Slider

ദുർഗന്ധം...

0

നാട്ടിൽ വച്ച് കേട്ടറിഞ്ഞിട്ടുള്ള അറബി നാട്ടിലെ ചൂട് കാലങ്ങളിൽ ഒരു ദിവസമായിരുന്നു ഞാനും ആദ്യമായി ഇവിടെയെത്തിയത്.
പെട്ടെന്ന് തന്നെ ജോലി ഒക്കെ ശരിയായി.... ജോലിയിലും കയറി ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ആയിരുന്നു അത്
കേട്ടു.. കേട്ടു...മടുക്കുന്ന പ്രവാസി കഷ്ടപ്പാട് കഥ പറയാൻ പോവുകയല്ല കേട്ടോ..... എന്നാൽ അങ്ങനെയാണുതാനും... നമുക്ക് നോക്കാം...
റമദാൻ മാസമായി നോമ്പ് തുടങ്ങി മുസ്ലീം സുഹൃത്തുക്കൾ ഒക്കെ...
വീട്ടിൽ നിന്ന് വിളിക്കുമ്പോഴൊക്കെ ചോദിക്കും മക്കളെ നിനക്ക് ആഹാരമൊക്കെ കിട്ടുന്നുണ്ടോ എന്ന്....
ഇവിടെ നമുക്കൊന്നും അതിനൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല
ആവശ്യമുള്ളവർക്ക് കഴിക്കാം
പരസ്യമായി പാടില്ലെന്നേയുള്ളു...
പിന്നെ ചൂടാണ് ഇവിടെ... ഭയങ്കര ചൂടാണ്.... എന്നൊക്കെ പറയുമെങ്കിലും സത്യത്തിൽ ചൂടൊന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല
എ സി ഉള്ള റൂമിൽ നിന്നും എ സി വച്ച വാഹനത്തിലേക്ക് അവിടെ നിന്നും എ സി വച്ച ക്യാബിനിലേക്ക്..
പെട്ടെന്ന് മാറി കിട്ടിയ ജീവിതരീതി കുറച്ച് ജീവനക്കാരുടെ മേൽ കിട്ടിയ അധികാരം മനസ്സിലെ അഹങ്കാര ഭൂതം ഉണർന്നിരുന്നു. നോമ്പുകാലം ഭക്ഷണമൊന്നും കഴിക്കാതെ പുറത്ത് പണിയെടുക്കുന്നവർ വിയർത്ത് കുളിച്ച് വെള്ളം പോലും കുടിക്കാനാകാതെ കഷ്ടപ്പെടുമ്പോഴും
ഞാൻ എ സി റൂമിൽ ഭക്ഷണവും ഒക്കെ സമയത്ത് കഴിച്ച് വെള്ളവും കുടിച്ച് മൊബൈലിലൊക്കെകളിച്ച് സുഖമായിട്ടിരിക്കുമ്പോഴാണ്.
ഒരു മിസ്രി... (ഈജിപ്ഷ്യനെ അങ്ങനെയാണ് പറയുന്നത് ഇവിടെ കേട്ടിട്ടുള്ളത്)
ചൂടു സഹിക്കാൻ വയ്യാത്തത് കൊണ്ടാകും ഇടയ്ക്കൊക്കെ ക്യാബിനിൽ വന്നിരിക്കും
പുറത്ത് വെയിലിൽ നിന്ന് വിയർത്തു കുളിച്ചാണ് അവന്റെ വരവ് എ.സി ക്യാബിനിലേക്ക് എന്നിട്ടവൻ എ.സിയുടെ മുന്നിലേക്ക് ചെന്ന് നിൽക്കും
കാറ്റിലൂടെ അവന്റെ വിയർപ്പു തുള്ളികൾ തെറിക്കുവാണെന്ന് എനിക്ക് തോന്നി സോക്സ് പുഴുങ്ങിയെടുത്തതും
അവന്റെ വിയർപ്പിന്റേതുമായ വല്ലാത്തൊരു മുഷിഞ്ഞ ദുർഗന്ധം ആ മുറിയിൽ നിറയുമ്പോൾ എനിക്ക് ഇടയ്ക്കൊക്കെ ഓക്കാനിക്കാൻ വരും അവൻ ഇറങ്ങിപ്പോയാലും ആ ഗന്ധം ഭക്ഷണം കഴിക്കാൻ എന്നെ മടുപ്പിച്ച് കുറെ നേരം അവിടെ തങ്ങി നിൽക്കുമായിരുന്നു.
ഒരു ദിവസം ചൂട് സഹിക്കാൻ വയ്യാതെ അവൻ വന്നിരുന്നപ്പോൾ ഞാൻ പറഞ്ഞു.
"സുഹൃത്തേ ഇവിടിങ്ങനെ ഇരിക്കാൻ പറ്റില്ല നിന്റെ ജോലി പുറത്തല്ലേ ഇറങ്ങിപ്പോകാൻ "
പറഞ്ഞിട്ട് ഞാൻ കുപ്പിയിലെ വെള്ളം കുടിച്ചിട്ട് കുപ്പി മേശപ്പുറത്ത് വച്ചു വിയർത്തുകുളിച്ചിരിക്കുന്നവൻ ദയനീയമായി എന്നെയും കുപ്പിയിലെ വെള്ളത്തിലേക്കും നോക്കി...
ഉമിനീരു പോലും അപ്പോഴവന് ഇറക്കാൻ പറ്റില്ലായിരുന്നല്ലോ...എന്ന് ഇപ്പോഴാണ് എനിക്കറിയാവുന്നത്.
കുറച്ച് സമയം കൂടെ അവനവിടെ ഇരുന്നിട്ട്
"ശരി....നന്ദി സുഹൃത്തേ "എന്നു പറഞ്ഞിറങ്ങിപ്പോയി
പിന്നെയവൻ വന്നിട്ടില്ല ചിലപ്പോൾ വിശ്രമിക്കാൻ വേറെ സ്ഥലം കണ്ടെത്തിക്കാണുമായിരിക്കും
നോമ്പുകാലം കഴിഞ്ഞു ജോലി തീർന്നു വരുന്ന സാഹചര്യത്തിൽ ഞാനിരിക്കുന്ന ക്യാബിൻ തടസ്സമായി വന്നതിനാൽ അതൊഴിവാക്കാൻ തീരുമാനമായി...
ജെ സി ബി വന്ന് അത് പൊക്കിയെടുത്ത് പോകുന്നതും നോക്കി പുറത്ത് ഇട്ടു തന്ന വെറുമൊരു കസേരയിൽ ഞാനിരിക്കുമ്പോഴേക്കും ചൂട് എന്താണെന്ന് ഞാൻ ശരിക്കും അറിയാൻ തുടങ്ങിയിരുന്നു.
രാത്രി റൂമിലെത്തിയാൽ ബക്കറ്റിൽ പിടിച്ചു വച്ച തണുത്ത വെള്ളത്തിൽ കുറച്ചു നേരം ഇരുന്നാലെ മൂത്രം ഒഴിക്കാൻ പറ്റുകയുള്ളു എന്നുള്ള അവസ്ഥ അല്ലെങ്കിൽ തിളച്ച വെള്ളം ഞരമ്പുകളിലൂടെ ഒഴുകി വരുന്നതിന്റെ സുഖമറിയേണ്ടി വരും..
ഒരു പരിധി വരെ പ്രവാസി ഒരു അച്ഛൻ ആകാൻ വൈകുന്നതിന് ഇതും ഒരു കാരണമായിരിക്കാം...
പുറത്ത് ജോലി ചെയ്യുന്നവർക്കെല്ലാം ആ സമയം ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതൽ മൂന്നു മണിവരെ പുറത്ത് കാണാൻ പാടില്ലെന്നുള്ള അപ്പോഴത്തെ നിയമം പാലിക്കുന്നുണ്ടോ എന്നു കൂടെ നോക്കുക എന്നുള്ളത് എന്റെ ജോലിയുടെ ഒരു ഭാഗമായത് കാരണം എനിക്കവിടെ നിന്ന് മാറി ഇരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു..
അങ്ങനെയുള്ളൊരു ദിവസം പുറത്ത് വിയർത്ത് കുളിച്ചിരിക്കുവാണ്
കുപ്പിയിലെ തണുത്ത വെള്ളം
ഓർമ്മയില്ലേ...
അന്നു വെള്ളംകുടിച്ച കുപ്പി...
അതു തന്നെ..
അതിപ്പോൾ കുടിക്കാനല്ല ഉപയോഗിക്കുന്നത്.... കുളിക്കാനാണ്...
എങ്ങനെയാണെന്നല്ലേ....
രാവിലെ ഫ്രീസറിൽ നിന്ന് ഒരു കുപ്പി നല്ല തണുത്തവെള്ളമെടുക്കും
ഇടയ്ക്കിടക്ക് അതിൽ നിന്ന് തലയിലും മുഖത്തിലും ഒക്കെ ഒഴിച്ചിട്ടാണ് ഇരിപ്പ്...
കുറച്ച് കഴിഞ്ഞാൽ ആ വെളളം ഉപയോഗിക്കാൻ പറ്റില്ല
പുറത്തിരുന്ന് തണുപ്പ് മാറി ചൂടായിട്ടുണ്ടാകും
അന്നേരം വീണ്ടും വേറെ എടുക്കേണ്ടിവരും...
അങ്ങനെയിരിക്കുമ്പോൾ എന്റെ അടുക്കൽ ഒരാൾ വന്നു
ഞാൻ നോക്കിയപ്പോൾ ആ മിസ്രി... കൈയ്യിൽ രണ്ട് കുപ്പി ജ്യൂസ് ഉണ്ട്
അയാൾ അത് എനിക്ക് നേരെ നീട്ടി ഗർമി...ഗർമി.... മുശ്കിൽ അയാൾ പറഞ്ഞു ഞാൻ അയാളെ തന്നെ നോക്കി..
വിയർത്തു കുളിച്ചിട്ടില്ല നല്ല വേഷവുമാണ്
ഞാൻ പറഞ്ഞു വേണ്ട ഞാനിപ്പോൾ കുടിച്ചു.. സത്യത്തിൽ എനിക്ക് വേണമായിരുന്നു പക്ഷേ എന്നിലെ കുറ്റബോധം അതു വാങ്ങാൻ അനുവദിച്ചില്ല..
അവൻ നിർബന്ധിച്ചു എന്നിട്ടും ഞാനത് വാങ്ങാതെ നന്ദി പറഞ്ഞു അവനെ മടക്കിയയച്ചു
ഒരു ചിരി കൊണ്ടു പോലും അവനെന്നെ കുത്തിനോവിച്ചില്ലന്നേരം...
അവൻ നടന്നകലുന്നതും നോക്കി ഇരുന്നപ്പോൾ എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നി
അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ കൂടി ആഹാ...നീ...പുറത്തായോ.. എന്തൊരഹാങ്കാരമായിരുന്നു..അനുഭവിക്ക്...
എന്നുറപ്പായും മനസ്സിൽ പറഞ്ഞു കൊണ്ടുള്ള ഒരു ചിരിയിലൂടെയെങ്കിലും അവനെ നോവിച്ചേനെ...
അവൻ പോയിക്കഴിഞ്ഞിട്ടും ആ പഴയ വിയർപ്പിന്റെ ദുർഗന്ധവും
സോക്സ് പുഴുങ്ങിയ നാറ്റവും എന്റെ മൂക്കിലേക്ക് തുളഞ്ഞു കയറുവായിരുന്നു
പക്ഷേ അപ്പോഴെനിക്ക് ഓക്കാനം വരുന്നുണ്ടായിരുന്നില്ല കാരണം
അത് എന്റെ ശരീരത്തിൽ നിന്നു തന്നെയായിരുന്നു...
ഇപ്പോഴും ഇടയ്ക്കൊക്കെ മനസ്സിലിരുന്നു പഴയ അഹങ്കാരത്തിന്റെ ഭൂതം തലപ്പൊക്കുമ്പോൾ എന്നിലെ ആ ദുർഗന്ധത്തിന്റെ ഓർമ്മ വന്ന് അതിന്റെ പത്തി അടിച്ചമർത്തുന്നു...
ആരെയും ചെറുതായി കാണാതിരിക്കുക... ജീവിതത്തിൽ ഒരു സഹായം ആരിൽ നിന്നാണ് എപ്പോഴാണ് സ്വീകരിക്കേണ്ടി വരുന്നതെന്നറിയില്ല ചേതമില്ലാത്തൊരുപകാരം കഴിയുമെങ്കിൽ ചെയ്യുക എന്നു മനസ്സിലാക്കി തന്ന ആ സുഹൃത്തിന് നന്ദി...
ജെ......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo