അവിചാരിതമായാണ് സൂരജിന് മൂന്നു നാല് ദിവസം ലീവ് കിട്ടിയത്, അതും നവരാത്രി സമയത്തു തന്നെ. ബാംഗ്ലൂരിൽ നവരാത്രി ആഘോഷം , ദസറ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഏതാണ്ട് പതിനാലു ദിവസത്തോളം സ്കൂൾ അവധിയുണ്ട് ദസറക്ക്.
സ്കൂൾ അടച്ച അന്ന് മുതൽ, അമ്മേ നമ്മൾക് നാട്ടിൽ പോവാ, കുഞ്ഞു മോനെ അരിയിൽ എഴുതിക്കുന്നത് എനിക്കും കാണണം, അമ്പലത്തിലെ ആനയെ കാണണം, ഉത്സവ പറമ്പിൽ നിന്നും കരിമ്പ് തിന്നണം, ചന്തയിൽ കിട്ടുന്ന ബലൂണും കളിപ്പാട്ടങ്ങളും വാങ്ങണം എന്നിങ്ങനെ ഒരു വലിയ ലിസ്റ്റുമായി പുത്രൻ എന്റെ പുറകെ നടപ്പായിരുന്നു.. നാട്ടിൽ മാത്രം കിട്ടുന്ന ഇത്തരം സൗഭാഗ്യങ്ങൾ അവനു നിഷേധിക്കാൻ എനിക്കും തോന്നിയില്ല.. അവസാന നിമിഷം വരെ സൂരജിന് ലീവ് കിട്ടില്ല എന്നത് കൊണ്ട് ഞാൻ അനിയന്റെ കൂടെ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. പാക്കിങ് എല്ലാം കഴിഞ്ഞപ്പോൾ ഓടിവന്ന സൂരജ്, ഡീ എന്റെ ഡ്രെസ്സും പാക്ക് ചെയ്തോ, ഞാനും വരാം എന്നായി. അങ്ങനെ വീണു കിട്ടിയ നാലഞ്ചു നാൾ ഒരുമിച്ച് ആഘോഷിക്കാനായി കൊയിലാണ്ടിയിലുള്ള എന്റെ വീട്ടിലേക്ക്. വീട്ടിലെത്തിയപ്പോഴേക്കും അനിയത്തിയും കുടുംബവും മുൻപേ തന്നെ ഹാജരുണ്ട്.. കുടുംബാഗങ്ങൾ എല്ലാരും ഇങ്ങനെ ഒരുമിച്ചു കിട്ടുന്നത് അപൂർവമാണ്.
അങ്ങനെയാണ് എവിടെയെങ്കിലും ഒരു ട്രിപ്പ് പോകാം എന്നുള്ള ഒരു ആശയം ഉദിച്ചത്.. കൂടുതൽ ദൂരം ഇല്ലാത്തതും എന്നാൽ മുൻപ് പോയിട്ടില്ലാത്തതുമായ ഒരു സ്ഥലം തിരഞ്ഞപ്പോൾ കക്കയം ആണ് കണ്ണിൽ പെട്ടത്.. കക്കയം, പെരുവണ്ണാമൂഴി, വയലട എന്നീ നയന മനോഹര പ്രദേശങ്ങൾ ഏകദേശം ഒരേ റൂട്ട് ആണെന്ന് കണ്ടു അതങ്ങു ഫിക്സ് ചെയ്‌തു. പ്രദേശത്തിന്റെ ഏകദേശ രൂപ പ്രകാരം ഫോർ വീൽ ഡ്രൈവ് വാഹനങ്ങളാണ് ആ റോഡിന് ഉത്തമം എന്ന് മനസിലാക്കി തലേന്ന് തന്നെ ഒരു സ്കോർപിയോ ബുക്ക് ചെയ്‌തു, കാലത്തു പത്തുമണിക്ക് മുൻപ് ഇറങ്ങാം എന്നായിരുന്നു പ്ലാൻ. അങ്ങനെ മൂന്നു കുട്ടികൾ അടക്കം പതിനൊന്ന് പേരുമായി സ്കോർപിയോ കക്കയത്തേത്.
കൊയിലാണ്ടി നിന്നും കക്കയത്തേക്ക് എത്താൻ മൂന്നു വഴികളുണ്ട്. ബാലുശ്ശേരി - തലയാട് വഴി കക്കയം എന്ന റൂട്ട് ആണ് ഞങ്ങൾ തെരഞ്ഞെടുത്തത്. ഏകദേശം 42 കിലോമീറ്റർ. കക്കയം ടൗണിൽ നിന്നും 14 കിലോമീറ്റർ മലമുകളിൽ ആയാണ് കക്കയം ഡാം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 2500 അടി ഉയരത്തിൽ.
രണ്ടു കൊച്ചു മലകൾ കയറിയിറങ്ങിയാണ് മുകളിലേക്കുള്ള റോഡ്. വളരെ ഇടുങ്ങിയ റോഡ് ആയതു കാരണം രണ്ടു വലിയ വാഹനങ്ങൾ ഒരുമിച്ച് കടന്നു പോവില്ല.. റോഡിന്റെ ഒരു വശം ചെങ്കുത്തായ കൊക്കയും മറുവശം പാറക്കെട്ടുകളുമാണ്. പല ഭാഗത്തും റോഡ് ഇടിഞ്ഞു കൊക്കയിലേക്ക് പതിക്കാറായ അവസ്ഥയിലാണ്. ഈ കാരണം കൊണ്ട് തന്നെ പല ദിവസങ്ങളിലും ഉച്ചയ്ക്കു ശേഷം വാഹനങ്ങളെ മല കയറാൻ അനുവദിക്കാറില്ലത്രേ.
കണ്ണിനു കുളിർമയേകുന്ന കൊച്ചു കൊച്ചു അരുവികളും പാറക്കെട്ടിലൂടെ ഒഴുകിവരുന്ന ജലധാരകളും വഴിയിൽ ഉടനീളം കണ്ണിൽ പെട്ടു... ആദ്യമായി ഇത്തരം കാഴ്ചകൾ കണ്ട കുട്ടികൾ ആർത്തുല്ലസിച്ചു.. മലമുകളിൽ എത്തുന്നത് വരെ അവിടെയും ഇവിടെയുമായി മൂന്നു നാല് വീടുകളും കപ്പ ബിരിയാണിയും പഴംപൊരിയും മറ്റും ലഭിക്കുന്ന ഏതാനും തട്ടുകടകളും ഉണ്ട്.
ഡാം സൈറ്റിൽ എത്തുന്നത് വരെ വാഹനങ്ങളുടെ തിരക്കൊന്നും കണ്ടില്ല. തിങ്കളാഴ്ച ആയത് കൊണ്ടാവും എന്ന് കരുതി. വണ്ടി ഒരു വശത്തു പാർക്ക് ചെയ്‌തു എല്ലാവരും ഇറങ്ങി. വലിയൊരു ജലാശയവും അതിലെ സ്പീഡ് ബോട്ടും എല്ലാം കണ്ടു കുട്ടികൾ തുള്ളിച്ചാടി.. ചുറ്റുമൊന്നു കണ്ണോടിച്ചപ്പോൾ കോരിത്തരിച്ചുപോയി... നാലുപാടും പച്ചപ്പരവതാനി നിവർത്തി പ്രകൃതി... പശ്ചിമ ഘട്ട പർവത നിരകളുടെ ഭാഗമായ മലകൾ വർണ്ണനാതീനം തന്നെ... നട്ടുച്ചക്കും മഴമേഘാവൃതമായ ആകാശം.. കണ്ണെത്താ ദൂരത്തോളം വളഞ്ഞു പുളഞ്ഞു കിടക്കുന്നു റിസർവോയർ.. ജൈവ വൈവിധ്യങ്ങളുടെ ഒരു കലവറ തന്നെയാണ് കക്കയം. വിവിധ തരം പക്ഷി മൃഗാദികളുടെയും സസ്യ ലതാദികളുടെയും അപൂർവ സംഗമം.
മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതിയായ കുറ്റ്യാടി ഹൈഡ്രോ പവർ പ്രോജെക്റ്റിന്റെ ഭാഗമായി കുറ്റ്യാടിപുഴയിൽ നിർമ്മിച്ച അണക്കെട്ടാണ് കക്കയം. കക്കയം ജലവൈദ്യുത പദ്ധതിയിലേക്കു വെള്ളം എത്തിക്കുവാനായി നിർമിച്ചതാണ് വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട്. ഏഴ് അടിയോളം വ്യാസമുള്ള പെൻസ്റ്റോക്ക് പൈപ്പുകളിലൂടെയും വിവിധ ടണലുകളിലൂടെയുമായി അണക്കെട്ടിലെ വെള്ളം കുററ്യാടി ടയിൽ റേസ് പവർ ഹൗസിൽ എത്തുന്നു. വിദ്യുച്ഛക്തി ഉത്പാദനത്തിന് ശേഷം ഈ പവർ ഹൗസിൽ നിന്നും പുറത്തു വരുന്ന വെള്ളം ഒരു പുഴയോട് ചേരുകയും പിന്നീട് അത് പെരുവണ്ണാമൂഴി ഇറിഗേഷൻ പ്രോജെക്ടന് ഉപകാരപ്രദമാവുകയും ചെയ്യുന്നു.
മഴക്കാലത്താണ് ഡാം അതി സുന്ദരിയാവുന്നതെന്നു ഗാർഡ് സൂചിപ്പിച്ചു .. ഡാമിലും വൃഷ്ടി പ്രദേശങ്ങളിലും ആര് മാസത്തോളം മഴ ലഭിക്കാറുണ്ടായിരുന്നു. ഈ വർഷം കാലവർഷത്തിന്റെ തോതിൽ വന്ന വൻ വ്യതിയാനം കൊണ്ട് ആവശ്യത്തിനുള്ള വെള്ളം പോലും ഡാമിൽ എത്തിച്ചേർന്നില്ലത്രേ. അതിനാൽ ഈ വർഷം ഡാം ഷട്ടർ തുറക്കേണ്ടി വന്നില്ല എന്നും ഗാർഡ് സാക്ഷ്യപ്പെടുത്തുന്നു..
മണിക്കൂറുകളോളം കാത്തു നിൽക്കണം എന്നുള്ളതിനാൽ സ്പീഡ് ബോട്ട് പദ്ധതി ഉപേക്ഷിച്ചു. ചെറിയ ഫോട്ടോ സെഷനും സെൽഫി എടുപ്പും എല്ലാം തീർത്തു കൂടുതൽ പ്രകൃതി ദൃശ്യങ്ങളിലേക്ക് കണ്ണോടിച്ചു.
ഡാമിൽ നിന്നും ഏതാണ്ട് ഒന്നര കിലോമീറ്റർ മാറി ഒരു വെള്ളച്ചാട്ടമുണ്ട്. ഉരക്കുഴി വെള്ളച്ചാട്ടം. ഡാം സൈറ്റിനടുത്തു വരെയേ വണ്ടികൾ വിടുന്നുള്ളു. സമീപ പ്രദേശങ്ങൾ കാണുവാൻ നടന്നു തന്നെ പോകണം. അങ്ങനെ ആ വെള്ളച്ചാട്ടം കാണാനായി കാടിനുളിലേക്കു നടന്നു. വിവിധ തരം വൃക്ഷങ്ങൾ പടർന്നു പന്തലിച്ചു നിൽക്കുന്ന ശാന്ത സുന്ദരമായ പ്രദേശം. മരങ്ങളുടെ ശാസ്ത്രീയ നാമവും പ്രായവും മറ്റും എഴുതി വെച്ചിട്ടുണ്ട്. പലതരം ചിത്രശലഭങ്ങളും പക്ഷികളുടെ കളകൂജനവും കാടിന് കൂടുതൽ ചാരുതയേകി.. അട്ടകളുടെ ശല്യം യഥാവിധി ഉണ്ട്. കടിച്ചത് അറിയില്ല.. രക്തം ഒഴുകുമ്പോഴാണ് അട്ടകടി കിട്ടി എന്ന് അറിയുന്നത്.. ആനകളുടെയും വന്യ മൃഗങ്ങളുടെയും വിഹാര കേന്ദ്രമാണ് എന്ന് കേട്ടിരുന്നെങ്കിലും കുരങ്ങുകളെയല്ലാതെ മറ്റൊരു മൃഗത്തെയും കാണാനൊത്തില്ല.
ഉരക്കുഴിയോട് അടുക്കുമ്പോൾ ശക്തിയിൽ വെള്ളം ഒഴുകുന്ന ശബ്‌ദം കേൾക്കാറായി.. ചെറുതും വലുതുമായ പല പല പാറക്കെട്ടുകൾക്കിടയിലൂടെ കുത്തിയൊലിച്ചു വല്ലാത്തൊരു ക്രൗര്യത്തോടെ വെള്ളച്ചാട്ടം.. ഈ വെള്ളച്ചാട്ടം മുറിച്ചു കടക്കാനായി ഒരു തൂക്കുപാലമുണ്ട്.. പക്ഷെ കാലപ്പഴക്കം കൊണ്ടും ഫിറ്റ്നസ് സെർട്ടിഫിക്കറ് ഇല്ലാത്തതിനാലും പാലത്തിലേക്ക് ഇപ്പോൾ ആളുകളെ കയറ്റുന്നില്ല.
ഏതാണ്ട് അറുനൂറു അടിയോളം താഴേക്കാണ് വെള്ളച്ചാട്ടം പതിച്ചുകൊണ്ടിരിക്കുന്നത്.. ആരെങ്കിലും കാൽ വഴുതി വീണാൽ, വീണത് തന്നെ.. കൂടെ വന്ന മറ്റുള്ളവർ മടങ്ങിക്കോളണം. കാരണം തിരച്ചിൽ ഇല്ലാത്ത കേരളത്തിലെ ഏക വെള്ളച്ചാട്ടമാണ് ഉരക്കുഴി. മുൻകാലത്തു ട്രെക്കിങ്ങ് അനുവദിച്ചിരുന്നെങ്കിലും ഇപ്പോൾ അത് നിരോധിച്ചിരിക്കുന്നു. കാരണം ഒരിക്കൽ ട്രക്കിങ്ങ് നു പോയ ഒരാൾ താഴെ എത്തിയപ്പോൾ ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്നും മൃതദേഹം മുകളിൽ എത്തിക്കാൻ ഒന്നര ദിവസത്തോളം കഷ്ടപ്പെടേണ്ടി വന്നു എന്നും ഗാർഡ് പറഞ്ഞറിഞ്ഞു.
ഒരു കാലത്തു വൻ വിവാദമായിരുന്ന രാജൻ സംഭവത്തിനു വേദിയായതും ഈ വെള്ളച്ചാട്ടം തന്നെ..
1976 ലെ അടിയന്തരാവസ്ഥക്കാലത്തു നക്സലേറ്റുകളെ ഒതുക്കാനായി ശാസ്തമംഗലത്തും കക്കയത്തും പോലീസ് ക്യാമ്പ് സ്ഥാപിച്ചിരുന്നു. ആയിടക്യു് പേരാമ്പ്രയിലെ കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിച്ചു തോക്കു തട്ടിയെടുത്തു എന്ന കേസിൽ ചില നക്സലേറ്റുകളെ പൊലീസ് തിരഞ്ഞുകൊണ്ടിരുന്നു. പ്രതിപട്ടികയിൽ ഉൾപ്പെട്ടിരുന്ന ഒരു രാജനെ തേടി പോലീസ് അന്നത്തെ റീജണൽ എൻജിനീയറിങ് കോളേജിൽ എത്തുകയും അവിടെ പഠിച്ചുകൊണ്ടിരുന്ന രാജൻ പി വാര്യർ എന്നയാളെ അനധികൃതമായി കസ്റ്റഡിയിൽ എടുത്തു കോടതിയിൽ ഹാജരാക്കാതെ കക്കയത്തു വിദ്യുച്ഛക്തി ഓഫീസിൽ പ്രവർത്തിച്ചിരുന്ന താൽക്കാലിക പോലീസ് ക്യാമ്പിലേക്ക് കൊണ്ടുപോകുകയും ചെയ്‌തു. അവിടെ വെച്ചുള്ള പീഡനങ്ങളുടെ ഫലമായി രാജൻ കൊല്ലപ്പെട്ടു എന്നും തെളിവ് നശിപ്പിക്കാനായി മൃതദേഹം ഈ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് വലിച്ചെറിഞ്ഞു എന്നും ചരിത്രം. മൃതദേഹം ലഭിക്കാത്തതിനാൽ കേസ് തെളിയിക്കാൻ കഴിഞ്ഞില്ല, പ്രതികൾ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടുകയും ചെയ്‌തു. മരണപ്പെട്ട രാജന്റെ പിതാവായ പ്രൊഫെസ്സർ ഈച്ചരവാര്യർ എഴുതിയ "മെമ്മറീസ് ഓഫ് എ ഫാദർ" എന്ന പുസ്തകത്തിൽ എല്ലാവിധ സംഭവങ്ങളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഗാർഡിന്റെ വിശദീകരണം കേട്ടു മനസ്സ് കലങ്ങിയാണ് വെള്ളച്ചാട്ടത്തിൽ നിന്നും തിരിച്ചത്..
1976 ലെ അടിയന്തരാവസ്ഥക്കാലത്തു നക്സലേറ്റുകളെ ഒതുക്കാനായി ശാസ്തമംഗലത്തും കക്കയത്തും പോലീസ് ക്യാമ്പ് സ്ഥാപിച്ചിരുന്നു. ആയിടക്യു് പേരാമ്പ്രയിലെ കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിച്ചു തോക്കു തട്ടിയെടുത്തു എന്ന കേസിൽ ചില നക്സലേറ്റുകളെ പൊലീസ് തിരഞ്ഞുകൊണ്ടിരുന്നു. പ്രതിപട്ടികയിൽ ഉൾപ്പെട്ടിരുന്ന ഒരു രാജനെ തേടി പോലീസ് അന്നത്തെ റീജണൽ എൻജിനീയറിങ് കോളേജിൽ എത്തുകയും അവിടെ പഠിച്ചുകൊണ്ടിരുന്ന രാജൻ പി വാര്യർ എന്നയാളെ അനധികൃതമായി കസ്റ്റഡിയിൽ എടുത്തു കോടതിയിൽ ഹാജരാക്കാതെ കക്കയത്തു വിദ്യുച്ഛക്തി ഓഫീസിൽ പ്രവർത്തിച്ചിരുന്ന താൽക്കാലിക പോലീസ് ക്യാമ്പിലേക്ക് കൊണ്ടുപോകുകയും ചെയ്‌തു. അവിടെ വെച്ചുള്ള പീഡനങ്ങളുടെ ഫലമായി രാജൻ കൊല്ലപ്പെട്ടു എന്നും തെളിവ് നശിപ്പിക്കാനായി മൃതദേഹം ഈ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് വലിച്ചെറിഞ്ഞു എന്നും ചരിത്രം. മൃതദേഹം ലഭിക്കാത്തതിനാൽ കേസ് തെളിയിക്കാൻ കഴിഞ്ഞില്ല, പ്രതികൾ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടുകയും ചെയ്‌തു. മരണപ്പെട്ട രാജന്റെ പിതാവായ പ്രൊഫെസ്സർ ഈച്ചരവാര്യർ എഴുതിയ "മെമ്മറീസ് ഓഫ് എ ഫാദർ" എന്ന പുസ്തകത്തിൽ എല്ലാവിധ സംഭവങ്ങളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഗാർഡിന്റെ വിശദീകരണം കേട്ടു മനസ്സ് കലങ്ങിയാണ് വെള്ളച്ചാട്ടത്തിൽ നിന്നും തിരിച്ചത്..
തിരികെ ഡാമിനരികിൽ എത്തിയപ്പോഴേക്കും എല്ലാവരും വിശന്നു തളർന്നു. അത്യാവശ്യത്തിനു കയ്യിൽ കരുതിയ പഴങ്ങളും വെള്ളവും ഉപകാരപ്പെട്ടു. ഡാമിനടുത് താമസ സൗകര്യമോ ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളോ ഒന്നും തന്നേയില്ല. പക്ഷേ ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്നത് വലിയ ആശ്വാസമായി. ഭക്ഷണത്തിനായി തിരികെ കക്കയം ടൗണിൽ എത്തണം അല്ലെങ്കിൽ ഏതെങ്കിലും തട്ടുകട ശരണം. അങ്ങനെ സമയം കളയാതെ താഴെ എത്തിയാൽ ഒന്നുകിൽ വയലട അല്ലെങ്കിൽ പെരുവണ്ണാമൂഴി ഇതിൽ ഏതെങ്കിലും ഒരു സ്ഥലം കൂടി കണ്ടു കളയാം എന്ന് കരുതി എല്ലാവരും വണ്ടിയിൽ കയറി.. പക്ഷെ തിരിച്ചിറങ്ങുമ്പോൾ പണി കിട്ടി. ഇടുങ്ങിയ റോഡിൽ മണിക്കൂറുകളോളം സ്റ്റക്ക് ആയി.. ഞങ്ങൾ തിരിച്ചിറങ്ങുന്ന സമയത്താണ് ഒരുപാട് വണ്ടികൾ കയറി വരുന്നത്.. ചെറുതായി ചാറ്റൽ മഴയും. ടയർ ഒരിഞ്ചു മാറിയാൽ കൊക്കയിലെത്തും!! വല്ലവിധേനയും പല വാഹനങ്ങളെയും തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഇഴഞ്ഞിഴഞ്ഞു സ്കോർപിയോ മുന്നോട്ട് നീങ്ങി.
വിശന്നു ആക്രാന്തത്തോടെ, പോകുന്ന വഴിയിൽ ആദ്യം കണ്ട തട്ടുകടയായ ബാബു സാർസ് തട്ടുകടയിൽ കയറി. പക്ഷെ അരമണിക്കൂർ കുക്കിംഗ് ടൈം കാത്തിരിക്കണം. അതിനു വയ്യാത്തതു കൊണ്ട് അടുത്ത് കണ്ട മറ്റൊരു തട്ടുകടയിൽ കയറി കപ്പ ബിരിയാണിയും ബ്രഡ് ഓംലെറ്റും ഓർഡർ ചെയ്‌തു. കുടിയേറ്റ കർഷക വിഭാഗത്തിൽ പെടുന്ന ഒരു ചേട്ടനും ചേച്ചിയും ചേർന്ന് നടത്തുന്ന ഒരു കൊച്ചു തട്ടുകട. അമൃത് കഴിക്കുന്ന സന്തോഷത്തോടെ എല്ലാവരും ചേർന്ന് പ്ലേറ്റുകൾ കാലിയാക്കി, ഓരോ കട്ടൻ ചായയും അടിച്ചു. കൈ കഴുകാനായി സമീപത്തുകൂടി ഒഴുകി വരുന്ന ഒരു അരുവിയിൽ നിന്നും നീണ്ട പൈപ്പ് ഘടിപ്പിച്ചു വെച്ചിരിക്കുന്നു. മുത്തുപോലെ തിളങ്ങുന്ന വെള്ളം. ഈ വെള്ളം തിളപ്പിക്കാതെയും കുടിക്കാമെന്നു ആ ചേച്ചി പറഞ്ഞു.
അപ്പോഴേക്കും സമയം അഞ്ചുമണി ആകാറായി. വയലടയിൽ എത്തിയാൽ വണ്ടി നിർത്തി അര മണിക്കൂറിലധികം മലകയറണം എന്ന് ആരോ പറഞ്ഞറിഞ്ഞു.. അത്രയും ചെയ്യാനുള്ള ആരോഗ്യമില്ലായ്മയും മഴചാറലും ഉള്ളതുകൊണ്ട് ആ പദ്ധതി അവിടെ ഉപേക്ഷിക്കേണ്ടി വന്നു. പതിനൊന്നു പേരെ നിറച്ച സ്കോർപിയോയിൽ കാൽ അനക്കാൻ പറ്റാതെ ഇരുന്ന എൻ്റെ അവസ്ഥ പരിതാപകരമായി. കക്കയം കാണാൻ ഒരു ദിവസം മുഴുവനും പോരാ എന്ന് മനസിലാക്കി. ഭാഗ്യശാലികൾക്ക് ഗതാഗത കുരുക്കിൽ പെടാതെ രക്ഷപ്പെടാം. ബ്ലോക്കില്ലാതിരുന്നെകിൽ തിരിച്ചു വരുമ്പോൾ മറ്റേതെങ്കിലും സ്ഥലംകൂടി കാണാൻ കഴിഞ്ഞേനെ.
അങ്ങനെ കക്കയത്തിന്റെ സൗന്ദര്യത്തെയും രാജന്റെ വല്ലാത്ത ഓർമ്മകളെയും പേറി ആറുമണിയോടെ എല്ലാവരെയും വഹിച്ചു സ്കോർപിയോ തിരികെ വീടെത്തി.
വിവരങ്ങൾക്ക് കടപ്പാട് : വിക്കിപീഡിയ
മെമ്മോറിയസ് ഓഫ് എ ഫാദർ ബൈ Prof. ഈച്ചര വാര്യർ.
മെമ്മോറിയസ് ഓഫ് എ ഫാദർ ബൈ Prof. ഈച്ചര വാര്യർ.
By
Athira Sooraj
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക