നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിനോദയാത്ര


വിനോദയാത്ര
അമ്മേ, ഇപ്രാവശ്യം സ്കൂള്‍ അടക്കുമ്പോള്‍ നമുക്കെവിടെയെങ്കിലും ടൂര്‍ പോകാം? പത്തു വയസ്സുള്ള മകന്‍ നേരത്തെ തന്നെ ഒരുക്കങ്ങള്‍ ചെയ്യുകയാണ്. സ്കൂള്‍ അടക്കാന്‍ ഇനിയും രണ്ടു മാസത്തോളമുണ്ട്.
“എന്തെങ്കിലും പറയൂ അമ്മെ – ക്ലാസിലെ എല്ലാ കുട്ടികളും അവരുടെ അച്ഛന്റെയും അമ്മയുടെയും കൂടെ എവിടെയെങ്കിലും പോകാറുണ്ട്. തിരിച്ചു വരുമ്പോള്‍ അവര്‍ പറയുന്നത് കേട്ടാല്‍ കൊതിയാകും. നമ്മള്‍ മാത്രമെന്താ അമ്മെ പോകാത്തത്?”
രശ്മി ആലോചിച്ചു – അവന്‍ പറയുന്നതിലും കാര്യമുണ്ട്. ബാക്കിയെല്ലാവരും രണ്ടു മാസം ഒഴിവു ആഘോഷിക്കുമ്പോള്‍ അവര്‍ മാത്രം വീട്ടില്‍ തന്നെയാണ്. ഭര്‍ത്താവ് അജയന്‍ ഗള്‍ഫി ലാണ്. രണ്ടു വര്‍ഷം കൂടി ലീവില്‍ വരുമ്പോള്‍ ഒരു ദിവസത്തേ ടൂറിനു പോകും – അതും എല്ലായ്പോഴും അടുത്തുള്ള സ്ഥലത്ത് തന്നെ. മകന്‍ രാഹുലിന് ബോറടിച്ചു.
“അതെങ്ങിനെയാ മോനെ, നമ്മള്‍ രണ്ടു പേരും മാത്രമായി പോകുന്നതെങ്ങിനെ? സ്ഥലം പരിചയമുണ്ടോ? നമ്മളെ ആരെങ്കിലും പറ്റിച്ചാലോ?” രശ്മി ചോദിച്ചു. “അതൊന്നും ഇപ്പോള്‍ പ്രശ്നമല്ല അമ്മെ – ധാരാളം ടൂര്‍ പ്രോഗ്രാം ഏര്പ്പപടാക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്. ടൂറിനുള്ള പൈസ അടച്ചാല്‍ മതി. അവര്‍ പോകുന്ന സ്ഥലത്തൊക്കെ പോകാം. എവിടെയോക്കെ ആണെന്നോ, ഗോവ, മൈസൂര്‍, ബാംഗ്ലൂര്‍, ഊട്ടി, കൊടൈക്കനാല്‍ പിന്നെ കേരളത്തില്‍ പല സ്ഥലത്തും.” രാഹുല്‍ എല്ലാം നേരത്തെ തന്നെ അറിഞ്ഞുവെച്ചിട്ടുണ്ട്.
രശ്മിയും ഇങ്ങിനെയുള്ള പ്രോഗ്രാമിനെ പറ്റി കേട്ടിട്ടുണ്ട്. പോകണമെന്ന് മോഹവും ഉണ്ട്. പക്ഷെ എങ്ങിനെ പോകാന്‍? അമ്മയുണ്ട്‌ കൂടെ. (ഭര്ത്താവിന്‍റെ അമ്മയാണെങ്കിലും രശ്മിയും അമ്മയെന്ന് തന്നെയാണ് വിളിക്കുന്നത്). അവരെ എങ്ങിനെ ഒറ്റയ്ക്കാക്കിയിട്ട് പോകും? ഒറ്റ മകനാണ്. അതുകൊണ്ട് വേറെ മക്കളുടെ അടുത്തൊന്നും കൊണ്ടുവിടാന്‍ ഇല്ല. വേറെ ബന്ധുക്കളുടെ അടുത്തൊന്നും ആക്കാന്‍ ഭര്ത്താവിനു താല്പര്യമില്ല. പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ട് മാത്രമേ ഉള്ളു അവര്ക്ക്.
“പക്ഷേ നമ്മള്‍ പോയാല്‍ അമ്മ ഒറ്റക്കാകില്ലേ?” രശ്മി ചോദിച്ചു. രാഹുലിന്റെ മുഖം വാടി. സ്കൂളില്‍ നിന്ന് വന്നാല്‍ മുത്തശ്ശിയാണ് അവന്‍റെ അടുത്ത സുഹൃത്ത്. എല്ലാ കാര്യങ്ങളും അവരോടാണ് പറയുന്നത്. പഠിക്കുന്നതും അവരോട് ഒട്ടിയിരുന്നാണ്. ഇത്രാ വലുതായിട്ടും അമ്മ കാലു നീട്ടിയിരുന്ന് മടിയില്‍ തല വച്ച് കിടതുന്നതും കാണാം. അമ്മയ്ക്ക് വയ്യാതാകും എന്ന് പറഞ്ഞാലും രണ്ടാളും അനങ്ങില്ല.
അന്ന് രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ രാഹുല്‍ വീണ്ടും ഇതേ ചോദ്യം ആവര്‍ത്തിച്ചു. രശ്മി ഒന്നും പറഞ്ഞില്ല. വെറുതെ അമ്മയെ നോക്കി അമ്മയും ഒന്നും മിണ്ടിയില്ല.
തുടര്‍ന്നുള്ള രണ്ടു ദിവസവും ഇതേ സംഭവം ആവര്‍ത്തി ച്ചു. രശ്മിക്ക്‌ എന്ത് പറയാന്‍ പറ്റും? രാഹുലിന്റെ കെഞ്ചല്‍ കൂടിവന്നു. ഒരു മറുപടിയും കിട്ടാത്ത കാരണം സങ്കടവും ദ്വേഷ്യവും ഒക്കെ വന്ന് തുടങ്ങി.
ഒരു ദിവസം കിടക്കുന്നതിനു മുന്പ് അമ്മ രശ്മിയെ വിളിച്ചു പറഞ്ഞു “മോളെ, ഏതായാലും അവന്‍റെ മോഹമല്ലേ? കൂടിവന്നാല്‍ ഒരു മാസമല്ലേ ഉണ്ടാകൂ? നിങ്ങള് പോയിട്ട് വാ. ഞാന്‍ രാത്രിയില്‍ ആരെയെങ്കിലും കൂട്ടിനു വിളിച്ചോളാം”
രശ്മിക്ക്‌ അതത്ര സമ്മതമായില്ല. അമ്മ നിര്‍ബന്ധിച്ചപ്പോള്‍ ഇങ്ങിനെ പറഞ്ഞു “ഏതായാലും ഏട്ടനെ വിളിച്ചു ചോദിക്കട്ടെ. അദ്ദേഹത്തിന്റെ അഭിപ്രായം പൊലെ ചെയ്യാം.”
അന്ന് രാത്രി തന്നെ രശ്മി അജയനെ വിളിച്ചു കാര്യം അവതരിപ്പിച്ചു. അയാള്‍ ആദ്യം സമ്മതം മൂളിയില്ലെങ്കിലും പിന്നീട് പറഞ്ഞു “ഏതായാലും അവന്‍റെ ആഗ്രഹമല്ലേ? ഒന്ന് പോയി വന്നോ. പക്ഷേ അധികം ദിവസം നീളരുത്. ദിവസവും അമ്മയെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുകയും വേണം.
അജയന്‍ ആലോചിച്ചു “നാളിതു വരെ ഒരിക്കല്‍ പോലും ഭാര്യയെയും മകനെയും ഒരു ഉല്ലാസയാത്രക്ക്‌ കൊണ്ടുപോകാന്‍ പറ്റിയിട്ടില്ല. മോഹമില്ലാത്തതുകൊണ്ടാല്ല വല്ലപ്പോഴും കിട്ടുന്ന ഒന്നോ രണ്ടോ ആഴ്ചയിലെ ലീവിനിടയില്‍ ഒന്നും സാധിക്കാറില്ല. നാട്ടില്‍ വന്നാല്‍ ധാരാളം കാര്യങ്ങള്‍ ഉണ്ടാകും. പിന്നെ അമ്മയെയും കൊണ്ട് പുണ്യസ്ഥലങ്ങളില്‍ പോകും – ആവുന്ന കാലത്ത് അമ്മ ഒറ്റയ്ക്ക് പോയിരുന്നതാണ്. അവിടെയൊക്കെ പോകാന്‍ മോഹമുള്ള ആളാണ്‌. അപ്പോള്‍ താനല്ലേ അതൊക്കെ സാധിച്ചു കൊടുക്കെണ്ടത്? അത് പോലെ രശ്മിയുടെ വീട്ടിലും ഒരു ദിവസം പോയി വരും. മുടക്കദിവസമൊക്കെ അങ്ങിനെ തീരും.
എവിടെയെങ്കിലും ടൂര്‍ പോകണമെങ്കില്‍ രാഹുലിന്റെ ക്ലാസ് മുടക്കേണ്ടിവരും. അതിനു സ്കൂളില്‍ നിന്നും സമ്മതം കിട്ടില്ല. അതുകൊണ്ട് ആ കാര്യം നടക്കാറില്ല. ഇപ്പോള്‍ അവന്‍റെ മോഹമല്ലേ, അങ്ങിനെയെങ്കിലും പോയി വരട്ടെ.”
അജയന്‍റെ സമ്മതം കിട്ടിയെന്നറിഞ്ഞപ്പോള്‍ രാഹുലിന് വളരെ സന്തോഷമായി. അവന്‍ ഉടനെ തന്നെ കൂട്ടുകാരെയെല്ലാം വിളിച്ചു പറഞ്ഞു. രണ്ടാഴ്ചത്തെ ടൂറിനുള്ള ഏര്‍പ്പാടുകളും ചെയ്തു. ഇവനിതൊക്കെ എങ്ങിനേ മനസ്സിലാക്കി എന്ന് രശ്മി അദ്ഭുതപ്പെട്ടു. അജയനോട്‌ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു – ഇപ്പോഴത്തെ പിള്ളേരല്ലേ, നമ്മളൊക്കെ വിചാരിക്കുന്നതിനേക്കാള്‍ അറിവുള്ളവരാണ്. വേണ്ട തരത്തില്‍ ഉപയോഗിക്കാന്‍ ഉപദേശിച്ചാല്‍ മാത്രം മതി.”
പോകാനുള്ള ദിവസം അടുത്ത് വന്നതോടെ രാഹുലിന്റെ ഉത്സാഹം കൂടികൂടി വന്നു. എല്ലാം അവന്‍ തന്നെയാണ് ഒരുക്കിവെച്ചത്. അജയന്‍റെ അമ്മയുടെ കൂടെ രാത്രിയില്‍ സഹായത്തിനു അടുത്ത വീട്ടിലെ ഒരു പെണ്‍കുട്ടിയെ രശ്മി ഏര്‍പ്പാടാക്കി. മുത്തശ്ശിയോട് രാഹുല്‍ എല്ലാ വിവരവും പറഞ്ഞു മനസ്സിലാക്കിയിരുന്നു. അവര്‍ക്ക് അറിയാമായിരുന്നെങ്കിലും ഒന്നുമറിയാത്ത പോലെ എല്ലാം തല കുലുക്കി കേട്ടിരുന്നു.
ബസ്സില്‍ അമ്പതോളം പേരുണ്ടായിരുന്നു. പകുതിയോളം രാഹുലിന്‍റെ പ്രായത്തിലുള്ള കുട്ടികളായിരുന്നു. അവരുമായി അവന്‍ വേഗം തന്നെ കൂട്ടുകാരായി. നല്ല രീതിയില്‍ പ്ലാന്‍ ചെയ്ത യാത്രയായിരുന്നത് കൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല.
അങ്ങിനെ വളരെ ഉത്സാഹത്തോടെ ആദ്യത്തെ ആഴ്ച കഴിഞ്ഞു. ദിവസവും രശ്മി അമ്മയെ വൈകീട്ട് വിളിക്കും. കാര്യങ്ങള്‍ അന്വേഷിക്കും. രാഹുലും ദിവസവും മുത്തശ്ശിയുമായി സംസാരിക്കും. അന്ന് കണ്ട കാഴ്ചകളെ പറ്റിയെല്ലാം അവരോടു വിവരിക്കും, അത്യന്തം ഉത്സാഹത്തോടെ.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രാഹുലിന്‍റെ, ഉത്സാഹത്തിനല്‍പ്പം കുറവ് വന്നത് പോലെ രശ്മിക്ക്‌ തോന്നി. ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ല. മറ്റു കുട്ടികളുടെ കൂടെ യാത്ര ആസ്വദിക്കുന്നുമുണ്ട്. എങ്കിലും ഇടക്ക് അവന്‍ എന്തോ ആലോചനയില്‍ മുഴുകും. കുറച്ചു നേരത്തേക്ക് മാത്രം. പക്ഷെ അത് പതിവില്ലാത്തതാണ്. രാത്രിയിലും അധികം സംസാരിക്കാറില്ല. ആദ്യമൊക്കെ കൂട്ടുകാരുടെ വീരകഥകള്‍ പറഞ്ഞു കേള്പ്പിക്കുമായിരുന്നു. അതും കുറഞ്ഞു വന്നു. എന്തെങ്കിലും ചോദിച്ചാല്‍ മാത്രം പറയും. എന്നാല്‍ അസുഖം വല്ലതുമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് മറുപടി.
അങ്ങിനെ രണ്ടാഴ്ച കഴിഞ്ഞു. തിരിച്ചുള്ള യാത്ര പുറപ്പെട്ടു. അപ്പോഴും രാഹുല്‍ പഴയ മട്ട് തന്നെ . രശ്മിക്കൊരു പിടിയും കിട്ടിയില്ല. വീട്ടില്‍ ചെന്നിട്ടു ഉടനെ തന്നെ വല്ല ഡോക്ടര്‍മാരെയും കാണിക്കണം അവര്‍ തീരുമാനിച്ചു.
നാട്ടിലെത്തി ഉടനെ തന്നെ ഒരു വണ്ടി വിളിച്ചു വീട്ടിലെത്തി. അവിടെ എത്താറായപ്പോഴേക്കും രാഹുലിന്‍റെ ഉന്മേഷം തിരിച്ചുകിട്ടിയ പോലെ തോന്നി. എത്തിയ ഉടനെ തന്നെ വണ്ടിയില്‍ നിന്നും ഇറങ്ങി അവന്‍ ഒറ്റ ഓട്ടം – വണ്ടിയിലുള്ള സാധനങ്ങള്‍ ഇറക്കാന്‍ പോലും കാത്തുനിന്നില്ല. രശ്മി അദ്ഭുതപ്പെട്ടു. സാധനങ്ങളെല്ലാം എടുത്തു വച്ച് അകത്തു നോക്കിയപ്പോള്‍ അവര്‍ കണ്ടത് – രാഹുല്‍ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു കിടക്കുന്നു!
“അത് ശരി – അപ്പോള്‍ ഇതാണല്ലേ നേരത്തെയുണ്ടായ ആലസ്യത്തിന്റെ കാരണം?” രശ്മി ചോദിച്ചു “യാത്രയൊക്കെ എനിക്കിഷ്ടമായി” അവര്‍ പറഞ്ഞു ഇനി എന്നാ അടുത്തത് പോകേണ്ടത്? രാഹുലിനോട് ചോദിച്ചു.
“ഇനി ടൂര്‍ ഒന്നും വേണ്ടമ്മേ; മുത്തശ്ശിയെക്കൂടാതെ ഇനി ഒരു സ്ഥലത്തേക്കും പോകേണ്ട.” അവന്‍ പറഞ്ഞു
ശിവദാസ്‌ കെ വി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot