Showing posts with label AshikAbdulKhadar. Show all posts
Showing posts with label AshikAbdulKhadar. Show all posts

നഷ്ടബോധം

Image may contain: 1 person, sitting, beard and outdoor

ക്ലോക്കിൽ സമയം രണ്ടു മണി, ഉറക്കം പിടിക്കാനുള്ള യുദ്ധത്തിലാണ്. ഈ കട്ടിലിൽ ഇങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി. കൺപോളകൾക്ക് എന്തോ ഒരു മടി പോലെ, ഉറക്കത്തെ പുൽകാനൊരു വൈക്ലഭ്യം. ചിന്തകളിൽ മുഴുവൻ അവളാണ്. അവളുടെ മുഖം ഇന്നെന്നെ കുത്തി നോവിച്ചു കൊണ്ടേ ഇരിക്കുന്നു.
അവൾ രശ്മി, എഞ്ചിനീയറിംഗ് കഴിഞ്ഞു ദുബായിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അച്ഛനും അമ്മയും കൂടി അവളുടെ വിവാഹ ആലോചനയുമായി എന്റെ മുന്നിൽ എത്തുന്നത്. കോളേജ് കാലഘട്ടത്തിലെ ഒരു തേപ്പുകഥയിലെ നായകനാകേണ്ടി വന്നത്തിലുള്ള ദേഷ്യവും സങ്കടവും നീരസവും എല്ലാം അപ്പോഴും എന്നെ വിട്ടുമാറിയിട്ടില്ല. അന്നുമുതൽ പെണ്ണെന്ന വർഗത്തോട് എനിക്ക് പുച്ഛമായിരുന്നു, പ്രണയം, വിവാഹം എന്നൊക്കെ ഉള്ള നാടകങ്ങൾ വേണ്ടെന്നു വെച്ചിരുന്നു. പക്ഷെ ഏതൊരു അച്ഛനെയും അമ്മയെയും പോലെ എന്റെ അച്ഛനും അമ്മയ്ക്കും എന്റെ വിവാഹം ഒരു സ്വപ്നമായിരുന്നു. അവരതുകൊണ്ടു തന്നെ എന്നെ വിടാതെ പിടിച്ചിരുന്നു, നിര്ബന്ധിച്ചിരുന്നു.
അവസാനം അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി ഒരു "യെസ്" മൂളി. രശ്മിയുമായുള്ള വിവാഹാലോചനയുമായി അവർ മുന്നോട്ട് നീങ്ങി. അവളുടെ ഫോട്ടോ അച്ഛൻ എനിക്ക് അയച്ചു തന്നെങ്കിലും ഞാൻ അതിലേക്കൊന്നു നോക്കാൻ പോലും മനസ്സു കാണിച്ചില്ല. അമ്മയ്ക്കും അച്ഛനും ഒരുപാടിഷ്ടമായി എന്നവരുടെ വാക്കുകളിൽ നിന്ന് മനസ്സിലായിരുന്നു, അതുകൊണ്ട് തന്നെ എനിക്കും ഇഷ്ടമായി എന്ന് അവരെ ധരിപ്പിച്ചു. പിന്നെ കൂടുതൽ വൈകിയില്ല ഒരുമാസത്തിനകം ഞാൻ നാട്ടിലെത്തി, കല്യാണം നടന്നു. അതിനിടയ്ക്ക് ഞാനവളെ ഒന്ന് വിളിക്കാൻ ശ്രമിച്ചു പോലുമില്ല. അന്നാ കല്യാണ പന്തലിൽ വെച്ചാണ് ഞാൻ അവളുടെ മുഖത്തേക്കൊന്ന് നോക്കുന്നത് പോലും, അതും ക്യാമറാമാന്റെ നിർബന്ധത്തിനു വഴങ്ങി അഭിനയിച്ചു കൊടുത്തപ്പോൾ. ആർക്കും ഇഷ്ടപെടുന്ന ഒരു ശാലീന സുന്ദരി, പക്ഷെ അപ്പോഴും എനിക്കെന്തോ പ്രത്യേകിച്ചൊരു വികാരവും തോന്നിയില്ല.
ആദ്യ രാത്രിമുതൽ തന്നെ ഞാനെന്റെ ഇഷ്ടക്കേട് അവളിൽ കാണിച്ചു തുടങ്ങി. മണിയറയിലേക്ക് പാലുമായി കടന്നു വന്ന അവൾ എന്റെ നേരെ പാല് നീട്ടിയപ്പോൾ ഒരു തുള്ളി പോലും അവൾക്കു നൽകാതെ മുഴുവൻ ഒറ്റവലിക്ക് തീർത്തു. അവളെന്തോ അത്ഭുത ജീവിയെപ്പോലെ എന്നെ നോക്കുന്നുണ്ടായിരുന്നു. അധികം വൈകാതെ, കൂടുതൽ സംസാരത്തിനു അവസരം കൊടുക്കാതെ ഞാനാ കട്ടിലിന്റെ ഒരു വശത്തേക്കു ചാഞ്ഞു. അവളുടെ മുഖത്തു ആകെ ഒരു അന്താളിപ്പ് ആയിരുന്നു. എങ്കിലും അവളൊന്നും ചോദിച്ചില്ല, പറഞ്ഞില്ല. അവൾ കട്ടിലിന്റെ കാൽഭാഗത് വന്നിരുന്നു അപ്പോൾ ഞാൻ പറഞ്ഞു
"ഞാൻ ഉറങ്ങുവാട്ടോ.. വേണേൽ അപ്പുറത്തെ സൈഡിൽ കേറി കിടന്നുറങ്ങിക്കോ"
"ഉം" അവളുടെ മറുപടി ഒരു മൂളലിൽ മാത്രം ഒതുക്കി
ഞാൻ നിദ്രയിലേക്ക് തെന്നി വീണു. നേരം പുലർന്നു ഞാൻ എഴുന്നേറ്റപ്പോഴും അവൾ അതേ ഇരിപ്പ് തന്നെ ആയിരുന്നു, കണ്ണുകൾ കലങ്ങിയിട്ടുണ്ട്. എന്തോ അപ്പോഴും എനിക്കൊന്നിനും ചോദിക്കാൻ തോന്നിയിരുന്നില്ല. എങ്കിലും ഞാൻ നേരെ ബാത്‌റൂംമിലേക്ക് പോയി ഒന്ന് ഫ്രഷ്ആയി വരുമ്പോഴേക്കും ചായയുമായി അവളെത്തിയിരുന്നു. ചായയും വാങ്ങി ഞാൻ ഉമ്മറത്തേക്കും അവൾ അടുക്കളയിലേക്കും പോയി.
മാസം ഒന്ന് കഴിഞ്ഞിട്ടും എന്റെ സ്വഭാവത്തിൽ മാറ്റമൊന്നും സംഭവിച്ചില്ല. അവൾ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഞാൻ അവളെ അവഗണിക്കുകയായിരുന്നു. അവളെ ഞാനൊരു ഭാര്യയായി കണ്ടില്ലെങ്കിലും ദിനങ്ങൾ കഴിയുമ്പോഴേക്കും അച്ഛനും അമ്മയ്ക്കും അവൾ പ്രിയപ്പെട്ട മരുമകളായി മാറിയിരുന്നു, അല്ല അവർക്കവൾ മകളായിരുന്നു. പക്ഷെ എന്തുകൊണ്ടോ അവളെയെനിക്ക് സ്നേഹിക്കാനാവുന്നില്ല, മുൻകാല പ്രണയം സമ്മാനിച്ച മുറിവുകൾ, ആ ഓർമകൾ എന്നെ ഇപ്പോഴും വേട്ടയാടുന്നത് പോലെ. ഞാൻ കാണുന്ന പെൺകുട്ടികൾകെല്ലാം ആ തേപ്പുകാരിയുടെ മുഖം പോലെ, ചതിയുടെ മുഖം.
അങ്ങനെ എന്റെ അവഗണയിൽ സഹികെട്ടിട്ടാവണം അവൾ അന്നാദ്യമായി എന്നോടങ്ങനെ ചോദിച്ചത്
"ഏട്ടനോട് ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ..?"
"ഉം.. എന്താ.." ഇത്തിരി ഗൗരവത്തിൽ തന്നെ ഞാൻ മറുപടി കൊടുത്തു
"ഞാനുമായിട്ടുള്ള വിവാഹത്തിന് ഏട്ടന് ഇഷ്ടമായിരുന്നില്ലേ?"
"അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ?" ഒന്നുമറിയാതെപോലെ ആയിരുന്നു എന്റെ മറുപടി
"ഏട്ടൻ ഇതുവരെ എന്നോടൊന്ന് മനസ്സ് തുറന്നു സംസാരിച്ചിട്ടില്ല, സമയം ചിലവഴിച്ചിട്ടില്ല, എന്റെ മുഖത്ത് നോക്കി മനസ്സറിഞ്ഞു പുഞ്ചിരിരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല.." പറഞ്ഞു മുഴുമിപ്പിക്കാനാവാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. കരച്ചിലിന്റെ ശബ്ദം അടക്കിപ്പിടിക്കാൻ അവൾ നന്നേ പാട് പെടുന്നുണ്ടായിരുന്നു
എന്ത് പറയണമെന്നറിയാതെ ഞാൻ അൽപ സമയം മൗനമായി നിന്നു
"അതെ എനിക്കീ വിവാഹത്തിൽ താത്പര്യമുണ്ടായിരുന്നില്ല. അത് പക്ഷെ നിന്നോടുള്ള ഇഷ്ടക്കുറവല്ല, പെണ്ണെന്ന വർഗ്ഗത്തോടുള്ള ഇഷ്ടക്കുറവാണ്. നിനക്ക് പകരം വേറെ ആര് വന്നിരുന്നെങ്കിലും ഞാൻ ഇങ്ങനെയേ പെരുമാറുമായിരുന്നുള്ളൂ. പിന്നെ അമ്മയുടെയും അച്ഛന്റെയും നിർബന്ധത്തിനു വഴങ്ങിയാണ് ഞാനീ കല്യാണത്തിന് സമ്മതിച്ചത്"
അപ്പോഴും അവളുടെ കണ്ണീർ ചാലുകൾ ഇരമ്പി വരുന്ന കടൽ പൊലെ ആയിരുന്നു
ഞാൻ തുടർന്നു,
"എനിക്കൊരു പ്രണയമുണ്ടായിരുന്നു, ഞാനേറെ സ്നേഹിച്ചവൾ, ലക്ഷ്മി എന്നായിരുന്നവളുടെ പേര്. ആ പേരിപ്പോൾ ഉച്ചരിക്കുന്നത് പോലും എനിക്കറപ്പാണ്. ഞാനവളെ ആത്മാർഥമായി സ്നേഹിച്ചപ്പോഴും അവൾക്ക് അതൊക്കെ കോളേജ് കാലഘട്ടത്തിലെ ഒരു ടൈം പാസ് മാത്രമായിരുന്നു എന്ന് തിരിച്ചറിയാൻ ഞാൻ ഏറെ വൈകി. ചുറ്റി കറങ്ങാനും പണം ചിലവാകാനും മാത്രമായി അവൾ കണ്ടിരുന്ന ഒരു യന്ത്രം. കല്യാണക്കാര്യം വന്നപ്പോൾ അവൾ അവളുടെ തനി നിറം കാണിച്ചു. പണവും പത്രാസും നോക്കി അവളോരുത്തനെ കെട്ടി. അതിനു ശേഷമാണു ഞാൻ ഗൾഫിലേക്ക് പോകുന്നത്. പക്ഷെ ഇപ്പോഴും ആ മുറിവുണങ്ങാതെ എന്റെ മനസ്സിൽ കിടക്കുന്നു"
സാരിത്തുമ്പെടുത്ത് അവൾ കണ്ണീർ ചാലിൽ തടയിടടാൻ ശ്രമിച്ചുകൊണ്ടെന്നോട് പറഞ്ഞു
"എനിക്കിപ്പോൾ ഏട്ടന്റെ മനസ്സ് കാണാം, ആ മനസ്സിലുണ്ടായിരുന്ന സ്നേഹത്തിലെ ആഴം കാണാം, ഇപ്പോഴത്തെ മുറിവും കാണാം. പക്ഷെ ഏട്ടനെന്റെ മനസ്സും കൂടി ഒന്ന് കാണാൻ ശ്രമിച്ചുകൂടേ"
"ഇല്ല രശ്മി, എനിക്കാവില്ല. ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണിനേയും അമർത്ഥമായി സ്നേഹിക്കാനാവില്ല"
"സാരമില്ല.. ഞാൻ കാത്തിരിക്കാം ഏട്ടനെപ്പോഴെങ്കിലും എന്നോട് ഇഷ്ടം തോന്നാതിരിക്കില്ല. ലക്ഷ്മിയോട് തോന്നിയ ഇഷ്ടത്തിന്റെ പകുതിയെങ്കിലും" എന്റെ മറുപടി കേൾക്കാതിരിക്കാനാവണം, അത്രയും പറഞ്ഞവൾ ധൃതിയിൽ മുറിയിൽ നിന്നിറങ്ങി.
മാസം രണ്ടായി, മാറ്റങ്ങളൊന്നും സംഭവിച്ചില്ല, എന്റെ ലീവ് തീർന്നു ഞാൻ ദുബായിലേക്ക് പോയി. വല്ലപ്പോഴും വീട്ടിലേക്ക് വിളിച്ചാലും അവളോടൊന്നും സംസാരിക്കാറില്ല, വിശേഷങ്ങളൊട്ടും അന്വേഷിക്കാറുമില്ല. അമ്മയോട് സംസാരിച്ചു ഫോൺ കട്ട് ചെയ്യും. അമ്മയുടെ വിചാരം ഞാൻ അവളുടെ പേർസണൽ ഫോണേൽ വിളിച്ചു സംസാരിക്കാറുണ്ടെന്ന, അതുകൊണ്ടു തന്നെ അമ്മ അതിനെക്കുറിച്ചൊന്നും ചോദിക്കാറുമില്ല.
കാലം ഒരു വര്ഷം താണ്ടി, എനിക്ക് വീണ്ടും ലീവായി, ഞാൻ നാട്ടിലേക്ക് പറന്നു. അപ്പോഴെങ്കിലും അവൾ എന്നിലൊരു മാറ്റം പ്രതീക്ഷിച്ചു കാണണം, പക്ഷെ ഒന്നും സംഭവിച്ചില്ല. അവളുടെ മോഹങ്ങൾ സ്വപ്ങ്ങളായി തന്നെ അവസാനിച്ചു.
അങ്ങനെ ഒരു ദിവസം അവൾ മുറിയിൽ വന്ന നേരത്തു ഞാനവളോട് ചോദിച്ചു
"തനിക്കെന്നോട് ദേഷ്യമുണ്ടോ?"
"ഇല്ല ഏട്ടാ.. പക്ഷെ ഉള്ളിലൊരു സങ്കടകടൽ ആഞ്ഞടിക്കുന്നുണ്ട്. ഒരുപാട് സ്വപനങ്ങളുമായാണ് ഞാൻ വിവാഹ ജീവിതത്തിലേക്ക് കടന്നു വന്നത്, അതൊക്കെ കത്തി എരിഞ്ഞപ്പോഴുണ്ടായ സങ്കടം" അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു
"ഞാൻ ഒരുപാട് ശ്രമിച്ചു തന്നെ ഒന്ന് സ്നേഹിക്കാൻ, ഇഷ്ടപ്പെടാൻ. പക്ഷെ സാധിക്കുന്നില്ലെടോ. എനിക്കാവില്ല. താനീ കാത്തിരിക്കുന്നതൊക്കെ വെറുതെയാ. എനിക്ക് വേണ്ടി തന്റെ ജീവിതം പാഴാക്കരുത്"
ചെറിയൊരു ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടവൾ ചോദിച്ചു
"ഏട്ടൻ പറഞ്ഞു വരുന്നത്..??"
"നമുക്ക് പിരിയാം..."
"ഏട്ടാ...." അവളുടെ വാക്കുകൾ മുറിഞ്ഞു, മനസ്സ് പിടയുന്നതെനിക്ക് കാണാമായിരുന്നു
"രശ്മി എന്നോട് ക്ഷമിക്കണം. ഒരു മാറ്റത്തിനെനിക്കാവുന്നില്ല, തന്റെ ജീവിതം ഇനിയും ഇവിടെ ഹോമിക്കപ്പെടാൻ പാടില്ല"
അവളൊന്നും ഉരിയാടാനാവാതെ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു
"അതുകൊണ്ട് നമുക്ക് ഡിവോഴ്സ് ആവാം.. തനിക്ക് നല്ലൊരു ഭാവിക്ക് അതാ നല്ലത്"
"വേണ്ട ഏട്ടാ.. കാത്തിരിക്കാൻ ഞാൻ തയ്യാറാണ്, എത്ര കാലം വേണേലും" അവളുടെ കവിളുകളിൽ മിഴിനീർതുളികൾ ശക്തമായി ഒഴുകുന്നുണ്ടായിരുന്നു.
"തനിക്കിനിയും നഷ്ടങ്ങൾ സമ്മാനിക്കാൻ എനിക്കാവില്ല.. അതുകൊണ്ട് നമുക്ക് പിരിയാം"
കൂടുതലൊന്നും പറയാനും കേൾക്കാനും നിക്കാതെ ഞാൻ പുറത്തേക്കിറങ്ങി.
അവളെ പറഞ്ഞു സമ്മതിപ്പിച്, അധികം വൈകാതെ ജോയിൻ ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്തു. അവളപ്പോഴും കെഞ്ചി പറയുന്നുണ്ടായിരുന്നു, പക്ഷെ ഞാൻ അതൊന്നും ചെവിക്കൊണ്ടില്ല. അച്ഛനും അമ്മയും ഒന്നും വിശ്വസിക്കാനാവാതെ നിൽക്കുന്നുണ്ടായിരുന്നു. ജോയിന്റ് പെറ്റീഷൻ ആയതുകൊണ്ട് കൂടുതൽ കാത്തിരിക്കേണ്ടി വന്നില്ല. ഡിവോഴ്സ് കിട്ടി, ഞാൻ ഗൾഫിലേക്കും അവൾ അവളുടെ വീട്ടിലേക്കും പോയി.
പിന്നെയുള്ള രണ്ടു വര്ഷങ്ങള് ഗൾഫിൽ തന്നെ ആയിരുന്നു. അവളെക്കുറിച്ചൊന്നും അന്വേഷിച്ചില്ല, വാർഷിക ലീവിന് നാട്ടിൽ വന്നതുമില്ല.
രണ്ടു വർഷങ്ങൾക്കിപ്പുറം വീണ്ടും നാട്ടിലെത്തിയിരിക്കുകയാണ്, വന്നിട്ടിപ്പോൾ ഒരാഴ്ച ആയി. ഇന്ന് ടൗണിൽ പോയി വരുന്ന വഴിക്ക് ഒരു സൂപ്പർമാർകെറ്റിൽ കയറിയപ്പോഴാണ് ഞാൻ അവളെ വീണ്ടും കാണുന്നത്, രശ്മി.
എനിക്കവളെ നേരിടാൻ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ടവൾ എന്റെ അടുത്തേക്ക് നടന്നടുത്തു
"ഏട്ടൻ എപ്പോ വന്നു"
"ഞാൻ വന്നിട്ടിപ്പോ ഒരാഴ്‌ച ആയി.."
"ഏട്ടന് സുഖല്ലേ..?"
"ഉം..സുഖം. രശ്മിക്കോ"
"ഉം.. എനിക്കും സുഖം"
വിശേഷങ്ങൾ ചോദിച്ചു കൊണ്ട് ഞങ്ങൾ അടുത്തുള്ള ജ്യൂസ് ഷോപ്പിലേക്ക് നടന്നു. അവിടെ ഇരുന്ന് ഒരു ജ്യൂസ്ഉം കുടിച്ചു ഞങ്ങൾ സംസാരം തടുർന്നു. ഒന്നിച്ചുണ്ടായിരുന്ന നാളുകളിൽ പോലും ഞാനവളോടങ്ങനെ സംസാരിച്ചിട്ടില്ല. അവസാനം യാത്ര പറഞ്ഞു പോകാൻ നേരം അവൾ എനിക്ക് നേരെ ഒരു കവർ നീട്ടിക്കൊണ്ട് പറഞ്ഞു
"അടുത്ത ഞായറഴ്ച്ചാ എന്റെ വിവാഹമാണ്. ഏട്ടൻ വരണം"
എന്ത് പറയണമെന്നറിയാതെ ഞാൻ തരിച്ചു നിന്നു
"രണ്ടാമതൊരു വിവാഹത്തിന് എനിക്കിഷ്ടമുണ്ടായിട്ടല്ല. വീട്ടിൽ അമ്മയുടേം അച്ഛന്റേം ഇഷ്ടത്തിന് വാഴകിക്കൊടുക്കാതിരിക്കാൻ എനിക്കായില്ല" അവൾ തുടർന്നു
"നന്നായി. അഡ്വാൻസ് ആയിട്ടു എന്റെ വക എല്ലാവിധ മംഗളാശംസകളും" പെട്ടെന്ന് പറഞ്ഞു തീർത്തു
"ഉം" അവൾ കൂടുതലൊന്നും പറഞ്ഞില്ല. അവൾ യാത്ര പറഞ്ഞിറങ്ങി, ഞാൻ അവളെ തന്നെ നോക്കി നിന്നു.
എന്തോ, ഇന്നിപ്പോൾ എന്റെ മനസ്സ് അവളെ കൊതിക്കുന്നത് പോലൊരു തോന്നൽ. നഷ്ടപ്പെടുത്തിയ അവളെ ഇഷ്ടപെട്ട്ട് തുടങ്ങിയോ എന്നൊരു തോന്നൽ. അറിയില്ല, അറിഞ്ഞിട്ടും കാര്യം ഇല്ല. ഇന്നെനിക്കവൾ അന്യ ആണ്, ഒരാഴ്ച കഴിഞ്ഞാൽ അവൾ മറ്റൊരാളുടെ ഭാര്യയാണ്.
വേണ്ട ഒന്നും വേണ്ട.. എന്ന് മനസ്സിനെ പഠിപ്പിക്കാൻ ശ്രമിക്കുകയാണ് ഞാനിപ്പോൾ. ഈ രാത്രിയിൽ എല്ലാം മറന്നുവെച്ചൊന്നെനിക്കുറങ്ങണം.
(നമ്മളെ സ്നേഹിച്ചവരെ തിരിച്ചറിയാതെ പോകരുത്. തിരിച്ചറിയാതെ പോകുന്ന സ്നേഹം വലിയ നഷ്ടമാണ്. അത് പലപ്പോഴും തിരിച്ചെടുക്കാനാവില്ല)
-----------------------
ആഷിക്ക് അബ്ദുൾ ഖാദർ

വിശപ്പ്

Image may contain: 1 person, sitting, beard and outdoor

ഞാൻ അറിയാതെ ഇതിൽ വല്ല കൊച്ചുമുണ്ടോ ഇക്കാ"
സോഫയിൽ ചാഞ്ഞു കിടക്കുന്ന എന്റെ ചാടിയ വയറിലേക്ക് നോക്കികൊണ്ടവൾ തമാശ കലർത്തി ചോദിച്ചു.
"നീ കൂടുതൽ കളിയാക്കുവൊന്നും വേണ്ടാ...നീ നോക്കിക്കോ ഞാൻ നാളെ മുതൽ എന്തായാലും ഓടാൻ പോകും, അധ്വാനിക്കുന്ന ജന വിഭാഗമാകും"
"ഹ ഹ... ഞാൻ ഇത് കുറെ കേട്ടിട്ടുണ്ട്.. കേട്ടിട്ടുണ്ട്" ഒരു ആക്കിയ ചിരിയോട് കൂടി അവൾ.
അവളെ പറഞ്ഞിട്ടും കാര്യമില്ല, വയറിങ്ങനെ നിറഞ്ഞു തുളുമ്പി നില്ക്കാൻ തുടങ്ങിയിട്ടും, ഞാനിത് പറയാൻ തുടങ്ങിയിട്ടും കാലം കുറെ ആയി. ഒന്നുകിൽ ഡയറ്റ് അല്ലെങ്കിൽ എക്സസൈസ്‌, രണ്ടിലൊന്നില്ലാതെ ഇതിനൊരു മാറ്റമുണ്ടാവില്ല എന്നവൾ ഇടയ്ക്കിടയ്ക്ക് ഓര്മിപ്പിപ്പിക്കാറുണ്ട്. അവൾ പറയുമ്പോഴൊക്കെ ഒരു "ന്യൂ ഇയർ റെസൊല്യൂഷൻ" പോലെ തീരുമാനിക്കും, നാളെ മുതൽ എക്സസൈസ്‌ ചെയ്യണം, ഓടാൻ പോകണം എന്നൊക്കെ. പക്ഷെ ആ ചിന്തകൾക്ക് നിമിഷ നേരത്തെ ആയുസ്സ് മാത്രമേ ഉണ്ടാവാറുള്ളൂ. മടി തന്നെയാണ് പ്രധാന വില്ലൻ.
"സത്യമാടീ.. ഇതെന്റെ ഉറച്ച തീരുമാനമാണ്"
"അത്ര വല്യ ഉറപ്പുണ്ടെങ്കിൽ നിങ്ങൾ ഇന്ന് തന്നെ തുടങ്ങിക്കോ, ഇന്നേതായാലും അവധിയല്ലേ"
(പടച്ചോനെ പണി പാളി.. ഇനി ഇപ്പൊ എന്ത് ചെയ്യും...)
"അത് വേണ്ട ഞാൻ നാളെ തുടങ്ങാം, തിങ്കളാഴ്ച നല്ല ദിവസം എന്നാണല്ലോ"
"ഞായറാഴ്ചയും നല്ല ദിവസാ. ഓരോ ദിവസവും നല്ലതാവുന്നത് നമ്മുടെ പ്രവർത്തി പോലെ ഇരിക്കും" എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടവൾ പറഞ്ഞു
മനസ്സില്ലാ മനസ്സോടെ റൂമിൽ പോയി ട്രാക്ക് സ്യൂട്ടും എടുത്തിട്ട് ഓടാൻ പോകാൻ തന്നെ തീരുമാനിച്ചു. അവളപ്പേഴേക്കും പൊടി പിടിച്ചു കിടന്നിരുന്ന ഷൂസ് തുടച്ചു വൃത്തിയാക്കി എടുത്തോണ്ട് വന്നു.
അവളോട് ടാറ്റ ബൈ ബൈ പറഞ്ഞു നേരെ അടുത്തുള്ള പാർക്കിലേക്ക് വച്ചുപിടിച്ചു. പോകുന്ന വഴിക്ക് പരിചിതമായ പല മുഖങ്ങളെയും കണ്ടു, ആ കൂട്ടത്തിൽ പലരും എന്റെ ഉദ്ദേശ്യലക്ഷ്യം പിന്തുടരുന്നവർ . ചിലരോട് കുശലാന്വേഷണം നടത്തിയപ്പോൾ മറ്റു ചിലർക്ക് പുഞ്ചിരി സമ്മാനിച്ച് പാർക്കിന്റെ കവാടത്തിലേക്ക് ഓടിയടുത്തു. ഈ പാർക്കിപ്പോൾ നടത്തക്കാരുടെയും ഓട്ടക്കാരുടെയും സ്വന്തം താവളമാണ്.ചെറിയ ഉയരത്തിൽ ചായം പൂശിയ മതിലിനകത്ത് പച്ചപരവതാനി വിരിച്ച പോലെ പുൽത്തകിടുകൾ, അതിനരികുകളിൽ പല ചെടികളും നട്ടു പിടിപ്പിച്ചിരിക്കുന്നു, ചില ചെടികൾ പൂവിട്ടു പുഞ്ചിരിച്ചു നിൽക്കുന്നു. ഒത്തനടുവിൽ ആധുനിക രീതിയിൽ കല്ലുകെട്ടിയുണ്ടാക്കിയ ഒരു ചെറിയ കുളവും, അതിനോട് ചേർന്നൊരു വെള്ളച്ചാട്ടവും. ചിലയിടത്ത് കോൺഗ്രീറ് കൊണ്ടുണ്ടാക്കിയ ചാരുകസേരകൾ സ്ഥാനം പിടിച്ചിരിക്കുന്നു. അതിനിടയിലൂടെ ഇന്റെർലോക് പാകിയ നടപ്പാതകൾ.
ചുറ്റിലും ഒന്ന് കണ്ണോടിച്ചു, ഒരുവശത്ത് കുട്ടികൾ പന്ത് കളിക്കുന്നു,മറ്റു ചിലർ ചാരുകസേരയിൽ ഇരുന്നു പ്രണയം പങ്കുവെക്കുന്നു. മറുവശത്തു എന്നെ പോലെ അധ്വാനിക്കുന്ന ജനവിഭാഗം, ഗർഭണൻമാരുടെ എണ്ണം വളരെ കൂടുതലാണ്. എല്ലാരും തലങ്ങു വിലങ്ങും ഓടുന്നു, നടക്കുന്നു, ചിലർ സൈക്കിൾ സവാരിയിലുമാണ്.
ഞാനും അവരുടെ കൂടെ കൂടി ഓട്ടം തുടങ്ങി, ശീലമില്ലാത്ത കാര്യമായതിനാൽ പെട്ടെന്ന് തന്നെ ക്ഷീണം അനുഭവപ്പെട്ടു തുടങ്ങി. അതുകൊണ്ടു തന്നെ കൂടുതൽ നേരം നീണ്ടു നിന്നില്ല അടുത്തു കിട്ടിയ ഒരു ചാരുബെഞ്ചിൽ ആസനസ്ഥനായി. അൽപ നേരം കണ്ണുമടച്ചിരുന്നതിനു ശേഷം കിതപ്പിനൊരു ശമനമുണ്ടായി. അപ്പോഴാണ് അരികിൽ നിന്നൊരു ശബ്ദം
"കപ്പലണ്ടി കപ്പലണ്ടി..."
ഞാൻ കണ്ണ് തുറന്നു നോക്കി, പത്തു പത്രണ്ട് വയസ്സ് മാത്രം പ്രായമുള്ളൊരു കുട്ടി, തോളിൽ കെട്ടിയിട്ട തൂണിയുടെ സാഹത്തോടെ ഒക്കത്തൊരു കുഞ്ഞു വാവയും. മെലിഞ്ഞുണങ്ങിയ ശരീരം, എല്ലുകൾ എണ്ണിയെടുക്കാം. ആകെ ധരിച്ചിരുന്ന കീറിയ ട്രൗസര് അരയിൽ കെട്ടിയിരിക്കുന്ന ചരടിൽ കോർത്ത് വെച്ചിരിക്കുന്നു. ഒരടിവസ്ത്രം മാത്രം ധരിച്ചു ഒക്കത്തിരിക്കുന്ന കുട്ടി കരഞ്ഞു നിലവിളിക്കുന്നുണ്ട്, മൂക്കൊലിച്ചു താഴേക്കിറങ്ങുന്നു. അവൻ അതിന്റെ കരച്ചിലടക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
"കപ്പലണ്ടി വേണമാ സാർ.." കയ്യിലെ സഞ്ചിയിൽ വിൽപനക്കായി കരുതിയിരിക്കുന്ന കപ്പലണ്ടിയുടെ ഒരു പാക്കറ്റ് എനിക്ക് നേരെ നീട്ടിക്കൊണ്ടു തമിഴ് കലർന്ന മലയാളത്തിൽ അവൻ എന്നോട് ചോദിച്ചു
ചിന്തകൾ എന്നെ എവിടേക്കോ കൂട്ടികൊണ്ടുപോയയത് കൊണ്ടായിരിക്കണം ഞാൻ മറുപടി നല്കാൻ വൈകി. അപ്പോഴേക്കും അവൻ തുറന്നു
"ഒന്നെടുക്ക്ങ്കോ സാർ.. രണ്ടു രൂപ മട്ടും താനെ"
"ആ..ഒന്ന് തന്നേക്ക്"
കപ്പലണ്ടി കഴിക്കാറില്ലെങ്കിലും എന്തോ വേണ്ടെന്നു പറയാൻ തോന്നിയില്ല
അവൻ എനിക്ക് നേരെ നീട്ടിയ കപ്പലണ്ടി പാക്കറ്റ് ഞാൻ വാങ്ങി, പോക്കറ്റിൽ ആകെ കരുതിയിരുന്ന നൂറു രൂപയുടെ നോട്ട് അവനു നേരെ നീട്ടി. ചില്ലറിയില്ലെന്നവൻ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഞാൻ അതവന്റെ കൈകളിൽ ഏൽപ്പിച്ചു.
"വേണ്ട സാർ.. എൻ കയ്യിൽ ചില്ലറയില്ല" തിരിച്ചേൽപ്പിക്കാൻ തുടങ്ങിക്കൊണ്ടവൻ പറഞ്ഞു
"അത് സാരമില്ല.. ബാക്കി നീ വച്ചോ"
"ആ.. അത്.. അത് വേണ്ട സാർ" വാക്കുകൾ മുറിച്ചു കൊണ്ടവൻ പറഞ്ഞു
"കുഴപ്പമില്ല... അതൊക്കെ പോട്ടെ, എന്താ നിന്റെ പേര്?" അവന്റെ കൈപിടിച്ചു ഞാനെന്റെ അടുത്തിരുത്തികൊണ്ട് ചോദിച്ചു
"ശെൽവൻ..."
"അപ്പൊ ഇതാരാ?" ഒക്കത്തിരിക്കുന്ന കുഞ്ഞിലേക്ക് വിരൽ ചൂടിക്കൊണ്ട് ഞാൻ ചോദിച്ചു
"ഇതെന്നുടെ തങ്കച്ചി.. പേര് മുത്തുലക്ഷ്മി" പുഞ്ചിരിച്ചുകൊണ്ടവൻ മറുപടി നൽകി
"മുത്തുലക്ഷ്മി എന്തിനാ കരയണേ..? അമ്മയെ കാണാഞ്ഞിട്ടാണോ?"
"എങ്കളുടെ അമ്മാവും അപ്പാവും എരന്തുപോച് സാർ... പശിക്കത്ക്കാകെ അൾവതെ സാർ.." അവന്റെ വാക്കുകളിലെ സങ്കടക്കടൽ എന്റെ മനസ്സിലേക്ക് ആഞ്ഞടിച്ചു.
എന്റെ ഉള്ളൊന്നു പിടഞ്ഞു..കണ്ണുകളിൽ നനവ് പടർന്നു.
ഞാനിവിടെ മൂക്കറ്റം തിന്നു വയറു ചാടി, അത് കുറയ്ക്കാനായി ഓടാനിറങ്ങുമ്പോൾ മറുവശത്ത് ഒരുനേരത്തെ വിശപ്പടക്കാനായി നെട്ടോട്ടമോടുന്ന കുരുന്നുകൾ.
എനിക്കെന്നോട് തന്നെ പുച്ഛവും പരിഹാസവും തോന്നി.
കൂടുതലൊന്നും ചോദിക്കാൻ തോന്നിയില്ല.. മുത്തുലക്ഷ്മിയെ ഞാൻ കോരിയെടുത്തു, അവളുടെ കവിളിൽ ഒരു ചുംബനം നൽകി. എന്തോ.. അവളുടെ കരച്ചിലിന്റെ ശബ്ദം താഴ്ന്നു വന്നു.. അവന്റെ മുഖത്തും എന്തെന്നില്ലാത്തൊരു പ്രകാശം, പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നു. യാത്ര പറഞ്ഞു പോകാൻ നേരം നാളെ അവനോട് വീണ്ടും ഇവിടെ വച്ച് തന്നെ കാണണമെന്ന് ആവിശ്യപ്പെട്ടു. അവൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി. അവർ എന്നിൽ നിന്നും നടന്നകലുന്നതും നോക്കി ഞാൻ അൽപനേരം കൂടെ അവിടെ ഇരുന്നു.
നാളെ അവൻ വരുമ്പോൾ അവനൊരു സമ്മാനം നൽകണം, കുഞ്ഞുമോൾക്കൊരു ഉടുപ്പ് വാങ്ങണം. ഇനിയുള്ള നാളുകളിൽ ഒരു നേരത്തെ ഭക്ഷണമെങ്കിലും അവർക്ക് നൽകണമെന്ന് ഞാൻ പ്രതിജ്ഞ എടുത്തിരുന്നു..!!
---------------------------
ആഷിക്ക് അബ്ദുൾ ഖാദർ

നാട്ടിലെ മിസ്ഡ് കാൾ

Image may contain: 1 person, sitting, beard and outdoor

കുറച്ചു ദിവസം മുൻപ് വൈകുന്നേരം ജോലി കഴിഞ്ഞെത്തി റൂമിൽ മൊബൈലിൽ കുത്തികൊണ്ടിരിക്കുമ്പോഴാണ് ഒരു ഫോൺ റിങ് വന്നത്. എന്റെ ഫോണിൽ അല്ലാട്ടോ, റൂം മേറ്റിന്റെ ഫോണിൽ. പക്ഷെ അത് ഒരു മിസ്ഡ് കാൾ ആയിരുന്നു. അവൻ അടുക്കളയിൽ ആയിരുന്നത് കൊണ്ട് ഞാൻ ആ ഫോണും എടുത്ത് നേരെ അടുക്കളയിലേക്ക് ചെന്നു.
"ഡാ.. നിനക്കൊരു കാൾ ഉണ്ട്. മിസ്ഡ് കാൾ ആണല്ലോ മോനെ, നമ്മളറിയാതെ നീ ഏതേലും വലയിൽ ചെന്ന് വീണോ"
"പിന്നെ.. ഇത്രേം കാലായിട്ടില്ലാത്തതാ ഇപ്പോ. നീ ആ നമ്പർ ഒന്ന് നോക്കിക്കേ, ഞാൻ മീൻ മുറിച്ചോണ്ടിരിക്കുവാ"
ഞാൻ ഫോൺ അൺലോക്ക് ചെയ്തു നമ്പർ നോക്കി
"ഇത് നാട്ടിലെ നമ്പറിന്നുള്ള കാൾ ആണല്ലോടാ.."
"എത്രയാ ലാസ്റ്റ് നമ്പർ?"
"4474"
"ഓ.. അത് നാട്ടിലെ ഒരമ്മാവനാ. നീ ഫോൺ മുറിയിൽ വെച്ചേക്ക്" അവന്റെ മുഖത്തെന്തോ ഒരു മാറ്റം നിഴലിച്ചു
"എന്താടാ.. എന്തേലും പ്രോബ്ലം ഉണ്ടോ നാട്ടിൽ"
"ഇല്ലടാ.. എന്ത് പ്രോബ്ലം."
"നിനക്കെന്നാൽ പിന്നെ ഒന്ന് തിരിച്ചു വിളിച്ചൂടെ, ചിലപ്പോ എന്തേലും അത്യാവിശ്യത്തിനാണെങ്കിലോ?"
"അത്യാവിഷമൊന്നുമുണ്ടാവില്ലെടാ.. ഞാൻ കുറെയായി അമ്മാവനെയൊക്കെ ഒന്ന് വിളിച്ചിട്ട്, അതുകൊണ്ടായിരിക്കും"
"ഓ.. ഇത്രയ്ക്ക് സ്നേഹ സമ്പന്നനായ അമ്മാവനൊക്കെ നിനക്കുണ്ടോ.? എടാ ഭാഗ്യവാനെ"
"പിന്നെ.. ഭയങ്കര ഭാഗ്യമാ. നിനക്ക് വേണോ കുറച്ചു ഭാഗ്യം? അല്ലേൽ അമ്മാവനെ തന്നെ നീ സ്വന്തമായി എടുത്തോ" അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
"അയ്യോ വേണ്ടായേ.. ഇത്രയ്ക്ക് സ്നേഹമൊന്നും താങ്ങാനുള്ള കെൽപ് നമ്മക്കില്ലായെ"
"എന്നാൽ പിന്നെ മോൻ പോയി മൊബൈൽ കുത്തി കൊണ്ടിരിക്ക്. ഞാൻ ഈ കറി ഒന്ന് ഉണ്ടാക്കിക്കോട്ടെ"
"നടക്കട്ട്.. നടക്കട്ട്.."
ഞാൻ തിരിച്ചു റൂമിലേക്ക് ചെന്ന് വീണ്ടും മൊബൈലിലേക്ക് കണ്ണും നട്ടിരിപ്പായി.
-----------
പിറ്റേന്ന് വൈകുന്നേരം നമ്മൾ രണ്ടു പേരും കൂടെ നടക്കാനിറങ്ങിയിരുന്നു. ഇവിടെ കൊച്ചു കൊച്ചു പാർക്കുകൾക്ക് ക്ഷാമമില്ലാത്ത കൊണ്ട് നമ്മൾ നേരെ വിട്ടത് ഫ്ലാറ്റിനു തൊട്ടടുത്തുള്ള പാർക്കിലേക്കാ.
നമ്മളങ്ങനെ ഇവിടുത്തെയും നാട്ടിലെയും ഓരോ സംഭവ വികാസങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയ്ക് ഞാൻ അവനോട് കളിയായി ചോദിച്ചു
"എന്ത് പറയുന്നു നിന്റെ സ്നേഹ സമ്പന്നനായ അമ്മാവൻ. നീ തിരിച്ചു വിളിച്ചില്ലേ?"
"വിളിച്ചു.. എന്റെ ശബ്ദം കേട്ടപ്പോ തന്നെ അവർക്ക് പെരുത്ത് സന്തോഷമായി"
"അതെന്താപ്പാ.. അവരുടെ മോളെയെങ്ങാനും നിനക്ക് കെട്ടിച്ചു താരനുണ്ടോ"
"നിനക്കിതല്ലാതെ വേറൊരു ചിന്തയും ഇല്ലേ.."
"അല്ല.. അമ്മാവൻ മരുമകൻ സ്നേഹം ഇത്രയ്ക്കങ് പടർന്ന് പന്തലിച്ചു കണ്ടത് കൊണ്ട് ചോദിച്ചതാണെ"
"അതൊക്കെ ഒരു ഇതാണ്. നീ അത് വിട്, എനിക്ക് നിന്റെ ഒരു സഹായം വേണം"
"വളച്ചു കെട്ടാതെ നീ കാര്യം പറയെടാ..."
"ഈ മാസം നീ എനിക്ക് കുറച്ചു ക്യാഷ് കടം തരണം"
"കാശൊക്കെ നമുക്കൊപ്പിക്കാം. അതുപോട്ടെ അതെന്താ നിനക്കിപ്പോ പെട്ടെന്നൊരത്യാവിശ്യം"
"നാട്ടിലൊരത്യാവിശ്യമുണ്ടെടാ"
"എന്താടാ.. എന്തത്യാവിശ്യം. ഇതെന്താ നിനക്ക് പതിവില്ലാത്തൊരു വളച്ചൊടി"
"ഒന്നുല്ലടാ.."
"അതിലെന്തോ ഉണ്ടല്ലോ.. നീ പറ മുത്തേ"
"നീ ചോദിച്ചില്ലേ അമ്മാവൻ എന്തിനാ മിസ്ഡ് കാൾ വിട്ടതെന്ന്, അതിനു വേണ്ടിയാ"
"നീയല്ലേ പറഞ്ഞെ നീ വിളിക്കാത്തതുകൊണ്ട് മിസ്ഡ് കാൾ വിട്ടതാണെന്നു, പിന്നെന്താ"
"ഞാൻ വിളിക്കാത്തത് കൊണ്ടൊന്നുമല്ല"
"പിന്നെ..??"
"അമ്മാവന്റെ മോൻ ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ടുണ്ട്. അത് പാസ്സാകുമ്പോ അവനു കൊടുക്കാൻ കൊടുക്കാൻ ഒരു നല്ല ഫോൺ വേണം. അതിനാണ്"
"ഓഹ്.. അത് പറ.. ഇപ്പോഴല്ലേ സ്നേഹത്തിന്റെ കഥ മനസ്സിലായെ"
"ആ മിസ്ഡ് കാൾ കണ്ടപ്പോഴേ എനിക്ക് തോന്നിയതാ, എന്തേലും ആവിശ്യമുണ്ടാകുമെന്നു. സത്യം പറഞ്ഞാൽ നാട്ടിലെ നമ്പറിന്നു മിസ്ഡ് കാൾ കാണുമ്പോൾ തന്നെ ടെന്ഷനാ. എന്ത് പണിയാ വരുന്നതെന്നറിയില്ലല്ലോ"
"എന്നിട്ട് നീ എന്ത് പറഞ്ഞു?"
"എന്ത് പറയാൻ.. പറ്റില്ലെന്ന് പറയാൻ പറ്റില്ലാലോ. ഗൾഫ്കാരൻ ആയിപ്പോയില്ലേ, ഇവിടെ രണ്ടറ്റം മുട്ടിക്കാൻ പെടുന്ന പെടാപ്പാട് ആരറിയാൻ"
"പത്താം ക്ലാസ്സിൽ പഠിക്കുന്ന പയ്യനെന്തിനാടാ ഫോൺ.. ഒരു പ്ലസ്ടു എങ്കിലും കഴിഞ്ഞിട്ട് പോരെ?"
"കാലം മാറിയില്ലേ മോനെ.. ആ എന്തായാലും ഇപ്പൊ നല്ലൊരു ഫോൺ വാങ്ങികൊടുത്തയാക്കണം. എന്റെ ഈ മാസത്തെ ബഡ്ജറ്റിൽ ഒതുങ്ങില്ല. അതാ നിന്നോട് ചോദിച്ചേ"
"അതൊക്കെ നമുക്ക് ഒപ്പിക്കാം.. നീ ബേജാറാകണ്ടാ"
"എല്ലാരേം സഹായിക്കണം എന്നൊക്കെ ആത്മാർത്ഥമായ ആഗ്രഹമൊക്കെ ഉണ്ടെടാ. പക്ഷെ നമ്മുടെ അവസ്ഥ നമുക്കല്ലേ അറിയൂ"
"പ്രവാസി ഡാ.. പ്രവാസി.."
"ഞാനീ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയിട്ട് മൂന്നരവര്ഷമായി, അതും ജോലിക്കു കയറുന്നതിനു മുൻപ് അച്ഛൻ വാങ്ങി തന്നത്. സ്വന്തമായി അധ്വാനിക്കാൻ തുടങ്ങീട്ട് രണ്ടര വര്ഷത്തിലധികാമായെങ്കിലും ഇതുവരെ സ്വന്തമായി ഒരു ഫോൺ പോലും വാങ്ങാൻ പറ്റിയിട്ടില്ല" അവന്റെ കയ്യിലെ ഫോൺ ഉയർത്തി കാണിച്ചുകൊണ്ടവൻ പറഞ്ഞു
"അതാണ് മോനെ പ്രവാസി.. സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം ത്യജിച്ചു ജീവിക്കേണ്ടി വരുന്നവർ... ഇനിയൊന്നു നാട്ടിൽ ലീവിന് പോയാലോ, അവിടെയും പരാതിയും പരിഭവവും. എനിക്ക് സ്പ്രേ തന്നില്ല, സോപ്പ് തന്നില്ല... ആരും നമ്മുടെ അവസ്ഥയെക്കുറിച്ചു ചിന്തിക്കാറില്ലെടാ "
"ഹും.. തുഴഞ്ഞു പോയില്ലേ ഇനി അടുത്ത കര കിട്ടും വരെ തുഴയാതെ രക്ഷ ഇല്ലല്ലോ. എന്നേലും കര കണ്ടാൽ മതിയായിരുന്നു..."
(പ്രാവസിക്കഥകൾ ഒരുപാട് കേട്ടിട്ടുണ്ടാവാം.. പക്ഷെ അതിൽ ഭൂരിഭാഗവും പച്ചയായ യാഥാർഥ്യങ്ങളാണ്. കെട്ടുകഥകൾ തോൽക്കുന്ന പച്ചയായ യാഥാർഥ്യങ്ങൾ))
--------------
ആഷിക്ക് അബ്‌ദുൾ ഖാദർ

കിലുക്കാംപെട്ടി_ഐഷു


നാളെ എന്റെ കുഞ്ഞനുജത്തിയുടെ വിവാഹമാണ്. അവളെന്റെ കാഴ്ച വട്ടത്തു നിന്നും പറന്നകലുകയായി.. ഒരു ഉപ്പയുടെ കടമയോടും ഒരു സഹോദരന്റെ ഉത്തരവാദിത്യത്തോടും കൂടി അവളെ ഞങ്ങൾ നാളെ ഷാഹിറിന് കൈ പിടിച്ചു കൊടുക്കുകയാ...
എന്റെ സ്വന്തം കിലുക്കാം പെട്ടി "ഐഷു"...ഞങ്ങൾ തമ്മിൽ 5 വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും ഞങ്ങളുടെ മനസ്സുകൾ തമ്മിൽ ആ അകലം ഉണ്ടായിരുന്നില്ല ...ഉമ്മയും ഉപ്പയും എന്നെ "റാഷി" എന്നാണ് വിളിക്കാറ്, അത് കേട്ട് അവളും അത് തന്നെ തുടർന്നു.വല്ലപ്പോഴും എന്തേലും പണി ഒപ്പിക്കാൻ, അല്ലേൽ എന്തേലും കാര്യം സാധിചെടുക്കാൻ "റാഷിക്കാക്ക" ആവും. ചെറുപ്പത്തിലേ കൊഞ്ചിച്ചും ലാളിച്ചും വളർത്തിയത് കൊണ്ട് നല്ല അനുസരണയാ അവൾക്.ഞാൻ എന്ത് പറഞ്ഞാലും അതിന്റെ ഓപ്പോസിറ് മാത്രമേ പ്രവർത്തിക്കൂ. ഇളയ കുട്ടി ആയതു കൊണ്ടും ഒരു പെൺ തരി ആയത് കൊണ്ടും ഉപ്പാക്കും ഉമ്മക്കും കണ്ണിലുണ്ണി ആയിരുന്നവൾ. അതിന്റെ അഹങ്കാരം അവളുടെ ഭാവത്തിലും പ്രവർത്തിയിലും ഉണ്ടായിരുന്നു.
ഞാൻ എന്ത് എടുത്താലും വാശിപിടിച്ചു വാവിട്ട് കരഞ്ഞു അത് സ്വന്തമാക്കുക, ഞാൻ എന്ത് ചെയ്താലും അതിൽ ഇടങ്കൊലിടുക, പാര വെപ്പ്, അടി,പിടി,പിച്ചല്, ഇതൊക്കെയാണ് അവളുടെ മെയിൻ പരിപാടീസ്. ചില സമയങ്ങളിൽ അവളൊരു ഇത്താത്തയായും പ്രതിഫലിക്കും, ലോകത്തെവിടെയും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു കൊട്ട ഉപദേശവുമായി വരും.
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും അവളുടെ ഉള്ളിൽ എന്നോടുള്ള കുറുമ്പ് നിറഞ്ഞ സ്നേഹം ഞാൻ ശെരിക്കും തിരിച്ചറിഞ്ഞത് അന്നായിരുന്നു, ഞാൻ സൈക്കിളിൽ നിന്ന് വീണ് കയ്യൊടിഞ്ഞു കിടന്ന ആ ദിനങ്ങൾ... കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി എന്റേതായ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നിതിനിടയ്ക് സൈക്കിളിനു കലികേറിയിട്ടാണോന്നറിയില്ല എന്നെ ചുമ്മാ ഒരു രസത്തിനു താഴേക്കിട്ടു, ഞാൻ നല്ലൊരെ റയ്‌സറും ജംബറുമൊക്കെ ആയിരുന്നത് കൊണ്ടാവും വീഴ്ചയിൽ ഒരു കൈ മാത്രേ ഓടിഞ്ഞുള്ളു. അങ്ങനെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൊക്കെ ചേർന്ന് വൈദ്യരുടെ അടുത്തെത്തിച്ചു, ശേഷം ഒരു കലക്കൻ കെട്ടും 1 ആഴ്ച റെസ്റ്റെന്ന പേരിൽ അവധിയും സംഘടപ്പിച്ചു ഞാൻ വീട്ടിൽ എത്തി.. കൈ നന്നായി വേദനിക്കുന്നുണ്ടായിരുന്നെങ്കിലും കാലിൽ തൊലി പോയ നീറ്റൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഞാൻ പുറത്തു കാണിക്കാതെ ഒരാഴ്ച സ്കൂൾ അവധി കിട്ടിയ സന്തോഷം മാത്രം മുഖത്തു എഴുതിവെചു നേരെ ഐഷുവിന്റെ അടുത്തേക്ക് ആണ് വെച്ച് പിടിച്ചത്.. അവധിയുടെ കാര്യം പറഞ്ഞവളെ ചൂട് പിടിപ്പിക്കാം എന്നതായിരുന്നു ദുരുദ്ദേശം.
പക്ഷെ അടുത്തെത്തിയപ്പോ സീൻ ആകെ മാറി. നമ്മടെ ഐഷ കുട്ടി കണ്ണും കലക്കി കണ്ണീരിലൊപ്പിച്ചോണ്ട് നിക്കുന്നു. ഞാൻ ആകെ അന്ധം വിട്ടു, ഇതെന്താ കഥ, ഇവൾകിതെന്തു പറ്റി.. എന്റെ കയ്യൊടിഞ്ഞത് പ്രമാണിച്ചു ഇവളിവിടെ ബിരിയാണി വെച്ച ആഘോഷിക്കുമെന്നാണല്ലോ ഞാൻ വിചാരിച്ചത്. ഇവളിതെന്തിനാ ഇങ്ങനെ മോങ്ങണെ, ഇനി ഇതിനാണോ പടച്ചോനെ ആനന്ദ കണ്ണീരെന്ന് പറയുന്നത്.
"നീ എന്തിനാടി ഇങ്ങനെ കിടന്ന് മോങ്ങണെ" ഇത്തിരി ഗൗരവത്തിൽ ഞാൻ ചോദിച്ചു. അവൾ അത് കേട്ട ഭാവം നടിച്ചില്ല, അപ്പോഴും കളിപ്പാട്ടം നഷ്ടപെട്ട കുട്ടിയെ പോലെ അവൾ കരയുകയായിരുന്നു. ഞാനൊന്നു റൂട്ട് മാറ്റിപ്പിടിക്കാൻ ശ്രമിച്ചു, എന്താണ് കാര്യമെന്നറിയണമല്ലോ അതുകൊണ്ട് സ്നേഹത്തിന്റെ ഭാഷ പുറത്തെടുത്ത അഭിനയം തുടങ്ങി, "എന്റെ ഐഷു മോൾ എന്തിനാ കരയണെ".അതിൽ അവൾ അലിഞ്ഞെന്ന് തോന്നി, കരഞ്ഞു കലങ്ങിയ കണ്ണും സങ്കടം മൂടിക്കെട്ടിയ മുഖവുമായി എന്റെ അടുത്തേക്കവൾ നടന്നടുത്തു. പതുക്കെ എന്റെ ഒടിഞ്ഞ കയ്യിലൊന്നു തൊട്ടു, തലോടി, എന്നിട്ടവൾ സങ്കടത്തോടെ ചോദിച്ചു "നന്നായിട്ട് വേദനിക്കുന്നുണ്ടോ റാഷിക്കാക്കാന്ന്". അത് കേട്ടതും എന്റെ മനസ്സിൽ സന്തോഷമാണോ സങ്കടമാണോ വന്നതെന്നറിയില്ല എന്തായാലും എന്റെ കണ്ണുകളിൽ കണ്ണീർതുള്ളികൾ സ്‌ഥാനം പിടിച്ചിരുന്നു. അപ്പോഴും അവള് തുടരുണ്ടായിരുന്നു "എന്തിനാ സൈക്കിൾ കൊണ്ട് സര്ക്കസ് കളിയ്ക്കാൻ പോയെ അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ പറ്റിയെ".അപ്പോഴും എനിക്കത്ഭുതമായിരുന്നു. "കാലിൽ നല്ല നീറ്റൽ ഉണ്ടാവും അല്ലെ, ഞാൻ പച്ചമരുന്ന് എന്തേലും എടുത്തോണ്ട് വന്ന പുരട്ടി തരാട്ടോ, അപ്പൊ പെട്ടെന്ന് മാറുമല്ലോ" കീറിയ പാന്റ് പതുക്കെ മാറ്റി നോക്കി കൊണ്ടവൾ പറഞ്ഞു. അവൾ മരുന്നെടുക്കാനായി അകത്തേക്കോടി.
അപ്പോൾ എനിക്ക് മനസ്സിലായി ഞാൻ ഇവിടെ എത്തും മുൻപ് അവൾ കാര്യങ്ങളൊക്കെ എങ്ങനെയോ അറിഞ്ഞിരിക്കുന്നു, കൂട്ടുകാർ ആരോ പറഞ്ഞതാണ്. അതറിഞ്ഞിട്ടാണവൾ കണ്ണീർ വാർത്തത്, സങ്കടപ്പെട്ടത്.
അവൾ മരുന്നുമായി ചീറിപ്പാഞ്ഞെത്തി, മരുന്നെന്റെ കാലിലേക്ക് പുരട്ടാൻ തുടങ്ങി, മരുന്നിനേക്കാൾ ആശ്വാസം എനിക്കവളുടെ സ്നേഹത്തിലുണ്ടായിരുന്നു, പരിചരണത്തിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആയിരിക്കണം വേദനയും നീറ്റലും അലിഞ്ഞില്ലാണ്ടായി. അവൾ ആ സമയം ശെരിക്കും ഒരു ഇത്താത്താത്ത ആയത് പോലെ, എനിക്കില്ലാത്ത പക്വത അവൾ സ്വന്തമാക്കിയ പോലെ.
ഇതൊക്കെ കഴിഞ്ഞു വീണ്ടും ഞാൻ അവളെ അടുത്ത വിളിച്ചിരുത്തി ചോദിച്ചു, നീ എന്തിനാ ഐഷു സങ്കടപ്പെട്ടത്, അവളുടെ മറുപടി ശര വേഗത്തിൽ ആയിരുന്നു "അതുപിന്നെ റാഷിക്ക് എന്തേലും പറ്റിയാൽ പിന്നെ എനിക്ക് സങ്കടാവൂലെ, ഞാൻ ചിലപ്പോ പിച്ചും,തല്ലും, അടിക്കും. എന്ന കരുതി എന്റെ റാശിക്ക് നൊന്താൽ, എനിക്കും നോവൂലാന്നാണോ". അതുകേട്ടതും ഞാൻ അവളെ കെട്ടി പിടിച്ചൊരുമ്മ കൊടുത്തു. അപ്പോഴാ ഞങ്ങൾ രണ്ടു പേരുടെ കണ്ണിലും ആനന്ദ കണ്ണീർ പെയ്തു തുടങ്ങിയത്.
എല്ലാം കഴിഞ്ഞവൾ റൂമിനു പുറത്തേക്ക് പോകാൻ നേരം അവളുടെ മുഖത്തൊരു കള്ളച്ചിരി എന്നിട്ടൊരു ഡയലോഗ് "വൈദ്യർ ഒരാഴ്ച റസ്റ്റ് എടുക്കാൻ പറഞ്ഞത് ഞാൻ അറിഞ്ഞുട്ടോ, അങ്ങനെ നിനക്ക് മാത്രം ഒരാഴ്‌ച സ്കൂൾ ലീവ് കിട്ടുന്നത് എനിക്ക് ഇഷ്ടല്ല, അതുകൊണ്ട് പെട്ടെന്ന് മുറിവൊക്കെ ബേധമാകാന ഞാൻ മരുന്നൊക്ക പുരട്ടി തന്നത്, അല്ലാണ്ട് ഇന്നോടുള്ള ഇഷ്ടം കൊണ്ടുമൊന്നുമല്ലാട്ടോ.."
ഇത് കേട്ടപ്പോ എനിക്ക് ചിരി അടക്കാനായില്ല, അവളിലെ കുസൃതി എന്നെ പൊട്ടിചിരിപ്പിച്ചു.
ഇതൊക്കെ പഴയ കാലം, ഇന്നവൾ വല്യ പെണ്ണായി, എന്നാലും കുസൃതിക്കും കുറുമ്പിനും ഒരു കുറവുമില്ലാട്ടോ, ഇപ്പോഴുള്ള പണി എല്ലാം നമ്മൾ ഒരുമിച്ചാ. എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരി. എന്റെ പ്രണയവും വിരഹവും പോലും അവളുമായി പങ്കു വെക്കാറുണ്ട്. എന്റെ എല്ലാ തരികിടകൾക്കും എസ്സെമ്മസ് അയച്ച സപ്പോർട്ട് ചെയ്യുന്നത് അവളാ.
നാളെ അവൾ കല്യാണ പന്തലിൽ മണവാട്ടിയായി ചമഞ്ഞൊരുങ്ങും, സുമംഗലിയായി ഷഹീറിന്റെ കൈ പിടിച്ചൾ പടിയിറങ്ങും, പിന്നെ അവൾ മറ്റൊരു വീട്ടിൽ, നല്ലൊരു ഭാര്യയായി, മരുമകളായി ജീവിക്കാൻ ഒരുങ്ങുന്നു. പക്ഷെ അവൾ എനിക്കെന്നും എന്റെ കിലുക്കാം പെട്ടി ഐഷു തന്നെ . കാഴച വട്ടത്തിന്നു മാറിയാലും ഭാര്യയുടെയും മരുമകളുടെയും ഉമ്മയുടെയും വേഷങ്ങൾ പകർന്നാടുമ്പോൾ അവളുടെ നിഷ്കളങ്കമായ കുസൃതിയും കുറുമ്പും കാലം കട്ടെടുക്കാതിരിക്കട്ടെ , ഇടയ്ക്കൊക്കെ ഒന്ന് തല്ലു കൂടാൻ, പിണങ്ങാൻ, ചിണുങ്ങാൻ അതെന്നും അവളുടെ കൂടെ വേണം. നാളെ അവൾ പടിയിറങ്ങുമ്പോൾ മുഖത്തു പുഞ്ചിരി വിടർത്തി അനുഗ്രഹിച്ച ശേഷം ആവളെ നോക്കി ഒന്ന് കൊഞ്ഞനം കുത്തണം, ആ നേരം എന്റെ കണ്ണുകൾ നിറയരുതേ, പൊട്ടിക്കാരായരുതേ എന്ന് ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
-----------------------------------
ആഷിക്ക് അബ്ദുൾ ഖാദർ

എന്റെ പെണ്ണ് (ചെറുകഥ)


വീക്കെൻഡ് ആയത് കൊണ്ട് ഇന്ന് വൈകുന്നേരം ഞാനും സഹധര്മിണിയും മോളും കൂടെ ഒന്ന് പുറത്തേക്കിറങ്ങിയിരുന്നു. തിരക്ക് പിടിച്ച ജീവിതത്തിൽ കുറച്ചു സമയമെങ്കിലും ഭാര്യക്കും മോൾക്കും ഒപ്പം ചിലവഴിക്കാൻ ഞാനെപ്പോഴും ശ്രമിക്കാറുണ്ട്. അടുക്കളയിൽ നിന്നും അവൾക്കൊരു മോചനം ലഭിക്കുന്നതും ഇങ്ങനെ ഉള്ള നിമിഷങ്ങളിലാണ്. ഒന്നും അവൾ ആവിശ്യപെടാറില്ലെങ്കിലും അവളുടെ ഇഷ്ടങ്ങൾ അവൾ പറയാതെ നടത്തികൊടുക്കുന്നതാണെനിക്കിഷ്ടം.
മോളുടെ ഇഷ്ട സ്ഥലം കടൽത്തീരമായതുകൊണ്ടു തന്നെ ബീച്ചിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. വണ്ടി പാർക്ക് ചെയ്തു കടൽ തീരത്തിലേക്കുള്ള നടപ്പാതയിലൂടെയുള്ള നടക്കുന്നതിനിടയിലാണ് ആ പെൺകുട്ടി എന്റെ കാഴ്ചയിൽ പെട്ടത്. ആദ്യ കാഴ്ച്ചയിൽ തന്നെ എവിടെയോ കണ്ടു മറന്നത് പോലെ. മോളുടെ കൈയും പിടിച്ചു തീരത്തേക്ക് നടന്നടുക്കുമ്പോഴും എന്റെ ചിന്തകൾ അവളെ കുറിച്ചായിരുന്നു. ഓർമ്മകളുടെ ചില്ലു കൂട്ടിൽ ഞാനവളെ തിരഞ്ഞു കൊണ്ടിരുന്നു.
"നിങ്ങൾക്കിതെന്ത് പറ്റി ഇക്കാ" ഷാനുവിന്റെ ചോദ്യ വന്നപ്പോഴാണ് ഞാനാ ചിന്തയിൽ നിന്നുണർന്നത്.
"ഒന്നുമില്ലെടോ..ചുമ്മാ ഓരോന്ന് ആലോചിച്ചതാ"
"അതെന്താ ഇപ്പൊ പെട്ടെന്ന്, അതും ഇവിടെ വന്നിരുന്ന് ആലോചിക്കാൻ മാത്രം" ഷാനു വിട്ടില്ല
അവൾ എന്റെ ഒരു ഭാര്യമാത്രമല്ല നല്ലൊരു സുഹൃത്തുകൂടിയാ, എല്ലാ അർത്ഥത്തിലും നല്ലൊരു ജീവിത പങ്കാളി. അതുകൊണ്ടു തന്നെ എന്റെ ഒരോ മുഖ ഭാവങ്ങളും ചലനങ്ങളും അവൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. സങ്കടമായാലും സന്തോഷമായാലും ഞങ്ങൾ പരസ്പരം പങ്കു വെക്കാറുണ്ട്, അത് കൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ രഹസ്യത്തിൻറെ ഒളിപ്പോരിനും സാധ്യതയില്ല.
"നീ ശ്രദ്ധിച്ചോ, ഞങ്ങൾ നടന്നു വരുമ്പോൾ കപ്പലണ്ടി വിറ്റുകൊണ്ട് ഞങ്ങളെ കടന്നു പോയ ആ പെൺകുട്ടിയെ"
"ഇല്ല ഇക്കാ.. ഞാനങ്ങനെ ഒരാളെ ശ്രദ്ധിച്ചതേ ഇല്ല. ആരാ അത്?"
"അത് തന്നെയാ ഷാനു ഞാനും ആലോചിക്കണെ. എവിടെയോ കണ്ടു മറന്നൊരു മുഖം, നല്ല മുൻപരിചയം. പക്ഷെ എവിടെയാണെന്നോ ആരാണെന്നോ ഓർമയിൽ തെളിയുന്നില്ല"
"ഒന്ന് കൂടെ ഒന്നിരുന്ന് ആലോചിച്ചു നോക്ക് ഇക്കാ. കിട്ടും. അപ്പോഴേക്ക് ഞാനൊന്ന് മോളുടെ കൂടെ കടലിൽ കളിച്ചിട്ട് വരാം" എന്ന് പറഞ്ഞു ഷാനു മോളെയും കൂട്ടി വെള്ളത്തിലേക്കിറങ്ങി.
ഞാനാ മണൽ തരികളിൽ ഇരുന്ന് വീണ്ടും ആ പെൺകുട്ടിയെ കുറിച്ചുള്ള ചിന്തകളിലേക്ക് തെന്നി വീണു.
സുഹൃത്തുക്കൾ, കുടുംബം, സഹപ്രവർത്തകർ അങ്ങനെ ഓരോരുത്തരിലേക്കും എന്റെ ചിന്തകൾ സഞ്ചരിച്ചു. അപ്പോഴാണ് എന്റെ കോളേജ് കാലഘട്ടത്തിലെ ഓർമകളിലേക്ക് ഞാൻ കടന്നു ചെല്ലുന്നത്. ഏതൊരു കൗമാരക്കാരനെയും പോലെ എനിക്കുമുണ്ടൊയിരുന്നു ഒരു പ്രണയം, വൺ വെ ആയിരുന്നെന്നു മാത്രം. ആദ്യമായും അവസാനമായും തോന്നിയ പ്രണയം.
ഞാൻ ഡിഗ്രി മൂന്നാം വര്ഷം പഠിക്കുമ്പോൾ തൊട്ടടുത്ത ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടുവിന് പഠിച്ചിരുന്ന സജ്ന എന്ന പെൺകുട്ടിയോട് തോന്നിയ പ്രണയം. അവളുടെ കരിമഷിയിട്ട കണ്ണുകളും കുട്ടിത്തമൊളിപ്പിച്ചു വെച്ച മുഖ ഭാവവും പാല്പുഞ്ചിരി തൂക്കിയ ചുണ്ടുകളും എന്നെ ഹഠാതാകര്ഷിച്ചു. എന്റെ പ്രണയം ആത്മാർത്ഥമായിരുന്നെങ്കിലും എന്ത് കൊണ്ടോ അതവളോട് തുറന്ന് പറയാൻ സാധിച്ചിരുന്നില്ല, പേടി ആയിരുന്നു എന്ന് പറയുന്നതായിരിക്കും ശെരി. അവളറിയാതെ അവളെ പിന്തുടർന്നു, അവളുടെ അനുവാദമില്ലാതെ അവളെ പ്രണയിച്ചുകൊണ്ടിരുന്നു. അതിൽ ഞാൻ ആനന്ദം കണ്ടെത്തിയിരുന്നു. പിന്നീടെപ്പോഴോ ഞാനറിഞ്ഞു അവളുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു, അവളിനി സ്കൂളിലേക്ക് വരില്ലെന്ന്. എങ്കിലും ഞാനവളെ കാണാൻ ശ്രമിച്ചിരുന്നു, കാര്യം അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ നിരാശ ആയിരുന്നു ഫലം. അധികം വൈകാതെ അവൾ വിവാഹം കഴിഞ്ഞു മറ്റൊരു നാട്ടിലേക്ക് പോകുകയും ചെയ്തു. പിന്നീട് അവളെ കുറിച്ചന്വേഷിച്ചില്ലെങ്കിലും, അവളെന്നും എന്റെ മനസ്സിലുണ്ടായിരുന്നു, ഒരു നഷ്ട പ്രണയത്തിന്റെ ഓർമ്മയായി.
അതെ അതവൾ തന്നെ, സജ്ന. പക്ഷെ അവളിന്നൊരുപാട് മാറിയിരിക്കുന്നു. വെളുത്തു തുടുത്ത മുഖം ഇന്ന് കാർമേഘം പൊതിഞ്ഞ ആകാശം പോലെ, കവിളുകളൊട്ടിയിരിക്കുന്നു, കണ്ണുകളിൽ നിസ്സഹായതയുടെ നോട്ടം മാത്രം, ചുണ്ടുകൾ പുഞ്ചിരി മറന്നത് പോലെ.
അവളുടെ ആ രൂപം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. പറയാതെ പോയ പ്രണയത്തിനും ഇപ്പോൾ കണ്ട യാഥാർഥ്യത്തിനും ഇടയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. അവൾക്കെന്തു പറ്റി എന്നറിയണമെന്ന ചിന്ത മനസ്സിനെ വേട്ടയാടുന്നു.
"എന്തായി ഇക്ക.. വല്ലതും നടക്കുമോ..? ആളെ പിടി കിട്ടിയോ" എന്ന് ചോദിച്ചു കൊണ്ട് ഷാനു വീണ്ടും അടുത്തെത്തി
"നിനക്കോര്മയുണ്ടോ ഷാനു ഞാനെന്റെ പ്രണയത്തെ കുറിച്ചു നിന്നോട് പറഞ്ഞത്, എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം"
"ആ ഓർമയുണ്ടല്ലോ ഇക്ക, സജ്ന എന്നായിരുന്നില്ലേ ആ കുട്ടിയുടെ പേര്? എന്ത് പറ്റി? ഇപ്പോൾ സജ്നയെ കുറിച്ചോർക്കാൻ. എന്നെ മടുത്തു തുടങ്ങിയോ" ഏതൊരു ഭാര്യയെയും പോലെ അല്പം പരിഭവം കലർന്ന മറുപടി ആയിരുന്നു അവളുടേത്
"അതൊന്നുമല്ലെടി പൊട്ടി പെണ്ണേ.. ഞാൻ നേരത്തെ ഒരു പെൺകുട്ടിയെ കണ്ട കാര്യം പറഞ്ഞില്ലേ. അത് അവളാണ് സജ്ന"
"സജ്ന...?? അവളെങ്ങനെ ഈ ഒരവസ്ഥയിൽ..?" ചെറിയൊരു അമ്പരപ്പോടെ അവളെന്നോട് ചോദിച്ചു.
"അത് തന്നെയാ ഷാനു ഞാനും ചിന്തിക്കണേ. അവൾക്കെന്തു പറ്റി എന്നറിയാൻ, അവളെ ഒന്ന് കണ്ടു സംസാരിക്കണം"
" അതിനെന്താ ഇക്കാ.. ഇക്ക എഴുന്നേൽക്ക് നമുക്ക് ഇവിടെയൊക്കെ ഒന്ന് നോക്കാം. അവളെ കാണാതിരിക്കില്ല"
ഞങ്ങൾ രണ്ടുപേരും മോളെയും കൂട്ടി ആ പരിസരമാകെ തിരഞ്ഞു കൊണ്ടിരുന്നു, അവസാനം ഒരു കാറ്റാടി മരത്തിന്റെ ചുവട്ടിൽ അവളെ ഞങ്ങൾ കണ്ടു. വളരെയധികം ക്ഷീണിതയായിരിക്കുന്നു. ഷാനു അവളുടെ അടുത്തേക്ക് ഓടിച്ചെന്നു. ഞാനല്പം മാറി നിന്നു, എന്തോ അവളുടെ മുന്നിൽ പോയി നില്കാനൊരു മടി. മുന്പരിചയമുള്ളത് പോലെ ഷാനു അവളോട് സംസാരിച്ചു തുടങ്ങി.
"സജ്ന അല്ലെ"
"അതെ. നിങ്ങൾ ആരാ മനസ്സിലായില്ലല്ലോ"
"ഞാൻ ഷാഹിന"
"എന്നെ എങ്ങനെ അറിയാം? എനിക്ക് മുൻപ് കണ്ട ഓര്മയില്ലല്ലോ"
"ദേ ആ നിൽക്കുന്ന ഷാഹ്ബാസീക്കയുടെ ഭാര്യയാണ് ഞാൻ" എന്നെ ചൂണ്ടി കാണിച്ചു കൊണ്ടവൾ പറഞ്ഞു നിർത്തി.
അപ്പോഴാണ് സജ്ന എന്നെ കാണുന്നത്. നിസ്സഹായതയുടെ അവളുടെ നോട്ടം എന്നിൽ പതിച്ചു, ഞാൻ ഒരു പുഞ്ചിരി സമ്മാനിക്കാൻ ശ്രമിച്ചു. അവളുടെ കണ്ണുകൾ ഒഴുകാൻ തുടങ്ങിയ പോലെ, എന്തൊക്കെയോ പറയാനുള്ളത് പോലെ.
"സജ്നാക്ക് എന്റെ ഇക്കയെ അറിയാമായിരുന്നോ" ഷാനു തുടർന്നു
"അറിയാം.. ഞാൻ കണ്ടിട്ടുണ്ട് പ്ലസ് ടു വിനു പഠിക്കുമ്പോൾ. കൂട്ടുകാര് പറഞ്ഞും അറിയാം " സജ്നയുടെ മറുപടി എന്നെയും ഷാനുവിനെയും അത്ഭുതപ്പെടുത്തി
"അപ്പോൾ.. ഇക്കയുടെ മനസ്സിലുണ്ടായിരുന്ന മോഹത്തെ കുറിച്ചും അറിയാമായിരുന്നോ..??" ഷാനുവിന്റെ അതിശയോക്തി കലർന്ന ചോദ്യം.
"ഉം.. അറിയാമായിരുന്നു..എത്രയൊക്കെ ഒളിഞ്ഞിരുന്നാലും നമ്മളെ പിന്തുടരുന്ന ഒരാളെ നമ്മൾ തിരിച്ചറിയാതിരിക്കില്ലല്ലോ" സജ്നയുടെ മറുപടി വീണ്ടും എന്നെ ഞെട്ടിച്ചു. "അന്നൊരുപാട് ആഗ്രഹിച്ചിരുന്നു, വിശ്വസിച്ചിരുന്നു ഷഹബാസിക്ക വന്നു ഇഷ്ടമാണെന്ന് പറയുമെന്ന്. പക്ഷെ അന്നേ എല്ലാം സ്വപ്നങ്ങളായി തന്നെ കുഴിച്ചുമൂടേണ്ടി വന്നു"
സജ്ന തുടർന്നു.
കേട്ടുനിന്ന ഷാനുവിന്റെ കണ്ണിലും കണ്ണീർ തുള്ളികൾ സ്ഥാനം പിടിച്ചുവെങ്കിലും അവളത് ഒളിപ്പിക്കാൻ ശ്രമിച്ചു.
"സജ്ന വിവാഹം കഴിഞ്ഞു പോയിരുന്നു എന്നാണല്ലോ ഷഹബാസിക്ക പറഞ്ഞത്?" വിഷയം മാറ്റിക്കൊണ്ട് ഷാനു സജ്നയോട് ചോദിച്ചു
"ഉം.." സജ്നയുടെ മറുപടി ഒരു മൂളലിൽ ഒതുക്കി.
"പിന്നെങ്ങനെ ഇവിടെ?" ഷാനു ചോദിച്ചു
"വിവാഹം കഴിഞ്ഞു പോയെങ്കിലും ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല" കൂടുതലൊന്നും പറയാതെ അവളുടെ വാക്കുകൾ ചുരുക്കി
"എന്താ പറ്റിയെ സജ്ന..?" ഷാനു ചോദിച്ചു
"അയാൾക് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു, അത് മറച്ചു വെച്ചാണ് എന്നെ വിവാഹം കഴിച്ചത്. പക്ഷെ വിവാഹ ശേഷവും ആ ബന്ധം തുടർന്നു. അത് ചോദ്യം ചെയ്ത എന്നെ അയാൾ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. എങ്കിലും എന്റെ ഉമ്മയെയും ഉപ്പയെയും ഓർത്തു ഞാനവിടെ ഒതുങ്ങി കൂടി. വീട്ടുകാർ ഒരുപാട് കഷ്ടപ്പെട്ടാണ് എന്നെ കെട്ടിച്ചു വിട്ടത്. അവസാനം അയാൾ തന്നെ എന്നെ വീട്ടിൽ നിന്ന് പുറത്താക്കി, മറ്റേ പെൺകുട്ടിയുമായി താമസവും തുടങ്ങി. ഞാൻ വീട്ടിലേക്ക് തിരിച്ചെത്തി" പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു "എന്റെ തിരിച്ചു വരവിനു ശേഷം ഉമ്മയും ഉപ്പയും നന്നായിട്ടൊന്ന് ചിരിച്ചു കണ്ടിട്ടില്ല. ഇപ്പോൾ വര്ഷം മൂന്നാവുന്നു ഞാൻ വീട്ടിലേക്ക് തിരിച്ചെത്തിയിട്ട്. അതിനിടയ്ക്ക് ഉപ്പ യാത്ര പറഞ്ഞു പോയി, ഉമ്മയാണെങ്കിൽ കിടപ്പിലും ആയി. ഉപ്പ പോയതിനു ശേഷം വീട്ടിലെ അവസ്ഥ ആകെ കഷ്ടത്തിലായി. കടങ്ങൾ വീട്ടാനായി വീട് വിറ്റു,ഇപ്പോൾ പുറമ്പോക്കിലുള്ള ഒരു ഓലമേഞ്ഞ കൂരയിൽ ഞാനും ഉമ്മയും മാത്രം. ഉമ്മാക്ക് മരുന്നിനും മറ്റുമായി ചെലവുകൾക്ക് ഒരു വഴിയും ഇല്ലാതായി. അവസാനം ഞാൻ കണ്ടെത്തിയ വഴിയാണ് ഈ ജോലി" വാക്കുകൾ മുഴുമിപ്പാക്കാനാകാതെ അവൾ പറഞ്ഞു നിർത്തി, കണ്ണുകൾ തുടച്ചു.
കേട്ട് നിന്ന എന്റെയും ഷാനുവിന്റെയും കണ്ണുകളും കലങ്ങിയിരുന്നു.
ഷാനു അവളെ പിടിച്ചെഴുന്നേല്പിച്ചു, വണ്ടിയുടെ അടുത്തേക്ക് നടന്നു. സജ്നയെയും കൂട്ടി നേരെ അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചു, പോകുന്ന വഴിക്ക് കടയിൽ കയറി അത്യാവശ്യം ഒരു വീട്ടിലേക്ക് വേണ്ട സാധങ്ങളും വാങ്ങി വണ്ടിയിൽ വെച്ചു.
സജ്നയുടെ വീട്ടിലേക്ക് വണ്ടി പോവില്ല, അത് കൊണ്ട് തന്നെ റോഡരികിൽ വണ്ടി വെചു വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നു നീങ്ങി. ആ കൊച്ചു വീട്ടിലേക്ക് നടന്നടുത്തു. സജ്ന ഞങ്ങളെയും കൂട്ടി ഉമ്മയുടെ അടുത്തേക്ക് നീങ്ങി. കരുതി വെച്ച സാധങ്ങൾ ഒരു മൂലയിൽ ഒതുക്കി വെച്ച് ഞങ്ങൾ ഉമ്മ കിടക്കുന്ന കട്ടിലിനരികിൽ എത്തി. ഒന്നനങ്ങാനാവാതെ, ഒന്നുരിയാടാനാവാതെ ആ ഉമ്മയെ വിധി തളർത്തിയിരുന്നു.
സജ്ന ചായയിടാമെന്നു പറഞ്ഞെങ്കിലും, ഞങ്ങൾ അതിനൊന്നും കാത്തുനിന്നില്ല. ഇറങ്ങാൻ നേരം പോക്കറ്റിൽ ഉണ്ടായിരുന്ന ക്യാഷ് എടുത്ത് ഷാനുവിന്റെ കയ്യിൽ കൊടുത്തിട്ട് സജ്നയെ ഏല്പിക്കാൻ പറഞ്ഞു, ആദ്യം സജ്ന അത് വാങ്ങാൻ കൂട്ടാക്കിയില്ലെകിലും ഷാനു അവളെ ഒരു സഹോദരിയെ പോലെ അനുസരിപ്പിച്ചു.
എന്നിട്ട് എന്റെയും ഷാനുവിന്റെയും നമ്പർ സജ്നയുടെ കയ്യിൽ കൊടുത്തിട്ട് എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും ഇനി ഈ ജോലിക്കു പോകേണ്ടെന്നും, നിരബന്ധമാണെങ്കിൽ നമുക്ക് വേറെ ജോലി നോക്കാം എന്നും ഷാനു സജ്നയോട് പറഞ്ഞു. ഇനി നമ്മൾ ഇവിടെ സ്ഥിരം സന്ദര്ശകരായിരിക്കും എന്ന് പറഞ്ഞു ഒരു പുഞ്ചിരി സമ്മാനിച്ച് വണ്ടിയിലേക്ക് കയറി. ഞാനും യാത്ര പറഞ്ഞിറങ്ങി.
തിരിച്ചു വീട്ടിലേക്കുള്ള വഴിയിൽ, വണ്ടിയിൽ ആദ്യം നിശബ്ദതയുടെ അലയൊലി ആയിരുന്നെങ്കിലും ഷാനു പതിയെ എന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു "സജ്നക്ക് കിട്ടാതെ പോയ ഭാഗ്യമാണ് ഞാനിന്നു അനുഭവിക്കുന്നത്, അല്ലെ ഇക്ക" പറഞ്ഞു തീർത്തതും അവളുടെ കണ്ണുകൾ ധാര ധാരയായി ഒഴുകാൻ തുടങ്ങി.
വണ്ടി ഞാൻ റോഡരികിൽ ഒതുക്കി അവളുടെ മുഖം പതിയെ ഒന്നുയർത്തിനോക്കി. അപ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളെ ഞാൻ എന്റെ നെഞ്ചിലേക്ക് ചായ്ച്ചുകൊണ്ട് കെട്ടി പിടിച്ചു, നെറുകയിൽ ചുംബിച്ചു. "നിന്നെക്കാൾ വല്യ ഭാഗ്യമൊന്നും ഇനി എനിക്കീ ജന്മം കിട്ടാനില്ലെന്റെ പെണ്ണെ...സജ്നയെ ഒരു സഹോദരിയെപോലെ കാണാനള്ള നിന്റെ മനസ്സുണ്ടല്ലോ, സഹായിക്കാനുള്ള ആ ആവേശമുണ്ടല്ലോ അത് മതി നീ എന്നെ എത്രത്തോളം മാനസ്സിലാക്കിയിരുന്നു എന്ന തിരിച്ചറിയാൻ". അവളുടെ മുഖത്ത് പലവർണ്ണങ്ങളിൽ പുഞ്ചിരി മിന്നി മായുന്നു, ഇതൊക്കെ കണ്ടു നിന്ന മോളുടെ മുഖത്തും പുഞ്ചിരി ആയിരുന്നു.
-------------------------------------
ആഷിക്ക് അബ്ദുൽ ഖാദർ

ആത്മഹത്യ


ഞാൻ അമ്മു. ഇന്നലെ ഞാൻ നിങ്ങളുടെ ലോകത്തോട് വിട പറഞ്ഞു. ഇന്ന് ഞാനൊരു പുതിയ ലോകത്താ. മരണത്തിന്റെ കൂട്ടുകാരായ പ്രായവും അസുഖവുമൊന്നുമല്ല എന്നെ നിങ്ങളുടെ ലോകത്തു നിന്നും കവർന്നെടുത്തത്. പ്രായത്തിനും അസുഖങ്ങൾക്കും രോഗങ്ങൾക്കുമൊന്നും ഒരിടം നൽകാതെ ഞാൻ തന്നെ എന്റെ മരണത്തെ പുല്കുകയായിരുന്നു. ഒരേ ഒരു നിമിഷത്തെ ദുഷിച്ച ചിന്തകൾ എന്നെ ഈ ലോകത്തോട് വിട പറയിക്കാൻ കാരണമായി.
കൗമാരത്തിന്റെ പ്രിയ സുഹൃത്തായ പ്രണയമാണെന്റെ മരണത്തിനു ചുക്കാൻ പിടിച്ചത്. ആനന്ദത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരുപാട് നിമിഷങ്ങൾ വാരി വിതറിയായിരുന്നു പ്രണയത്തിന്റെ തുടക്കം. ആ നിമിഷങ്ങൾ മാത്രമാണ് ജീവിതം എന്ന് ഞാൻ വിശ്വസിച്ചിരിക്കണം, അവൻ മാത്രമാണ് എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നതെന്നും. ആദ്യമൊക്കെ പിണക്കവും ഇണക്കവും സ്ഥിരം കലാപരിപാടി ആയിരുന്നു, അതിൽ ഞങ്ങൾ ആനന്ദം കണ്ടെത്തുകയും ചെയ്തിരുന്നു. പക്ഷെ ആ നിമിഷങ്ങൾക്കും സന്തോഷങ്ങൾക്കും ഒരുപാടൊന്നും ആയുസുണ്ടായിരുന്നില്ല. ആദ്യമായി കളിപ്പാട്ടം കിട്ടിയ ഒരു കൊച്ചു കുട്ടിയുടെ കൗതുകം അതുമാത്രമായിരുന്നു ആദ്യത്തെ പ്രണയ നാളുകൾ. യാഥാർഥ്യമെന്തെന്നോ സത്യമെന്തെന്നോ തിരിച്ചറിയാനാവാതെ സ്വപ്നലോകത്തായിരുന്നു ഞാൻ ആ നാളുകളിൽ. അവനിൽ മാത്രമായിരുന്നു ഞാനെന്റെ ലോകം കണ്ടത്.
ഇടക്കെപ്പോഴോ നമുക്കിടയിൽ അകലങ്ങൾ സ്ഥാനം പിടിച്ചു. പരാതിയുടെയും പരിഭവത്തിന്റെയും പഴിചാരലിന്റെയും കുത്തൊഴുക്കുകളിൽ സ്നേഹം എവിടെയോ പോയ് മറഞ്ഞു. അവനിൽ ഉണ്ടായിരുന്ന മാറ്റങ്ങൾ എന്നെ വല്ലാതെ അസ്വസ്ഥയാക്കി. അവന്റെ സംസാരങ്ങളിൽ മടുപ്പ് അനുഭവപ്പെട്ടു തുടങ്ങി, എന്നിൽ നിന്നകലാനുള്ള വെമ്പൽ ഞാൻ തിരിച്ചറിഞ്ഞു. പതിയെ പതിയെ കൂടിക്കാഴ്‌ചകൾ കുറഞ്ഞു, സംസാരിക്കാൻ പോലും സമയമില്ലാതായി. അവസാനം അവൻ എന്റെ മുഖത്ത് നോക്കി പറഞ്ഞു ഞാനൊരു ശല്യമാണെന്ന്, അവന് എന്നെ മടുത്തിരിക്കുന്നു എന്ന്.അതുകൊണ്ട് നമുക്കിവിടെ വെച്ചു നിർത്താം എന്നവൻ തെല്ല് കുറ്റബോധമോ നിരാശയോ കൂടാതെ എന്റെ മുഖത്തു നോക്കി വാക്കുകളിലൂടെ ആഞ്ഞടിച്ചു.
അവന്റെ ആ വാക്കുകൾ എന്നെ തന്നെ ഇല്ലാതാക്കാൻ പോന്നതായിരുന്നു. അതുകൊണ്ടായിരിക്കണം ആത്മഹത്യയെ കുറിച്ച് ഞാൻ ചിന്തിച്ചു തുടങ്ങിയിരുന്നു. ആ നിമിഷം ചുറ്റിലും നിന്നുകൊണ്ടെന്നെ സ്നേഹത്തിൽ പൊതിഞ്ഞവരെ ഞാൻ കണ്ടില്ലെന്നു നടിച്ചു. 'അമ്മ, അച്ഛൻ, ഏട്ടൻ, അനുജൻ, മുത്തശ്ശൻ മുത്തശ്ശി കൂട്ടുകാർ അങ്ങനെ എല്ലാവരെയും ഞാൻ മനപ്പൂർവം മറന്നു കളഞ്ഞു. അവനില്ലാത്തൊരു ജീവിതം എനിക്ക് സാധ്യമാവില്ലെന്നു തോന്നി, എല്ലാത്തിൽ നിന്നും ഓടിയൊളിക്കാനായി മരണത്തെ ഞാനെന്റെ കൂടെ കൂട്ടാൻ തീരുമാനിച്ചു.
ആദ്യം നോട്ടം എന്റെ തലയ്ക്കു മുകളിരിക്കുന്ന ഫാനിലേക്കായിരുന്നു, പിന്നീട് ബ്ലേഡും ട്രെയിനും വീടിനടുത്തുള്ള ക്വാറിയും എല്ലാം മനസ്സിലൂടെ ചീറി പാഞ്ഞു. അവസാനം തിരഞ്ഞെടുത്തു, കൂവിപാഞ്ഞ് വരുന്ന തീവണ്ടി. കൂട്ടുകാരിയുടെ വീട്ടിലേക്കെന്നും പറഞ്ഞ് അമ്മയോടും മുത്തശ്ശിയോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ അവസാന യാത്രയാണെന്നു പറയണമെന്നുണ്ടായിരുന്നു, പക്ഷെ സാധിച്ചില്ല. 2 കിലോമീറ്റര് നടക്കണം റെയിൽവേ ട്രാക്കിലേക്ക് എത്തിപ്പെടാൻ. എന്തുകൊണ്ടോ എന്റെ കണ്ണുകളിൽ കണ്ണീർ തുള്ളികൾ സ്ഥാനം പിടിച്ചിരുന്നില്ല ആകെ ഒരു മൂകത മാത്രം, നടന്നു നീങ്ങുന്ന വഴികളിൽ ചുറ്റിലുമുള്ള കാഴ്‌ചകളൊന്നും എന്റെ കണ്ണിൽ പതിഞ്ഞില്ല. ഇടക്കെപ്പോഴോ മഴയും കൂട്ടിനെത്തിയെങ്കിലും എന്നിലെ കത്തിജ്വലിക്കുന്ന തീയെ അണയ്ക്കാൻ പോന്നതായിരുന്നില്ല അതൊന്നും. അപ്പോഴും പിന്നിട്ട വഴിക്കലൊക്കെയും ഇനി ഒരു ഓര്മ മാത്രമായിരിക്കുമെന്ന് മനസ്സെവിടെയോ മന്ത്രിക്കുന്നുണ്ടായിരുന്നു.
റെയിൽവേ ട്രാക്കിനു സമീപത്തു എത്തിചേർന്ന ഞാൻ ചുറ്റിലുമൊന്നു കണ്ണോടിച്ചു, ആരെയും കണ്ടില്ല. നീണ്ട് നിവർന്ന് കിടക്കുന്ന റെയിൽവേ ട്രാക്ക് എന്നെ മാടിവിളിക്കുന്നത് പോലെ തോന്നി. അൽപ സമയത്തെ കാത്തിരിപ്പിനൊടുവിൽ അകലെ നിന്ന് ചീറിപ്പാഞ്ഞു വരുന്ന തീവണ്ടി എന്റെ കാഴ്ചയിൽ പെട്ടു. എന്ത് കൊണ്ടോ ഹൃദയം വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ട്രെയിൻ എന്റെ അടുക്കൽ എത്തിച്ചേരാൻ മൂന്നോ നാലോ സെക്കൻഡുകൾ മാത്രം, കൂടുതലൊന്നും ആലോചിക്കാതെ ട്രാക്കിലേക്ക് കാലെടുത്തു വച്ചു, അച്ഛന്റെയും അമ്മയുടെയും മുഖങ്ങളിങ്ങനെ മിന്നി മായുന്നുണ്ടായിരുന്നെങ്കിലും അതൊന്നും എന്നെ പിന്തിരിപ്പിച്ചില്ല.
ട്രെയിൻ എന്നെ വന്നിടിച്ച നിമിഷം മുതലാണ് ഞാൻ യാഥാർഥ്യത്തിലേക്ക് തിരിച്ചെത്തിയതെന്നു തോന്നി. ഒരു നിമിഷം പിറകിലേക്ക് നടക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിചു തുടങ്ങിയതും അപ്പോഴയായിരുന്നു. ട്രെയിൻ പിഴുതെറിഞ്ഞ എന്റെ കാലുകളും കൈകളും തലയുമെല്ലാം അങ്ങിങ്ങായി ചെന്ന് വീണു. ചിന്നിച്ചിതറി ചോര വാർന്നൊലിക്കുന്ന എന്റെ ശരീരം വേദന കൊണ്ട് പുളഞ്ഞു ഞാൻ. മരണത്തിന്റെ വേദനയ്ക്കപ്പുറം ശരീരങ്ങൾ നുറുങ്ങുകളാവുമ്പോയുണ്ടാവുന്ന വേദന, അമ്മേ എന്ന് വിളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല, അച്ഛന്റെ കരങ്ങളെന്നെ വാരിപുണരാൻ എത്തിയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു.
എല്ലാം കഴിഞ്ഞു ഈ ലോകം എനിക്കന്യമായെന്നു ഞാൻ തിരിച്ചറിഞ്ഞു. ചുറ്റിലും ആൾക്കൂട്ടം ആരൊക്കെയോ ചെർന്നെന്റെ ശരീര ഭാഗങ്ങൾ പെറുക്കിയെടുക്കുത്ത് തുണിയിൽ പൊതിഞ്ഞു വെക്കുന്നു. അപ്പോഴേക്കും എന്റമ്മയുടെ നിലവിളി ഞാൻ കുറച്ചകലെ നിന്നും കേട്ടു. പെയ്തൊഴിയാത്ത പെരുമഴപോലെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു, അലറി വിളിക്കുന്നുണ്ട്,"മോളെ അമ്മു... ". രക്തത്തിൽ കുളിച്ചു കിടന്ന വെള്ളത്തുണി എന്റെ മുഖത്ത് നിന്നും മാറ്റിയതും, അമ്മയുടെ നിയന്ത്രണം വിട്ടു, പൊട്ടിക്കരഞ്ഞു, ഉടൻ തന്നെ ബോധക്ഷയയായി. അമ്മയെ ആരൊക്കെയോ ചേർന്നു ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഞാനപ്പോഴും പോലീസുകാരുടെ കാവലിലായിരുന്നു. അധികം താമസിയാതെ അച്ഛനും ഏട്ടനും എത്തി, അച്ഛനെ ആരൊക്കെയോ താങ്ങി പിടിച്ചിരിക്കുന്നു, കാലുകൾ ചലിക്കാൻ പ്രയാസപ്പെടുന്നു, കണ്ണുകളിൽ ചോരത്തുള്ളികൾ സ്ഥാനം പിടിചിരിക്കുന്നു. എന്റെ അറ്റുപോയ പാദങ്ങളിൽ പിടിച്ചച്ഛൻ തേങ്ങലടക്കാൻ ശ്രമിക്കുന്നു. ഏട്ടൻ എന്നെ നിസ്സഹായതയോടെ നോക്കുന്നുമുണ്ട്.
അധികം താമസിയാതെ എനിക്ക് പോവാനുള്ള വാഹനം വന്നു, ആംബുലൻസ്. ആദ്യമായിട്ടാ ആംബുലൻസിലൊരു യാത്ര. ചെറുപ്പം മുതലേ എനിക്ക് ആംബുലൻസ് പേടിയാണെന്ന് അച്ഛനറിയാം, അതുകൊണ്ടായിരിക്കണം അച്ഛനെന്നെ കെട്ടി പിടിക്കാൻ ശ്രമിക്കുന്നുണ്ട്. ആശുപത്രിയിൽ എത്തിയ ഉടനെ എന്നെ മോർച്ചറിയിലേക്ക് കൊണ്ട് പോയി. ബാക്കി വന്ന ഭാഗങ്ങളിൽ വീണ്ടും ഡോക്ടർമാരുടെ വക കുത്തലും കീറലും. വേദന കൊണ്ട് പുളഞ്ഞ എന്റെ നിലവിളി ആരും കേട്ടില്ല. എല്ലാം കഴിഞ്ഞു അച്ഛനെന്നെ ഏറ്റു വാങ്ങി വീണ്ടും ആംബുലൻസിൽ വീട്ടിലേക്ക് യാത്രയായി. കൂടിനിന്ന നാട്ടുകാർക്കും വീട്ടുകാർക്കും നടുവിലൂടെ എന്നെ വീട്ടിനകത്തേക്ക് എടുത്തു കൊട്നു പോയി, സെന്റർ ഹാളിൽ ഒരു കട്ടിലിട്ട് എന്നെ അതിൽ കിടത്തി. ഞാൻ ഓടി ചാടി നടന്ന വീട്ടിൽ ഒന്നനങ്ങാനാവാതെ ഞാനാ കട്ടിലിൽ. ചുറ്റിലുമൊന്ന് കണ്ണോടിച്ചു, പലരും കണ്ണീർ പൊഴിക്കുന്നു. മുത്തശ്ശനും മുത്തശ്ശിയുമെല്ലാം അനുജനുമെല്ലാം കണ്ണീരിൽ കുതിർന്നിരുന്നു. 'അമ്മ എനിക്ക് മുന്നേ ആശുപത്രിയിൽ നിന്നു തിരിച്ചെത്തിയെങ്കിലും ഇപ്പോഴും അകത്തെ മുറിയിൽ തളർന്നു കിടക്കുന്നു, ഒന്നുറക്കെ കരയാൻ പോലുമാവാതെ. വീട്ടിലേക്കെ കുന്തിരിക്കത്തിന്റെ മനം അലയടിച്ചു.
അല്പ സമയത്തിനു ശേഷം ആരൊക്കെയോ അച്ഛന്റെ അടുക്കൽ വന്നു പറയുന്നത് കേട്ടു കൂടുതൽ വൈകിക്കണോ എടുത്തൂടെ എന്ന്. അച്ഛനൊന്നും പറഞ്ഞില്ല. എങ്കിലും ബന്ധുക്കളൊക്കെ ചേർന്നെന്നെ യാത്രയാക്കാനൊരുക്കി. അപ്പോൾ അമ്മയോടാരോ പറഞ്ഞു "അമ്മുവിനെ കൊണ്ട് പോവുകയാ". നിയന്ത്രണം വിട്ട അമ്മ എന്റെ അടുത്തേക്ക് പാഞ്ഞടുത്തു, എന്നെ കെട്ടിപ്പിടിച്ചു ഒരുപാടുമ്മകൾ സമ്മാനിച്ച്, ആർക്കും വിട്ടു തരില്ലെന്ന് പറഞ്ഞൊരു കൊച്ചു കുട്ടിയെ പോലെ വാവിട്ടു കരഞ്ഞു. ആരൊക്കെയോ ചേർന്നെന്റമ്മയെ എന്നിൽ നിന്നും അടർത്തി മാറ്റി. ശേഷം എന്നെയും കൊണ്ടവർ ശ്മാശാനത്തിലേക്ക് നടന്നു നീങ്ങി. അവിടെ എന്നെയും കാത്തു കിടപ്പുണ്ടായിരുന്നു ആറടി മണ്ണ്, എന്നെ അതിൽ കിടത്തി മൂടാനൊരുങ്ങി എല്ലാവരുടെയും വകയായി മൂന്ന് പിടി മണ്ണ് എനിക്ക് സമ്മാനിച്ച് അവർ യാത്രയായി. ഞാനാ ഇരുട്ടുമുറിയിൽ തനിച്ചായി.
ആ ഒരൊറ്റ നിമിഷത്തെ ചിന്തകൾ, ആ എടുത്തു ചാട്ടം എനിക്ക് നഷ്ടപ്പെടുത്തിയത് എന്റെ സുന്ദരമായ ജീവിതം, എന്നെ സ്നേഹിക്കുന്നവരുടെ പുഞ്ചിരി, ലോകം എനിക്കായ് കത്ത് വെച്ചതെല്ലാം എന്നിൽ നിന്നകന്നു. പകരം എനിക്ക് കിട്ടിയതാവട്ടെ വേദനയുടേം കണ്ണീരിന്റെയും നാളുകൾ, ഇരുട്ടറയിൽ തനിച്ചുള്ള ജീവിതം, പുഴുക്കൾക്ക് പ്രാണികൾക്കും ഇരയായി മാറി ഞാനിന്നീ ഇരുട്ടറയിൽ തേങ്ങുന്നു. ഒരു ദിവസമെങ്കിലും തിരിച്ചുവരാൻ സാധിചിരുന്നെങ്കിലെന്ന് കൊതിക്കാത്ത നിമിഷങ്ങളലില്ല.ഇനി ഒരിക്കലും തിരിച്ചു വരാനാവില്ലെന്ന് ഉറപ്പുണ്ടെങ്കിലും കൊതിയുണ്ട് അമ്മയുടെ മടിയിൽ കിടന്നുറങ്ങാൻ, അച്ഛന്റെ കരസ്പർഷമേറ്റൊന്നു ചായാൻ, ഏട്ടന്റെ കുഞ്ഞു പെങ്ങളായി ജീവിക്കാൻ, കുഞ്ഞനിയന്റെ കൂടെ തല്ല് കൂടാൻ, മുത്തശ്എന്റേം മുത്തശ്ശിയുടെയും സ്നേഹത്തിൽ ചാലിച്ച കഥകൾ കേൾക്കാൻ, കൂട്ടുകാരോടൊന്നിച് ആർത്തുല്ലസിക്കാൻ.
(ജീവിതത്തിലെ കുഞ്ഞു കുഞ്ഞു പ്രശ്ങ്ങൾക്കു മുമ്പിൽ ആത്മഹത്യയെ കൂട്ട് പിടിക്കുന്നവർ അറിയുന്നില്ല അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ, അവർ ചെയ്യുന്ന പാപം. ദൈവം തന്ന ജീവനും ജീവിതവും തിരിച്ചെടുക്കാനും അവസാനിപ്പിക്കാനുമുള്ള അവകാശം അവനുമാത്രമാണ്)
---------------------------------------
ആഷിക്ക് അബ്ദുൽ ഖാദർ

ആദ്യത്തെ ആരാധിക,അവസാനത്തെയും...


ഞാൻ ഈ പറയാൻ പോകുന്ന കഥ നടക്കുന്നത് അങ്ങ് ദൂരെ ദൂരെ മലകൾക്കും കാടുകൾക്കും പുഴകൾക്കും അപ്പുറത്തൊന്നുമല്ല. ഇങ് ഇവിടെ, എന്റെ സ്വന്തം ജീവിതത്തിൽ.
എഴുത്തെന്തെന്നറിയാത്ത ബാല്യം, വായനയുടെ ലോകം ബാലരമയിലും ബാലഭൂമിയിലും കളിക്കുടുക്കയിലും കുരുന്നുകളിലും ഒതുങ്ങി നിന്നിരുന്ന കാലം. പത്താം തരത്തിൽ വൈക്കം മുഹമ്മദ് ബഷീർ സാറിന്റെ "പാത്തുമ്മയുടെ ആട്" എന്ന കഥ മലയാളം സെക്കന്ഡിലെ പഠന വിഷയമായത് കൊണ്ട് അത് വായിച്ചു, അല്ലെങ്കിൽ പഠിച്ചു. "പാത്തുമ്മയുടെ ആട്" വായിച്ചതു മുതൽ ബഷീർ എഴുത്തുകളോട് എന്തോ ഒരു വല്ലാത്ത ഇഷ്ടം, വായനക്കാരെ പിടിച്ചിരുത്തുന്ന ആ ഭാഷാ ശൈലി, ഒഴുക്ക്, നർമ്മം കലർന്ന അവതരണം, അതിലെ കഥാപാത്രങ്ങൾ അങ്ങനെ അതിലെ ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളും മനസ്സിൽ വല്ലാതെ പതിഞ്ഞിരുന്നു, വായനക്കൊരു സുഖമുണ്ടെന്ന് മനസ്സിലായത് അന്ന് മുതലാണ്.
അങ്ങനെ അതിന്റെ ആവേശത്തിൽ വീടിന്റെ തൊട്ടടുത്തുള്ള ഞങ്ങളുടെ സ്വന്തം വായന-പുസ്തകശാലയായ "അല്ലാമാ മുഹമ്മദ് ഇഖ്ബാൽ സാംസകാരിക വേദി" യിൽ നിന്നും ബഷീറിന്റെ കുറച്‌ പുസ്തകങ്ങൾ എടുത്ത് വായിക്കാൻ തീരുമാനിച്ചു. അതിൽ "വിശപ്പ്" എന്ന പുസ്തകം വായിക്കാൻ ആരംഭിച്ചെങ്കിലും 2 താളുകൾക്കപ്പുറത്തേക്ക് മറിഞ്ഞില്ല. പിന്നീട് ദിനങ്ങൾ കൊഴിയും തോറും അതിൽ പൊടി പിടിച്ചു കിടന്നതല്ലാതെ വായനയൊന്നും നടന്നില്ല. അവസാനം ലൈബ്രറിയിൽ നിന്ന് ചോദ്യം വന്നതോടെ പുസ്തകങ്ങൾ അതെ പടി തിരിച്ചേൽപ്പിച്ചു. അതോടെ വായനക്കും താത്കാലിക തിരശ്ശീല വീണു.
പിന്നീട് 2 വർഷങ്ങൾക്കിപ്പുറം ഞാൻ വായനയിൽ ഏർപ്പെടുന്നത് എം ടി യുടെ "മഞ്ഞ്" എന്ന നോവലിൽ ആണ്. അതും സ്വന്തം താൽപര്യത്തിൽ വായിച്ചതല്ല, ഡിഗ്രി ഒന്നാം വര്ഷം രണ്ടാം ഭാഷയായി തിരഞ്ഞെടുത്തത് മലയാളമായിരുന്നത് കൊണ്ടും അതിലെ പാഠ പുസ്തകം "മഞ്ഞ്" ആയിരുന്നത് കൊണ്ടും വായിച്ചു. ഇതിനിടയ്ക്കൊരിക്കലും എഴുത്തെന്ന വിദ്യ ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കിയിട്ടു പോലുമില്ല. പക്ഷെ അതിനൊരപവാദമായി ഞാനൊരു കവിതാ രചന മത്സരത്തിൽ പങ്കെടുത്തത് ഡിഗ്രി അവസാന വര്ഷം പടിക്കുമ്പോഴായിരുന്നു. അത് എഴുത്തിനോടുള്ള പ്രണയം കൊണ്ടൊന്നുമായിരുന്നില്ല, ക്ലാസ് കട്ട് ചെയ്യാനുള്ള സിമ്പിൾ ആൻഡ് പവര്ഫുള് വേ.. കൂട്ടുകാരോടൊന്നിച് ക്ലാസ് കട്ട് ചെയ്യാൻ കണ്ടെത്തിയ വിദ്യ, അതു മാത്രമായിരുന്നു ആ കവിതാ രചന. ആ കവിതയുടെ വിഷയം എന്തായിരുന്നു എന്ന് എനിക്കിപ്പോൾ കൃത്യമായി ഓർമ്മ ഇല്ല. പക്ഷെ പിന്നീട് ആ മത്സരത്തിന്റെ ഫലം പുറത്തു വന്നപ്പോ എന്റെ കവിതക്കായിരുന്നു ഫസ്റ്റ് എന്ന് കൂട്ടുകാർ ആരൊക്കെയോ പറയുന്നത് കേട്ടിരുന്നു, പക്ഷെ ഞാൻ വിശ്വസിച്ചിരുന്നില്ല. ശെരിക്കും സത്യമാണോന്ന് വാല്യൂ ചെയ്ത ടീച്ചറോട് ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും എന്റെ കഴിവില്ലായ്മയെ ഞാൻ സ്വയം തിരിച്ചറിഞ്ഞു, ചുമ്മാ എന്തിനാ ടീച്ചർക്ക് പറഞ്ഞു ചിരിക്കാനായിട്ട് ഒരു വിഷയമുണ്ടാക്കി കൊടുക്കണേ.അങ്ങനെ അതോട് കൂടി എഴുത്തും വായനയും നിന്നു. പത്രം വായിക്കുന്ന ശീലവും പൊതുവെ കുറവായിരുന്നു.
അങ്ങനെ എം ബി എ കഴിഞ്ഞു 2013 ഒക്ടോബറിൽ ആണ് എരണാകുളത് ഇൻഫോപാർക്കിൽ ഓഡിറ്റ് അസ്സോസിയേറ്റ് ആയിട്ട് ജോലിക്ക് ജോയിൻ ചെയ്യുന്നത്. അവിടെ നിന്നും എന്റെ സുഹൃത്തായി മാറിയ സൗമ്യയിൽ നിന്നുമാണ് വീണ്ടും വായനയുടെ ലോകം എന്റെ മുന്നിൽ തുറന്ന് വരുന്നത്. പുസ്തകങ്ങൾ ഒരുപാട് വായിക്കുന്ന സൗമ്യയുടെ അടുത്ത് നിന്നുമാണ് "അൽക്കമിസ്റ്റ്" എന്ന നോവലിനെ കുറിച്‌ കേൾക്കുന്നത്. ഒരുപക്ഷെ 'പൗലോ കൗലോ' എന്ന് ഞാൻ കേൾക്കുന്നത് തന്നെ അപ്പോഴായിരിക്കും. അങ്ങനെ സൗമ്യയിൽ നിന്നും പുസ്തകം വാങ്ങി, "അൽക്കമിസ്റ്റ്" വായന തുടങ്ങി. തുടക്കം നല്ല ആവേഷോജ്വലം ആയിരുന്നെങ്കിലും എന്റെ മടി അതിനെയൊക്കെ അങ്ങട് ഇല്ലാതാക്കി. കുറച് താളുകൾ മറിഞ്ഞെങ്കിലും പാതിവായിൽ അതും നിർത്തി. പക്ഷെ ആ പുസ്തകം ഞാൻ തിരിച്ചു കൊടുത്തില്ല. ഇപ്പോഴും എന്റെ കയ്യിലുണ്ട്. വായിക്കാൻ മനസ്സിൽ ഭയങ്കര ആഗ്രഹമാണെലും ക്ഷമ അതിനനുവദിചിരുന്നില്ല.
അങ്ങനെ എല്ലാം കഴിഞ്ഞു ഒരു വര്ഷം മുൻപ് പ്രവാസ ലോകത്തേക്ക് കടന്നു. അതോടെയാണ് ചില മാറ്റങ്ങൾക്ക് തുടക്കം. അക്ഷരങ്ങളെ തലോലിക്കാനും എഴുത്തുകളെ സ്നേഹിക്കാനും തുടങ്ങിയത് പ്രവാസം തുടങ്ങിയതിന് ശേഷമാണെന്നു തോന്നുന്നു. ഇവിടുത്തെ ഒഴിവു സമയങ്ങൾ ചിലവഴിക്കാനും ഏകാന്തതയിൽ നിന്നും രക്ഷപ്പെടാനുമായി ഞാൻ സ്വയം കണ്ടെത്തിയ വഴിയാണ് എഴുത്ത്, വായന ഇതൊക്കെ.
അങ്ങനെ "അൽക്കമിസ്റ്റ്" എന്ന നോവൽ ഞാൻ വായിച്ചു തീർക്കുകയും ചെയ്തു. ശേഷം ബെന്യാമിന്റെ "ആടുജീവിതം" വായിക്കാനുള്ള പുറപ്പാടിലാ.
ആദ്യമൊക്കെ ആശയങ്ങൾ കുഞ്ഞു കുഞ്ഞു വരികളാക്കി ഫേസ്ബുക് സ്റ്റാറ്റസ് ഇടും, അതായിരുന്നു ശീലം. ഇടയ്ക്കെപ്പോഴോ ജീവിതത്തിലെ നിമിഷങ്ങളെ അക്ഷരമാലകളാക്കി മാറ്റി എഴുതാൻ തുടങ്ങി. അത്തരം എഴുത്ത് കണ്ടു ചിലർ നല്ല അഭിപ്രായങ്ങൾ പറഞ്ഞു,മറ്റു ചിലർക്ക് അമ്പരപ്പും, സംശയവുമൊക്കെയായിരുന്നു,ഇതൊക്കെ ഞാൻ തന്നെ ആണോ എഴുത്തുന്നതെന്നു. അവർ സംശയിച്ചതിലും തെറ്റില്ല എന്റെ ഭൂതകാലം അവരെ പഠിപ്പിച്ചത് അതാണ്.
അങ്ങനെ ഒരു ദിവസം ഫേസ്ബുക്കിലെ ചില ഗ്രൂപ്പുകളിൽ ഇട്ട ഒരു പോസ്റ്റ് വളരെയേറെ വായന പ്രീതി നേടി. " അബോർഷൻ അഥവാ കൊല" എന്നായിരുന്നു എഴുത്തിന്റെ പേര്. ആ പോസ്റ്റ് ഇട്ട് കുറച്ച ദിവസത്തിന് ശേഷം എന്റെ പേർസണൽ പ്രൊഫൈലിലേ ചില പോസ്റ്റുകൾ ഒരു മുൻപരിചയമില്ലാത്ത പ്രൊഫൈലിൽ നിന്ന് ലൈക്സ്. ഞാനൊന്നാലോചിച്ചു ഇതാരപ്പ ഞാനറിയാത്തൊരു പുതിയ ആൾ എന്റെ പ്രൊഫൈലിൽ കേറി കളിക്കണെ. പൊതുവെ ആരും ആ വഴിക്ക് വരാറില്ല. നോക്കിയപ്പോ എന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ള ആളുമല്ല, എന്റെ ഓർമയിൽ ഇങ്ങനെ ഒരാളെ എനിക്കൊട്ടു പിടി കിട്ടണുമില്ല. പ്രൊഫൈലിൽ ഒരു പെൺ നാമമാണ്. എത്ര കുത്തിയിരുന്ന് ആലോചിച്ചിട്ടും അങ്ങനെ ഒരാളെ കുറിച്‌ എനിക്കൊരു ഓർമയും കിട്ടുന്നില്ല. ആ പ്രൊഫൈലിൽ ആണേൽ ഒരു വിവരവും കാണാൻ സാധിക്കുന്നുമില്ല, എല്ലാം പ്രൈവസി ആണ്.
അങ്ങനെ രണ്ടും കല്പിച്ചു ഞാനൊന്ന് മുട്ടി നോക്കാൻ തന്നെ തീരുമാനിച്ചു. ഒരു സലാം വിട്ടു. തിരിച്ചു മെസ്സേജ് വന്നത് അൽപ സമയം കഴിഞ്ഞാണ്. ആയാളും സലാം മടക്കി. ശേഷം ഞാൻ ചോദിച്ചു 'നമ്മൾ തമ്മിൽ മുൻപ് പരിചയമുണ്ടോന്ന്..??". ഇല്ലെന്നു ഓൺ ദി സ്പോട്ടിൽ മറുപടിയും വന്നു. പിന്നെങ്ങനെ എന്റെ പ്രൊഫൈലിൽ എത്തി എന്ന് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി "ഗ്രൂപ്പിലെ പോസ്റ്റ് കണ്ടാണ് വന്നത്, വേറെ വല്ല പോസ്റ്റും ഉണ്ടോന്ന് നോക്കാൻ വന്നതാണെന്നു". ഹോ ഇത്രേ ഉണ്ടായിരുന്നുള്ളൂ. മുന്പ് പലരും കമന്റായി നല്ല അഭിപ്രായം പറഞ്ഞിട്ടുങ്കിലും ആദ്യമായിട്ടാ ഇങ്ങനെ ഒരനുഭവം, പേർസണൽ പ്രൊഫൈൽ കേറി തപ്പൽ, ഇൻബോക്സിൽ കേറി അഭിനന്ദിക്കൽ, അങ്ങനെയൊക്കെ. ഞങ്ങൾ അത് വഴി കൂടുതൽ പരിചയപ്പെട്ടു, പാലക്കാട് എന്ജിനീറിങ്ങിന് അവസാന വര്ഷം പഠിക്കുന്നു. 7 മക്കളിൽ അവസാനത്തെ തരി.
തുടർന്നിങ്ങോട്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. എന്റെ ഫാനാണെന്ന് തമാശയായി അയാൾ സ്വയം വിശേഷിപ്പിച്ചു. ഇനി ഒരു ഫാൻസ്‌ അസോസിയേഷനും(ആഷിക്ക് ഫാൻസ്‌ അസോസിയേഷൻ) തുടങ്ങണമെന്ന് കളിയായി പറഞ്ഞു. "അങ്ങനെ ആണേൽ ആ ഫാൻസ്‌ അസോസിയേഷന്റെ പ്രെസിഡന്റും സെക്രട്ടറിയും മെമ്പറും എല്ലാം താൻ മാത്രം ആയിരിക്കും " എന്നായിരുന്നു എന്റെ മറുപടി
വേറെ ഒരാൾക്കും ഇങ്ങനെ ഒരബദ്ധം പറ്റുമെന്ന് തോന്നണില്ല കാരണം എന്റെ എഴുത്ത് കണ്ട് ഇഷ്ടപ്പെടാൻ മാത്രം ഞാൻ എന്താണ് എഴുതിയത്, അതിനു മാത്രം എന്താ അതിലുള്ളത്. എനിക്ക് സത്യം പറഞ്ഞാൽ ചിരി ആണ് വന്നത് ഇങ്ങനെ ഒരാളെ പരിചയപ്പെട്ടപ്പോൾ. എന്റെ എഴുത്തു ഇഷ്ടപ്പെടുന്ന തനിക്ക് തലക്ക് വല്ല അസുഖവുമുണ്ടാവും എന്നവരോട് ഞാൻ തമാശയായി പറഞ്ഞിട്ടുമുണ്ട്.
എഴുതെന്തോന്നോ വായന ഏതെന്നോ അറിയാത്ത എനിക്കും ഒരാരാധികയെ കിട്ടി. എന്തോ ഒരു വല്ലാത്ത സന്തോഷം.
പരസ്പരം കണ്ടിട്ടില്ലെങ്കിലും ഇന്നിപ്പോൾ ഞങ്ങൾ നല്ല കൂട്ടാണ്. ഇനി ഒരു പക്ഷെ, അല്ലെങ്കിൽ ഉറപ്പായും ഇതുപോലൊരു ഒരാരാധിക എന്നെ തേടി എത്തുമെന്ന് തോന്നണില്ല. "എന്റെ ആദ്യത്തെയും അവസാനത്തെയും ആരാധിക അയാളായിരിക്കും"
ഈ എഴുത്ത് എന്റെ ആ ആരാധികയ്ക്കു സമർപ്പിക്കുന്നു.. നന്ദി...
-------------
ആഷിക്ക് അബ്ദുൾ ഖാദർ

യാത്ര


ഇന്ന് എനിക്കൊരു യാത്ര പോകണം. പോകേണ്ട എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അവന് ഒരേ നിർബന്ധം എന്നെയും കൂടെ കൂട്ടണമെന്ന്. അവൻ പറഞ്ഞാൽ പിന്നെ അപ്പീലില്ലല്ലോ, വാശി പിടിച്ചിട്ടൊട്ടു കാര്യവുമില്ല, അങ്ങനെ ഒരു വഴിയുമില്ലാതെ അവന്റെ കൂടെ പോവാൻ തീരുമാനിച്ചു. സാധാരണ പോലെ കൂടുതൽ അണിഞ്ഞൊരുങ്ങാനൊന്നും നിന്നില്ല. അല്ലെങ്കിലും അവന്റെ കൂടെ പോവുമ്പോ അതൊന്നും വേണമെന്നില്ല. മറ്റുകൂട്ടുകാരെ പോലെ പുറത്തിറങ്ങുമ്പോൾ നല്ല ഡ്രസ്സ് ഇടണം, ഷൂ ഇടണം, ജാങ്കോ ആവണം, ബൈക്ക് വേണം, കാറ് വേണം എന്നുള്ള ഒരു നിര്ബന്ധവും അവനില്ല.
പക്ഷെ ഈ യാത്രയ്‌ക്കൊരു പ്രത്യേകത ഉണ്ട്, എനിക്ക് അഞ്ചു പൈസ ചിലവില്ല. എല്ലാം അവൻ തന്നെ നോക്കിക്കോളും. അതുകൊണ്ട് തന്നെ കാശിന് വേണ്ടി ഞാൻ അമ്മയുടെ അരിപ്പാത്രത്തിൽ കയ്യിട്ടില്ല, അച്ഛന്റെ ഷർട്ടിന്റെ പോക്കറ്റിലേക്കെന്റെ നോട്ടം പോയതുമില്ല. എന്നിട്ടും അവരൊട്ടും ഹാപ്പി അല്ലാട്ടോ, ഞാൻ ഇറങ്ങാൻ നേരം അവർക്കാകെ സങ്കടം. 'അമ്മ അലമുറയിട്ട് കരയുന്നു, അച്ഛനാണേൽ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും കണ്ണീർ തുള്ളികൾ ഒളിപ്പിക്കാനുള്ള തന്ത്രപ്പാടിലാ. മറുവശത്തു പെങ്ങമാര് ഏങ്ങലടിക്കുന്നു, ഏട്ടനാണേൽ ആരും കാണാതെ വിതുമ്പുന്നുമുണ്ട്. എനിക്കൊന്നും മനസ്സിലായില്ല, ഇവരെന്തിനാ ഇങ്ങനെ സങ്കടപ്പെടണെ, ഞാൻ ഇതാദ്യമായിട്ടൊന്നുമല്ലല്ലോ ഒരു യാത്ര പോണേ. ഒന്നുമില്ലേലും ചിന്നുവിന്റെ വിവാഹമല്ലേ അടുത്ത ആഴ്ച അതോര്തെങ്കിലും സന്തോഷിചൂടെ ഇവർക്ക്.
എങ്ങനെ സന്തോഷിക്കും, അല്ലെ..??, സാധാരണ ഞാൻ യാത്രപോയാൽ തിരിച്ചു വരുമെന്ന പ്രതീക്ഷയും വിശ്വാസവുമുണ്ടായിരുന്നു അവര്ക്. ഇനിയൊരു തിരിച്ചു വരവില്ലാതെ ഒരു യാത്രക്കൊരുങ്ങുമ്പോൾ അവരെങ്ങനെ സന്തോഷിക്കും. ബൈക്കുമെടുത്തു വീട്ടിൽ നിന്നിറങ്ങുമ്പോഴേ അച്ഛൻ പറഞ്ഞതാ "ഈ ശകടം കൊണ്ടുള്ള നിന്റെ സർക്കസ് കുറച്‌ കൂടുന്നുണ്ടെന്ന്", അമ്മയും പറഞ്ഞു "പതുക്കെ പോണേടാ മോനേന്ന്". ഇതൊന്നും കേട്ട ഭാവം നടിച്ചില്ല, അതുകൊണ്ടിപ്പോ എന്തായി പ്രായം വാർധക്യത്തിന് പിടികൊടുക്കാതെ തന്നെ സൗജന്യ യാത്ര കിട്ടിയില്ലേ. 20 വര്ഷം പോറ്റി വളർത്തിയ അച്ഛനും അമ്മയ്ക്കും ആകെ സമ്മാനിക്കാനായത് കണ്ണീർ മാത്രം. പെങ്ങന്മാർക് തല്ലു കൂടാനും ഏട്ടന് ഉപദേശിക്കാനും ഒരാളില്ലല്ലോ എന്നുള്ള സങ്കടം വേറെയും.
ഇനിയൊന്നും കാണാൻ നിൽക്കുന്നില്ല ഞാൻ, പോവുന്നു എന്നെന്നേക്കുമായി. അവനിനി കാത്തു നിൽക്കുമെന്ന് തോന്നുന്നില്ല.
------------------------------
ആഷിക്ക് അബ്ദുൾ ഖാദർ

ഇഷ്ടമാണ്_പക്ഷെ


എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ..
മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണെ..
"എന്ന് നിന്റെ മൊയ്‌തീൻ" സിനിമ കണ്ട ആവേശത്തിൽ "പരിശുദ്ധ പ്രണയം" സ്വപ്നം കണ്ടു നടക്കുന്ന കാലം. ഇതിനു മുൻപും പ്രണയാഭ്യര്ഥനകൾ നടത്തി പൂർണ പരാജയം കൈവരിച്ചിട്ടുണ്ടെങ്കിലും മൊയ്‌തീൻ കണ്ടപ്പോ മുൻപ് ആരോ കൊത്തി വെച്ച വാക്കുകൾ എന്റെ ജീവിതത്തിലേക്കും കടമെടുക്കാൻ തോന്നി "പരാജയങ്ങളിൽ നിന്ന് പാഠം ഉൾകൊണ്ട് വിജയത്തിലേക്ക് നടന്നു കയറൂ". വിഷയം പ്രണയമായതു കൊണ്ടും, എന്റെ ഉള്ളിലെ നിരാശ കാമുകൻ ഒരു പ്രണയിനിക്കായി ദാഹിച്ചിരിക്കുന്നത് കൊണ്ടും ആവേശം കൊടുമുടിയിലായിരുന്നു.
ആഹാ.നിക്ക് നിക്ക്.... എന്റെ പ്രണയകഥ മാത്രം അറിഞ്ഞാൽ മതിയോ.. ഈ ഞാൻ ആരാണെന്നു കൂടി അറിയണ്ടേ..????
ഞാൻ ഷാൻ, ബിരുദ വിദ്യാർത്ഥി, വാണിജ്യമാണെൻറെ വിഷയയമെങ്കിലും പ്രേമമാണ് ഞാൻ പഠിച്ചോണ്ടിരിക്കുന്നത്. ജീവിതത്തിൽ ഏറ്റവും കളർഫുള്ളായ കലാലയ ജീവിതത്തിലൂടെ കടന്നു പോവുന്ന സമയം, അപ്പോഴാണ് ഞാനും ഒരു പ്രേമ രോഗിയായിമാറുന്നത്... അത്യാവശ്യം നന്നായി വായ നോക്കും, ആവശ്യത്തിൽ കൂടുതൽ തല്ലു കൊള്ളിത്തരം, ഇതിൽ കൂടുതലൊന്നും പറയേണ്ടല്ലോ ഞാൻ ഒരു മാന്യനാണെന്നു തെളിയിക്കാൻ. ടീച്ചേഴ്സിനൊക്കെ ഭയങ്കര ഇഷ്ടമാ എന്നെ, എന്താണെന്നറിയില്ല എന്നോടുള്ള ഇഷ്ടം കൂടുമ്പോ ഇടയ്ക് ഇടയ്ക് അവര്കെന്റെ വീട്ടുകാരെയും കാണാൻ തോന്നും, ചിലപ്പോ ഇഷ്ടം ഇമ്പോസിഷനുകളിലൂടടെയും ഗെറ്റ് ഔട്ട് അടിച്ചും പ്രകടിപ്പിക്കാറുണ്ട്.
ഇപ്പോൾ നിങ്ങൾക്കെന്നെ മനസ്സിലായല്ലോ..? ഇനി നമ്മുടെ കഥയിലേക്ക് തിരിച്ചു വരാം..
അങ്ങനെ ഞാൻ മൊയ്‌തീൻ ആകാൻ തീരുമാനിച്ചെങ്കിലും, ഒരു കാഞ്ചനയെ കണ്ടെത്താൻ എനിക്ക് സാധിച്ചില്ല, ആരും തയ്യാറാവുന്നില്ല എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. സൗന്ദര്യം ഒരു ശാപമായിപ്പോയതോ പൊതുവെ ഒരു മാന്യനായിപ്പോയതോ, എന്താണെന്നറിയില്ല എന്റെ പ്രയാഭ്യര്ഥനകളൊക്കെ ചീറ്റിപ്പോയി. എന്ത് പറയാനാ ആ പെൺപിള്ളേർക്കൊന്നും ഭാഗ്യമില്ല അത്ര തന്നെ.
അങ്ങനെ പരീക്ഷയിൽ മാത്രമല്ല പ്രണയ നാടകത്തിലും തോറ്റ് തുന്നം പാടി നിൽക്കുന്ന സമയത്താണ് നമ്മടെ പുത്തൻ പ്രതീക്ഷകളുടെ കടന്നു വരവ്. മനസ്സിലായില്ല..? നമ്മുടെ സ്വന്തം ജൂനിയർസ്‌. വീണ്ടും എന്നിലെ രമണൻ ഉണർന്നു, ചന്ദ്രികയുടെ കാലൊച്ചയ്ക്കായ്.
റാഗിങ്ങും വായ്നോട്ടവുമൊക്കെയായി ഒന്ന് രണ്ടു ആഴ്ചകൾ കടന്നു പോയെങ്കിലും, ഞാൻ ഒരുക്കി വെച്ച പ്രേമ കൂട്ടിലേക്ക് ചേക്കേറാൻ പോന്ന ഒരു കിളിയെയും എനിക്ക് കണ്ടെത്താനായില്ല. പരിശുദ്ധ പ്രണയം സ്വപ്നം കാണുന്നത് കൊണ്ടോ മൊയ്തീനാകാൻ തീരുമാനിച്ചത് കൊണ്ടോ, എന്താണെന്നറിയിൽ ഇത് വരെ കണ്ട മുഖങ്ങളൊക്കെയും കാഴ്ചയെ സ്പർശിച്ചതല്ലാതെ മനസ്സിൽ പതിഞ്ഞില്ല.
ആ ..അങ്ങനെ പ്രതീക്ഷകൾ പോലും എന്നെ പരാജയപ്പെടുത്തിയ സമയത്താണ്, കഥയിൽ ട്വിസ്റ്റുമായി ഒരു "ന്യൂ എൻട്രി", അതെ ഒരു പെൺതരി, അവൾ പിച്ച വെച്ചു കേറിയത് നമ്മുടെ കോളേജിലേക്ക് മാത്രമല്ല, എന്റെ മനസ്സിലേക്ക് കൂടിയാ...
പേര് ഷഫ്‌ന, ബി എ ഇംഗ്ലീഷ് ആണ് വിഷയം, വേറൊരു കോളേജിലും അഡ്മിഷൻ ശരിയാവാത്തത് കൊണ്ട് മാത്രം നമ്മുടെ കോളേജിലേക്ക് വന്നു... അവൾക്കറിയില്ലല്ലോ എന്റെ പ്രാർത്ഥനയുടെയും കാത്തിരിപ്പിന്റെയും ഫലമായാണ് അവൾക് വേറെ എവിടെയും അഡ്മിഷൻ കിട്ടാതിരുന്നതെന്ന്..
കൂട്ടുകാർ എല്ലാവരും റാഗിംഗിന് ഒരു പുതിയ ഇരയെ കിട്ടിയ സന്തോഷത്തിൽ നിൽക്കുമ്പോഴും ഞാൻ അവളുടെ മുഖത്തു നിന്നും കണ്ണ് എടുത്തതെ ഇല്ല.. ആദ്യം ഉടക്കിയത് അവളുടെ പൂച്ച കണ്ണുകളാണെങ്കിലും കുപ്പി വള പൊട്ടി ചിതറിയ പോലുള്ള അവളുടെ ചിരിയും എന്നെ ഹഠാതാകര്ഷിച്ചു എന്ന് പറയുന്നതായിരിക്കും സത്യം.. അങ്ങനെ അവസാനം ഞാനെന്റെ കാഞ്ചനയെ കണ്ടെത്തി, ഇനി എന്നെ മൊയ്തീനായി കാണാൻ അവള് കൂടി തയ്യാറായാൽ മതിയായിരുന്നു.. അതിനുള്ള അങ്കത്തിന് ഞാൻ കച്ച കെട്ടി ഇറങ്ങാൻ തന്നെ തീരുമാനിച്ചു..
അവളെ ആകർഷിക്കാനും എന്റെ ഇഷ്ടം പറയാതെ പറയാനും പല അടവുകളും ഞാൻ പയറ്റി നോക്കിയെങ്കിലും ചില സൂചനകൾ നല്കനായി എന്നല്ലാതെ കാര്യമായ ചലനങ്ങളൊന്നും തന്നെ ഉണ്ടാക്കാൻ സാധിച്ചില്ല. ഈ ഒരു വിഷയത്തിൽ മാത്രം, ഇത്രയും കാലം എനിക്കുണ്ടായിരുന്ന ധൈര്യമൊക്കെയും അവളുടെ മുന്നിലെത്തുമ്പോൾ ചോർന്നില്ലാതാവുന്നതു പോലെ.. ഇതിനു മുന്പും പ്രയാഭ്യര്ഥനകൾ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും ഷഫ്‌നയുടെ മുമ്പിലെത്തുമ്പോൾ മാത്രം ഇതുവരെയില്ലാത്തൊരു പേടി, വിറയൽ. അങ്ങനെ ഞാനെന്റെ മനസ്സിലെ ഇഷ്ടം അക്ഷര രൂപത്തിൽ കടലാസിലാക്കി അവളെ അറിയിക്കാൻ തീരുമാനിച്ചു. ഭാവനയും വർണനയും ഒരുപാടുള്ളതുകൊണ്ടാണോ എന്നറിഞ്ഞുകൂടാ അക്ഷരങ്ങൾ മറന്നത് പോലെ പേന ചലിക്കാൻ ബുദ്ധിമുട്ടുന്നു. എങ്കിലും ഞാനെന്റെ ഇഷ്ടം ഒരൊറ്റ വരിയിലൊതുക്കി "എന്റെ സ്നേഹ കൂട്ടിലേക്ക് പോരുന്നോ പൂച്ച കണ്ണുള്ള രാജകുമാരി....".അല്ലെങ്കിലും യഥാർത്ഥ സ്നേഹം പ്രകടിപ്പിക്കാൻ അക്ഷരക്കൂട്ടുകൾക്കാവില്ലല്ലോ .അവളുടെ കൂട്ടുകാരി എന്റെ ഹംസമായി മാറിയതും അങ്ങനെ. അവൾ അത് വാങ്ങിയെന്ന് അറിഞ്ഞപ്പോൾ ഞാൻ എന്തെന്തിന്നില്ലാത്ത ആഹ്ലാദത്തിൽ അലതല്ലി, ഒരു മറുപടിക്കായി കാത്തിരുന്നു. ദിനങ്ങൾ കുറെ അങ്ങനെ കടന്നു പോയി, പക്ഷെ കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞതല്ലാതെ മറുപടിയൊന്നും വന്നില്ല. ഹംസത്തെ വീണ്ടും നിയോഗിച്ചുവെങ്കിലും നിരാശ തന്നെ ആയിരുന്നു ഫലം, താല്പര്യമില്ലെന്നായിരുന്നു മറുപടി. തോൽവി ഒരു പുത്തരിയല്ലാത്ത എനിക്ക് അവിടെയും പതറാതിരിക്കാനുള്ള ആർജ്ജവം ഉണ്ടായിരുന്നു.
പക്ഷെ ആ കാത്തിരിപ്പിനും ആ തോൽവിക്കും ഒരു സുഖമുണ്ടായിരുന്നു.
ദിനങ്ങൾ വിടപറയുംതോറും അവളോടുള്ള മൊഹബ്ബത് കൂടി വരുന്നതേ ഉള്ളൂ.
അങ്ങനെ ഇഷ്ടം അവളുടെ മുമ്പിൽ നേരിട്ട് അവതരിപ്പിക്കാൻ തന്നെ തീരുമാനിച്ചു. കിട്ടാവുന്നിടത്തുന്നൊക്കെ ധൈര്യം സംഭരിച്ചു ഒരു പെർഫോമൻസിനു തന്നെ തയ്യാറായി. പിറ്റേ ദിവസം അവളെ കണ്ട് സംസാരിക്കാനായി അവൾ പതിവായി വരാറുള്ള കാന്റീനിലേക്കുള്ള വഴിയിൽ കാത്തു നിന്നെങ്കിലും അവളുടെ കാൽപാദങ്ങൾ അന്നാവഴി സ്പര്ശിച്ചതെ ഇല്ല.ഞാൻ സ്വയം ചോദിച്ചു ഇതിനെയാണോ ദൈവത്തിന്റെ വികൃതകൾ എന്ന് പറയുന്നത്.
അടുത്ത ദിവസം വീണ്ടും സ്റ്റാർട്സ്പോർട്സിൽ ഹൈലൈറ്റ്സ് ഇട്ട പോലെ സെയിം പൊസിഷൻ സെയിം പ്ലേസ് സെയിം പ്ലയെർ, ലക്‌ഷ്യം ഒന്ന് മാത്രം. ധൈര്യം ചോർന്നു പോവുമെന്ന് തോന്നിയെങ്കിലും എങ്ങനെയൊക്കെയോ പിടിപിച്ചു നിർത്തി. കാത്തിരിപ്പിന് വിരാമമായി അവളുടെ കാൽപാദങ്ങൾ മണ്തരികളെ ചുംബിച്ചുകൊണ്ടിതാ എന്റെ അരികിലേക്ക് നടന്നു വരുന്നു, അവളുടെ കൂട്ടുകാരികളുമുണ്ടായിരുന്നു കൂടെ. നെഞ്ചത്തൊരു ജെനെറേറ്റർ കേറ്റി വച്ചപോലെ ഹൃദയം പട പടാന്നു ഇടിക്കാൻ തുടങ്ങി. അവൾ അരികിലെത്തി, ഉള്ളിലെ ഭയം പുറത്തു കാണിക്കാതെ അവളെ വിളിച്ചു "ഷഫ്‌ന, ഒന്നു നിൽക്കൂ". അവൾ പിടിതരാതെ മുന്നോട്ട് കുതിക്കാൻ ശ്രമിച്ചെങ്കിലും എങ്ങനെയൊക്കെയേ ഞാൻ അവളെ പിടിച്ചു നിർത്തി പറഞ്ഞു, "എനിക്കൊന്നു സംസാരിക്കണം". "എനിക്കൊന്നും സംസാരിക്കാനില്ലെന്നായിരുന്നു" അവളുടെ മറുപടി. ഞാൻ വിട്ടില്ല "തനിക്കൊന്നും സംസാരിക്കാനില്ലെങ്കിലും കുഴപ്പമില്ല ഞാൻ പറയുന്നത് താൻ കേൾക്കണം, കേട്ടെ പറ്റൂ", അപ്പോഴും അവളൊന്നും തിരിച്ചു പറഞ്ഞില്ല, ഞാൻ തുടർന്നു "എന്റെ ഇഷ്ടം ഞാൻ ഒരിക്കൽ തന്നെ അറിയിച്ചതാണ്, താൻ അപ്പോൾ മറുപടി പറഞ്ഞതാണെങ്കിലും എനിക്ക് തന്നെ അങ്ങനെ മറക്കാൻ സാധിക്കില്ല,ഇതിനു മുന്പും ഒരുപാട് തവണ കളിയായി പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെങ്കിലും തന്നോടുള്ള ഇഷ്ടം ആത്മാര്ഥമാണ്.എനിക്കിഷ്ടമാണ് തന്നെ ഒരുപാട് ഒര്പാട്" അൽപ നേരം നിശബ്ദതയുടെ അലയൊലി, വീണ്ടും തുടർന്നു "മാഷ് ഒന്നുകൂടി ആലോചിച്ചു നോക്കൂ, പക്ഷെ ഒരു അപേക്ഷ മാത്രം ഉത്തരം നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും എന്റെ മുഖത്തു നോക്കി പറയണം, ഞാൻ കാത്തിരിക്കും". പിന്നീടൊന്നിനും അവൾ കാത്തിരുന്നില്ല, അവൾ ക്ലാസ്റൂമിലെക്ക് ഓടിയകന്നു.
അന്ന് രാത്രി എനിക്ക് നിദ്രയിലേക്കിറങ്ങിച്ചെല്ലാൻ സാധിച്ചില്ല, അവളുടെ മറുപടി എന്തായിരിക്കുമെന്നുള്ള ടെൻഷൻ അലട്ടിക്കൊണ്ടിരിക്കുന്നതിനിടയ്ക്കും കണ്ണുതുറന്നു സ്വപ്‌നങ്ങൾ കാണാൻ ഞാൻ മറന്നില്ല ആ സ്വപ്നങ്ങളിലൊക്കെയും അവളായിരുന്നു. അവളുടെ മറുപടി പോസിറ്റീവ് ആയിരിക്കും എന്ന് വിശ്വസിച്ചു കൊണ്ടും, ആയിരിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടും നിമിഷങ്ങൾ തള്ളി നീക്കി.
നേരം പുലർന്നു, അപ്പോഴാണ് ഞാൻ ഓർത്തത് ഇന്ന് കോളേജിൽ ഓണാഘോഷമാണ്, അവളുടെ മറുപടിയും കാത്തിരിക്കുന്ന എനിക്ക് ഓണാഘോഷത്തെ കുറിച്ചുള്ള ചിന്തകളെ ഉണ്ടായിരുന്നില്ല. അവളുടെ മറുപടിക്കായുള്ള കാത്തിരിപ്പ് മാത്രമായിരുന്നു മനസ്സിൽ. എങ്കിലും മുണ്ടും ഷർട്ടും ധരിച്ചു തന്നെയാണ് കോളേജിലേക്ക് പുറപ്പെട്ടത്. കൂട്ടുകാരെല്ലാം പൂക്കളമൊരുക്കിയും, സദ്യയൊരുക്കിയും , പാട്ടുകൾ പാടിയും, താളം പിടിച്ചും, തിരുവാതിര കളിച്ചും ഓണാഘോഷിക്കുമ്പോൾ ചെണ്ട കൊട്ടിന്റെ താളത്തിൽ ഇടിക്കുന്ന ഹൃദയവുമായി ഞാൻ ആ പൂച്ച കണ്ണിയെ തിരയുകയാണ്, അവളുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. ഒരുപാട് നേരത്തെ തിരച്ചിലിനോടുവിൽ അവളെ ഞാൻ കണ്ടെത്തി, അവൾ എന്നെയും കാത്തിരിക്കുവായിരുന്നു, നമ്മൾ അന്നു സംസാരിച്ച അതെ സ്ഥലത്തു. ഇന്നവളുടെ വേഷം സാരിയാണ്, അത് കൊണ്ടാണോ എന്നറിയില്ല ഇന്നവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു, കണ്ണുകൾക്കു തിളക്കം കൂടിയത് പോലെ, നാണിച്ചുള്ളൊരു പുഞ്ചിരിക്കു കൂടുതൽ അഴക് വന്നത് പോലെ. എല്ലാം കൊണ്ടും ശുഭ സൂചനയാണെന്ന് വിശ്വസിസിച്ചു കൊണ്ട് ഞാൻ ഒരു അമൽ നീരദ് സിനിമയെ ഓര്മപ്പെടുത്തും വിധം അവളുടെ അടുത്തേക്ക് നടന്നു നീങ്ങി, അവളോടുള്ള നിഷ്കളങ്ക സ്നേഹത്തിനു മുന്നിൽ ഞാൻ ഒരു കൊച്ചു കുട്ടിയെ പോലെ കയ്യും കെട്ടി അവളുടെ മുന്നിൽ ഒന്നും മിണ്ടാതെ കുറച്ച നേരം നിന്നു.
അൽപ സമയത്തിനു ശേഷം ഇടറിയ, പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു "ഞാൻചോദിച്ചതിനുള്ള മറുപടി കിട്ടിയില്ലല്ലോ..?? പോരുമോ എന്റെ ജീവന്റെ പാതിയാവാൻ..??"
മറുപടി പറയാൻ ഒരുങ്ങിയപ്പോൾ അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു, എന്നാലും അവൾ പറഞ്ഞു "എനിക്ക് ഇഷ്ടമാണ്, പക്ഷെ..."
ഒരു ഇടിമിന്നലേറ്റ പോലെ ഞാൻ...
അവൾ തുടർന്നു "ഞാൻ ഇഷ്ടപെട്ടവരേക്കാൾ എനിക്കിഷ്ട്ടം എന്നെ ഇഷ്ടപെട്ടവരെയാണ്, എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ എനിക്ക് ചുറ്റുമുണ്ട്. എന്റെ ഈ ഇഷ്ടം അവരെ വേദനിപ്പിക്കുമെന്നതിനാൽ ഇത് വേണ്ടെന്ന് വെക്കാനാണ് എനിക്കിഷ്ടം.., എങ്കിലും ഞാൻ കാത്തിരിക്കാം, ഷാനിക്ക സമായമാവുമ്പോ എന്റെ വീട്ടിൽ വന്നു ഉപ്പയോട് സംസാരിക്കുമെങ്കിൽ.." അത്രയും പറഞ്ഞു അവൾ നിർത്തി.
ഇതൊക്കെ കേട്ട നിന്ന ഞാൻ എന്ത് പറയണമെന്നറിയാതെ കുറച്ച നേരം തരിച്ചു നിന്ന്, അപ്പോഴും ഞാൻ അവളെ കൂടുതൽ ഇഷ്ടപ്പെടുകയാണ്. ഇത്രയും കാലം ഞാൻ സ്നേഹിച്ചത് അവളുടെ മുഖത്തെ മൊഞ്ചിനെ ആയിരുന്നെങ്കിൽ, ആ നിമിഷം മുതൽ ഞാൻ തിരിച്ചറിഞ്ഞു "അവളുടെ മുഖത്തേക്കാൾ അഴക് അവളുടെ മനസ്സിനാണെന്നു.."
ചെറുപുഞ്ചിരിയോട് കൂടി ഞാൻ അവളോട് പറഞ്ഞു "കാത്തിരിക്കണം, ഞാൻ വരും..."
ഇതുകേട്ട അവളുടെ മുഖത്തും നിലാവുദിച്ചു..പാൽപുഞ്ചിരി തൂകി...
ഇപ്പോൾ ഞങ്ങൾ കാത്തിരിക്കുകയാണ് ആ ഒരു ദിനത്തിന് വേണ്ടി... അവൾ എന്റേത് മാത്രമാകുന്ന ആ സുദിനത്തിനു വേണ്ടി...ആ കാത്തിരിപ്പിന്റെ സുഖം ഞങ്ങളിപ്പോൾ ആസ്വദിക്കുകയാണ്...
---------------------------
ആഷിക്ക് അബ്ദുൽ ഖാദർ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo