Slider

നാളെയുടെ ഈയാം പാറ്റകൾ ====================== ഒന്നാം ഭാഗം

0

" ചാമിയേ... എങ്ങോട്ടാടാ രാവിലെ തന്നെ വടിയും കുത്തിപ്പിടിച്ചു.."
ചോദ്യം കേട്ട് വടിയിൽ ബലം കൊടുത്തു ചാമി നിന്നു കണ്ണിന് മുകളിൽ കൈപ്പടം വെച്ച് ചോദ്യം കേട്ട ഭാഗത്തേക്ക് നോക്കി..
ജോസഫ് ചേട്ടനാണ്
കയ്യാലക്ക് മുകളിൽ നിന്നത് ചോദിച്ചത്...
" നമ്മുടെ തെക്കേലെ ലോനപ്പൻ ചേട്ടന് കൂടുതലാണത്രെ.. കുറെ നാളായി അങ്ങോട്ടൊന്നിറങ്ങാണമെന്നു വിചാരിക്കുന്നു.. ഇപ്പഴാ അതിനൊത്തത്..." ചാമി മറുപടി പറഞ്ഞു...
" ആ ഞാനും കേട്ടു... കൊല്ലം മൂന്നായില്ലേ കിടന്ന കിടപ്പ് ... ഇന്ന് പോകും നാളെ പോകും എന്ന് പറഞ്ഞു... മക്കളും മരുമക്കളും പ്രാകിത്തുടങ്ങി എന്നാ ഞാനറിഞ്ഞത്... എങ്ങിനെ നടന്നിരുന്ന മനുഷ്യനാ.. എന്നാ നീയിങ്ങോട്ട് കേറിയിരിക്ക് ഒരു കട്ടൻ കുടിക്ക് ഞാനും വരാം അങ്ങോട്ട്.. കഴിഞ്ഞാഴ്ച്ച ഒന്ന് പോയതാ... എന്നാ ഒക്കെ ആയാലും കളിക്കൂട്ടുകാരൻ അല്ലിയോ..." ജോസഫ് ചേട്ടൻ പറഞ്ഞു...
" കട്ടനൊന്നും വേണ്ട ചേട്ടൻ എളുപ്പം വാ .. ഞാനിവിടെ ഇരിക്കാം.." പറഞ്ഞിട്ട് ചാമി അടുത്തു കണ്ട ഒരു കുത്തുകല്ലിൽ ഇരുന്നു...
ജോസഫ് വസ്ത്രം മാറി പുറത്തു വരുമ്പോളേക്കും ചാമി അവരുടെ മധുരതരമായ ബാല്യകാലത്തേക്ക് മനസ്സ് കൊണ്ട് ഒരു യാത്ര പോയിരുന്നു...
" കാത്തിരുന്ന് ഉറങ്ങിയോ... പോകാടാവേ.." ജോസഫിന്റെ ചോദ്യമാണ് ചാമിയെ ചിന്തകളിൽ നിന്നുണർത്തിയത്...
കയ്യിലുള്ള ഊന്നുവടിയിൽ ബലം കൊടുത്തു ചാമി എഴുന്നേറ്റു ...
72 വയസ്സ് പ്രായം വരും ചാമിക്ക് ലോനപ്പനാണ് അവരിൽ മുതിർന്നത് 80 വയസ്സ് ഏറ്റവും ഇളയത് ജോസഫ് 65 വയസ്സ്...
ചാമി തമിഴനാണ് എന്നാൽ ജനിച്ചതും വളർന്നതും കേരളത്തിൽ തന്നെ...
എന്നാലും ചാമിക്ക് അവർ രണ്ടുപേരും ചേട്ടാ ആണ് ലോനപ്പൻ ചേട്ടാ യും ജോസഫ് ചേട്ടാ യും..
പഴയ സതീർത്ഥ്യന്റെ ഭവനം ലക്ഷ്യമാക്കി അവർ നടന്നു...
ഏറെ നാളായി പിരിഞ്ഞിരിക്കുന്ന ഭാര്യയും ഭർത്താവും നേരിട്ട് കണ്ടാൽ ആലിംഗംനബദ്ധരാകുന്നത് പോലെ സൂര്യൻ വെറും ഒരു രാത്രിയുടെ വേർപിരിയൽ താങ്ങാനാവാതെ ഭൂമിയെ ആഞ്ഞു പുൽകി തുടങ്ങിയിരുന്നു...
ഭൂമിക്കും ചൂട് പിടിച്ചു തുടങ്ങി...
ഇനിയും ആരും മുറിക്കാത്ത മരങ്ങളുടെ തണൽ പറ്റി അവർ മെല്ലെ നടന്നു ...
കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല...
രാവിലെ എഴുന്നേൽക്കാൻ നേരം വൈകിയാൽ അമ്മ എഴുന്നേല്പിക്കാൻ വേണ്ടി അലറി വിളിക്കുന്നത് പോലെ ഏതോ പേരറിയാ കിളി ചിലക്കുന്ന ശബ്ദവും ചാമിയുടെ കിതപ്പും ഇടവേളകളിൽ ഉണ്ടാകുന്ന ജോസഫിന്റെ ദീർഘനിശ്വാസവും മാത്രം നിശബ്ദതയെ ഭേദിച്ച് കൊണ്ടിരുന്നു...
" ചേട്ടാ കയ്യിൽ ഒന്ന് പിടിക്ക് പഴയ പോലെ നടക്കാൻ പറ്റുന്നില്ല " ചെറിയൊരു കുന്നു കണ്ടപ്പോൾ ചാമി ജോസെഫിനോട് പറഞ്ഞു...
ജോസഫ് ചാമിയുടെ കയ്യിൽ പിടിച്ചു...
" എത്ര ഓടിച്ചാടി നടന്നതാ ഇതിലൂടെ... നമ്മുടെ ചവിട്ട് കൊള്ളാത്ത ഒറ്റ പുല്ലു വരെ ഉണ്ടായിരുന്നില്ല ഇവിടെ... " ചാമി തുടർന്നു...
" നിനക്കോർമ്മയുണ്ടോ ചേട്ടാ... പണ്ട് സ്കൂളിൽ പോകാൻ ഇറങ്ങിയാലും കടയിൽ പോകാൻ ഇറങ്ങിയാലും മൂന്ന് പേരും ഒരുമിച്ചായിരുന്നു... വണ്ടി ഓടിക്കുന്നത് പോലെ വാ കൊണ്ട് ശബ്ദമുണ്ടാക്കി... അന്തരീക്ഷത്തിൽ ഇല്ലാത്ത സ്റ്റിയറിങ് തിരിച്ചു... ഹോൺ മുഴക്കി... *വാദിപ്പായിരുന്നു... എന്ത് രസമായിരുന്നു... ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്നു..."
ജോസഫിന്റെ മുഖത്തും ചെറിയൊരു ചിരി വന്നു..
" അതേ ആ സമയത്തല്ലേ എന്നെ മനക്കലെ തമ്പ്രാന്റെ കാർ ഇടിച്ചത്.." ജോസഫ് ചോദിച്ചു...
"തമ്പ്രാന്റെ കാർ ഇടിച്ചോ... എപ്പോ... " ചാമി അമ്പരപ്പോടെ ചോദിച്ചു...
" നിനക്കറിയില്ലേ അത് ... വലിയ വിവാദമായതാണല്ലോ അത് " ജോസഫ് ആശ്ചര്യത്തോടെ ചോദിച്ചു...
" ഇല്ല... അതെന്താ സംഭവം... ചേട്ടൻ പറയ് "
ചാമി വർദ്ധിച്ച ജിജ്ഞാസയോടെ ആ സംഭവം കേൾക്കാൻ കാത് കൂർപ്പിച്ചു
" നമുക്കിവിടെ കുറച്ചു നേരം ഇരിക്കാം പഴയത് പോലെ ഒറ്റയടിക്ക് നടക്കാൻ പറ്റുന്നില്ല കിതപ്പാണ്... " ചാമി ജോസഫിനോട് പറഞ്ഞു...
ജോസഫും തലയാട്ടി സമ്മതിച്ചു
ആ കുന്നിന്റെ മുകളിൽ കണ്ട പാറയുടെ മുകളിൽ രണ്ടാളും തണൽ നോക്കി ഇരുന്നു...
രാജകൊട്ടാരത്തിനകത്ത് വീശുന്ന വെഞ്ചാമരത്തിനെക്കാൾ കുളിർമ്മയോടെ ഇളംകാറ്റ് വീശുന്നുണ്ടായിരുന്നു...
അല്ലെങ്കിലും തളർന്നിരിക്കുമ്പോൾ കിട്ടുന്ന കാറ്റ് സ്വർഗ്ഗത്തിൽ എത്തിയതിന് തുല്യമാണ്....
ഇനി പറ ചേട്ടാ ആ വിവാദ സംഭവം.... കേൾക്കട്ടെ.... ചാമി തികഞ്ഞ ആകാംക്ഷയോടെ ജോസഫിന്റെ മുഖത്തു നോക്കി പറഞ്ഞു....
ചാമിയുടെ മുഖത്ത് നോക്കി ചെറുതായി ചിരിച്ചു ജോസഫ് ആ വിവാദ സംഭവം പറയാൻ തുടങ്ങി...
" അന്നൊരു ദിവസം നമ്മൾ മൂന്ന് പേരും കൂടി കടയിൽ പോയി വരുന്ന സമയത്തു കൂട്ടിയിടിച്ചു വീണത് നിനക്കോർമ്മയുണ്ടോ...? " ജോസഫ് ചാമിയോട് ചോദിച്ചു...
ചാമിയുടെ നെറ്റിയിൽ ചുളിവുകൾ വീണു ഓർത്തെടുക്കാൻ ശ്രമിക്കുകയാണെന്ന് വ്യക്തം.. " അതിപ്പോ വീഴ്ചയൊക്കെ ഒരുപാട് ഉണ്ടായിട്ടുള്ളതല്ലേ എനിക്കങ്ങോട്ട് ശരിക്ക് ഓർമ്മ കിട്ടുന്നില്ല..." ചാമി പരാജയം സമ്മതിച്ചു പറഞ്ഞു...
ജോസഫ് വീണ്ടും പുഞ്ചിരിച്ചു തലയാട്ടി...
" അതേയതെ പക്ഷേ ഇത് ഞാൻ മരിക്കുന്നത് വരെ മറക്കില്ല... " ജോസഫ് തുടർന്നു...
" അന്നൊരു ദിവസം നമ്മൾ മൂന്നു പേരും കൂടി കടയിൽ പോയി വരുമ്പോൾ ഓടിയിട്ടു തന്നെയായിരുന്നു വരവ്... ലോനപ്പനെ മറികടിക്കാൻ ഞാൻ ശ്രമിക്കുമ്പോൾ നീ പുറകിൽ നിന്ന് വന്ന് ഇടിച്ചു ദേ കിടക്കുന്നു മൂന്നും കൂടി കെട്ടിമറിഞ്ഞു തറയിൽ... എന്റെ കയ്യിലുണ്ടായിരുന്ന വെളിച്ചെണ്ണ കുപ്പി പൊട്ടി ലോനപ്പന്റെ കയ്യിലുണ്ടായിരുന്ന അരി സഞ്ചി താഴെ വീണു.. കയ്യിലെയും കാലിലെയും ഒക്കെ തൊലി പോയി... ലോനപ്പന്റെ അരി കല്ലും മണ്ണും കൂടാതെ ഒരു പരിധി വരെ വാരിയെടുത്തു.. പക്ഷേ എന്റെ വെളിച്ചെണ്ണ... അന്നൊക്കെ വല്ലതും വാങ്ങിക്കാനുള്ള പൈസ ഉണ്ടാക്കുന്നത് തന്നെ വീട്ടുകാർ പാടുപെട്ടിട്ടാണ് അതുകൊണ്ടു തന്നെ വീണ്ടും പോയി വാങ്ങിക്കാനും പൈസയില്ല... എന്റെ പുറം പൊളിഞ്ഞത് തന്നെ എന്നുറപ്പിച്ചിട്ടാണ് അന്ന് വീട്ടിലേക്ക് പോയത്... ചെന്നപ്പോൾ തന്നെ അമ്മച്ചി കാത്ത് നിൽക്കുന്നുണ്ട്... കയ്യും വീശി ചെല്ലുന്ന എന്നെ നോക്കി അമ്മച്ചിയുടെ ഗൗരവത്തിലുള്ള ചോദ്യം വന്നു എന്തിയേടാ വെളിച്ചെണ്ണ... കുപ്പി പൊട്ടി എന്ന് ഞാൻ പറഞ്ഞതും അമ്മച്ചി വേലിയിൽ നിന്ന് കമ്പ് ഒടിച്ചു... പിന്നെ ഉള്ള ദേഷ്യം മുഴുവൻ പുറത്തെടുത്ത് അലറുന്ന പോലെ അടുത്ത ചോദ്യം വന്നു.... എങ്ങിനെ... വണ്ടി തട്ടി എന്ന് പറഞ്ഞപ്പോൾ അന്തരീക്ഷത്തിൽ ഉയർന്ന കൈ ഒരു നിമിഷം അനങ്ങാതെ നിന്നു... അമ്മച്ചി ഒന്ന് സൂക്ഷിച്ചു നോക്കി... ഞങ്ങൾ വണ്ടി ഓടിച്ചു കളിച്ചതാ എന്ന് പറയുന്നതിന് മുമ്പേ എന്റെ മോനേ എന്ന് വിളിച്ചു അമ്മച്ചി ഓടി വന്നു ഒരു കെട്ടിപ്പിടുത്തമായിരുന്നു... കരഞ്ഞുകൊണ്ട് എന്റെ കയ്യിലെയും കാലിലെയും മുറിവുകൾ നോക്കുന്നതിനിടയിൽ അമ്മച്ചി തന്നെ പറഞ്ഞു... മനക്കലെ തമ്പ്രാന്റെ വണ്ടിയാകും... കാലമാടൻ കൊന്നു കളഞ്ഞേനെല്ലോ എന്റെ കുഞ്ഞിനെ... അതും കൂടി കേട്ടപ്പോൾ പറയാൻ വന്നത് ഞാനങ്ങ് വിഴുങ്ങി... അന്ന് ആ പ്രദേശത്ത് തമ്പ്രാന് മാത്രമല്ലേ വണ്ടിയുള്ളൂ... തമ്പ്രാന്റെ മുമ്പിൽ പോയി ചോദിക്കാൻ പേടിയായത് കാരണം അയൽവക്കങ്ങളിലെ മൂന്ന് നാല് വീടുകളിൽ പരദൂക്ഷണമായി ആ വാർത്ത അവസാനിച്ചു... ജോസഫ് പറഞ്ഞു നിർത്തി...
"ഹ ഹ ഹ ഹ " ചാമി വയ്യെങ്കിലും പൊട്ടിച്ചിരിച്ചു... " നിനക്കിപ്പോഴും അതൊക്കെ ഓർമ്മയുണ്ടോ ചേട്ടാ..? ചിരിച്ചു കഴിഞ്ഞു ചാമി ചോദിച്ചു...
" ഇല്ലാതെ പിന്നെ... അന്നൊക്കെ എനിക്ക് അമ്മച്ചിയുടെ കയ്യിൽ നിന്ന് സ്ഥിരം തല്ലു കിട്ടുമായിരുന്നു... കുറെ നാളുകൾക്ക് ശേഷം അന്നാണ് തല്ലാതെ എന്നെ ഒന്ന് കെട്ടിപ്പിടിച്ചത്... പിന്നെ അത് മറക്കാൻ പറ്റുമോ..." ജോസഫ് മറുചോദ്യം ചോദിച്ചു...
ചാമിക്ക് ഓർക്കുംതോറും ചിരി വന്നു...
" ഇതാണ് ശരിക്കും വീണത് വിദ്യയായത്..." ചാമി പറഞ്ഞു...
" അല്ലെടാ ചക്കയിട്ടപ്പോ മുയൽ ചത്തു... " ജോസഫ് തിരുത്തി...
ആ കുന്നിന്റെ മുകളിൽ നിന്ന് നോക്കിയാൽ താഴെ നിര നിരയായി വീടുകൾ കാണാമായിരുന്നു...
പണ്ട് കാലത്ത് ഞങ്ങളായിരുന്നു ഇവിടെ രാജാക്കന്മാർ എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ അവരോട് പറയാൻ മാത്രം അവിടവിടെയായി കുറച്ചു മരങ്ങൾ നിന്നിരുന്നു....
ആ താഴ്വരത്തിലേക്ക് നോക്കി അവർ രണ്ടുപേരും കുറച്ചു നേരം മിണ്ടാതിരുന്നു....
" ഒരുകാലത്ത് വൈകുന്നേരങ്ങളിൽ ഇവിടെ വന്ന് താഴേക്ക് നോക്കിയിരുന്നാൽ നേരം പോകുന്നത് അറിയില്ലായിരുന്നു.... വയലുകളും അരുവികളും എന്ത് മനോഹരമായ കാഴ്ച്ചയായിരുന്നു അതൊക്കെ... " ജോസഫ് ആത്മഗതം പോലെ പറഞ്ഞു....
" അതേയതെ ഇന്ന് കോൺക്രീറ്റ് കാടുകൾ നിറഞ്ഞു... ഒന്നോർത്താൽ ഇന്നത്തെ തലമുറയ്ക്ക് പ്രകൃതി ഭംഗി എന്താണെന്ന് പുസ്തകങ്ങളിൽ കണ്ട പരിചയം മാത്രമേ ഉള്ളൂ... കൃത്രിമ വനങ്ങളും കൃത്രിമ വെള്ളച്ചാട്ടങ്ങളും ഒക്കെയാണ് അവരുടെ ലോകം.... കാശ് മുടക്കി ഉല്ലാസകേന്ദ്രങ്ങളിൽ പോകുക... എന്നിട്ട് ഉല്ലസിക്കുക.... എന്നിട്ടും അവർ ഉല്ലസിക്കുന്നുണ്ടോ.... നമ്മുടെ കാലഘട്ടം.... തോന്നുന്ന മരത്തിൽ കയറുക... കഴിക്കാൻ പറ്റുന്നത് തോന്നുന്നത് പറിച്ചു തിന്നുക.... വെള്ളത്തിൽ ചാടി തിമിർത്തു കുളിക്കുക... അതൊക്കെയായിരുന്നു ഉല്ലാസം.... ശരീരത്തിന്റെ ആരോഗ്യവും.... ഇന്നതെല്ലാം നശിപ്പിച്ചിട്ട് എല്ലാം കാശ് കൊടുത്തു വാങ്ങുന്നു മണ്ടന്മാരായ മനുഷ്യർ..." ചാമി പറഞ്ഞു...
" ഒന്നോർത്താൽ മനുഷ്യൻ പണത്തിനു പിന്നാലെ ഇത്രക്ക് പായാൻ കാരണം തന്നെ എല്ലാം പണം കൊടുത്തു വാങ്ങണം എന്നത് കൊണ്ട് മാത്രമാകും.... ഫലമോ പണത്തിന്റെ തുലാസ് മുഖേനയാണ് ഇന്ന് ബന്ധങ്ങൾ പോലും.... പണത്തിന് വേണ്ടി എന്ത് ഹീനമാർഗ്ഗവും ചെയ്യുന്ന മൃഗങ്ങളായി കഴിഞ്ഞിരിക്കുന്നു മനുഷ്യൻ..." ജോസഫ് പറഞ്ഞു...
" അതെ... ഇന്ന് യഥാർത്ഥമായ സ്നേഹബന്ധം എവിടെയാണുള്ളത്... രക്തബന്ധങ്ങൾ വരെ പണത്തിന്റെ കാര്യത്തിൽ അകലുന്നു..." ചാമിയും സമ്മതിച്ചു....
" മടുത്തു തുടങ്ങി ഈ ലോകം എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോയാൽ മതി " ജോസഫ് പറഞ്ഞു...
" ഞാനും അത് തന്നെയാണ് പ്രാർത്ഥിക്കുന്നത് .... പൊങ്ങച്ചത്തിന്റെയും ആഡംബരത്തിന്റെയും അഭിനയത്തിന്റെയും ലോകം..." ചാമിയും പറഞ്ഞു....
" എന്നാൽ പയ്യെ പോയാലോ നമുക്ക് " ജോസഫ് ചാമിയോടായി ചോദിച്ചു....
" ഉം പോകാം ഒന്ന് പിടിക്ക് ചേട്ടാ " ചാമി മറുപടി പറഞ്ഞു ജോസഫിന്റെ നേരെ കൈ നീട്ടി....
ജോസഫ് ചാമിയേ പിടിച്ചെഴുന്നേല്പിച്ചു.... " എവിടെയെങ്കിലും ഇത്തിരി നേരം ഇരുന്നാൽ പിന്നെ ശരീരം തളർന്നത് പോലെയാണ് ഒരു ബലവുമില്ല..." ചാമി എഴുന്നേറ്റ് വടിയിൽ ബലം കൊടുക്കുന്നതിനിടയിൽ പറഞ്ഞു...
" പണ്ടായിരുന്നെങ്കിൽ നിന്നെ ഞാൻ എടുത്തോണ്ട് നടന്നേനെ ഇപ്പൊ എനിക്കും വയ്യ മേലുവേദനയാ..." ജോസഫ് പകുതി കളിയായും കാര്യമായും പറഞ്ഞു....
" കിളവനായില്ലേ.... ഇനി ഇങ്ങിനെയൊക്കെ തന്നെയാ..." ചാമി തിരിച്ചു മറുപടി കൊടുത്തു....
" ശരി പതിനാറുകാരാ " ജോസഫ് തൊഴുന്നത് പോലെ കാണിച്ചു പറഞ്ഞു...
രണ്ടുപേരും ചിരിച്ചു...
പഴയ ഓർമ്മകൾ പറഞ്ഞും ചിരിച്ചും അവർ ലോനപ്പന്റെ വീട്ടിലേക്കിറങ്ങുന്ന വഴിയുടെ മുമ്പിലെത്തി....
ദൂരെ നിന്നേ അവർ കണ്ടു വീടിന്റെ മുമ്പിൽ ഉള്ള ആൾക്കൂട്ടം.....
രണ്ടുപേരും നിന്നു ആശങ്കയോടെ മുഖത്തോടു മുഖം നോക്കി......
( തുടരും )
* പന്തയം

By
Jaison G
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo