Showing posts with label DaniDarvin. Show all posts
Showing posts with label DaniDarvin. Show all posts

നഷ്ടമായ മനസ്സിനെ തേടുന്നവൻ

Image may contain: 1 person, smiling, closeup

കുറെനാളത്തെ ഇടവേളക്കുശേഷം എന്നത്തേയും പോലെ അയാൾ എഴുതാനിരുന്നു. പേനയെടുത്ത് വെള്ളക്കടലാസിൽ എഴുതാൻ ശ്രമിച്ചപ്പോഴാണ് തനിക്ക് പറ്റുന്നില്ല എന്ന യാഥാർത്ഥ്യം അയാൾ ഉൾക്കൊണ്ടത്. തൂലികയാൽ കഥകളും കവിതകളും മനോഹരമായി വിരിയിച്ചവനാണ്. കുറച്ചു നാളായി ശരീരത്തിനൊപ്പം മനസ്സ് ചലിക്കുന്നില്ല. അപ്പോഴാണ് നഷ്ടമായ തന്റെമനസ്സിനെ അയാൾ എല്ലായിടത്തും അന്വേക്ഷിക്കുന്നത്. എങ്ങും കാണുന്നില്ല. അവസാനം വാക്കുകൾ പുറത്തേക്കു വന്നത് ഈ രൂപത്തിൽ.
......................................................................................
കഥകൾ പറഞ്ഞ് കവിതകൾ പാടി നടന്ന എന്നെ എവിടെയോ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടു കിട്ടുന്നവർ എന്നെ തിരിച്ചേൽപ്പിക്കണേ. നഷ്ടപെടാൻ ഇടയുള്ള ചില സാഹചര്യങ്ങളുടെ സൂചനകൾ തരാൻ ഞാൻ സന്നദ്ധനാണ്.
തെരുവോരങ്ങളിൽ പെൺകുഞ്ഞുങ്ങളുടെ മാനം തകർന്നടിഞ്ഞതു കണ്ടപ്പോൾ നൊന്തതായിരുന്നു എന്റെ മനസ്. മൃഗങ്ങൾക്കുള്ള വില പോലും മനുഷ്യ കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നില്ലല്ലോ എന്നോർത്ത് ഞാനേറെ കരഞ്ഞു. കുഞ്ഞുങ്ങളേ, പ്രാവിനേപോലെ നിഷ്കളങ്കരും സർപ്പത്തിനേപോലെ വിവേകവതികളാകൂ, എന്ന വാക്കും അവരെ പഠിപ്പിക്കാൻ ഞാനെന്റെ മനസവിടെ വച്ചിട്ടു പോന്നിട്ടുണ്ടാകും. ഒന്നും ഓർമ്മയില്ല.
ഭർത്താവിനെ വഞ്ചിച്ച് അന്യപുരുഷനോടൊപ്പം ചുറ്റുന്ന തരുണീമയികളെ കണ്ടപ്പോൾ, എന്തിനിങ്ങനെ വിശ്വാസ വഞ്ചനചെയ്യുന്നുവെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവർ എന്നോട് ബൈബിൾ കയ്യിൽ തന്നിട്ട് ഈ വാക്യം വായിക്കാൻപറഞ്ഞു. ഞാൻ ഉച്ചത്തിൽ വായിച്ചു. ''നിങ്ങളിൽ പാപം ചെയ്യാത്തവർ അവളെ കല്ലെറിയട്ടെ ". ഈ വാക്യത്തിൻ മറപറ്റി അവർ തെറ്റുകൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. അവർക്കറിയാം ഇനിയൊരു ചോദ്യം ആരിൽ നിന്നും ഉണ്ടാവില്ലെന്ന്. കാരണം, ഞാനടക്കം മനസ്സുകൊണ്ടെങ്കിലും പാപം ചെയ്യാത്തവർ ആരാണുള്ളത്? അന്ന് ആത്മരോക്ഷം പൂണ്ടപ്പോൾ അവിടെ വലിച്ചെറിഞ്ഞതാകാം എന്റെ മനസ്സ്.
കൈക്കൂലി കൊടുക്കാൻ കഴിവില്ലാത്ത പാവം ഒരു വൃദ്ധനെ പല പ്രാവശ്യം വില്ലേജാഫീസിന്റെ പടികൾ കയറ്റുന്നതും ഞാനെന്റെ കൺമുന്നിൽ കണ്ടിരുന്നു. ഇനി അവിടെയാണോ പ്രതികരിക്കാനാവാതെ മനസ് നഷ്ടമായത്?
മെഡിക്കൽ ആശുപത്രിക്കു മുന്നിൽ തന്റെ ഭർത്താവിനെ എങ്ങിനെയെങ്കിലും രക്ഷിക്കാൻ തലതല്ലി കരയുന്ന ഒരു ഭാര്യയെ കുറച്ചു നാൾ മുന്നെ കാണാനിടയായി. അവിടേയും പണം മുൻകൂർ കെട്ടിവെച്ചാലേഓപ്പറേഷൻ നടക്കൂ എന്നറിഞ്ഞപ്പോൾ ഹൃദയാഘാതത്താൽ മരണപ്പെട്ട ഒരു ആത്മാവ് എന്നേയും കൊഞ്ഞനം കുത്തുന്നതുപോലെ തോന്നി. ഇനി അതിനൊപ്പം വിഹരിക്കാൻ പോയിട്ടുണ്ടാകും എന്റെ മനസ്സ്.
പരിശുദ്ധമായ പ്രണയങ്ങൾ കണ്ട അതേ കണ്ണുകൾ കൊണ്ട് കാമംതീർക്കുന്ന പ്രണയങ്ങൾ കണ്ടതാകാം ചിലപ്പോൾ മനസ് ഓടിയൊളിക്കാൻ കാരണം.
സ്ത്രീധന തുക മുഴുവൻ കൊടുക്കാത്തതിനാൽ ഭർതൃഗൃഹത്തിൽ നിന്ന് തിരസ്കരിക്കപെട്ട് വീട്ടിലെത്തപെട്ട മൂത്തമോളുടേയും, സ്ത്രീധനം കൊടുക്കാൻ ത്രാണിയില്ലാത്തതിനാൽ കല്യാണപ്രായം അതിക്രമിച്ച ഇളയ മോളുടേയും കണ്ണുകളിലെ നനവ് അധികം കാണാൻ ത്രാണിയില്ലാതെ ഉത്തരത്തിൽ തൂങ്ങിയ ഒരു പിതാവിന്റെജഡം കാണാൻ ഞാൻ പോയിരുന്നു. എന്നേപ്പോലെ സാധാരണക്കാരനായ ആ പിതാവിന്റെ മരണം എന്നിൽ കനത്ത ആഘാതം ഏൽപ്പിച്ചിരുന്നു.
കാരണം ഞാനും രണ്ടു മാലാഖമാരുടെ പിതാവാണ്.
അവിടെ വെച്ച് സമനില തെറ്റിയ എന്റെ മനസ്സിനെ
എനിക്ക് നഷ്ടമായിട്ടുണ്ടാകും.
എന്തായാലും മനസേ, നീ തിരിച്ചുവരിക. നീയില്ലാതെ ഞാനില്ല. നിന്റെ അഭാവത്തിൽ ഞാൻ ഭ്രാന്തനായിത്തീരും. ആർക്കെങ്കിലും അത് തിരിച്ചെടുത്ത് എനിക്ക് നൽകാനായാൽ ഞാൻ മരണം വരെ നിങ്ങളോട് കടപ്പാടുള്ളവനായിരിക്കും.
എന്ന്,
മനസിനെ നഷ്ടപ്പെട്ടവൻ
..................................................................................
ഡാനി ഡാർവിൻ (മഴവില്ല്)

അവനെന്റെ സ്നേഹിതൻ

Image may contain: 1 person, indoor

എന്നത്തേയും പോലെ കിരണുമായി സോഫിയ ചാറ്റിംഗിലായിരുന്നു. പഴമക്കാർ പറയുന്നതുപോലെ നട്ടിടം മുതൽ മുളച്ചിടം വരെയുള്ള കാര്യങ്ങൾ അവളവനോടു പറയും. പറഞ്ഞില്ലേൽ അന്നത്തെ ദിവസം വല്ലാത്ത വിമ്മിഷ്ടമാണ്. ആൺ-പെൺ സൗഹൃദങ്ങളിലാണ് വിശ്വാസ്യത കൂടുതലെന്ന് ചില ബന്ധങ്ങൾ അവളെപഠിപ്പിച്ചപ്പോൾ അപൂർവ്വംചിലത് വഞ്ചനയുടെ മുഖവും അവൾക്ക് കാട്ടിതന്നു. അതിലെ ചതിയുടെ മുഖം വേർതിരിച്ചറിയിക്കാൻ അവൻ അവൾക്ക് നല്ലൊരു കൂട്ടുകാരനായിരുന്നു.
ചാറ്റിംഗിനിടയിൽ പെട്ടെന്ന് അവളുടെ മെസ്സഞ്ചർ ബ്ലോക്കായി. നോക്കിയപ്പോൾ മറ്റുള്ളവർക്ക് മെസ്സേജ് പോകുന്നുണ്ട്. വാട്‌സ്അപിലും, വൈബറിലും എല്ലാം ഇത് പറഞ്ഞ് മാറി മാറി അവന് മെസ്സേജയച്ചപ്പോൾ
"നീ ഒന്നൂടെ നോക്ക്, ബ്ലോക്ക് മാറി കാണും' എന്നായിരുന്നു അവന്റെ മറുപടി.
അവന്റെ മെസ്സേജുകൾ വരുന്നുണ്ട്. തിരിച്ച് അവളുടെ മറുപടി പോകുന്നില്ല.
" എടി പെണ്ണേ ,അൽപനേരം വെയ്റ്റ് ചെയ്യ് "
എന്നവൻ പറഞ്ഞപ്പോൾ അവനെ വിളിക്കാൻ
ശ്രമിച്ച അവളുടെ ഫോൺ കട്ടാക്കി. പിന്നീടവൾക്ക് മനസ്സിലായി അവൻ അറിഞ്ഞു കൊണ്ട് തന്നെ ബ്ലോക്ക് ചെയ്തതാണെന്ന്. ചോദിച്ചപ്പോൾ....
"ചുമ്മാതാടീ ഞാൻ ബ്ലോക്ക് ചെയ്തത്. ഒരു രസത്തിന് " എന്ന മറുപടിയും.
"നിനക്കെന്നാടാ, വട്ടാണോ? രസത്തിനു വേണ്ടി എന്നെ ബ്ലോക്കു ചെയ്യാൻ " എന്നവൾ ദേഷ്യപ്പെട്ടപ്പോൾ ഉള്ള മറുപടിയോ....
" ഞാനങ്ങനെ ചെയ്തത് നിന്നോട് വഴക്ക് ഉണ്ടാക്കാനാടീ.... " അവളുടെ പരിഭവം ആളിക്കത്തി.
"നിന്നെ ഞാൻ ഇതു പോലെ ബ്ലോക്ക് ചെയ്യും കിരൺ. നീ നോക്കിക്കോ. ഈയിടെയായി അല്ലേലും നിനക്ക് എന്തെങ്കിലും കാരണം പറഞ്ഞ് ഉടക്ക് ഉണ്ടാക്കൽ ഇത്തിരി കൂടുതലാ. ഞാൻ നിന്നോട് എന്തു തെറ്റാണ് ചെയ്തത് ?"
അവൾ പരിതപിച്ചു കൊണ്ടിരുന്നപ്പോൾ അവനിൽ നിന്നു ലഭിച്ച ഉത്തരം...... അതിൽ അവളുടെ എല്ലാ ദേഷ്യവും അലിഞ്ഞു പോയി.
അവൻ പറയുവാ........... "അപ്പോഴല്ലേ, നിന്നെ ഒത്തിരി സ്നേഹിക്കാൻ പറ്റൂന്ന് ".
സത്യായിരിക്കും. ല്ലേ?.........
..........................................................................................
ഡാനി ഡാർവിൻ (മഴവില്ല്)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo