നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മനസ്സ്‌


പാലക്കാടുള്ള ഒരു കൗൺസിലിംഗ് സെന്ററിൽ ജോലി ചെയ്യുന്ന സമയത്താണ് നാല്പതു നാല്പത്തഞ്ചു വയസോളം പ്രായം വരുന്ന രണ്ടു സ്ത്രീകൾ എന്നെ കാണാൻ വരുന്നത്........
ഇരിക്കൂ...
കൂടെ വന്ന സ്ത്രീ മറ്റേയാളെ മെല്ലെ ചെയറിലേക്കു പിടിച്ചിരുത്തി...
"എന്താ പേര്?"
ഡോക്ടർ എന്റെ പേര് രാജി ഇതു ഉമ.
"പറയൂ രാജി എന്താ പറ്റിയത് ഉമക്കു?"
കുറച്ചു മാസങ്ങളായി ഇവൾ ഇങ്ങനെയാണ് ഡോക്ടർ. ആരോടും ഒന്നും മിണ്ടില്ല , ഒന്നു ചിരിക്കില്ല ,ഒന്നും കഴിക്കില്ല, എപ്പോഴും ഓരോന്നു ചിന്തിച്ചിരിക്കും , ഇടക്ക് കണ്ണു നിറഞ്ഞൊഴുകുന്നത് കാണാം. എന്തേലും ചോദിച്ചാലും കരച്ചില് തന്നെ...
"ഉമയുടെ ഭർത്താവ് എവിടെ?"
ദുബായിൽ ആണ് സർ. അവർ തമ്മിൽ ഇപ്പോൾ അടുപ്പത്തിലല്ല. പക്ഷെ നിയമപരമായി ഇതുവരെ ബന്ധം ഒഴിഞ്ഞിട്ടില്ല.
ഞാൻ അല്പനേരം അവരുടെ മുഖത്തേക്കു നോക്കി. ഒരു ഭാവമാറ്റവുമില്ലാതെ തികച്ചും നിർവികാരമായ മുഖം. അവരോടു സംസാരിച്ചിട്ടും വലിയ കാര്യമുള്ളതായി എനിക്ക് തോന്നിയില്ല....
ഞാൻ സിസ്റ്ററെ വിളിച്ചു ഉമയെ അകത്തുള്ള മുറിയിലേക്ക് കിടത്താൻ നിർദേശിച്ചു....
എന്നു മുതലാണ് ഉമ ഇങ്ങനെ ആയത്?
ഉമയുടെ ജീവിതത്തിൽ പ്രത്യേകിച്ചു എന്തെങ്കിലും സംഭവിച്ചതായി രാജിക്ക് അറിയാമോ? ഭർത്താവുമായി പിരിയാനുള്ള കാരണമോ അങ്ങനെ എന്തെങ്കിലും ?
"ഭർത്താവുമായി പിരിഞ്ഞതല്ല ഡോക്ടർ അവളുടെ പ്രശനം."
പിന്നെ? എന്താണെങ്കിലും രാജി തുറന്നു പറയൂ , കൃത്യമായ കാരണം അറിഞ്ഞാലേ എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയൂ...
"ഇരുപതു വർഷം മുൻപുള്ള ഒരു സ്നേഹബന്ധം ആണ് സർ ഇന്നത്തെ അവളുടെ ഈ അവസ്ഥക്ക് കാരണം."
എന്ത് ? രാജി എന്താണ് പറയുന്നത് ഇരുപതു വർഷം മുൻപുള്ള ഒരു സ്നേഹബന്ധത്തിന്റെ പേരിലോ ?
ഒരിക്കലമില്ല......
അതേ ഡോക്ടർ , നാട്ടിൽ അറിയപ്പെടുന്ന ഒരു വലിയ നായർ കുടുംബമായിരുന്നു ഉമയുടേത്. ഞാനും ഉമയും പഠിച്ചതും വളർന്നതും എല്ലാം ഒരുമിച്ചാണ്. ഞങ്ങൾ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഞങ്ങളുടെ സീനിയറായി പഠിച്ചിരുന്ന അനിലിനെ ആദ്യമായി പരിചയപ്പെടുന്നത്. ഒരിടത്തരം കുടുംബമായിരുന്നു അനിലിന്റേത്. എല്ലാവരോടുംവളരെ നല്ല രീതിയിൽ പെരുമാറിയിരുന്ന അനിലിനെ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു.
ഉമയോടായിരുന്നു അനിലിന് കൂടുതൽ അടുപ്പം ഉണ്ടായിരുന്നത്. ആ അടുപ്പം വളർന്നു പിന്നീടെപ്പോഴോ അതൊരു സ്നേഹബന്ധത്തിലേക്കു വഴി മാറുകയായിരുന്നു. വളരെ ആത്മാർഥമായിരുന്നു അവരുടെ സ്നേഹം. മനസ്സു കൊണ്ട് ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റാത്ത വിധം അവർ അടുത്തു. മൂന്നു നാലു വർഷം ആരുമറിയാതെ വളരെ ആത്മാർഥമായി തന്നെ അവരുടെ സ്നേഹം മുന്നോട്ട് പോയി....
ആയിടക്കാണ് ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിന് വേണ്ടി അനിലിനു ചെന്നൈയിലേക്ക് പോകേണ്ട ഒരു സാഹചര്യം വന്നത്. ആദ്യമൊക്കെ ഉമ ഒരുപാട് എതിർത്തെങ്കിലും ഒരുമിച്ച് ജീവിക്കണമെങ്കിൽ അനിലിന് ഒരു ജോലി ആവശ്യമാണെന്ന് ഓർത്ത് ഉമ മനസ്സില്ലാ മനസ്സോടെ അതിന് സമ്മതം പറയുകയായിരുന്നു...
ഭാഗ്യം പോലെ അനിലിന് അവിടെ തന്നെ ജോലി ശരിയായി. അനിലിന് സ്ഥിരമായി ചെന്നൈയിൽ തന്നെ താമസിക്കേണ്ടിയും വന്നു. ഇന്നത്തെപ്പോലെ മൊബൈലും വാട്‌സ് ആപ്പും ഫേസ്ബുക്കും ഒന്നും അന്നില്ലല്ലോ. ആഴ്ചയിലൊരിക്കലുള്ള കത്തുകൾ മാത്രമായിരുന്നു അവരുടെ ആശ്രയം. കാണാൻ കഴിയാത്ത അകലത്തിൽ ആയിരുന്നെങ്കിലും കത്തുകളിലൂടെ അവർ ആത്മാർഥമായി സ്നേഹിച്ചു...
പക്ഷെ മകൾക്ക് സ്ഥിരമായി വരുന്ന എഴുത്തുകൾ ഉമയുടെ അച്ഛന്റെ ശ്രദ്ധയിൽപ്പെട്ടിരിന്നു. അതോടെ അച്ഛന്റെ ചോദ്യംചെയ്യലിൽ ഉമക്കു എല്ലാ സത്യങ്ങളും തുറന്നു പറയേണ്ടി വന്നു. അനിലിനെ അല്ലാതെ മറ്റൊരാളെ തനിക്കു വേണ്ടാന്നു ഉമ തറപ്പിച്ചു പറഞ്ഞു. പക്ഷെ എല്ലാംകൊണ്ടും തങ്ങളെക്കാളും വളരെ താഴ്ന്ന കുടുംബത്തിലെ അനിലിനെ അംഗീകരിക്കാൻ ഉമയുടെ വീട്ടുകാർ തയ്യാറായില്ല. വിവരം അനിലിനെ അറിയിക്കാൻ ഉമ പലവട്ടം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതോടെ ഉമ ശെരിക്കും വീട്ടുതടങ്കലിൽ ആയി എന്നു തന്നെ പറയാം....
കുടുംബത്തിന് നാണക്കേട് ഉണ്ടാകാതിരിക്കാൻ വേണ്ടി വളരെ പെട്ടന്ന് തന്നെ ഉമയുടെ വിവാഹം നടത്താൻ അവളുടെ അച്ഛൻ തീരുമാനിച്ചു.
 അനിലിന്റെ കൂടെ ജീവിക്കാൻ അനുവദിക്കണമെന്ന് കരഞ്ഞു കാലുപിടിച്ചു അപേക്ഷിച്ചിട്ടും അവളുടെ അച്ഛന്റെ മനസ്സ് മാറിയില്ല. ഒടുവിൽ അച്ഛന്റെ വാശിക്കും അമ്മയുടെ ആത്മഹത്യാ ഭീഷണിക്കും മുൻപിൽ അവൾക്കു മറ്റൊരാളിന്റെ മുന്നിൽ തല കുനിക്കേണ്ടി വന്നു....
വിവാഹത്തിന്റെ ആദ്യരാത്രിയിൽ തന്നെ ഉമ ഭർത്താവിനോട് എല്ലാം തുറന്നു പറഞ്ഞു മാപ്പ് ചോദിച്ചു. അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി ആണ് വിവാഹത്തിന് സമ്മതിച്ചതെന്നും അനിലിനെ അല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ ഈ ജന്മം തനിക്കാവില്ലെന്നും ഉമ കരഞ്ഞു പറഞ്ഞു.
പക്ഷെ അയാൾ അതൊന്നും വലിയ കാര്യമായി എടുത്തില്ല. എന്നാൽ ഉമക്കു ഒരിക്കലും അയാളെ അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം....
അവളുടെ മനസ്സിൽ അപ്പോഴും അനിലിന് മാത്രമേ സ്ഥാനം ഉണ്ടായിരുന്നുള്ളു. കിടപ്പറയിൽ പോലും ബലമായി അല്ലാതെ സ്നേഹത്തോടെ അവളുടെ ദേഹത്ത് തൊടാൻ അയാൾക്കായിരുന്നില്ല.ദയവു ചെയ്ത് ഉപദ്രവിക്കരുതെന്നു അവൾ അയാളുടെ കാലു പിടിച്ച് പറഞ്ഞിട്ടും അയാളത് ചെവിക്കൊണ്ടില്ല. ഒടുവിൽ സഹിക്കവയ്യാതെ രണ്ടു തവണ ഉമ ആത്മഹത്യക്ക് കൂടി ശ്രമിച്ചതോടെ അയാൾ ഭയന്ന് ഉമയിൽ നിന്നും അകലുകയായിരുന്നു. ഈ കഴിഞ്ഞ വർഷങ്ങൾ ഒക്കെയും മറ്റുള്ളവരുടെ മുന്നിൽ ഭാര്യാഭർത്താക്കന്മാർ എന്നതല്ലാതെ മറ്റൊരു ബന്ധവും അവർ തമ്മിലില്ല. കുടുംബത്തിനുണ്ടാകുന്ന നാണക്കേട് ഓർത്തു മാത്രമാണ് ഡോക്ടർ അവരിപ്പൊഴും നിയമപരമായി പിരിയാതെ ഇരിക്കുന്നത്.......
അപ്പൊൾ അനിൽ ,അനിൽ എവിടെ പോയി?
അനിലിനെപ്പറ്റി കൂടുതലായി ഒന്നും എനിക്കറിയില്ല സർ , ഉമയുടെ വിവാഹം അറിഞ്ഞു നാട്ടിലെത്തിയ അനിൽ ഇവിടെ നടന്നതൊന്നും അറിഞ്ഞിരുന്നില്ല. അനിൽ ഉമയെ തിരക്കി അവളുടെ വീട്ടിലെത്തി. അന്തസ്സിനു ചേർന്ന ഒരു ബന്ധം കിട്ടിയപ്പോൾ ഉമ സ്വന്തം ഇഷ്ടപ്രകാരം തന്നെ അയാളെ വിവാഹം ചെയ്തു എന്നാണ് ഉമയുടെ വീട്ടുകാർ അനിലിനെ പറഞ്ഞു വിശ്വസിപ്പിച്ചത്. നടന്ന സത്യങ്ങൾ അനിലിനെ പറഞ്ഞു മനസ്സിലാക്കാൻ ഉമക്കും അവസരം കിട്ടിയിരുന്നില്ല. പിന്നീട് അനിൽ വിദേശത്തേക്ക് പോയി എന്ന് മാത്രമേ അറിയാൻ കഴിഞ്ഞിരിന്നുള്ളൂ....
ശരി , രാജി പറഞ്ഞതു വച്ചു നോക്കുമ്പോൾ ഉമയുടെ മനസ്സിൽ അനിൽ അല്ലാതെ മറ്റൊരാളും ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷേ അനിലുമായി ഉമ പിരിഞ്ഞിട്ട് തന്നെ ഇരുപത് വർഷത്തോളമായി. ഇത്രയും വർഷം ഇല്ലാതിരുന്ന ഒരു മാനസിക പ്രശനം ഇപ്പോഴെങ്ങനെ വന്നെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മറ്റെന്തെങ്കിലും നടന്നതായി അറിയാമോ രാജിക്ക്....
ഉണ്ട് സർ , അതിലേക്കാണ് ഞാൻ പറഞ്ഞു വരുന്നത്. ഭർത്താവുമായുള്ള അകൽച്ചക്കു ശേഷം ഉമ ശെരിക്കും ഒറ്റപ്പെട്ട ഒരവസ്ഥയിൽ ആയിരിന്നു. ഈ വർഷങ്ങളൊക്കെയും അനിലിനെക്കുറിച്ചുള്ള ഓർമ്മകൾ മാത്രമായിരുന്നു അവളുടെ മനസ്സിൽ.
പലപ്പോഴും അന്വേഷിച്ചെങ്കിലും അനിലിനെ കണ്ടെത്താൻ മാത്രം അവൾക്കായില്ല...
എങ്ങനെയും അനിലിനെ കണ്ടെത്തി തന്റെ നിരപരാധിത്വം അവനെ പറഞ്ഞു മനസ്സിലാക്കണം ,ഇപ്പോഴും തന്റെ മനസ്സിൽ അനിൽ മാത്രമേയുള്ളു എന്നു അവനെ അറിയിക്കണം ,അതായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം. പല വഴികളിലൂടെയും അനിലിനെ കണ്ടെത്താൻ അവൾ ഒരുപാട് ശ്രമിച്ചു.
ഒരു ദിവസം വളരെ സന്തോഷത്തിൽ അവളെന്നെ വിളിച്ചിരുന്നു. വർഷങ്ങൾക്കു ശേഷമാണ് ഉമയെ ഇത്ര സന്തോഷത്തോടെ ഞാൻ കാണുന്നത്. ഫേസ്ബുക്കിലൂടെ അവൾ അനിലിനെ കണ്ടെത്തിയെന്നും അന്ന് വരെ നടന്നതെല്ലാം തുറന്നു പറഞ്ഞു മാപ്പു ചോദിച്ചെന്നും അവളെന്നോട് പറഞ്ഞു. അനിൽ എന്തു മറുപടി പറഞ്ഞെന്നുള്ള എന്റെ ചോദ്യത്തിന് അനിലിന് എല്ലാം മനസ്സിലായെന്നും ഇപ്പോഴും എന്നൊടുള്ള ഇഷ്ടത്തിനു ഒരു കുറവും വന്നിട്ടില്ല , എന്നുമാണ് അവൾ മറുപടി പറഞ്ഞത്.
പക്ഷെ കൂടുതൽ അറിഞ്ഞപ്പോഴാണ് അനിൽ ഫാമിലിയായി സൗദിയിൽ ആണെന്നും ഒരു മകളുണ്ടെന്നും ഒക്കെ മനസ്സിലായത്. അയാൾ ഉമയോട് അതെല്ലാം തുറന്നു പറഞ്ഞിരുന്നു. തെറ്റാണെന്ന് മനസ്സു പറഞ്ഞെങ്കിലും വർഷങ്ങൾക്കു ശേഷമുള്ള അവളുടെ സന്തോഷം തല്ലിക്കെടുത്താൻ അന്നെനിക്ക് തോന്നിയില്ല. എന്തായാലും അനിലിന്റെ തെറ്റിധാരണ മാറാൻ വേണ്ടിയാണല്ലോ എന്നേ ഞാൻ കരുതിയിരുന്നുള്ളൂ. പക്ഷെ നിരന്തരമുള്ള ഫോൺ വിളികളിലൂടെയും ചാറ്റിങ്ങിലൂടെയും അവർ വീണ്ടും പഴയത് പോലെ അടുത്തത് ഞാൻ അറിഞ്ഞിരിന്നില്ല സർ. അറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ....
ഒടുവിൽ പത്തു ദിവസത്തെ അവധിക്ക് തന്നെ കാണാനായി അനിൽ നാട്ടിൽ വരുന്നെന്നറിഞ്ഞ ഉമയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. തന്റെ ഇത്രയും വർഷത്തെ കാത്തിരിപ്പിന് ഒരുപാട് അർത്ഥങ്ങളുണ്ടായിരുന്നത് പോലെ അവൾക്കു തോന്നി. ദിവസങ്ങളെണ്ണി അവൾ അനിലിനായി കാത്തിരുന്നു...
നാട്ടിലെത്തിയ ദിവസം തന്നെ അനിൽ ഉമയെ കാണാനെത്തി. ഇരുപതു വർഷത്തിന് ശേഷമുള്ള അവരുടെ കൂടിക്കാഴ്ച്ച , തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടിയതു പോലെ ഉമക്കു തോന്നി. തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞു ഉമ പൊട്ടിക്കരഞ്ഞു. അനിൽ അവളെ തന്റെ നെഞ്ചോടു ചേർത്തു നിർത്തി ആശ്വസിപ്പിച്ചു.
അനിലിന്റെ കൈ കൊണ്ട് തന്റെ കഴുത്തിലൊരു താലി ,അതു മാത്രമായിരുന്നു ഉമ അനിലിൽ നിന്നും ആഗ്രഹിച്ചിരുന്നത്. അതവൾ അനിലിനോട് തുറന്നു പറഞ്ഞു.വർഷങ്ങളായുള്ള ഉമയുടെ ആഗ്രഹം മുൻനിർത്തി അവൾ ആഗ്രഹിച്ച ഒരു ദേവീ ക്ഷേത്രത്തിൽ വച്ച് അനിൽ ഉമയുടെ കഴുത്തിൽ താലി ചാർത്തി...
ഉമയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആയിരിന്നു അത്. മനഃപൂർവമല്ലെങ്കിൽ പോലും വലിയൊരു തെറ്റിന്റെ ആരംഭവും അതുതന്നെ ആയിരിന്നു. അനിലിന്റെ നിർബന്ധത്തിന് വഴങ്ങി പിന്നീട് പലവട്ടം ഉമക്കു വീണ്ടും അതേ തെറ്റ് ആവർത്തിക്കേണ്ടി വന്നു. പലപ്പോഴും മനസ്സിൽ കുറ്റബോധം തോന്നിയിരുന്നെങ്കിലും ഒരിക്കലും അവൾ അനിലിനെ കുറ്റപ്പെടുത്തിയിരുന്നില്ല. അത്രമാത്രം അവൾ അനിലിനെ സ്നേഹിക്കുന്നുണ്ടായിരുന്നു. ഒരിക്കലും ഉമയെ ഉപേക്ഷിക്കില്ലെന്നും , തനിക്ക് വേണ്ടി കാത്തിരിക്കണമെന്നും , കുറച്ചു നാളുകൾക്കു ശേഷം വീണ്ടും തിരിച്ചുവരുമെന്ന ഉറപ്പും നൽകി ലീവു കഴിഞ്ഞു അനിൽ സൗദിയിലേക്ക് മടങ്ങി....
പക്ഷേ ദൈവം വീണ്ടുമവളോട്‌ ക്രൂരത കാട്ടുകയായിരുന്നു. എല്ലാ ദിവസവും വാ തോരാതെ സംസാരിച്ചിരുന്ന അനിൽ പിന്നീടവളെ വിളിക്കാതെയായി. ദിവസങ്ങളോളം അനിൽ വിളിക്കുന്നതും കാത്തു കണ്ണീരോടെ അവളിരിന്നു , പക്ഷെ നിരാശയായിരുന്നു ഫലം.പിന്നീടുള്ള അനിലിന്റെ ഒരു വിവരവും ഉമക്കറിയില്ല. പല രീതിയിലും അനിലിനെ ബന്ധപ്പെടാൻ അവൾ ശ്രമിച്ചു. പലവട്ടം ഫോണിൽ വിളിച്ചെങ്കിലും നമ്പർ നിലവിലില്ല എന്ന മറുപടിയാണ് ലഭിച്ചത്. അതോടെ ഉമ ആകെ തളർന്നു. ഒരു ഭ്രാന്തിയെപ്പോലെ അലറിക്കരഞ്ഞു , ദിവസങ്ങൾ കഴിയും തോറും തികച്ചും ഒറ്റപ്പെട്ട ഒരു മാനസികാവസ്ഥയിലേക്ക് അവളുടെ മനസ്സ് മാറിക്കഴിഞ്ഞിരിന്നു. പിന്നീട് ഉമ ചിരിച്ചിട്ടില്ല , ആരോടും മിണ്ടിയിട്ടില്ല , പലപ്പോഴും നിശബ്ദമായി കരയുന്നത് കാണാം. ചിലപ്പോ അനിലിനോടൊപ്പം കഴിഞ്ഞിരുന്ന ഓരോ നിമിഷവും ആയിരിക്കണം അവളുടെ മനസ്സ് നിറയെ....
അവളുടെ അവസ്ഥ കണ്ടു സഹിക്കാനാവാതെ സൗദിയിലുള്ള എന്റെ സുഹൃത്തുക്കൾ മുഖേനെ ഞാൻ ഒരുപാട് വട്ടം അനിലിനെ ബന്ധപ്പെടാൻ ശ്രമിച്ചു. ഒരു പ്രയോജനവും ഉണ്ടായില്ല. എല്ലാവരിൽ നിന്നും അനിൽ വിദഗ്ധമായി ഒഴിഞ്ഞു മാറുകയായിരുന്നു. എനിക്കുറപ്പുണ്ട് സർ അയാൾക്ക്‌ വേണ്ടത് അവളുടെ ഭംഗിയുള്ള ശരീരം മാത്രമായിരുന്നു. മനഃപൂർവം അയാളവളെ ചതിക്കുകയായിരുന്നു ഡോക്ടർ. പക്ഷെ ഞാൻ എത്ര പറഞ്ഞിട്ടും അതു വിശ്വസിക്കാൻ മാത്രം അവൾ കൂട്ടാക്കുന്നില്ല......
രാജിയെ ഉമയുടെ അടുത്താക്കി ഞാൻ എന്റെ ക്യാബിനിലേക്കു മടങ്ങി. മനസ്സു മുഴുവൻ ഉമയുടെ ജീവിതമായിരുന്നു. പല രീതിയിലും ഞാൻ ചിന്തിച്ചു നോക്കി ആരുടെ ഭാഗത്താണ് തെറ്റ് ? സത്യത്തിൽ എന്തായിരുന്നു ഉമ ചെയ്ത കുറ്റം? മാതാപിതാക്കളെ പോലും ആട്ടിയിറക്കുന്ന മക്കളും , സ്വന്തം മകളിൽ പോലും കാമം തീർക്കുന്ന അച്ഛനും ജീവിക്കുന്ന ഇന്നത്തെ കാലത്ത് ജീവിതത്തിൽ ആദ്യമായി സ്നേഹിച്ച പുരുഷനെ ഇത്രയും വർഷത്തിന് ശേഷവും ആത്മാർഥമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തതാണോ അവൾ ചെയ്ത കുറ്റം ? അതോ അച്ഛന്റെ ഭീഷണിക്കു വഴങ്ങി ഇഷ്ടമില്ലാത്ത ഒരാളുടെ മുന്നിൽ തല കുനിച്ചതോ ? ഒരുപക്ഷേ പലരും ഇവിടെ ഉമയെ കുറ്റപ്പെടുത്തിയേക്കാം , തെറ്റുകാരിയെന്നു മുദ്ര കുത്തിയേക്കാം , പക്ഷെ ഉമയുടെ മനസ്സ്‌ മനസ്സിലാക്കിയ ഒരു ഡോക്ടർ എന്ന നിലയിൽ എനിക്ക് ഒരിക്കലും ഉമയെ കുറ്റപ്പെടുത്താനാവില്ല.......
ഒരുപാട് നാളത്തെ കൗൺസിലിംഗിലൂടെ ഉമക്കു ചെറിയ മാറ്റങ്ങൾ ഉണ്ടെങ്കിലും, അനിൽ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന് ഉമയുടെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ ഉമയുടെ മനസ്സ് ഒരിക്കലും അത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. "ഒരിക്കലും അനിലെന്നെ ചതിക്കില്ല , എന്നെ കൊണ്ടുപോകാൻ എന്നെങ്കിലും ഒരിക്കൽ അനിൽ വരും എന്ന് തന്നെ ഇന്നും ഉമ ഉറച്ചു വിശ്വസിക്കുന്നു"...............
ഉണ്ണി ആറ്റിങ്ങൽ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot