഭവപ്പെട്ടു.....
ശ്ശോ, ഉണ്ണിയമ്മയെ താൻ എന്താണ് ഇത്രയും നാൾ ഓർക്കാതിരുന്നത്..... ??
കഷ്ടം.
ആ കത്ത് നെഞ്ചോടു ചേർത്തു പിടിച്ചു, പിന്നിലേക്ക്‌ ചാരിക്കിടന്നു, വികാസ്.
നെറ്റിയിലും മുടിയിഴകളിലും ഉണ്ണിയമ്മ തലോടുന്നതയാൾ ആ നിമിഷം അറിഞ്ഞു.
ചുറ്റും കളഭസുഗന്ധം പരക്കുന്ന പോലെ...... !
അയാളുടെ മനക്കണ്ണിലപ്പോൾ വീതിയുള്ളോരു നെറ്റിത്തടവും വലിയ കളഭക്കുറിയും മങ്ങിയ കസവു കരയുള്ള മുണ്ടും നേര്യതും കസ്തൂരിയുടെ മണവുമെല്ലാം ഒഴുകിയെത്തി.
ഒരു നിമിഷം.....
ബട്ടൻ പൊട്ടിയ വള്ളിനിക്കറുമിട്ടു പാടവരമ്പിലൂടെ ഓടി വരുന്ന പഴയ അഞ്ചാംക്ലാസ്സുകാരനായി വികാസ്.
പാടത്തിനക്കരെയുള്ള ക്ഷേത്രത്തിനടുത്ത വീട്ടിൽ അന്നും ഉണ്ണിയമ്മ തനിച്ചാണു താമസം. സുമംഗലി എന്നു പേരുണ്ടായിട്ടും എന്തു കൊണ്ടാണ് വിവാഹം കഴിയ്ക്കാതിരുന്നതെന്നു, മുതിർന്നപ്പോൾ പലവട്ടം ചോദിച്ചിട്ടുണ്ട് താൻ.
അതീവ സുന്ദരിയായിരുന്നു അന്നവർ.
കണ്ണൻ എന്നാണു വികാസിനെ അവർ വിളിച്ചിരുന്നത്. ആ പേര് ഇഷ്ടമായിരുന്നില്ലെങ്കിലും ഉണ്ണിയമ്മ വിളിയ്ക്കുമ്പോൾ ആ പേരിന് എന്തെന്നില്ലാത്ത ഒരു ചാരുതയുള്ളതായി തോന്നിയിരുന്നു അന്ന്.
പിന്നെപ്പിന്നെ ആ പേരിനെയവൻ സ്നേഹിച്ചു തുടങ്ങി.
സ്കൂൾ വിട്ടാൽ, മഴവെള്ളം തട്ടിത്തെറിപ്പിച്ചു കൊണ്ട് ഉണ്ണിയമ്മയുടെ വീട്ടിലേയ്ക്ക് ഓടിയണഞ്ഞിരുന്ന മഴക്കാല സന്ധ്യകൾ... ! അവിടെ, തന്നെ കാത്തിരുന്നിരുന്ന ഇലയടയുടെയും നെയ്യപ്പത്തിന്റെയും മാധുര്യം......
ജോലിത്തിരക്കുകൾക്ക് പിന്നാലെ ഓടുന്ന അച്ഛനേക്കാളും കർക്കശക്കാരിയായ അമ്മയേക്കാളും എന്നും കണ്ണനിഷ്ടം ഉണ്ണിയമ്മയേ ആയിരുന്നു
നിറയെ പുസ്തകങ്ങളുള്ള ഒരു വീടായിരുന്നു അത്.
ഉണ്ണിയമ്മ ധാരാളം വായിയ്ക്കുകയും തരക്കേടില്ലാതെ എഴുതുകയും ചെയ്യുമായിരുന്നു.
മുതിർന്നപ്പോൾ ഉണ്ണിയമ്മയുടെ ആ പുസ്തകശേഖരം വ്യത്യസ്തമായ ഒരു ലോകത്തിന്റെ വാതിൽ കണ്ണനു മുന്നിൽ തുറന്നു കൊടുത്തു.
കോളേജിൽ പഠിയ്ക്കുമ്പോൾ പുസ്തകം വായന മാത്രമല്ല 'കവിയരങ്ങ്', രാഷ്ട്രീയ ചർച്ചകൾ, സംവാദം...... എത്ര രസകരമായ കാര്യങ്ങളിലൂടെയാണ് ഉണ്ണിയമ്മ തന്നെ കൈ പിടിച്ചു നടത്തിക്കൊണ്ടു വന്നത്....
പിന്നെ എവിടെ വച്ചാണ് പുസ്തകത്തിന്റെയും വായനയുടെയും ആ ലോകം തനിയ്ക്ക് അന്യമായത്..... ??
അന്നൊക്കെ, ഉണ്ണിയമ്മ കുറിച്ചു വയ്ക്കുന്ന കവിതാ ശകലങ്ങളും ചെറുകഥകളും കട്ടെടുത്തു വായിയ്ക്കുകയും ചിലതെല്ലാം അടിച്ചു മാറ്റി സ്വന്തം പേരിൽ കോളേജ് മാഗസിനിലും ആനുകാലികങ്ങളിലും പ്രസിദ്ധപ്പെടുത്തുകയും ചെയ്യുമായിരുന്നു, ഉണ്ണിയമ്മേടെ ഈ വികൃതിക്കണ്ണൻ....
മാഗസിൻ കാണിച്ചു കൊടുക്കുമ്പോൾ ആത്മനിർവൃതിയോടെ അവർ പറയും,
"ഈശ്വരാ, സ്വന്തം പേരിലല്ലെങ്കിലും ന്റെ കണ്ണനുണ്ണീടെ പേരിലെങ്കിലും ഈ അക്ഷരങ്ങളൊന്നു വെളിച്ചം കണ്ടൂലോ......
തൃപ്തിയായി......
ഉണ്ണിയമ്മയേ വട്ടം കെട്ടിപ്പിടിയ്ക്കും വികാസ് അപ്പോൾ.
" ഉണ്ണിയമ്മേ.... ന്റെ സുമംഗലിക്കുരുവീ....
കുരുവി നോക്കിയ്‌ക്കോ, പഠിത്തം കഴിഞ്ഞു നിക്കൊരു ജോലിയൊക്കെ കിട്ടട്ടെ, കഥാസമാഹാരങ്ങൾ തന്നെ പുറത്തിറക്കും നമ്മൾ, സുമംഗലിക്കഥകൾ എന്ന പേരിൽ....... "
അവരപ്പോൾ ഹൃദയം കൊണ്ടു ചിരിയ്ക്കും. വികാസിന്റെ മുടിയിഴകളിൽ തലോടും.എന്നിട്ടു പറയും
"വേണ്ട കുട്ടാ, ന്റെ കഥകൾ നിന്റെ പേരിൽ തന്നെ പുറത്തിറങ്ങിയാ മതി. അങ്ങനെ കാണുന്നതാണ്‌ ഉണ്ണിയമ്മയ്ക്ക് സന്തോഷം.... "
ഉണ്ണിയമ്മയേ വികാസ് എങ്ങനെ സ്നേഹിയ്ക്കാതിരിയ്ക്കും..... ??
ജീവനായിരുന്നു അവരെ....
അവർക്ക് തിരിച്ചും....
എന്നിട്ടും !
പാതിവഴിയിലെവിടെയോ ഉപേക്ഷിയ്‌ക്കേണ്ടി വന്നു..........
ജോലി, വിവാഹം, അച്ഛനിലേക്കുള്ള പരിവർത്തനം.... മാറുകയായിരുന്നു വികാസ്.
നോക്കി നിൽക്കുന്ന വേഗത്തിൽ.....
ഉണ്ണിയമ്മയ്ക്ക് തീരെ വയ്യാതായെന്നും, നോക്കാൻ ആരുമില്ലാത്തതു കൊണ്ട് ഒരു വൃദ്ധസദനത്തിൽ അവരെ ഏൽപ്പിക്കുകയാണെന്നും കഴിഞ്ഞ വിഷുക്കാലത്താണ് അച്ഛൻ വിളിച്ചു പറഞ്ഞത്.
അമ്മയെ ഭയന്നിട്ടാവണം, അച്ഛൻ അവരെ ഏറ്റെടുക്കാതിരുന്നത്......
അവരെ കൂട്ടിക്കൊണ്ടു വന്നു ശിഷ്ടകാലം കൂടെ താമസിപ്പിയ്ക്കണമെന്ന് അന്നൊക്കെ മനസ്സിൽ ഉറപ്പിച്ചതാണ്‌.
തിരക്ക്.......
ശാപം പിടിച്ച ഈ തിരക്ക്.......
ഒന്നും നടന്നില്ല.....
എത്ര വേദനിച്ചു കാണും പാവം ഉണ്ണിയമ്മ.....
"എനിക്ക് ജീവനുള്ളിടത്തോളം, എന്റെ സുമംഗലിക്കുരുവിയേ ഞാൻ എങ്ങോട്ടും വിടില്ല" എന്നു പറഞ്ഞു അവരെ പറ്റിയ്ക്കുകയായിരുന്നോ ജീവിതകാലമത്രയും താൻ..... ??
വികാസിനു കുറ്റബോധം തോന്നി.
അയാൾ ആ കത്ത് ഒന്നുകൂടി നിവർത്തി...
"നീയിന്നു അമ്പലത്തിൽ പോയോ കുട്ടാ?"
സ്നേഹനിലാവ് വീണ്ടും പൊഴിയുന്നു......
ആ കരുതലിൽ, വികാസിന്റെ നെഞ്ചകം ഒരു മാത്ര, ഹിമകണം പോലെ ആർദ്രമായി.... പിന്നെയത് ഓർമ്മച്ചൂടിൽ വെന്തുരുകി.......
ഓർത്തില്ലല്ലോ ഞാൻ......... ഒന്നും.......
"ഉണ്ണിയമ്മയ്ക്ക് തീരെ വയ്യ കണ്ണാ....... എന്താന്നറിയില്ല കുറേ ദിവസായിട്ട് നിന്നെ തന്നെ സ്വപ്നം കാണാ, ഞാനെന്നും..... നീയെന്റെ അടുത്തേക്ക്‌ വരണതും സുമംഗലിക്കുരുവ്യേ...... ന്ന്‌ വിളിച്ചു കെട്ടിപ്പിടിക്കണതും ന്റെ കഥകൾ വായിച്ച് കളിയാക്കണതും ഇടയ്ക്കു ഞാൻ കാണാണ്ടേ നീ കണ്ണു തുടയ്ക്കണതും ഒക്കെ ഓർമ്മ വരാ നിയ്ക്ക്.........
നീയ് വല്ല്യ തെരക്കിലാ, ലേ ?ന്നാലും ഉണ്ണിയമ്മയ്ക്ക് പണ്ടു തന്ന ഒരു വാക്കോർമ്മേണ്ടോ കുട്ടാ നിനക്ക്.......
ന്റെ കഥകളെല്ലാം ചേർത്തു ഒരു സമാഹാരം.... അതൊരു ആശയായി ഇപ്പഴും മനസ്സിലുണ്ട് കണ്ണാ. അത് സാധിപ്പിച്ചു തരാൻ നെനക്ക് മാത്രല്ലേ പറ്റൂ... പുസ്തകത്തിന്റെ പേര് സുമംഗലിക്കഥകൾ എന്നാണെങ്കിലും രചയിതാവിന്റെ പേര് വികാസ് മേനോൻ എന്നു തന്നെ മതി ട്ടോ. ഉണ്ണിയമ്മയ്ക്കതാ സന്തോഷം. അതിനാ ഒരിമ്പം.... !!
നെനക്ക് സുഖല്ലേ കണ്ണാ.... നിന്നെ കാത്തുകാത്തിരുന്നു ന്റെ കണ്ണിലിപ്പോ ഇരുട്ട് പരക്കാൻ തുടങ്ങി. എന്നും സന്ധ്യ മയങ്ങുന്നിടം വരെ ഞാൻ കാത്തു കാത്തിരിയ്ക്കും. ഇവിടുത്തെ മറ്റു അന്തേവാസികളൊക്കെ ന്നെ കളിയാക്കും, ഒരിക്കലും വരാത്ത മകനെ കാത്തിരിയ്ക്ക്ണൂന്ന് പറഞ്ഞു..... ഞാൻ അവറ്റകളുമായി ശണ്ഠ കൂടി. ന്റെ കണ്ണനു നേരല്ല്യാഞ്ഞിട്ടല്ലെ..... ന്റെ കുട്ടന്റെ സ്നേഹം നിയ്ക്ക് മാത്രല്ലേ അറിയൂ.
ഇന്നു പക്കപ്പിറന്നാളായിട്ട് ഉണ്ണിയമ്മേ ഓർത്തുവോ നീയ്യ്. ഹരിതയേം അളകമോളേം കൂട്ടി അമ്പലത്തിലൊന്നു പുവ്വാർന്നു ന്റെ കുട്ടന്.... ചതയം നാളുകാർ ക്കിപ്പോ നല്ല സമയാത്രെ. ഇവിടുന്നങ്ങോട്ട്‌ ഇനി പിടിച്ചാ കിട്ടില്ല്യാന്നാ പറയണേ. രാജ യോഗല്ലേ..... ന്റെ കണ്ണൻ നന്നാവും. രാജാവാവും...... അത്രയ്ക്ക് നല്ല മനസ്സാ, ന്റെ കുട്ടന്......
ഉണ്ണിയമ്മ ഇനിയെത്ര കാലം ?
ഈ വൃദ്ധസദനത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ ദിനങ്ങളെണ്ണി ജീവിയ്ക്കുമ്പോൾ, പകർന്നു തരാൻ ഒരുപാടുണ്ടായിട്ടും, ഏറ്റുവാങ്ങാനാളില്ലാതെ, നെഞ്ചിൽ തളം കെട്ടിക്കിടക്കുന്ന സ്നേഹം മാത്രേ ഉണ്ണിയമ്മേ വേദനിപ്പിയ്ക്കുന്നുള്ളൂ കണ്ണാ. ന്റെ കണ്ണടയും മുമ്പ് ഒരിയ്ക്കലെങ്കിലും ന്നെ തേടി വരുവോ നീയ്യ്.
കസ്തൂരി മണമുള്ള ന്റെ മുണ്ടും നേര്യതും ഞാനിപ്പോഴും നെനക്ക് വേണ്ടി സൂക്ഷിച്ചു വച്ചിട്ടുണ്ട്. പണ്ട് നീ പറയാറില്ലേ, വല്ല്യ ജോലിയൊക്കെ കിട്ടി, വിദേശത്തൊക്കെ പോകുമ്പോ ഉണ്ണിയമ്മേടെ നേര്യതെനിയ്ക്കു തരണം ന്ന്‌. മൂടിപ്പുതച്ചു ഉറങ്ങാൻ, ഉണ്ണിയമ്മ എപ്പഴും കൂടേണ്ട്ന്ന്‌ സമാധാനിയ്ക്കാൻ.
കത്ത് തുടർന്ന് വായിയ്ക്കാനായില്ല വികാസിന്.
അയാൾ ഡ്രൈവറോടു കല്പിച്ചു.
"രഘൂ, വണ്ടി നേരെ തിരുവില്വാമലയ്ക്കു വിടൂ, അവിടെ ആശ്രയം എന്നൊരു വൃദ്ധസദനം എവിടെയാണെന്നന്വേഷിയ്ക്കൂ, ഇനി അവിടെയേ കാർ നിർത്താവൂ. "
രാജകല്പ്പന !!
,അനുസരിച്ചേ തീരൂ എന്നറിയാവുന്നതു കൊണ്ട്, ഏതാനും മണിക്കൂറുകൾക്കു ശേഷം, കൃത്യം ആശ്രയത്തിന്റെ പടിപ്പുരയിൽ കൊണ്ടു ചെന്നു തന്നെ വണ്ടി ചവിട്ടിനിർത്തി രഘു.
കാറിൽ നിന്നിറങ്ങി മുറ്റത്തെത്തിയപ്പോൾ അവിടെ അങ്ങിങ്ങു ചെറിയ ആൾക്കൂട്ടങ്ങൾ....
കുറച്ചപ്പുറത്തു അച്ഛന്റെ കാർ പാർക്ക്‌ ചെയ്തിരിയ്ക്കുന്നു.
അകത്തേക്ക് കടക്കുമ്പോൾ വികാസിനു കേൾക്കാം,
മന്ത്രോച്ചാരണങ്ങൾ..... അടക്കിപ്പിടിച്ച തേങ്ങലുകൾ, നെടുവീർപ്പുകൾ.........
ചുറ്റിലും ഒന്നു കണ്ണോടിച്ചു, വികാസ്.
കണ്ണീരണിഞ്ഞ ശോഷിച്ച മുഖങ്ങൾ അവനു പലതും മനസ്സിലാക്കിക്കൊടുത്തു.
ഒരു കോണിൽ, വിളർത്ത മുഖവുമായി അമ്മ നിൽപ്പുണ്ട്.
ചന്ദനത്തിരിയുടെയും കുന്തിരിക്കത്തിന്റെയും ഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയപ്പോഴാണ്, എന്നും മുകളിലേയ്ക്ക് മാത്രം നോക്കാനിഷ്ടപ്പെട്ടിരുന്ന വികാസിന്റെ ദൃഷ്ടികൾ താഴേക്കു പതിച്ചത്.
അവിടെ അയാൾ കണ്ടു.
തഴപ്പായയിൽ, കണ്ണുകൾ പാതിയടച്ചു, ചിറകുകൾ മാടിയൊതുക്കി, മയങ്ങിക്കിക്കുന്ന അയാളുടെ സുമംഗലിക്കുരുവിയെ...... പ്രിയപ്പെട്ട ഉണ്ണിയമ്മയെ.....
പറയാൻ ഒരുപാട് കഥകൾ ബാക്കി വച്ചു ഉണ്ണിയമ്മ മടങ്ങുകയാണെന്ന സത്യം ഉൾക്കൊള്ളാനായില്ല വികാസിന്.
ഒരുപാട് നാളുകൾക്കു ശേഷം വികാസ് നെഞ്ചുരുകിക്കരഞ്ഞു....
അമ്മ പറയുന്നതും കേട്ടു കൂട്ടത്തിൽ....
ഉച്ചയൂണു കഴിഞ്ഞപ്പോ ഒരു ശ്വാസംമുട്ടൽ പോലെ ണ്ടായീത്രെ. അതറിയിച്ചപ്പഴാ അച്ഛനും ഞാനും കൂടി വന്നത്. അപ്പഴും വല്ല്യ കൊഴപ്പോന്നും ണ്ടാർന്നില്ല്യ. സംസാരിച്ചേർന്നു. നെന്നെപ്പറ്റി മാത്രാ ചോയ്ച്ചോണ്ടിരുന്നേ....
"ന്റെ കുട്ടീടെ ശബ്ദോന്നു കേട്ടിട്ട് മരിയ്ക്കാമ്പറ്റോ" ന്ന്‌.....
ഞാൻ കുറേ വിളിച്ചു നോക്കി നെന്നെ. കിട്ടീല്ല്യ. ഇതവര് തന്നതാ നെനക്ക് തരാൻ.
ഒരു പൊതി വികാസിനെ ഏല്പിച്ചു അമ്മ.
തുറക്കാതെ തന്നെ അറിയാം. അവരെഴുതിയ കഥകളും കവിതാശകലങ്ങളും പിന്നെ, കസ്തൂരി മണമുള്ള മുണ്ടും നേര്യതും തന്നെയായിരിയ്ക്കും അതിനകത്തെന്ന്.
വേദനയോടെയും അതിലേറെ കുറ്റബോധ ത്തോടെയും തല കുനിച്ചു നിൽക്കുമ്പോൾ, വികാസ് ഓർത്തു നോക്കി.
ജന്മജന്മാന്തരബന്ധങ്ങളുടെ വീട്ടാക്കടങ്ങൾ ഇനിയു മെത്രയുണ്ട് ബാക്കി..... ?

By Sajna Shajahan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot