നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ സ്വർഗ്ഗരാജ്യത്തിന്റെ ഓർമ്മകൾ


"ആമീ നിനക്ക് അച്ഛനോട് ആണോ അടുപ്പം അതോ അമ്മയോടോ!!!! "
ഞാൻ ഒരുപാട് തവണ കേട്ടിട്ടുള്ള ചോദ്യം ആയിരുന്നു എങ്കിലും ഇപ്പോളും ഈ ചോദ്യം ഒരു വിറയൽ ഉണ്ടാക്കും... കാരണം മറുപടി ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് ..... ആകാംക്ഷരായി ചോദിക്കുന്ന എന്റെ സുഹൃത്തുക്കളുടെ മുൻപിൽ ഒരു വിളറിയ ചിരിയിൽ എല്ലാം അടക്കി ഞാൻ ജനാലകളിലൂടെ കാണുന്ന റെയിൽവേ ട്രാക്ക് നോക്കി നിന്നു.......
എന്റെ റൂമിൽ നിന്നു കാണാൻ പാകത്തിന് ഒരു ട്രാക്ക് ഉണ്ട്...... എന്റെ കോട്ടിൽ ഇരുന്നാൽ ജനാലകളിൽ കൂടി ട്രെയിൻ വരുന്നതും പോകുന്നതും...രാവിലെയും വൈകുന്നേരവും പതിവ് തെറ്റാതെ പറന്നു ഉയരുന്ന പക്ഷിക്കൂട്ടങ്ങളെയും കാണാം .....
റൂമിൽ നല്ല എരിവും പുളിയും ചേർന്ന നർമ്മസംഭാഷണങ്ങൾ ഓടുമ്പോൾ ഞാൻ മിക്കപ്പോഴും ജനാലകളിൽ കൂടി കണ്ണും നട്ടിരിക്കും.... ഇല്ലെങ്കിൽ ചിലപ്പോൾ നിങ്ങൾ ഈ വായിക്കുന്നതുപോലെ എന്തെങ്കിലും കുത്തിക്കുറിക്കും... ഈ ട്രാക്ക് കാണുമ്പോൾ തോന്നാറുണ്ട് എന്റെ ജീവിതവും ഇങ്ങനെ ഒക്കെ തന്നെ ആണെന്ന്.... എവിടെ തുടങ്ങണമെന്നോ എങ്ങോട്ട് പോണമെന്നോ അറിയാതെ ചുമ്മാ അങ്ങ് നീണ്ടു കിടക്കുക ആണെന്ന്
അച്ഛനും അമ്മയ്ക്കും ഒറ്റമകൾ ആണ്.... ആവശ്യത്തിൽ കൂടുതൽ അവർ എനിക്ക് വേണ്ടി സമ്പാദിച്ചിട്ടുണ്ട്..... പക്ഷേ ഒരു കുഴപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.... അവർ ഒരുമിച്ച് അല്ലായിരുന്നു.... നിയമപരമായി വേർപെടുത്തി ഇല്ലെങ്കിലും മാനസികമായി വേർപെട്ട ഒരു ബന്ധം.... ചിലപ്പോൾ അവർ കടിച്ചു പിടിച്ചു നിൽക്കുന്നത് എനിക്ക് വേണ്ടീട്ടു മാത്രം ആണെന്ന് തോന്നാറുണ്ട്.....
ശരിക്കും പറഞ്ഞാൽ ഞാൻ ഒരു വികാര ജീവി ആണ്.... ഒരുപാട് സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഒരാൾ.... പ്രകടിപ്പിക്കാത്ത സ്നേഹത്തിനു വാല്യൂ ഇല്ലാ എന്ന് വിശ്വസിക്കുന്ന ഒരാൾ.....
പക്ഷേ എന്റെ വിധി എന്റെ ഇഷ്ടങ്ങൾക്കു എതിരായിരുന്നു ... നാലു വയസുള്ളപ്പോൾ തുടങ്ങിയ ബോർഡിങ് സ്കൂൾ ജിവിതം തുടങ്ങി കോളേജിൽ എത്തി നിൽക്കുന്ന ഈ ഹോസ്റ്റൽ ജീവിതം വരെ എന്നെ ശരിക്കും മടുപ്പിച്ചു....
മുൻപൊക്കെ ഒരു ഓപ്പൺഡേ വന്നാലോ പേരന്റ്സ് മീറ്റിംഗ് വന്നാലോ ഉള്ളിലൊരു നോവായിരുന്നു..... എല്ലാവരും അച്ഛനും അമ്മയ്ക്കും ഒപ്പം വരുമ്പോൾ പ്രതീക്ഷിക്കാൻ പോലും എനിക്ക് ആരും ഇല്ലല്ലോ എന്ന തോന്നൽ...
അച്ഛനും അമ്മയും വിദേശത്ത് ജോലി ചെയ്യുന്നു... ഒന്നിനും കുറവില്ലാത്ത ജീവിതം എന്നൊക്കെ സുഹൃത്തുക്കൾ പറയാറുണ്ടായിരുന്നു.... പക്ഷേ എന്റെ കുറവുകൾ വേറൊരാൾക്കും നികത്താൻ പറ്റാത്ത വിടവുകൾ ആയിരുന്നു
ഓരോ സെമസ്റ്റർ ബ്രേക്ക്‌ വരുമ്പോളും ഹോസ്റ്റലിൽ നിന്നു വീട്ടിലേക്കു ചെല്ലുമ്പോൾ ഇഷ്ടഭക്ഷണം ഒരുക്കി വെച്ചു കാത്തിരിക്കുന്ന അമ്മയെപ്പറ്റി ആവും ഫ്രണ്ട്സ്ന് പറയാൻ ഉണ്ടാവുക....പക്ഷേ ഞാൻ വരുന്നു എന്ന് പറയുമ്പോൾ ഒഴിഞ്ഞ വീടും രണ്ട് മണിക്കൂർ വന്നു പോകുന്ന ഒരു ജോലിക്കാരിയും കാണും എന്നുള്ളത് ആരോടും പറഞ്ഞിട്ടില്ലെങ്കിലും അതൊരു വേദന ആയിരുന്നു ....
പിന്നെ ഇടക്കെവിടേലും പോണമെങ്കിൽ വരുന്ന പ്രസാദ്‌ ചേട്ടൻ ആയിരുന്നു ആകെ ഉള്ള ഒരു ആശ്വാസം .... പുള്ളി എന്റെ കുഞ്ഞുനാൾ തൊട്ടേ വീട്ടിൽ ഉണ്ടായിരുന്ന ഡ്രൈവർ ആണ്.... എന്നെ ശരിക്കും മോളെപ്പോലാണ് അദ്ദേഹത്തിന് ...പുള്ളി വരുമ്പോൾ എന്നും കൂടെ ഇളയകുട്ടിയും കാണും .. എന്നേക്കാൾ രണ്ടോ മൂന്നോ വയസ് മാത്രം ഇളപ്പമുള്ള ഒരു കുറുമ്പി...അന്ന് അവൾക്കൊപ്പം സൊറ പറഞ്ഞിരിക്കുമ്പോൾ ഒരു സുഖമാണ്
വീട്ടിൽ നിന്നും തിരികെ വന്നാൽ എന്റെ സുഹൃത്തുക്കൾ അവരുടെ കുടുംബവിശേഷങ്ങളുടെ കെട്ടഴിക്കും....അതൊക്കെ കാണുമ്പോൾ കുറെയൊക്കെ അസൂയ തോന്നാറുണ്ട്... ആ സമയങ്ങളിൽ കാരണം ഞാൻ കുറേ ബുക്കുകളും ആയി ഏകാന്തതയെ മറികടക്കാൻ പെടാപ്പാട് പെട്ടിരുന്നിരിക്ക ആവും...അതും പഴയവായുവിന്റെ ഗന്ധം കെട്ടിനിൽക്കുന്ന ആ വീട്ടിൽ.....
"നീ എന്താ ഈ ആലോചിച്ചു കൂട്ടണേ "പെട്ടെന്ന് പുറകിലൂടെ വന്നു അവൾ ചോദിച്ചു.... എന്റെ സുഹൃത്താണ്‌.... എന്നെക്കുറിച്ച് അൽപ്പം എങ്കിലും അറിയാവുന്ന ഒരാൾ ...
"എയ്യ്.. ഒന്നുല്ലടാ..."ഞാൻ അവളെ നോക്കി പതിയെ കണ്ണടച്ച് കൊണ്ട് പറഞ്ഞു......
"വീണ്ടും അപ്പയേം അമ്മയേം ഓർത്തു അല്ലേ.. "
"മ്മം.. "
"പോട്ടെ.. സാരമില്ല " അവൾ എന്നോട് പറഞ്ഞു
ഒരു പുഞ്ചിരി നൽകി നടക്കുമ്പോൾ വേറൊരുത്തി അവളുടെ അച്ഛനോട് കൊഞ്ചി വർത്തമാനം പറയുന്നത് കണ്ട്‌ഉള്ളൊന്ന് പിടഞ്ഞു ..... പപ്പാ എന്നെ വിളിച്ചിട്ട് കുറേ ആയി.... ബിസി ആവും ജോലിയിൽ ... ഞങ്ങളുടെ ടൈമിംഗ് വ്യത്യാസം ഇടക്ക് വന്നിരുന്ന കാൾ കൂടി ഇല്ലാതെ ആക്കി...പുള്ളി ജോലി കഴിഞ്ഞു വരുമ്പോൾ പാതിരാത്രി ആവും ഇവിടെ.....
കാൾ വരില്ലെന്ന് അറിഞ്ഞും എന്നും കിടക്കുന്നതിനു മുൻപ് ഫോൺ സൈലന്റിൽ നിന്നു മാറ്റിയിടും എങ്ങാണും വിളിച്ചാൽ കിട്ടാതെ പോവരുതല്ലോ.... പക്ഷേ ഒരിക്കലും എന്റെ ഉറക്കം കളഞ്ഞു ഒരു ഫോൺ കാൾ പോലും എന്നെ ശല്യം ചെയ്തിട്ടില്ല ...
എന്താണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു വലിയ ഏകാന്തത.... ഫേസ്ബുക്കിലും വാട്സപ്പിലും എന്റെ സോഷ്യൽ മീഡിയ ഫ്രണ്ട്സ് സംസാരിക്കാൻ ശ്രമിക്കുമ്പോളും അടുത്തുള്ള ടേബിളിനു ചുറ്റും കൂടിയിരുന്നു റൂംമേറ്റ്സ് സൊറ പറയുമ്പോളും അതിൽ നിന്നൊക്കെ ഞാൻ ഓടിയൊളിച്ചു... ഞാൻ എന്നെ ഒരു വേലിക്കുള്ളിൽ അടച്ചു വെച്ചു..... ചിലപ്പോൾ ഞാൻ പപ്പാടേം അമ്മേടേം കൂടെ മാത്രം ആയിരിക്കുവാൻ ആഗ്രഹിച്ചത് കൊണ്ടാവാം....
അങ്ങനെ ഇരിക്കെ ആണ് അവൻ എനിക്ക് മെസ്സേജ് അയക്കുന്നത്..... സ്കൂളിൽ എന്റെ സീനിയർ ആയിരുന്നു... നല്ലൊരു മൊഞ്ചൻ ആയതുകൊണ്ട് അന്ന് കുറേ വായിനോക്കിയിട്ടുണ്ട്.... എന്തായാലും ഞാൻ റിപ്ലേ കൊടുത്തു....
ഒരേ ഫ്രീക്യുഎൻസി ആയതുകൊണ്ട് ഞങ്ങൾ വേഗം അടുത്തു.... നല്ല സുഹൃത്തുക്കൾ ആയി.... പിന്നെ എല്ലാ കഥയിലെയും പോലെ പ്രണയത്തിലും ആയി ..... അച്ഛന്റെയും അമ്മയുടെയും സ്നേഹം ഞാൻ ചിലപ്പോൾ അവനിൽ നിന്ന് ആഗ്രഹിച്ചു കാണും......
ആദ്യം ഒക്കെ എന്റെ കരുതലും സ്നേഹവും അവനു ഇഷ്ടമായിരുന്നു എങ്കിലും പിന്നെ അവനു അതൊരു അധികപ്പറ്റായി തോന്നി..... ഒരു നിമിഷം കൊണ്ട് എല്ലാം തട്ടി എറിഞ്ഞു അവനും പോയി....അതിപ്പോ കുറേ ആയെങ്കിലും അനുരാഗകരിക്കിൻവെള്ളം ഫിലിം കണ്ടപ്പോൾ അറിയാതെ ആണെങ്കിൽ പോലും ഞാൻ അവനെ ഓർത്തു പോയി
ഈ ഇടെയായി ഇടയ്ക്കു മൂക്കിൽ നിന്നു ബ്ലഡ്‌ വരാറുണ്ടായിരുന്നു..... ആദ്യം ഒക്കെ വല്ലപ്പോളും മാത്രമാരുന്നു എങ്കിൽ ഇതിപ്പോൾ ഇടക്ക് ഇടക്ക് വരുന്നുണ്ട്.....പനി പിടിക്കുന്നത്‌ കൊണ്ടാവാം ചിലപ്പോൾ.....എന്തായാലും അടുത്തു വരുന്ന ലീവിന് നാട്ടിൽ പോകുമ്പോൾ ഒരു ഡോക്ടറെ കാണണം.....
ഇത്തവണയും നാട്ടിൽ എത്തിയപ്പോളേക്കും പനി ആയിരുന്നു.... രാത്രിയിൽ നിർത്താതെ ബ്ലീഡിംഗ് ഉം.... ഞാൻ പ്രസാദ്‌ ചേട്ടനെയും കൂട്ടി ഹോസ്പിറ്റലിൽ പോയി...മാത്യു ഡോക്ടർ കുറേ കാലമായി ആ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ആളാണ്.... നാട്ടിൽ വരുമ്പോൾ ഒരു തവണ എങ്കിലും പുള്ളിയെ കാണാൻ പോണം എന്നുള്ളത് എന്റെ നേർച്ച പോലാണ്..... അതുകൊണ്ട് തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു.......
രണ്ട് മൂന്നു തവണ മരുന്നു തന്നു വിട്ടെങ്കിലും വിട്ടു വിട്ടു എനിക്ക് പനി വന്നു കൊണ്ടിരുന്നു.... പോരാത്തതിനു സന്ധികളിൽ ഭയങ്കരമായ വേദനയും.....
ഇത്തവണ ചെന്നപ്പോൾ ഡോക്ടർ എന്റെ കഴുത്തിൽ നോക്കി കൊണ്ട് ചോദിച്ചു എന്ത് പറ്റിയത് ആണെന്ന്.... ഈ ഇടെ വന്നതാണ്‌ രക്തം കെട്ടി നിൽക്കുന്ന കുറേ കുരുക്കൾ... മരുന്നിന്റെ സൈഡ് എഫ്ഫക്റ്റ്‌ ആവും... പുള്ളി മരുന്നൊന്നും അത്തവണ തന്നില്ല.... പകരം എന്തൊക്കെയോ ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞു.. മൂന്നുദിവസം കഴിഞ്ഞു വരാനും....
മൂന്നുദിവസം കഴിഞ്ഞു ചെന്നപ്പോൾ ഒരു ഡോക്ടറിന്റെ അടുക്കലേക്ക്‌ റെക്കമെന്റ് ചെയ്തു.... അവരും ഒരാഴ്ച ദൈർക്യം ഉള്ള ഒരു ടെസ്റ്റിന് എഴുതി തന്നു... എല്ലാം കഴിഞ്ഞു . അന്ന് വൈകുനേരം വീട്ടിൽ എത്തിയപ്പോൾ എന്തോ സംശയം പോലെ... ഞാൻ ഗൂഗിൾ ചെയ്തു നോക്കി... വന്നത് കണ്ട്‌ ഒരു നിമിഷം എന്റെ ശ്വാസം നിലച്ചു എങ്കിലും . പിന്നെ ഒന്നും ഇല്ലാ എന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചു.... റിസൾട്ട്‌ വന്നപ്പോൾ എന്റെ സംശയം യാഥാർത്യം ആണെന്ന് മനസ്സിലായി..ഒരുപാട് പേരെപ്പോലെ . എനിക്കും ലുക്കിമിയ ആണെന്ന്....
ഞാൻ ക്യാൻസറിന്റെ അവസാനഘട്ടത്തിൽ ആണെന്ന് അറിഞ്ഞിട്ട് ആവും പപ്പേം അമ്മേം ഓടിവന്നു...മരുന്നും കീമോയും എന്നെ അതികഠിനമായി വേദനിപ്പിച്ചെങ്കിലും ഞാൻ ഹാപ്പി ആയിരുന്നു.... അവരുടെ കൂടെ ആദ്യമായി ആരുന്നു ഞാൻ അങ്ങനെ ഒരുമിച്ച്....തളർന്നു കിടക്കുമ്പോൾ പപ്പാ കൂടെ വന്നിരുന്നു എന്റെ തലയിൽ തഴുകി തരും..... അമ്മ ഭക്ഷണവും മരുന്നുമായി എന്റെ പുറകെ നടക്കും...കീമോ കഴിഞ്ഞുള്ള ഭയങ്കരമായ ച്ഛർദിയും ഷീണവും വേദനയും അലട്ടുമ്പോളും ഞാൻ ഇതൊക്കെ ആസ്വദിക്കുക ആയിരുന്നു..... കുഞ്ഞുനാളിലെ തൊട്ട് ആഗ്രഹിച്ച ആണ്.. പക്ഷേ അന്ന് അവർക്ക് സമയം ഉണ്ടായിരുന്നില്ല....പക്ഷേ ഇന്നു അതൊക്കെ കിട്ടുമ്പോൾ എന്റെ നാളുകൾ കുറിക്കപ്പെട്ടിരുന്നു കഴിഞ്ഞിരുന്നു.........
അവരുടെ കൂടെ ഇങ്ങനെ ഇരിക്കുമ്പോൾ ഒന്നും കൂടി ജീവിക്കാൻ തോന്നുന്നു... കുറച്ചു കാലം കൂടി സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും
ഒരു ദിവസം പപ്പയെ അള്ളിപ്പിടിച്ചു വൈകുനേരം ബീച്ചിലൂടെ നടക്കുമ്പോൾ ചോദിച്ചു "പപ്പാ... എനിക്ക് കുറച്ചു കാലം കൂടി ഇങ്ങനെ നിങ്ങളുടെ കൂടെ ജീവിക്കണം എന്ന് തോന്നുന്നു... കുറച്ചു കാലം കൂടി ഞാൻ കാണോ പപ്പേ".... പപ്പാ ഒന്നും പറയാതെ എന്റെ നെറ്റിയിൽ ചുംബിച്ചു എന്നെ ഒന്നും കൂടി ഇറുക്കി പിടിച്ചു.... ആ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു........
"ഞാൻ മരിച്ചാൽ തന്നെയും അത്രയ്ക്ക് ഹാപ്പി ആണ് ഞാൻ ഇന്നു.... അവര് രണ്ടുപേരും ഒരുമിച്ചല്ലോ.. എല്ലാ ആഗ്രഹങ്ങളും തീർന്നാവും ഇവിടെ നിന്ന് പോവുക... ഇത്രേം ഒക്കെയേ ഈ പത്തൊൻപതുകാരി ആഗ്രഹിച്ചിട്ടുള്ളൂ ""ഞാൻ മനസ്സിൽ ആരോടെന്നോ പറഞ്ഞു......
"നമ്മളുടെ കുട്ടികൾ പണത്തിനേക്കാൾ അധികം സ്നേഹമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്നു തോന്നുന്നു... പേരന്റ്സ് വിദേശത്ത് ആണെന്ന് പറഞ്ഞു ഇമ്പോർട്ടഡ് സാധനങ്ങൾ കാട്ടി വീമ്പു പറയുമ്പോളും ആരും അറിയാതെ അവർ ആഗ്രഹിക്കുന്ന ഒന്നുണ്ട് നമ്മളുടെ സ്നേഹം..... ഈ ടച്ച്, പ്രെസൻസ് ഒക്കെ വല്യ സംഭവം തന്നാണ്..... ഒരാളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് തന്നെ ഈ സ്നേഹം അല്ലേ....നമ്മളുടെ കുട്ടികൾക്ക് ഈ പണത്തിനെയോ പദവിയേയോ കുറിച്ച് അറിയില്ല... അറിയുന്നതും ആഗ്രഹിക്കുന്നതും നമ്മളെ മാത്രം ആവും... നമ്മളുടെ കുറച്ചു സമയം ആവും.... "
എന്റെ മുഖപുസ്തകത്തിൽ ഇങ്ങനെ കുറിച്ച് ഞാൻ ഉറങ്ങാൻ കിടന്നു.... ഇനിയൊരു പ്രഭാതം കാണുമോ എന്നറിയില്ലെങ്കിലും... ഇനി കണ്ടില്ലെങ്കിലും "എന്റെ സ്വർഗ്ഗരാജ്യത്തിന്റെ ഓർമ്മകൾ " കൊണ്ടാവും ഞാൻ പോവുക.....ഒരായുസിന്റെ സന്തോഷം കൊണ്ട്....

By
Shilpa

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot