Showing posts with label ആതിരാസൂരജ്. Show all posts
Showing posts with label ആതിരാസൂരജ്. Show all posts

കക്കയം - ഒരു യാത്രാനുഭവക്കുറിപ്പ്!


അവിചാരിതമായാണ് സൂരജിന് മൂന്നു നാല് ദിവസം ലീവ് കിട്ടിയത്, അതും നവരാത്രി സമയത്തു തന്നെ. ബാംഗ്ലൂരിൽ നവരാത്രി ആഘോഷം , ദസറ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഏതാണ്ട് പതിനാലു ദിവസത്തോളം സ്കൂൾ അവധിയുണ്ട് ദസറക്ക്.
സ്കൂൾ അടച്ച അന്ന് മുതൽ, അമ്മേ നമ്മൾക് നാട്ടിൽ പോവാ, കുഞ്ഞു മോനെ അരിയിൽ എഴുതിക്കുന്നത് എനിക്കും കാണണം, അമ്പലത്തിലെ ആനയെ കാണണം, ഉത്സവ പറമ്പിൽ നിന്നും കരിമ്പ് തിന്നണം, ചന്തയിൽ കിട്ടുന്ന ബലൂണും കളിപ്പാട്ടങ്ങളും വാങ്ങണം എന്നിങ്ങനെ ഒരു വലിയ ലിസ്റ്റുമായി പുത്രൻ എന്റെ പുറകെ നടപ്പായിരുന്നു.. നാട്ടിൽ മാത്രം കിട്ടുന്ന ഇത്തരം സൗഭാഗ്യങ്ങൾ അവനു നിഷേധിക്കാൻ എനിക്കും തോന്നിയില്ല.. അവസാന നിമിഷം വരെ സൂരജിന് ലീവ് കിട്ടില്ല എന്നത് കൊണ്ട് ഞാൻ അനിയന്റെ കൂടെ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. പാക്കിങ് എല്ലാം കഴിഞ്ഞപ്പോൾ ഓടിവന്ന സൂരജ്, ഡീ എന്റെ ഡ്രെസ്സും പാക്ക് ചെയ്തോ, ഞാനും വരാം എന്നായി. അങ്ങനെ വീണു കിട്ടിയ നാലഞ്ചു നാൾ ഒരുമിച്ച് ആഘോഷിക്കാനായി കൊയിലാണ്ടിയിലുള്ള എന്റെ വീട്ടിലേക്ക്. വീട്ടിലെത്തിയപ്പോഴേക്കും അനിയത്തിയും കുടുംബവും മുൻപേ തന്നെ ഹാജരുണ്ട്.. കുടുംബാഗങ്ങൾ എല്ലാരും ഇങ്ങനെ ഒരുമിച്ചു കിട്ടുന്നത് അപൂർവമാണ്.
അങ്ങനെയാണ് എവിടെയെങ്കിലും ഒരു ട്രിപ്പ് പോകാം എന്നുള്ള ഒരു ആശയം ഉദിച്ചത്.. കൂടുതൽ ദൂരം ഇല്ലാത്തതും എന്നാൽ മുൻപ് പോയിട്ടില്ലാത്തതുമായ ഒരു സ്ഥലം തിരഞ്ഞപ്പോൾ കക്കയം ആണ് കണ്ണിൽ പെട്ടത്.. കക്കയം, പെരുവണ്ണാമൂഴി, വയലട എന്നീ നയന മനോഹര പ്രദേശങ്ങൾ ഏകദേശം ഒരേ റൂട്ട് ആണെന്ന് കണ്ടു അതങ്ങു ഫിക്സ് ചെയ്‌തു. പ്രദേശത്തിന്റെ ഏകദേശ രൂപ പ്രകാരം ഫോർ വീൽ ഡ്രൈവ് വാഹനങ്ങളാണ് ആ റോഡിന് ഉത്തമം എന്ന് മനസിലാക്കി തലേന്ന് തന്നെ ഒരു സ്കോർപിയോ ബുക്ക് ചെയ്‌തു, കാലത്തു പത്തുമണിക്ക് മുൻപ് ഇറങ്ങാം എന്നായിരുന്നു പ്ലാൻ. അങ്ങനെ മൂന്നു കുട്ടികൾ അടക്കം പതിനൊന്ന് പേരുമായി സ്കോർപിയോ കക്കയത്തേത്.
കൊയിലാണ്ടി നിന്നും കക്കയത്തേക്ക് എത്താൻ മൂന്നു വഴികളുണ്ട്. ബാലുശ്ശേരി - തലയാട് വഴി കക്കയം എന്ന റൂട്ട് ആണ് ഞങ്ങൾ തെരഞ്ഞെടുത്തത്. ഏകദേശം 42 കിലോമീറ്റർ. കക്കയം ടൗണിൽ നിന്നും 14 കിലോമീറ്റർ മലമുകളിൽ ആയാണ് കക്കയം ഡാം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 2500 അടി ഉയരത്തിൽ.
രണ്ടു കൊച്ചു മലകൾ കയറിയിറങ്ങിയാണ് മുകളിലേക്കുള്ള റോഡ്. വളരെ ഇടുങ്ങിയ റോഡ് ആയതു കാരണം രണ്ടു വലിയ വാഹനങ്ങൾ ഒരുമിച്ച് കടന്നു പോവില്ല.. റോഡിന്റെ ഒരു വശം ചെങ്കുത്തായ കൊക്കയും മറുവശം പാറക്കെട്ടുകളുമാണ്. പല ഭാഗത്തും റോഡ് ഇടിഞ്ഞു കൊക്കയിലേക്ക് പതിക്കാറായ അവസ്ഥയിലാണ്. ഈ കാരണം കൊണ്ട് തന്നെ പല ദിവസങ്ങളിലും ഉച്ചയ്ക്കു ശേഷം വാഹനങ്ങളെ മല കയറാൻ അനുവദിക്കാറില്ലത്രേ.
കണ്ണിനു കുളിർമയേകുന്ന കൊച്ചു കൊച്ചു അരുവികളും പാറക്കെട്ടിലൂടെ ഒഴുകിവരുന്ന ജലധാരകളും വഴിയിൽ ഉടനീളം കണ്ണിൽ പെട്ടു... ആദ്യമായി ഇത്തരം കാഴ്ചകൾ കണ്ട കുട്ടികൾ ആർത്തുല്ലസിച്ചു.. മലമുകളിൽ എത്തുന്നത് വരെ അവിടെയും ഇവിടെയുമായി മൂന്നു നാല് വീടുകളും കപ്പ ബിരിയാണിയും പഴംപൊരിയും മറ്റും ലഭിക്കുന്ന ഏതാനും തട്ടുകടകളും ഉണ്ട്.
ഡാം സൈറ്റിൽ എത്തുന്നത് വരെ വാഹനങ്ങളുടെ തിരക്കൊന്നും കണ്ടില്ല. തിങ്കളാഴ്ച ആയത് കൊണ്ടാവും എന്ന് കരുതി. വണ്ടി ഒരു വശത്തു പാർക്ക് ചെയ്‌തു എല്ലാവരും ഇറങ്ങി. വലിയൊരു ജലാശയവും അതിലെ സ്പീഡ് ബോട്ടും എല്ലാം കണ്ടു കുട്ടികൾ തുള്ളിച്ചാടി.. ചുറ്റുമൊന്നു കണ്ണോടിച്ചപ്പോൾ കോരിത്തരിച്ചുപോയി... നാലുപാടും പച്ചപ്പരവതാനി നിവർത്തി പ്രകൃതി... പശ്ചിമ ഘട്ട പർവത നിരകളുടെ ഭാഗമായ മലകൾ വർണ്ണനാതീനം തന്നെ... നട്ടുച്ചക്കും മഴമേഘാവൃതമായ ആകാശം.. കണ്ണെത്താ ദൂരത്തോളം വളഞ്ഞു പുളഞ്ഞു കിടക്കുന്നു റിസർവോയർ.. ജൈവ വൈവിധ്യങ്ങളുടെ ഒരു കലവറ തന്നെയാണ് കക്കയം. വിവിധ തരം പക്ഷി മൃഗാദികളുടെയും സസ്യ ലതാദികളുടെയും അപൂർവ സംഗമം.
മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതിയായ കുറ്റ്യാടി ഹൈഡ്രോ പവർ പ്രോജെക്റ്റിന്റെ ഭാഗമായി കുറ്റ്യാടിപുഴയിൽ നിർമ്മിച്ച അണക്കെട്ടാണ് കക്കയം. കക്കയം ജലവൈദ്യുത പദ്ധതിയിലേക്കു വെള്ളം എത്തിക്കുവാനായി നിർമിച്ചതാണ്‌ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട്. ഏഴ് അടിയോളം വ്യാസമുള്ള പെൻസ്റ്റോക്ക് പൈപ്പുകളിലൂടെയും വിവിധ ടണലുകളിലൂടെയുമായി അണക്കെട്ടിലെ വെള്ളം കുററ്യാടി ടയിൽ റേസ് പവർ ഹൗസിൽ എത്തുന്നു. വിദ്യുച്ഛക്തി ഉത്പാദനത്തിന് ശേഷം ഈ പവർ ഹൗസിൽ നിന്നും പുറത്തു വരുന്ന വെള്ളം ഒരു പുഴയോട് ചേരുകയും പിന്നീട് അത് പെരുവണ്ണാമൂഴി ഇറിഗേഷൻ പ്രോജെക്ടന് ഉപകാരപ്രദമാവുകയും ചെയ്യുന്നു.
മഴക്കാലത്താണ് ഡാം അതി സുന്ദരിയാവുന്നതെന്നു ഗാർഡ് സൂചിപ്പിച്ചു .. ഡാമിലും വൃഷ്ടി പ്രദേശങ്ങളിലും ആര് മാസത്തോളം മഴ ലഭിക്കാറുണ്ടായിരുന്നു. ഈ വർഷം കാലവർഷത്തിന്റെ തോതിൽ വന്ന വൻ വ്യതിയാനം കൊണ്ട് ആവശ്യത്തിനുള്ള വെള്ളം പോലും ഡാമിൽ എത്തിച്ചേർന്നില്ലത്രേ. അതിനാൽ ഈ വർഷം ഡാം ഷട്ടർ തുറക്കേണ്ടി വന്നില്ല എന്നും ഗാർഡ് സാക്ഷ്യപ്പെടുത്തുന്നു..
മണിക്കൂറുകളോളം കാത്തു നിൽക്കണം എന്നുള്ളതിനാൽ സ്പീഡ് ബോട്ട് പദ്ധതി ഉപേക്ഷിച്ചു. ചെറിയ ഫോട്ടോ സെഷനും സെൽഫി എടുപ്പും എല്ലാം തീർത്തു കൂടുതൽ പ്രകൃതി ദൃശ്യങ്ങളിലേക്ക് കണ്ണോടിച്ചു.
ഡാമിൽ നിന്നും ഏതാണ്ട് ഒന്നര കിലോമീറ്റർ മാറി ഒരു വെള്ളച്ചാട്ടമുണ്ട്. ഉരക്കുഴി വെള്ളച്ചാട്ടം. ഡാം സൈറ്റിനടുത്തു വരെയേ വണ്ടികൾ വിടുന്നുള്ളു. സമീപ പ്രദേശങ്ങൾ കാണുവാൻ നടന്നു തന്നെ പോകണം. അങ്ങനെ ആ വെള്ളച്ചാട്ടം കാണാനായി കാടിനുളിലേക്കു നടന്നു. വിവിധ തരം വൃക്ഷങ്ങൾ പടർന്നു പന്തലിച്ചു നിൽക്കുന്ന ശാന്ത സുന്ദരമായ പ്രദേശം. മരങ്ങളുടെ ശാസ്ത്രീയ നാമവും പ്രായവും മറ്റും എഴുതി വെച്ചിട്ടുണ്ട്. പലതരം ചിത്രശലഭങ്ങളും പക്ഷികളുടെ കളകൂജനവും കാടിന് കൂടുതൽ ചാരുതയേകി.. അട്ടകളുടെ ശല്യം യഥാവിധി ഉണ്ട്. കടിച്ചത് അറിയില്ല.. രക്തം ഒഴുകുമ്പോഴാണ് അട്ടകടി കിട്ടി എന്ന് അറിയുന്നത്.. ആനകളുടെയും വന്യ മൃഗങ്ങളുടെയും വിഹാര കേന്ദ്രമാണ് എന്ന് കേട്ടിരുന്നെങ്കിലും കുരങ്ങുകളെയല്ലാതെ മറ്റൊരു മൃഗത്തെയും കാണാനൊത്തില്ല.
ഉരക്കുഴിയോട് അടുക്കുമ്പോൾ ശക്തിയിൽ വെള്ളം ഒഴുകുന്ന ശബ്‌ദം കേൾക്കാറായി.. ചെറുതും വലുതുമായ പല പല പാറക്കെട്ടുകൾക്കിടയിലൂടെ കുത്തിയൊലിച്ചു വല്ലാത്തൊരു ക്രൗര്യത്തോടെ വെള്ളച്ചാട്ടം.. ഈ വെള്ളച്ചാട്ടം മുറിച്ചു കടക്കാനായി ഒരു തൂക്കുപാലമുണ്ട്.. പക്ഷെ കാലപ്പഴക്കം കൊണ്ടും ഫിറ്റ്നസ് സെർട്ടിഫിക്കറ് ഇല്ലാത്തതിനാലും പാലത്തിലേക്ക് ഇപ്പോൾ ആളുകളെ കയറ്റുന്നില്ല.
ഏതാണ്ട് അറുനൂറു അടിയോളം താഴേക്കാണ് വെള്ളച്ചാട്ടം പതിച്ചുകൊണ്ടിരിക്കുന്നത്.. ആരെങ്കിലും കാൽ വഴുതി വീണാൽ, വീണത് തന്നെ.. കൂടെ വന്ന മറ്റുള്ളവർ മടങ്ങിക്കോളണം. കാരണം തിരച്ചിൽ ഇല്ലാത്ത കേരളത്തിലെ ഏക വെള്ളച്ചാട്ടമാണ് ഉരക്കുഴി. മുൻകാലത്തു ട്രെക്കിങ്ങ് അനുവദിച്ചിരുന്നെങ്കിലും ഇപ്പോൾ അത് നിരോധിച്ചിരിക്കുന്നു. കാരണം ഒരിക്കൽ ട്രക്കിങ്ങ് നു പോയ ഒരാൾ താഴെ എത്തിയപ്പോൾ ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്നും മൃതദേഹം മുകളിൽ എത്തിക്കാൻ ഒന്നര ദിവസത്തോളം കഷ്ടപ്പെടേണ്ടി വന്നു എന്നും ഗാർഡ് പറഞ്ഞറിഞ്ഞു.
ഒരു കാലത്തു വൻ വിവാദമായിരുന്ന രാജൻ സംഭവത്തിനു വേദിയായതും ഈ വെള്ളച്ചാട്ടം തന്നെ..
1976 ലെ അടിയന്തരാവസ്ഥക്കാലത്തു നക്സലേറ്റുകളെ ഒതുക്കാനായി ശാസ്തമംഗലത്തും കക്കയത്തും പോലീസ് ക്യാമ്പ് സ്ഥാപിച്ചിരുന്നു. ആയിടക്യു് പേരാമ്പ്രയിലെ കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിച്ചു തോക്കു തട്ടിയെടുത്തു എന്ന കേസിൽ ചില നക്സലേറ്റുകളെ പൊലീസ് തിരഞ്ഞുകൊണ്ടിരുന്നു. പ്രതിപട്ടികയിൽ ഉൾപ്പെട്ടിരുന്ന ഒരു രാജനെ തേടി പോലീസ് അന്നത്തെ റീജണൽ എൻജിനീയറിങ് കോളേജിൽ എത്തുകയും അവിടെ പഠിച്ചുകൊണ്ടിരുന്ന രാജൻ പി വാര്യർ എന്നയാളെ അനധികൃതമായി കസ്റ്റഡിയിൽ എടുത്തു കോടതിയിൽ ഹാജരാക്കാതെ കക്കയത്തു വിദ്യുച്ഛക്തി ഓഫീസിൽ പ്രവർത്തിച്ചിരുന്ന താൽക്കാലിക പോലീസ് ക്യാമ്പിലേക്ക് കൊണ്ടുപോകുകയും ചെയ്‌തു. അവിടെ വെച്ചുള്ള പീഡനങ്ങളുടെ ഫലമായി രാജൻ കൊല്ലപ്പെട്ടു എന്നും തെളിവ് നശിപ്പിക്കാനായി മൃതദേഹം ഈ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് വലിച്ചെറിഞ്ഞു എന്നും ചരിത്രം. മൃതദേഹം ലഭിക്കാത്തതിനാൽ കേസ് തെളിയിക്കാൻ കഴിഞ്ഞില്ല, പ്രതികൾ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടുകയും ചെയ്‌തു. മരണപ്പെട്ട രാജന്റെ പിതാവായ പ്രൊഫെസ്സർ ഈച്ചരവാര്യർ എഴുതിയ "മെമ്മറീസ് ഓഫ് എ ഫാദർ" എന്ന പുസ്തകത്തിൽ എല്ലാവിധ സംഭവങ്ങളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഗാർഡിന്റെ വിശദീകരണം കേട്ടു മനസ്സ് കലങ്ങിയാണ് വെള്ളച്ചാട്ടത്തിൽ നിന്നും തിരിച്ചത്..
തിരികെ ഡാമിനരികിൽ എത്തിയപ്പോഴേക്കും എല്ലാവരും വിശന്നു തളർന്നു. അത്യാവശ്യത്തിനു കയ്യിൽ കരുതിയ പഴങ്ങളും വെള്ളവും ഉപകാരപ്പെട്ടു. ഡാമിനടുത് താമസ സൗകര്യമോ ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളോ ഒന്നും തന്നേയില്ല. പക്ഷേ ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്നത് വലിയ ആശ്വാസമായി. ഭക്ഷണത്തിനായി തിരികെ കക്കയം ടൗണിൽ എത്തണം അല്ലെങ്കിൽ ഏതെങ്കിലും തട്ടുകട ശരണം. അങ്ങനെ സമയം കളയാതെ താഴെ എത്തിയാൽ ഒന്നുകിൽ വയലട അല്ലെങ്കിൽ പെരുവണ്ണാമൂഴി ഇതിൽ ഏതെങ്കിലും ഒരു സ്ഥലം കൂടി കണ്ടു കളയാം എന്ന് കരുതി എല്ലാവരും വണ്ടിയിൽ കയറി.. പക്ഷെ തിരിച്ചിറങ്ങുമ്പോൾ പണി കിട്ടി. ഇടുങ്ങിയ റോഡിൽ മണിക്കൂറുകളോളം സ്റ്റക്ക് ആയി.. ഞങ്ങൾ തിരിച്ചിറങ്ങുന്ന സമയത്താണ് ഒരുപാട് വണ്ടികൾ കയറി വരുന്നത്.. ചെറുതായി ചാറ്റൽ മഴയും. ടയർ ഒരിഞ്ചു മാറിയാൽ കൊക്കയിലെത്തും!! വല്ലവിധേനയും പല വാഹനങ്ങളെയും തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഇഴഞ്ഞിഴഞ്ഞു സ്കോർപിയോ മുന്നോട്ട് നീങ്ങി.
വിശന്നു ആക്രാന്തത്തോടെ, പോകുന്ന വഴിയിൽ ആദ്യം കണ്ട തട്ടുകടയായ ബാബു സാർസ് തട്ടുകടയിൽ കയറി. പക്ഷെ അരമണിക്കൂർ കുക്കിംഗ് ടൈം കാത്തിരിക്കണം. അതിനു വയ്യാത്തതു കൊണ്ട് അടുത്ത് കണ്ട മറ്റൊരു തട്ടുകടയിൽ കയറി കപ്പ ബിരിയാണിയും ബ്രഡ് ഓംലെറ്റും ഓർഡർ ചെയ്‌തു. കുടിയേറ്റ കർഷക വിഭാഗത്തിൽ പെടുന്ന ഒരു ചേട്ടനും ചേച്ചിയും ചേർന്ന് നടത്തുന്ന ഒരു കൊച്ചു തട്ടുകട. അമൃത് കഴിക്കുന്ന സന്തോഷത്തോടെ എല്ലാവരും ചേർന്ന് പ്ലേറ്റുകൾ കാലിയാക്കി, ഓരോ കട്ടൻ ചായയും അടിച്ചു. കൈ കഴുകാനായി സമീപത്തുകൂടി ഒഴുകി വരുന്ന ഒരു അരുവിയിൽ നിന്നും നീണ്ട പൈപ്പ് ഘടിപ്പിച്ചു വെച്ചിരിക്കുന്നു. മുത്തുപോലെ തിളങ്ങുന്ന വെള്ളം. ഈ വെള്ളം തിളപ്പിക്കാതെയും കുടിക്കാമെന്നു ആ ചേച്ചി പറഞ്ഞു.
അപ്പോഴേക്കും സമയം അഞ്ചുമണി ആകാറായി. വയലടയിൽ എത്തിയാൽ വണ്ടി നിർത്തി അര മണിക്കൂറിലധികം മലകയറണം എന്ന് ആരോ പറഞ്ഞറിഞ്ഞു.. അത്രയും ചെയ്യാനുള്ള ആരോഗ്യമില്ലായ്മയും മഴചാറലും ഉള്ളതുകൊണ്ട് ആ പദ്ധതി അവിടെ ഉപേക്ഷിക്കേണ്ടി വന്നു. പതിനൊന്നു പേരെ നിറച്ച സ്കോർപിയോയിൽ കാൽ അനക്കാൻ പറ്റാതെ ഇരുന്ന എൻ്റെ അവസ്ഥ പരിതാപകരമായി. കക്കയം കാണാൻ ഒരു ദിവസം മുഴുവനും പോരാ എന്ന് മനസിലാക്കി. ഭാഗ്യശാലികൾക്ക് ഗതാഗത കുരുക്കിൽ പെടാതെ രക്ഷപ്പെടാം. ബ്ലോക്കില്ലാതിരുന്നെകിൽ തിരിച്ചു വരുമ്പോൾ മറ്റേതെങ്കിലും സ്ഥലംകൂടി കാണാൻ കഴിഞ്ഞേനെ.
അങ്ങനെ കക്കയത്തിന്റെ സൗന്ദര്യത്തെയും രാജന്റെ വല്ലാത്ത ഓർമ്മകളെയും പേറി ആറുമണിയോടെ എല്ലാവരെയും വഹിച്ചു സ്കോർപിയോ തിരികെ വീടെത്തി.
വിവരങ്ങൾക്ക് കടപ്പാട് : വിക്കിപീഡിയ
മെമ്മോറിയസ് ഓഫ് എ ഫാദർ ബൈ Prof. ഈച്ചര വാര്യർ.

By
Athira Sooraj

പ്രണയ ലേഖനം


പ്രണയ ലേഖനം
ഒരു പത്തിരുപത്തി എത്രയോ കൊല്ലം മുൻപ് :)
എനിക്കു ആദ്യത്തെ പ്രണയ ലേഖനം കിട്ടുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. ആ കഥയാണ് ഇവിടെ പറയാൻ പോകുന്നത്...
ആറാം ക്ലാസ്സ് മുതൽ ഞാൻ കൊയിലാണ്ടി ഗേൾസ് ഹൈ സ്കൂൾ ആണ് പഠിച്ചത്. വീട്ടിൽ നിന്നും ഏതാണ്ട് രണ്ടു രണ്ടര കിലോമീറ്റർ ദൂരെ. അന്നൊക്കെ നടന്നാണ് സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്. ഞാനും അനിയത്തിയും പിന്നെ വീടിനടുത്തുള്ള കുറെ കുട്ടികളും ആയി ഒരു ചെറിയ ജാഥ ആയിട്ടാണ് പോകുക. കലപില ബഹളം വെച്ചും ഇലമംഗലം പൊട്ടിച്ചു ചവച്ചും, ഉപ്പിലിട്ട നെല്ലിക്കയും പുളിയച്ചാറും തിന്നു നിർവൃതിയടയുന്ന ബാല്യകാലം.
അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തിൽ പല്ലു തേച്ചുകൊണ്ടിരുന്ന ഞാൻ പെട്ടന്ന് ഒരു ആക്രോശം കേൾക്കുന്നു...
എടി ആതിരേ.......
അമ്മയാണ്...
പകുതി പേസ്റ്റ് വിഴുങ്ങിക്കൊണ്ടു ഞാൻ അടുക്കളയിലേക്കോടി...
എന്താമ്മേ,,,
ആരാഡീ ഈ *** ?? (പേര് ചോദിക്കുന്നു)
ഏത് ***??
നിനക്കറിഞ്ഞൂടെ?? കോപാക്രാന്തയായി അമ്മയുടെ ചോദ്യം
എനിക്കറിഞ്ഞൂടാ ....
ഇന്നാ നോക്ക് ... ഇതാ അവൻ നിനക്ക് പ്രേമലേഖനം അയച്ചിരിക്കുന്നു!!
വായിൽ ബാക്കി ഉണ്ടായിരുന്ന പേസ്റ്റ് കൂടി വിഴുങ്ങിപ്പോയി!!
പ്രേമലേഖനമോ? എനിക്കോ ??? ((പെട്ടന്ന് എനിക്കു ഉള്ളിൽ ഭയങ്കര സന്തോഷം തോന്നി :P ))
എനിക്കു തന്നെ ആണോ? വിറച്ചു കൊണ്ടു ഞാൻ ചോദിച്ചു...
ഹും പിടിക്കെടീ കഴുതേ... എന്നും പറഞ്ഞുകൊണ്ട് അമ്മ അതു എന്റെ നേർക്കു എറിഞ്ഞു..
അതാരായിരിക്കും?? ജിജ്ഞാസ അടക്കാനാവാതെ ഞാൻ ആ കത്തു എടുത്തു തുറന്നു!
"എത്രയും പ്രിയപ്പെട്ട ആതിരക്ക് *** എഴുതുന്നത്... "
വരയുള്ള പേപ്പറിൽ നല്ല വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു...
എന്റെ ഉള്ളിൽ ഒരായിരം പെരുമ്പറകൾ ഒരുമിച്ചു മുഴങ്ങി... ഒരു അഞ്ഞൂറു ലഡ്ഡു ഒരുമിച്ചു പൊട്ടുകയും ചെയ്തു. ഈ പ്രേമം പ്രണയം എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു... എന്താണെന്നോ ഏതാണെന്നോ അറിഞ്ഞൂടാ... അങ്ങനത്തെ എന്റെ കയ്യിൽ ഒരു പ്രേമലേഖനം!!
വായിച്ചു മുഴുമിപ്പിക്കാൻ വിട്ടില്ല... ഇങ്ങനെ ചേർത്തങ്ങു പിടിച്ചു... അല്ല സോറി സോറി... ഠപ്പേ എന്നു ഒന്നു പൊട്ടിച്ചു അമ്മ...
((അമ്മ പണ്ടേ മേലെ പറമ്പിൽ ആൺവീട്ടിലെ മീന സ്റ്റൈൽ ആണ്... ഒന്നു പൊട്ടിച്ചിട്ടേ ബാക്കി ചോദിക്കൂ :P ))
ആരാഡീ ഈ കോന്തൻ... നിനക്കു പ്രേമലേഖനം അയക്കാൻ മാത്രം ധൈര്യമുള്ളവൻ ആരാടീ ന്നു...
എനിക്കറിഞ്ഞൂടമ്മേ... എനിക്കു സന്തോഷവും സങ്കടവും എല്ലാം കൂടി കലർന്ന ഒരു സമ്മിശ്ര വികാരം...
നിനക്കറിയോ ഡീ ന്നു അനിയത്തിയുടെ നേരെ തിരിഞ്ഞു അമ്മ,
ആ... നികും അറിഞ്ഞൂടാ ന്നു ഒരു പരിഹാസ ചിരി കലർത്തി അവളും മൊഴിഞ്ഞു. എനിക്കൊരു അടി കിട്ടിയതിൽ അവൾ അതീവ സന്തുഷ്ട ആയി എന്നു പറയേണ്ടതില്ലല്ലോ...
സാധാരണയായി അതി രാവിലെ പാല് കൊടുക്കാനായി ഞാൻ ആണ് വീട്ടിൽ നിന്നു ആദ്യം ഇറങ്ങുന്നത്.. ഇതു മനസിലാക്കി കോണിപ്പടിയിൽ ഈ കത്തു വെച്ചു അതിൽ ഒരു കല്ലും വെച്ചിരിക്കയായിരുന്നു. പക്ഷെ അന്ന് മൂകാംബികയിൽ പോകാനായി അച്ഛനാണ് ആദ്യം ഇറങ്ങിയത്... കയ്യോടെ അച്ഛൻ തന്നെ എടുത്തു..
ഈ കക്ഷി ആരാണെന്നു എത്ര ആലോചിച്ചിട്ടും എനിക്കു മനസിലായില്ല... ആരാണീ ***... പേര് അറിയാത്ത പല മുഖങ്ങൾ ഞാൻ ഓർത്തു നോക്കി...
ഇനി ഇതു പോലെ എന്തെങ്കിലും കിട്ടിയാൽ അപ്പൊ തന്നെ എൻ്റെ കയ്യിൽ തരണം എന്നു ഉറക്കെ പ്രഖ്യാപിച്ചു അമ്മ. ആരാണെന്നു അറിയില്ലല്ലോ.. അതുകൊണ്ടു വിഷണ്ണയായി അത്യധികമായ ജിജ്ഞാസയിൽ മുങ്ങിക്കുളിച്ചു ഞാൻ നിന്നു.
അങ്ങനെ ഒരാഴ്ച പിന്നിട്ടു.
റയിൽവേ ട്രാക്കിന്റെ സൈഡ് പിടിച്ചാണ് ഞങ്ങൾ സ്കൂളിൽ പോകുന്നത്.. ഗേൾസ് ഹൈ സ്കൂളിന് ഒരു കിലോമീറ്റർ മാറിയാണ് ബോയ്സ് സ്കൂൾ. ഒരു കൊച്ചു ജാഥ നയിച്ചു പോകുന്ന ഞങ്ങളുടെ എതിർ വശത്തായി ഒരു മൂന്നു പയ്യന്മാർ നടന്നു പോകുന്നത് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി... ഞാൻ മാത്രമല്ല, അനിയത്തിയും. അധികം വൈകാതെ എനിക്കു മനസിലായി ഈ പയ്യന്മാരിൽ ഒരാളാണ് ഈ ലേഖനം എഴുതിയ കക്ഷി...
ഞങ്ങൾ കാലത്തു ഇറങ്ങുമ്പോൾ വീടിനടുത്തു അവിടെയും ഇവിടെയുമായി ചുറ്റി പറ്റി നിൽക്കുന്നു. ഞങ്ങൾ നടക്കാൻ തുടങ്ങിയാൽ പിറകെ നടന്നു വരുന്നു. ഏതാണ്ട് ഒരു രണ്ടു വർഷം ഇതു തുടർന്നു.. പ്രേമം അല്ല കേട്ടോ... ങ്ങാ.. ഈ പിന്നാലെ നടന്നു വരുന്നത്. അതാണ് ഞാൻ ഉദ്ദേശിച്ചത്...
പക്ഷെ ഒരു തവണ പോലും ധൈര്യമായിട്ടു എന്നോട് വന്നു സംസാരിച്ചില്ല ടിയാൻ...
ഈ കക്ഷിക്ക് എന്റെ വീടിനടുത്തു ഒരു പന്ത്രണ്ട് സെൻറ് സ്ഥലം ഉണ്ടായിരുന്നു.. വീടിനോടു ചേർന്നുള്ള ഇടവഴിയിലൂടെ ശനിയും ഞായറും ടി കക്ഷികൾ സൈക്കിളിൽ ബെല്ലടിച്ചോണ്ടു പോകും. ഇതു കേൾക്കുമ്പോൾ അമ്മ പുറത്തിറങ്ങി നിന്നിട്ട് സാരി തലപ്പ് എടുത്തു അരയിൽ കുത്തി കൈ രണ്ടും എളിയിലും വെച്ചിട്ട് "ധൈര്യമുണ്ടേൽ വാടാ... ഒന്നു ഗുസ്തി പിടിച്ചിട്ടു പോകാം" എന്നത് പോലെ മുഖം കടുപ്പിച്ചു നിൽക്കും. ഈ കാഴ്ച കാണുമ്പോൾ തന്നെ പയ്യന്മാർ തലയും താഴ്ത്തി സ്ഥലം വിടും!!
ഞാൻ എന്തെങ്കിലും മനസിൽ കാണും മുൻപേ എന്റമ്മ അതു മാനത്തു കാണും. എനിക്കു അമ്മയെ പേടിയായിരുന്നു. പേടിയല്ല.. ഒരു തരം ഭയം.. അതു കൊണ്ടു അവന്ടെ പ്രേമം ഒരിഞ്ചു പോലും മുന്നോട് പോയില്ല...
അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ വീടിനടുത്തുള്ള ചിറയുടെ അരികിലൂടെ നടന്നു പോകുന്നു. പെട്ടന്ന് പിന്നിൽ നിന്നും ഒരു സൈക്കിൾ ബെൽ... ഞാൻ തിരിഞ്ഞു നോക്കി...
ക്ലിക്ക്.... ഒരു ഫ്ലാഷ് മിന്നിയത് പോലെ...
നോക്കുമ്പോൾ ഒരു പയ്യൻ സൈക്കിൾ ഓടിക്കുന്നു. നമ്മുടെ ടി കക്ഷി പിന്നിൽ ഇരുന്നിട്ട് നടന്നു പോകുന്ന എന്നെ ക്യാമെറയിൽ പകർത്തുന്നു!! എന്നിട് സുസ്മേര വദനനായി കൈ വീശിക്കൊണ്ട് പോയി മറഞ്ഞു...
എൻ്റെ വയറ്റിൽ കുറെ പൂമ്പാറ്റകൾ പറന്നു ( വയറ്റിൽ പറക്കുന്ന പൂമ്പാറ്റകളുടെ ഉപജ്ഞാതാവിനു നന്ദി))
ഞാൻ വീട്ടിലേക്കു ഓടി.. അമ്മയോട് പറയാൻ ധൈര്യമില്ല... പറഞ്ഞാൽ അടുത്ത നാലെണ്ണം എപ്പോ കിട്ടിയെന്നു ചോദിച്ചാൽ മതി...
പതുക്കെ അനിയത്തിയോട് പറഞ്ഞു. ഓ പിന്നെ,,, നീ നടന്നു പോകുന്ന ഫോട്ടോ എടുത്തിട്ടു അവൻ എന്തോ ചെയ്യാനാ... പോകാൻ പറ" എന്നു അവൾ.. ഞാൻ ആശ്വസിച്ചു..
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു..
ഞാൻ കുളിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ കുളിമുറിക്കു പുറത്തു നിന്നു വിളിക്കുന്നു..
ഡീ... നിന്നെ കാണാൻ രണ്ടു പെൺപിള്ളേർ വന്നിരിക്കുന്നു. നിന്ടെ സ്കൂളിൽ പഠിക്കുന്നതാ പോലും..
ഇരിക്കാൻ പറയമ്മേ
കയറി ഇരിക്കാൻ പറഞ്ഞിട്ട് ഇരിക്കുന്നില്ല..
വീട്ടിൽ കയറി ഇരിക്കാത്ത കുട്ടികൾ ആരാവും എന്നു അത്ഭുതപ്പെട്ടുകൊണ്ട് ഞാൻ വേഗം കുളിച്ചു വന്നു.
അമ്മ അകത്തേക്ക് പോയപ്പോൾ അവർ പരിചയപ്പെടുത്തി...
പറഞ്ഞു വന്നപ്പോൾ അതിൽ ഒരു കുട്ടി നമ്മുടെ ടി കക്ഷിയുടെ അനിയത്തിയും മറ്റേത് അവളുടെ ഒരു അസ്മാദിയും..
പാവാടക്കുള്ളിൽ ഒളിപ്പിച്ച ഒരു ഫോട്ടോ എടുത്തു അവൾ എൻ്റെ കയ്യിൽ തന്നു.. ദോണ്ടെ ഞാൻ നടക്കുന്ന ഫോട്ടോ!!
ഞാൻ വിളറി...
ഇതു നിന്നെ കാണിക്കാൻ വേറെ വഴി ഇല്ല.. അതു കൊണ്ടു ഞങ്ങളെ ഏട്ടൻ അയച്ചതാണ് എന്ന്... ഞാൻ പരിസരം മറന്നു സന്തോഷിച്ചു!! പെട്ടന്ന് അമ്മ രംഗത്തെത്തി... പതുക്കെ ഫോട്ടോ അവളെ തന്നെ പിടിപ്പിച്ചു ഞാൻ കൈ കഴുകി..
എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ എന്നും പറഞ്ഞു അവർ രണ്ടും ഒരൊറ്റ പോക്ക്...
പെട്ടന്ന് അമ്മയ്ക്കു എന്തോ ഒരു പന്തികേട് മണത്തു... എന്റെ നേരെ തിരിഞ്ഞു...
എന്തിനാഡി അവർ വന്നത്??
ഞാൻ പരുങ്ങി...
പററ റ റ റ.....
പിന്നെ ഒരു അലർച്ചയായിരുന്നു...
അത്... പിന്നെ...
പിന്നെ???
ഒരു ഫോട്ടോ തരാൻ വന്നതാ....
ഫോട്ടോയോ?? എന്നിട് എവിടെ?
അതു അവൾക്കു തിരിച്ചു കൊടുത്തു.... ഞാൻ വിറച്ചു..
ആരുടെ ഫോട്ടോ??? അമ്മ മൂക്കു വിടർത്തി കണ്ണുകൾ ഉരുട്ടിക്കൊണ്ടു അലറി...
എൻ്റെ...!
ഞാൻ താഴോട്ടു നോക്കി നഖം കൊണ്ടു സിമെന്റിൽ മാന്തി...
നിന്റേയോ??? വിശ്വാസം വരാത്ത പോലെ അമ്മ...
ഉം... !
അപ്പോൾ കുളിച്ചു വന്ന ഞാൻ വിയർത്തൊട്ടി...
നിന്ടെ ഫോട്ടോ എങ്ങനെ അവളുടെ കയ്യിൽ വന്നു???
ഠപ്പേ... പൊട്ടി ഒന്നു കരണത്തു തന്നെ....
അത്...
ഏത്...?? പറയെടി പൂതനെ...
ഞാൻ വഴിയിലൂടെ നടന്നു പോകുമ്പോ അവളുടെ ഏട്ടൻ എടുത്ത ഫോട്ടോയാ...
അമ്മ തിരിഞ്ഞു റോഡിലേക്ക് ഓടി... തിരിച്ചു പോകുന്ന ആ പെൺ കുട്ടികളെ തിരിച്ചു വിളിച്ചു...
അവരെ അമ്മ എന്തെല്ലാം വഴക്കാണ് പറഞ്ഞതു എന്നു ഞാൻ കേട്ടില്ല... എന്റെ കരണത്തു കിട്ടിയ സമ്മാനത്തിനെ കുറിച്ചോർത്തു ഏങ്ങി ഏങ്ങി കരയുകയായിരുന്നു ഞാൻ...
റോഡിലേക്ക് നോക്കിയ ഞാൻ കണ്ടു, അവന്ടെ അനിയത്തി ആ ഫോട്ടോ എടുത്തു അമ്മയുടെ മുന്നിൽ വെച്ചു തുണ്ടം തുണ്ടമായി കീറി കാറ്റിൽ പറത്തി കരഞ്ഞു കൊണ്ടു ഓടി പോകുന്നു..
അങ്ങനെ അന്ന് വീട്ടിൽ 144 പ്രഖ്യാപിച്ചു... അച്ഛൻ വന്ന ഉടനെ അമ്മ ഇതെല്ലാം പറഞ്ഞു... അച്ഛനാണെങ്കിലോ, അവൾ കീറി എറിഞ്ഞ എല്ലാ കഷ്ണങളും പെറുക്കി കൂട്ടി ഒരു കട്ടിയുള്ള പേപ്പറിൽ ഒട്ടിച്ചു. എന്നിട്ട് അതിലേക്കു നോക്കി ഒരു ഡയലോഗ്..
“എന്തായാലും അവൻ ഒരു നല്ല ഫോട്ടോഗ്രാഫർ തന്നെ” :P
ഞാൻ എന്തോ കഠിനമായ തെറ്റു ചെയ്തതു പോലെയായി പിന്നീട് അങ്ങോട്ട്... അമ്മ എന്നെ ഇടം വലം തിരിയാൻ അനുവദിച്ചില്ല.... എങ്ങോട്ടു തിരിഞ്ഞാലും അദൃശ്യമായ ഒരു വലയമായി അമ്മ എന്റെ ചൂഴ്ന്നു നിന്നു...
പിന്നീട് ആരോ പറഞ്ഞു ഞാൻ അറിഞ്ഞു ടി കക്ഷി ഭാഗ്യം അന്വേഷിക്കാൻ വേണ്ടി മറുനാട്ടിലേക്കു പോയി എന്നു... (( ആ തിരോധാനത്തിന് പിന്നിൽ ആരുടെയെങ്കിലും കറുത്ത കൈകൾ പ്രവർത്തിച്ചിട്ടുണ്ടോ എന്നുള്ളത് ഇപ്പോഴും എനിക്കു അജ്ഞാതമാണ്))
വർഷങ്ങൾക്കിപ്പുറം 2010 ൽ, മോനെയും എടുത്തു ഓടിക്കയറിയ ഒരു ഓട്ടോയിൽ വെച്ചു ഞങ്ങൾ വീണ്ടും കണ്ടുമുട്ടി... :) ഏതോ സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധം….
ഞാൻ സംസാരിക്കില്ല എന്ന ധാരണയിൽ മൗനമായിരുന്ന കക്ഷിയുടെ ചിന്താ ധാരയെ മുറിച്ചു കൊണ്ടു ഞാൻ തന്നെ അങ്ങോട്ടു പോയി വിശേഷങ്ങൾ ചോദിച്ചു...
അന്ന് ആദ്യമായി ആ സ്വരം ഞാൻ കേട്ടു... ആ കണ്ണുകളിലെ കൗതുകം ഞാൻ വായിച്ചു... രണ്ടു കുഞ്ഞുങ്ങളുമായി സ്നേഹ നിധിയായ ഭാര്യയുമൊത്തു ഒരു നല്ല കുടുംബ ജീവിതം നയിക്കുന്നു എന്നു കേട്ടപ്പോൾ ഞാൻ അത്യധികം ആഹ്ലാദിച്ചു..
വിശേഷങ്ങൾ പങ്കുവെച്ചു ഇറങ്ങേണ്ടുന്ന സ്ഥലം എത്തിയപ്പോൾ പുഞ്ചിരി നിറച്ച കണ്ണുകളോടെ വീണ്ടും ഞങ്ങൾ രണ്ടു വഴിക്കു പിരിഞ്ഞു....
ആതിരാസൂരജ്

ഒരു പ്രസവ കഥ


ഒരു പ്രസവ കഥ
വീട്ടിൽ അച്ഛനും അമ്മയും അനിയനും അനിയത്തിയും രണ്ടു പശുക്കളും കുറെ കോഴികളും ഒക്കെയായി ആകെ മേളമാണ്..
ജീവിതം മുന്നോട്ടു പോകുന്നത് ആ പശുക്കളുടെ സഹായത്താൽ... ചുറ്റുപാടുള്ള വീടുകളിലും പാൽ സൊസൈറ്റിയിലും ഞങ്ങൾ പാൽ കൊടുക്കുന്നു. ഏതാണ്ട് പതിനഞ്ച് വർഷത്തോളം പശു വളർത്തൽ ഉണ്ടായിരുന്നു.. ഞങ്ങൾ മൂന്നു കുട്ടികളായിരുന്നു സ്ഥലത്തെ പ്രധാന പാൽക്കാർ.
കൊച്ചിലേ അദ്ധ്വാനിക്കുന്ന ജന വിഭാഗത്തിൽ പെട്ടവരായിരുന്നു എല്ലാവരും, ഞാൻ ആണെങ്കിൽ 90 % തരികിട ആയിരുന്നു ((ഇപ്പോൾ പെർസൻറ്റേജ് വെച്ച് നോക്കുമ്പോൾ ഏതാണ്ട് ഒരു 45 -50 ൽ എത്തി നിൽക്കുന്നു 😛 ))
അന്ന് ദൂരദർശനിൽ ഞായറാഴ്ച മാത്രം സിനിമ... വീട്ടിൽ ടീവി ഇല്ല.. നാലഞ്ചു വീട് അപ്പുറത്തുള്ള ഒരു വീട്ടിൽ എല്ലാവരും കൂടി ഒരു സമ്മേളനം നടത്തിയാണ് സിനിമ കാണൽ കർമ്മം നടത്തുന്നത്. അഞ്ചു മണിക്കുള്ള സിനിമയ്ക്കു പോകണമെങ്കിൽ നാലര ആവുമ്പോഴേക്കും പാൽ എല്ലാം കൊടുത്തു വന്നു കോഴികളെ ഓക്കേ മൂടി വെച്ചിട്ട് വേണം പോവാൻ.
ആ കോഴികളാണെങ്കിലോ ഒരു അനുസരണയും ഇല്ല... വാ എന്ന് വിളിച്ചാൽ ഓടിപ്പോയി വല്ല മാവിന്റെ കൊമ്പിലും കയറിയിരിക്കും... പിന്നെ അതിനെ താഴെയിറക്കാൻ പാട് പെടണം. കോഴിക്കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ മൂടി വെച്ചിരുന്ന അതെ വലിയ കുട്ടയിൽ തന്നെയായിരുന്നു വലിയ കോഴികളായിട്ടും മൂടിയിരുന്നത്. കാലത്തു നോക്കുമ്പോൾ എല്ലാ കോഴിയുടെയും വാല് വളഞ്ഞായിരിക്കും ഉണ്ടാവുക... 😆
അന്നത്തെ വാല് വളഞ്ഞ ഒരു കോഴി മഹാ കൂതറയായിരുന്നു.. പിടിക്കാൻ പോയാൽ ഓടി ആൾമറ ഇല്ലാത്ത കിണറിൽ പോയി വീഴും.. പിന്നെ ഒരു കുട്ട കിണറ്റിൽ ഇറക്കി കോഴിയോട് കെഞ്ചണം...
ദയവു ചെയ്‌തു ഒന്ന് കയറി വരൂ കോഴിച്ചേട്ടാ... താങ്കളെ മൂടിയിട്ടു വേണം ഞങ്ങൾക്കു സിനിമക്കു പോകാൻ...
പക്ഷെ ആര് കേൾക്കാൻ... എനിക്കിപ്പോ കയറാൻ സൗകര്യമില്ല, അങ്ങനെയിപ്പോ നീയൊന്നും സിനിമ കാണണ്ട എന്നും പറഞ്ഞു കിണറിന്റെ ചവിട്ടു പടവിൽ അള്ളിപ്പിടിച്ചിരിക്കും... 😒
വല്ല വിധേനയും അതിനെ കയറ്റി തുടച്ചു മൂടിവെച്ചാലാവും അതിലേറെ കൂതറയായ മറ്റൊരു പശുക്കുട്ടി കയറും പൊട്ടിച്ചു ഓടി അപ്രത്യക്ഷയാവുന്നത്... 🙄
പിന്നെ അതിനെ അന്വേഷിച്ചാണ് ഓട്ടം... ഞങ്ങൾ മൂന്നു പേർ മൂന്നു വഴിക്കു തിരഞ്ഞു പോകും... അന്ന് ഫോൺ ഒന്നും ഇല്ലാത്തതു കൊണ്ട് ഒരു വഴിക്കു പോയ ആൾ പശുക്കുട്ടിയെ പിടിച്ചു കൊണ്ട് വന്നു തൊഴുത്തിൽ കെട്ടിയാലും മറ്റുള്ളവർ തിരഞ്ഞു കൊണ്ടേയിരിക്കുന്നുണ്ടാവും!!
ഇത്തരം പരാക്രമങ്ങൾ എല്ലാം കഴിഞ്ഞു ഒടുക്കം ടീവി കാണാൻ പോയിരുന്നാലാവും KSEB യുടെ വക മുട്ടൻ പണി... ചുരുക്കി പറഞ്ഞാൽ ആ ആഴ്ചത്തെ സിനിമ സ്വാഹ!!
അമ്മയ്ക്കു ആയിടെയാണ് അനീമിയ ബാധിച്ചു ഹോസ്പിറ്റലിൽ ആവുന്നത്... ചികിത്സ മംഗലാപുരത്തുള്ള മണിപ്പാൽ ഹോസ്പിറ്റലിൽ.. കിടത്തി ചികിത്സയാണ്.. ഒരു മാസത്തോളം അമ്മയും അച്ഛനും ഹോസ്പിറ്റലിൽ. വീട്ടിൽ ഞങ്ങൾ മൂന്നു കുട്ടികളും പശുക്കളും കോഴികളും മാത്രം.. രണ്ടു നേരം കറവക്കാരൻ വരുന്നതല്ലാതെ ഒരു സഹായത്തിനും ആരുമില്ല..
ഞാൻ പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന സമയം.. രണ്ടു പശുക്കളിൽ ഒരെണ്ണം പൂർണ ഗർഭിണി!!🙆🏻
എപ്പോൾ വേണമെങ്കിലും പ്രസവിക്കും എന്ന അവസ്ഥ... മുൻപ് പല തവണ വീട്ടിൽ പശു പ്രസവിച്ചിട്ടുണ്ട് എങ്കിലും ഞാൻ ആ ഏരിയയിലേക്ക് പോയിട്ടേ ഇല്ലായിരുന്നു.. പശുക്കുട്ടി എഴുന്നെന്നു നിന്ന് തുള്ളി ചാടി ഓടി തുടങ്ങുമ്പോൾ മാത്രമാണ് എന്റെ രംഗ പ്രവേശം ഉണ്ടാവാറ്... അങ്ങനെയുള്ള എന്റെ മുന്നിൽ ഒരു പശു പ്രസവിക്കാനായി നിൽക്കുന്നു.. മൂത്ത ആൾ ഞാനായത് കൊണ്ട് എനിക്കാണ് ഉത്തരവാദിത്തം കൂടുതൽ...
അന്ന് വൈകുന്നേരം മുതൽ പശു മുറ്റത്തു കൂടി ഉലാത്തലോടു ഉലാത്താൽ... ഞാൻ ഇല്ലാത്ത ധൈര്യം സംഭരിച്ചു... കറവക്കാരൻ വന്നപ്പോൾ ഞങ്ങൾ അയാളോട് ചോദിച്ചു സംശയങ്ങൾ തീർത്തു... പ്രസവിച്ച ഉടനെ തന്നെ പശുക്കുട്ടിയെ തുടച്ചു വൃത്തിയാക്കണമെന്നും, പശുവിനു ചൂടുള്ള കഞ്ഞി കൊടുക്കണമെന്നും, മറുക് വീണാൽ ആഴത്തിൽ കുഴിയെടുത്തു കുഴിച്ചിടണമെന്നും അയാൾ പറഞ്ഞു തന്നു.. കുഴിച്ചിട്ടാലും പോരാ, കുഴി മൂടി കഴിഞ്ഞാൽ മുകളിൽ ഒരു വലിയ കല്ലും വെക്കണം... ഇല്ലെങ്കിൽ കുറുക്കനോ മറ്റോ വന്നു കുഴിക്കാൻ സാധ്യതയുണ്ടത്രേ.. 😬
സന്ധ്യയായി... പശു കിടക്കുന്നു, എഴുന്നേൽക്കുന്നു.. കുറെ നേരം വീണ്ടും കിടക്കുന്നു എഴുന്നേറ്റു തെങ്ങിനെ വലം വെക്കുന്നു... സമ്മർദ്ദത്തിൽ മുങ്ങിപ്പൊങ്ങി ഞങ്ങൾ മൂന്നു പേരും പശുവും.. 🙈
മണി എട്ടായി, ഒന്പതായി, പത്തായി... ഞങ്ങൾ ഭക്ഷണം കഴിച്ചു, പശുവിൻ്റെ തീറ്റയും കൊടുത്തു 12 മണിക്ക് അലാം വെച്ച് കിടന്നു..
അലാം അടിച്ചതൊന്നും ഞാൻ അറിഞ്ഞില്ല,അവർ രണ്ടു പേരും പോയി നോക്കി, ഒന്നുമില്ല - പശു കിടക്കുന്നു... വീണ്ടും ഒരു മണിക്കൂർ വിട്ടു അലാം വെച്ചു.. അങ്ങനെ മണി 3 ആയി.. പൊതുവെ അനിയത്തിയാണ് പായ കണ്ടാൽ ഉറങ്ങുന്നത്.. അന്ന് എന്താണെന്നറിയില്ല, എന്റെ കണ്പോളകൾക്ക് മുകളിൽ നാല് ഇഷ്ടിക വെച്ചത് പോലെ.. 😴😴😴
എന്നെ വിളിച്ചിട്ട് കാര്യമില്ലെന്നു തോന്നി അവർ രണ്ടു പേരും പിന്നാമ്പുറത്തേക്കു പോയി നോക്കി...
പോയതിന്റെ ഡബിൾ സ്പീഡിൽ തിരിച്ചു വന്നു... അയ്യോ ആതിർ... പശു പ്രസവിക്കുന്നു.. 😱😱😱😱(എന്നെ ചേച്ചി എന്നൊന്നും രണ്ടാളും വിളിക്കാറില്ലായിരുന്നു, അന്നും ഇന്നും)
എണീക്കു എന്നും പറഞ്ഞു എന്നെ കുലുക്കി എഴുന്നേൽപ്പിച്ചു... ഈശ്വരാ ഞാൻ എന്ത് ചെയ്യാനാ... 😰
ഒരു വിധം എഴുന്നേറ്റു പോയി മുഖം കഴുകി... അന്ന് സ്ട്രീറ്റ് ലൈറ്റ് ഒന്നുമില്ല, ഒരു മെഴുകു തിരി കത്തിച്ചു വെച്ചിരിക്കുന്നു, ചെറിയ ഒരു പഴയ എമെർജൻസിയും..
ഭയ ചകിതയായി രണ്ടു കണ്ണും അടച്ചു കൊണ്ട് ഇരുട്ടിൽ തപ്പി തടഞ്ഞു ഞാൻ നടന്നു... തുറന്നു വെച്ച അടുക്കള വാതിലിൻറെ മറവിൽ നിന്നിട്ട് ഒരു വിടവിലൂടെ ഒന്ന് പാളി നോക്കി...
ഈശ്വര😱😱😱😱😱😱🙆🏻🙆🏻🙆🏻
പശുക്കുട്ടിയുടെ രണ്ടു കാലുകൾ അതാ പുറത്ത്!!! എന്റെ പകുതി ബോധം അതോടെ പോയി...
ഞെട്ടിത്തരിച്ച ഞാൻ നിലത്തു ഇരുന്നു..
ഏത് പിരിമുറുക്കത്തിലും അടിപതറാതെ എന്റെ അനിയത്തി അതാ പുറത്തെ അടുപ്പിൽ പശുവിനുള്ള കഞ്ഞിക്കു വെള്ളം വെച്ച് വിറക് കത്തിക്കുന്നു..
അനിയൻ കൈവിരലിലെ എല്ലാ നഖങ്ങളും കടിച്ചു തുപ്പുന്നു... ഞാൻ പകുതി ബോധത്തിൽ ഇരിക്കുന്നു!
ഇനിയും ഇത് കണ്ടുകൊണ്ടിരുന്നാൽ എന്റെ ഉള്ള ബോധം കൂടി പോവും... ഞാൻ ഇഴഞ്ഞു അകത്തു കയറിയതേ ഓര്മയുള്ളു... ഉറങ്ങിപ്പോയതാണോ അതോ ബാക്കിയുള്ള ബോധം കൂടി പോയതാണോ എന്നൊന്നും അറിയില്ല... 😐
പിന്നീട് കണ്ണ് തുറന്നപ്പോൾ പശുക്കുട്ടി തുള്ളിച്ചാടി നടക്കുന്നു.. പറമ്പിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയും തിരിച്ചും കണ്ണും തുറിച്ചു ഓടുന്നു!! 🐂
ജാള്യതയോടെ അടുക്കള ഭാഗത്തേക്ക് ഞാൻ...
ഒരു കലം പോലെ മുഖം വെച്ച് അനിയത്തി പശുവിനെ കുളിപ്പിക്കുന്നു...
അനിയൻ വെള്ളം കോരി ബക്കറ്റിൽ ഒഴിച്ച് കൊടുക്കുന്നു!
ഞാൻ ഒന്ന് ആശ്വസിച്ചു.. ഹാവൂ കഴിഞ്ഞല്ലോ... 😲
അവളുടെ ഭാവം കണ്ടപ്പോ കൂതറയായ എനിക്ക് കലി വന്നു.. 👿
"ഡീ മറുക് കുഴിച്ചിട്ടോ.."
ഞാൻ കുറെ കനപ്പിച്ചു ചോദിച്ചു 👹
"ഇല്ല, അത് ഞാൻ തിന്നു..."😏
ഉത്തരം കിട്ടി വയറു നിറഞ്ഞപ്പോൾ പതുക്കെ പശുക്കുട്ടിയുടെ പിന്നാലെ പോയി..👻
ഞാൻ ഗാഢ നിദ്രയിൽ ആയിരുന്നപ്പോൾ അവർ എന്തൊക്കെ ചെയ്‌തിരിക്കാം എന്ന് ഞാൻ ഊഹിച്ചു നോക്കി.. പശുക്കുട്ടി വെളിയിൽ വന്ന ഉടനെ അതിനെ തുടച്ചു വൃത്തിയാക്കാൻ പഴന്തുണി ഓക്കേ എടുത്തു വെച്ചിട്ടുണ്ടാവാം.. ആദ്യം മൂക്ക് തുടക്കണമത്രേ... കിടാവിനു ശ്വസിക്കാൻ.. മുഖം വൃത്തിയാക്കിയാൽ ബാക്കി പശു തന്നെ ചെയ്തോളും... പിന്നെ നോക്കേണ്ടത് മറുക് വീഴുന്നതാണ്... ചൂടുള്ള കഞ്ഞിയും മുളയിലയും കൊടുക്കണം.. രണ്ടു മൂന്നു മണിക്കൂർ കൊണ്ട് അതും നടക്കും... ഉടനെ തന്നെ ആഴത്തിൽ കുഴിക്കണം... പിന്നെ പശു അത് രുചിക്കാതെയും നോക്കണം... പിന്നെ പാലുണ്ടാവില്ലത്രേ...
ഈ മറുക് എന്ന് പറയുന്നത് (പ്ലാസന്റ ) ഒരുമാതിരി തൊട്ടാൽ ഒട്ടി ഐറ്റം ആണ്... 😬 അങ്ങനെയും ഇങ്ങനെയും ഒന്ന് അത് കുട്ടയിൽ ആക്കാൻ പറ്റില്ല... ഒന്നാമത്തെ കാര്യം നല്ല ഭാരം, പിന്നെ രണ്ടാമത് ഒരു മെർക്കുറി ടൈപ്പ് ആണ്... ഉരുണ്ടുരുണ്ടു കളിക്കും.. എടുത്താലും പിടിച്ചാലും കിട്ടില്ല... ഇവർ രണ്ടും കൂടി ഇതെങ്ങനെ പറമ്പിൽ എത്തിച്ചു കുഴിച്ചിട്ടു എന്നത് ഇന്നും എനിക്ക് പിടി കിട്ടാത്ത സമസ്യയാണ്... 🤔🤔
പതിനഞ്ചാം വയസ്സിൽ ഒരു പ്രസവമെടുക്കാനുള്ള അവസരം കിട്ടിയിട്ടും ഞാൻ അത് ഉപയോഗിച്ചില്ല, എന്നേക്കാൾ രണ്ടു വയസ്സിളപ്പമുള്ള അനിയത്തിയും നാലര വയസ്സിനു താഴെയുള്ള അനിയനും വേണ്ടി വന്നു അവസരോചിതമായി പ്രവർത്തിക്കാൻ.. 😕
പ്രസവം കഴിഞ്ഞു ആദ്യത്തെ 4 - 5 ദിവസം പാൽ കറക്കില്ല.. അത് കിടാവിനുള്ളതാണ്.. കൂടുതൽ ഉള്ള പാൽ കറന്നു ഒഴിച്ച് കളയും... ഏഴാം ദിവസം മുതൽ രണ്ടു നേരം കറക്കുകയും കിടാവിനെ കയറിട്ടു കെട്ടുകയും ചെയ്യും.. ഇതെല്ലം കഴിഞ്ഞു വീണ്ടും ഒരു ആഴ്ച കഴിഞ്ഞാണ് അമ്മയും അച്ഛനും തിരിച്ചെത്തുന്നത്.. അമ്മയുടെ അസുഖം ഭേദമായി, ആരോഗ്യം വീണ്ടെടുത്തു. ജീവിതം വീണ്ടും പഴയതു പോലെ ഒഴുകാൻ തുടങ്ങി... പക്ഷേ ഞാൻ ഇപ്പോഴും കൂതറയായി തന്നെ തുടരുന്നു!!😜
ആതിരാസൂരജ്.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo