ഷുഗർ
********
********
തെളിഞ്ഞ ഒരു പ്രഭാതമായിരുന്നു അത്.പത്മാവതിയമ്മ മെല്ലെ മുറ്റത്തേക്ക് ഇറങ്ങി വന്നു.പത്തു മണിയുടെ സ്വര്‍ണ്ണ വെയിലില്‍ കിണറും അതിനരികിലെ തുളസിച്ചെടിയും മുങ്ങിക്കുളിച്ചു നിന്നു.കിണറിന്റെ അരികിലെ അരമതിലില്‍ ഇരുന്നു കൊണ്ട് അവര്‍ പുറത്തേക്കു നോക്കി.അവര്‍ ആരെയോ കാത്തിരിക്കുകയാണ്.
പദ്മാവതിയുടെ ഭര്‍ത്താവു ശിവരാമന്‍ ചെത്തുകാരനാണ്.അവര്‍ക്ക് ഒരു മകന്‍ മാത്രമേയുള്ളൂ.വേണു.അവിവാഹിതനായ വേണുവിന് ബാംഗ്ളൂരില്‍ ബിസിനസാണ്.
രണ്ടു ദിവസം മുന്പ് ഭര്‍ത്താവ് അറിയാതെ അവര്‍ മകനെ നിര്‍ബന്ധിച്ചു നാട്ടില്‍ വിളിച്ചു വരുത്തിയതാണ്.
രണ്ടു ദിവസം മുന്പ് ഭര്‍ത്താവ് അറിയാതെ അവര്‍ മകനെ നിര്‍ബന്ധിച്ചു നാട്ടില്‍ വിളിച്ചു വരുത്തിയതാണ്.
“എനിക്ക് നിന്നെ കാണണം.കണ്ടേ പറ്റൂ.”
അവരുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് വേണു ഇന്നലെ രാത്രി തന്നെ വീട്ടില്‍ എത്തി.അവൻ യാത്രാക്ഷീണത്തില്‍ ഉറങ്ങിക്കിടക്കുന്നതും പിന്നെ എഴുന്നേറ്റ് കുളിച്ചു ഒരുങ്ങുന്നതും അച്ഛന്‍ ഉണ്ടാക്കിയ ഇഡ്ഡലിയും ചമ്മന്തിയും കഴിക്കുന്നതും കൂട്ടുകാരനെ കാണാനായി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു യാത്ര പറഞ്ഞു പുറത്തെ വെയിലില്‍ മറയുന്നതും അവര്‍ തുടിക്കുന്ന ഹൃദയത്തോടെ കണ്ടതാണ്.
മകന്‍ പോയി കുറച്ചു കഴിഞ്ഞപ്പോള്‍ ശിവരാമനും പോയി.ചെത്താന്‍ പോകുന്നതിനു മുന്പ് പതിവ് പോലെ പണിയായുധങ്ങള്‍ അരയിലെ ബെല്‍ട്ടില്‍ മുറുക്കി കൊണ്ട് അയാള്‍ പദ്മാവതിയുടെ മുറിയില്‍ വന്നു.അപ്പോള്‍ അവര്‍ കട്ടിലില്‍ കിടക്കുകയായിരുന്നു.അയാള്‍ മുറിയില്‍ വന്നതും പരുക്കന്‍ഭാവത്തില്‍ തന്നെ നോക്കുന്നതും പദ്മാവതി അറിഞ്ഞു.
“ഞാന്‍ പോവുകയാ.പുറത്തോട്ടു ഒന്നും ഇറങ്ങണ്ട .”
പദ്മാവതി അതിനു മറുപടിയായി ഒന്ന് മൂളി.ഭര്‍ത്താവ് പുറത്തു ഇറങ്ങി സ്കൂട്ടര്‍ സ്റാര്‍ട്ട് ചെയ്തു പോയി എന്ന് ഉറപ്പായി കഴിഞ്ഞപ്പോഴാണ് അവര്‍ പുറത്തെ അരമതിലില്‍ വന്നു ഇരുന്നത്.
അല്പം കഴിഞ്ഞപ്പോള്‍ ഇടവഴിയുടെ അറ്റത്ത് അടുത്ത വീട്ടിലെ സുമതിയുടെ ഇളയ മകന്‍ കണ്ണന്‍ പ്രത്യക്ഷപ്പെട്ടു.അവന്റെ കയ്യില്‍ ഒരു ബ്രൌണ്‍പേപ്പറില്‍ പൊതിഞ്ഞ എണ്ണ പുരണ്ട ഒരു കൂട് ഉണ്ടായിരുന്നു.പദ്മാവതിയമ്മ വിടര്‍ന്ന കണ്ണുകളോടെ അത് കണ്ടു അരമതിലില്‍ നിന്നു എഴുന്നേറ്റു.
അവന്‍ ഓടി വന്നു അത് അവരുടെ കയ്യില്‍ എല്പിച്ചു.
“ഞാന്‍ പോകുവാ,ആരേലും കണ്ടാല്‍ എന്നെ കൊല്ലും.”
വേഗം കൂട് പദ്മാവതിയുടെ കയ്യില്‍ എല്പിച്ചതിനു ശേഷം അവൻ തിരിച്ചോടി.
അവന്‍ പോയെന്നു ഉറപ്പായതിനു ശേഷം പദ്മാവതിയമ്മ കിണറിന്റെ അരികിലേക്ക് വന്നു.അതിനു ശേഷം അവര്‍ കൂട് പൊട്ടിച്ചു.അതിനുള്ളിൽ എണ്ണ മുറ്റിയ മധുരം കിനിയുന്ന മൃദുവായ രണ്ടു ജിലേബികള്‍ ആണ് ഉണ്ടായിരുന്നത്.
എണ്ണയുടെയും മാവിന്റെയും മധുരത്തിന്റെയും രുചി പദ്മാവതിയമ്മുടെ രസമുകുളങ്ങളില്‍ തൊട്ടു.ആ ജിലേബികള്‍ ആസ്വദിച്ചു കഴിക്കുമ്പോള്‍ സ്വര്‍ഗം ലഭിച്ചത് പോലെ അവരുടെ കണ്ണുകള്‍ നിറഞ്ഞു.നിറഞ്ഞ കണ്ണിലൂടെ അവര്‍ വീണ്ടും പകലിലേക്ക് നോക്കി.
ദൂരെ കൊയ്യാറായ മഞ്ഞ നിറം പൂണ്ട നെല്‍പ്പാടം. തന്റെ ഭര്‍ത്താവ് ചെത്തുന്ന തെങ്ങുകള്‍ അക്കരെ നിരനിരയായി നില്‍ക്കുന്നു.പാടം മുറിച്ചു ഒരുപറ്റം വെളുത്ത കൊക്കുകള്‍ പറന്നു പോകുന്നതു അവര്‍ കണ്ടു.
ജിലേബിയുടെ അവസാനത്തെ തുണ്ട് തിന്നുമ്പോള്‍ അവരുടെ ഉള്ളില്‍ അത് തീരുന്നതിന്റെ സങ്കടവും അതിന്റെ മധുരത്തിന്റെ സന്തോഷവും ഉണ്ടായിരുന്നു.വളര്‍ന്നു വലുതായ മകന്‍ ആ മഞ്ഞപ്പാടത്തിന്റെ അക്കരെ ബൈക്കില്‍ പോകുന്നതും കാറ്റില്‍ അവന്റെ എണ്ണമയം പുരണ്ട മുടി പറക്കുന്നതും അവര്‍ മനസ്സില്‍ കണ്ടു. ഭര്‍ത്താവ് ശിവരാമന്‍ ദൂരെ തീപ്പെട്ടിക്കൊള്ളികള്‍ പോലെ കാണുന്ന തെങ്ങുകളില്‍ ഒന്നിന്റെ തുഞ്ചത്ത് ഉണ്ടെന്നു ഉള്ള ഓര്‍മ്മയും അവരുടെ മനസ്സില്‍ വന്നു.മകനെയും ഭര്‍ത്താവിനെയും കുറിച്ചുള്ള ഓര്‍മ്മകള്‍ ആ ജിലേബിയുടെ മധുരത്തോടൊപ്പം അവരുടെ മനസ്സില്‍ നിറഞ്ഞു.
ജിലേബിയുടെ അവസാനത്തെ പൊടിയും തൊണ്ടയില്‍ നിന്നു ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ,ഒരു നിമിഷം കൂടി അതിന്റെ രുചി അവരുടെ നാവില്‍ തങ്ങി നിന്നു.അല്പം മുൻപ് തീര്‍ന്നു പോയ ജിലേബിയുടെ മധുരം.പദ്മാവതി കണ്ണുകള്‍ അടച്ചു ആ മധുരം ആവോളം നുകര്‍ന്നു.
പിന്നെ അവർ കിണറ്റിലേക്ക് എടുത്തു ചാടി.
പദ്മാവതി ചിതയില്‍ എരിയുമ്പോള്‍ നനഞ്ഞൊട്ടിയ ദേഹവുമായി നിന്ന വേണു പൊട്ടിക്കരഞ്ഞു.ഇതിനാണോ ,അമ്മ തന്നെ വിളിച്ചു വരുത്തിയത്.മരിക്കുമെന്ന് അമ്മ അറിഞ്ഞിരുന്നോ?അവസാനമായി ഒരു നോക്ക് കാണാന്‍?
നരച്ച ആകാശത്തിനു കീഴില്‍ വളര്‍ന്ന കുറ്റിത്താടി തടവി ശിവരാമന്‍ നിശബ്ദനായി നിന്നു.അയാളുടെ മുഖത്തിന് ഒരു ഭാവമാറ്റവും ഉണ്ടായില്ല.പരുക്കന്‍ മുഖഭാവുമായി തന്റെ ഭാര്യ വിടവാങ്ങുന്നത് ശിവരാമന്‍ കണ്ടു നിന്നു.
നാട് മുഴുവന്‍ ആ ശവദാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
“എനിക്ക് തോന്നുന്നത് അയാള് കൊന്നതായിരിക്കുംന്നാ.അല്ലെങ്കില്‍ അവര്‍ സഹികെട്ട് ചത്തു.അയാളുടെ ആ പരുക്കന്‍ നോട്ടം കണ്ടില്ലേ...?”
ശിവരാമനെ വെറുപ്പോടെ നോക്കിയതിനു ശേഷം സുമതി തന്റെ അരികില്‍ നില്‍ക്കുന്ന മറ്റു സ്ത്രീകളോട് പറഞ്ഞു.
നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.ഒരു ദിവസം പദ്മാവതിയമ്മ അടുക്കളയില്‍ തല ചുറ്റി വീണു.
“കടുത്ത പ്രമേഹമുണ്ട്.ചിട്ടയായി ഭക്ഷണം കഴിച്ചില്ലെങ്കില്‍ കാഴ്ച പോകും.പിന്നെ ജീവിതം ദുരിതമാകും.”
ഡോക്ടര്‍ ശിവരാമനോടും ഭാര്യയോടും പറഞ്ഞു.
“അതിനു ശേഷം ആ വീട്ടില്‍ എന്നും കലഹമായിരുന്നു.എന്നും പാത്രം എറിയുന്ന ഒച്ച കേള്‍ക്കാം.ഒരു നുള്ള് മധുരം പോലും ഭാര്യക്ക് കൊടുക്കാന്‍ അയാള്‍ സമ്മതിച്ചില്ല.ഒരു തവി ചോറ് അതില്‍ കൂടുതല്‍ ഭാര്യ കഴിക്കാന്‍ ശിവരാമന്‍ അനുവദിച്ചില്ല.”
സുമതി ആ ദിവസങ്ങള്‍ ഓര്‍മ്മിച്ചു കൊണ്ട് പറഞ്ഞു.
സുമതി പറഞ്ഞ കാര്യങ്ങള്‍ കുറെയൊക്കെ മറ്റു നാട്ടുകാര്‍ക്കും ശരിയാണെന്ന അഭിപ്രായമുണ്ടായിരുന്നു.പദ്മാവതിക്ക് മധുരത്തിനോട് ഉള്ള കൊതി ഒരു ഭ്രാന്ത് പോലെയായിരുന്നുവെന്നും ഭര്‍ത്താവും മകനും കാണാതെ നാട്ടിലെ കുട്ടികളെ കൊണ്ട് മധുരം വാങ്ങിച്ചു കഴിക്കുന്ന കാര്യവും അവര്‍ക്ക് അറിയാമായിരുന്നു.
“പക്ഷെ ഇതിനിടക്ക് പ്രമേഹം കൂടി അവരുടേ കാഴ്ച പോയി.ആ സമയത്ത് വീട്ടിലെ കലഹം കുറച്ചു കുറഞ്ഞു.പിന്നെ പദ്മാവതി കാടാമ്പുഴ ഭഗവതിയുടെ വല്യ ഭക്ത അല്ലായിരുന്നോ...ഭഗവതിയുടെ കൃപ കാരണം കാഴ്ച വീണ്ടും കിട്ടി.പ്രമേഹം കുറഞ്ഞു..കാഴ്ച പോയ സമയത്ത് പുറത്തോട്ടു അങ്ങനെ വരാന്‍ പറ്റില്ലാലോ...ഏതായാലും കാഴ്ച വീണ്ടും ശരിയായ സമയത്ത് കെട്ടിയോനും കെട്ടിയോളും കൂടി പിന്നെയും അടി തുടങ്ങി.അത് തീര്‍ക്കാന്‍ ആയിരിക്കും ചെറുക്കനെ വിളിച്ചു വരുത്തിയത്.”
വേണുവിന്റെ തോളില്‍ ആരോ തട്ടിയപ്പോഴാണ് അവന്‍ ഉണര്‍ന്നത്.അത് പഞ്ചായത്ത് മെമ്പര്‍ ഗോപി ആയിരുന്നു.അമ്മയുടെ ചിതക്കരികില്‍ ഒരു വാഴയുടെ ചുവട്ടില്‍ മരവിച്ചിരിക്കുകയായിരുന്നു വേണു.
“നമ്മുക്ക് ശിവരാമന്‍ ചേട്ടനെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ വരെ ഒന്ന് പോകണം...അവര്‍ക്ക് നിങ്ങളുടെ മൊഴി എടുക്കണം..വലിയ കാര്യമൊന്നുമില്ല.ഫോര്‍മാലിറ്റി.”
ഗോപി പറഞ്ഞു.
ഗോപി പറഞ്ഞു.
ആ മരണം ഒരു സ്വാഭാവിക മരണം അല്ലെന്നും ഒന്നുകില്‍ ആത്മഹത്യയോ കൊലപാതകമോ ആണെന്ന് പോലീസിനു സംശയം ഉണ്ടെന്നും അതിനു ചോദ്യം ചെയ്യാന്‍ ആണ് കൊണ്ട് പോവുന്നത് എന്നും അമ്മ മരിച്ച മകനോട് എങ്ങനെ പറയാനാണ്?
ഗോപിയുടെ വണ്ടിയില്‍ സ്റ്റേഷനിലേക്ക് പോകുമ്പോള്‍ വേണു അരികില്‍ ഇരുന്ന അച്ചനെ പാളി നോക്കി.ആ മുഖം ഒരു മെഴുകുപ്രതിമ പോലെയുണ്ട്.നിശ്ചലമായ മിഴികള്‍ ആകാശത്തേക്ക് നീട്ടി അച്ഛന്‍ നിശബ്ദനാണ്.
വേണു ആ ദിവസങ്ങള്‍ ഓര്‍മ്മിച്ചു.
കടുത്ത പ്രമേഹം കാരണം അമ്മയുടെ സ്ഥിതി വഷളായി.കൃത്യമായ ആഹാരം ,ഡോക്ടര്‍ അനുശാസിച്ചതു മാത്രമേ, അമ്മക്ക് നല്‍കാന്‍ അച്ഛന്‍ സമ്മതിച്ചുള്ളൂ.അത് കൊണ്ട് ആരോഗ്യം കുറച്ചു മെച്ചപെടുവാന്‍ സഹായിച്ചു.പക്ഷെ തങ്ങള്‍ രണ്ടു പേരും തോറ്റ് പോയത് അമ്മയുടെ മധുരത്തിന്റെ കൊതി കൊണ്ടാണ്.അച്ഛന്‍ അറിയാതെ അമ്മ പണം മോഷ്ടിക്കുവാന്‍ തുടങ്ങി.അത് കൊണ്ട് രഹസ്യമായി മധുരപലഹാരങ്ങള്‍ വാങ്ങിത്തിന്നു.ഒടുവില്‍ അച്ഛനുമായി ഉള്ള കലഹം മൂത്ത് ഒരു മാസം അമ്മ ബാംഗ്ലൂരില്‍ വന്നു നിന്നു.പകല്‍ താന്‍ ജോലിക്ക് പോകും.ആ ഒരുമാസം കൊണ്ട് പ്രമേഹം വഷളായി.കാഴ്ച ഒട്ടുമുക്കാലും നഷ്ടപ്പെട്ടു.തിരികെ വീട്ടില്‍ വന്ന അമ്മയെ അച്ഛന്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ നോക്കി.ആഹാരം ക്രമീകരിച്ചു.മരുന്ന് കൃത്യമായി കൊടുത്തു.കാഴ്ച ക്രമേണ തിരിച്ചു കിട്ടി.കാഴ്ച പൂര്‍വ സ്ഥിതി ആവാന്‍ തുടങ്ങിയതും അമ്മ വീണ്ടും പഴയ സ്വഭാവം എടുക്കാന്‍ തുടങ്ങി.അവര്‍ തമ്മില്‍ ഉള്ള കലഹം പഴയത് പോലെ തുടങ്ങി.ഒടുവില്‍ അമ്മ തന്നെ വിളിച്ചു വരുത്തിയത് ആ വഴക്ക് മൂലം ആണെന്നാണ് താന്‍ കരുതിയത്.അമ്മക്ക് ഷുഗര്‍ വന്നതിനു ശേഷം അച്ഛന്‍ മധുരവസ്തുക്കള്‍ കഴിക്കാറില്ല എന്ന കാര്യം അമ്മ അറിഞ്ഞില്ലെന്നു നടിച്ചതാണോ?ശരിക്കും തന്റെ കുടുംബത്തില്‍ എന്താണ് നടന്നത് ?
വണ്ടി സ്റ്റേഷനില്‍ എത്തി.
അവര്‍ ഇന്‍സ്പെക്ടറുടെ മുറിയുടെ വെളിയില്‍ കാത്തു നിന്നു.മഞ്ഞനിറം പൂണ്ട വിണ്ടു കീറിയ ഭിത്തിയില്‍ ചാരി ശിവരാമന്‍ കണ്ണടച്ചു നിന്നു.
അപ്പോഴാണ് ഒരു പ്ലേറ്റില്‍ ലഡ്ഡുവുമായി ഒരു പോലീസുകാരന്‍ അയാളുടെ മുന്നില്‍ വന്നത്.
“മകന് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടി.ഒരെണ്ണം എടുക്കുട്ടോ..ഒരു സന്തോഷത്തിന്..”
പോലീസുകാരന്‍ അയാളോട് പറഞ്ഞു.
സ്വപ്നത്തിലെന്ന വണ്ണം യാന്ത്രികമായി ശിവരാമന്‍ അതില്‍ നിന്നു ഒരെണ്ണം എടുത്തു.പിന്നെ അത് വായിലിട്ടു മെല്ലെ കഴിച്ചു.ഏറെ നാള്‍ക്ക് ശേഷമാണ് അയാള്‍ മധുരം കഴിക്കുന്നത്.ആ രുചി അപരിചിതമായി അയാൾക്ക് തോന്നി.
“സ്വന്തം ഭാര്യ മരിച്ചു മുകളിലോട്ട് പോവുന്നതിനു മുന്പ് ഒരുത്തന്‍ ലഡ്ഡു കഴിക്കുന്നത് കണ്ടോ.?എന്തൊക്കെ കണ്ടാലാ ..”
ഒരു പോലീസുകാരന്‍ സബ് ഇന്‍സ്പെക്ടറെ ആ കാഴ്ച കാണിച്ചു കൊടുത്തു.
“നിങ്ങളെ എസ്.ഐ വിളിക്കുന്നു..”
ആരോ ശിവരാമന്റെ തോളില്‍ തട്ടിപ്പറഞ്ഞു.അയാള്‍ ഞെട്ടി ഉണര്‍ന്നു.താന്‍ ഇപ്പോഴും ഏതോ ദു:സ്വപ്നത്തില്‍ ആണെന്ന് അയാള്‍ക്ക് തോന്നി.ഈ നരച്ച ആകാശവും വിണ്ടു കീറിയ മഞ്ഞച്ച ഈ കെട്ടിടവും പദ്മാവതിയുടെ ചിതയുടെ ഗന്ധവും....
ചുണ്ടില്‍ പറ്റിയ ലഡ്ഡുവിന്റെ പൊടി തുടച്ചു കൊണ്ട് അയാള്‍ എസ്.ഐയുടെ മുറിക്കുള്ളിലേക്ക് കയറി.അപ്പോഴും അയാളുടെ മുഖത്ത് സ്വതേയുളള പരുക്കന്‍ ഭാവമായിരുന്നു.
(അവസാനിച്ചു)
Anish Francis
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക