Showing posts with label ശിൽപആനി. Show all posts
Showing posts with label ശിൽപആനി. Show all posts

നമ്മളുടെ എല്ലാ സ്വപ്നങ്ങളും നടക്കില്ല

"ഇന്നു താൻ വരുന്നില്ലേ "
കണ്ണ് തുറന്നപ്പോളേ ഫോണിൽ കുത്തിക്കൊണ്ടു ഇരുന്ന സോഫി എന്നോട് ചോദിച്ചു....
"ഇല്ല.. പുറത്തു പോണം... ഫ്രണ്ട് വരും "
"അപ്പൊ ഇന്നു " സി " ഞാൻ തന്നെ ഹാൻഡിൽ ചെയ്യണം അല്ലേ !!!"അവളുടെ മുഖത്തു ഒരു കാർനിഴൽ വീണു...
"ഇന്നു മാത്രമല്ല മോളെ ഇനി എന്നും.. ഞാൻ നാളെ പോകുവല്ലേ.. " അവളെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു....
ഞാൻ കൊച്ചിലോട്ട് വന്നപ്പോൾ കിട്ടിയ ഫ്രണ്ട് കം ടീച്ചർ ആണ് കക്ഷി... പോരാത്തേന് ഓൾഡി ആയ ആന്റിടെ ബോറിംഗ് ഇൻസ്ട്രക്ഷൻസ് സഹിക്കാൻ എന്റെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന ഏക ജീവിയും അവൾ ആയിരുന്നു
ആൻഡ്രോയിഡിൽ ഇടയ്ക്കു തല പുകച്ചു ഇരുന്നപ്പോൾ അവൾ എന്നെ പിടിച്ചു ടീച്ചറും ആക്കി.... അതുകൊണ്ട് ദോഷം പറയല്ലോ സിയിലും സി പ്ലസ്‌ പ്ലസ്സിലും ജാവയിലും മനസ്സറിഞ്ഞു ഒന്ന് കോൺസെൻട്രേറ്റി....
ഇന്സ്ടിട്യൂട്ടിൽ പോവാതിരുന്ന എന്റെ ബുദ്ധിയെ മനസ്സറിഞ്ഞു ഞാൻ പ്രാകിയ ദിവസം ആയിരുന്നു ഇന്നു . അവൾ പോയപ്പോൾ പോയ കറന്റ്‌ ഉച്ച ആയിട്ടും വന്നില്ല... എന്റെ ഫോൺ ഒരിറ്റു കറന്റിനായി ദാഹിച്ചു ഇടയ്ക്കു ചുവപ്പ് അടയാളം കാട്ടികൊണ്ടിരുന്നു.. പോരാത്തേന് ഭയങ്കര മഴയും... നൊസ്റ്റാൾജിയ കേറി തലയ്ക്കു പിടിക്കുകയും ചെയ്തു....
"സോഫിടെ പ്രാക്ക് ആവുമോ ഇനി !!!"
മൂന്നുമണി ആകുമ്പോൾ അയാളെ വിളിക്കാൻ പറഞ്ഞിരുന്നു... ഇനിം കുറേ സമയം ഉള്ളത് കൊണ്ട് "ലൂക്കിങ് ഫോർ അലാസ്ക " എടുത്തു വെച്ചൊന്ന് കസറി...ബോധം വന്നപ്പോൾ സമയം 3:10...കറന്റ്‌ കിട്ടി ഹാപ്പി ആയ എന്റെ ഫോണിനെ എടുത്തു ആഞ്ഞ് കുത്തി
"സോറി ശില്പ !!!ഞാൻ തിരക്കിൽ ആയി പോയി... ഇന്നു കാണാൻ പറ്റുമെന്ന് തോന്നുന്നില്ല... ഞാൻ നിന്നെ ഒരു 4:30 ആവുമ്പോൾ വിളിക്കട്ടെ " അപ്പുറത്ത് നിന്നു അയാളുടെ ക്ഷമാപണം വന്നു...
"ഓക്കേ " എന്ന് പറഞ്ഞു വെച്ചെങ്കിലും ഞാൻ അത്രയും ഓക്കേ ഒന്നും ആയിരുന്നില്ല...
4:30 കഴിഞ്ഞും കാൾ വന്നില്ല... തിരിച്ചു വിളിച്ചിട്ടും നോ റെസ്പോൺസ്... ദേഷ്യത്തിൽ ഫോൺ കോട്ടിലേക്കു എറിഞ്ഞെങ്കിലും വീണത്‌ നിലത്തേക്ക് ആയിരുന്നു... അങ്ങനെ സുന്ദരനായ എന്റെ ഫോൺ കുട്ടനിൽ ചില വിള്ളലും വരകളും ഒക്കെ ഉണ്ടായി..അവൻ അന്ത്യശ്വാസം വലിക്കുവാണോ എന്ന് പേടിച്ചു ഓടിപ്പോയി എടുത്തു നോക്കി .. "ഹാവൂ.. ജീവൻ ഉണ്ട്"..എവിടെയോ ഒരാശ്വാസം...
ആകെ തോറ്റു പോയി എന്ന് തോന്നിയ നിമിഷം ആയിരുന്നു അത്..
മൂന്നുവർഷത്തിനിടക്ക് ഒരിക്കൽ പോലും കേരളത്തിലേക്ക് വരണമെന്ന് തോന്നിയിട്ടില്ല.... ഇന്നു അത് തോന്നിയതിനു കാരണം അയാൾ ആവും... എന്നിട്ടും കാണാൻ പറ്റി ഇല്ലെങ്കിൽ....ആകെ എന്തോ പോലെ...
എന്റെ മേഘാലയൻ ഫ്രണ്ട്സ് കലൂരിൽ ഉണ്ടായിരുന്നു... ഇന്നു രാത്രിയിലെ ട്രെയിനിന് അവർ തിരികെ പോകും.... അവർക്കൊപ്പം ഉണ്ടായിരുന്ന തൃശ്ശൂരുകാരി സുഹൃത്ത്‌ നേരം വൈകിയും വരാത്തത് കൊണ്ട് അവരു വിളിച്ചു കച്ചറ തുടങ്ങി... ഷോപ്പിംഗ്‌ ഉണ്ടത്രേ.... അവർക്കു ഇടപ്പള്ളി പോണം ഞാൻ ചെല്ലണം എന്ന്
ഞാൻ ആകെ മൂഡ് ഔട്ട്‌ ആയിരുന്നു.... കിട്ടിയ ഡ്രസ്സ്‌ ഇട്ടു... ബാഗിൽ പഴ്സും ഫോണും കുത്തി തിരുകുമ്പോൾ അയാളുടെ ബുക്ക്‌ എന്നെ നോക്കി കൊഞ്ഞനം കാട്ടി... ഇറങ്ങാൻ നേരം ഒന്നും കൂടി കണ്ണാടിയിൽ നോക്കിയപ്പോൾ ഫൌണ്ടേഷൻ ഇട്ട എന്റെ മുഖത്തു കൂടി നീണ്ട കറുത്ത അടയാളങ്ങൾ... എഴുതി മിനുക്കിയ കണ്ണിലെ കണ്മഷി പടർന്നിരിക്കുന്നു
"അമ്പോ... നിക്ക് കരയാൻ ഒക്കെ അറിയാം അല്ലേ.. "
സെക്കന്റ്‌ റൌണ്ട് പുട്ടി ഇടാൻ മിനക്കെടാതെ ഒരു ടിഷ്യു വെച്ചു അഡ്ജസ്റ്റ് ചെയ്തു കിട്ടിയ ക്യാബിൽ ഞാൻ ഇറങ്ങി... പോകും വഴി ഒരു മെസ്സേജ് അയച്ചു അയാൾക്ക്....
"ഇടപ്പള്ളിയിൽ കാണും ഫ്രീ ആയാൽ വരൂ"
ക്യാബിൽ ഇരിക്കുമ്പോൾ ന്റെ സുഹൃത്ത്‌ ഞാൻ ട്രെയിൻ കയറാൻ പോകുമ്പോൾ പറഞ്ഞത് ഓർമ വന്നു... "ഇത് ഫിലിം അല്ല... അയാൾ വന്നു കാണേണ്ട ഒരു കാര്യോം ഇല്ല... ബി സി ആവും... നീ പോവണ്ട... "..അത് ശരി ആണെന്ന് തോന്നിപ്പോയി പലപ്പോളും... ഇടയ്ക്കിടയ്ക്ക് നിറഞ്ഞ കണ്ണ് ആരും കാണാതെ തുടക്കുമ്പോൾ എവിടെയോ ഞാനും ഒരു ചെറിയ കുട്ടിയെപ്പോലെ ആയി....
അവരുടെ ഷോപ്പിംഗ്‌ കഴിഞ്ഞു പോകാൻ തുടങ്ങിയപ്പോൾ ഡെയ്റ്റി അയാൾക്ക്‌ വേണ്ടി ഞാൻ വാങ്ങിയ ബുക്സ് കൈയിൽ വെച്ചു തന്നു.... കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു ഷോപ്പിംഗ്‌കഴിഞ്ഞു അവരുടെ ഫ്ലാറ്റിൽ കയറിയപ്പോൾ അവിടെ വെച്ചു മറന്നതായിരുന്നു അത് .... എവിടെയോ എന്തോ കൊളുത്തി വലിക്കുന്നത് പോലെ...
ഒരിക്കൽ ഒരു ഓപ്പൺ ഡേക്ക് പേരന്റ്സ് വരാത്തത് ഫ്രണ്ട്സ് പറഞ്ഞു കളിയാക്കിയപ്പോൾ വിതുമ്പി കരഞ്ഞ എന്നെ ചേർത്തുപിടിച്ചു ഏട്ടൻ പറഞ്ഞ ഒരു ഡയലോഗ് ഉണ്ട് .. "ഡോണ്ട് ഷോ അപ്പ്‌ യുവർ ഇമോഷൻസ്... ആർക്കും അതു മനസ്സിലാവില്ലടാ ... നമ്മൾക്ക് നമ്മൾ മാത്രെ ഉള്ളൂ "എന്ന്....അന്ന് തൊട്ട് ആർക്കും മുൻപിൽ കരയാത്ത ഒന്നും ആഗ്രഹിക്കാത്ത ഒരു ഗേൾ ആദ്യമായി ആവും ഇങ്ങനെ ഗംഗ യമുനാ ഒഴുക്കുന്നത്... ഇന്നു ഏട്ടന്റെ ആ ഡയലോഗ് സത്യം ആയി തോന്നി...
അവർക്കു കാബ് വിളിച്ചു കൊടുത്തു വരുന്നില്ല എന്ന് പറഞ്ഞു നടക്കുമ്പോൾ ഞാൻ ശരിക്കും ബ്ലാങ്ക് ആയിരുന്നു... അപ്പോളാണ് മമ്മി എന്നോട് ഇടപ്പള്ളി പള്ളിയിൽ പോണം എന്ന് പറഞ്ഞത് ഓർമ വന്നത് ... അവിടെ ചെന്നു പ്രാർത്ഥിച്ചു ഇറങ്ങിയപ്പോൾ എന്തോ വീണ്ടും അയാളെ ഒരിക്കൽ കൂടി വിളിക്കാം എന്ന് തോന്നി .....
വിളിച്ചപ്പോൾ അയാൾ വരാം എന്ന് പറഞ്ഞു....മനുഷ്യർ തോറ്റു പോകുമ്പോൾ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും എന്ന് കേട്ടിട്ടില്ലേ.... ചിലപ്പോൾ അങ്ങനെ ഒന്നാവാം....
എന്റെ ജീവിതത്തിൽ ഒരുപാട് തവണ ഒരുപാട് പേര് ഒരു "മിറക്കിൾ" പോലെ വന്നിട്ടുണ്ട്... അങ്ങനെ ഒരു "മിറക്കിൾ" ആയിരുന്നു അയാളും.....
അയാൾ ഒപ്പം ഉണ്ടായിരുന്ന ആ ഒരു മണിക്കൂർ ജീവിതത്തിലെ പ്രൈസ് ലെസ്സ് മൊമെന്റ്സിൽ ഒന്നായിരുന്നു.... ഈ മൂന്നു വർഷത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഹാപ്പി ആയതും ആ ഒരു മണിക്കൂറിൽ മാത്രം ആവും....
കൊച്ചിയോടു ബൈ പറഞ്ഞു യാത്ര തിരിച്ചു..
" നീ ആരെയാ ഈ നോക്കുന്നെ !!"
മമ്മി എന്നോട് ചോദിച്ചു... ഒന്നും ഇല്ല എന്ന അർത്ഥത്തിൽ ഞാൻ തല ഇളക്കി
ഇനി ഒരിക്കലും കൊച്ചിയിലേക്കു ഉണ്ടാവില്ല എന്ന് മനസ്സ് മന്ത്രിക്കുമ്പോളും കാറിനുള്ളിൽ ഇരുന്നുകൊണ്ട് ഇപ്പോളും എന്റെ കണ്ണ് ആരെയെങ്കിലും തേടുന്നുണ്ടെങ്കിൽ അയാളെ മാത്രം ആവും..... കേട്ടിട്ടില്ലേ നമ്മളുടെ എല്ലാ സ്വപ്നങ്ങളും നടക്കില്ല എന്ന് അതുപോലെ ഞാൻ ഏറ്റവും മിസ്സ്‌ ചെയ്യാൻ പോകുന്ന ന്റെ ഏറ്റവും വലിയ സ്വപ്നം അയാൾ മാത്രം ആവും... ചിലപ്പോൾ ഞാൻ അയാളുടെ ജീവിതത്തിൽ ഒന്നും അല്ലെങ്കിൽ കൂടി തന്നെ....

Shilpa

സ്നേഹമെന്ന നൂലിഴ


"അയ്യേ... നീ മാത്രമേ ഉള്ളൂ മല്ലു ഗേൾ ആയീ !!!!!കഷ്ടം.... നീ എങ്ങനെ ആ തമിഴ്സിനെ സഹിക്കും ????"...ബെറ്റർ മോളെ നീ ഡിപ്പാർട്മെന്റ് ചേഞ്ച്‌ കൊടുക്ക്‌... ഞങ്ങൾടെ ഒപ്പം പോരെ...!!
മലയാളികളുടെ കൂടെപ്പിറപ്പായ പുച്ഛഭാവത്തിൽ എന്റെ മല്ലുസ് എന്നോട് പറഞ്ഞു... ദുബായിൽ വളർന്ന എനിക്ക് എന്ത് മല്ലു... ???എന്ത് തമിൾ.. ??..അതുകൊണ്ട് തന്നെ അവടെ തുടരാൻ ഉള്ള തീരുമാനം എന്റെത് ആയിരുന്നു....
അതിൽ കുറച്ചു സ്വാർത്ഥത ഉണ്ടെന്ന് വെച്ചോളൂ.....മലയാളി പയ്യന്സിന്റെ വിഹാരകേന്ദ്രമായിരുന്നു ഡിപ്പാർട്മെന്റ്...!!!!.. ഒരേഒരു മലയാളി ഗേൾ..!!!. വി വി ഐ പി ട്രീട്മെന്റ് ആരുന്നു നമ്മൾക്ക് ഫസ്റ്റ് ഡേ തന്നെ... ഇത്രയും ഇമ്പോർട്ൻസ് വേറെവിടെ കിട്ടാൻ ??
രണ്ടാമത്തെ ദിവസം തൊട്ടു പണി പാലും വെള്ളത്തിൽ കിട്ടി തുടങ്ങി...എന്റെ ക്ലാസ്സിലെ പാവം തമിൾകൊടികൾക്ക് ഇംഗ്ലീഷ് അറിയില്ല... എനിക്കാണേൽ നേരെ ചൊവ്വേ മലയാളം അറിയില്ല... പിന്നെയാ തമിഴ്..!!!..അറിയാവുന്ന എല്ലാ ആംഗ്യങ്ങളും വേണ്ടിയിരുന്നു ആദ്യമൊക്കെ .. കാര്യങ്ങൾ മനസ്സിലാക്കാൻ ഭാഷ ഒരു പ്രശ്നമല്ല എന്ന് എന്നെ പഠിപ്പിച്ചത് അവരായിരുന്നു .... അവരെന്നെ തമിഴ് ഉം ഞാൻ അവരെ മലയാളവും പെട്ടന്ന് തന്നെ പഠിപ്പിച്ചു.....
ആദ്യമൊക്കെ ക്ലാസ്സിൽ ടോപ്‌ ആയി നിന്ന എന്നെ അടുത്ത സെമെസ്റ്ററിൽ ഒരു പെണ്കുട്ടി കവർ ചെയ്തു.... സത്യം പറഞ്ഞാൽ അന്നാണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത് തന്നെ.... ക്ലാസ്സിലെ പൂച്ചക്കുട്ടി... ചെറുതായി അവളോട്‌ എനിക്കമർഷം തോന്നി ഇല്ലാ എന്നില്ല..... സ്റ്റാർ ആയ എന്നെ എന്നാലും അവൾ !!!..കണ്ടാലും മതി.... ഹും !!!!....പിന്നെ ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി എന്നതാണ് വേറൊരു വസ്തുത... അതും ആരും അറിയാതെ..... എന്തൊക്കെ കഷ്ടപ്പാടാലേ... പിന്നെ എല്ലാ സെമെസ്റ്ററിലും അവൾ എന്നേക്കാൾ മാർക്ക്‌ വാങ്ങി.... എനിക്ക് ആണേൽ ആകെ അവളോട്‌ ആകെ ദേഷ്യം ആയി....
അടുത്ത ചതി എന്നോട് ചെയ്തത് എന്റെ ട്യൂട്ടറും ഹോസ്റ്റൽവാർഡനും ആയ മാഡം ആയിരുന്നു... മലയാളീസിന്റെ അടുത്തുനിന്നു എന്നെ തമിഴ് റൂമിലേക്ക്‌ തട്ടി.... .. ഒരേ ഡിപ്പാർട്മെന്റ് സ്ടുടെന്റ്സ് നെ അവർ ഒരേ റൂമിൽ ആക്കി...പഠിക്കാൻ എളുപ്പത്തിനത്രേ .. കഷ്ടകാലത്തിനു അവൾ എന്റെ റൂമിലും വന്നു പെട്ടു.... ഞാൻ റൂം വേണ്ട എന്ന് വീട്ടിൽ വിളിച്ചു കരച്ചിൽ തുടങ്ങി.....
അപ്പോൾ ആണ് കഥാനായിക ആദ്യമായി എന്നോട് സംസാരിക്കുന്നതു... "നിനക്ക് ഞാൻ തമിഴ് ആയതു കൊണ്ട് ഇഷ്ടമല്ലല്ലേ... അതുകൊണ്ട് അല്ലേ റൂം മാറാൻ വാശി പിടിക്കണേ "എന്ന് ..അവൾ എന്നോട് ചോദിച്ചു... "ആണ് " എന്ന് മനസ്സ് മന്ത്രിക്കുമ്പോളും "ഇല്ല... "എന്ന് എനിക്ക് പറയേണ്ടി വന്നു... ഉടനെ തന്നെ റൂം മാറേണ്ട എന്ന് ഞാൻ പ്ലേറ്റ് തിരിച്ചു..... പാവം അവൾ അത്രക്കും നിഷ്കളങ്കമായിരുന്നു ചോദിച്ചത്.....
ഞാൻ വന്നപ്പോൾ തൊട്ട് അവളോട്‌ തൊട്ടതിനും പിടിച്ചതിനും വഴക്കിടും ദേഷ്യപ്പെടും... ഒന്നും പറയാതെ നിന്നു കേൾക്കും.... യേശുക്രിസ്തുവിന്റെ ന്യൂ ജനറേഷൻ ഫോം ആണോ എന്ന് പോലും തോന്നി പോയി .. പലപ്പോഴും....
ഇവിടെ വന്നിട്ടാണ് അവളെപ്പറ്റി ഞാൻ ശരിക്കും അറിയുന്നത്...ഇടയ്ക്കു ഡൌട്ട് ചോദിക്കുമ്പോൾ ഞാൻ ഒഴിവു കഴിവ് പറയുമായിരുന്നു.... .ബിസി ചാറ്റിംഗിൽ ആവുമേ... ഒരു ദിവസം ഡാറ്റ തീർന്നത് കൊണ്ട് അവള്ക്ക് പറഞ്ഞുകൊടുക്കാൻ ഇരുന്നു.... അപ്പോളാണ് അറിയുന്നത് .... അവൾക്കു ഇംഗ്ലീഷ് തരിമ്പു പോലും അറിയില്ല... മുഴുവൻ മനഃപാഠം പഠിച്ചാണ് എന്നേക്കാൾ മാർക്ക്‌ വാങ്ങുന്നത്.... രാത്രി മുഴുവൻ കഷ്ടപ്പെടും.... ഇത്രേം കാലം ഓർത്തത്‌ ഈ രാത്രികാല പഠനം എന്നേ തോൽപ്പിക്കാൻ ആണെന്നാണ്
പിന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി....ഞാൻ അവളുടെ കൂടെ ആയി എപ്പോഴും. ആർക്കും അതിഷ്ടപ്പെട്ടില്ല.. പരസ്യമായും രഹസ്യമായും എന്നോട് അവളെപ്പറ്റി കുറ്റം പറഞ്ഞു... .. അവൾ ഒരു സാധു പെണ്കുട്ടി ആരുന്നു.... ഗവണ്മെന്റ് കോട്ട ഇല്ലാരുന്നേൽ എഞ്ചിനീയറിംഗ് സ്വപ്നം പോലും കാണാൻ പറ്റില്ലായിരുന്നു എന്ന് അവൾ പറയും...അച്ഛന്റെ ഉപദ്രവം കാരണം .. അമ്മ ചെറുപ്പത്തിലെ ആത്മഹത്യാ ചെയ്തു..... അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു.... കേരളത്തിൽ ഏതോ ലയത്തിൽ ജോലി ആണ്... അവിടെ രണ്ടാമത്തെ ഭാര്യക്ക്‌ ഒപ്പം ആണ് താമസം... ആ വിവാഹത്തിൽ രണ്ടു കുട്ടികൾ വേറെയും ഉണ്ട്....
ഇവൾക്ക് ഒരനിയൻ ഉണ്ട്.... അതിനെ അയാൾ കൊണ്ടുപോയി...പെണ്കുട്ടി ആയതു കൊണ്ട് ഇവളെ ആർക്കും വേണ്ട..അച്ഛൻ അവളെ ഉപേക്ഷിച്ചു പൊകുവേം ചെയ്തു ...
കുഞ്ഞായിരിക്കുമ്പോൾ അച്ഛന്റെ അനിയന്റെ വീട്ടിലെ ജോലികൾ മുഴുവൻ ചെയ്യണം... ഇല്ലേൽ ഭക്ഷണം കൊടുക്കില്ല .. അത് കഴിഞ്ഞാണ് അവൾ പഠിക്കാൻ പോയിരുന്നത്.. .. സഹിക്കാൻ പറ്റാതെ വന്നപ്പോൾ ഒരിക്കൽ അമ്മ വീട്ടിലേക്കു ഇറങ്ങി നടന്നു.. അതുകഴിഞ്ഞ് .. ഇവടെ അമ്മയുടെ അച്ഛനും അമ്മക്കുമൊപ്പം ആയിരുന്നു.... ഞങ്ങൾ ഫസ്റ്റ് സെമെസ്റ്ററിൽ പഠിക്കുമ്പോൾ അമ്മമ്മ കാൻസർ വന്നു മരിച്ചു...കാശ് ഇല്ലാതെ ചികിത്സ കിട്ടാതെ ആണെന്ന് അവളുടെ പറച്ചിലിൽന്നു എനിക്ക് മനസ്സിലായി....
ബുക്സ് വാങ്ങാൻ കാശ് ഇല്ലാത്തതു കൊണ്ടാവണം അവൾ പിന്നെ ഞാൻ പഠിച്ചു കഴിഞ്ഞു എന്റെ ബുക്ക്‌ വെച്ചു പഠിക്കാൻ തുടങ്ങിയത്..... ആ സെമെസ്റെർ ഞാൻ ടോപ്‌ ആയി എങ്കിലും എനിക്ക് ഒരു സന്തോഷവും തോന്നിയില്ല... പക്ഷെ അവൾ എനിക്ക് വേണ്ടി ഒരുപാട് ഹാപ്പി ആയിരുന്നു .... . വൈകുനേരം ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ ഞാൻ അവളോട്‌ പറഞ്ഞു..... ഞാൻ ആകെ ഡിസ്ട്രക്ടഡ് ആവുന്നു... നമ്മൾക്ക് ഇനി ഒരുമിച്ചു പഠിക്കാം എന്ന്....... അന്ന് തൊട്ടു ഞങ്ങൾക്ക് എല്ലാം ഒന്നേ ഉണ്ടായുള്ളൂ... ഒരു പ്രത്യേക അടുപ്പം ആയിരുന്നു ഞങ്ങളുടെ.....
ഒരു വൈകുനേരം അവളുടെ മുത്തച്ഛൻ മരിച്ചുപോയി എന്ന് പറഞ്ഞു കാൾ വന്നു.... അവൾക്കിനി ആരുമില്ലല്ലോ എന്നോർത്ത് എനിക്ക് ഒരുപാട് വിഷമം തോന്നി.... പക്ഷെ കരയാതെ സ്ട്രോങ്ങ്‌ ആയി.... യാത്രക്ക് തയാറാകുന്ന അവളെ അത്ഭുതത്തോടെ നോക്കി നിൽക്കാനേ എനിക്ക് പറ്റിയുള്ളൂ....
പിന്നെ സെമെസ്റെർ ബ്രേക്ക്‌ വന്നപ്പോൾ എവിടെപോകുമെന്നറിയാതെ നിൽക്കുന്ന അവളെ ഞാൻ കണ്ടു........ അവിചാരിതമായി അവളെ അവളുടെ അച്ഛൻ വിളിച്ചു കേരളത്തിലേക്ക് വരാൻ പറഞ്ഞു.... അവളെ ബസിൽ കയറ്റിവിട്ടു പോകുമ്പോൾ അൽപ്പം സന്തോഷം തോന്നി... പാവം തനിച്ചായില്ലല്ലോ...
ഏറ്റവും ആദ്യം ഹോസ്റ്റലിൽ തിരിക വരുന്ന എന്നേക്കാൾ മുൻപേ ഇത്തവണ അവൾ വന്നു.... രണ്ടാനമ്മയുടെ പോരിന്റെ കഥയായിരുന്നു അത്തവണ ഞാൻ കേട്ടത്..... നിനക്ക് തോന്നുന്നതാണ് എന്ന് പറഞ്ഞു സമാധാനിപ്പിച്ചു ഒരു തവണ കൂടി ഞാൻ അവളെ ബസ്‌ കയറ്റി വിട്ടു.... തിരികെ വന്നപ്പോൾ... എന്തോ കൊണ്ട് തല്ലി വീർത്ത കൈത്തണ്ടകൾ ആണ് ഞാൻ കണ്ടത്....
അന്ന് ഞാൻ അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ ഓർത്തു എനിക്ക് തന്നെ അത്ഭുതം തോന്നി.... എന്റെ വീട്ടിൽ ഞാൻ എന്ത് ഭാഗ്യവതി ആണെന്ന തിരിച്ചറിവും.... ഞാൻ എന്റെ കുടുംബത്തിലെ ഒരേ ഒരു പെൺകുട്ടി ആയിരുന്നു.... അതുകൊണ്ട് തന്നെ ഒരു രാജകുമാരിയെപ്പോലെ ആയിരുന്നു എന്നെ എല്ലാവർക്കും നോക്കിയിരുന്നത്...... എന്നാലും അത്രയും കാലം ഞാൻ എന്റെ കുറ്റങ്ങളെയും കുറവുകളെക്കുറിച്ചും മാത്രമായിരുന്നു ചിന്തിച്ചിരുന്നത് ..... ആദ്യമായി ആയിരുന്നു എനിക്ക് അങ്ങനെ ഒരു ബോധോദയം ഉണ്ടാവുന്നത്.....
ഒരു സെമെസ്റ്റർ പെട്ടെന്ന് ഓടിപ്പോയി.... എക്സാം കഴിഞ്ഞു അടുത്ത ബ്രേക്ക്‌ സ്റ്റാർട്ട്‌ ആയി .... ബസ്‌ കയറാൻ പോകുന്ന അവളെ കണ്ടപ്പോൾ എന്തോ വിഷമം തോന്നി.. വല്ലാത്ത ഒരു പേടിയും ..
"വാ.. ഇനി മുതൽ സെമസ്റ്റർ ബ്രേക്ക്ന് എന്റെ വീട്ടിൽ നിന്നാൽ മതി "...എന്ന് പറഞ്ഞു അവളെ ചേർത്തു നടക്കുമ്പോൾ.... എന്റെ അമ്മ അവളെ പൊന്നുപോലെ നോക്കും എന്ന വിശ്വാസം ഉണ്ടായിരുന്നു.... ഞാൻ വിചാരിച്ച പോലെ തന്നെ അമ്മക്ക് അവളെ ഒരുപാടിഷ്ടം ആയി...
എങ്ങനെ ഇഷ്ടപ്പെടാതിരിക്കും വീട്ടിൽ എത്തുമ്പോൾ തൊട്ട് വാലുപോലെ അമ്മേടെ പുറകെ കാണും.....പാചകം തൊട്ട് എല്ലാത്തിലും അവൾ അമ്മയുടെ സഹായി ആവും ... ഞാൻ ഫോൺ കിട്ടിയാൽ നോർമൽ ആയി ആരെയും മൈൻഡ് ചെയ്യാറില്ല ...അതുകൊണ്ട് തന്നെ അമ്മ എന്നിൽ നിന്നു എന്തെങ്കിലും ഒക്കെ പ്രതീക്ഷിച്ചിട്ടുണ്ട്ങ്കിൽ അതെല്ലാം അവളിലൂടെ ആണ് സാധിച്ചത് എന്ന് ഞാൻ തന്നെ അങ്ങ് സമ്മതിച്ചു തരും ..
പിന്നെ അവൾ എല്ലാ അവധിക്കും എന്റെ വീട്ടിൽ വരാൻ തുടങ്ങി.....അങ്ങനെ ന്റെ അമ്മടെ പുന്നാരമോളായി..... !!!!!
" എന്നിട്ട് ??"...മാളൂട്ടി ആകാംഷയോടെ ചോദിച്ചു.....
"എന്നിട്ടെന്താ... കണ്ണീച്ചോര ഇല്ലാതെ അവളെന്റെ ഏട്ടനെ കറക്കി എടുത്തു... അവളാ നിന്റെ ഈ പുന്നാര അമ്മ... !!!!"...
അടുത്തിരുന്ന അവളെ കണ്ണിറുക്കി കാട്ടിക്കൊണ്ടു ഞാൻ പറഞ്ഞു.....
"എടി.... കള്ളി!!!..... കൊച്ചിനെ ആവശ്യം ഇല്ലാത്തതു പറഞ്ഞു പഠിപ്പിച്ചോ!!!...ഇവളാ മാളുസെ ഈ കല്യാണം നടത്തിയത്.... ആന്റി ചുമ്മാ പറയുന്നതാട്ടോ .. ."അവൾ അവളെതന്നെ ന്യായികരിക്കാൻ നോക്കി....
"അല്ല മാളു ... കള്ളം. !!!" പറഞ്ഞു തീരുന്നതിനു മുൻപ് അവൾ എന്റെ വായ് അമർത്തിപ്പിടിച്ചു ചെവിയിൽ മന്ത്രിച്ചു
"നിനക്കിട്ടു ഞാൻ വെച്ചിട്ടുണ്ട് "
"ചുമ്മാതെ ആണേ !!!!".... ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു....
"മ്മം.... വാവേ... നിന്റെ അമ്മ പറയണ കള്ളം ഒന്നും കേട്ട് വളരല്ലേ കെട്ടോ... വേഗം പുറത്തു വാ.... പിന്നെ ആന്റി നോക്കിക്കൊള്ളാം നല്ല മിടുക്കി ആയിട്ട് "....എന്റെ നിറവയർ തലോടിക്കൊണ്ട് അവൾ പറഞ്ഞു
"നിന്റെ വാവ വരട്ടെ കാട്ടിത്തരാം...!!!! "
സത്യം പറഞ്ഞാൽ ഞാൻ തന്നെ ആണ് രണ്ടാളുടെ മനസ്സിലും പ്രണയത്തിന്റെ വിത്തുകൾ പാകിയത്.....അവളെ പിരിയാൻ എനിക്ക് വിഷമം ആയിരുന്നു... ഏട്ടൻ എത്ര ശ്രമിച്ചിട്ടും പക്ഷേ ഒരിക്കലും അവൾ ആ ഇഷ്ടം ഏട്ടന്റെ അടുക്കൽ സമ്മതിച്ചു കൊടുത്തില്ല....നന്ദി കേടാവുമെന്ന് തോന്നിക്കാണും ....
അതുകൊണ്ട് തന്നെ എനിക്ക് അത് വിവാഹമായി ആലോചിക്കേണ്ടി വന്നു ...... അച്ഛനും അമ്മയ്ക്കും അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല....അവർക്ക് ഞാൻ അത് പറയുന്നതിന് മുൻപേ അങ്ങനെ ഒരു ചിന്ത ഉണ്ടായിരുന്നു.... അത്രയ്ക്ക് നല്ല കുട്ടിയായിരുന്നു അവൾ.....എന്തായാലും അതികം താമസിക്കാതെ തന്നെ അവൾ എന്റെ നാത്തൂൻ കൂടി ആയി
"രണ്ട് എണ്ണത്തിനും പോത്തുപോലെ വളർന്നുന്നുള്ള ഒരു ചിന്ത ഇല്ല...പിന്നെ നീ ആമീ ഇതൊക്കെ ആണോ കുഞ്ഞു പിള്ളാർക്ക് പറഞ്ഞു കൊടുക്ക!!"....കേട്ട് വന്ന അമ്മ എന്നെ വഴക്ക് പറഞ്ഞു
അത് കേട്ട് അവൾ എന്നെ അമ്മകാണാതെ കളിയാക്കി ചിരിച്ചുകൊണ്ടിരുന്നു... ലോകത്തിലെ ഏറ്റവും നിഷ്കളങ്കമായ ചിരി ആയി എനിക്ക് അത് തോന്നി.....ഞങ്ങൾ എന്താ പറയുന്നതെന്ന് പോലും മനസ്സിലാകാതെ ഞങ്ങളുടെ നാലുവയസ്സുള്ള മാളൂട്ടി മിഴിച്ചിരിപ്പുണ്ടായിരുന്നു.... അവൾക്കു ഞാൻ കഥ പറഞ്ഞു കൊടുക്കുക ആയിരുന്നു
അതിനെ മടിയിൽ എടുത്തു വെച്ചുകൊണ്ട് ഞാൻ അവളെ നോക്കി ... അപ്പോളും അവളുടെ ചിരി നിന്നിട്ടുണ്ടായില്ല.. .
"നിന്നെക്കാൾ നിഷ്കളങ്കയായ ഒരു പെണ്കുട്ടിയെ എനിക്കെവിടെന്നു കിട്ടാനാ കുട്ട്യേ എന്റെ ഏട്ടന് വേണ്ടി ???"...ഞാൻ എന്റെ മനസ്സിൽ നിശബ്ദമായി പറഞ്ഞു...മനസ്സ് തുറന്നു ചിരിക്കുന്ന അവളെ നോക്കി ഇരിക്കുമ്പോൾ എവിടെയോ ഒരു ചെറിയ സുഖം തോന്നി.... ഒരു ചെറിയ നിർവൃതി...
സ്നേഹത്തിനു അതിരുകൾ ഇല്ലല്ലോ അല്ലേ....??
വരുന്ന പെണ്ണിന്റെ ജാതിയും മതവും നിറവും ഭാഷയും ഉന്നതമാവണമെന്നു ഒരു നിർബന്ധവും ഇല്ലാ എന്ന് തോന്നിയിരുന്നെങ്കിൽ.... സ്നേഹത്തിന്റെ അളവുകോൽ കൊണ്ട് അളന്നിരുന്നെങ്കിൽ.... നമ്മളുടെ കുടുംബങ്ങളും ഒരു സ്വർഗമായേനെ... കാരണം കുടുംബമഹിമയിലും പാരമ്പര്യത്തിലും അല്ലല്ലോ ബന്ധങ്ങൾ നിലനിൽക്കുന്നത് ... അത് വെറും സ്നേഹമെന്ന നൂലിഴയിൽ അല്ലേ..... അതിനു വേർതിരിവുകൾ ഇല്ലല്ലോ
(കുത്തിപ്പൊക്കിയ പഴയ കഥ )

Shilpa

എന്റെ സ്വർഗ്ഗരാജ്യത്തിന്റെ ഓർമ്മകൾ


"ആമീ നിനക്ക് അച്ഛനോട് ആണോ അടുപ്പം അതോ അമ്മയോടോ!!!! "
ഞാൻ ഒരുപാട് തവണ കേട്ടിട്ടുള്ള ചോദ്യം ആയിരുന്നു എങ്കിലും ഇപ്പോളും ഈ ചോദ്യം ഒരു വിറയൽ ഉണ്ടാക്കും... കാരണം മറുപടി ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് ..... ആകാംക്ഷരായി ചോദിക്കുന്ന എന്റെ സുഹൃത്തുക്കളുടെ മുൻപിൽ ഒരു വിളറിയ ചിരിയിൽ എല്ലാം അടക്കി ഞാൻ ജനാലകളിലൂടെ കാണുന്ന റെയിൽവേ ട്രാക്ക് നോക്കി നിന്നു.......
എന്റെ റൂമിൽ നിന്നു കാണാൻ പാകത്തിന് ഒരു ട്രാക്ക് ഉണ്ട്...... എന്റെ കോട്ടിൽ ഇരുന്നാൽ ജനാലകളിൽ കൂടി ട്രെയിൻ വരുന്നതും പോകുന്നതും...രാവിലെയും വൈകുന്നേരവും പതിവ് തെറ്റാതെ പറന്നു ഉയരുന്ന പക്ഷിക്കൂട്ടങ്ങളെയും കാണാം .....
റൂമിൽ നല്ല എരിവും പുളിയും ചേർന്ന നർമ്മസംഭാഷണങ്ങൾ ഓടുമ്പോൾ ഞാൻ മിക്കപ്പോഴും ജനാലകളിൽ കൂടി കണ്ണും നട്ടിരിക്കും.... ഇല്ലെങ്കിൽ ചിലപ്പോൾ നിങ്ങൾ ഈ വായിക്കുന്നതുപോലെ എന്തെങ്കിലും കുത്തിക്കുറിക്കും... ഈ ട്രാക്ക് കാണുമ്പോൾ തോന്നാറുണ്ട് എന്റെ ജീവിതവും ഇങ്ങനെ ഒക്കെ തന്നെ ആണെന്ന്.... എവിടെ തുടങ്ങണമെന്നോ എങ്ങോട്ട് പോണമെന്നോ അറിയാതെ ചുമ്മാ അങ്ങ് നീണ്ടു കിടക്കുക ആണെന്ന്
അച്ഛനും അമ്മയ്ക്കും ഒറ്റമകൾ ആണ്.... ആവശ്യത്തിൽ കൂടുതൽ അവർ എനിക്ക് വേണ്ടി സമ്പാദിച്ചിട്ടുണ്ട്..... പക്ഷേ ഒരു കുഴപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.... അവർ ഒരുമിച്ച് അല്ലായിരുന്നു.... നിയമപരമായി വേർപെടുത്തി ഇല്ലെങ്കിലും മാനസികമായി വേർപെട്ട ഒരു ബന്ധം.... ചിലപ്പോൾ അവർ കടിച്ചു പിടിച്ചു നിൽക്കുന്നത് എനിക്ക് വേണ്ടീട്ടു മാത്രം ആണെന്ന് തോന്നാറുണ്ട്.....
ശരിക്കും പറഞ്ഞാൽ ഞാൻ ഒരു വികാര ജീവി ആണ്.... ഒരുപാട് സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഒരാൾ.... പ്രകടിപ്പിക്കാത്ത സ്നേഹത്തിനു വാല്യൂ ഇല്ലാ എന്ന് വിശ്വസിക്കുന്ന ഒരാൾ.....
പക്ഷേ എന്റെ വിധി എന്റെ ഇഷ്ടങ്ങൾക്കു എതിരായിരുന്നു ... നാലു വയസുള്ളപ്പോൾ തുടങ്ങിയ ബോർഡിങ് സ്കൂൾ ജിവിതം തുടങ്ങി കോളേജിൽ എത്തി നിൽക്കുന്ന ഈ ഹോസ്റ്റൽ ജീവിതം വരെ എന്നെ ശരിക്കും മടുപ്പിച്ചു....
മുൻപൊക്കെ ഒരു ഓപ്പൺഡേ വന്നാലോ പേരന്റ്സ് മീറ്റിംഗ് വന്നാലോ ഉള്ളിലൊരു നോവായിരുന്നു..... എല്ലാവരും അച്ഛനും അമ്മയ്ക്കും ഒപ്പം വരുമ്പോൾ പ്രതീക്ഷിക്കാൻ പോലും എനിക്ക് ആരും ഇല്ലല്ലോ എന്ന തോന്നൽ...
അച്ഛനും അമ്മയും വിദേശത്ത് ജോലി ചെയ്യുന്നു... ഒന്നിനും കുറവില്ലാത്ത ജീവിതം എന്നൊക്കെ സുഹൃത്തുക്കൾ പറയാറുണ്ടായിരുന്നു.... പക്ഷേ എന്റെ കുറവുകൾ വേറൊരാൾക്കും നികത്താൻ പറ്റാത്ത വിടവുകൾ ആയിരുന്നു
ഓരോ സെമസ്റ്റർ ബ്രേക്ക്‌ വരുമ്പോളും ഹോസ്റ്റലിൽ നിന്നു വീട്ടിലേക്കു ചെല്ലുമ്പോൾ ഇഷ്ടഭക്ഷണം ഒരുക്കി വെച്ചു കാത്തിരിക്കുന്ന അമ്മയെപ്പറ്റി ആവും ഫ്രണ്ട്സ്ന് പറയാൻ ഉണ്ടാവുക....പക്ഷേ ഞാൻ വരുന്നു എന്ന് പറയുമ്പോൾ ഒഴിഞ്ഞ വീടും രണ്ട് മണിക്കൂർ വന്നു പോകുന്ന ഒരു ജോലിക്കാരിയും കാണും എന്നുള്ളത് ആരോടും പറഞ്ഞിട്ടില്ലെങ്കിലും അതൊരു വേദന ആയിരുന്നു ....
പിന്നെ ഇടക്കെവിടേലും പോണമെങ്കിൽ വരുന്ന പ്രസാദ്‌ ചേട്ടൻ ആയിരുന്നു ആകെ ഉള്ള ഒരു ആശ്വാസം .... പുള്ളി എന്റെ കുഞ്ഞുനാൾ തൊട്ടേ വീട്ടിൽ ഉണ്ടായിരുന്ന ഡ്രൈവർ ആണ്.... എന്നെ ശരിക്കും മോളെപ്പോലാണ് അദ്ദേഹത്തിന് ...പുള്ളി വരുമ്പോൾ എന്നും കൂടെ ഇളയകുട്ടിയും കാണും .. എന്നേക്കാൾ രണ്ടോ മൂന്നോ വയസ് മാത്രം ഇളപ്പമുള്ള ഒരു കുറുമ്പി...അന്ന് അവൾക്കൊപ്പം സൊറ പറഞ്ഞിരിക്കുമ്പോൾ ഒരു സുഖമാണ്
വീട്ടിൽ നിന്നും തിരികെ വന്നാൽ എന്റെ സുഹൃത്തുക്കൾ അവരുടെ കുടുംബവിശേഷങ്ങളുടെ കെട്ടഴിക്കും....അതൊക്കെ കാണുമ്പോൾ കുറെയൊക്കെ അസൂയ തോന്നാറുണ്ട്... ആ സമയങ്ങളിൽ കാരണം ഞാൻ കുറേ ബുക്കുകളും ആയി ഏകാന്തതയെ മറികടക്കാൻ പെടാപ്പാട് പെട്ടിരുന്നിരിക്ക ആവും...അതും പഴയവായുവിന്റെ ഗന്ധം കെട്ടിനിൽക്കുന്ന ആ വീട്ടിൽ.....
"നീ എന്താ ഈ ആലോചിച്ചു കൂട്ടണേ "പെട്ടെന്ന് പുറകിലൂടെ വന്നു അവൾ ചോദിച്ചു.... എന്റെ സുഹൃത്താണ്‌.... എന്നെക്കുറിച്ച് അൽപ്പം എങ്കിലും അറിയാവുന്ന ഒരാൾ ...
"എയ്യ്.. ഒന്നുല്ലടാ..."ഞാൻ അവളെ നോക്കി പതിയെ കണ്ണടച്ച് കൊണ്ട് പറഞ്ഞു......
"വീണ്ടും അപ്പയേം അമ്മയേം ഓർത്തു അല്ലേ.. "
"മ്മം.. "
"പോട്ടെ.. സാരമില്ല " അവൾ എന്നോട് പറഞ്ഞു
ഒരു പുഞ്ചിരി നൽകി നടക്കുമ്പോൾ വേറൊരുത്തി അവളുടെ അച്ഛനോട് കൊഞ്ചി വർത്തമാനം പറയുന്നത് കണ്ട്‌ഉള്ളൊന്ന് പിടഞ്ഞു ..... പപ്പാ എന്നെ വിളിച്ചിട്ട് കുറേ ആയി.... ബിസി ആവും ജോലിയിൽ ... ഞങ്ങളുടെ ടൈമിംഗ് വ്യത്യാസം ഇടക്ക് വന്നിരുന്ന കാൾ കൂടി ഇല്ലാതെ ആക്കി...പുള്ളി ജോലി കഴിഞ്ഞു വരുമ്പോൾ പാതിരാത്രി ആവും ഇവിടെ.....
കാൾ വരില്ലെന്ന് അറിഞ്ഞും എന്നും കിടക്കുന്നതിനു മുൻപ് ഫോൺ സൈലന്റിൽ നിന്നു മാറ്റിയിടും എങ്ങാണും വിളിച്ചാൽ കിട്ടാതെ പോവരുതല്ലോ.... പക്ഷേ ഒരിക്കലും എന്റെ ഉറക്കം കളഞ്ഞു ഒരു ഫോൺ കാൾ പോലും എന്നെ ശല്യം ചെയ്തിട്ടില്ല ...
എന്താണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു വലിയ ഏകാന്തത.... ഫേസ്ബുക്കിലും വാട്സപ്പിലും എന്റെ സോഷ്യൽ മീഡിയ ഫ്രണ്ട്സ് സംസാരിക്കാൻ ശ്രമിക്കുമ്പോളും അടുത്തുള്ള ടേബിളിനു ചുറ്റും കൂടിയിരുന്നു റൂംമേറ്റ്സ് സൊറ പറയുമ്പോളും അതിൽ നിന്നൊക്കെ ഞാൻ ഓടിയൊളിച്ചു... ഞാൻ എന്നെ ഒരു വേലിക്കുള്ളിൽ അടച്ചു വെച്ചു..... ചിലപ്പോൾ ഞാൻ പപ്പാടേം അമ്മേടേം കൂടെ മാത്രം ആയിരിക്കുവാൻ ആഗ്രഹിച്ചത് കൊണ്ടാവാം....
അങ്ങനെ ഇരിക്കെ ആണ് അവൻ എനിക്ക് മെസ്സേജ് അയക്കുന്നത്..... സ്കൂളിൽ എന്റെ സീനിയർ ആയിരുന്നു... നല്ലൊരു മൊഞ്ചൻ ആയതുകൊണ്ട് അന്ന് കുറേ വായിനോക്കിയിട്ടുണ്ട്.... എന്തായാലും ഞാൻ റിപ്ലേ കൊടുത്തു....
ഒരേ ഫ്രീക്യുഎൻസി ആയതുകൊണ്ട് ഞങ്ങൾ വേഗം അടുത്തു.... നല്ല സുഹൃത്തുക്കൾ ആയി.... പിന്നെ എല്ലാ കഥയിലെയും പോലെ പ്രണയത്തിലും ആയി ..... അച്ഛന്റെയും അമ്മയുടെയും സ്നേഹം ഞാൻ ചിലപ്പോൾ അവനിൽ നിന്ന് ആഗ്രഹിച്ചു കാണും......
ആദ്യം ഒക്കെ എന്റെ കരുതലും സ്നേഹവും അവനു ഇഷ്ടമായിരുന്നു എങ്കിലും പിന്നെ അവനു അതൊരു അധികപ്പറ്റായി തോന്നി..... ഒരു നിമിഷം കൊണ്ട് എല്ലാം തട്ടി എറിഞ്ഞു അവനും പോയി....അതിപ്പോ കുറേ ആയെങ്കിലും അനുരാഗകരിക്കിൻവെള്ളം ഫിലിം കണ്ടപ്പോൾ അറിയാതെ ആണെങ്കിൽ പോലും ഞാൻ അവനെ ഓർത്തു പോയി
ഈ ഇടെയായി ഇടയ്ക്കു മൂക്കിൽ നിന്നു ബ്ലഡ്‌ വരാറുണ്ടായിരുന്നു..... ആദ്യം ഒക്കെ വല്ലപ്പോളും മാത്രമാരുന്നു എങ്കിൽ ഇതിപ്പോൾ ഇടക്ക് ഇടക്ക് വരുന്നുണ്ട്.....പനി പിടിക്കുന്നത്‌ കൊണ്ടാവാം ചിലപ്പോൾ.....എന്തായാലും അടുത്തു വരുന്ന ലീവിന് നാട്ടിൽ പോകുമ്പോൾ ഒരു ഡോക്ടറെ കാണണം.....
ഇത്തവണയും നാട്ടിൽ എത്തിയപ്പോളേക്കും പനി ആയിരുന്നു.... രാത്രിയിൽ നിർത്താതെ ബ്ലീഡിംഗ് ഉം.... ഞാൻ പ്രസാദ്‌ ചേട്ടനെയും കൂട്ടി ഹോസ്പിറ്റലിൽ പോയി...മാത്യു ഡോക്ടർ കുറേ കാലമായി ആ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ആളാണ്.... നാട്ടിൽ വരുമ്പോൾ ഒരു തവണ എങ്കിലും പുള്ളിയെ കാണാൻ പോണം എന്നുള്ളത് എന്റെ നേർച്ച പോലാണ്..... അതുകൊണ്ട് തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു.......
രണ്ട് മൂന്നു തവണ മരുന്നു തന്നു വിട്ടെങ്കിലും വിട്ടു വിട്ടു എനിക്ക് പനി വന്നു കൊണ്ടിരുന്നു.... പോരാത്തതിനു സന്ധികളിൽ ഭയങ്കരമായ വേദനയും.....
ഇത്തവണ ചെന്നപ്പോൾ ഡോക്ടർ എന്റെ കഴുത്തിൽ നോക്കി കൊണ്ട് ചോദിച്ചു എന്ത് പറ്റിയത് ആണെന്ന്.... ഈ ഇടെ വന്നതാണ്‌ രക്തം കെട്ടി നിൽക്കുന്ന കുറേ കുരുക്കൾ... മരുന്നിന്റെ സൈഡ് എഫ്ഫക്റ്റ്‌ ആവും... പുള്ളി മരുന്നൊന്നും അത്തവണ തന്നില്ല.... പകരം എന്തൊക്കെയോ ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞു.. മൂന്നുദിവസം കഴിഞ്ഞു വരാനും....
മൂന്നുദിവസം കഴിഞ്ഞു ചെന്നപ്പോൾ ഒരു ഡോക്ടറിന്റെ അടുക്കലേക്ക്‌ റെക്കമെന്റ് ചെയ്തു.... അവരും ഒരാഴ്ച ദൈർക്യം ഉള്ള ഒരു ടെസ്റ്റിന് എഴുതി തന്നു... എല്ലാം കഴിഞ്ഞു . അന്ന് വൈകുനേരം വീട്ടിൽ എത്തിയപ്പോൾ എന്തോ സംശയം പോലെ... ഞാൻ ഗൂഗിൾ ചെയ്തു നോക്കി... വന്നത് കണ്ട്‌ ഒരു നിമിഷം എന്റെ ശ്വാസം നിലച്ചു എങ്കിലും . പിന്നെ ഒന്നും ഇല്ലാ എന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചു.... റിസൾട്ട്‌ വന്നപ്പോൾ എന്റെ സംശയം യാഥാർത്യം ആണെന്ന് മനസ്സിലായി..ഒരുപാട് പേരെപ്പോലെ . എനിക്കും ലുക്കിമിയ ആണെന്ന്....
ഞാൻ ക്യാൻസറിന്റെ അവസാനഘട്ടത്തിൽ ആണെന്ന് അറിഞ്ഞിട്ട് ആവും പപ്പേം അമ്മേം ഓടിവന്നു...മരുന്നും കീമോയും എന്നെ അതികഠിനമായി വേദനിപ്പിച്ചെങ്കിലും ഞാൻ ഹാപ്പി ആയിരുന്നു.... അവരുടെ കൂടെ ആദ്യമായി ആരുന്നു ഞാൻ അങ്ങനെ ഒരുമിച്ച്....തളർന്നു കിടക്കുമ്പോൾ പപ്പാ കൂടെ വന്നിരുന്നു എന്റെ തലയിൽ തഴുകി തരും..... അമ്മ ഭക്ഷണവും മരുന്നുമായി എന്റെ പുറകെ നടക്കും...കീമോ കഴിഞ്ഞുള്ള ഭയങ്കരമായ ച്ഛർദിയും ഷീണവും വേദനയും അലട്ടുമ്പോളും ഞാൻ ഇതൊക്കെ ആസ്വദിക്കുക ആയിരുന്നു..... കുഞ്ഞുനാളിലെ തൊട്ട് ആഗ്രഹിച്ച ആണ്.. പക്ഷേ അന്ന് അവർക്ക് സമയം ഉണ്ടായിരുന്നില്ല....പക്ഷേ ഇന്നു അതൊക്കെ കിട്ടുമ്പോൾ എന്റെ നാളുകൾ കുറിക്കപ്പെട്ടിരുന്നു കഴിഞ്ഞിരുന്നു.........
അവരുടെ കൂടെ ഇങ്ങനെ ഇരിക്കുമ്പോൾ ഒന്നും കൂടി ജീവിക്കാൻ തോന്നുന്നു... കുറച്ചു കാലം കൂടി സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും
ഒരു ദിവസം പപ്പയെ അള്ളിപ്പിടിച്ചു വൈകുനേരം ബീച്ചിലൂടെ നടക്കുമ്പോൾ ചോദിച്ചു "പപ്പാ... എനിക്ക് കുറച്ചു കാലം കൂടി ഇങ്ങനെ നിങ്ങളുടെ കൂടെ ജീവിക്കണം എന്ന് തോന്നുന്നു... കുറച്ചു കാലം കൂടി ഞാൻ കാണോ പപ്പേ".... പപ്പാ ഒന്നും പറയാതെ എന്റെ നെറ്റിയിൽ ചുംബിച്ചു എന്നെ ഒന്നും കൂടി ഇറുക്കി പിടിച്ചു.... ആ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു........
"ഞാൻ മരിച്ചാൽ തന്നെയും അത്രയ്ക്ക് ഹാപ്പി ആണ് ഞാൻ ഇന്നു.... അവര് രണ്ടുപേരും ഒരുമിച്ചല്ലോ.. എല്ലാ ആഗ്രഹങ്ങളും തീർന്നാവും ഇവിടെ നിന്ന് പോവുക... ഇത്രേം ഒക്കെയേ ഈ പത്തൊൻപതുകാരി ആഗ്രഹിച്ചിട്ടുള്ളൂ ""ഞാൻ മനസ്സിൽ ആരോടെന്നോ പറഞ്ഞു......
"നമ്മളുടെ കുട്ടികൾ പണത്തിനേക്കാൾ അധികം സ്നേഹമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്നു തോന്നുന്നു... പേരന്റ്സ് വിദേശത്ത് ആണെന്ന് പറഞ്ഞു ഇമ്പോർട്ടഡ് സാധനങ്ങൾ കാട്ടി വീമ്പു പറയുമ്പോളും ആരും അറിയാതെ അവർ ആഗ്രഹിക്കുന്ന ഒന്നുണ്ട് നമ്മളുടെ സ്നേഹം..... ഈ ടച്ച്, പ്രെസൻസ് ഒക്കെ വല്യ സംഭവം തന്നാണ്..... ഒരാളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് തന്നെ ഈ സ്നേഹം അല്ലേ....നമ്മളുടെ കുട്ടികൾക്ക് ഈ പണത്തിനെയോ പദവിയേയോ കുറിച്ച് അറിയില്ല... അറിയുന്നതും ആഗ്രഹിക്കുന്നതും നമ്മളെ മാത്രം ആവും... നമ്മളുടെ കുറച്ചു സമയം ആവും.... "
എന്റെ മുഖപുസ്തകത്തിൽ ഇങ്ങനെ കുറിച്ച് ഞാൻ ഉറങ്ങാൻ കിടന്നു.... ഇനിയൊരു പ്രഭാതം കാണുമോ എന്നറിയില്ലെങ്കിലും... ഇനി കണ്ടില്ലെങ്കിലും "എന്റെ സ്വർഗ്ഗരാജ്യത്തിന്റെ ഓർമ്മകൾ " കൊണ്ടാവും ഞാൻ പോവുക.....ഒരായുസിന്റെ സന്തോഷം കൊണ്ട്....

By
Shilpa

പപ്പാ നമ്മൾടെ സൂപ്പർ മാൻ അല്ലേ !!!"


"ഊപ്സ് "..എന്ന് പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ അങ്ങനെ ഒരു സംഭവം ഉണ്ടെന്ന് എഞ്ചിനീയറിംഗ് പഠനം തുടങ്ങിയപ്പോൾ ആണ് ഞാൻ അറിയുന്നത്....എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കീറാമുട്ടി ആയിരുന്നു ആ സബ്ജെക്ട്.... 
ഞാൻ ഒരു ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്കാരി ആയതുകൊണ്ടും അതൊരു കമ്പ്യൂട്ടർ പേപ്പർ ആയതുകൊണ്ടും എല്ലാർക്കും എളുപ്പമായിരുന്ന ആ എക്സാം ഞാൻ എട്ടുനിലയിൽ പൊട്ടി.... തുടരെ തുടരെ ഉള്ള പൊട്ടലും ചീറ്റലും കാരണം അമ്മ അമ്മേടെ സുഹൃത്തിന്റെ മകനെ എന്റെ ഹെല്പിനു വിളിച്ചു.....വിനയ് !!!
വെളുത്തുമെലിഞ്ഞു ആകെ മിസ്റ്റർ പെർഫെക്റ്റ്‌ ലുക്ക്‌ ഉള്ള ഒരു കക്ഷി... കാണാൻ അൽപ്പം കൊള്ളം.. എന്തേ ഈ അമ്മ ഇവനെ എനിക്ക് മുൻപ് പരിചയപ്പെടുത്താതിരുന്നത് എന്നോർത്ത് അൽപ്പം നീരസം ഒക്കെ തോന്നി.... എന്തായാലും അവനു ശിഷ്യപ്പെടാൻ ഞാൻ തീരുമാനിച്ചു.. പഠിച്ചില്ലേലും ചുമ്മാ ഇരിക്കട്ടേന്ന്.... 
ആളൊരു ബുദ്ധി രാക്ഷസൻ ആയിരുന്നു... ഒരു ഫുൾ ടൈം പഠിപ്പി.... എന്തായാലും ആ സബ്ജെക്റ്റ് ഞാൻ അത്തവണ ക്ലിയർ ആയി.... അമ്മ എപ്പോളും പറയും അവൻ എന്നെ പഠിപ്പിച്ചിട്ടാണ് ഞാൻ പാസ്‌ ആയതു എന്ന് ..പക്ഷേ... സത്യം പറഞ്ഞാൽ അവനെ വായിനോക്കി കഴിഞ്ഞു അവൻ പറയുന്നത് കേൾക്കാൻ എനിക്ക് സമയം ഉണ്ടായിരുന്നില്ല... യൂണിവേഴ്സിറ്റി കനിഞ്ഞതുകൊണ്ടു കഷ്ടിച്ച് രക്ഷപെട്ടു...പക്ഷേ മിസ്റ്റർ പെർഫെക്റ്റ്‌ എന്നെ തിരിഞ്ഞ് നോക്കിയേ ഇല്ലാ എന്നുള്ളതായിരുന്നു വാസ്തവം... അത് എനിക്ക് കടുത്ത നീരസവും ഉണ്ടാക്കി .. 
എഞ്ചിനീയറിംഗ് എന്ന കടമ്പ കടന്നു ഞാൻ എം ഇ ക്ക് ചേർന്നു... അവൻ ബംഗ്ലൂരിൽ ജോലി കിട്ടി പൊകുവേം ചെയ്തു.... പക്ഷേ കുറുമ്പൻ കണ്ണുള്ള അവൻ എവിടെയോ ഒക്കെ ആകർഷിച്ചു പോയിരുന്നു....അതുകഴിഞ്ഞ് പലതവണ കണ്ടെങ്കിലും പിന്നെ അവൻ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല എന്നുള്ളത് എന്റെ ഈഗോയെ വല്ലാതെ ഹർട്ട് ചെയ്തു... അത്കൊണ്ട് തന്നെ അവനെ ഞാൻ ഒരു ജാഡ ആയി പ്രഖ്യാപിച്ചു....പിന്നെ ഞാനും അവനെ തിരിഞ്ഞ് നോക്കിയില്ല എന്നുള്ളതും വാസ്തവം.... 
കാലം പോകുന്നതിനിടയിൽ ഞാൻ അവനെ മറന്നുപോയി... പുതിയ കൂട്ട്.. പുതിയ ആളുകൾ ഒക്കെ ആയി ഞാൻ ജീവിതത്തിന്റെ തിരക്കിൽ പെട്ടുപോയി.... അതിനിടയിൽ എപ്പോളോ ഒരിക്കൽ അവനു ബൈക്ക് ആക്സിഡന്റ് ആയി.... കാണാൻ പോയി എന്ന് ഒക്കെ അമ്മ പറഞ്ഞു.... അവനോടുള്ള ഈഗോ കൊണ്ടാണോ.... അതോ പഴയ ആ ഒരു താല്പര്യം ഇല്ലാത്തതുകൊണ്ടാണോ അത് വല്യ കാര്യമായി തോന്നിയില്ല ....... 
കോളേജിലെ തകർപ്പു കഴിഞ്ഞു ഞാൻ എം ഇ കൂടി എടുത്തു..... വീടിനു ദൂരെ ഉള്ള കോളേജിൽ ആയതുകൊണ്ട് ഹോസ്റ്റൽ ജീവി ആയി..... നാടും ആളുകളും എല്ലാം എനിക്ക് അന്യരായി...... എം ഇ കഴിഞ്ഞു ഞാൻ അവിടെത്തന്നെ ഒരു കോളേജിൽ ജോലിക്ക് കയറി.... വീട്ടിൽ നിന്നു അകലെ ആയതും ഒറ്റമകൾ ആയതു കൊണ്ടും അമ്മക്ക് അത് ഒരു സങ്കടമായിരുന്നു....രണ്ടര വർഷം ഞാൻ അവിടെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ജോലി ചെയ്തു... അപ്പോഴേക്കും വീടൊരു സ്വർഗം എന്ന കോൺസെപ്റ്റിലേക്ക് ഒക്കെ ഞാൻ എത്തി ..... എക്സ്പീരിയൻസ് ആയതുകൊണ്ട് വീടിനു അടുത്തുള്ള ഒരു കോളേജിലേക്ക് എങ്ങനേലും ‌ മാറിയാൽ മതിയെന്നായി ..... അപ്പോൾ ആണ് ഒരു ക്രിസ്ത്യൻ മാനേജ്മന്റ്‌ ഇന്സ്ടിട്യൂഷൻ ശ്രദ്ധയിൽ പെടുന്നത്..... വീടിനു തൊട്ടടുത്താണെങ്കിലും ഞാൻ ഒരു ഹിന്ദു ആയതുകൊണ്ട് അവിടെ കിട്ടുമോ എന്നുള്ളത് സംശയം ആയിരുന്നു...
അമ്മയുടെ പ്രാർഥന കൊണ്ടാവും അവരുടെ എല്ലാ ടെസ്റ്റും പാസ്‌ ആയി... കുറച്ചു ദിവസം കഴിഞ്ഞു ജോയിൻ ചെയ്യാൻ പറഞ്ഞു മെയിൽ വന്നു...എന്തായാലും മെയിൽ കിട്ടിയ താമസം പെട്ടിയും പാക് ചെയ്തു നെക്സ്റ്റ് ഡേ ഞാൻ വീട്ടിൽ എത്തി.... ഒട്ടും താമസിക്കാതെ തന്നെ ഒരു തിങ്കളാഴ്ച ഐശ്വര്യമായി ജോലിക്ക് കയറി.... ഭാഗ്യമോ ഹതഭാഗ്യമോ എന്തായാലും ഞാൻ ഐ ടി ഡിപ്പാർട്മെന്റിൽ ആണ് പ്ളേസിഡ് ആയതു....ഊപ്സ് അറിയാതെ അപ്പോളും എന്റെ ഓർമയിൽ വന്നു....ആ സബ്ജെക്റ് അറിയാതിരുന്ന ഞാൻ ഐ ടി യിൽ !!!!. അങ്ങോട്ട്‌ നടക്കുമ്പോൾ അറിയാതെ വീണ്ടും ചങ്കിടിച്ചു.... !!!
എച് ഒ ഡി റൂമിലേക്ക്‌ ചെല്ലുമ്പോൾ എന്നെ വെൽക്കം ചെയ്ത ആളെ കണ്ടു എനിക്ക് തെല്ല് അത്ഭുതം തോന്നാതിരുന്നില്ല...വിനയ് !!!!....മുഖത്തു വിരിഞ്ഞ ആശ്ചര്യം തെല്ലും വെളിയിൽ കാണിക്കാതെ ഞാൻ അവനോടു സംസാരിച്ചു...ഞാൻ ഹാൻഡിൽ ചെയ്യണ്ട സബ്ജെക്റ് ലിസ്റ്റ് ഉം റൂൾസ് ഉം എല്ലാം വിശദമായി പറഞ്ഞു തന്നു.... "സ്റ്റാഫ്‌ റൂമിലേക്ക്‌ പൊയ്ക്കോളൂ എല്ലാം പറഞ്ഞിട്ടുണ്ട് "..എന്ന് പറഞ്ഞു.... 
അവിടുന്ന് നടക്കുമ്പോൾ മനസ്സിൽ അറിയാണ്ട് തന്നെ പിറുപിറുത്തു പോയി "മനുഷ്യനായാൽ ഇത്രയും അഹങ്കാരം പാടില്ല... ഒന്ന് കൂടെ വന്നാൽ എന്താ... ബാക്കി ഉള്ളോടത്തെല്ലാം എച് ഒ ഡി ആണ് സ്റ്റാഫ്സിനെ പരിചയപ്പെടുത്തുക ".....അമർഷവും ജാള്യതയും എല്ലാം കൂടെ എന്തോ പോലെ ആയി ഞാൻ.... ആദ്യമായി ക്ലാസ്സ്‌എടുക്കാൻ പോകുന്നപോലെ അറച്ചു അറച്ചു സ്റ്റാഫ്‌ റൂമിനെ ലക്ഷ്യമാക്കി നടന്നു.... 
പ്രതീക്ഷകൾക്കു വിപരീതമായി സ്റ്റാഫ്‌ റൂമിൽ എത്തിയപ്പോൾ തന്നെ... അവർക്ക് എല്ലാവർക്കും എന്നെ മുൻപേ അറിയാമെന്നു മനസ്സിലായി.... അതിൽ അൽപ്പം ആശ്ചര്യം തോന്നാതിരുന്നില്ല.... എല്ലാവരും വളരെ നന്നായി ഇടപെട്ടു....കുട്ടികളും വളരെ ഫ്രണ്ട്ലി ആയിരുന്നു.... എനിക്ക് അവിടം നന്നായി ബോധിച്ചു .... 
വൈകുന്നേരം സ്റ്റാഫ്‌ മീറ്റിംഗ് നു ചെല്ലുമ്പോൾ കണ്ണ് അവിടെയും ഇവിടെയും പരതി എങ്കിലും അവനെ കണ്ടില്ല.... കുറച്ചു കഴിഞ്ഞപ്പോൾ ഒരു മെറ്റൽ എവിടെയോ ഉരസുന്ന ശബ്ദം കേട്ട് ഞാൻ തല ഉയർത്തി നോക്കി.....കാതുകൂർപ്പിച്ചപ്പോൾ പുറത്തുനിന്നാണ്..... അസിസ്റ്റന്റ്‌ എച് ഒ ഡി പ്രദീപ് സർ ദൃതിയിൽ പുറത്തേക്ക് പോകുന്നതും കണ്ടു.... പിന്നെ ആ ശബ്ദം കാതടിപ്പിച്ചുകൊണ്ടു അടുത്തടുത്ത്‌ വന്നു.... പ്രദീപ് സർ ന്റെ ചുമലിൽ താങ്ങി താമസിച്ചതിന്റെ ക്ഷമാപണവുമായി വിനയ് അകത്തേക്ക് വന്നു.... പ്രദീപ് സർ ന്റെ കൈ വിട്ടപ്പോൾ അവൻ വീണുപോകുമെന്നു എനിക്ക് പലപ്പോളും തോന്നി... കഷ്ടപെട്ട് ഓരോ കാൽ വെച്ചു വെച്ചു നടന്നു വന്നു.... അവന്റെ കൃത്രിമകാലുകൾ ആണെന്ന് എനിക്ക് മനസ്സിലായി.......അത് അൽപ്പം വെളിയിൽ കാണാമായിരുന്നു .. അത് ശരിയാക്കി അവൻ ഞങ്ങളോട് സംസാരിച്ചു തുടങ്ങി..... അവിടെ ഇരുന്ന എല്ലാവരുടെയും മുഖത്തു ഒരു ദയനീയത മിന്നിമാഞ്ഞു.... എന്റെയും...... 
മീറ്റിംഗ് കഴിഞ്ഞപ്പോളെക്കും ഞാൻ ശരിക്കും അസ്വസ്ഥത ആയി.... വൈകുനേരം വീട്ടിൽ ചെന്നപ്പോൾ അമ്മയോട് അവന്റെ കാര്യം പറഞ്ഞു..... അമ്മ അവനെപ്പറ്റി വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു ..അവനു ബാംഗ്ലൂരിൽ വെച്ചു ഏതോ ആക്‌സിഡന്റിൽ കാൽ പോയത്രേ...... അവനു അച്ഛനില്ല...പഠനവും ചികിത്സ കഴിഞ്ഞപ്പോഴേക്കും ഉള്ള വീടും കൂടി പോയി .... അമ്മയുടെ നിസ്സഹായത കണ്ട്‌ അവൻ ആയി തന്നെ ആണ് ഈ ജോലി കണ്ടുപിടിച്ചു പോവാൻ തുടങ്ങിയത്.... ഇപ്പൊ അവൻ ആണ് എല്ലാകാര്യങ്ങളും നോക്കുന്നത്...... അമ്മയുടെ വാക്കുകളിൽ അവനെപ്പറ്റി ഉള്ള മതിപ്പ് എനിക്ക് മനസ്സിലായി 
അവനെക്കുറിച്ചു രാവിലെ തെറ്റിദ്ധരിച്ചതു ഓർത്തു എനിക്ക് നല്ല വിഷമമായി..... അന്ന് രാത്രിയിൽ അവനായിരുന്നു എന്റെ ചിന്തകളിൽ മുഴുവൻ.... ഒരിക്കൽ ഞാൻ മനസ്സിൽ ഇട്ടു നടന്ന ഒരാളാണ്........ഇപ്പോൾ അതിനു പകരം ഒരു ദയ മാത്രമാണ്....... 
പിറ്റേന്ന് സ്റ്റാഫ്‌ ഇല്ലാത്തതുകൊണ്ട് ഞാൻ ഒരു സബ്ജെക്റ് കൂടി ഹാൻഡിൽ ചെയ്യണം എന്ന് പ്രദീപ് സർ പറഞ്ഞു.... .. സബ്ജെക്റ് ഏതാണെന്നുകൂടി അറിഞ്ഞപ്പോൾ മനസ്സ് വീണ്ടും ഇടിഞ്ഞു.... വീണ്ടും ഊ.. പ്.. സ്...... എന്റെ ഡിപ്പാർട്മെന്റ് സബ്ജെക്റ് അല്ല എന്ന് പറഞ്ഞു ഞാൻ കയ്യൊഴിയാൻ നോക്കി..... പക്ഷേ ബേസിക്സ് ആണെന്ന് പറഞ്ഞു സർ അത് റിജെക്ട് ചെയ്തു...... ഞാൻ എന്റെ മാക്സിമം ട്രൈ ചെയ്തിട്ടും ഓരോ ക്ലാസ്സ്‌ മീറ്റിംഗിലും കംപ്ലൈന്റ്സ് പോയിക്കൊണ്ടേ ഇരുന്നു.... ഊ പ് സ് എനിക്ക് വീണ്ടും പണിയായി.... അതുകൊണ്ട് തന്നെ വിനയ് യുടെ സഹായം തേടാൻ തീരുമാനിച്ചു...... അവൻ സന്തോഷപൂർവ്വം അത് ഏറ്റെടുക്കുകയും ചെയ്തു ...... അത് ഞങ്ങളെ കൂടുതൽ അടുപ്പത്തിലാക്കി..... 
ഞാൻ വിചാരിച്ചതുപോലെ ഒരാളായിരുന്നില്ല അവൻ..... ഒരിക്കലും തളരാത്ത എപ്പോഴും പുഞ്ചിരിക്കുന്ന ഒരാൾ.... .ഇതിനെക്കാൾ ഉപരി ജീവിതം തന്റെ പരിധികൾക്കുള്ളിൽ നിന്നു മാക്സിമം ആസ്വദിക്കുന്ന ഒരാൾ ... ഇതൊക്കെ എന്നെ വീണ്ടും അവനിലേക്ക് ആകർഷിച്ചു കൊണ്ടിരുന്നു.... എല്ലാവർക്കും ഒരു ദയനീയത ആയിരുന്നു അവനോടെങ്കിൽ എനിക്ക് അവൻ അറിയാതെ തന്നെ ഒരു സൂപ്പർ ഹീറോ ആയി മാറുകയായിരുന്നു .... 
ഇതിനിടയിൽ എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു എന്റെ കല്യാണ ആലോചനകൾ മുറക്ക് മുടങ്ങിക്കൊണ്ടിരുന്നു..മൂന്നു നാലു വിവാഹം അടിപ്പിച്ചു മുടങ്ങിയപ്പോൾ വിവാഹ കമ്പോളത്തിൽ എന്റെ മാർക്കറ്റ് ശരിക്കും ‌ ഇടിഞ്ഞു..... കാലവും കുട്ടികളും സ്റ്റാഫ്സും എല്ലാം മാറി മാറി വന്നു ... തലയിൽ ഒന്ന് രണ്ടു മുടി നരച്ചതല്ലാതെ എനിക്കും അവനും ഒരു മാറ്റവും ഉണ്ടായില്ല... കാലം ഞങ്ങളെ നല്ല സുഹൃത്തുക്കൾ ആക്കി .. ഇതിനിടയിൽ എനിക്ക് അവനോടു എങ്ങനെയോ പ്രണയം തോന്നി തുടങ്ങി...ഒരുപാട് അടക്കി പിടിച്ചെങ്കിലും എന്റെ കയ്യിൽ നിന്നത് പോയി...... സഹികെട്ട് ഇഷ്ടം തുറന്നു പറഞ്ഞെങ്കിലും അവൻ അതിനെ ചിരിച്ചു തള്ളി..... മാത്രമല്ല എന്നെ ഒഴിവാക്കുവാനും തുടങ്ങി 
അങ്ങനെ ഇരിക്കെ എനിക്ക് ഒരു കല്യാണ ആലോചന മുറുകി വന്നു.. പക്ഷേ എനിക്ക് വിനയ് നെ അപ്പോൾ മറക്കാൻ പറ്റുമായിരുന്നില്ല.... രണ്ടും കല്പ്പിച്ചു ഞാൻ അത് അമ്മയോട് പറഞ്ഞു.... അവന്റെ പരാധീനതകളും കുറവുകളും മാത്രമേ ഇപ്പോൾ അമ്മ കണ്ടുള്ളൂ .. മുൻപ് വാതോരാതെ അവനെ പുകഴ്ത്തിയ ആളാണ്.... എത്രയാലും അമ്മക്ക് ഞാൻ അല്ലേ മുഖ്യം... പക്ഷെ അത് എന്നെ നന്നായി ചൊടിപ്പിച്ചു... കെട്ടുവാണെങ്കിൽ അവനെയേ ഉള്ളൂ എന്ന് ഞാൻ വാശി പിടിച്ചു.... 
ഇത് അറിഞ്ഞാവും അവൻ എന്നെ കാണാൻ വന്നു..... പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.... പക്ഷേ ഞാൻ ഒന്നിനും റെഡി അല്ലായിരുന്നു.... കൂടാതെ എന്റെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ഉപദേശം തന്നെ ഉപദേശമായിരുന്നു...അസ്ഥിക്ക് പിടിച്ചുപോയി എന്ന് തോന്നി എന്ന് കണ്ടാവും അച്ഛൻ അവസാനം "അവൾക്കു അതാണിഷ്ടം എങ്കിൽ അതങ്ങ് നടക്കട്ടെ "എന്ന് പറഞ്ഞു ...അങ്ങനെ . അവസാനം എന്റെ വാശിക്ക് മുൻപിൽ എല്ലാവരും തോറ്റു... അവൻ പോലും.... 
കല്യാണം കഴിഞ്ഞു ചെല്ലുമ്പോൾ അവന്റെ അമ്മ ഒന്നേ പറഞ്ഞുള്ളൂ "നീ എന്റെ മോനെ തനിച്ചാക്കില്ല എന്നറിയാം... അതാണെന്റെ സമാധാനം" എന്ന് 
വൈകല്യമുള്ള ഒരാളുടെ കൂടെ നോർമൽ ലൈഫ് കിട്ടില്ല എന്ന് ഉപദേശിച്ചവരുടെ മുൻപിൽ ഞങ്ങൾ ജീവിച്ചു തുടങ്ങി.... എന്റെ അമ്മക്ക് അച്ഛൻ കൊടുത്തതിനെക്കാൾ സുരക്ഷിതത്വുവും സ്നേഹവും ആണ് ഞാൻ അനുഭവിച്ചത്......
എഴുതി മുഴുവനാക്കുന്നതിനു മുൻപ് ഞങ്ങളുടെ മോള് കരഞ്ഞു വീർത്തു വന്നു..അവളുടെ സുഹൃത്ത്‌ വിനയ് ടെ കാര്യം പറഞ്ഞു കളിയാക്കി അത്രേ... എന്റെ മോൾക്ക്‌ അവളുടെ പപ്പാ ജീവൻ ആണ് ....
"എന്റെ വാവ എന്തിനാ വിഷമിക്കണേ.... !!!" പപ്പക്ക് കാലില്ലെങ്കിൽ എന്താടാ ...പപ്പാ നമ്മൾടെ സൂപ്പർ മാൻ അല്ലേ !!!"
ഇത് പറയുമ്പോൾ കുറ്റപ്പെടുത്തലുകളുടെയും പരിഹാസങ്ങളുടെയും ഇടയിൽ ഞങ്ങൾ കെട്ടിപ്പെടുത്തിയ ആ ചെറിയ ലോകത്തിന്റെ സംതൃപ്തി ഉണ്ടായിരുന്നു.......ലോകം വെട്ടിപ്പിടിച്ചില്ലെങ്കിലും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരാളെ എന്റേത് മാത്രം ആക്കിയതിൽ ഉള്ള അഹങ്കാരവും...... 
(വേറൊരു പേരിൽ ഞാൻ മുൻപ് എഴുതിയ ഒരു പഴയ പോസ്റ്റ്‌)

Shilpa Anie Elias

ഞങ്ങളുടെ തെറ്റല്ലല്ലോ


ഞാൻ ഒരു മാസത്തെ ട്രെയിനിംഗ് നു കൊച്ചിലേക്കു വരുവാണെന്നു പറഞ്ഞപ്പോൾ തൊട്ട് അമ്മ ആകെ ടെൻഷനിൽ ആയിരുന്നു... ഒന്നാമത്തെ കാര്യം ഞാനും ഏട്ടനും കേരളത്തിൽ അല്ല പഠിച്ചതൊന്നും രണ്ടാമത് ആ സിറ്റി എനിക്ക് അറിയില്ല ....രണ്ടോ മൂന്നോ തവണ വന്നിട്ടുണ്ടാകും... അതും ഏട്ടന് ഒപ്പം....എനിക്ക് അവിടെ ഒരു ആളെ പോലും പരിചയം ഇല്ല 
ഇനിയും ഒരാഴ്ച കൂടി ഉണ്ട് ഞാൻ വരാൻ... ഇപ്പോൾ തന്നെ ഞാൻ പേയിങ് ഗസ്റ്റ് ആയി താമസിക്കാൻ പോകുന്ന ഇടത്തേ ആന്റിയെ ഒരു നൂറു തവണ വിളിച്ചിട്ടുണ്ടാകും അമ്മ ....ഞാൻ പഠനത്തിന് എന്ന് പറഞ്ഞു പല സംസ്ഥാനങ്ങളിലും ചുറ്റി കറങ്ങിയിട്ടുണ്ടെങ്കിലും അമ്മക്ക് അപ്പോളൊന്നും ഇല്ലാത്ത ഒരു ഭയം ഇങ്ങോട്ട് വരുന്നു എന്ന് പറഞ്ഞപ്പോൾ ആയിരുന്നു.... 
ഞാൻ പൊതുവേ ഒരു തന്റേടി ആണ്... സ്വയം ആണ് എന്റെ എല്ലാ തീരുമാനങ്ങളും എടുക്കാറ് ... ഇത്തവണ അമ്മ എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ സമ്മതിക്കുന്നില്ല.... രാത്രിൽ കുത്തിയിരുന്ന് കണ്ടുപിടിച്ച സ്ഥലങ്ങൾ എല്ലാം റിജെക്ട് ചെയ്തിട്ടാണ് എവിടുന്നോ എനിക്ക് താമസിക്കാൻ ഒരു സ്ഥലം കണ്ടുപിടിച്ചത് തന്നെ ..അതാണെങ്കിൽ ഏട്ടന്റെ കൊച്ചിൽ ഉള്ള സുഹൃത്തിനെക്കൊണ്ട് അന്വേഷിപ്പിച്ച ശേഷം ..
പക്ഷേ ഞാൻ അവിടെ താമസിക്കാൻ റെഡി അല്ലായിരുന്നു... എന്റെ കൂടെ കുറച്ചു നോർത്ത് ഇന്ത്യൻ ഫ്രണ്ട്സ് വരുന്നുണ്ടായിരുന്നു അവർക്കൊപ്പം ആണ് ഞാൻ താമസിക്കാൻ ഉദ്ദേശിച്ചിരുന്നത്....അത് എന്റെ കമ്പനിയുടെ അടുത്തു നിന്നും അൽപ്പം മാറി ആയിരുന്നു .പക്ഷേ അമ്മ അമ്പിനും വില്ലിനും അടുക്കണില്ല.... സത്യം പറഞ്ഞാൽ ഞാൻ ആകെ കൺഫ്യൂസ്ഡ് ആയി... അമ്മക്ക് ഇതെന്തുപറ്റി എന്നോർത്ത്... 
സഹി കെട്ടപ്പോൾ അമ്മയും ഞാനും അടിയായി.... ചോദിച്ചപ്പോൾ പറഞ്ഞ കാര്യം കേട്ടപ്പോൾ എനിക്കും കൂടി ചിരി വന്നു.... 
"ഇപ്പൊ ന്യൂസ്‌ പേപ്പറിൽ ഒക്കെ എത്ര വാർത്തയാണ് വരണതെന്നു അറിയ്യോ നിനക്ക്... അതത്ര നല്ല സ്ഥലല്ല കുട്ട്യേ.. "
"അപ്പൊ അമ്മ എന്നെ ബംഗ്ലൂരിനും ചെന്നൈക്കും വിട്ടപ്പോൾ അതൊക്കെ നല്ല സ്ഥലാരുന്നോ.. ഇതിപ്പോ നമ്മടെ നാടല്ലെ അമ്മേ...ഒന്നും ഇല്ലെങ്കിലും ഭാഷ എങ്കിലും എനിക്ക് അറിയാമല്ലോ ??" ഞാനും തിരിച്ചടിച്ചു.... 
"നിന്നോട് തർക്കിക്കാൻ ഞാൻ ആളല്ല.. ന്നെ വിട്ടേക്ക്...പക്ഷേ ഇത്തവണ നിന്റെ ശാഠ്യം നടക്കില്യ കുട്ടീ...ഞങ്ങൾ പറയണ ഇടത്തെ നീ നില്ക്കു... "
അമ്മടെ അടുത്തു പയറ്റിയിട്ടു കാര്യം ഇല്ലെന്നു മനസ്സിലായത് കൊണ്ട്.. ഞാൻ ഏട്ടന്റെ അടുത്തു ചെന്നു... അവൻ ഇന്റേൺഷിപ് ചെയ്തത് കൊച്ചിൽ ആരുന്നു....ഒരു ആറുമാസത്തെ പരിചയം അവിടുണ്ട്..അതുകൊണ്ട് തന്നെ അമ്മയെ സോപ്പ് ഇടാൻ പുള്ളിയെക്കൊണ്ടേ പറ്റു... 
എല്ലാത്തിനും എന്നെ സപ്പോർട്ട് ചെയ്യുന്ന ഏട്ടനും ഇത്തവണ അമ്മയുടെ സൈഡിൽ ആയിരുന്നു 
"ഒരു മൂന്നുമാസം കഴിഞ്ഞാൽ പ്രൊജക്റ്റ് നു ഞാൻ വരേണ്ട സ്ഥലം ആണ്... അപ്പൊ ഇതുപോലെ നിങ്ങൾ എന്റെ ഒപ്പം കാണുമോ.. ഇല്ലല്ലോ... സോ ലെറ്റ്‌ മി ഹാൻഡ്ൽ ദിസ്‌ ഡാ ... "ഞാൻ അൽപ്പം നീരസത്തോടെ പറഞ്ഞു..... 
" നീ വേറെ ഏതു സിറ്റിയിൽ താമസിച്ചാലും ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല .... രാത്രിയിൽ ഒന്നും പെൺകുട്ടികൾക്കു തനിച്ചു യാത്ര ചെയ്യാൻ പറ്റിയ സ്ഥലം അല്ല ഇത് ..നിനക്കു നെറ്റിൽ ട്രാവൽ ചെയ്യേണ്ടി വരും... സോ നിനക്ക് അത് ഒറ്റയ്ക്ക് ഹാൻഡ്ൽ ചെയ്യാൻ പറ്റില്ല... ."അവൻ എന്നെ കൻവിൻസ് ചെയ്യാൻ ശ്രമിച്ചു..... 
എനിക്ക് ശരിക്കും ദേഷ്യം വന്നു... അപ്പൊ കൊച്ചിയിൽ താമസിക്കുന്ന സ്ത്രീകൾ ഒന്നും രാത്രിയിൽ പുറത്തു ഇറങ്ങാറില്ലേ.. ഇതൊക്കെ കുറേ ഒക്കെ തെറ്റിധാരണകൾ ആണ്.. പക്ഷേ ഞാൻ ഒന്നും പറയാതെ ഫോൺ വെച്ചു...ഏട്ടൻ ആയി പോയില്ലേ...പിന്നെ എനിക്ക് സ്ഥലവും അറിയില്ല ..... 
എന്തായാലും അമ്മ പറഞ്ഞ സ്ഥലത്ത് തന്നെ ഞാൻ താമസം ആക്കി.... ഒരു തവണ ഞാൻ എന്റെ ഫ്രണ്ട്സ് താമസിക്കുന്ന സ്ഥലത്തേക്ക് പോകേണ്ടി വന്നു... ഓഫീസിൽ നിന്നു വന്നിട്ട് വൈകുന്നേരം പോയത്‌ കൊണ്ട് നേരം അൽപ്പം ഇരുട്ടി ..എന്തായാലും ഒരു കാബ് കിട്ടിയത് കൊണ്ട് രക്ഷപെട്ടു...ഒരു ചെറുപ്പക്കാരൻ പയ്യനാരുന്നു ഡ്രൈവർ.... അയാളുടെ ചുഴ്ഞ്ഞ നോട്ടവും ചിരിയും അശ്ളീല ചുവ ഉള്ള പാട്ടുകളും ശരിക്കും എന്നെ ശരിക്കും അസ്വസ്ഥത ആക്കി... പോരാത്തതിനു ഒരു സ്ലീവ്‌ലെസ് ടോപ്‌ ആയിരുന്നു ഞാൻ അന്ന് ധരിച്ചിരുന്നത്.... അയാൾ എന്റെ നഗ്നമായ കൈകളെ വിശന്നിരിക്കുന്ന സിംഹം ഇരയെ എങ്ങനെ നോക്കുമോ അങ്ങനെ ആണ് നോക്കിയത്.... കേരളത്തിൽ നഗ്നമായ കൈതലങ്ങൾ ലൈംഗികഭാഗങ്ങളിൽ ഉൾപ്പെടുമെന്ന് അന്നാണ് ഞാൻ മനസ്സിലാക്കിയത്‌... 
"നേരെ നോക്കി ഓടിക്കെടോ " എന്ന് കണ്ണുകൊണ്ട് താക്കിത് കൊടുത്തപ്പോൾ പുള്ളി അല്പം നേരെ ആയി.... അല്ലേലും പണ്ടേ എനിക്ക് ഭദ്രകാളിയുടെ കണ്ണ് ആണെന്ന് അമ്മ ഇപ്പോഴും പറയും..... 
അൽപ്പം കഴിഞ്ഞു ഞാൻ എന്റെ സുഹൃത്തുക്കൾ താമസിക്കുന്ന സ്ഥലത്ത് എത്തി.... അവിടെ ചെന്നു കഴിഞ്ഞപ്പോൾ തൊട്ട് അവർക്കു പറയാൻ ഉള്ളതും ഇതുപോലെ ഉള്ള കുറേ അനുഭവങ്ങൾ ആയിരുന്നു.... 
ഓഫീസിൽ ആണെങ്കിൽ ഇതിനെക്കാൾ വലുതായിരുന്നു പ്രോബ്ലെംസ്... ബംഗ്ലൂരിൽ പഠിച്ച പെൺകുട്ടികളെ കുറിച്ച് ഭയങ്കര അഭിപ്രായം ആണല്ലോ നമ്മളുടെ നാട്ടിൽ..കൂടെ കുറച്ചു മോഡേൺ അയാൽ പറയുകയും വേണ്ട....ഞങ്ങൾ ബംഗ്ലൂരിൽ നിന്നു വന്നത് കൊണ്ട് ആ വികൃതമായ ചിന്താഗതിയോടെ ആയിരുന്നു പലരും ഞങ്ങളെ സമീപിച്ചിരുന്നത് ... 
ഒരു ഫിലിം ഡയലോഗ് പോലെ "നമ്മുടെ നാട്ടിലെ ആണുങ്ങൾ ചോരയും നീരും ഉള്ളവർ തന്നെയാണ് "എന്ന് പലരും തെളിയിച്ചു... ഒരു ചിലർ ചെയ്യുന്ന തെറ്റിന് എല്ലാവരും എങ്ങനെ തെറ്റുകാരവും എന്ന് എനിക്ക് മനസ്സിലാകുന്നില്ല...
നമ്മളുടെ കുട്ടികൾ എങ്ങനെ ആവുന്നു എന്ന് തീരുമാനിക്കുന്നത് നമ്മൾ ആണ്...മാതാപിതാക്കളുടെ, കുടുംബത്തിന്റെ സ്നേഹവലയം നമ്മളെ ചുറ്റി ഉള്ളപ്പോൾ ഏതു നാട്ടിൽ ആണെങ്കിലും അത്ര പെട്ടന്ന് ഒന്നും ആരും തെറ്റി പോകില്ല...മാറേണ്ടത് ചിന്താഗതികൾ ആണ് എന്ന് തോന്നുന്നു 
ഓഫീസിൽ മോശമായി പെരുമാറിയ ഒരാളുടെ അടുത്ത് പരുഷമായി സംസാരിക്കേണ്ടി വന്നു... അപ്പോൾ അയാൾ പറഞ്ഞ മറുപടി എന്നെ ശരിക്കും നോവിപ്പിച്ചു "നീയൊക്കെ അവിടൊക്കെ അഴിഞ്ഞാടി നടന്നിട്ട്... ഇവിടെ വല്യ സത്യഭാമ കളിക്കുന്നു "
" ചേട്ടൻ കണ്ടാരുന്നോ " എന്ന് ഒന്ന്‌ ഇരുത്തി ചോദിച്ചപ്പോൾ തീരാൻ ഉള്ളതെ ഉണ്ടായിരുന്നുള്ളു അയാളുടെ ധൈര്യം 
ഈ ചിന്തകൾ മനസ്സിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ ആണ് ഞാൻ ആദ്യമായി ഒരു പോസ്റ്റ്‌ മുഖപുസ്തകത്തിലെ ഒരു ഗ്രൂപ്പിൽ ഇടുന്നത്... ഒരുപാട് പേര് അത് സ്വീകരിച്ചു... ഒരുപാട് സന്തോഷം.... പക്ഷേ കമന്റ്‌ ബോക്സിലേക്കാൾ അതികം കമന്റ്സ് എന്റെ ചാറ്റ് ബോക്സിലേക്ക് ആണ് വന്നത് 
ചിലർ നല്ല സൗഹൃദങ്ങൾ ആയിരുന്നെങ്കിൽ ചിലർക്ക് വേണ്ടത് കുറച്ചു സൊള്ളലുകൾ ആയിരുന്നു... എന്റെ കഥകളിൽ എവിടെയാണ് ഞാൻ സൗഹൃദത്തിന് അപ്പുറം വേറെന്തിനെങ്കിലും തയാർ ആണെന്ന് എഴുതിയിരുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല... കഥാപാത്രങ്ങളെ അതുമാത്രമായി കാണുക... എഴുത്തുകാരിയുടെ തൂലികയിൽ സ്വന്തം കഥകൾ മാത്രമല്ല വിരിയുക.... സത്യം പറഞ്ഞാൽ എനിക്ക് ഒരുപാട് വിഷമം തോന്നി... നാട്ടിലേക്കു തിരികെ വരുമ്പോൾ കുറേ നല്ല ഓർമ്മകൾ സ്വരുക്കൂട്ടണം എന്നാണ് ഓർത്തതു...... പക്ഷേ മനം മടുപ്പിക്കുന്ന കുറേ തിക്താനുഭവങ്ങളായിരുന്നു നേരിട്ടത്.. 
കൂടെ തന്നെ പറയട്ടെ ഒരു സൈഡിൽ ഇങ്ങനെ ഒക്കെ ആയിരുന്നെങ്കിലും... ഞങ്ങളെ ഒരുപാട് സ്ഥലങ്ങളിൽ സംരക്ഷിച്ച സഹായിച്ച കുറേ പേരും ഉണ്ടായിരുന്നു.... ഒറ്റയ്ക്ക് സ്ഥലം അറിയാതെ നിന്നു കുഴങ്ങിയപ്പോൾ കൊണ്ട് വിട്ട ഒരു ചെറുപ്പക്കാരൻ തൊട്ട്.... രാത്രിയിൽ ട്രെയിൻ ലേറ്റ് ആയിട്ട് പോലും കാത്തു കിടന്ന കമ്പനി എംപ്ലോയീ വരെ വേറൊരു മുഖം ആയിരുന്നു..... പക്ഷേ നല്ലതിനേക്കാൾ കൂടുതൽ ചീത്തകൾ ആവുമല്ലോ നമ്മൾ ഓർത്തു വെക്കുക 
ഒരേ സിലബസ് പഠിച്ചു ഒരേ പോലെ നല്ലതും ചീത്തയും പറഞ്ഞു കൊടുത്തു വളർത്തുന്ന നമ്മുടെ നാട്ടിൽ..... ചിലർ എങ്ങനെയാണു തെറ്റിപ്പോകുന്നത് ...അതുകൊണ്ട് തോന്നുന്നു നമ്മളുടെ സമൂഹത്തിനു അല്ല പിഴച്ചത്... സ്വയം നമ്മൾക്ക് ആണെന്ന്.... 
ആർ. ജെ. നിൽജ പറഞ്ഞ ഒരു ഡയലോഗ് ഉണ്ട് "നമ്മളുടെ പെൺകുട്ടികളെ നമുക്ക് ഉറക്കെ അലറാൻ പഠിപ്പിക്കാം "...അവർ പ്രതികരിക്കട്ടെ.... ഇന്നു വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പീഡിപ്പിക്കാൻ ശ്രമിച്ച ആളുടെ ലിംഗം അറുത്തുമാറ്റിയ ആ പെൺക്കുട്ടിയെപ്പോലെ പ്രിതികരണശേഷി ഉള്ളവരാകട്ടെ നമ്മളുടെ പെൺകുട്ടികൾ.... 
സോഷ്യൽ മീഡിയയിൽ തൊട്ട് പുറത്തു ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ പോലും ഭയക്കുന്നുണ്ടേൽ അത് സ്ത്രീ ആയതുകൊണ്ട് ഉള്ള തെറ്റല്ല....സമൂഹത്തിലെ ചിലർ അധഃപതിച്ചു പോയതുകൊണ്ടുള്ള തെറ്റാണു.... 
ഞങ്ങളെ ഒരുപാട് സ്നേഹിക്കുന്ന അച്ചന്മാരും അമ്മമാരും ആങ്ങളമാരും ഒന്നറിഞ്ഞാൽ കൊള്ളം നിങ്ങളുടെ ഈ ഭയത്തിൽ പൊലിഞ്ഞു പോകുന്നത് ഞങ്ങളുടെ സ്വപ്നങ്ങൾ ആണ് എന്ന്.... നമ്മൾ പഠിപ്പിക്കുന്ന സഭ്യതയുടെ പാഠങ്ങളിൽ ഇങ്ങനെ ഒന്നുകൂടി ചേർക്കാം... സ്വയം സമ്മതം കൂടാതെ ഒരാൾ തൊട്ടാൽ അതൊരു വെറിപിടിച്ച നായ് കടിച്ചതുപോലെ മാത്രമാണെന്ന്....അരയിഞ്ചു കുറഞ്ഞ വസ്ത്രങ്ങളിൽ പെണ്ണിന്റെ വിർജിനിറ്റി കൈമോശം വരില്ല എന്ന് .... പെണ്ണിന്റെ വിശുദ്ധി മനസ്സിലാണെന്ന്..... 
സ്വയം മാറേണ്ട കാലം അടുത്തു കഴിഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു .... പുകഴ്ത്താനും തൊട്ടാസ്വദിക്കാനും സംരക്ഷിച്ചു വെക്കാനും ഷോ കേസിലെ വിലപിടിപ്പിച്ച വസ്തുക്കൾ അല്ലല്ലോ സ്ത്രീകൾ...നമ്മൾക്ക് അവരെ സ്വപ്നം കാണാൻ പഠിപ്പിക്കാം.... കാരണം ഞങ്ങളെ പെണ്ണായി പടച്ചത് ഞങ്ങളുടെ തെറ്റല്ലല്ലോ.....

Shilpa Anie Elias

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo