Slider

നാളെയുടെ ഈയാം പാറ്റകൾ ====================== - ഭാഗം രണ്ട്

0

അതേ ആശങ്കക്ക് ഒട്ടും കുറവില്ലാതെയാണ് അവർ ലോനപ്പന്റെ വീട്ടിലേക്കുള്ള ചുവടുകൾ വെച്ചത്...
അകലെ നിന്നെ കേട്ട അലർച്ചയും കരച്ചിലും അവരുടെ മനസ്സിനെ ഏറെക്കുറെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു...
മുറ്റത്തെത്താറായതും കണ്ടു കൂട്ടം കൂടി നിന്ന് കരയുന്ന കുറച്ചു പേരെ...
ബാക്കിയുള്ളവർ നിർന്നിമേഷരായി നോക്കി നിൽക്കുന്നു....
മുറ്റത്തു കയറിയപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത് അത് അപ്പൊ വന്ന ബന്ധുക്കാരാണ്‌...
വന്ന് കാല് കുത്തിയത് എല്ലാവരെയും അറിയിക്കാൻ വേണ്ടി സ്ത്രീ ജനങ്ങൾ നടത്തുന്ന സ്ഥിരം നാടകാഭിനയത്തിന്റെ സമയത്താണ് ഇവർ എത്തിച്ചേർന്നത് എന്ന് മാത്രം ....
വീട്ടിലുള്ള മറ്റ് സ്ത്രീകൾ വന്ന് അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് വരെ ഈ കരച്ചിൽ തുടരും...
അത് കഴിഞ്ഞാൽ വസ്ത്രം മാറി പരദൂഷണവും പറഞ്ഞിരിക്കും അതെല്ലായിടത്തും പതിവാണ്...
ചാമിയും ജോസഫും വിധിയറിയാൻ കാത്ത് നിൽക്കുന്ന വാദിയുടെ മുഖഭാവത്തോടെ ഉത്കണ്ഠാകുലരായി അക്ഷമയോടെ കാത്തിരിക്കുന്ന മക്കളുടെയും മരുമക്കളുടെയും ബന്ധുക്കാരുടെയും നടുവിലൂടെ മെല്ലെ നടന്ന് ലോനപ്പന്റെ മുറിയുടെ മുമ്പിലെത്തി...
കൊടും ചൂടിൽ നിന്ന് പെട്ടെന്ന് അതിശൈത്യത്തിലേക്ക് വന്നത് പോലെയാണ് അവർക്ക് തോന്നിയത് കാരണം പുറത്തുള്ള ആളും ബഹളവുമൊന്നും മുറിക്കുള്ളിലില്ല...
അകത്തുള്ള കട്ടിലിൽ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരൻ കണ്ണുകളടച്ചു നീണ്ടു നിവർന്നു കിടക്കുന്നു...
നെഞ്ചിൻകൂട് ചെറുതായി ഉയർന്നു താഴുന്നതാണ് ജീവൻ ഇപ്പോഴും ബാക്കിയുണ്ട് എന്നതിന്റെ അടയാളം...
ഒരുപക്ഷേ അതുംകൂടി നിലച്ചിരുന്നുവെങ്കിൽ ഈ റൂമിലേക്ക് പ്രവേശിക്കുവാൻ പോലും പറ്റില്ലായിരുന്നു....
അത്രയധികം ആളുകൾ ഈ മുറിക്കുള്ളിൽ നിറഞ്ഞേനെ...
പഴയ കളിക്കൂട്ടുകാരനെ നോക്കി ജോസഫും ചാമിയും ഒരുനിമിഷം നിന്നു...
" ലോനപ്പാ.... ടാ..." ജോസഫ് പതിയെ വിളിച്ചു...
അടഞ്ഞിരുന്ന കൺപോളക്കുള്ളിൽ കൃഷ്ണമണികൾ പതിയെ ചലിച്ചു...
ആ ശബ്ദം ലോനപ്പൻ തിരിച്ചറിഞ്ഞു എന്ന് വ്യക്തം...
ലോനപ്പൻ മിഴികൾ പതുക്കെ തുറന്നു...
കുറച്ചു നേരം കണ്ണുകൾ അടച്ചും തുറന്നും കഴിഞ്ഞപ്പോൾ ലോനപ്പന്റെ ചുണ്ടിന്റെ സൈഡുകൾ ഒന്ന് വിടർന്നു...
പഴയ കളിക്കൂട്ടുകാരുടെ വരവ് ലോനപ്പന് സന്തോഷമുണ്ടാക്കി എന്നതിന്റെ അടയാളമായി... ലോനപ്പൻ അവരെയും അവർ ലോനപ്പനെയും നോക്കി ചിരിച്ചു...
" ഇപ്പൊ എങ്ങിനുണ്ട് ചേട്ടാ..." ചാമിയാണത് ചോദിച്ചത്...
ലോനപ്പന്റെ ചുണ്ടുകൾ ഒന്ന് വിറച്ചു...
" ഓ... എന്ത്..."
വിറച്ചു വിറച്ചു രണ്ടു വാക്കുകൾ പുറത്തേക്ക് ചാടി...
" കാത്ത് കിടക്കുന്നു.." അത് പൂർത്തീകരിക്കപ്പെട്ടു...
ലോനപ്പൻ അവരുടെ മുഖത്ത് നിന്ന് മിഴികൾ മാറ്റി മച്ചിന്റെ മുകളിലേക്ക് നോട്ടം ഉറപ്പിച്ചു തുടർന്നു...
" മാലാഖമാരെ കാത്ത് കിടക്കുവാടാ ഉവ്വേ... ഇന്ന് വരും നാളെ വരും എന്ന പോലെയുള്ള കാത്തിരിപ്പ് അല്ല ഇപ്പൊ വരും ഇപ്പൊ വരും എന്ന പോലെയുള്ള കാത്തിരിപ്പ്... എത്രയും വേഗം ഒന്ന് പോയാൽ മതി..."
" ചേട്ടാ " ചാമി വിഷമത്തോടെ വിളിച്ചു...
" നീ വിഷമിക്കണ്ട ചാമിയേ... ഞാൻ ഇത്തിരി നേരത്തെ പോകുന്നു എന്നേയുള്ളൂ... ഞാനവിടെ പോയി ഒരു അഞ്ചാറേക്കർ സ്ഥലമൊക്കെ വാങ്ങി ഒരു വീടൊക്കെ പണിത് കാത്തിരിക്കാം... നിങ്ങൾ പയ്യെ അങ്ങോട്ട് വന്നാൽ മതി... നമുക്കവിടെ അടിച്ചു പൊളിക്കാടാവേ.... " ലോനപ്പൻ ചേട്ടൻ പുഞ്ചിരിയോടെ പറഞ്ഞു....
" നീയൊന്ന് മിണ്ടതിരുന്നെ ലോനപ്പാ... നിനക്കതിനും മാത്രം പ്രായമൊന്നും ആയിട്ടില്ലല്ലോ ... ഇപ്പോഴേ ഇങ്ങിനെ പറഞ്ഞു തുടങ്ങിയാൽ എങ്ങിനെയാ..." ജോസഫ് ലോനപ്പന്റെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കി പറഞ്ഞു...
" ഓ... എന്നാത്തിനാടാ... ഇത്ര ഒക്കെ മതി...ധാരാളം... " ലോനപ്പൻ മിഴികൾ വീണ്ടും മച്ചിന്റെ മുകളിലേക്ക് മാറ്റി...
അവർ അവിടെത്തുന്നതിനു മുമ്പു അവിടുണ്ടായിരുന്ന നിശബ്ദതയുടെ പുതപ്പ് വീണ്ടും അവിടെ വിരിക്കപ്പെട്ടു...
ലോനപ്പൻ തന്നെയാണ് അത് പിന്നെയും പറിച്ചെറിഞ്ഞത്‌...
മച്ചിലൂടെ നടക്കുന്ന ഒരു പല്ലിയെ മിഴികൾ കൊണ്ട് ചൂണ്ടിക്കാട്ടി ലോനപ്പൻ തുടർന്നു...
" നമ്മൾ ആ പല്ലിയുടെ പോലെയാണ്... സ്വന്തബന്ധങ്ങളും കുടുംബവും ഒക്കെ ആ മച്ചിന്റെ പോലെയും.... നമ്മുടെ വിചാരം നമ്മൾ താങ്ങി പിടിക്കുന്നത് കൊണ്ടാണ് ആ മച്ച് വീഴാതെ നിൽക്കുന്നതെന്ന് അതുകൊണ്ട് തന്നെ നമ്മുടെ ഉള്ള ആരോഗ്യവും ശക്തിയും ഒക്കെ നമ്മൾ അത് താങ്ങി പിടിക്കുവാൻ വേണ്ടി പാഴാക്കുന്നു... പക്ഷേ... കൈക്ക് ശക്തി കുറഞ്ഞു വരുമ്പോളാണ് നമുക്ക് മനസ്സിലാവുക നമ്മൾ താങ്ങി പിടിച്ചിട്ടൊന്നുമല്ല അത് വീഴാതെ നിൽക്കുന്നതെന്ന്... ഒടുവിൽ നമ്മൾ മച്ചിലെ പിടി വിട്ട് താഴെ വീണാലും മച്ച് അവിടെ തന്നെയുണ്ടാകും... നമ്മുടെ ആയുസ്സ് നാം വെറുതെ പാഴാക്കുന്നു..." ലോനപ്പൻ ഒരു നിമിഷം നിർത്തി....
നിർത്താതെ സംസാരിച്ചത് കാരണം ലോനപ്പൻ ചെറുതായി ചുമച്ചു...
ജോസഫ് അവിടുണ്ടായിരുന്ന ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് ലോനപ്പനെ കുടിപ്പിച്ചു....
ഏറെ നാളായി ദാഹിച്ചിരുന്നവനെ പോലെ ലോനപ്പൻ മടു മടെ വെള്ളം കുടിച്ചു....
ചെറിയ ഇടവേളക്ക് ശേഷം ലോനപ്പൻ തുടർന്നു....
" മച്ചിന് ഉറപ്പില്ലെങ്കിൽ താങ്ങി പിടിച്ചാലും ഇല്ലെങ്കിലും അത് താഴെ വീഴും... മച്ച് ഉണ്ടാക്കുന്നത് വരെയേ നമ്മുടെ ആവശ്യമുള്ളൂ അത് കഴിഞ്ഞു നമ്മൾ ആ മച്ചിലൂടെ നടക്കുന്നത് വരെ ഔദാര്യം എന്ന പോലെയാണ്.... ഒന്നോർത്താൽ നമ്മൾ വെറും മന്ദബുദ്ധികൾ.... ആരോഗ്യമുള്ളിടത്തോളം കാലം കുടുംബം മക്കൾ എന്നോർത്ത് ടെൻഷൻ അടിച്ചു ജീവിതം ആസ്വദിക്കാൻ കഴിയാതെ നടക്കും ഒടുവിൽ ആരോഗ്യമെല്ലാം ക്ഷയിച്ചു കഴിയുമ്പോൾ ആർക്കും വേണ്ടാതെ ഭാരമാകുന്നു... " ലോനപ്പൻ ഒരു നിമിഷം നിർത്തി...
കൂടുതൽ സംസാരിച്ചത് കാരണം ശക്തിയായി ശ്വാസം വലിച്ചു വിടാൻ തുടങ്ങി...
ചാമി ലോനപ്പന്റെ നെഞ്ച് പതുക്കെ തടവി...
ഒന്ന് കിതപ്പ് മാറി കഴിഞ്ഞപ്പോൾ ലോനപ്പൻ ചാമിയുടെ കയ്യിൽ പിടിച്ചു...
" ചാമീ , ജോസഫേ.... നിങ്ങൾക്കറിയാമല്ലോ ചെറുപ്പം മുതലെയുള്ള നമ്മുടെ ചങ്ങാത്തം... പക്ഷേ വലുതായി പെണ്ണ് കെട്ടി പിള്ളേരായപ്പോൾ അതിൽ വിള്ളൽ വന്നു തുടങ്ങി... പിന്നെ നമുക്ക് നമ്മുടെ കുടുംബം എന്ന ചിന്താഗതി വന്നു തുടങ്ങി... അതോടെ നമ്മുടെ ചങ്ങാത്തത്തിന്റെ ഇഴയടുപ്പം വലുതായി തുടങ്ങി... " ലോനപ്പൻ ഒന്ന് ദീര്ഘശ്വാസം വിട്ടു....
എന്നിട്ട് തുടർന്നു...
" എന്നിട്ടെന്തായി... വയ്യാതായപ്പോൾ ആരുമില്ലാതായി.... നിങ്ങൾ മാത്രം അന്നും ഇന്നും...." ലോനപ്പന്റെ കണ്ണുകളിൽ നീർ പൊടിഞ്ഞു...
അതേ നീരിന്റെ തിളക്കം ജോസഫിന്റെയും ചാമിയുടെയും കണ്ണുകളിൽ തെളിഞ്ഞു... എന്താണ് പറയുക എന്നറിയാതെ ജോസഫും ചാമിയും വിഷണ്ണരായി....
ജോസഫ് ലോനപ്പന്റെ ചുമലിൽ കൈ വെച്ചു.... ചാമി ലോനപ്പന്റെ കയ്യിലെ പിടുത്തം മുറുക്കി...
" നിങ്ങൾക്കൊരു കാര്യം അറിയുമോ... കഴിഞ്ഞ ദിവസം ഉച്ചക്ക് ഒറ്റക്ക് കിടന്ന് മടുത്തപ്പോൾ ഞാൻ പതുക്കെ കണ്ണുകളൊന്നടച്ചു... അന്നേരം മുറിയുടെ പുറത്തുകൂടി എന്തിനോ വേണ്ടി പോയ എന്റെ മകൻ എന്റെ കിടപ്പ് കണ്ടിട്ട് ഒച്ചയുണ്ടാക്കാതെ പമ്മി പമ്മി അകത്തേക്ക് കയറി വരുന്നു... കാൽ പെരുമാറ്റം കേട്ട് ഞാൻ പാതി കണ്ണ് തുറന്ന് നോക്കിയപ്പോൾ അവൻ എന്നെ സൂക്ഷിച്ചു നോക്കുന്നു... ഞാൻ പെട്ടെന്ന് കണ്ണ് തുറന്നു അവനെ നോക്കിയിട്ട് പറഞ്ഞു.... ചത്തിട്ടില്ലെടാ.... അന്ന് അവന്റെ മുഖത്ത് മൂന്ന് ഭാവം ഞാൻ ഒരുമിച്ചു കണ്ടു... ഞെട്ടലും ചമ്മലും നിരാശയും.... "
ലോനപ്പന്റെ കണ്ണിൽ മുമ്പു പൊടിഞ്ഞ കണ്ണുനീർ വലുതായി കണ്ണ് നിറയാൻ തുടങ്ങിയിരുന്നു....
" ഈ നെഞ്ചത്തിട്ടാ ഞാനവനെ വളർത്തിയത് എന്നിട്ട് ഈ നെഞ്ചിന്റെ മിടിപ്പ് നിന്നോ എന്നറിയാനുള്ള അവന്റെ ആകാംക്ഷ.... " ലോനപ്പൻ പറഞ്ഞു നിർത്തിയതും ഇരു ചെന്നിയിലൂടെയും കണ്ണുനീർ ഒലിച്ചിറങ്ങിയിരുന്നു....
" നിങ്ങൾക്കറിയോ..." ലോനപ്പൻ ചേട്ടൻ തുടർന്നു...
" നേരാംവണ്ണം ആഹാരം കഴിച്ച കാലം ഞാൻ മറന്നു... വെള്ളം പോലും ചുണ്ട് നനക്കാൻ മാത്രം.... മലോം മൂത്രോം കോരാൻ ആർക്കും വയ്യാത്രേ.... മുമ്പൊക്കെ പയ്യെ പ്രാകിയിരുന്നത് ഇപ്പൊ ഉറക്കെയായി.... കിളവൻ ചത്ത് തുലയുന്നില്ലല്ലോ എന്ന്.... ഞാനെന്ത് ചെയ്യാനാടാവേ... എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടാണോ... ഒടേ തമ്പുരാൻ വിളിക്കണ്ടായോ...."
ഇപ്രാവശ്യം ലോനപ്പന്റെ നിയന്ത്രണം നഷ്ടമായി... കണ്ണീർ കുടുകൂടെ ഒഴുകാൻ തുടങ്ങി... ഒപ്പം ചെറുതായി എങ്ങലടിയും വന്നു....
ജോസഫും ചാമിയും കരഞ്ഞു പോയിരുന്നു എങ്കിലും അവർ ലോനപ്പനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു...
" എല്ലാവര്ക്കും ഇതൊക്കെ തന്നെയാ ചേട്ടാ സ്ഥിതി.... എനിക്കും ജോസഫ് ചേട്ടനും ഒക്കെ ഇത് തന്നെ... ഇപ്പൊ എഴുന്നേറ്റ് നടക്കുന്നത് കാരണം അവനവന്റെ കാര്യം നടത്താൻ പറ്റുന്നുണ്ട്... എന്നാലും കുത്തുവാക്കുകൾ ഞങ്ങളും കേട്ട് തുടങ്ങി... അല്ലേ ചേട്ടാ..." ചാമി പറഞ്ഞിട്ട് ജോസഫിന്റെ മുഖത്ത് നോക്കി ചോദിച്ചു....
" തന്നെടാവേ... " ജോസഫ് തലയാട്ടി സമ്മതിച്ചു... എന്നിട്ട് മെല്ലെ തുടർന്നു...
" നാളെ നമ്മുടെ മക്കൾക്കും ഇതൊക്കെ തന്നെ ഗതി... ഇപ്പോഴത്തെ ആരോഗ്യത്തിന്റെ ചോര തിളപ്പിൽ അവർ ഇതൊന്നും അറിയുന്നില്ല എന്ന് മാത്രം... തലമുറകളായി നടന്നു വരുന്നതും ഇനി വരും തലമുറകളിൽ നടക്കാനുമുള്ളതാണ് ഈ വാർദ്ധക്യത്തോടുള്ള അവഗണന... ഇന്ന് നമ്മളോട് അവർ ചെയ്യുന്നത് നാളെ അവരോട് അവരുടെ മക്കൾ ചെയ്യും.... "
ജോസഫ് പറഞ്ഞവസാനിച്ചപ്പോൾ ചാമി തലകുലുക്കി... ലോനപ്പൻ ദീർഘനിശ്വാസം വിട്ടു...
പെയ്യാൻ വെമ്പി നിൽക്കുന്ന മാനം പെയ്യുന്നതിന് മുമ്പുള്ള ഭയാനകമായ നിശബ്ദത മുറിക്കുള്ളിൽ നിറഞ്ഞു....
ഇനിയും ആടാനുള്ള വേഷങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടായിരുന്നു.....
( തുടരും )

By
Jaison G
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo