Slider

മൂന്നു പക്ഷികൾ

0

മൂന്നു പക്ഷികൾ
................................
പെയ്യാൻ ഒരുങ്ങിയ ഒരു മേഘം
വെറുതെ ഭൂമിയിലേക്ക് ഒന്നു നോക്കി.
താഴെ മൂന്നു പക്ഷികൾ
കൂടുകളിൽ ഇരിക്കുന്നുണ്ടായിരുന്നു.
ഉയരത്തിൽ നിന്ന് മേഘം അവരോട് ചോദിച്ചു.
" ഈ തടവറകളെ നിങ്ങൾ സ്നേഹിക്കുന്നുണ്ടോ?"
"സ്വയം തീർത്ത തടവറകളിൽ കിടന്ന്
ശ്വാസം മുട്ടുന്നവരോട് ഈ ചോദ്യം ചോദിക്കരുത്.
കണ്ണീർ പുരണ്ട മൗനമായിരിക്കും മറുപടി."
വാതിൽ അടച്ച് സ്വന്തം കൂട്ടിൽ ഇരുന്ന
ആദ്യത്തെ പക്ഷി പറഞ്ഞു.
"മറ്റൊരാളുടെ കൂട്ടിൽ
ബന്ധനസ്ഥരായി കൈകാലിട്ടടിക്കുന്നവരോട്
ചോദിക്കരുത്.
രോഷം നിറഞ്ഞ നോട്ടങ്ങളാവും മറുപടി."
പുറത്ത് നിന്ന് താഴിട്ട സ്വർണ്ണക്കൂട്ടിൽ ഇരുന്ന്
രണ്ടാമത്തെ പക്ഷി പറഞ്ഞു.
മൂന്നാമത്തെ പക്ഷി അപ്പോൾ
തുറന്ന ഒരു കൂട്ടിൽ ഇരിക്കുകയായിരുന്നു.
" അവൾ സ്വതന്ത്രയാണ്;
തടവറയെ കുറിച്ച് അവളോട് ചോദിക്കുന്നതെന്തിന്?"
മറ്റു രണ്ടു പേർ അത്ഭുതപ്പെട്ടു.
മൂന്നാമത്തെ പക്ഷി പറഞ്ഞു തുടങ്ങി.
"ഞാൻ സ്വതന്ത്രയാണ്.
അപ്പോഴും തിരിച്ചറിവിന്റെ ചങ്ങലക്കെട്ടുകളിൽ
ചിലപ്പോഴൊക്കെ സ്വയം തടവിലിടുന്നു.
ഈ തടവിനെ ഞാൻ സ്നേഹിക്കുന്നത്
എന്തുകൊണ്ടെന്നാൽ
ആ ചങ്ങലയുടെ ഓരോ കണ്ണിയും
പക്വമായ മനസ്സിന്റെ ആജ്ഞകളാൽ
അടയാളപ്പെടുത്തിയിരിക്കുന്നു.
കാരണം എന്റെ സ്വാതന്ത്ര്യം ഒരിക്കലും
എന്റെ ആത്മാവിൽ കറകൾ വീഴ്ത്തരുതെന്ന്
എനിക്ക് നിർബന്ധമുണ്ട്."
സ്വന്തം അതിരുകൾ അറിയുന്നവർ
തീർച്ചയായും സ്വാതന്ത്രത്തിന് അർഹരാണ്...
മേഘം പുഞ്ചിരിച്ചു.
മഴ പെയ്യാൻ തുടങ്ങിയിരുന്നു.

By
Resmi Anuraj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo