ഞാൻ ഒരു മാസത്തെ ട്രെയിനിംഗ് നു കൊച്ചിലേക്കു വരുവാണെന്നു പറഞ്ഞപ്പോൾ തൊട്ട് അമ്മ ആകെ ടെൻഷനിൽ ആയിരുന്നു... ഒന്നാമത്തെ കാര്യം ഞാനും ഏട്ടനും കേരളത്തിൽ അല്ല പഠിച്ചതൊന്നും രണ്ടാമത് ആ സിറ്റി എനിക്ക് അറിയില്ല ....രണ്ടോ മൂന്നോ തവണ വന്നിട്ടുണ്ടാകും... അതും ഏട്ടന് ഒപ്പം....എനിക്ക് അവിടെ ഒരു ആളെ പോലും പരിചയം ഇല്ല
ഇനിയും ഒരാഴ്ച കൂടി ഉണ്ട് ഞാൻ വരാൻ... ഇപ്പോൾ തന്നെ ഞാൻ പേയിങ് ഗസ്റ്റ് ആയി താമസിക്കാൻ പോകുന്ന ഇടത്തേ ആന്റിയെ ഒരു നൂറു തവണ വിളിച്ചിട്ടുണ്ടാകും അമ്മ ....ഞാൻ പഠനത്തിന് എന്ന് പറഞ്ഞു പല സംസ്ഥാനങ്ങളിലും ചുറ്റി കറങ്ങിയിട്ടുണ്ടെങ്കിലും അമ്മക്ക് അപ്പോളൊന്നും ഇല്ലാത്ത ഒരു ഭയം ഇങ്ങോട്ട് വരുന്നു എന്ന് പറഞ്ഞപ്പോൾ ആയിരുന്നു....
ഞാൻ പൊതുവേ ഒരു തന്റേടി ആണ്... സ്വയം ആണ് എന്റെ എല്ലാ തീരുമാനങ്ങളും എടുക്കാറ് ... ഇത്തവണ അമ്മ എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ സമ്മതിക്കുന്നില്ല.... രാത്രിൽ കുത്തിയിരുന്ന് കണ്ടുപിടിച്ച സ്ഥലങ്ങൾ എല്ലാം റിജെക്ട് ചെയ്തിട്ടാണ് എവിടുന്നോ എനിക്ക് താമസിക്കാൻ ഒരു സ്ഥലം കണ്ടുപിടിച്ചത് തന്നെ ..അതാണെങ്കിൽ ഏട്ടന്റെ കൊച്ചിൽ ഉള്ള സുഹൃത്തിനെക്കൊണ്ട് അന്വേഷിപ്പിച്ച ശേഷം ..
പക്ഷേ ഞാൻ അവിടെ താമസിക്കാൻ റെഡി അല്ലായിരുന്നു... എന്റെ കൂടെ കുറച്ചു നോർത്ത് ഇന്ത്യൻ ഫ്രണ്ട്സ് വരുന്നുണ്ടായിരുന്നു അവർക്കൊപ്പം ആണ് ഞാൻ താമസിക്കാൻ ഉദ്ദേശിച്ചിരുന്നത്....അത് എന്റെ കമ്പനിയുടെ അടുത്തു നിന്നും അൽപ്പം മാറി ആയിരുന്നു .പക്ഷേ അമ്മ അമ്പിനും വില്ലിനും അടുക്കണില്ല.... സത്യം പറഞ്ഞാൽ ഞാൻ ആകെ കൺഫ്യൂസ്ഡ് ആയി... അമ്മക്ക് ഇതെന്തുപറ്റി എന്നോർത്ത്...
സഹി കെട്ടപ്പോൾ അമ്മയും ഞാനും അടിയായി.... ചോദിച്ചപ്പോൾ പറഞ്ഞ കാര്യം കേട്ടപ്പോൾ എനിക്കും കൂടി ചിരി വന്നു....
"ഇപ്പൊ ന്യൂസ് പേപ്പറിൽ ഒക്കെ എത്ര വാർത്തയാണ് വരണതെന്നു അറിയ്യോ നിനക്ക്... അതത്ര നല്ല സ്ഥലല്ല കുട്ട്യേ.. "
"അപ്പൊ അമ്മ എന്നെ ബംഗ്ലൂരിനും ചെന്നൈക്കും വിട്ടപ്പോൾ അതൊക്കെ നല്ല സ്ഥലാരുന്നോ.. ഇതിപ്പോ നമ്മടെ നാടല്ലെ അമ്മേ...ഒന്നും ഇല്ലെങ്കിലും ഭാഷ എങ്കിലും എനിക്ക് അറിയാമല്ലോ ??" ഞാനും തിരിച്ചടിച്ചു....
"നിന്നോട് തർക്കിക്കാൻ ഞാൻ ആളല്ല.. ന്നെ വിട്ടേക്ക്...പക്ഷേ ഇത്തവണ നിന്റെ ശാഠ്യം നടക്കില്യ കുട്ടീ...ഞങ്ങൾ പറയണ ഇടത്തെ നീ നില്ക്കു... "
അമ്മടെ അടുത്തു പയറ്റിയിട്ടു കാര്യം ഇല്ലെന്നു മനസ്സിലായത് കൊണ്ട്.. ഞാൻ ഏട്ടന്റെ അടുത്തു ചെന്നു... അവൻ ഇന്റേൺഷിപ് ചെയ്തത് കൊച്ചിൽ ആരുന്നു....ഒരു ആറുമാസത്തെ പരിചയം അവിടുണ്ട്..അതുകൊണ്ട് തന്നെ അമ്മയെ സോപ്പ് ഇടാൻ പുള്ളിയെക്കൊണ്ടേ പറ്റു...
എല്ലാത്തിനും എന്നെ സപ്പോർട്ട് ചെയ്യുന്ന ഏട്ടനും ഇത്തവണ അമ്മയുടെ സൈഡിൽ ആയിരുന്നു
"ഒരു മൂന്നുമാസം കഴിഞ്ഞാൽ പ്രൊജക്റ്റ് നു ഞാൻ വരേണ്ട സ്ഥലം ആണ്... അപ്പൊ ഇതുപോലെ നിങ്ങൾ എന്റെ ഒപ്പം കാണുമോ.. ഇല്ലല്ലോ... സോ ലെറ്റ് മി ഹാൻഡ്ൽ ദിസ് ഡാ ... "ഞാൻ അൽപ്പം നീരസത്തോടെ പറഞ്ഞു.....
" നീ വേറെ ഏതു സിറ്റിയിൽ താമസിച്ചാലും ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല .... രാത്രിയിൽ ഒന്നും പെൺകുട്ടികൾക്കു തനിച്ചു യാത്ര ചെയ്യാൻ പറ്റിയ സ്ഥലം അല്ല ഇത് ..നിനക്കു നെറ്റിൽ ട്രാവൽ ചെയ്യേണ്ടി വരും... സോ നിനക്ക് അത് ഒറ്റയ്ക്ക് ഹാൻഡ്ൽ ചെയ്യാൻ പറ്റില്ല... ."അവൻ എന്നെ കൻവിൻസ് ചെയ്യാൻ ശ്രമിച്ചു.....
എനിക്ക് ശരിക്കും ദേഷ്യം വന്നു... അപ്പൊ കൊച്ചിയിൽ താമസിക്കുന്ന സ്ത്രീകൾ ഒന്നും രാത്രിയിൽ പുറത്തു ഇറങ്ങാറില്ലേ.. ഇതൊക്കെ കുറേ ഒക്കെ തെറ്റിധാരണകൾ ആണ്.. പക്ഷേ ഞാൻ ഒന്നും പറയാതെ ഫോൺ വെച്ചു...ഏട്ടൻ ആയി പോയില്ലേ...പിന്നെ എനിക്ക് സ്ഥലവും അറിയില്ല .....
എന്തായാലും അമ്മ പറഞ്ഞ സ്ഥലത്ത് തന്നെ ഞാൻ താമസം ആക്കി.... ഒരു തവണ ഞാൻ എന്റെ ഫ്രണ്ട്സ് താമസിക്കുന്ന സ്ഥലത്തേക്ക് പോകേണ്ടി വന്നു... ഓഫീസിൽ നിന്നു വന്നിട്ട് വൈകുന്നേരം പോയത് കൊണ്ട് നേരം അൽപ്പം ഇരുട്ടി ..എന്തായാലും ഒരു കാബ് കിട്ടിയത് കൊണ്ട് രക്ഷപെട്ടു...ഒരു ചെറുപ്പക്കാരൻ പയ്യനാരുന്നു ഡ്രൈവർ.... അയാളുടെ ചുഴ്ഞ്ഞ നോട്ടവും ചിരിയും അശ്ളീല ചുവ ഉള്ള പാട്ടുകളും ശരിക്കും എന്നെ ശരിക്കും അസ്വസ്ഥത ആക്കി... പോരാത്തതിനു ഒരു സ്ലീവ്‌ലെസ് ടോപ് ആയിരുന്നു ഞാൻ അന്ന് ധരിച്ചിരുന്നത്.... അയാൾ എന്റെ നഗ്നമായ കൈകളെ വിശന്നിരിക്കുന്ന സിംഹം ഇരയെ എങ്ങനെ നോക്കുമോ അങ്ങനെ ആണ് നോക്കിയത്.... കേരളത്തിൽ നഗ്നമായ കൈതലങ്ങൾ ലൈംഗികഭാഗങ്ങളിൽ ഉൾപ്പെടുമെന്ന് അന്നാണ് ഞാൻ മനസ്സിലാക്കിയത്...
"നേരെ നോക്കി ഓടിക്കെടോ " എന്ന് കണ്ണുകൊണ്ട് താക്കിത് കൊടുത്തപ്പോൾ പുള്ളി അല്പം നേരെ ആയി.... അല്ലേലും പണ്ടേ എനിക്ക് ഭദ്രകാളിയുടെ കണ്ണ് ആണെന്ന് അമ്മ ഇപ്പോഴും പറയും.....
അൽപ്പം കഴിഞ്ഞു ഞാൻ എന്റെ സുഹൃത്തുക്കൾ താമസിക്കുന്ന സ്ഥലത്ത് എത്തി.... അവിടെ ചെന്നു കഴിഞ്ഞപ്പോൾ തൊട്ട് അവർക്കു പറയാൻ ഉള്ളതും ഇതുപോലെ ഉള്ള കുറേ അനുഭവങ്ങൾ ആയിരുന്നു....
ഓഫീസിൽ ആണെങ്കിൽ ഇതിനെക്കാൾ വലുതായിരുന്നു പ്രോബ്ലെംസ്... ബംഗ്ലൂരിൽ പഠിച്ച പെൺകുട്ടികളെ കുറിച്ച് ഭയങ്കര അഭിപ്രായം ആണല്ലോ നമ്മളുടെ നാട്ടിൽ..കൂടെ കുറച്ചു മോഡേൺ അയാൽ പറയുകയും വേണ്ട....ഞങ്ങൾ ബംഗ്ലൂരിൽ നിന്നു വന്നത് കൊണ്ട് ആ വികൃതമായ ചിന്താഗതിയോടെ ആയിരുന്നു പലരും ഞങ്ങളെ സമീപിച്ചിരുന്നത് ...
ഒരു ഫിലിം ഡയലോഗ് പോലെ "നമ്മുടെ നാട്ടിലെ ആണുങ്ങൾ ചോരയും നീരും ഉള്ളവർ തന്നെയാണ് "എന്ന് പലരും തെളിയിച്ചു... ഒരു ചിലർ ചെയ്യുന്ന തെറ്റിന് എല്ലാവരും എങ്ങനെ തെറ്റുകാരവും എന്ന് എനിക്ക് മനസ്സിലാകുന്നില്ല...
നമ്മളുടെ കുട്ടികൾ എങ്ങനെ ആവുന്നു എന്ന് തീരുമാനിക്കുന്നത് നമ്മൾ ആണ്...മാതാപിതാക്കളുടെ, കുടുംബത്തിന്റെ സ്നേഹവലയം നമ്മളെ ചുറ്റി ഉള്ളപ്പോൾ ഏതു നാട്ടിൽ ആണെങ്കിലും അത്ര പെട്ടന്ന് ഒന്നും ആരും തെറ്റി പോകില്ല...മാറേണ്ടത് ചിന്താഗതികൾ ആണ് എന്ന് തോന്നുന്നു
ഓഫീസിൽ മോശമായി പെരുമാറിയ ഒരാളുടെ അടുത്ത് പരുഷമായി സംസാരിക്കേണ്ടി വന്നു... അപ്പോൾ അയാൾ പറഞ്ഞ മറുപടി എന്നെ ശരിക്കും നോവിപ്പിച്ചു "നീയൊക്കെ അവിടൊക്കെ അഴിഞ്ഞാടി നടന്നിട്ട്... ഇവിടെ വല്യ സത്യഭാമ കളിക്കുന്നു "
" ചേട്ടൻ കണ്ടാരുന്നോ " എന്ന് ഒന്ന് ഇരുത്തി ചോദിച്ചപ്പോൾ തീരാൻ ഉള്ളതെ ഉണ്ടായിരുന്നുള്ളു അയാളുടെ ധൈര്യം
ഈ ചിന്തകൾ മനസ്സിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ ആണ് ഞാൻ ആദ്യമായി ഒരു പോസ്റ്റ് മുഖപുസ്തകത്തിലെ ഒരു ഗ്രൂപ്പിൽ ഇടുന്നത്... ഒരുപാട് പേര് അത് സ്വീകരിച്ചു... ഒരുപാട് സന്തോഷം.... പക്ഷേ കമന്റ് ബോക്സിലേക്കാൾ അതികം കമന്റ്സ് എന്റെ ചാറ്റ് ബോക്സിലേക്ക് ആണ് വന്നത്
ചിലർ നല്ല സൗഹൃദങ്ങൾ ആയിരുന്നെങ്കിൽ ചിലർക്ക് വേണ്ടത് കുറച്ചു സൊള്ളലുകൾ ആയിരുന്നു... എന്റെ കഥകളിൽ എവിടെയാണ് ഞാൻ സൗഹൃദത്തിന് അപ്പുറം വേറെന്തിനെങ്കിലും തയാർ ആണെന്ന് എഴുതിയിരുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല... കഥാപാത്രങ്ങളെ അതുമാത്രമായി കാണുക... എഴുത്തുകാരിയുടെ തൂലികയിൽ സ്വന്തം കഥകൾ മാത്രമല്ല വിരിയുക.... സത്യം പറഞ്ഞാൽ എനിക്ക് ഒരുപാട് വിഷമം തോന്നി... നാട്ടിലേക്കു തിരികെ വരുമ്പോൾ കുറേ നല്ല ഓർമ്മകൾ സ്വരുക്കൂട്ടണം എന്നാണ് ഓർത്തതു...... പക്ഷേ മനം മടുപ്പിക്കുന്ന കുറേ തിക്താനുഭവങ്ങളായിരുന്നു നേരിട്ടത്..
കൂടെ തന്നെ പറയട്ടെ ഒരു സൈഡിൽ ഇങ്ങനെ ഒക്കെ ആയിരുന്നെങ്കിലും... ഞങ്ങളെ ഒരുപാട് സ്ഥലങ്ങളിൽ സംരക്ഷിച്ച സഹായിച്ച കുറേ പേരും ഉണ്ടായിരുന്നു.... ഒറ്റയ്ക്ക് സ്ഥലം അറിയാതെ നിന്നു കുഴങ്ങിയപ്പോൾ കൊണ്ട് വിട്ട ഒരു ചെറുപ്പക്കാരൻ തൊട്ട്.... രാത്രിയിൽ ട്രെയിൻ ലേറ്റ് ആയിട്ട് പോലും കാത്തു കിടന്ന കമ്പനി എംപ്ലോയീ വരെ വേറൊരു മുഖം ആയിരുന്നു..... പക്ഷേ നല്ലതിനേക്കാൾ കൂടുതൽ ചീത്തകൾ ആവുമല്ലോ നമ്മൾ ഓർത്തു വെക്കുക
ഒരേ സിലബസ് പഠിച്ചു ഒരേ പോലെ നല്ലതും ചീത്തയും പറഞ്ഞു കൊടുത്തു വളർത്തുന്ന നമ്മുടെ നാട്ടിൽ..... ചിലർ എങ്ങനെയാണു തെറ്റിപ്പോകുന്നത് ...അതുകൊണ്ട് തോന്നുന്നു നമ്മളുടെ സമൂഹത്തിനു അല്ല പിഴച്ചത്... സ്വയം നമ്മൾക്ക് ആണെന്ന്....
ആർ. ജെ. നിൽജ പറഞ്ഞ ഒരു ഡയലോഗ് ഉണ്ട് "നമ്മളുടെ പെൺകുട്ടികളെ നമുക്ക് ഉറക്കെ അലറാൻ പഠിപ്പിക്കാം "...അവർ പ്രതികരിക്കട്ടെ.... ഇന്നു വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പീഡിപ്പിക്കാൻ ശ്രമിച്ച ആളുടെ ലിംഗം അറുത്തുമാറ്റിയ ആ പെൺക്കുട്ടിയെപ്പോലെ പ്രിതികരണശേഷി ഉള്ളവരാകട്ടെ നമ്മളുടെ പെൺകുട്ടികൾ....
സോഷ്യൽ മീഡിയയിൽ തൊട്ട് പുറത്തു ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ പോലും ഭയക്കുന്നുണ്ടേൽ അത് സ്ത്രീ ആയതുകൊണ്ട് ഉള്ള തെറ്റല്ല....സമൂഹത്തിലെ ചിലർ അധഃപതിച്ചു പോയതുകൊണ്ടുള്ള തെറ്റാണു....
ഞങ്ങളെ ഒരുപാട് സ്നേഹിക്കുന്ന അച്ചന്മാരും അമ്മമാരും ആങ്ങളമാരും ഒന്നറിഞ്ഞാൽ കൊള്ളം നിങ്ങളുടെ ഈ ഭയത്തിൽ പൊലിഞ്ഞു പോകുന്നത് ഞങ്ങളുടെ സ്വപ്നങ്ങൾ ആണ് എന്ന്.... നമ്മൾ പഠിപ്പിക്കുന്ന സഭ്യതയുടെ പാഠങ്ങളിൽ ഇങ്ങനെ ഒന്നുകൂടി ചേർക്കാം... സ്വയം സമ്മതം കൂടാതെ ഒരാൾ തൊട്ടാൽ അതൊരു വെറിപിടിച്ച നായ് കടിച്ചതുപോലെ മാത്രമാണെന്ന്....അരയിഞ്ചു കുറഞ്ഞ വസ്ത്രങ്ങളിൽ പെണ്ണിന്റെ വിർജിനിറ്റി കൈമോശം വരില്ല എന്ന് .... പെണ്ണിന്റെ വിശുദ്ധി മനസ്സിലാണെന്ന്.....
സ്വയം മാറേണ്ട കാലം അടുത്തു കഴിഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു .... പുകഴ്ത്താനും തൊട്ടാസ്വദിക്കാനും സംരക്ഷിച്ചു വെക്കാനും ഷോ കേസിലെ വിലപിടിപ്പിച്ച വസ്തുക്കൾ അല്ലല്ലോ സ്ത്രീകൾ...നമ്മൾക്ക് അവരെ സ്വപ്നം കാണാൻ പഠിപ്പിക്കാം.... കാരണം ഞങ്ങളെ പെണ്ണായി പടച്ചത് ഞങ്ങളുടെ തെറ്റല്ലല്ലോ.....
Shilpa Anie Elias

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക