അന്നാമ്മച്ചീടെ വിത്ഡ്രോവൽ സിംഡ്രോം (നർമ്മ കഥ)

"അന്നാമ്മച്ചീടെ വിത്ഡ്രോവൽ സിംഡ്രോം"

    സന്ധ്യമുതലേ ആന്റപ്പൻ ശ്രദ്ധിക്കുന്നതാ അന്നമ്മയ്ക്കൊരു പരവേശം...ഇടയ്ക്ക് വയറു തിരുമ്മുന്നു, ഇടയ്ക്ക് അടുക്കളയിൽ പോയി ചട്ടി തുറന്നു നോക്കി 'ശേ...ശേ' എന്ന് പറഞ്ഞു മുറ്റത്തു തേരാപ്പാരാ നടക്കുന്നു....

    "എടി അന്നമ്മോ നിനക്കെന്നാ പറ്റിയെടീ വല്ല തൊണ്ടവേദനയും പനിയും ഉണ്ടെങ്കിൽ പറയണം കേട്ടോ...നമുക്ക് കൊറോണ ഹെല്പ്ലൈനിൽ വിളിച്ചു പറഞ്ഞേക്കാം.."

    "എനിക്ക് കൊറോണയും മോണിക്കയും ഒന്നും അല്ലച്ചായോ ഇത് വിത്ഡ്രോവൽ സിൻഡ്രോം ആണെന്നാ തോന്നുന്നത്.."
   
   "നീയിതെന്നാ പറയുന്നേ അന്നാമ്മേ ദിവസം രണ്ടെണ്ണം അടിക്കാതെ ഉറക്കം വരാത്ത എനിക്കില്ലാത്ത വിത്ഡ്രോവൽ സിൻഡ്രം നിനക്കോ.."

   "അതെന്നാ വർത്താനാ മനുഷ്യാ...നിങ്ങള് കള്ളുകുടിയൻമാർക്ക് മാത്രേ ഇതുണ്ടാവാൻ പാടുള്ളോ...ലോക്ക് ഡൗൺ തുടങ്ങിയ അന്നു മുതൽ ഈ വീട്ടിൽ പരിപ്പും മത്തങ്ങയും പച്ചക്കറിയുമല്ലാതെ വല്ലതും ഉണ്ടാക്കാൻ പറ്റിയിട്ടുണ്ടോ..രണ്ടുനേരോം ഇച്ചിരി മീൻചാറ് കൂട്ടാതെ ചോറിറങ്ങാത്ത ഞാനാ....പച്ചക്കറി കൂട്ടിക്കൂട്ടി വാ മടുത്തു .അപ്പൊ എനിക്കും കാണില്ലേ വിത്ഡ്രോവൽ സിൻഡ്രോം...."

   അന്തം വിടുന്നത് പന്തിയല്ലെന്ന ചിന്തയോടെ 'ഫിഷ് വിത്ഡ്രോവൽ സിൻഡ്രോം' കാരണം കേരളത്തിൽ വല്ല അത്യാഹിതവും സംഭവിച്ചിട്ടുണ്ടോന്നറിയാൻ ആന്റപ്പൻ ടി വി ഓൺ ചെയ്തു.

Riju kamachi

സൂര്യനായ് മകൻ (കഥ )

സൂര്യനായ് മകൻ 

" ഇതെന്താ അച്ഛൻ വരുന്നുണ്ടോ അമ്മെ ?"

അച്ഛന്റെ പാന്റ്സും ഷർട്ടുകളും 'അമ്മ അയയിൽ വിരിക്കുന്നത്  കണ്ടു നന്ദു ചോദിച്ചു 

അമ്മ ഒന്ന് മൂളി 

"ഇതെന്താ പതിവില്ലാതെ ?"അവന്റെ ചോദ്യത്തിൽ ഈർഷ്യ കലർന്നിരുന്നു .സാധാരണ മൂന്നു വര്ഷത്തിലൊരിക്കലാണല്ലോ വരവ് എന്നവൻ ഓർത്തു. 

'അമ്മ അവനെ ഒന്ന് നോക്കി .അവനെന്ന് മുതലാണ് അച്ഛനെ ഇഷ്ടമല്ലാതായത്  എന്നവർ ഓർത്തു നോക്കി .

"അച്ഛൻ "നല്ല ഭർത്താവല്ലാതായപ്പോൾ ആവും .സദാ അമ്മയെ കരയിക്കുന്ന അച്ഛനെ മക്കൾ എങ്ങനെയാണ് ഇഷ്ടപ്പെടുക ?

"അച്ഛന് കൊച്ചിയിലെന്തോ ബിസിനെസ്സ് കാര്യം ഉണ്ടത്രേ.  നാലഞ്ച് ദിവസങ്ങളെ ഉണ്ടാവുകയുള്ളു ഇവിടെ." 

അമ്മയുടെ മറുപടിയിൽ ആശ്വാസത്തിന്റെ ഒരു തണുപ്പുണ്ടായിരുന്നു. 

നന്ദു മുറുകിയ മുഖത്തോടെ അങ്ങനെയിരുന്നു. 

നാലഞ്ച് ദിവസങ്ങൾ. 

'അമ്മ കരയുന്ന നാലഞ്ച് ദിവസങ്ങൾ. 

അമ്മയുടെ ഉടലിൽ നീലിച്ച തിണർത്ത പാടുകളും പൊള്ളിയടർന്ന മുറിവുകളും കാണുന്ന നാലഞ്ച് ദിവസങ്ങൾ. 

എങ്കിലും അച്ഛന്റെ മുറി കടന്നു വന്നാൽ 'അമ്മ അതൊന്നും ഭാവിക്കാറില്ല. 
തിണർത്ത പാടുകൾ തുണി കൊണ്ട് മൂടും. 
കരഞ്ഞു നനഞ്ഞ  കണ്ണുകളിൽ നല്ലോണം മഷിയെഴുതും. കവിളിലെ തിണർപ്പിനെ മറച്ചു കനത്ത മുടി മറഞ്ഞു  കിടപ്പുണ്ടാകും.
 ഈ ദിവസങ്ങളിലാണ് അമ്മ മുടിയഴിച്ചിടാറുളളതും. 

തന്നോട് അച്ഛന്  സ്നേഹമാണ്. നിറയെ സമ്മാനങ്ങൾ  കൊണ്ട് തരും. പരീക്ഷകളിലെയും ക്വിസ് മത്സരങ്ങളിലെയും  സമ്മാനങ്ങൾ കാണിച്ചു 
എന്റെ മോൻ മിടുക്കനാണെന്നു കൂട്ടുകാരോടൊക്കെ പറയും.  
"എന്റെ മോനെന്താ വേണ്ടത് ?"
എന്നും ചോദ്യമുണ്ടാകും എപ്പോളും.  പണ്ടൊക്കെ ഒരു പാടാവശ്യങ്ങൾ ഉണ്ടായിരുന്നു. പറയാത്തതും പറഞ്ഞതും   ഉള്ളിലുള്ളതുമൊക്കെ അച്ഛൻ വാങ്ങി തരും. 
പക്ഷെ 'അമ്മ കരയുന്നതു താൻ കണ്ടു  തുടങ്ങിയ ദിവസം മുതൽ  അച്ഛൻ അമ്മയെ വേദനിപ്പിക്കുന്നത്  അറിഞ്ഞു തുടങ്ങിയ ദിവസം മുതൽ  തനിക്ക്  ആവശ്യങ്ങൾ ഇല്ലാതായി . അമ്മയെ  അച്ഛന് ഇഷ്ടമല്ല എന്ന സത്യം വളർന്നപ്പോൾ മനസിലായി. അച്ഛന്റെ ഇഷ്ടങ്ങൾ ഒക്കെ വേറെയാണ്. വേറെ പലരോടാണ്.

പിന്നെ അച്ഛൻ അമ്മയെ വിവാഹം കഴിച്ചതെന്തിന് ?കുറച്ചു കൂടി വളർന്നപ്പോൾ ഉത്തരം കിട്ടി. 

അതിനുത്തരം 

നീണ്ടു പരന്നു  കിടക്കുന്ന വയലേലകളാണ്. 

ഈ ഗ്രാമത്തിന്റെ പകുതിയോളം വരുന്ന ഭൂസ്വത്താണ്‌. 

അമ്മയാണ് ഉടമ '.അമ്മ മാത്രം. അച്ഛനൊന്നുമുണ്ടായിരുന്നില്ല. എല്ലാം അമ്മയിലൂടെ  ലഭിച്ചതായിരുന്നു. 

പടികൾ കയറി കയറി പോകുമ്പോൾ ഒപ്പമുള്ള ആളെ താഴെയുപേക്ഷിക്കലാണ് മിക്കവരുടെയും ശീലം .ചവിട്ടിക്കയറുമ്പോൾ മുകളിലേക്കാണ് നോട്ടം . അവിടെയുളളവരെ ഒപ്പം കൂട്ടാനാണ് തിടുക്കം ..അച്ഛൻ അങ്ങനെയാണ്. 

അമ്മയുടെ തേജസ്സ് അച്ഛനിൽ ഒരു  അപകർഷതാ ബോധം ഉണ്ടാക്കിയിട്ടുണ്ടാകണം. 

ശ്രീകോവിലിലെ ദേവിയെ കണക്കു 'അമ്മ തിളങ്ങുമ്പോൾ അത് കൂടും. 
കാരണങ്ങൾ ഉണ്ടാക്കി ശിക്ഷിക്കുമ്പോൾ  ഒരു സുഖം. 
ഒരു തരം  സാഡിസ്റ്റിക് പ്ലെഷർ.  

പക്ഷെ അച്ഛൻ ശ്രദ്ധിക്കാത്ത ഒന്നുണ്ട്. 

തന്റെ പ്രായം. 

തനിക്കു പതിനെട്ട് വയസാകുന്നു. 

താനും ഒരാണ്‌ ആണ് എന്നത്. 

പുറംകാഴ്ചകൾ കാണാത്ത അമ്മയെ പോലെയല്ല താൻ. 
അവന്റ മുഖം ഇരുണ്ടു. 

അച്ഛൻ വന്നു. കൂടെ രണ്ടു പേരും. 

"ഇത് നീലിമ  എന്റെ ബിസിനസ്സ് പാർട്ണർ ആണ് ഇത് വിദ്യയുടെ ഫാദർ. ഇവർ രണ്ടു  ദിവസം ഇവിടെയുണ്ടാകും "അച്ഛൻ അമ്മയോട് പറയുമ്പോൾ 'അമ്മ വിളറിയ മുഖത്തോടെ  നന്ദുവിനെ ഒന്ന് നോക്കി .ഇത് വരെ രഹസ്യമായി ചെയ്തു  കൊണ്ടിരുന്നതൊക്കെ  ....
ഇപ്പൊ പരസ്യമായി.. 
ഈശ്വര !

"അവർക്കു നമ്മുടെ മനയ്ക്കലെ വീട്ടിൽ താമസിക്കാമല്ലോ അച്ഛാ. കുറുപ്പ് മാഷൊക്കെ കഴിഞ്ഞ മാസം വീടൊഴിഞ്ഞു പോയി. വൃത്തിയായി കിടക്കുകയാണ് "

നന്ദു പെട്ടെന്ന് പറഞ്ഞു. 
അച്ഛന്റെ മുഖത്ത് ഒരു ഭാവമാറ്റം  ഉണ്ടായെങ്കിലും  അയാൾ വേഗം ഒരു ചിരി എടുത്തണിഞ്ഞു. 

"ഓ ശരിയാണ്.  ഞാൻ അത് മറന്നു ""നീലിമ ഇതെന്റെ മകനാണ് നന്ദു "

നന്ദു അവരെ  നോക്കിയില്ല. അമ്മയെ ചേർത്തു പിടിച്ചകത്തേക്കു പോയി. 
അൽപനേരം കഴിഞ്ഞു അച്ഛൻ അരികിൽ  വന്നു. 

"നിനക്കിന്നു സ്കൂളിൽ പോകണ്ടേ ?"

"അച്ഛൻ വന്ന ദിവസമല്ലേ ഞാൻ ലീവ് എടുത്തു "അവൻ വെറുതെ ചിരിച്ചു. 

അച്ഛന് മറുപടിയില്ല .അയാൾ കണ്ണുകൾ കൊണ്ട് അമ്മയോട് മുറിയിലേക്ക് ചെല്ലാൻ ആംഗ്യം കാട്ടി  നടന്നു പോയി .പേടിച്ചരണ്ട മിഴികളോടെ 'അമ്മ അച്ഛന്റെ പിന്നാലെ പോകുന്നത് കണ്ട നന്ദുവിന്റെ കണ്ണുകളിൽ ഒരു തീ എരിഞ്ഞു.

"നീ ആണോ  അവനോടിങ്ങനെ ഒക്കെ പറയാൻ പഠിപ്പിച്ചത്?  വീട്ടിൽ വന്നു കയറുന്നവരോട് പെരുമാറാൻ അറിയില്ലേ അവന്  ?"അയാൾ പല്ലു ഞെരിച്ചു. 

"അവരാരാണെന്നു അവനു ശരിക്കും  അറിയില്ല .അറിഞ്ഞിരുന്നെങ്കിൽ അവനിങ്ങനെ ആവില്ല പറയുക" ആദ്യമായി അവർ പ്രതികരിക്കുകയായിരുന്നു. 

അയാൾ അവരുടെ മുഖം അടച്ചു ഒറ്റ അടി അടിച്ചു. ആ നേരം തന്നെ വാതിൽക്കൽ മുട്ട് കേട്ടു. 

"അച്ഛാ വാതിൽ ഒന്ന് തുറന്നെ "
അവന്റ ശബ്ദം  കേട്ട് അയാൾ ഭാര്യയെ ഒന്ന് നോക്കി പോയി വാതിൽ തുറന്നു. 

"അമ്മേ എനിക്ക് വിശക്കുന്നു ..ഉച്ചയായില്ലേ ?"'
അമ്മ സംശയിച്ചു നിൽക്കുന്നത്  കണ്ടു അവൻ ചിരിച്ചു ..

"ശ്ശെടാ  ഞാൻ അച്ഛനോട് ഒരു കൂട്ടം പറയട്ടെ അമ്മെ...അമ്മ ചെന്ന് ഭക്ഷണം  ഒന്നെടുത്തു വെയ്ക്കു എത്ര  നാളായി അച്ഛനൊപ്പം കഴിച്ചിട്ട് ..അല്ലെ അച്ഛാ ?"

അയാൾ വിളറി ചിരിച്ചു. 

'അമ്മ പോയപ്പോൾ അവൻ വാതിലടച്ചു കുറ്റിയിട്ടു. 

"അച്ഛനിനി ഇവിടെ വരരുത്"
 അവൻ ശാന്തമായി പറഞ്ഞു. 

അയാൾ എന്തോ പറയാനായി  ഭാവിച്ചപ്പോളവൻ കയ്യുയർത്തി തടഞ്ഞു. 

"'അമ്മ ഒന്നും പറഞ്ഞിട്ടില്ല പക്ഷെ എനിക്ക് എല്ലാം അറിയാം.  അച്ഛന് പല ബന്ധങ്ങളുമുണ്ട് ..എന്നെ ഓർത്തിട്ടാണ് അച്ഛൻ അമ്മയെ സഹിക്കുന്നത്  ശരിയല്ലേ ?"അയാളുടെ കണ്ണുകൾ താഴ്ന്നു... ശിരസ്സ് കുനിഞ്ഞു. 

"എന്റെ അമ്മയെ ഇനി തല്ലിയാൽ സത്യം ഞാൻ നിങ്ങളെ കൊല്ലും .."അവന്റെ ചൂണ്ടപ്പെട്ട വിരലിനു മുന്നിൽ അയാൾ പതറി. ആ  മുഖത്തെ തീ അയാളെ ഭയപ്പെടുത്തി. അവൻ വളർന്നെന്നു ആദ്യം ആയി അയാൾ മനസ്സിലാക്കുകയായിരുന്നു. 

"നിങ്ങളെ കൊന്നെന്ന  ശാപം എന്റെ ശിരസ്സിൽ വെയ്ക്കരുത്. "നന്ദു തുടർന്നു.   അമ്മയെ തല്ലാനായി  മാത്രം ഇനി ഇവിടെ വരികയുമരുത്  .."

"മോനെ "അയാളുടെ  ശബ്ദം തെല്ലു തളർന്നു. 

"മകനാണ്. നിങ്ങള് മരിച്ചാൽ കൊള്ളി വെയ്ക്കാൻ ഞാൻ ഉണ്ടാകും. വാക്ക്. അന്ന് നിങ്ങൾ ഏതു സ്ത്രീക്കൊപ്പം  ആണെങ്കിലും നിങ്ങളുടെ ചിതയ്ക്ക് തീ  കൊളുത്തുക ഞാൻ തന്നെ ആയിരിക്കും ..അതും വാക്ക് ..പക്ഷെ എന്റെ അമ്മയെ എനിക്ക് ആരോഗ്യത്തോടെ,  ആയുസ്സോടെ വേണം ...അതിനു നിങ്ങളെ എനിക്ക് ഇവിടെ 
വേണ്ട "

അവൻ വാതിലിന്റെ കൊളുത്ത് എടുത്തു. പിന്നെ ഒന്ന് നിന്നു. 

"ഇതൊന്നും 'അമ്മ അറിയരുത് ...നിങ്ങളുടെ  അവധികൾ നീണ്ടു പോകട്ടെ. മൂന്ന് വർഷത്തിലൊരിക്കൽ  എന്നത് 
അഞ്ചു വർഷത്തിലൊരിക്കൽ.. പിന്നെ പത്തു വർഷത്തിൽ ഒരിക്കൽ.  അങ്ങനെ മതി ..'അമ്മ പാവമാണ്. വിശ്വസിച്ചു കൊള്ളും"ഒന്ന് നിർത്തി അവൻ വീണ്ടും പറഞ്ഞു. 
"എന്റെ അമ്മ പാവമാണ് "ഇക്കുറി  അവന്റെ ശബ്ദം ഒന്ന് ഇടറി.

അടുക്കളയിൽ 'അമ്മ 
ഉള്ളിച്ചമ്മന്തി അരയ്ക്കുകയായിരുന്നു. 

 അവൻ പിന്നിലൂടെ അമ്മയെ ചേർത്ത് പിടിച്ചു മുഖം തോളിൽ അണച്ചു വെച്ചു.  
 
"എന്താ ഇത്? ഇപ്പൊ ഒരു പുന്നാരം ?"അമ്മ ചിരിച്ചു. 

"ലവ് യു അമ്മാ "
"ങേ? "
'അമ്മ അത്ഭുതം നിറഞ്ഞ കണ്ണുകളയുർത്തി നോക്കി. 

" ഐ ലവ് യു  അമ്മാ  "അവൻ അച്ഛന്റെ കൈ പതിഞ്ഞ കവിളിൽ മുഖം ചേർത്ത് വീണ്ടും പറഞ്ഞു. 

"അതാപ്പോ നന്നായെ? എനിക്കറിയാത്തതാ അത്? എന്റെ കുട്ടിക്ക് എന്നെ ജീവനാണെന്നു അമ്മയ്ക്കറിയാല്ലോ "
'അമ്മ  അവന്റെ  കവിളിൽ മെല്ലെ തൊട്ട് പറഞ്ഞു. 

അതെ അമ്മേ.. അമ്മ എന്റെ ജീവനാണ്... ഒരു പോറല് പോലും ഏൽക്കാതിരിക്കാൻ ദൈവത്തോട് കേഴുന്നതും അതാണ്.. അതിനായ് എന്ത് ചെയ്യാനും എനിക്ക് മടിയില്ല. എന്ത് ഉപേക്ഷിക്കാനും എനിക്ക് മടിയില്ല. അത് അച്ഛന്റ്റെ സ്നേഹം ആണെങ്കിൽ കൂടി.. അമ്മയെ കരയിക്കുന്ന അച്ഛൻ ഏത് സ്വർഗം തന്നാലും എനിക്ക് വേണ്ട. 
അവൻ ഉള്ളിൽ പറഞ്ഞു. 

അമ്മയെ കരയിക്കാത്ത അച്ഛൻ.. അങ്ങനെ ഒരു അച്ഛൻ മതി തനിക്ക്. അല്ലെങ്കിൽ ആ അച്ഛൻ വേണ്ട.. ഒരിക്കലും.

ഒരു പ്രവാസിയുടെ ലോക്ക്ഡൗൺ (കഥ)

ഒരു പ്രവാസിയുടെ ലോക്ക്ഡൗൺ

    വെറുതേയിരുന്നും കിടന്നും ഓരോന്നാലോചിച്ചുകൊണ്ട് മൊബൈലിൽ മീനുവിന്റെയും മക്കളുടേയും ഫോട്ടോകൾ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് പുറത്തൊരു വണ്ടി വന്നുനിർത്തിയ ശബ്ദം കേട്ടത്.വണ്ടിയുടെ ശബ്ദത്തിൽ നിന്നു തന്നെ മനസ്സിലായി അർബാബ്‌ ആണ്.ഇരുപത്തിനാലുമണിക്കൂറും ഉണർന്നിരിക്കുന്ന റോഡായിരുന്നു.ഈ മഹാമാരി വന്നതിൽപിന്നെ വണ്ടികളുടെ ഇരമ്പൽ പോലും കേൾക്കാതായി.ചില കോൾഡ്സ്റ്റോറുകളും സൂപ്പർ മർക്കറ്റുകളും ഒഴികെയുള്ള കടകളെലാം അടഞ്ഞുകിടക്കുന്നു.ഞാൻ ജോലി ചെയ്യുന്ന തയ്യൽക്കട ഇനി കുറച്ചു നാളത്തേക്ക് അടച്ചിട്ടേക്കൂ എന്ന് പറഞ്ഞു പോയിട്ട് അർബാബ്‌ പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല.ഈ കുഞ്ഞു കടയിലെ തയ്യൽക്കാരനും, സെക്യുരിറ്റിയും,കളീനിങ് ബോയും എല്ലാം ഞാനോരാൾ തന്നെയായതിനാൽ കടയോട് ചേർന്നുള്ള ഒരു കുഞ്ഞുമുറിയിലാണ് എനിക്കുള്ള താമസ സൗകര്യവും.കടയിൽനിന്ന് വരുമാനം ഇല്ലാത്തതിനാൽ ഈ മാസം ശമ്പളമുണ്ടാവില്ലെന്നുകൂടി ഓർമിപ്പിച്ചിട്ടാണ് അന്നിവിടുന്നു പോയത്. വരുമാനമില്ലാത്ത കടയിലെ തൊഴിലാളിക്ക് ശമ്പളം കൊടുക്കേണ്ടതില്ലെന്ന ന്യായത്തിൽ ഒരു പ്രവാസിയെന്ന നിലയിൽ ഞാനും വിശ്വസിച്ചേ പറ്റൂ.

   അർബാബ്‌ ഇവിടെ വരുന്ന ദിവസങ്ങളിൽ എനിക്ക് ചീത്തവിളി ഉറപ്പാണ്.ചിലപ്പോ കൈയൊങ്ങാനും മടിക്കില്ല.അത്രയ്ക്ക് ദേഷ്യക്കാരനാണ്.കടയുടെ ഷട്ടർ തൂത്തില്ല,പുറത്തെ ബൾബ് മാറിയില്ല എന്നിങ്ങനെതുടങ്ങി ചീത്തവിളി കേൾക്കാനുള്ള എന്തെങ്കിലുമൊക്കെ അവസരം ഞാനും ഉണ്ടാക്കിവെക്കാറുണ്ട്.ഇന്നത്തെ ചീത്തവിളി എന്തിനായിരിക്കുമോ എന്ന ആകുലതയോടെ ലുങ്കിയുടെ മടക്കിക്കുത്തഴിച്ചിട്ട് ഞാൻ പുറത്തേക്കിറങ്ങി.
    "അസ്സലാമു അലൈക്കും അർബാബ്‌."
  
   "വാ അലൈക്കും സലാം.....
   കൈഫ് ഹലക്ക് യാ റഫീക്ക്.?"

    തിരിച്ചു സലാം ചൊല്ലിയ കൂട്ടത്തിൽ പുഞ്ചിരിയോടെ അർബാബ്‌ സുഖവിവരവും അന്വേഷിക്കുന്നത് കേട്ടപ്പോൾ എനിക്ക് അതിശയമാണ് തോന്നിയത്.ഇത്രയും വർഷങ്ങൾക്കിടയിൽ ആ മുഖത്തൊരു ചിരി ഞാൻ കണ്ടിട്ടില്ല എന്നതാണ് എന്റെ അതിശയത്തിന് കാരണം.
  
    "ഇത് കുറച്ച് അരിയും ഇറച്ചിയും പച്ചക്കറികളും മറ്റുമാണ്.നാളെമുതൽ ഇവിടെ സമ്പൂർണ്ണ ലോക്ക്ഡൗണ് തുടങ്ങുകയാണ്.പുറത്തേക്കൊന്നും ഇറങ്ങാൻ നിക്കണ്ടാ.എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാമതി."

     കൈയിലുള്ള സഞ്ചി എന്നെ ഏൽപ്പിച്ച് തിരിഞ്ഞു നടക്കുന്ന അർബാബ് എന്നെ ഒന്നുകൂടി അമ്പരപ്പെടുത്തി.ഇനിയേതായാലും പട്ടിണി കിടക്കണ്ടല്ലോ എന്ന സന്തോഷത്തോടെ റൂമിലേക്ക് കയറി യപ്പോൾ മീനുവിന്റെ കോൾ.

    "ഏട്ടാ ഈ മാസം ഇനി പൈസ അയക്കാൻ കഴിയില്ലായിരിക്കും അല്ലേ..? സർക്കാരിന്റെ റേഷൻ കിട്ടിയതുകൊണ്ട് എനിക്കും മക്കൾക്കും ഭക്ഷണത്തിന് മുട്ടൊന്നും ഇല്ല.കഞ്ഞിയും പയറുമൊക്കെ മക്കൾക്ക് കഴിക്കാൻ ഇതിട്ടമുണ്ടായിട്ടൊന്നുമല്ല..
 മീനോ ഇറച്ചിയോയില്ലാതെ ചോറുണ്ട് ശീലമില്ലല്ലോ..വിശക്കുമ്പോൾ അവരും എല്ലാം ശീലിക്കട്ടെ.ഏട്ടൻ ഞങ്ങളെയോർത്ത് വിഷമിക്കയൊന്നും വേണ്ടാ.എല്ലാം ശരിയാവും...."
   
    ശരിയാണ് എല്ലാം ശരിയാവും.ഒരാപത്ത് വന്നപ്പോൾ ലോകം മുഴുവൻ പരസ്പര സ്നേഹത്തോടെ ഒരുമിച്ചു നിൽക്കുന്ന വാർത്തകളാണ് ദിവസേന കേൾക്കുന്നത്.ഒരിക്കലും ഒരു നല്ലവാക്കു പറഞ്ഞു ശീലമില്ലാത്ത അർബാബ്‌ പോലും എന്റെ വിശപ്പിനെപ്പറ്റിയോർത്തെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഒരു പ്രവാസിയുടെ കുടുംബത്തിന് ഒരിക്കലും വിഷമിക്കേണ്ടിവരില്ല.
   
   ജഗ്ഗിലെ തണുത്ത വെള്ളം കുടിച്ചപ്പോൾ വയറ്റിലെ തീയണഞ്ഞ ആശ്വാസത്താൽ ഞാൻ വീണ്ടും കട്ടിലിലേക്ക് ചാഞ്ഞു.നെഞ്ചിലെവിടെയോ ഒരു തീ അപ്പോഴും എരിയുന്നുണ്ടായിരുന്നു.ഒരു പ്രവാസിയുടെ നെഞ്ചിലെ ഒരിക്കലും അണയാത്ത തീ.അർബാബ്‌ കൊണ്ടുവന്ന സഞ്ചിയുടെ കാര്യം ഞാനപ്പോൾ പാടേ മറന്നുപോയിരുന്നു.

  Riju Kamachi

മടക്കയാത്ര (കഥ)

ഫാനിൻ്റെ ശബ്ദം നിലച്ചപ്പോഴാണ് ഉണർന്നത്.അത് കൂടി  നിന്നപ്പോൾ മുറിയിൽ ഇപ്പോൾ വല്ലാത്ത നിശബ്ദത തോന്നി.
കറണ്ട് പോയതാണ്. അവൾക്ക് തോന്നി 
അവൾ മുകളിലേയ്ക്ക് നോക്കി തന്നെ കിടന്നു. ഫാൻ തൻ്റെ ജോലി തീർന്നതിൻ്റെ അവസാന നിമിഷത്തിലേയ്ക്ക് അടുക്കുന്നു.
ജനൽ വഴി മുറിയിലേയ്ക്ക് കടന്ന പ്രകാശത്തിൽ ഫാൻ വലത് വശത്തെ ഭിത്തിയിൽ ഒരു നിഴലായി ചലനമറ്റ് നിൽക്കുന്നു. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ഫാൻ തൻ്റെ ജീവിതത്തിൻ്റെ ഭാഗമായി തീർന്നിരിക്കുന്നു എന്ന്  തിരിച്ചറിഞ്ഞത് ആ ശബ്ദം നിലച്ചപ്പോഴാണ്.
കാരണം തലമുറകൾ മറികടന്ന് വന്ന ആ ഫാനിൻ്റെ ശബ്ദം വർണ്ണനാധിതമായിരുന്നു.
എഴുന്നേൽക്കണമോ,
വേണ്ടായോ എന്ന ഒരു ചിന്തയിലായിരുന്നു അവൾ. എഴുന്നേറ്റിട്ടും പ്രത്യേകിച്ച് കാര്യമില്ലെന്ന് അവൾക്കറിയാം.
തൊട്ടടുത്തെ തടികൊണ്ട് നിർമ്മിച്ച മേശയുടെ മുകളിൽ ചാർജ് ഇട്ടിരുന്ന മൊബൈലിലേയ്ക്ക് സമയം നോക്കി.അഞ്ച് മണി കഴിഞ്ഞിരിക്കുന്നു.
മൊബൈലിലെ മിസ് കോൾ അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്.അമ്മ വിളിച്ചിരിക്കുന്നു. ശബ്ദം കുറച്ച് വച്ചിരുന്നത് കൊണ്ടാണ് കേൾക്കാതിരുന്നത്.
ഈ അമ്മയുടെ ഒരു കാര്യം.
രാവിലെ വിളിച്ച് സംസാരിച്ചതാണ്.
വീണ്ടും വിളിച്ചിരിക്കുന്നു.
അതു കൊണ്ട് തന്നെ തിരിച്ച് വിളിക്കണമെന്ന് തോന്നിയില്ല.
അല്ലെങ്കിൽ തന്നെ ഒരു മുറിയിൽ അടച്ചിരിക്കുന്ന എനിക്ക് എന്താണ് പുതുതായി പറയാൻ ?എന്തായാലും
അവൾ കട്ടിലിൽ നിന്ന് പതിയെ എഴുന്നേറ്റു.
നേരം വൈകിട്ടോട് അടുക്കുന്നു എന്ന് മനസിലായി.
പുറത്തെ തെരുവിൽ വിളക്കുകൾ തെളിഞ്ഞ് തുടങ്ങിയിരിക്കുന്നത് ജനലിൽ കൂടി കാണാം.
നഗരത്തിന് പുറത്തായത് കൊണ്ട് തന്നെ അധികം തിരക്ക് കാണില്ലെന്നറിയാവുന്നത് കൊണ്ടാണ് ഇവിടെ തന്നെ  മുറിയെടുത്തത്.അപ്പോഴാണ് അപ്രതിക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
കുറെ വർഷങ്ങൾക്ക് മുമ്പ് അച്ഛനോടൊപ്പം വന്നപ്പോഴും ഇവിടെയായിരുന്നു താമസിച്ചിരുത്.
അച്ഛൻ ഇവിടെ ജോലി ചെയ്തിരുന്ന കാലം മുതലുള്ള അടുപ്പമാണ്,
ഈ തിരക്ക് കുറഞ്ഞ തെരുവിനോടും,
ഈ കെട്ടിടത്തോടുമുള്ളത്.
അച്ഛൻ്റെ പഴയ ഒരു ചങ്ങാതിയാണ് ഇതിൻ്റ ഉടമ.
കെട്ടിടം എന്ന് പറഞ്ഞാൽ വലിയ ഫ്ലാറ്റൊന്നുമല്ല.
താഴത്തെ നിലയും,മുകളിലത്തെ ഒരു നിലയും മാത്രം.
മൺചുവരുകളും കുറെ തടികളും കൊണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് എന്നോ നിർമ്മിച്ചവ.
ഒരു പക്ഷെ ബംഗാൾ നവാബുമാരുടെ കാലത്തുള്ളത്.
അല്ലെങ്കിൽ ബ്രിട്ടീഷുകാരുടെത്.
തടികളിലെ ചിത്രപ്പണികളെല്ലാം കാലപ്പഴക്കത്തിൽ മറഞ്ഞു കൊണ്ടിരിക്കുന്നു.
ജനലിലും,വാതിലുകളിലും,
ചുമരുകളിലുമെല്ലാം ഏതൊക്കെയോ കാലത്തെ എന്തൊക്കെയോ കൊത്തുപണികൾ അവ്യക്തമായി കാണാം.
താഴെ കുറെ പഴയ കടകളാണ്.
മുകളിൽ സ്ഥിരമായി ചില ആളുകൾ താമസിക്കുന്ന നാലഞ്ച് മുറികളും.അവരൊക്കെ റയിൽവേ ജീവനക്കാരും.
ഉടമസ്ഥൻ ഇവിടെ ഒരു ചെറിയ മുറി എപ്പോഴും ഒഴിച്ചിട്ടിരിക്കും.
അതാണ് എനിക്ക് കിട്ടിയത്.
രമേശ് ആണ് എല്ലാം ശരിയാക്കി തന്നത്.
രമേശ് ഇവിടെ നിന്ന് കുറച്ചകലെയായി താമസിക്കുന്ന  മലയാളിയാണ്.
ഭാര്യയും ഒരു മകളുമാണ് ഒപ്പമുള്ളത്.ഒരു ചെറിയ ഇടുങ്ങിയ മുറിയിലാണ് അവരുടെ താമസം. അവിടെ താമസിക്കാൻ അവർ  നിർബന്ധിച്ചെങ്കിലും നിരസിക്കുകയായിരുന്നു. പാവങ്ങൾ അല്ലാതെ തന്നെ കുറെയേറെ സഹായിക്കുന്നുണ്ട്.
ഇനി ആ ഒറ്റമുറി വീട്ടിൽ അവരോടൊപ്പം ഇടുങ്ങി....
അത് വേണ്ട.രണ്ട് തലമുറകളായി  അവർ ഇവിടെ താമസിക്കുന്നവരാണ്.
അച്ഛനൊടൊപ്പം റെയിൽവേയിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു രമേശിൻ്റെ അച്ഛനും.രമേശൻ ഒരു ബംഗാളി പെൺകുട്ടിയെയാണ് വിവാഹം കഴിച്ചത്.അതോടെ രമേശനും ഈ നഗരത്തിൻ്റെ ഭാഗമായി മാറുകയായിരുന്നു.
ഒരു തരത്തിൽ ഇങ്ങനെ വിവാഹം കഴിക്കുന്നവരുടെ അവസ്ഥയെല്ലാം ഇത് തന്നെയാണ്.
പയ്യെ പയ്യെ നാടുമായുള്ള ബന്ധം അവസാനിക്കുകയാണ്.
അപ്രതീക്ഷിതമായ ഒരു പറിച്ച് നടൽ എന്ന് വേണമെങ്കിൽ പറയാം. ഇപ്പോൾ നാട്ടിൽ രമേശന് പറയത്തക്ക ആരും തന്നെയില്ല.
വരവ് പോക്കുകളില്ല.
ആകെയുള്ളത് ഞങ്ങളുടെ കുടുംബവുമായുള്ള സൗഹ്യദം മാത്രം.
അങ്ങനെ എത്രയോ മലയാളികൾ കേരളത്തിന് പുറത്ത് ജീവിക്കുന്നുണ്ടാകാം.
അവരെല്ലാം ഇപ്പോൾ ജീവിക്കുന്ന നഗരത്തിൻ്റെ ഭാഗമാണ്.
നാട്ടിലേയ്ക്ക് ഇനിയൊരു തിരിച്ച് പോക്ക് പലർക്കുമുണ്ടാകില്ല. ഒരിക്കലും...,
പോയാലും ആരുണ്ടാകും നാട്ടിൽ അവർക്ക് ?
ഏതെങ്കിലും അകന ബന്ധുക്കൾ മാത്രം.ചിലർക്ക് ഉണ്ടായാലായി ഇല്ലെങ്കിലായി.
തെരുവ് പതിയെ ഇരുളിലേയ്ക്ക് വഴുതി വീഴുന്നു.ദൂരെയായി  കാഴ്ച്ചയിലുള്ളതെല്ലാം ഇരുൾ സ്വന്തമാക്കുന്നു.
മങ്ങിയ വെട്ടത്തിലൊതുങ്ങി ഒരു നിഴൽ പോലെ ഭൂമി ഇരുളിലേയ്ക്ക് ഊളിയിടുകയാണ്.
ഇനി ഇരുളിൻ്റെ സ്വന്തമാണ് ഭൂമിയും,ഈ തെരുവുമെല്ലാം.
തിരക്കുള്ളതല്ലെങ്കിലും ഒരോ തെരുവിൻ്റെയും അപ്രതീക്ഷിത നിശബ്ദത മനുഷ്യരെ വല്ലാതെ  ഭയപ്പെടുത്തും.
ആ ഭയപ്പെടുത്തൽ മനുഷ്യർക്ക്  ഒറ്റപ്പെടലായി അനുഭവപ്പെടും.
വാതിലിൽ ആരോ മുട്ടുന്നു.
ആരായിരിക്കും....?
രമേശ് ആയിരിക്കുമോ ?
നിശബ്ദതയിലെ ഒരു ചെറിയ ശബ്ദം പോലും അലർച്ച പോലെ ഭയപ്പെടുത്തുന്നതാണ്.
അത് വല്ലാതെ  അസ്വസ്ഥപ്പെടുത്തുന്നതാണ്.
ജനൽ പടികളിൽ നിന്ന് പിടിവിട്ട്
ചെന്ന് കതക് മെല്ലെ തുറന്നു.
എന്നും വരുന്ന ഒരു തമിഴ് പയ്യനാണ്.
ശാപ്പാട് !
ആ പയ്യൻ രാത്രിയിലേയ്ക്കുള്ള ആഹാരവുമായി വന്നതാണ്.
അവൻ്റെ കൈയ്യിൽ നിന്ന് പാത്രങ്ങൾ വാങ്ങി.
പഴ്സിൽ നിന്ന് ആ പയ്യന് എന്തെങ്കിലും കൊടുക്കാൻ എടുക്കും മുമ്പ്
അവൻ തിരികെ ഒരോട്ടമായിരുന്നു.
തടികൊണ്ട് പണിത താഴേയ്ക്കുള്ള പടികൾ വഴി അവൻ ഓട്ടുന്ന
ശബ്ദം മുഴങ്ങി കേൾക്കുന്നു.
തൊട്ടടുത്ത് തമിഴ് ഹോട്ടൽ നടത്തുന്നവരാണ് അഹാരം കൊടുത്തയച്ചത്.
ഹോട്ടലുകൾ ഇല്ലാത്തത് കൊണ്ട് ഹോട്ടലുകാർ വീട്ടിൽ പാചകം ചെയ്ത് കൊടുത്ത് വിട്ടതാണ്.
ഇവിടെ മലയാളികളുടെ ഹോട്ടലുകൾ കുറവാണ്.
ഇല്ല എന്ന് തന്നെ പറയാം.
പിന്നെ ആകെ അറിയാവുന്നത്
ഈ തമിഴ് ബ്രാഹ്മണരുടെ ഹോട്ടലാണ്. അവിടെ നിന്ന് രമേശാണ് എല്ലാ ഏർപ്പാടുകളും ചെയ്തത്.
മൊബൈൽ ഫോണിൻ്റ ബല്ല് കേട്ടാണ്  തിരിഞ്ഞ് നോക്കിയത്.
അമ്മയായിരിക്കും,അവൾ മനസിൽ പറഞ്ഞു.
പാത്രങ്ങൾ മേശമേൽ വച്ചിട്ട് ഫോണെടുത്തു.
അമ്മയല്ല,രമേശാണ്.
ഫോണിൽ എന്തൊക്കെയോ അവൻ പറഞ്ഞു കൊണ്ടേയിരുന്നു.എല്ലാം സഹായ അഭ്യർത്ഥനകളായിരുന്നു.
എന്തെങ്കിലും കുറവുകളുണ്ടോ എന്നുള്ള ചോദ്യങ്ങളായിരുന്നു.
നാട്ടിൽ നിന്നെത്തിയ ഞാൻ ഒറ്റയ്ക്കാണെന്ന ഭയമാണ് അവന്.
വേണ്ടാ വേണ്ടാ എന്ന് പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു.
രമേശ് ഭാര്യയെ കൂട്ടിനായി ഇവിടെ  കൊണ്ടാക്കാമെന്ന് പറഞ്ഞതാണ്.
ദിവസങ്ങൾക്ക് മുമ്പേ ഞാനത് നിരുസാഹപ്പെടുത്തിയതാണ്.
അവർ അവരുടെ ജീവിതം,
അതങ്ങനെ പോകട്ടെ.
ഒന്നിനും തടസം വേണ്ടാ എന്ന് ആദ്യമെ തീരുമാനിച്ചതാണ്.
അതുകൊണ്ടാണ് വീണ്ടും വേണ്ടാ എന്ന് പറയേണ്ടി വന്നത്.
ഓരോന്ന് ആലോചിക്കുന്നതിനിടയിൽ കറണ്ട് വന്നത് എപ്പോഴാണെന്ന് പോലും ഓർമ്മയില്ല.ഫാനിൻ്റെ കട കട ശബ്ദവും ശ്രദ്ധിച്ചില്ല.
എല്ലാം എപ്പഴോ ഓർമ്മകൾക്കുള്ളിൽ മറഞ്ഞു പോയിരിക്കുന്നു.
എപ്പോഴാണ് ഇവിടെ നിന്ന് പോകാൻ സാധിക്കുന്നത് ?
എന്നാണ് 'ലോക്ക് ഡൗൺ' മാറി
വാഹന ഗതാഗതം ആരംഭിക്കുന്നത്?
ഫ്ലൈറ്റ് സർവീസ് തുടങ്ങുന്നത്.
ഒന്നിനും ഒരു നിശ്ചയവുമില്ല.
എല്ലാവരും ഇപ്പോൾ നിൽക്കുന്നിടത്ത് തന്നെ നിൽക്കണമത്രെ !
പറയുന്നവർ ജനങ്ങൾക്ക് വേണ്ടിയാവാം പറയുന്നത്.
'പക്ഷെ എന്നെപ്പോലെ അപരിചിതമായ നഗരത്തിൽ ഒറ്റപ്പെട്ടു പോയവർ എത്രായിരങ്ങൾ കാണുമായിരിക്കും ?
സ്ത്രീകൾ ഒറ്റയ്ക്കാണെങ്കിൽ അവരുടെ സുരക്ഷിതത്വം എങ്ങനെയായിരിക്കും ?
എപ്പോഴായിരിക്കും തിരിച്ച് പോകാനാവുക ?
ഒന്നിനും ഒരെത്തും പിടിയും കിട്ടുന്നില്ല.'
ഈ നഗരം എനിക്ക് അന്യമല്ല.
ഭാഷയും അന്യമല്ല.
വർഷങ്ങൾ പലത് കഴിഞ്ഞെങ്കിലും പലരെയും ഇപ്പോഴും തിരിച്ചറിയാൻ കഴിയും.
അച്ചന് സ്ഥലം മാറ്റം ഇവിടെ നിന്ന് കേരളത്തിലേയ്ക്കായിരുന്നു.
അതിന് മുമ്പുണ്ടായിരുന്ന എൻ്റെ കുട്ടിക്കാലവും,ഹൈസ്ക്കൂൾ വിദ്യാഭ്യാസവും ഈ കൊൽക്കത്താ നഗരത്തിലായിരുന്നു.തിരികെ കേരളത്തിലേയ്ക്ക്,
സ്ഥലം മാറ്റത്തോടെ ഈ നാടും, നഗരവും അന്യമായിത്തീരുകയായിരുന്നു.
പക്ഷെ,കേരളം എനിക്ക് പുതിയ അനുഭവങ്ങളും,
പുതിയ പാoങ്ങളുമായിരുന്നു.
പലതിനോടും പൊരുത്തപ്പെടാൻ തന്നെ കുറെ കാലമെടുത്തു.
ബംഗാളും,കേരളവും തമ്മിൽ ഒരു രീതിയിലും യാതൊരു സാദൃശ്യവുമില്ലാത്ത രണ്ട് നാടുകൾ.
ഭാഷ,സംസ്ക്കാരം, വസ്ത്രധാരണം,ജീവിതരീതി, മനുഷ്യർ എല്ലാം വ്യത്യസ്ഥമായ രീതി. വ്യത്യസ്ഥമായ സാഹചര്യങ്ങൾ..,
ഇപ്പോൾ എല്ലാം മാറി,
രണ്ട് നാടുകളോടും പൊരുത്തപ്പെട്ട് കഴിഞ്ഞു,
'ഒന്ന് എനിക്ക് ജൻമം തന്ന്
എന്നെ വളർത്തിയ നഗരവും,
മറ്റൊന്ന്
ഇനി ജീവിക്കേണ്ട നാടും.'
അച്ഛൻ്റെ മരണത്തോടെയാണ് ഒറ്റപ്പെട്ടത്.
ഏകാന്തത എന്നത് എന്തെന് അറിഞ്ഞത്. വല്ലാത്ത ഒരവസ്ഥയിലേയ്ക്ക് പെട്ടെന്ന് മാറിയത്.
തളർന്ന് പോയ അമ്മയ്ക്ക് മുമ്പിൽ ആ കൈ പിടിച്ച് നിൽക്കേണ്ട ബാധ്യത കൂടി എനിക്കായി.
ഒരു സ്കൂട്ടർ അപകമായിരുന്നു.
കൊൽക്കത്തയുടെ നിരക്കുകളിലൂടെ എത്രയോ കാലം വാഹനം ഓടിച്ച് പോയിരിക്കുന്നു. യാതൊന്നും സംഭവിച്ചിട്ടില്ല.
പക്ഷെ,നമ്മുടെ നാട്ടിൽ ?
എന്ത് സുരക്ഷിതത്തമാണ് കേരളത്തിലെ റോഡുകളിൽ നമുക്കുള്ളത് എന്ന് തോന്നിപ്പോകുന്നു.
ഒരു പക്ഷെ വിധി അതായിരിക്കാം.
അല്ലെങ്കിൽ ഈ നഗരത്തിലേയ്ക്ക് വീണ്ടും വരേണ്ടി വരില്ലല്ലോ ?
അച്ഛൻ്റെ മരണത്തോടെ വയ്യാത്ത അമ്മ ഉൾപ്പടെയുള്ള എല്ലാ ഭാരങ്ങളും തൻ്റെ തലയിലേയ്ക്ക്
വരുമായിരുന്നോ ?
ഒടുവിൽ ഇപ്പോൾ അച്ഛൻ്റെ ജോലിയും,
അച്ഛൻ ജോലി ഇവിടെ നിന്നാണ് ആരംഭിച്ചത്.
അതു കൊണ്ട് തന്നെ ഈ കൊൽക്കത്തയിൽ എനിക്കും ജോയിൻ ചെയ്യേണ്ടി വന്നത്.
ഒടുവിൽ അവധി അപേക്ഷയും,
തമിഴ് നാട്ടിലേയ്ക്ക് മാറ്റം തരാമെന്ന ഉദ്യോഗസ്ഥരുടെ ഒരു വാക്കും.എന്നെ വളർത്തിയ നാട് കൂടി ആയതിനാൽ ഒറ്റയ്ക്ക് പോരാൻ ഭയം തോന്നിയിരുന്നില്ല.
അല്ലെങ്കിൽ തന്നെ എന്തിന് ഭയക്കണം ?
ആരെ ഭയക്കണം ?
ഇവിടെ അല്ലെങ്കിൽ മറ്റൊരിടത്ത്. എവിടെ ആയാലും ഇനിയുള്ള കാലം ഒറ്റയ്ക്ക്.
ഇനിയൊരു യാത്രയില്ലെന്ന് അമ്മ തീർത്ത് പറഞ്ഞു കഴിഞ്ഞു.
അച്ഛനെ അടക്കിയ സ്ഥലത്ത് വിളക്ക് വയ്ക്കണം.
എവിടെ ആയാലും ഇനി ഞാൻ ഒറ്റയ്ക്ക്. എൻ്റെ സുരക്ഷിതത്തം ഇനി എൻ്റെ ചുമലിൽ മാത്രം.
ഇരുളിലെ നിശബ്ദതയെ കീറി മുറിച്ച് വീണ്ടും മൊബൈൽറിംഗ് മുഴങ്ങി.മേശ മേൽ നിന്ന് കൈ കൊണ്ട് ഫോണെടുക്കുമ്പോൾ ഒരു   ചെറിയ വിറയൽ ഇല്ലാതിരുന്നില്ല.
'ആരായിരിക്കും ഈ രാത്രിയിൽ ?
ഫോണെടുത്ത് നോക്കിയപ്പോൾ അമ്മയാണ്.
'ഹലോ അമ്മ...?'
അമ്മയല്ല,
ഞാനാണ് മായേച്ചി,..,
നാട്ടിലെ അകന്ന ബന്ധത്തിലുള്ള ഒരു അനിയത്തിയാണ്.
ഞാൻ ഇവിടേയ്ക്ക് പോരുന്നപ്പോൾ അമ്മയ്ക്ക് കൂട്ട് കിടക്കാൻ വന്നതാണ്.
എന്താ മോളെ...?
അമ്മ....യ്...ക്ക്...?
ഒന്നൂല്ലേച്ചി...,
അമ്മ ഇവിടെ കിടക്കുന്നു.
ഞാൻ ഉച്ചയ്ക്ക് വിളിച്ചിരുന്നു.
മായേച്ചി ഫോൺ എടുത്തില്ല.
വിളിച്ചത് പിന്നെ...
'ലോക്ക് ഡൗൺ' വീണ്ടും നീട്ടിയെന്ന് പറയാനാണ്. പത്തിരുപത് ദിവസം കൂടി നീട്ടിയെന്ന് ടിവിയിൽ പറയുന്നത് കേട്ടു.
ചേച്ചി... ഇനിയിപ്പോ..?
അവളുടെ വാക്കുകൾ മുറിയുന്നത് തിരിച്ചറിഞ്ഞു.
തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല. മറുപടി പറയാൻ
വാക്കുകൾ നഷ്ടപ്പെട്ടതാണോ,
അതൊ വല്ലാത്തൊരു നിർവികാരതയാണോ ?
അറിയാതെ മൊബൈൽ ഫോൺ കട്ട് ചെയ്യാനാണ് തോന്നിയത്.
എന്താണ് തനിക്ക് സംഭവിച്ചത് ?
ശരീരത്തിൻ്റെ മരവിപ്പ് മാത്രം തിരിച്ചറിയാൻ കഴിയുന്നുണ്ട്.
തിരികെ ഒരു യാത്ര ഇനിയെപ്പോൾ ?രണ്ട് ദിവസത്തിനകം പോകാൻ കഴിയുമെന്ന് കരുതിയതാണ്.
അവൾ പറഞ്ഞത് ശരിയാണെങ്കിൽ...,
ഇനിയിപ്പോൾ ..
എൻ്റെ സുരക്ഷിതത്വത്തെ ഓർത്തല്ല.
അല്ലെങ്കിൽ തന്നെ ആരാണ് ഈ ലോകത്ത് സുരക്ഷിതരായുള്ളത് ?
അതു കൊണ്ട് തന്നെ ഒട്ടും ഭയവുമില്ല.
അമ്മയെ ഓർത്താണ്..
അമ്മയെ ഓർത്ത് മാത്രമാണ്.
രക്ത ബന്ധങ്ങളെ ഓർത്ത് വേദനിക്കാത്തവർ ആരുണ്ട് ഈ ലോകത്ത് ?

ഇനി തിരികെ യാത്ര ഇനിയെങ്ങനെ ?
എന്ന് ?
എപ്പോൾ ?
ഈ ലോക്ക് ഡൗൺ കാലത്ത് എന്നെപ്പോലെ
എത്രയോ ഒറ്റപ്പെട്ട് പോയ മനുഷ്യർ സ്വയം ചോദിച്ച് കൊണ്ടേയിരിക്കുന്നുണ്ടാകാം ഈ ചോദ്യം...!!!
അവൾ സ്വയം പിറു പിറുത്തു.
എഴുത്ത് : സഞ്ജയ് നല്ലില
വിലാസം:
സഞ്ജയ് നല്ലില,
ഷീൻ വില്ല,
പുലിയില,
നല്ലില പി.ഒ,
കൊല്ലം 691515
Mob : 9446365363
(കൊല്ലം ജില്ലയിലെ നല്ലില എന്ന ഗ്രാമത്തിലാണ് ഞാൻ താമസിക്കുന്നത്.
പ്രൊഫഷണൽ ഫോട്ടോഗ്രാഫിയാണ് എൻ്റെ  തൊഴിൽ. യാത്രയും, ഫോട്ടോയും, എഴുത്തുമാണ് ഇഷ്ടപ്പെട്ട മേഖല.
നവമാധ്യമങ്ങളാണ് എൻ്റെ കൂടുതലും എഴുത്തിന്റെ മേഖല)

മകൾ (കഥ )

മകൾ... 

"മുഹൂർത്തമായി "

ആരോ പറയുന്നു വിനയൻ മണ്ഡപത്തിലേക്ക് നോക്കി. അവിടെ തന്റെ പ്രാണനുണ്ട് ..തന്റെ മകൾ ..സർവ്വാഭരണ വിഭൂഷിതയായി ഒരു ദേവസുന്ദരിയെ കണക്കെ ..

"താലി എടുത്തു കൊടുക്ക് വിനയ "അമ്മാവനാണെന്നു തോന്നി പറഞ്ഞത്. 
ചുറ്റിലും കാണുന്ന കാഴ്ചകൾക്ക്, കേൾക്കുന്ന ഒച്ചകൾക്ക് ഒരു വ്യക്തതയില്ല .ഗുഹാമുഖത്തെവിടെയോ നിൽക്കും പോലെ .താലിച്ചരട് ആനന്ദിന്റെ കയ്യിലേക്ക് വെച്ച് കൊടുക്കുമ്പോൾ ഉള്ളിൽ നിറഞ്ഞ  പ്രാർത്ഥന . കണ്ണുകളിൽ "എന്റെ മകളെ ഞാൻ തരികയാണ് പൊന്നു പോലെ നോക്കിക്കൊള്ളാനെ  എന്ന അപേക്ഷയും "

നെഞ്ചില് സർവം ഭേദിച്ച് പുറത്തു വരാനൊരുങ്ങുന്ന ഒരു കരച്ചിലുണ്ട് .
..ഇരുപത്തിനാലു വര്ഷം നെഞ്ചിൽ ചേർത്ത്  വളർത്തിയ മകൾ  ഇനി മറ്റൊരു വീട്ടിലാണ് .താൻ ഒറ്റയ്ക്കാവുന്നു . .ജീവിതതിൽ പെണ്മക്കളുള്ള എല്ലാ അച്ഛൻമാരും കടന്നു പോകുന്ന സമയമാണിത് .അവരെങ്ങനെയാവും ഇത് തരണം ചെയ്തിട്ടുണ്ടാകുക ?

താൻകാത്തു സൂക്ഷിച്ചത്  പോലെ .താൻ കരുതിയതു  പോലെ ,താൻ ഉരുകിയതു  പോലെ , താൻ കൊഞ്ചിച്ച  പോലെ ഇനിയൊരു പുരുഷന് സാധിക്കുമോ എന്ന ആശങ്ക ഇല്ലാത്ത ഒരു അച്ഛൻ എങ്കിലും   ഉണ്ടായിരിക്കുമോ ഭൂമിയിൽ ?

വിവാഹം കഴിഞ്ഞാൽ  ചിലപ്പോൾ 
അവളുടെ കുസൃതികൾ അവൾ ഒളിച്ചു വെച്ചേക്കും 
അവളുടെ ഇഷ്ടങ്ങൾക്കു മേൽ ഒരു ഒരു പുതപ്പു മൂടും 
അവളുടെ സ്വപ്നങ്ങളുടെ കുടയ്ക്ക് ഒരു മൂടിയുണ്ടാകും 

തന്റൊപ്പം ആയിരുന്നപ്പോൾ 

"അച്ഛാ എനിക്ക് ഇന്ന് ബിരിയാണി  മതി ട്ടോ "
"അച്ഛാ എനിക്ക് കളർ പെന്സില്  വേണം "
"അച്ഛാ നീല ദാവണി കൊള്ളാമോ ?"
"അച്ഛാ ഞാൻ മുടി എങ്ങനെയാ കെട്ടേണ്ടത് ?"
"അച്ഛാ കണ്ണെഴുതി തന്നെ സമയം ആയി "

"അച്ഛാ അച്ഛാ അച്ഛാ ...അയാൾക്കു  തന്റെ  കാതുപൊത്തി  ഇറങ്ങി ഓടണം എന്ന് തോന്നി

 താൻ ആയിരുന്നു എന്നുമവൾക്ക്  അച്ഛനും അമ്മയും ..ജനിച്ചു ഒരു ദിവസം പ്രായമായ അവളെ  നെഞ്ചോട് ചേർത്തപ്പോൾ അടഞ്ഞതാണ് അവളുടെ അമ്മയുടെ മിഴികൾ. 
പ്രപഞ്ചം മകളിലേക്കു ഒതുങ്ങി .അവൾക്കും അങ്ങനെ തന്നെയായിരുന്നു എന്തിനും ഏതിനും അച്ഛൻ മതി 

വിവാഹാലോചനകൾ നടക്കുമ്പോൾ ചോദിച്ചു "മനസിലാരെങ്കിലും ഉണ്ടെങ്കിൽ പറയണം ട്ടോ "
അവൾ ചിരിച്ചു 
"എന്റെ മനസിലെൻറെ  അച്ഛൻ മാത്രമേയുള്ളു അച്ഛനെക്കാൾ സ്നേഹിക്കുന്ന ഒരാളെ ഞാൻ ഇത് വരെ കണ്ടിട്ടില്ലച്ഛാ .."
കണ്ണ് നിറഞ്ഞു  പോയി .

.പഠിപ്പിച്ചു ഡോക്ടർ ആക്കിയപ്പോൾ സന്തോഷം അഭിമാനം ..ഒരു ഡോക്ടറെ തന്നെ വരനായി കിട്ടി ..വീട്ടിൽ നിന്നും വലിയ ദൂരത്തല്ലാതെ തന്നെ ..അതും ദൈവാധീനം. ഒന്ന് പോയി കാണാമല്ലോ ആഗ്രഹിക്കുമ്പോൾ .
തന്നെക്കാൾ കൂടുതൽ അവളെ സ്നേഹിക്കുന്ന ഒരാളാകാനേ എന്ന ഒരു പ്രാർത്ഥന മാത്രം ഉണ്ടായിരുന്നുള്ളു എന്നും  

"തനിക്കു ക്ഷീണമുണ്ടാകും കിടന്നോളു "ആനന്ദിന്റെ വാക്കുകൾ കേട്ട് അനുപമ  അയാളെ നോക്കി ആ കണ്ണുകൾ നനഞ്ഞിരുന്നു 
"അച്ഛനെ മിസ് ചെയ്യുന്നുണ്ടല്ലേ ?"
അവൻ അലിവോടെ ചോദിച്ചു 
ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി 
അവൻ ഒരു നിമിഷം ഒന്ന് പകച്ചു പിന്നെ അരികിൽ ചെന്ന് നിന്നു. 

"ഐ ആം സോറി.. ആനന്ദ് ..സോറി "അവൾ മുഖം തുടചു  ചിരിക്കാൻ ശ്രമിച്ചു. 

"നമ്മൾ കല്യാണതിനു മുൻപ് അധികം സംസാരിച്ചിട്ടില്ല ...നമുക്ക് കുറച്ചു സംസാരിച്ചാലോ  ?"ആനന്ദ് അവളോട് ചോദിച്ചു 

"അച്ഛനെ കുറിച്ച്  പറയു "
അവൻ വീണ്ടും  പറഞ്ഞു 

അച്ഛൻ എന്ന മൂന്നക്ഷരം അവളുട ജീവൻ തന്നെയാണെന്ന് അവനു തോന്നി. അവൾ വരച്ചിട്ട അച്ഛന്റെ ചിത്രങ്ങൾക്ക് മഴവില്ലിന്റെ തിളക്കവും മിഴിവുമുണ്ടായിരുന്നു. അച്ഛൻ ഒറ്റയ്ക്കായതിന്റ വിങ്ങലും സങ്കടവും ഉണ്ടായിരുന്നു. അച്ഛൻ ഇന്ന് ഉറങ്ങില്ല എന്ന് വേദനയോടെ പറഞ്ഞു. 

"ഇപ്പോൾ നമുക്കൊരു  റൈഡ് പോയാലോ?  മൂഡ് ഒക്കെ ഒന്ന് മാറട്ടെ "
അവൻ മെല്ലെപറഞ്ഞു  അവൾ അമ്പരപ്പോടെ ഒന്ന് നോക്കി 

"ബൈക്കിൽ രാത്രി റൈഡിനു പോയിട്ടുണ്ടോ?  "
അനുപമ  ചിരിച്ചു 

"എനിക്ക് വലിയ ഇഷ്ടാ. അച്ഛന് ബുള്ളറ്റ് ഉണ്ട് ഞങ്ങൾ അതിൽ പോകും "
അവളുടെ മുഖം വിടർന്നു കണ്ണുകളിൽ ഉത്സാഹം നിറഞ്ഞു 
"കം ഓൺ "അവൻ ഇറങ്ങി 

"നല്ല തണുപ്പല്ലേ?  "തണുത്ത കാറ്റിൽ അവൾക്കു കുളിർന്നു. 
"എന്നെ ഒന്ന് കെട്ടിപ്പിടിച്ചോടോ "
"എന്താ ?"അവളതു ശരിക്കു കേട്ടില്ല 
"ഒന്ന് മുറുകെ കെട്ടിപ്പിടിക്കാൻ ..."
അവൾക്കു നേരിയ ഒരു മടി തോന്നി എന്നാലും ഒന്ന് ചേർന്നിരുന്നു ആ തോളിലൂടെ കയ്യിട്ടു. 

തന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് ബൈക്ക് തിരഞ്ഞപ്പോൾ അവൾ  ആ തോളിൽ ഒന്നമർത്തി 

"നമ്മളെങ്ങോട്ട ?"
"താൻ അല്ലെ പറഞ്ഞത് അച്ഛൻ ഉറങ്ങി കാണില്ല എന്ന്.ഉറങ്ങിയോ എന്നൊന്നു നോക്കമെടോ "
ഗേറ്റിന്റെ കൊളുത്തെടുത്ത ശബ്ദം കേട്ടു വിനയൻ മുറ്റത്തു നിന്ന് അങ്ങോട്ടേക്ക് വന്നു 

ഒരു പൂങ്കുല നെഞ്ചിൽ പതിച്ച പോലെ 

"മോളുട്ടി .."അയാൾ മകളെ അമർത്തി പിടിച്ചു 

"ഞങ്ങൾ വെറുതെ ഒരു റൈഡിനിറങ്ങിയതാ .അച്ഛൻ ഉറങ്ങി കാണില്ല എന്ന് അനു..ഉറങ്ങിക്കാണും  എന്ന് ഞാൻ ...ഞാൻ തോറ്റു"
അവൻ കുസൃതിയിൽ പറഞ്ഞു 

വിനയൻ അവനെ ഇമ വെട്ടാതെ നോക്കി നിന്ന് പോയി .തന്റെ മകളെ മനസിലാക്കുന്നവൻ ., തന്നെ മനസിലാക്കുന്നവൻ .അയാളുടെ ഹൃദയം നിറഞ്ഞിരുന്നു . തന്റെ മകളെ തന്നെക്കാൾ നന്നായി സ്നേഹിച്ചേക്കുന്ന ഒരാൾ .താൻ  തിരഞ്ഞെടുത്തത്  തെറ്റിയില്ല .

ഒരാണിന് മറ്റൊരാണിനെ മനസിലാകും പോലെ മറ്റാർക്കാണ്  കഴിയുക ?

ആനന്ദ് മുറ്റത്തു പൂത്തു നിൽക്കുന്ന മുല്ല ചെടികളിൽ നിന്ന് ഒരു പൂവിറുത്തു മണത്തു 
"ഇവിടുത്തെ കാറ്റിന്  പോലും കുടമുല്ലപ്പൂവിന്റെ മണം"

വിനയന്റെ മെല്ലെ ആ തോളിൽ ഒന്ന് ചേർത്ത് പിടിച്ചു 
"അകത്തേക്ക് വരൂ "
അകത്തേക്ക്  നടക്കുമ്പോൾ ആനന്ദ് ആ മുല്ലപ്പൂവ് അച്ഛൻ കാണാതെ  അനുപമയുടെ മുടിയിലേക്കു വച്ചു കൊടുത്തു 

അവൾ നാണം പൂത്ത മിഴികളോടെ അവനെ നോക്കി 
എത്ര പെട്ടന്നാണ് പെണ്ണ് പ്രണയത്തിന്റെ പൂമരം ആയി മാറുന്നത് ?
കുറച്ചു  മുൻപ് വരെ കണ്ട ആളെയല്ല 

കണ്ണിൽ വശ്യത നിറഞ്ഞ ചിരിയുമായി അവളെങ്ങനെ നടന്നു മുറിക്കുള്ളിലേക്ക് കയറി 

 അവളങ്ങനെ തോരാതെ പെയ്യുന്ന മഴയാകണമെങ്കിൽ ആനന്ദിനെ   പോലെ ഒരു ഭൂമി വേണം എന്ന് ആണ്  മനസിലാക്കുന്നിടത്തു മാത്രമാണ് പെണ്ണിനെ ആണിന് പൂർണമായും സ്വന്തമാക്കാനാകുന്നതും. ..

മാതൃസ്പർശം (കഥ)

മാതൃസ്പർശം 
----------------------

ഇരുപത് ദിവസം മാത്രം പ്രായമായ പിഞ്ചുമോൻ മുലപ്പാൽ കുടിക്കാൻ വിഷമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോളാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള നഗരത്തിൽ,  രാജ്യത്തിലെ ഏറ്റവും സുസജ്ജമായ ആശുപത്രിയിൽ  എമെർജെൻസി വിഭാഗത്തിൽ ഞങ്ങൾ അവനെയും കൊണ്ട് ആ രാത്രി ചെന്നത്. 

നഴ്‌സിംഗ് വിഭാഗത്തിലെ പ്രാഥമിക പരിശോധനക്ക് ശേഷം ഡ്യൂട്ടി ഡോക്ടർ, ബാസം ഞങ്ങളെ കണ്ടു.

"വാട്സ് ഹാപ്പനിംഗ്?  യുവർ ബേബി ഈസ് സീരിയസ്‌ലി സിക്ക്,  വി നീഡ് ടു അഡ്മിറ്റ് ഹിം ഹിയർ"(നിങ്ങളുടെ മകൻറെ രോഗാവസ്ഥ ഗുരുതരമാണ്,  അവനെ ഇവിടെ അഡ്മിറ്റ് ചെയ്യേണ്ടതുണ്ട്).

ഡോക്ടർ  പറഞ്ഞത് കേട്ട് ഞങ്ങൾ സ്തബ്ധരായിപ്പോയി.  പെട്ടെന്ന് തന്നെ കുഞ്ഞിനേയും കൊണ്ടുപോകാനുള്ള ചക്രങ്ങൾ ഘടിപ്പിച്ച കട്ടിലെത്തി,  കുഞ്ഞിനേയും ഉമ്മയെയും രണ്ട് നഴ്സുമാർ ചേർന്നു ആശുപത്രിയുടെ അകത്തേക്ക് കൊണ്ടുപോയി.

കിട്ടിയ അവസരം ഞാനും വിനിയോഗിച്ചു, രാവിലെ മുതൽ എനിക്ക്,  പനിക്കോളും , തൊണ്ടവേദനയുമുള്ള കാര്യം ഡോക്ടറോട് പറഞ്ഞു,   എന്നെ കൂടി പരിശോധിപ്പിച്ചു, 

"നിങ്ങൾക്ക് ചിക്കൻ പോക്സ് പിടിപെട്ടിരിക്കുന്നു.,  ഇനി രണ്ടാഴ്ചത്തേക്ക് ഇങ്ങോട്ട് പ്രവേശിക്കരുത്,  നിങ്ങളുടെ ഭാര്യയും കുഞ്ഞും ഇവിടെ സുരക്ഷിതരും ഏറ്റവും നല്ല ചികിത്സയും ഞങ്ങൾ നൽകുന്നതായിരിക്കും,  അതോർത്ത് നിങ്ങൾ വിഷമിക്കുകയേ വേണ്ട".

ഇരട്ട സങ്കടത്തിലായ എനിക്ക് എത്രയും വേഗം അവിടം വിടുകയേ വഴിയുണ്ടായിരുന്നുള്ളൂ. തലക്കുള്ളിലേക്ക് തീപ്പന്തം കയറ്റിയത് പോലെയുള്ള അവസ്ഥയിൽ ഉറങ്ങാൻ സാധിക്കാതെ മുറിയിൽ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. എപ്പോളോ ഉറക്കം പിടിച്ചു. അർദ്ധരാത്രിയും പിന്നിട്ട നേരം,  തലച്ചോർ തിളച്ചു തലയോട്ടിയിൽ തട്ടിക്കൊണ്ടിരിക്കുന്നത് പോലെയുള്ള  അതിശക്തമായ ചൂട് അനുഭവപ്പെട്ടു എന്റെ ഉറക്കം പോയി.. തലയിലാകെ ചെറു പ്രകമ്പനങ്ങൾ.  തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയത് പോലെ എന്തോ തറച്ചു നിൽക്കുന്നു.  തലയിൽ കൈകൊണ്ടൊന്ന് തടവി നോക്കിയപ്പോൾ, അവിടവിടെ കുരുക്കൾ തടയുന്നു, സൂചികുത്തുന്നത് പോലെ വേദന അനുഭവപ്പെട്ട മുഖം തടവി നോക്കുമ്പോൾ മുഖക്കുരുവിന് സമാനമായ ചെറുകുരുക്കളിൽ വിരലുകൾ തലോടിയിറിങ്ങി. നെഞ്ചിലും പുറത്തും ശരീരത്തിൽ എല്ലായിടത്തും ദ്രാവകം നിറഞ്ഞ കുരുക്കൾ!

രാവിലെയെഴുന്നേറ്റ് ജഗ്ഗിൽ നിന്നും വെള്ളം കുടിക്കുമ്പോൾ  ആ പച്ച വെള്ളത്തിന് പോലും ഒരു രുചിയും അനുഭവപ്പെട്ടില്ല!.   പ്രഭാതകർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഉമ്മ എന്നെ കാണുന്നത്.   കണ്ടപാടേ സങ്കടം കടിച്ചമർത്തിയെങ്കിലും കണ്ണിൽ ജലം പടർന്നിരുന്നത് ഞാൻ ശ്രദ്ധിച്ചു. കുറച്ച് സമയത്തിന് ശേഷം പ്രാതലുമായി മുറിയിലേക്ക് വന്ന ഉമ്മയോട് ഞാൻ പറഞ്ഞു.

"എനിക്ക് വിശപ്പില്ല ഉമ്മാ, പിന്നെ, പച്ചവെള്ളത്തിന് പോലും ഒരു രുചിയും നാവിലില്ല, ഇപ്പൊ ഇതൊന്നും വേണ്ട.  വിശക്കുമ്പോ ഞാൻ പറയാം".

വിളമ്പിക്കൊണ്ടുവന്ന ഭക്ഷണം ,മുറിയിലെ മേശമേൽ വെച്ചു , കട്ടിലിൽ എന്റൊപ്പം വന്നിരുന്നു ഉമ്മ എന്റെ കണ്ണുകളിലേക്ക് നോക്കി,  ഉമ്മയുടെ ചുണ്ടുകൾ  വിതുമ്പുണ്ടായിരുന്നു.   ചുളിവുകൾ വീണു തുടങ്ങിയ വലതു കൈയിലെ വിരലുകൾ പെട്ടെന്ന് എന്റെ മുടിയിഴകൾക്കിടയിലൂടെ മെല്ലെ സഞ്ചരിച്ചു തുടങ്ങി. പൊങ്ങിവന്ന കുരുക്കളിൽ തലോടി, ശേഷം നെറ്റിയിലും മുഖത്തും തടവി, ഇരുകൈകളും കൊണ്ട് എന്റെ കീഴ്ത്താടിയിൽ പിടിച്ച് , ഗദ്ഗദകണ്ഠയായി ഉമ്മ പറഞ്ഞു...

"ന്റെ മോനെ ഇങ്ങനെ കണ്ടിട്ട് സഹിക്കണില്ല,  ഓടിച്ചാടി നടന്ന നീ ഇവിടെ ഇങ്ങനെ, പിറന്നപാടെന്ന പോലെ നിന്റെ മോനും,   പെറ്റിട്ട് സ്വൈര്യമായി എണീച്ചു നടക്കുന്നതിന് മുൻപേ അവളും അവിടെ ആശുപത്രിയിൽ. അവൾക്കൊരു സഹായത്തിന് നിക്കണ്ടോനാ നീ, ഞാനവിടെ പോയി നിക്കാന്ന് വെച്ചാ, ഇവിടെ നിന്നേം ബാപ്പാനേം ആരാ നോക്ക്വ ?"..

ഉമ്മയുടെ സങ്കടത്തോടെയുള്ള സ്നേഹപ്രകടനം എന്റെയും ഉള്ളിൽ വല്ലാത്ത നീറ്റൽ വരുത്തിയിരുന്നു.   എന്തൊക്കെയോ പറയാൻ ഞാൻ വാ തുറന്നെങ്കിലും ഒന്നും പുറത്തു വന്നില്ല, മുതിർന്നപ്പോൾ എന്നും വീണ്ടും കൊതിച്ചു തുടങ്ങിയ ആ മടിയിലേക്ക് എന്റെ തല ചായ്ച്ചു കൊണ്ട് ഞാൻ പറഞ്ഞു..

"ഉമ്മാ, ചിക്കൻപോക്സ് അത്ര അപകടമുള്ള രോഗമൊന്നുമല്ലല്ലോ, സാധാരണയായി അതിന്റെ ദിവസങ്ങൾ പൂർത്തിയാകുമ്പോ അതങ്ങ് മാറിക്കൊള്ളും. ഇങ്ങോട്ട് കയറിവന്നു, എന്നെ പരിചരിക്കുന്ന ഉമ്മയുടെ അവസ്ഥ ആലോചിച്ചാണ് എനിക്കിപ്പോ സങ്കടം, ആശുപത്രിയിലെ കാര്യങ്ങൾ അവിടെ അവർ തന്നെ വേണ്ടപോലെ ശ്രദ്ധിച്ചോളും ഉമ്മാ, അതിൽ ബേജാറാകണ്ട"..

"വയസ്സായ എനിക്കിനി എന്ത് നോക്കാനാ മോനേ, ഞങ്ങക്കൊക്കെ ഇത് മുൻപേ വന്നതാ, ഇനി വീണ്ടും പിടിപെടില്ല, ങ്ഹാ വന്നാ തന്നെ സാരൂല , നിന്റേത് വേഗം മാറിക്കിട്ടിയാ മതി."

ഒരാഴ്ച കഴിഞ്ഞപ്പോൾ, ആശുപത്രിയിലുള്ള അവൾക്കും കുഞ്ഞിനും ചിക്കൻ പോക്സ് പിടിപെട്ടതായി അവൾ പറഞ്ഞു.   ന്യൂമോണിയ ഒരു വിധം സുഖപ്പെട്ടു വന്നപ്പോളായിരുന്നു കുഞ്ഞിനും അത് പിടിപെട്ടത്.  ഇളം മേനിയിൽ മേലാസകലം ചുവന്ന ചെറുകുരുക്കൾ പൊന്തിയത് ടെലഫോണിലൂടെ അവൾ വിവരിച്ചു.  

പിന്നെയും ഒരാഴ്ച്ച കൂടി കഴിഞ്ഞപ്പോൾ, എന്റെ ശരീരത്തിലെ കുരുക്കളെല്ലാം അമർന്നു, പകരം കറുത്ത പൊറ്റകൾ അടർന്നുവീണ അടയാളങ്ങൾ  സ്ഥലം പിടിച്ചിരിക്കുന്നു! ഇക്കാക്കയോട്  ടെലഫോണിൽ സംസാരിക്കുമ്പോൾ ഉമ്മ പറയുന്നത് കേട്ടു..

"എന്റെ തലയിലും മൂന്നാലെണ്ണമുണ്ടായിരുന്നു, ഞാനതൊന്നും കാര്യാക്കീല, എന്റെ ബേജാറ് ഓന്റെ കാര്യത്തിലായിരുന്നു!" തനിക്ക് ചിക്കൻ പോക്സ് പിടിപെട്ട കാര്യം മറച്ചുവെക്കുകയും അത് വകവെക്കാതെ ഉമ്മ എന്നെ പരിചരിക്കാൻ നിന്നു!

തികട്ടിവന്ന സങ്കടം, ഒരു പൊട്ടിക്കരച്ചിലായി പെയ്യുന്നത് അടക്കി നിർത്തി ഞാൻ മുറിയിൽ കയറി കതകടച്ചു. കട്ടിലിൽ വെറുതെ കിടന്നപ്പോൾ, പിഞ്ചുകുഞ്ഞിന്റെ കൈപ്പടങ്ങളുടെ മാർദ്ദവമുള്ള, പ്രായത്തിന്റെ അടയാളങ്ങൾ വീണുതുടങ്ങിയ പത്ത് കൈവിരലുകൾ എന്റെ തലയിലും മുഖത്തും തലോടുന്നത് ഞാൻ അനുഭവിക്കുകയായിരുന്നു!

ആ സമയം അവളിലെ ഉമ്മ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് , തന്റെ കൈവിരലുകൾ തൂവൽപോലെ മാർദ്ദവമുള്ള മുടിയിഴകളിൽ തലോടുന്നുണ്ടാവുമെന്ന് ഞാനോർത്തു.  അതൊരു സുഖമുള്ള ഭാവനയായിരുന്നു!.

- മുഹമ്മദ് അലി മാങ്കടവ്
26/04/2020
Copyright Protected

ഭ്രാന്തൻ (ചെറുകഥ)


കൃഷ്ണന്റെ അമ്പലത്തിൽ രസീതെഴുത്തുകാരനായി ജോലികിട്ടിയിട്ട് ആഴ്ചകളേയായിരുന്നുള്ളു.
അമ്പലനടയിൽ നിന്നും ചിലപ്പോഴൊക്കെ ഒരു നിറത്തിൽ മാത്രമുള്ള  ചെരുപ്പുകൾ അപ്രത്യക്ഷമായിട്ട് അടുത്ത ദിവസം തിരികെയെത്തുന്നുവെന്നറിഞ്ഞപ്പോഴാണ്  അതൊരു കൗതുകമായി തോന്നിയത്.
പൂക്കട നടത്തുന്നയാളോട് അന്വേഷിച്ചപ്പോഴാണ് അതെടുക്കുന്നത് അവിടെ അടുത്തു തന്നെയുള്ളൊരു പയ്യനാണെന്നും അതിനു പിന്നിലൊരു കാരണമുണ്ടെന്നും പറഞ്ഞത്.അതുകേട്ട്  അവിടുണ്ടായിരുന്ന മറ്റു രണ്ടുപേർ പറയുന്നുണ്ടായിരുന്നു.അവനു ഭ്രാന്താ....ഭ്രാന്ത്.
  
പിറ്റേന്ന് അവനെ കാണാനായി പുറത്തേക്കിറങ്ങി ചെന്നപ്പോൾ കണ്ടത്  വൃത്തിയായി വേഷം ധരിച്ച, മുടിയൊക്കെ ഭംഗി യായി ചീകിയൊതുക്കിയ ഇരുപതുവയസ്സോളം പ്രായം വരുന്നൊരു ആൺകുട്ടി.
ഇവനാണോ അവർ പറഞ്ഞ ഭ്രാന്തനെന്നു ചിന്തിച്ചപ്പോഴേക്കും അവൻ ചെരുപ്പുകൾ ഇട്ടിരുന്നിടത്തേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു.ചെരുപ്പുകളിലെല്ലാം ഒന്നു പരതി നോക്കിയ ശേഷം അതിൽ നിന്നും ഒന്നുമെടുക്കാതെ അവൻ മടങ്ങിപ്പോയി.
"അവനിന്നു ക്രീം നിറത്തിലുള്ള ചെരുപ്പു കിട്ടിക്കാണില്ല.ദേ വെറും കൈയ്യോടെ മടങ്ങിപ്പോകുന്നു. ഭ്രാന്തൻ ചെക്കൻ".
അവിടെ നിന്ന ആരുടെയോ വാക്കുകൾ അവനെക്കുറിച്ചു കൂടുതലറിയാൻ എന്നെ പ്രേരിപ്പിച്ചു.അങ്ങനെയാണവന്റെ വീട്ടിലെത്തി യത്.കോളിംഗ് ബെല്ലടിച്ചു കുറേ നേരം കാത്തു നിന്നു.ആരും വരാതായപ്പോ തിരികെ പോരാൻ തുടങ്ങിയതായിരുന്നു.അപ്പോഴാണ് വീടിന്റെ പുറകുവശത്തു നിന്നും അവന്റെ അച്ഛനെത്തിയത്.അമ്പലത്തിൽ വച്ചെന്നെ കണ്ടിട്ടുള്ളതിനാൽ പരിചയപ്പെടുത്തലിന്റെ ആവശ്യം വന്നില്ല.തോളിൽ നിന്നും തോർത്തെടുത്ത് നെറ്റിയിലെ വിയർപ്പു തുടച്ച ശേഷം വാതിൽ തുറന്ന അദ്ദേഹം, അകത്തേക്കു  കയറിയിരിക്കാൻ ക്ഷണിച്ചു.
"പറമ്പിൽ കുറച്ചു കൃഷിയുണ്ട്.അതിനു വളമിടുകായിരുന്നു.അപ്പോഴാ ബെല്ലടി ശബ്ദം കേട്ടത്".
അദ്ദേഹത്തോട് എന്താണു ചോദിക്കുകയെന്ന ആശയക്കുഴപ്പം അലട്ടിയതിനാൽ ഞാൻ മറുപടിയൊരു  പുഞ്ചിരിയിലൊതുക്കി.
ചായയെടുക്കാമെന്നു പറഞ്ഞെണീറ്റ അദ്ദേഹത്തെ തടഞ്ഞ്,മകനെവിടെയെന്നു തിരക്കിയപ്പോൾ അവൻ പറമ്പിലുണ്ടെന്നു മറുപടി കിട്ടി.അവനെ കുറിച്ചറിയാനാണെന്റെ വരവെന്നു മനസ്സിയാട്ടാവും...
അവനെ അമ്പലത്തിൽ വച്ചു കണ്ടിരുന്നുവോയെന്ന് മറുചോദ്യം ചോദിച്ചത്.
പറമ്പിൽ നല്ല ചുറുചുറുക്കോടെ മണ്ണുവെട്ടുന്ന അവനെ കാട്ടിത്തന്നപ്പോഴും മനസ്സു ചോദിച്ചു ഇവനോ ഭ്രാന്ത്.
നവീൻ അതാണവന്റെ പേര്.അമ്മയ്ക്കവൻ കുഞ്ഞൂട്ടൻ.അവന് ഒരു വയസ്സുള്ളപ്പോഴാണ് അച്ഛന് ഗൾഫിൽ ജോലികിട്ടിയത്.അച്ഛൻ പോയശേഷം അമ്മമാത്രമായിരുന്നു അവന്റെ ലോകം.സ്ക്കൂളിലാക്കിയപ്പോഴും അമ്മയെ വിളിച്ച് വിതുമ്പുന്നവൻ, ടീച്ചർമാരോട് അമ്മ അമ്മയെന്നുമാത്രം ആവർത്തിച്ചു പറയുന്നവൻ,അമ്മയെത്തിയാൽ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു കരയും.മറ്റാരോടും കൂട്ടുകൂടാത്ത പ്രകൃതം.മറ്റു കുട്ടികളോടൊപ്പം കളിക്കാൻ പോകുന്നതിനേക്കാൾ അവനിഷ്ടം അമ്മയോടൊപ്പം കളിക്കാനായിരുന്നു.അമ്മ ജോലി ചെയ്യുന്ന സമയത്തും അവൻ തന്റെ കുഞ്ഞു കുഞ്ഞു സംശയങ്ങളുമായി പുറകേ കൂടും.ആ അമ്മയും മകനും അവരുടേതുമാത്രമായ ലോകത്ത് ജീവിച്ചു.ഇടയ്ക്ക് രണ്ടു തവണ അച്ഛനവധിക്കെത്തിയപ്പോഴും അവനടുപ്പം അമ്മയോടുമാത്രമായിരുന്നു.
അവന്റെ എട്ടാം പിറന്നാൾ ദിനത്തിൽ അമ്പലത്തിൽ പോയതായിരുന്നു അമ്മയും മകനും.നടയ്ക്കു പുറത്ത് ചെരിപ്പൂരിയിട്ട് പൂമാലവാങ്ങാനായി തിരിഞ്ഞപ്പോഴാണ് തന്റെ കൈയിൽ പേഴ്സില്ലെന്നകാര്യം അമ്മ ശ്രദ്ധിച്ചത്.റോഡുക്രോസ്സു ചെയ്ത സമയത്ത് വീണുപോയതായിരുന്നു.അവനോട്  അവിടെതന്നെ നിൽക്കാൻ പറഞ്ഞ്  തിരികെ പേഴ്സെടുക്കാൻ പോയ അമ്മയെ പാഞ്ഞു വന്നൊരു കാറു തട്ടിയിട്ടു.ഓടിക്കൂടിയ ആളുകൾ വേഗം തന്നെ  ആശുപത്രിയിലെത്തിച്ചെങ്കിലും, അമ്മയെ വിളിച്ച് കരഞ്ഞ് നിന്ന കുഞ്ഞിനെ തിരക്കിനിടയിൽ ആരും ശ്രദ്ധിച്ചില്ല.അമ്മയുടെ ചെരിപ്പും കൈയിൽ പിടിച്ച് തിരികെ വീട്ടിലെത്തിയ അവൻ വീട്ടുപടിക്കൽ കരഞ്ഞു തളർന്നു കിടന്നു.വെള്ളപുതപ്പിച്ച അമ്മയുടെ ശരീരം വീടിനകത്തു കിടക്കുമ്പോഴും ആ ചെരിപ്പും നെഞ്ചിൽ ചേർത്തുവച്ച് അവനമ്മയെ അന്വേഷിച്ചു നടന്ന കാഴ്ച.... അദ്ദേഹമതു പറയുമ്പോൾ കേട്ടു നിന്ന എന്റെയുള്ളിൽ പോലും വിങ്ങലായിരുന്നു.
അമ്മയുടെ മരണശേഷം അച്ഛൻ ജോലിയുപേക്ഷിച്ചു .അമ്മയിനിയില്ലെന്ന് എത്രപറഞ്ഞിട്ടും അവനംഗീകരിച്ചില്ല.അച്ഛനോടുപോലും ഒന്നും മിണ്ടാതായി.അമ്മ പേഴ്സുമെടുത്തു തിരികെ വരുമെന്നു തന്നെ അവൻ വിശ്വസിച്ചു.സ്കൂളിലേക്കുപോയാലും എന്തോ ഓർത്ത് ദൂരേക്ക് നോക്കിയിരിക്കും.അമ്മയുടെ ചെരിപ്പ് ഒരു നിധിപോലെ തന്റെ കിടക്കയിൽ വച്ചിരുന്നു.അതാരും എടുക്കുന്നതവനു സഹിക്കില്ല.അവിടുന്നുമാറ്റിയാൽ ഉറക്കെയുറക്കെ കരയും.അവൻ വരക്കുന്ന ചിത്രങ്ങളിലെല്ലാം അവനും അമ്മയും മാത്രമായിരുന്നു.പലവിധ ചികിത്സകളും നടത്തിയത്തിന്റെ ഫലമായിട്ടാകും രണ്ടുമൂന്നു വർഷം കഴിഞ്ഞപ്പോൾ കുഞ്ഞൂട്ടൻ അച്ഛനെ നോക്കി ചിരിച്ചു.പതിയെ സംസാരിച്ചു തുടങ്ങി.അച്ഛൻ സ്വർഗ്ഗം കിട്ടിയപോലെ സന്തോഷിച്ച നാളുകൾ.ആ സമയത്തും അമ്മ മരിച്ചുപോയെന്നു മാത്രം അവനോടു പറയാൻ പാടില്ലായിരുന്നു.പക്ഷേ ബന്ധുക്കളും നാട്ടുകാരും വിധിയെഴുതി അവനു ഭ്രാന്താണെന്ന്.ചില കുട്ടികൾ അമ്മയുടെ പേരു പറഞ്ഞ് അവനെ കളിയാക്കി.അവൻ തിരികെ ഒന്നും പ്രതികരിച്ചില്ലെങ്കിലും ആ മനസ്സു നീറുന്നത് അച്ഛനറിയാമായിരുന്നു.അങ്ങനെയിരിക്കെ ഒരുനാൾ അമ്പലത്തിൽ നിന്നു വന്ന അവൻ മറ്റൊരു ചെരിപ്പിട്ടു വന്നു.വീട്ടിലെത്തിയ ശേഷം അതെടുത്ത് ഭഭ്രമായി പൊതിഞ്ഞ് കട്ടിലിനടിയിൽ വച്ചു.അതു ശ്രദ്ധിച്ചെങ്കിലും അവനോടൊന്നും ചോദിച്ചില്ല.അടുത്ത ദിവസം രാവിലെ അതുമെടുത്തവൻ പുറത്തേക്കു പോയപ്പോൾ ഭയം തോന്നി.പുറകേ പോയപ്പോൾ കണ്ടത് അമ്പലത്തിനു പുറത്ത് ആ ചെരിപ്പുമായി നിൽക്കുന്ന അവനെയാണ്.അതെന്തിനാണെന്നു ചോദിച്ചപ്പോൾ അത് അമ്മയുടേതാണ് അതെടുക്കാനായി അമ്മ വരുമെന്നു പറഞ്ഞു.കാത്തു നിന്നു കാണാതായപ്പോൾ തിരികെയെത്തിയെങ്കിലും.അവനതു തുടർന്നു.ക്രീം നിറത്തിലുള്ള ചെരുപ്പുകൾ അമ്മയുടേതെന്നു കരുതി അതെടുത്തു വരും. അടുത്ത ദിവസം അതുമായി തിരികെ പോകും.വഴക്കു പറഞ്ഞും മുറിയിൽ അടച്ചിട്ടും ഇനി ആവർത്തിക്കരുതെന്ന്  അപേക്ഷിച്ചുമൊക്കെ നോക്കി.ഒന്നുകിൽ ഉറക്കെ കരയും.അല്ലെങ്കിൽ ഒന്നും മിണ്ടാതെയാകും.ആദ്യമൊക്കെ ചിലർ കള്ളനെന്നും ഭ്രാന്തനെന്നും പറഞ്ഞു തല്ലിയിട്ടുണ്ട്.എന്റെയമ്മ,എന്റയമ്മയെന്നു മാത്രം പറഞ്ഞ് ആ തല്ലുകൊള്ളും.പുറകേ അച്ഛൻ പോകുന്നതിനാൽ മാത്രം കൂടുതൽ തല്ലുകൊള്ളാതെ അവൻ രക്ഷപ്പെട്ടിരുന്നു.പൂട്ടിയിട്ടാലും ആ സമയമാകുമ്പോൾ അവൻ നിലവിളിച്ച് വാതിൽ തുറപ്പിക്കും.ഒരു മരുന്നിനും തുടച്ചുമാറ്റാനാകാത്ത വിധം ആഴത്തിൽ പതിഞ്ഞുപോയൊരു വ്യാധിപോലെയായി തുടർന്നു ആ പതിവ്.ഒടുവിൽ അച്ഛന്റെ സങ്കടം കണ്ട അമ്പലക്കമ്മറ്റിക്കാരാണ് അവനെ വിട്ടേക്കാൻ പറഞ്ഞത്.അവിടെ സ്ഥിരം വരുന്ന സ്ത്രീകളാരും ക്രീം നിറത്തിലുള്ള ചെരുപ്പിട്ടു വരാതെയായി.വല്ലപ്പോഴും വരുന്ന ആരെങ്കിലുമാണെങ്കിലേ പ്രശ്നമുണ്ടാകൂ.നാളുകളോളം ആരുടേം ചെരിപ്പു കിട്ടാതിരുന്നിട്ടും അവൻ ദിവസവും തന്റെ നിൽപ്പു തുടർന്നു.അമ്മയവനെ തേടി വരുമെന്ന പ്രതീക്ഷയോടെ.ഇങ്ങനെയാണെങ്കിലും അച്ഛനെ കൃഷിയിൽ സഹായിക്കുക അടുക്കളയിൽ ഒപ്പം കൂടുകയൊക്കെ ചെയ്യും.അപ്പോഴും മറ്റാരോടും കൂട്ടുകൂടിയില്ലവൻ.അമ്മയുടെ ചെരിപ്പ് ഇടയ്ക്കിടെ തുടച്ചു വയ്ക്കും.പോരാഞ്ഞിട്ട് അമ്മവരുമ്പോ ധരിക്കാൻ അമ്മയ്ക്കിഷ്ടമുള്ള നീല നിറത്തിലുള്ള സാരിയും വാങ്ങി വച്ചിട്ടുണ്ട്,ഒരിയ്ക്കലും തിരികെ വരാത്ത അമ്മയ്ക്കായി.കുഞ്ഞുനാളിൽ അത്രയും സ്നേഹം നൽകി അവന്റെ ഹൃദയത്തിൽ പതിഞ്ഞ ആ അമ്മ ജീവിച്ചിരുന്നുവെങ്കിൽ എത്ര ഭാഗ്യവതിയായിരുന്നേനെയെന്നു ചിന്തിച്ചു പോയി.ഒപ്പം നിർഭാഗ്യവാനായ ആ അച്ഛന്റെ സങ്കടവും.ഇതിനിടയിൽ അവൻ അകത്തേക്കു വന്നതിനാൽ കൃഷികാണാനായി പറമ്പിലേക്കു നടന്നായിരുന്നു സംസാരം.മണ്ണു കിളച്ച് ഭംഗിയായി ഒരുക്കിയിട്ടുണ്ട് അവൻ.വൈകുന്നേരം വിത്തു പാകാൻ.അമ്മയ്ക്കിഷ്ടമുള്ള വെണ്ടയും വഴുതനയും മാത്രമേ അവൻ നടാറുള്ളു.ബാക്കിയൊക്കെ അച്ഛൻ ചെയ്യണം.
അദ്ദേഹത്തോട് യാത്ര പറഞ്ഞവിടെ നിന്നിറങ്ങുമ്പോൾ മനസ്സു വല്ലാതെ കനം വച്ചിരുന്നു.ഇങ്ങനെയൊക്കെ അമ്മയെ  സ്നേഹിക്കുന്നവൻ.പക്ഷേ അവന്റെ ഭാവിയെന്താകും...
നമുക്കൊക്കെ ഭ്രാന്തെന്നു തോന്നുന്നവയൊക്കെ മറ്റു ചിലരെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വലിയ ഘടകങ്ങളായി മാറുന്ന വിചിത്രമായ കാഴ്ച.കാശിനും സ്വത്തിനും വേണ്ടി സ്വന്തം അമ്മയെ ഉപദ്രവിക്കാനും വീട്ടിൽ നിന്നും തെരുവിലേക്കിറക്കിവിടാനും യാതൊരു മടിയുമില്ലാത്ത ചില മക്കളുള്ള ഇന്നത്തെ ക്കാലത്ത് മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും അമ്മയെന്ന ചിന്തയിൽ ജീവിക്കുന്ന ആ കുട്ടിക്കു ഭ്രാന്താണത്രേ....നല്ല മുഴുത്ത ഭ്രാന്ത്.
എനിക്കു പെട്ടെന്ന് എന്റമ്മയോടു സംസാരിക്കണമെന്നു തോന്നി.ഫോണെടുത്ത് അമ്മയുടെ നമ്പറിലേക്കു ഡയൽ ചെയ്തു.
        സരിത സുനിൽ ✍️
             
**************************************

ഓർമയിൽ ഒരു ബീഡിക്കുറ്റി (ഹാസ്യ കവിത)

ഓർമയിൽ ഒരു ബീഡിക്കുറ്റി
രീതി : ഓട്ടൻ തുള്ളൽ ശൈലി

അന്നൊരു വേനലവധിക്കാലം
ആറാം തരത്തിൽ പടിക്കുമവരാ-

മൂവർ സംഗം ഒത്തൊരുമിച്ചു
സൂറോസ്യാൻ പൂപ്പായുടെ കടയിൽ !

പദ്ധതി അത്ര ചെറുതൊന്നല്ല
മനശ്ശാന്തിക്കൊരു ബിഡി വലിക്കാൻ

കയ്യിൽ വക്കനതില്ലാത്തവരാ-
പദ്ധതി ചർച്ച മുറുകീടുന്നു..

വന്നന്നേരം ഞാനാം ശിൽപി,
ഞാനും കൂടെ നാലായ് സംഗം,

വക്കനെടുക്കാൻ ഞാനന്നോടി
കയ്യിൽ നാണയത്തുട്ടും കിട്ടി..

പൂപ്പാ തരുവിൻ ഒരു പൊതി ബിഡി,
നാലാൾ കുറ്റിക്കാട്ടിൽ പങ്ങി

പുകപടലങ്ങൾ ഉയർന്നു പൊങ്ങി
ചുമച്ചു കുരച്ചു മേളമതായി..

അതാ വരുന്നൊരു നാരദനാ വഴി-
കണ്ടു തന്നു ചിരി അതൊരെണ്ണം,

നേരെ പോയവനെൻ ബാപ്പക്കരികിൽ
ചോന്നൂ അവനാ കാഴ്ച്ചകളെല്ലാം..

എരിവും പുളിയും ചേർത്ത് കൊടുത്തു
നാരികൾ ഏഷണി ചൊല്ലും പോലെ.

സന്ധ്യാ സമയം കഴിഞ്ഞൊരു നേരം
ബാപ്പ തുടങ്ങി ചോദ്യം ചെയ്യൽ..

ചൂരൽ എടുത്തു വന്നൂ മെല്ലെ,
കിട്ടീ അടി പത്തന്നാ രാവിൽ !!

തത്ത ചൊല്ലും പോലെ ഞാനേ-
ചൊല്ലി മൂവർ തൻ പേരതടക്കം

ബാപ്പ മുന്നേ ഞാനും പിന്നേ-
നടന്നു ചെന്നു മൂവർ വീട്ടിലും

ഇടിയും മിന്നലും പേമാരിയുമായ്
അന്നാ രാവും കടന്നു പോയി..

ബീഡിക്കൊപ്പം പൊക്കമുള്ളവരാ -
പൊങ്ങിയിപ്പോൾ കൊടിമരപ്പൊക്കം

നാൽവർ സംഗം ഒത്തൊരുമിക്കും
ഇന്നും ആ കഥകളെല്ലാം ചൊല്ലും

ഓർമ്മകൾ വരിയായ് നിന്നെൻ മനമിൽ ...

നൗഫൽ കളമശ്ശേരി

പ്രായശ്ചിത്തം ( കഥ )

" കാവിലെ തെയ്യകെട്ട് നാളെ മുടിയെടുക്കുവല്ലേ? നാളത്തെ തെയ്യം അവനാണെന്ന കേട്ടത് ആ ഉണ്ണിക്ക്, ഒരു പ്രായശ്ചിത്തമായിട്ടെങ്കിലും ഒരു പണം തൊഴുത് മനസ്സ് കൊണ്ടെങ്കിലും മാപ്പ് ചോദിച്ച് വന്നാലോ നമുക്ക്, അങ്ങനെങ്കിലും ന്റെ കുട്ടിടെ മനസ്സൊന്ന് തണുക്കുകയാണെങ്കിൽ ,......
അതായിരിക്കും നമ്മൾ അവൾക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല ചികിത്സ.
പറഞ്ഞു കഴിഞ്ഞതും ഊർന്നിറങ്ങാറായ സാരിത്തലപ്പ് നേരയാക്കി നിറഞ്ഞു തൂവിയ കണ്ണുനീർ തുള്ളികൾ ഒപ്പിയെടുത്ത് ,ചാരുകസേരയിൽ ദൂരെക്കെ വിടെയോ കണ്ണും നട്ട് ഇരിക്കുന്ന ഭർത്താവു മാധവൻ നായരുടെ മുഖത്തേക്ക് തറപ്പിച്ചൊന്നു നോക്കി ഭവാനിയമ്മ.
ഭാര്യയുടെ ചോദ്യത്തിന് മറുപടി പറയാതെ ഇരുകൈകളും തലയ്ക്കടിയിൽ ഒന്നൂടി അമർത്തിവെച്ച് വീണ്ടും അയാൾ ആ ഇരിപ്പ് തുടർന്നു.
പതിവിന് വിപരീതമായി അയാളുടെ പേര് പറയുമ്പോൾ കടിച്ച് തിന്നാൻ നിൽക്കുന്ന ഭർത്താവിന്റെ സൗമ്യഭാവം ഭവാനിയമ്മയുടെ മനസ്സൊന്ന് തണുപ്പിച്ചു. എല്ലാം ശുഭമായി വരുമെന്ന ചിന്തയോടെ അടുക്കളയിലേക്ക് നടക്കുമ്പോൾ ജനലിലൂടെ അകത്തെ മുറിയിലേക്ക് അവരൊന്ന് നോക്കി.
" പാവം ന്റെ കുട്ടി,"
കട്ടലിൽ കമിഴ്ന്ന് കിടക്കുകയിരുന്ന നന്ദിനിയുടെ അടുത്ത് അവർ വന്നിരുന്നു. അവൾ ഉറക്കമാണെന്ന് കരുതി, ശല്യപെടുത്താതെ ആ തലയിലൊന്ന് തടവുക മാത്രം ചെയ്ത് അവർ തിരിച്ചു പോയി.

ഇതെല്ലാം കേട്ട് ആ മുറിയിൽ നിന്ന് തികട്ടി വന്ന ഏങ്ങലുകൾ കടിച്ചമർത്താൻ പാട് പെടുകയായിരുന്നു നന്ദിനി..എങ്കിലും അപ്പോൾ അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരിറ്റു പ്രകാശം നിറയുന്നുണ്ടായിരുന്നു.
*************
ശരിക്കും ദൈവം ഉണ്ടോ ഉണ്ണിയേട്ടാ...?
അങ്ങനെ ചോദിച്ചാൽ....
എന്തേ?
ന്നൂല്ല...
നിങ്ങളൊക്കെ തെയ്യം കെട്ടിയാൽ പറയുന്നതൊക്കെ?
സത്യമല്ലേ?
അവൻ അവളുടെ മുഖത്തേക്ക് നോക്കി.
എന്നാലും...?
എന്താപ്പോ ന്റെ .... വായിൽ അബദ്ധം പിണഞ്ഞത് പോലെ അവനൊന്നു നിർത്തി.
എന്താ പറഞ്ഞത്, ന്റെ ന്നോ?ബാക്കി കൂടി പറ ഉണ്ണിയേട്ടാ ,കേൾക്കാൻ കൊതിയായിട്ടാ, അവൾ കൊഞ്ചി കൊണ്ടിരുന്നു.
അവളുടെ തലയിലൊരു കൊട്ട് കൊടുത്തിട്ട് , ധൃതിയിൽ നടന്നു നീങ്ങുന്ന അവന്റെ പിന്നാലെ അവൾ വീണ്ടും കൂടി.
"പിന്നെ അധികം വൈകാതെ വീട്ടിൽ പോകാൻ നോക്ക്, താൻ എന്റെ പിറകേ വരുന്നുത് തന്റെ അച്ഛനെങ്ങാനും അറിഞ്ഞാൽ.".
എനിക്ക് താഴെ മൂന്നെണ്ണം ഉള്ളതാ, ന്റെ അച്ഛന്റെ അവസ്ഥ അറിയാലോ നന്ദിനിക്ക്. അവരെ പട്ടിണിക്കിടരുത്.
മുഖം വീർപ്പിച്ച് അവനെ നോക്കി ഒരു കൊനിഷ്ട് കാട്ടി അവൻ നടന്നു നീങ്ങുന്നതും നോക്കി, അവൾ നിർന്നിമേഷയായി നോക്കി നിന്നു.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

നാട്ടിലെ പ്രശസ്തനായിരുന്ന തെയ്യം കെട്ട് കാരൻ കൃഷ്ണപണിക്കരുടെ മൂത്ത മകനാണ് ഉണ്ണി . ആളിക്കത്തുന്ന മേലെരിയിൽ നൂറു തവണ കുളിച്ചു നിവരണം എന്നതാണ് ആ നാട്ടിലെ പൊട്ടൻ തെയ്യത്തിന്റെ പ്രത്യേകത, അന്ന് കുളിച്ചു നിവർന്ന പൊട്ടൻ തെയ്യത്തിനോടൊപ്പം ഉയർന്നു വന്നത് ദേഹമാസകലം പൊള്ളലേറ്റ് അവശതയിലായ കൃഷ്ണൻ പണിക്കരുടെ വെന്ത ശരീരമായിരുന്നു. അന്ന് മുതൽ കോളേജ് വിദ്യാർത്ഥിയായിരുന്ന ഉണ്ണിയുടെ ചുമലിലായി കുടുംബത്തിന്റെ ബാധ്യത. പഠിക്കാൻ മിടുക്കനായിരുന്ന ഉണ്ണിക്ക് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. അച്ഛൻ അഴിച്ചു വെച്ച ചിലമ്പ് അന്നു മുതൽ അയാളുടെ കാലുകളിൽ സ്ഥാനം പിടിച്ചു,
അച്ഛനെ പോലെ പേരെടുത്ത തെയ്യക്കാരനാവാൻ ഉണ്ണിക്ക് അധികം സമയം വേണ്ടി വന്നില്ല,
പേരുകേട്ട നായർ തറവാട്ടിലെ മാധവൻ നായർക്കും, ഭാര്യ ഭവാനിക്കുംനാല് ആൺമക്കൾക്ക് ശേഷം നേർച്ചയും വഴിപാടും നടത്തി കിട്ടിയ അഞ്ചാമത്തെ പെൺതരി നന്ദിനി ഒത്തിരി ലാളനയേറ്റാണ് വളർന്നത് .കുഞ്ഞുനാളിലെ മുത്തശ്ശിയുടെ കഥകൾ കേട്ട് വളർന്ന നന്ദിനിക്ക് തെയ്യക്കഥകൾ കേൾക്കുന്നത് അത്ഭുതവും,ആവേശവുമായിരുന്നു.
അപ്പോഴാണ് തന്റെ കോളേജിൽ പഠിക്കുന്ന ഉണ്ണി ,തന്റെ തറവാട്ടിൽ തെയ്യം കെട്ടിയാടുന്ന വിവരം നന്ദിനി അറിയുന്നത്,
മുത്തശ്ശിയുടെ കൈയ്യും പിടിച്ച് തറവാട്ടിലേക്ക് നീങ്ങുമ്പോൾ തനിക്കെന്നോ ഇഷ്ടം തോന്നിയ ഉണ്ണിയുടെ മുഖമായിരുന്നു അവളുടെ മനസ്സുനിറയെ യുള്ള ദൈവ രൂപം.
__________

പത്ത് ദിവസം നീണ്ട നിന്ന കളിയാട്ടത്തിന്റെ അവസാന ദിവസമാണിന്ന്, മുത്തശ്ശിയാണെങ്കിൽ തറവാട്ടിൽ കുംടുബക്കാരുമായി ബന്ധം ഊട്ടിയുറപ്പിക്കയാണ്. അപ്പോഴാണ് അണിയറയുടെ പിൻഭാഗത്തുടെ ഒറ്റയ്ക്ക് നടന്നു പോവുന്ന ഉണ്ണി അവളുടെ ശ്രദ്ധയിൽ പെട്ടത്, അവസരം മുതലാക്കി മുത്തശ്ശിയോട് പറയാതെ അവളും അവന്റെ പിന്നാലെ ചെന്നതാണ്,തന്റെ ഇഷ്ടം പാത്തും, പതുങ്ങിയും
പലവട്ടം അവനെ അറിയിച്ചിട്ടുണ്ടെങ്കിലും, ഒന്നും അറിയാത്ത ഭാവo നടിക്കുമ്പോഴാണ് അവൾക്ക് ദേഷ്യം കൂടാറ്.
ഇന്ന് നല്ലൊരു അവസരം കിട്ടിയതായിരുന്നു ഉണ്ണിയേട്ടനുമായി സംസാരിക്കാൻ, അതു നശിപ്പിച്ചു ദുഷ്ടൻ, അവനെ പ്രാകിക്കൊണ്ട് തിരിച്ചു നടക്കാൻ തുടങ്ങിയ നന്ദിനിയെ ചുറ്റിപറ്റി രണ്ടു കണ്ണുകൾ ഇഴഞ്ഞത് അവൾ അറിഞ്ഞതേയില്ല,

തറവാട്ടിൽ ചെന്ന് മുത്തശ്ശിയേയും വിളിച്ച് കുടുംബക്കാരോട് യാത്ര പറഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ നന്ദിനിയെ വരവേറ്റത് അച്ഛന്റെ കൈയ്യിലെ ചൂരലിന്റെ പ്രഹരമായിരുന്നു.
.
ആ മലയ ചെക്കനുമായി നിനക്കെന്താടി ബന്ധം? മാധവൻ നായർ അലറുകയായിരുന്നു ഒപ്പം ചൂരൽ വടി വായുവിൽ സഞ്ചരിച്ച് അവളുടെ ദേഹമാസകലം നിറഞ്ഞാടി
എന്റിശ്വരാ,,,,
ഞാനെന്തൊക്കയാ ഈ കാണുന്നത്, ഇടയ്ക്കിടെ ഭവാനിയമ്മയുടെ അലമുറയല്ലാതെ നന്ദിനിക്ക് മറ്റൊന്നും കാണാൻ കഴിഞ്ഞില്ല.
അവന് ശരിക്കും വെട്ട് കൊണ്ടിട്ടുണ്ട്, ഇനി നിർത്താം ഓടിക്കിതച്ച് വന്ന ആരോ ഒരാളുടെ ശബ്ദം നന്ദിനിയുടെ ചെവിയിൽ വന്നലച്ചു. മരിച്ചു കാണുമെന്ന തോന്നുന്നത് അത്രയ്ക്കും അലർച്ചയായിരുന്നു. മറ്റൊരാളുടെ ശബ്ദം.
'' ന്റെ ഉണ്ണിയേട്ടനെ,,,,,, ഒരലർച്ചയോടൊപ്പം ഉമ്മറത്തിരുന്ന വെട്ടുക്കത്തിയെടുത്ത് നന്ദിനി അവർക്ക് നേരെ വെട്ടാനോങ്ങി ഓടുകയായിരുന്നു
ഭ്രാന്താണിവൾക്ക്, ചങ്ങലയ്ക്കിടണം കൂട്ടത്തിൽ വന്ന മറ്റൊരാളുടെ ആക്രോശം,
പിന്നെയെന്തൊക്കെ അവിടെ നടന്നതെന്ന് അറിയാതെ നന്ദിനി ബോധമില്ലാതെ തറയിലേക്കിരുന്നു.
ബോധമുണരുമ്പോൾ അവൾ ഒരു ഇരുട്ടുമുറിയിൽ , നാട്ടുക്കാരുടെ പരിഹാസത്തിന് ഇരയായി ,ഭ്രാന്തില്ലാത്ത ഭ്രാന്തിയായി. തൽക്കാലം എല്ലാം മറക്കാൻ അവളും ഭ്രാന്താണെന്ന് അഭിനയിച്ചു.
************
മുറിയിലേക്ക് അമ്മ കടന്നു വന്നത് നന്ദിനി അറിഞ്ഞതേയില്ല.
നീണ്ട പന്ത്രണ്ട് വർഷങ്ങൾ, മരുന്നിന്റെയും ഷോക്കിന്റെയും ആലസ്യത്തിൽ താനങ്ങനെ ഈ ഇരുട്ടുമുറിയിൽ,,,, ഇടയ്ക്കപ്പോഴോ എല്ലാം ശരിയാവുന്ന വിശ്വാസത്തിൽ ,തന്നെ ചെറുപ്പത്തിലേ ഇഷ്ടമായിരുന്ന മുറ ചെറുക്കൻ മുരളിയേട്ടൻ താലികെട്ടുകയും ചെയ്തു.
പാവം മുരളിയേട്ടൻ തന്നെ ഇത്രമാത്രം സ്നേഹിക്കാൻ എനിക്കെന്താണ് യോഗ്യത, മുരളിയേട്ടനെ ഓർത്തിട്ടാണ് ഈ ഇരുട്ടുമുറിയിൽ താനിപ്പോഴും സൗമ്യയായി കഴിഞ്ഞുകൂടുന്നത്,
''അവൻ മരിച്ചിട്ടില്ലെന്ന് ന്റെ കുട്ടി ഇനിയും വിശ്വസിച്ചിട്ടില്ലെങ്കിൽ, നാളെ നമ്മുക്ക് ഒരിടം വരെ പോകാം.അപ്പോ എല്ലാം മനസ്സിലാവും, മുരളിയേയും വിളിക്കാമെന്ന് അച്ഛൻ ഏറ്റിട്ടുണ്ട്, കുട്ടി ഒന്ന് എഴുന്നേറ്റ് വരു, എല്ലാം ശുഭമായി വരാൻ നമ്മുക്കൊന്ന് അമ്പലത്തിൽ പോയ് വരാം,
അമ്മയുണ്ട് കൂടെ, ഇനി ആരും ന്റെ മോളെ പരിഹസിക്കാൻ വരില്ല ,ഭവാനിയമ്മയുടെ ശബ്ദമാണ് അവളെ ഓർമ്മകളിൽ നിന്നുണർത്തിയത്. അമ്മയുടെ കണ്ണിൽ ദൃഢനിശ്ചയത്തിന്റെ പ്രകാശം, നന്ദിനിയെ ഒരു കൊച്ചു കുട്ടിയെ എന്ന പോലെ അനുസരണയുള്ളവളാക്കി പുറകേ നടത്തിച്ചു.

രാവിലെ തന്നെ, കാറുമായി എത്തിയ മുരളിയുടെ കൈപിടിച്ച് കാറിന്റെ പിൻസീറ്റിലേക്ക് അമ്മയോടൊപ്പം ഇരിക്കുമ്പോൾ നന്ദിനിയുടെ ഹൃദയം പട പട ഇടിക്കുകയാരുന്നു. കാവിലേക്കുള്ള പത്ത് മിനിറ്റ് യാത്രയിലൂടെ നീളം ആർക്കുമൊന്നു o സംസാരിക്കാനുണ്ടായിരുന്നില്ല, അമ്മയുടെ ചുമലിൽ തല വെച്ച് കിടന്ന നന്ദിനിയെ ഭവാനിയമ്മ തഴുകി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

സഡൻ ബ്രേക്കിട്ട് നിന്ന കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിയ മുരളി ഒരു കൈ കൊണ്ട് നന്ദിനിയെ ചുമലിലേക്കടിപ്പിച്ച് മറ്റേ കൈ കൊണ്ട് കാർലോക്കാക്കി പതുക്കെ മുൻപോട്ട് നടന്നു. ചാണകം മെഴുകിയ മുറ്റത്തേക്ക് കാലെടുത്ത് വെച്ചപ്പോഴേ " ആ ശബ്ദം അവൾ തിരിച്ചറിഞ്ഞു .
" ഉണ്ണിയേട്ടൻ,.."
അവളുടെ മനസ്സ് മന്ത്രിച്ചു.
അവൻ ജീവനോടെ എവിടെയോ ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും, താൻ കാരണം ഒത്തിരി സഹിച്ച ആ മനുഷ്യനെ നേരിൽ കണ്ട് ആ കാൽക്കൽ തൊട്ട് മാപ്പിരക്കണമെന്ന തന്റെ ആഗ്രഹം ഇതാ സഫലമാകാൻ പോകുന്നു. മുരളിയുടെ കൈപിടിച്ച് അവൾ യാന്ത്രിക മെന്നോണം തെയ്യത്തിന്റെ മുന്നിലെത്തി.

"എന്റെ പൈതങ്ങളെ ഞാൻ കൈവിടില്ല ഒരു കാലത്തും, എന്നും ഗുണം വരുത്താൻ ദൈവത്തെ ഉള്ളുരുകി പ്രാർത്ഥിച്ചോളു." എല്ലാം അറിയുന്നുണ്ട് പരദേവത.
കഴിഞ്ഞതൊക്കെ ഒരു സ്വപ്നമായി കണ്ട് വരാനിരിക്കുന്ന നല്ല നാളുകളെ ഒരു അനുഭവമാക്കി തരുവാൻ ദൈവത്തോടു് പ്രാർത്ഥിച്ചു കൊള്ളുമാറാകട്ടെ!"
വാക്കുരയാടി കൊണ്ട് ഉണ്ണിയുടെ തെയ്യക്കോലം ഒരു നുള്ള് മഞ്ഞൾ ക്കുറിയെടുത്ത് നന്ദിനിയുടെ നെറുകയിൽ ഇടുമ്പോൾ, ഒഴുകി വന്ന കണ്ണൂനീർ ചാലുകൾക്കൊപ്പം, ചുണ്ടുകൾ കൊണ്ടവൾ വീണ്ടും വീണ്ടും മന്ത്രിച്ചു കൊണ്ടേയിരുന്നു.
"മാ.... മാപ്പ് ,വിതുമ്പലുകൾക്കിടയിലൂടെ വന്ന അവ്യക്ത ശബ്ദം മുഴുമിപ്പിക്കാനാവാതെ പരദേവത കെട്ടിയ ഉണ്ണിയുടെ കാലുകളിലേക്ക് ജീവച്ഛവം പോലെ ഊർന്നിറങ്ങിയ അവളെ മുരളി എഴുന്നേൽപ്പിച്ച് തന്നോടടുപ്പിക്കുമ്പോഴും, അനുഗ്രഹത്തിന്റെ വാമൊഴികൾ പരദേവത ഉരുവിടുന്നുണ്ടായിരുന്നു.

ശുഭം
പത്മിനി നാരായണൻ

രുപാലി (ചെറുകഥ)



'"അജീബ് ദാസ്താ ഹെ യേ...
കഹാം ശുരൂ കഹാം ഖതം"

അടുത്ത വീട്ടിലെ ബാബയുടെ റേഡിയോയിൽ നിന്നുള്ള പാട്ടു കേട്ടാണ് രുപാലി കണ്ണു തുറന്നത്.ക്ലോക്കിൽ സമയം അഞ്ചരയാകുന്നു.അവൾ വേഗം എഴുന്നേറ്റു വാതിൽ തുറന്നതും അടുപ്പിനരികിലായി കത്തിക്കാനിട്ടിരുന്ന ചാണകവറളികൾക്കു മുകളിൽ നിന്നൊരു പൂച്ച ചെറിയ ശബ്ദത്തിൽ കരഞ്ഞുകൊണ്ടു പുറത്തേക്കു പോയി.പുറത്തു നേരിയ തണുപ്പുണ്ട്.മൂന്നു വാടകവീട്ടുകാർക്കും കൂടെ ഒരു ടോയ്‌ലറ്റും ബാത്ത്റൂമുമേയുള്ളു.മറ്റുള്ളവർ ഉണരുന്നതിനു മുന്നേ അവൾ പോയി കുളിച്ചു  വരും.താൻ കാരണം അവർക്കൊരു ബുദ്ധിമുട്ടുണ്ടാകരുതെന്ന് അവൾക്കു നിർബന്ധമായിരുന്നു.

ആ ഒറ്റമുറിയിലാണ് രുപാലിയും മൂന്നു പെൺകുട്ടികളുമടങ്ങുന്ന അവളുടെ കുടുംബം താമസിക്കുന്നത്. മാസം എഴുനൂറു രൂപ വാടകയിൽ.മൂത്തമകൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു.എട്ടിലും  ആറിലുമായി ഇളയ കുട്ടികൾ.

കുളികഴിഞ്ഞു മക്കളെയുണർത്തി രാവിലെയുള്ള ഭക്ഷണവും തയ്യാറാക്കിയ ശേഷം രുപാലി തന്റെ ജോലിക്കിറങ്ങി.കുറച്ചു ദൂരെയായി ഒരു സ്കൂളിലെ അദ്ധ്യാപകരുടെ ഫാമിലി ക്വാർട്ട്വേഴ്സുകളുണ്ട് അവിടെ തുണികൾ തേയ്ച്ചു കൊടുക്കകയാണ് രാവിലെയുള്ള ജോലി.അതിനായി ഒരു ഉന്തുവണ്ടിയും ഇരുമ്പ് തേയ്പ്പുപെട്ടിയും അവൾക്കുണ്ട്.

അന്നും പതിവ് പോലെ രാവിലെയിറങ്ങിയ സമയത്താണ് അവരുടെ ആ ഇടുങ്ങിയ തെരുവിന്റെ തുടക്കത്തിലൊരു തുണിക്കടയിൽ ചില്ലുകൂട്ടിനകത്ത് മനോഹരമായി അണിയിച്ചൊരുക്കിയ പെൺപ്രതിമയെ അവൾ കണ്ടത്.അതിന് തന്റെ മരിച്ചുപോയ കൂട്ടുകാരി ചമേലിയുടെ മുഖച്ഛായ തോന്നി അവൾക്ക്.ഉത്തർപ്രദേശിലെ ആ ചെറിയ ഗ്രാമത്തിൽ അത്തരമൊരെണ്ണം ആദ്യമായിട്ടാണ് കാണുന്നത്.റോഡിലൂടെ നടക്കുമ്പോഴും  രുപാലിയുടെ ചിന്ത ചമേലിയെ കുറിച്ചായിരുന്നു.ചമേലി അവളുടെ കുട്ടിക്കാലം മുതലുള്ള കൂട്ടുകാരി.
അവൾ പ്രസവിച്ചത് പെൺകുഞ്ഞായതു കാരണം അമ്മായിയമ്മ വായിലിട്ടുകൊടുത്ത ഗോതമ്പുമണികൾ തൊണ്ടയിൽ കുരുങ്ങി   കുഞ്ഞു മരിച്ചപ്പോൾ മാനസികനില തെറ്റി ആത്മഹത്യ ചെയ്തവൾ.ജോലി കഴിഞ്ഞു തിരികെ വന്നപ്പോഴും അവളാ പ്രതിമയെ നോക്കി നിന്നു.
അവളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായി.മറക്കാൻ ശ്രമിച്ച ഓർമ്മകളൊക്കെ കുത്തിനോവിക്കുന്നു. 

                                 *********"

'ലഡ്കി ഹേ ലഡ്കി' (പെൺകുട്ടിയാണ്... പെൺകുട്ടി)
തന്റെ കുഞ്ഞിനെ കാണാനെത്തിയവരോട് അമ്മായിയമ്മയുടെ പുച്ഛം നിറഞ്ഞ പറച്ചിൽ.പെൺകുഞ്ഞുങ്ങളെ പ്രസവിക്കുന്നത് എന്തോ വലിയ അപരാധമായവർ കണക്കാക്കി.സ്വന്തം വീട്ടിൽ നിന്നും പ്രസവശേഷം തിരികെ വന്നപ്പോഴും വീട്ടിലെ എല്ലാ ജോലികളും അവളെക്കൊണ്ടു ചെയ്യിച്ചു.പാലുകുടിക്കാൻ കുഞ്ഞു കരയുമ്പോഴും ജോലി തീരാതെ എണീക്കാൻ സമ്മതിച്ചില്ല.

'ലഡ്കി ഹേ രോനേ ദോ' (പെൺകുട്ടിയല്ലേ കരയട്ടെ)

കല്യാണം കഴിഞ്ഞു ചെന്നപ്പോൾ മുതൽ ആ വീട്ടിലെ മുഴുവൻ ആളുകളുടേയും തുണിയലക്കലും ആഹാരമുണ്ടാക്കലും എല്ലാം അവൾടെ ജോലിയായി.അവൾ ബഡീ ബഹുവാണ്,എല്ലാം ചെയ്തേ പറ്റൂ.നിലത്തുണ്ടാക്കിയ അടുപ്പിൽ ചപ്പാത്തികളെത്ര ചുട്ടെടുത്താലും അവളുടെ വയറു നിറയാനുള്ള ചപ്പാത്തിയോ കറിയോ ഒരിയ്ക്കൽ പോലും ബാക്കി വന്നില്ല.

മാസത്തിലെ നാലു ദിവസം അവൾ അശുദ്ധയാക്കപ്പെടും.അന്നത്തെ ദിവസങ്ങളിൽ ആർക്കും അവളുണ്ടാക്കിയ ഭക്ഷണം വേണ്ട,ആരുടെയും തുണിയലക്കണ്ട.ആ ദിവസങ്ങളിൽ കിട്ടുന്ന ആശ്വാസം ഇരട്ടി ജോലിയായി അവൾക്കു വേണ്ടി തന്നെ കാത്തിരിക്കാറുമുണ്ടായിരുന്നു.

'തൂ ക്യാ സോച് രഹീ ഹേ ബേട്ടീ'
അടുത്ത വീട്ടിലെ ബാബയാണ്.

'കുച് നഹീ ബാബാ'.
പാവം മനുഷ്യൻ.വാത്സല്യമെന്തെന്ന് മനസ്സിലാകുന്നത് ഇവിടെയെത്തിയ ശേഷമാണ്.
ബാബയുടെ ബേട്ടീ വിളി കേൾക്കുമ്പോൾ മൂത്തമകൾ  കളിയാക്കാറുണ്ട്.
'ബേട്ടീ ഏക് ശബ്ദ് ഗലത് ബതാ ദിയാ തോ ബേഡീ ബൻ ജായേഗീ'.(മകളെന്നത് ഒരക്ഷരം മാറിയാൽ ചങ്ങലയെന്നർത്ഥമാകും) ചില പെൺജീവിതങ്ങൾ ചങ്ങലക്കിട്ടപോലെയാണെന്ന് അവളും മനസ്സിലാക്കിയിട്ടുണ്ടാകാം.

'മാ ആജ് മുഛേ എക്സാം മേം ഫസ്റ്റ് മിലി'.
അവൾ  മിക്കവാറും പറയാറുണ്ട്.ഒരിയ്ക്കൽ പോലും അവളെ അഭിനന്ദിക്കണമെന്നു തോന്നി യിട്ടില്ല രുപാലിക്ക്.തന്റെ മക്കളെ സ്നേഹത്തോടെ അടുത്തു വിളിച്ചിരുത്തുന്നൊരു അമ്മയുമല്ലവൾ.മക്കൾക്ക് ആഹാരം നൽകി വളർത്തുന്നു.അനുഭവങ്ങളിൽ അത്രമാത്രം കല്ലിച്ചു പോയിരുന്നു ആ മനസ്സ്.

                      *********

പല ദിവസങ്ങളിലും തുണിക്കടയിലെ പ്രതിമക്കു മുന്നിൽ അവൾ നിൽക്കും.ഒരിയ്ക്കൽ പോലും അതിലണിഞ്ഞിരിക്കുന്ന സാരിയുടേയും ആഭരണത്തിന്റെയും പകിട്ട് അവളെ മോഹിപ്പിച്ചില്ല.പകരം പ്രതിമയവളോടു സംസാരിക്കുന്നതായി അവൾക്കു തോന്നിത്തുടങ്ങി.ചമേലി തന്റെ പ്രിയപ്പെട്ടവൾ തനിക്കായി തിരികെ വന്നതാണെന്നവൾ ചിന്തിച്ചു.ഉന്തുവണ്ടിയും തള്ളി തിരികെ വരുമ്പോഴും അവൾ ചമേലിയോട് മനസ്സിൽ സംസാരിച്ചു.

‌ഒരു വൃദ്ധൻ ചവിട്ടുന്ന സൈക്കിൾ റിക്ഷയിൽ വലിയൊരു ആട്ടാചാക്കുമായിരിക്കുന്ന തടിച്ച സ്ത്രീയോട് അവൾക്കു വല്ലാത്ത വെറുപ്പു തോന്നി.റിക്ഷ നിർത്തി അയാൾ ഇടയ്ക്കിടെ കിതക്കുന്നതിനവർ ശകാരിക്കുന്നുണ്ട്.
ദിവസവും നടക്കുന്നതിനിടയിൽ എത്രയെത്ര കാഴ്ചകളാണു കാണേണ്ടി വരുന്നത്.
തന്റെ അച്ഛനും ഇതായിരുന്നു ജോലി ഭാരം വലിച്ചു വലിച്ച് ഹൃദയത്തിനു താങ്ങാനാവാതെ കുഴഞ്ഞു വീണു മരിച്ചു.അച്ഛനുണ്ടായിരുന്നെങ്കിൽ......

രണ്ടാമത്തേതും പെൺകുട്ടിയായപ്പോൾ ആ വീട്ടിലെ ഏറ്റവും വെറുക്കപ്പെട്ടവളായി അവൾ.അടുത്തതും പെൺകുഞ്ഞായാൽ ആ കുഞ്ഞിനെ ആർക്കെങ്കിലും കൊടുത്തേക്കുവെന്നായി അമ്മായിയമ്മ.ഭർത്താവും അവർക്കൊപ്പം കൂടിയപ്പോഴും ചമേലിയുടെ കുഞ്ഞിനെപ്പോലെ തന്റെ കുഞ്ഞുങ്ങളെ കൊല്ലില്ലയെന്നവൾ ആശ്വസിച്ചിരുന്നു.പക്ഷേ പലപ്പോഴും അവളണിഞ്ഞിരുന്ന കുപ്പിവളകൾ ചിതറിത്തെറിച്ച രക്തപ്പാടുകൾ ഭർത്താവിന്റെ വറ്റിയ സ്നേഹത്തിന്റെ അടയാളങ്ങളായി. 

'ചൂഡീ....ചൂഡീലേലോ....ചൂഡീ'
കുപ്പിവളക്കാരന്റെ വിളിയിൽ അവളുടെ ചിന്തകൾ മുറിഞ്ഞു.
അടുത്തു കണ്ട ഡയറിയിൽ നിന്നും പാൽ വാങ്ങാൻ കയറിയപ്പോഴാണ്,സ്റ്റൗവ്വിനു മുകളിലായി വലിയ വാർപ്പുകളിൽ പനീറിനായി പാലൊഴിക്കുന്നതു കണ്ടത്.മക്കൾക്ക് പനീർ വലിയ ഇഷ്ടമാണ്.വല്ലപ്പോഴുമവൾ വാങ്ങാറുണ്ട്.അന്നു മക്കൾ ഇഷ്ടത്തോടെ ഭക്ഷണം കഴിക്കുന്നതു കാണുമ്പോഴും അവളിലെ അമ്മ നിർവ്വികാരതയോടെ നോക്കിയിരിക്കും.
ഉള്ളിൽ പഴയ പല്ലവി ആവർത്തിക്കും

ലഡ്കീ ഹേ ലഡ്കീ.

പെൺകുട്ടികൾ ചെലവാണെന്നു കരുതി നശിപ്പിച്ചു കളയാൻ തുനിയുന്നവർ.പെൺകുഞ്ഞിനെ പ്രസവിക്കുന്നത് അമ്മയുടെ മാത്രം തെറ്റായി കരുതുന്ന അമ്മായിയമ്മമാരെന്ന പെൺ ജന്മങ്ങൾ.അവൾക്കെല്ലാറ്റിനോടും ദേഷ്യം തോന്നി.
മൂന്നാമതും പെൺകുട്ടിയായതോടെ സസുരാലിൽ ഉള്ളവർക്ക് (ഭർതൃവീട്) കുട്ടികളോടും അവളോടുമുള്ള ദേഷ്യം ഇരട്ടിച്ചു.ഒരുനാൾ അതിഥികൾക്കായി ഉണ്ടാക്കിയ മധുരപലഹാരം കുട്ടികളെടുത്തതിന് അവരെ വല്ലാതെ ഉപദ്രവിച്ചു.തടയാൻ ചെന്ന അവൾക്കും കിട്ടി.ഒടുവിൽ വീട്ടിൽ നിന്നും ഇറക്കി വിട്ടു.പെരുവഴിയിൽ മൂന്നു കുഞ്ഞുങ്ങളുമായി നിന്ന അവളെ ബാബയാണ് കൂട്ടിക്കൊണ്ടു വന്നത്.അവളുടെ അച്ഛന്റെ കൂട്ടുകാരനാണ് അദ്ദേഹം.ആയിടെ അവിടെ തുണി തേയ്ച്ചു കൊടുത്തിരുന്ന ആൾ അസുഖം കാരണം ജോലി നിർത്തിയിരുന്നു.അയാളിൽ നിന്നും ഉന്തുവണ്ടിയും തേപ്പുപെട്ടിയും വാങ്ങി നൽകി.ആദ്യമൊക്കെ തുണി തേയ്ക്കാൻ വല്ലാതെ പ്രയാസപ്പെട്ടു.തളരരുതെന്ന് പറഞ്ഞ് കൂടെ നിന്നത് ബാബയാണ്.ഇളയ മകൾക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് അവിടെയെത്തിയത്.

                       *********
മകളുടെ സ്കൂളിലെ ഒരു അദ്ധ്യാപകന്റെ വീട്ടിൽ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നറിഞ്ഞ് ചെന്നതാണ്.ഏഴു വർഷത്തിനു ശേഷമാണവർക്കൊരു കുഞ്ഞു ജനിക്കാൻ പോകുന്നത്.അദ്ദേഹത്തിന്റെ ഭാര്യ പദ്മയും ആ സ്കൂളിലെ ടീച്ചറാണ്.കുറച്ചു നാളത്തേക്ക് ലീവിലാണവർ.അവർക്ക് പാത്രം കഴുകലും തുണികഴുകുന്നതിനുമായാണ് വിളിച്ചത്.രാവിലയുള്ള  ജോലികഴിഞ്ഞ് അവൾ പദ്മ ടീച്ചറുടെ വീട്ടിലും  പോയിത്തുടങ്ങി.നല്ല പെരുമാറ്റമായിരുന്നു ടീച്ചറുടെ.വളരെ വേഗം അവൾ ടീച്ചറുമായി അടുത്തു.
നീയെന്താ പൊട്ടു തൊടാത്തതെന്ന ടീച്ചറുടെ ചോദ്യത്തിന് താൻ കണ്ണാടിയിൽ നോക്കാറേയില്ലെന്നവൾ മറുപടി നൽകി.
മദ്യത്തിന്റെ അകമ്പടിയോടെ സ്ത്രീ ശരീരം വെറും ഭോഗവസ്തുവാക്കപ്പെട്ടവൾ സ്വന്തം ശരീരത്തേപ്പോലും വെറുക്കുമെന്ന് അവൾ പറഞ്ഞപ്പോ ടീച്ചറുടെ ഉള്ളു വല്ലാതെ പൊള്ളി.

മദ്യവും സിഗരറ്റും കൂടിക്കുഴഞ്ഞ നിശ്വാസം മൂക്കിലടിക്കുമ്പോ ഓക്കാനം അവളുടെ തൊണ്ടവരെയെത്തും.നിലത്തിരുന്ന് തൈരിൽ മുക്കി റൊട്ടി തിന്നുന്ന കുട്ടികൾ മനസ്സിലെത്തുമ്പോൾ, കണ്ണടച്ച് തികട്ടി വന്ന ഓക്കാനത്തെയവൾ കുടിച്ചിറക്കും.എതിർത്താൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകില്ല. ഓർമ്മകൾ അവളുടെ കണ്ണുകൾ നിറയിച്ചപ്പോൾ. ടീച്ചറവളുടെ തലയിലൊന്നു തലോടി.

പദ്മ ടീച്ചറാണ് പെൺകുട്ടികൾ വീടിന്റെ ഐശ്വര്യമാണെന്നവളോടു പറഞ്ഞത്.ടീച്ചറുടെ നാട്ടിലൊക്കെ അങ്ങനെയാണത്രേ.പക്ഷേ അവളുടെ നാട്ടിൽ പത്തു ദിവസത്തെ ദസറപൂജയ്ക്കിടയിൽ ഒരുനാൾ കന്യാപൂജയ്ക്കു മാത്രമേ പെൺകുട്ടിയെ പ്രധാനപ്പെട്ടതായി കണക്കാക്കി കണ്ടിട്ടുള്ളൂ.

മൂന്നുപെൺകുട്ടികളുടെ അമ്മയെന്നു വിളിച്ച് തന്നെ കളിയാക്കുന്നവർ ആ കുട്ടികളെ സ്നേഹത്തോടെ കന്യാപൂജയ്ക്ക് പോകാൻ ക്ഷണിക്കുന്നതോർത്ത് അവൾ ചിരിക്കാറുണ്ട്.

രാജസ്ഥാനിലെ പിപ്പിലാന്ത്രിയെന്ന ഗ്രാമത്തിൽ പെൺകുട്ടി ജനിക്കുന്ന ദിവസം നൂറ്റിപ്പതിനൊന്നു വൃക്ഷത്തെകൾ നടുമെന്ന് ടീച്ചർ പറഞ്ഞു കേട്ടപ്പോൾ അത്ഭുതംകൊണ്ട്  അവളുടെ കണ്ണുകൾ മിഴിഞ്ഞു.പെൺകുട്ടികളെ കൂടുതൽ പഠിപ്പിക്കുവാൻ പോലും മടിക്കുന്ന അവളുടെ ആ ഗ്രാമത്തേക്കുറിച്ചല്ലാതെ മറ്റൊന്നും അവൾക്കറിയില്ലല്ലോ.
അന്നവൾ തിരികെ വരവേ പ്രതിമക്കരുകിൽ കുറേ നേരം നിന്നു.അവൾക്കു തന്റെ ചമേലിയോടു പറയാൻ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു.

"ചമേലീ നിനക്കറിയാവോ, ടീച്ചറുടെ നാട്ടിൽ ആൺകുഞ്ഞിനെ പ്രസവിച്ച ഒരമ്മയോട് അവരുടെ അമ്മായിയമ്മക്ക് ദേഷ്യമായിരുന്നത്രേ.ആ കുഞ്ഞു നിനക്കായിരുന്നെങ്കിൽ നീ മരിക്കില്ലായിരുന്നല്ലേ."

അവളുടെ നിൽപ്പു കണ്ട് ആരോ ചോദിച്ചു
പാഗൽ ഹേ ക്യാ ? (ഭ്രാന്താണോ?)

തിരികെ വീട്ടിലെത്തിയ അവൾ  ഒരുപാടു ചിന്തിച്ചു.പെൺകുഞ്ഞുങ്ങൾ ശാപമാണെന്നു കേട്ടുകേട്ട് സ്വന്തം മക്കളോട് അനുകമ്പയില്ലാതെ പെരുമാറിയതോർത്തവൾ സങ്കടപ്പെട്ടു.അവളുടെ മനസ്സിലെപ്പോഴും പെൺമക്കൾ തന്റെ ജീവിതം നശിപ്പിച്ചവരായിരുന്നു.അതുകൊണ്ടു തന്നെ അവരെയവൾ ഒരിയ്ക്കലും ലാളിച്ചിരുന്നില്ല.സ്നേഹത്തോടെ വർത്തമാനം പറഞ്ഞിരുന്നില്ല.

അന്നേ ദിവസം രാത്രിയിൽ അവളൊരു സ്വപ്നം കണ്ടു.ആ പ്രതിമ അവളുടെ അടുത്തേക്കു വന്നു കൈ നീട്ടുന്നു.അതിന്റെ  കൈയിൽ തൊടാനാഞ്ഞതും അവൾ ഞെട്ടിയുണർന്നു.അവൾക്കെന്തോ ആ സ്വപ്നത്തിലൊരു വല്ലായ്മ തോന്നി.

രാവിലെ ജോലിക്ക് പോയപ്പോൾ ടീച്ചറാണു പറഞ്ഞത്  മോളുടെ റിസൽട്ട് വന്നു അവൾക്ക് നല്ല മാർക്കുണ്ടെന്ന്.ഇതോടെ പഠിത്തം മതിയാക്കണമെന്നു കരുതിയ അവൾക് പ്രത്യേകിച്ച് സന്തോഷമൊന്നും തോന്നിയില്ല.പക്ഷേ ടീച്ചർ നല്ല സന്തോഷത്തിലായിരുന്നു.അവൾക്ക് നല്ലൊരു ഭാവിയുണ്ടെന്നവർ പറഞ്ഞു.അവരോട് ഒരുപാടു സമയം സംസാരിക്കവേ അവൾക്കു മനസ്സിലായി തന്റെ മകൾ വലിയ വിജയമാണ് നേടിയതെന്ന്.മുന്നോട്ടുള്ള പഠനത്തിന് എല്ലാ സഹായവും ടീച്ചർ വാഗ്ദാനം ചെയ്തു.മകൾ ഉയർന്ന നിലയിലെത്തുമെന്നും അപ്പോൾ രുപാലിയുടെ  സങ്കടങ്ങളെല്ലാം മാറുമെന്നും ടീച്ചർ സമാധാനിപ്പിച്ചു.
അന്നു തിരികെ വരവേ അവൾ മക്കൾക്കായി മധുരപലഹാരങ്ങൾ വാങ്ങി.വഴിയരികിലെ  മരത്തിൽ ഒരു തത്ത തന്റെ കുഞ്ഞിന്റെ  കൊക്കിലേക്ക് ആഹാരം പകർന്നു നൽകിയതു കണ്ടപ്പോൾ അവൾക്കു സ്വന്തം കുട്ടികളെ കാണണമെന്നു തോന്നി.

പതിവുപോലെ തുണിക്കടയുടെ അടുത്തെത്തിയപ്പോൾ പ്രതിമ കാണുന്നില്ല.തിരക്കിയപ്പോൾ അതിനെ അണിയിച്ചൊരുക്കവേ  ജോലിക്കാരന്റെ കൈയ്യിൽ നിന്നും താഴെ വീണ് കൈ പൊട്ടിപ്പോയെന്നും, വേസ്റ്റിൽ കളയാൻ കൊണ്ടു പോയെന്നുമറിഞ്ഞു.അവൾക്കു വല്ലാത്ത വേദനതോന്നി.വേഗം വേസ്റ്റ് കളയുന്ന സ്ഥലത്തേക്കോടി.അവിടെ ആടയാഭരണങ്ങളൊന്നുമില്ലാതെ നഗ്നയായി ചുമരിൽ ചാരിയ നിലയിൽ പ്രതിമയെ കണ്ടു.ഒരു കൈ മുട്ടിനു താഴെ വച്ച് പൊട്ടിയിട്ടുണ്ട്.അവൾക്കു മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.അതുമെടുത്ത് വീട്ടിലേക്കു പോന്നു.മക്കൾക്ക് ആദ്യം അതിശയമായിരുന്നു.

രുപാലി തന്റെ പെട്ടിയിൽ നിന്നും അവൾക്കുള്ളതിൽ നല്ലൊരു സാരി അതിനെ ഉടുപ്പിച്ചു.ഇളയ മകൾ അവളുടെ പൊട്ടും പൗഡറുമെല്ലാമിട്ടതിനെ ഒരുക്കി.അതുകണ്ടു വന്ന മൂത്തവൾ അതിൽ നിന്നൊരു പൊട്ടെടുത്ത് അമ്മയ്ക്കും തൊടുവിച്ചു.
മാറി നിന്നു ചമേലിയെ നോക്കിയ അവൾക്ക് ആ കടയിലിരുന്നതിനേക്കാൾ സൗന്ദര്യം തന്റെ വിലകുറഞ്ഞ സാരിയുടുത്തപ്പോഴാണെന്നു തോന്നി.

'മാ  ആജ് മേരി റിസൽട്ട് ആയി ഹേ. ദേഖിയേ ടീച്ചർ നെ മുഛേ യേ സബ് ദിയാ ഹേ'.(ഇന്നെന്റെ റിസൽട്ട് വന്നു. ഇതൊക്കെ ടീച്ചറെനിയ്ക്കു തന്നതാ)
കുറേ പേനയും നോട്ടുബുക്കുകളും കാണിച്ചവൾ പറഞ്ഞു.

രുപാലി ഏറെക്കാലത്തിനു ശേഷം വല്ലാതെ സന്തോഷിച്ചു.മക്കളെ ചേർത്തു പിടിച്ചു ബാബയോട് സന്തോഷം പങ്കുവെയ്ക്കാനിറങ്ങിയ അവൾ കണ്ടു, രാവിലെ പല വഴിക്കു പിരിഞ്ഞു പോയ പറവകൾ ഒരുമിച്ചു കൂടണയാൻ പറക്കുന്ന കാഴ്ച.

ബാബയുടെ റേഡിയോ അപ്പോഴും പാടി
  "കുച്ഛ് തോ ലോഗ് കഹേം ഗേ
ലോഗോം കാ കാം ഹെ കെഹനാ"
                     *********
ഇതെഴുതി നിർത്തുമ്പോൾ എന്തുകൊണ്ടോ  മനുസ്മൃതിയിലെ വരികളാണ് എന്റെ മനസ്സിലേക്കെത്തിയത്.
"യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ"

                            **********

സരിത സുനിൽ✍️













ധ്രുവം (ചെറു കഥ )

കുഞ്ഞു നാളിൽ പള്ളിക്കൂഠത്തിൽ തൊട്ട് മനസിൽ പതിഞ്ഞു പോയ ആ മുഖം ഇനിയും
അയാളിൽ നിന്നും വിട്ട് പോയിട്ടില്ല. നാലാം ക്‌ളാസിൽ പഠിക്കുമ്പോളാണ് മനു
ആദ്യമായി അവളെ കാണുന്നത്. നീളൻ കണ്ണുകളും, മുടി രണ്ടായി പിന്നി
വിവിധങ്ങളായ നിറത്തിലുള്ള റിബണും കെട്ടിയാണ് അവൾ സ്കൂളിലേക്ക് വരാറ് .
നെറ്റിയിൽ ചന്ദനക്കുറി, മുഖത് എപ്പോളും ചെറു പുഞ്ചിരിയും അവൾക് കൂട്ടായി
ഉണ്ടായിരുന്നു.
ഗൗരി ...
മനുവിന്റെ മനസ് മുഴുവൻ ഗൗരിയും, അവളെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകളും
നിറഞ്ഞു നിന്നു. വർഷങ്ങൾക് ശേഷം ആ മുഖം വീണ്ടും കാണാൻ പോവുകയാണ്.
ഇന്നയാൾക് മുപ്പത്തിരണ്ട് വയസ് , ഭാര്യയുണ്ട്, ഉഷ ഒരു മകളും. മനു
ചിന്തയിലാണ്. പാതി രാവിൽ അയാൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് തന്റെ മൊബൈൽ
എടുത്ത് നോക്കി. സമയം ഒരു മണി കഴിഞ്ഞു. പെട്ടെന്ന് തന്റെ ഭാര്യ ഉഷ
എഴുന്നേറ്റ് ചോദിച്ചു...
എന്തെ ,, ഉറങ്ങുന്നില്ലേ .. എന്ത് പറ്റി !!

മനു- ഹേയ് .. കിടന്നിട് ഉറക്കം വന്നില്ല.
ഉഷ- പറ ചേട്ടാ .. എന്ത് പറ്റി, വൈകുന്നേരം മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ്.
മനസ് ഇവിടെ ഒന്നുമല്ലേ ..?

മനു - ഒന്നുമില്ലടോ.. വാ നമുക്ക് കിടക്കാം.!!!

അയാൾ ഭാര്യയുടെ മുഖത് നോക്കി പുഞ്ചിരിച്ച് കൊണ്ട് തൊട്ടപ്പുറത്തു
കിടക്കുന്ന തന്റെ മകൾക് ഒരു മുത്തം നൽകി. രണ്ടാളും ഉറങ്ങാൻ കിടന്നു.
മനു കണ്ണടച്ചു ഉറങ്ങാൻ കിടന്നെങ്കിലും മനസിലേക്ക് ഗൗരി എന്ന തൻ്റെ
കളിക്കൂട്ടുകാരിയുടെ ഓർമകളിലേക്ക് വഴുതി വീണു.

നാലാം ക്‌ളാസ് മുതൽ ഒൻപതാം ക്ലാസ് വരെ അവർ സ്കൂളിൽ ഒരുമിച്ച് പഠിച്ചതാണ്.
ഗൗരിയുടെ അച്ഛൻ ഒരു ഹോട്ടൽ ജീവനക്കാരനാണ്. അവരുടെ സ്വന്തം നാട് കിഴക്കൻ
പ്രദേശത്ത് എവിടെയോ,.. കൃത്യമായി അറിയില്ല . ജോലിയൊക്കെ തരപ്പെടുത്തി
തന്റെ അച്ഛൻ ഗൗരിയേയും, അമ്മയെയും കൂട്ടി ഇവിടെ വന്നു താമസമാക്കിയതാണ്.
അവളെ നാലാം ക്‌ളാസിൽ ഇവിടെ സ്കൂളിൽ ചേർത്തു .
ഗൗരി!! അവൾ സുന്ദരിയാണ്, മിടുക്കിയാണ്. എല്ലാവരോടും അങ്ങനെ തുറന്നു
സംസാരിക്കാറില്ല. സ്കൂളിലെ ഓരോ വർഷം പിന്നിടുമ്പോഴും, ഗൗരിയും, മനുവും,
അടുത്ത സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു. അവൾ നന്നായി പടിക്കും, പാട്ട്
പാടും, ചിത്രം വരക്കും, മനുവിന്റെ വീടിന്റെ കുറച്ച് ദൂരെയാണ് ഗൗരി
താമസിച്ചിരുന്നത്. കൃത്യമായി ഇപ്പോളും മനുവിന് ആ വീട് അറിയില്ല. ഗൗരി
കാണാതെ പല വട്ടം അവളുടെ പിറകെ പോയി വീട് കണ്ടെത്താൻ
ശ്രമിച്ചിട്ടുണ്ടെങ്കിലും, മനു അതിൽ പരാചിതനായി.
മനു എന്നും നേരത്തെ വീട്ടിൽ നിന്നും ഇറങ്ങും, സ്കൂളിലേക്ക് പോകുന്ന വഴി
ഒരു റെയിൽ പാതയുണ്ട്. അത് കടന്നു വേണം സ്കൂളിലേക് പോവാൻ. മിക്ക ദിവസവും
ഗൗരിയുടെ വരവും കാത്ത് അവൻ അവിടെ നിൽക്കും. അവൾ കടന്നു പോയതിനു ശേഷം,
അയാൾ അവളുടെ പിറകിൽ നടന്ന് സ്കൂളിലേക്ക് പോവും. ഒപ്പം സംസാരിച്ച് നടന്നു
പോവണമെന്നുണ്ട്. പക്ഷെ എന്തോ മനുവിന്റെ ഉള്ളിൽ എന്തോ ഒരു പേടി. മാത്രമല്ല
പിറകെ നടന്നു പോവുമ്പോൾ അവളുടെ അഴിച്ചിട്ട മുടിയും, ഈറൻ മാറാതെ അതിൽ
നിന്നും ണിം.. ണിം.. എന്ന് ഇറ്റിറ്റ് വീഴുന്ന വെള്ളത്തുള്ളികളും, തലയിൽ
ചൂടിയിരിക്കുന്ന തുളസി കതിരും.. നോക്കി അങ്ങനെ ഒരു സ്വപ്ന ലോകത്തെന്ന
പോലെ അവൻ സ്കൂളിലേക് എത്തും, മനുവിന്റെ ഉള്ളിൽ ഗൗരിയെ കുറിച്ചുള്ള
ഓർമ്മകൾ ഒരു കുളിർ മഴയായി പെയ്തിറങ്ങി.!!

ക്‌ളാസിൽ അവൾ തന്നോട് വന്ന് സംസാരിക്കുന്നത് പോലെ മറ്റാരോടും അവൾ അങ്ങനെ
സംസാരിക്കാറില്ലായിരുന്നു. പല വട്ടം തന്റെ മറ്റു സുഹൃത്തുക്കൾ പരസ്പരം
ഗൗരിയെയും, അവളുടെ സൗന്ദര്യത്തെയും പറ്റി ചർച്ച ചെയ്യുമ്പോൾ മനു പതിയെ
അതിൽ നിന്നും ഒഴിഞ്ഞു മാറുമായിരുന്നു. ഒരിക്കൽ ഏഴാം ക്‌ളാസിൽ വെച്ച്
തന്റെ സുഹൃത്തായ സനൽ വഴിയിൽ വെച്ച് ഗൗരിയോട് ഇഷ്ടമാണെന്ന് പറഞ്ഞു. അന്ന്
ഉച്ചക്ക് ഗൗരി മനുവിന്റെ അടുക്കൽ വന്ന് വളരെ വിഷമത്തോടെ പറഞ്ഞു ..

മനൂ .. ആ സനൽ ഇല്ലേ,, തന്റെ കൂട്ടുകാരൻ, അവൻ ഇന്ന് രാവിലെ വഴിയിൽ വെച്ച്
എന്നോട് ഇഷ്ടമാണെന്നു പറഞ്ഞു.
അവന് എന്താ ഭ്രാന്തുണ്ടോ ,,? ഇനിയും എന്നെ ഇങ്ങനെ ശല്യം ചെയ്യരുതെന്ന്
മനു അയാളോട് ഒന്ന് പറയണം ..!!
ഗൗരി കെഞ്ചിയെന്നോണം മനുവിനോട് പറഞ്ഞു. അത് പറയുമ്പോൾ അവളുടെ മുഖം
വാടിയിരുന്നു. മനുവിന് മനസ്സിൽ വല്ലാത്തൊരു നോവ്. കാരണം ഒരിക്കൽ തന്റെ
ഉള്ളിലുള്ള ഇഷ്ടം ഗൗരിയോട് തുറന്ന് പറയാൻ അവൻ ആഗ്രഹിച്ചിരുന്നു. തന്റെ
സുഹൃത്തായ സനൽ ഇപ്പോൾ ഇങ്ങനെ ഒരു അഭ്യർത്ഥന നടത്തിയപ്പോൾ അവളിലുണ്ടായ ഈ
വിഷമവും, അമർഷവും, ദേഷ്യവും തന്നോടും തോന്നുമോ
...!!? എന്നുള്ള ഭയം അന്ന് അയാളിൽ കടന്നു കൂടിയതാണ്. താനും ഇങ്ങനെ
ഗൗരിയോട് തന്റെ ഉള്ളിലെ ഇഷ്ടം തുറന്ന് പറഞ്ഞാൽ ചിലപ്പോൾ തന്നോടും അവൾക്
ദേഷ്യവും, വെറുപ്പും തോന്നുമോ!!.? അത് കാരണമായി അവൾ തന്നോട്
സംസാരിക്കാതിരിക്കുമോ!!? അത് മനുവിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.
അങ്ങനെ അയാൾ തന്റെ ഇഷ്ടം ഉള്ളിൽ ഒതുക്കി നടന്നു... വർഷം വീണ്ടും കടന്നു
പോയി, ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന സമയം,,, ഒരിക്കൽ ഗൗരി തന്റെ അടുക്കൽ
വന്നു പറഞ്ഞു

മനൂ ... എന്റെ അമ്മാവൻ മരണപ്പെട്ടു. നാട്ടിലാണ്. ഞാനും അച്ഛനും അമ്മയും
കൂടി നാട്ടിലേക്ക് പോവുന്നു. അവിടെ അമ്മായിയും , കുട്ടികളും തനിച്ചാണ്.
ചിലപ്പോ ഇനി അവിടെയുള്ള സ്കൂളിൽ ചേർന്നാണ് പഠിക്കുക. നാളെ തന്നെ ടി സി
വാങ്ങി മടങ്ങണമെന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത് .!!!

ഒരു ഇടിമിന്നൽ വന്ന് തന്റെ നെഞ്ചിൽ തറച്ച പോലെ മനുവിന് തോന്നി. അവൻ
ഒന്നും മിണ്ടാതെ തല കുനിച്ച് ചെറുതായി ഒന്ന് മൂളി... എന്നിട് മറ്റൊന്നും
മിണ്ടാതെ ക്ലസ്സിനകത്തേക്ക് കയറി പോയി.

പിറ്റേന്ന് രാവിലെ മനു പതിവിലും നേരത്തെ തന്നെ ക്ലാസിലെത്തി .
ബെല്ലടിച്ചു ക്ലാസ് ആരംഭിച്ചിട്ടും ഗൗരി ഇത് വരെ എത്തിയിട്ടില്ല. മാഷ്
ക്ലാസ് ആരംഭിച്ചിട്ടും മനുവിന്റെ ശ്രദ്ധ പുറത്തു വരാന്തയിലേക്കാണ്. തൻ്റെ
ഗൗരി വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ട്.. കുറച്ചു നേരം കഴിഞ്ഞ് ഗൗരി
തൻ്റെ അമ്മയുടെ കൂടെ നടന്നു വരുന്നത് അവൻ കണ്ടു...
പതിവ് പോലെ യൂണിഫോം അല്ല അവളുടെ വേഷം. ഒരു നീല നിറത്തിലുള്ള പാവാടയും,
ബ്ലൗസും. അവളുടെ സൗന്ദര്യം ഇരട്ടിയായിരിക്കുന്നു. ക്ലാസ്സിലെ മറ്റു
കുട്ടികൾ പരസ്പരം പിറുപിറുക്കുന്നത് ഞാൻ കേട്ടു . ഗൗരി ടിസി വാങ്ങി
അവളുടെ നാട്ടിലേക്ക് പോവുകയാണ്.. ഇനി ഇവിടേക്ക് വരില്ല.. അങ്ങനെ പലതും!!

സൈലെൻസ്!!!... പെട്ടെന്ന് മാഷ് ബെഞ്ചിൽ ആഞ്ഞടിച്ചു...

മനു ഞെട്ടിത്തരിച്ചു പോയി . അവൻ എന്ത് ചെയ്യണമെന്നറിയാതെ തല കുനിച്ച്
ഇരുന്നു. പെട്ടെന്ന് ബെൽ അടിച്ചു. ഇടവേളയാണ് . മനു പെട്ടെന്ന് ക്ലാസിനു
വെളിയിൽ വന്ന് ടീച്ചേർസ് റൂമിന്റെ അടുത്തേക് ചെന്നു. അവിടെ ഗൗരിയും
അമ്മയും പണിക്കർ മാഷുമായി സംസാരിക്കുന്നു . ഗൗരി പെട്ടെന്ന് തിരിഞ്ഞ്
മനുവിനെ നോക്കി. മനു അത് കാണാത്ത മട്ടിൽ തിരിഞ്ഞു കളഞ്ഞു. ഗൗരി മാഷിനോട്
അനുവാദം ചോദിച്ച് മനുവിന്റെ അടുക്കലേക്ക് ചെന്ന് മനുവിനോട് ചോദിച്ചു..

ഹേ മനൂ .. എന്തെ എന്നെ മൈൻഡ് ചെയ്യാണ്ട് പോയത് ..!!

ഇല്ല, ഒന്നുമില്ല.. ടിസി ഒക്കെ ശെരിയായോ ? മനു അടഞ്ഞ ശബ്ദത്തിൽ ചോദിച്ചു .

ആ.. കുറച്ച് കഴിഞ്ഞ് ഹെഡ് മാസ്റ്ററുടെ ഓഫീസിൽ പോയി വാങ്ങണം ..

മ്.. മനു ഒന്ന് മൂളി ..!!

ഗൗരി പതിയെ മനുവിന്റെ അടുത്തേക്ക് ചെന്ന് അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു..

മനൂ.. ഞാൻ പോവാ . നീയെന്നെ മറക്കുമോ .. മറക്കരുത് ട്ടോ !! എനിക്കീ
സ്കൂളിലെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ് നീ. എന്നെ ഇടക്ക്
വിളിക്കണം.. ഇതാ.. അമ്മാവന്റെ വീട്ടിലെ ഫോൺ നമ്പറാ..

ഗൗരി ഒരു ചെറിയ തുണ്ട് കടലാസ് എടുത്ത് മനുവിന് നേരെ നീട്ടി..

മനുവിന് ഉള്ളിൽ സങ്കടം അണ പൊട്ടി. അത് പുറത്തു കാണിക്കാതെ അവൻ അത് ഉള്ളിൽ
കടിച്ചമർത്തി.
അപ്പോഴേക്കും ഗൗരിയുടെ അമ്മ അവരുടെ അടുത്തേക്ക് വന്നു.
ഹാ.. മനു .. നന്നായി പടിക്കണം കേട്ടോ, ഞങ്ങൾ നാളെ പോകുവാ.. ഗൗരിയുടെ അമ്മ
മനുവിന്റെ തോളിൽ തട്ടി പറഞ്ഞു.

പെട്ടെന്ന് ഒരു കുട്ടി ഓടി വന്ന് പറഞ്ഞു,,, ഗൗരി ചേച്ചിയെയും അമ്മയെയും
ഹെഡ് മാഷിന്റെ ഓഫീസിലേക്ക് വിളിക്കുന്നു.
അപ്പോളേക്കും അടുത്ത ക്ലാസിനുള്ള ബെൽ അടിച്ചു.
ഗൗരിയും അമ്മയും കൂടി ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു നീങ്ങി. ആ വരാന്തയിൽ
നിന്ന് അകലുന്നത് വരെ ഗൗരി മനുവിനെ തിരിഞ്ഞ് തിരിഞ്ഞ് നോക്കി.. അവൾ
കാഴ്ചയിൽ നിന്നും മറയുന്നത് വരെ മനുവും അവളെ നോക്കി നിന്നു..

അന്നാണ് മനു ഗൗരിയെ അവസാനമായി കണ്ടത്....!

ഏകദേശം കുറച്ച് മാസങ്ങൾക് ശേഷം മനു ഗൗരി തനിക്ക് തന്ന ഫോൺ നമ്പറിൽ
വിളിച്ചു നോക്കി. ഫോൺ എടുത്തത് മറ്റാരോ ആണ്. ഗൗരി അപ്പുറത്തെ
വീട്ടിലാണെന്നും കുറച്ച് സമയം കഴിഞ്ഞു വിളിക്കാൻ പറഞ്ഞു ഫോൺ വെച്ചു. ശെരി
എന്ന് പറഞ്ഞ് മനു ഫോൺ കട്ട് ചെയ്തു. പിന്നീട് തിരിച്ചു വിളിച്ചതും ഇല്ല.
അവനിലെന്തോ ഇപ്പോഴും ആ ഭയം ഉള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
അവൾ അന്ന് ഫോൺ കോളിനായി കാത്തിരുന്നിരിക്കുമോ..? അറിയില്ല ..!!

വർഷങ്ങൾ കടന്നു പോയി, മനു ഇപ്പോൾ ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. ഒരിക്കൽ ഫേസ്
ബുക്കിൽ അയാൾ തന്റെ സ്കൂൾ പേജിൽ വെറുതെ പരതി നോക്കിയപ്പോൾ ഒരു പ്രൊഫൈൽ
കണ്ടു. ഗൗരി കൃഷ്ണൻ !! അതെ തൻ്റെ പഴയ കളിക്കൂട്ടുകാരി. മനു വീണ്ടും
കണ്ണോടിച്ചു. അവൾ ഇപ്പോൾ ചെന്നൈയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മനു
ഫ്രണ്ട് റിക്വസ്റ്റ് അയച്ച് കാത്തിരുന്നു. പിറ്റേന്ന് ഒരു ഞായറാഴ്ച
ആയിരുന്നു. കാലത്ത് ഉറക്കം എണീറ്റ മനു മൊബൈൽ ഫോൺ എടുത്ത് നോക്കി.
ഗൗരിയുടെ മെസ്സേജ് ..

ഹായ് മനൂ... അറിയോ എന്നെ ..? മനു തിരിച്ചും മെസ്സേജ് അയച്ചു.

പിന്നെ അറിയാതെ, അത് കൊണ്ടല്ലേ റിക്വസ്റ്റ് അയച്ചത്. കൊറേ നേരം അവർ
വിശേഷങ്ങൾ പങ്കു വെച്ചു.

കുറെ നാളത്തേക്ക് ആ ഫേസ് ബുക്ക് ബന്ധം തുടർന്നു. ഈ സമയത്തും മനു തൻ്റെ
ഉള്ളിലെ ഇഷ്ടം ഗൗരിയോട് തുറന്നു പറഞ്ഞില്ല. പിന്നീട് ഗൗരി അവളുടെ ഫേസ്
ബുക്ക് തുറക്കാതെ ആയി. എന്താണെന്നറിയില്ല. അയക്കുന്ന സന്ദേശങ്ങൾക്ക്
ഒന്നും മറുപടിയും വരുന്നില്ല. വർഷങ്ങൾ വീണ്ടും കടന്നു പോയി. മനുവിന്റെ
വിവാഹം കഴിഞ്ഞു ഇപ്പോൾ രണ്ടു വയസുള്ള ഒരു മകളുണ്ട്. മനു തൻ്റെ ഭാര്യ
ഉഷയോട് ഗൗരിയെ കുറിച്ചും, ആ പഴയ ഓർമകളെ കുറിച്ചെല്ലാം പറഞ്ഞിട്ടുണ്ട്.
അങ്ങനെ ഇരിക്കെ ഒരിക്കൽ വീണ്ടും മനുവിന് ഗൗരിയുടെ മെസ്സേജ് വന്നു.

ഹായ് മനൂ.. സുഖമല്ലേ.. സോറി ഡാ ഞാൻ കുറച്ച് വിഷമത്തിലൊക്കെ ആയിപോയി.
എന്റെ അച്ഛൻ മൂന്നു വർഷം മുൻപ് മരണപ്പെട്ടു. വീട്ടിൽ അമ്മ തനിച്ചായി, ഞാൻ
നാട്ടിലേക്ക് തിരിച്ചു പോന്നു. വല്ലാത്തൊരു അവസ്ഥ ആയിരുന്നു. പിന്നെ,,,
എൻ്റെ വിവാഹം കഴിഞ്ഞു, ഭർത്താവ് ഇടുക്കി വില്ലജ് ഓഫീസിൽ ക്ലാർക്ക് ആണ്.
താമസവും ഇവിടെ തന്നെ. ഞാനിപ്പോ ജോലിക്ക് പോവുന്നില്ല. ഒരു മകനുണ്ട്
ധ്രുവ്. ഇപ്പോൾ ഒരു വയസായി...

മനു തൻ്റെ കുടുംബ വിശേഷങ്ങളും ഗൗരിയുമായി പങ്കു വെച്ചു. ഗൗരി അടുത്ത ആഴച
കുടുംബമായി ഇവിടേക്ക് വരുന്നുണ്ടെന്നും, തന്നെയും കുടുംബത്തെയും കാണാൻ
ആഗ്രഹമുണ്ടെന്നും അറിയിച്ചു. മനു വീണ്ടും ആ പഴയ സ്കൂൾ കുട്ടിയുടെ
പ്രായത്തിലേക്ക് ചുരുങ്ങി. മനുവിന് കിടന്നിട് ഉറക്കം വരുന്നില്ല.
നാളെയാണ് തന്റെ കളിക്കൂട്ടുകാരി ഗൗരിയെ നീണ്ട പതിനേഴു വർഷങ്ങൾ കഴിഞ്ഞ്
അയാൾ വീണ്ടും കാണാൻ പോവുന്നത്. പെട്ടെന്ന് മൊബൈലിൽ അലാറം അടിച്ചു. സമയം
രാവിലെ ആറ്. ഭാര്യ ഉഷ ഉറക്കിൽ നിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.
മനു കണ്ണടച്ചു ഉറക്കം നടിച്ച് അവിടെ തന്നെ കിടന്നു. കുറച്ച് കഴിഞ്ഞ് ഉഷ
ചായയുമായി വന്നു.

അതേയ്.. ഇന്നല്ലേ ഗൗരിയും, കുടുംബവും വരുന്നത്. നമുക്ക് ഫുഡ് എന്താ
ചെയ്യേണ്ടത്. ഓർഡർ ചെയ്താലോ. ഉഷ ചോദിച്ചു...

മനു കട്ടിലിൽ എഴുന്നേറ്റ് ഇരുന്ന് പറഞ്ഞു., ഹേയ്.. അത് വേണ്ട. നമുക്ക്
ഇവിടെ തന്നെ ഒരുക്കാം. അപ്പോളേക്കും തന്റെ കുഞ്ഞു മകൾ എഴുന്നേറ്റ്
മനുവിന്റെ മടിയിൽ വന്നിരുന്നു. മനു മകൾക് മുത്തം നൽകി കൊണ്ട് ഉഷയെ നോക്കി
ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇന്ന് ഞാനും കൂടാം തൻ്റെ കൂടെ പാചകത്തിന്..!

ഓ,, പഴയ കൂട്ടുകാരി വരുന്നത് കൊണ്ടാവും,,, ഉഷ തമാശയായി ചിരിച്ച് കൊണ്ട് പറഞ്ഞു.

മനുവും ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. ആ.. അങ്ങനെ എങ്കിൽ അങ്ങനെ ..
അങ്ങനെ രണ്ടാളും കൂടി ചെറിയ രീതിയിൽ സദ്യയും, പായസമൊക്കെ ഒരുക്കി
കാത്തിരുന്നു. ഏകദേശം പതിനൊന്നു മണിയായപ്പോൾ വീട്ടു പടിക്കൽ ഒരു വെള്ള
നിറത്തിലുള്ള കാർ വന്നു നിന്നു. അപ്പോൾ ഉഷ മനുവിനെ നോക്കി കളിയാക്കി
എന്നോണം ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു. മനു ചെറിയ ചമ്മലോടെയും,
ആകാംഷയോടെയും ഒരു കൊച്ചു കുട്ടിയെ പോലെ ഓടി ചെന്ന് ഗേറ്റ് തുറന്നു. അതാ..
തന്റെ പ്രിയപ്പെട്ട കളിക്കൂട്ടുക്കാരി ഗൗരി.. കയ്യിൽ തൻ്റെ കുഞ്ഞുമായി
കാറിൽ നിന്നും ഇറങ്ങി. അവൾ മനുവിനെ നോക്കി ചിരിച്ചു. മനു ആ പഴയ സ്കൂൾ
കുട്ടി ആയി മാറുകയായിരുന്നു. എന്ത് സംസാരിക്കണം, എങ്ങനെ സംസാരിക്കണം
എന്നറിയാതെ വാക്കുകൾ കിട്ടാത്ത അവസ്ഥ.
ഗൗരി തൻ്റെ ഭർത്താവിനെ മനുവിന് പരിചയപ്പെടുത്തി, വീട്ടിൽ കയറി പരസ്പരം
കുടുംബ വിശേഷങ്ങളിൽ മുഴുകി. ഉഷ അവരുടെ വിവാഹ ആൽബവും മറ്റും കാണിച്ച്
കൊടുത്തു. അങ്ങനെ ഭക്ഷണമൊക്കെ കഴിച്ച് എല്ലാവരും അവിടവിടെയായി
വിശ്റമിക്കുമ്പോൾ, തൻ്റെ മകളുടെ കൂടെ വിശേഷങ്ങൾ പങ്കു വെക്കുന്ന ഗൗരിയുടെ
അടുത്തേക്ക് മനു ചെന്നു. മനുവിനെ കണ്ടതും ഗൗരി ഒന്ന് പുഞ്ചിരിച്ചു.

പിന്നെ വേറെന്താ മനൂ.. നാളുകൾ എത്ര പെട്ടെന്നാ കടന്നു പോയത് അല്ലെ മനൂ..
എങ്കിലും നിനക്ക് എന്നെ ഓർക്കാനും വിളിക്കാനും ഇത്ര വർഷങ്ങൾ വേണ്ടി
വന്നല്ലോ!!

മനു മനസ്സിൽ പതിയെ പണ്ട് ഗൗരിയെ അമ്മാവന്റെ വീട്ടിലേക്ക് ഫോൺ ചെയ്തത്
ഓർത്തു. പക്ഷെ അയാൾ അത് അവളോട് പറഞ്ഞില്ല.

എന്നാലും നിനക്കെന്നെ ഒന്ന് വിളിക്കാമായിരുന്നു... എത്ര സുന്ദരമായിരുന്നു
നമ്മുടെ ആ കുട്ടിക്കാലം.. ഗൗരി തുടർന്നു.

മനു എന്ത് മറുപടി പറയണമെന്നറിയാതെ വെറുതെ മൂളിക്കൊണ്ട് അവിടെ തന്നെ ഇരുന്നു...

പെട്ടെന്ന് ഗൗരിയുടെ ഭർത്താവ് അവിടേക്ക് വന്നു പറഞ്ഞു, നമുക്ക്
ഇറങ്ങേണ്ടെ,, മനൂ സമയം വൈകി, ഞങ്ങൾ ഉടനെ ഇറങ്ങും, ഇനി നിങ്ങൾ കുടുംബമായി
ഒരിക്കൽ അങ്ങോട്ട് വരണം.

ഓ.. അതിനെന്താ, വരാം.. മനു പറഞ്ഞു.
തിരികെ പോവാൻ നേരം മനു, ഗൗരിയുടെ കുഞ്ഞിനെ കൈകളിൽ എടുത്ത് നെറ്റിയിൽ
ചുംബിച്ചു. അയാളുടെ കണ്ണുകളിൽ നിന്നും ഒരിറ്റ് കണ്ണുനീർ ഒഴുകാതെ ഒഴുകി
വീഴുന്നുണ്ടായിരുന്നു. ഗൗരി ഉഷയോട് യാത്ര ചോദിച്ച്, മനുവിന്റെ മകളെ
ചേർത്ത് നിർത്തി കവിളിൽ ഒരു മുത്തം നൽകി. കാറിലേക്ക് കയറും മുൻപ്, ഗൗരി
ഒരിക്കൽ കൂടി മനുവിന്റെ മുഖത്തേക്ക് നോക്കി.

ആ കണ്ണുകളിൽ മനു കണ്ടത്, താൻ മുന്നേ അവളോട് പറയാൻ ആഗ്രഹിച്ച ഇഷ്ടം
ആയിരുന്നോ..!! തനിക്ക് ഗൗരിയോട് തോന്നിയ അതേ ഇഷ്ടം അവൾക്കും തന്നോട്
ഉണ്ടായിരുന്നുവോ!!!!?

അറിയില്ല..!!

തന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ തന്നോട് ഒരു പക്ഷെ വെറുപ്പ് തോന്നുമോ..!
എന്ന ഭയം കൊണ്ട് മനു പറയാൻ ഒളിച്ചു വച്ച ഇഷ്ടം... അറിയില്ല...!!

ഇനി അങ്ങനെ ആണെങ്കിൽ തന്നെയും, രണ്ടാളും ഇപ്പോൾ രണ്ടു ധ്രുവങ്ങളിലാണ്!!

ഈ ജന്മത്തിൽ പരസ്പരം ഒരുമിച്ച് ചേരാൻ പറ്റാത്ത വിധം രണ്ടു ധ്രുവങ്ങളിൽ....!!

നൗഫൽ കളമശ്ശേരി

എൻ്റെ കഥയിലെ നായകൻ (അനുഭവ കഥ )

പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് ടു പഠിക്കാൻ ചേർന്നതും എൻ്റെ പ്രിയപ്പെട്ട
കളമശ്ശേരി ഗവൺമെന്റ് സ്കൂളിൽ തന്നെ ആയിരുന്നു . അഡ്മിഷൻ കിട്ടാൻ വൈകിയ
ഞാൻ അവിടെ എത്തുന്നത് ക്ലാസ് തുടങ്ങി ഏകദേശം ഒരു മാസം കഴിഞ്ഞാണ്...
പത്താം ക്ലാസ് വരെ ഫ്രണ്ട് ബെഞ്ചർ ആയിരുന്ന ഞാൻ അന്ന് മുതൽ ബാക്ബെ
ഞ്ചിലേക്ക് പിൻ തള്ളപ്പെട്ടു. അത് വരെ തരക്കേടില്ലാത്ത പഠിപ്പി ആയ ഞാൻ
മാരക പടുത്തക്കാരുടെ ഇടയിലേക്ക് ആണ് ചെന്ന് പെട്ടത്. എന്തോ എനിക്ക്
അവരുടെ കൂടെ പിടിച്ച് നിൽക്കാൻ പ്രയാസമായിരുന്നു. എന്നിരുന്നാലും കൂടെ
കിട്ടിയത്
നല്ല കട്ടക്കുള്ള ചങ്കുകളും, ചങ്കത്തിമാരും .. ബാക് ബെഞ്ചിന്റെ സുഖം
അനുഭവിച്ചപ്പോളാണ് അതിലും വല്യ സുഖം വേറെ ഇല്ലെന്ന്
തിരിച്ചറിയുന്നത്.... ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾ !!!!.....

ഞാൻ ഇന്നിവിടെ നിങ്ങൾക് മുന്നിൽ പങ്ക് വെക്കാൻ പോകുന്നത്, ആ ദിവസങ്ങളിലെ
ഒരു യുവജനോത്സവ ഓർമകളാണ്. രണ്ടായിരത്തിയഞ്ച് യുവജനോത്സവ കാലം.
സ്കൂളിൽ എല്ലാവരും ഒരോരോ മൽസരങ്ങൾക്കായി പേര് കൊടുക്കുന്നു , ചിത്ര
രജനക്കായും , പാട്ടിനും, കഥക്കും, കവിതക്കും, അങ്ങനെ വിവിധങ്ങളായ
മത്സരങ്ങൾക്കായ് ഒരുങ്ങുന്നു. കൂട്ടത്തിലെ പെൺപുലികൾ ഡാന്സിലാണ് ശ്രദ്ധ
കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രിയ ചങ്ങാതി ജിത്തേട്ടൻ , പിന്നെ പറയേണ്ട
കാര്യമില്ലാലോ .. അവൻ വരയിലും ചിത്ര രചനയിലും മിടുക്കൻ അല്ലേ !!

പ്റാക്റ്റീസ് എന്ന പേരിൽ ഞാനും ഗാങ്ങും ചുമ്മാ പൂന്തോപ്പുകളിൽ കറങ്ങി
നടന്ന് തേൻ നുണയുന്നു. അങ്ങനെ ഒരു ഉച്ച സമയത്ത് ഞങ്ങൾ വെറുതെ പഴയ ഒരു
ഒഴിഞ്ഞ ക്ലാസ് റൂമിൽ ചെന്ന് നോക്കുമ്പോൾ, അതാ ഞങ്ങളുടെ ക്ലാസ്സിലെ
പഠിപ്പിസ്റ്റ് ഫ്രണ്ട് ബെഞ്ചേഴ്സ്, ബഹുമാനപെട്ട കലാകാരനായ ശരത്തിൻ്റെ
നേതൃത്വത്തിൽ ഒരു നാടകം അഭ്യസിക്കുന്നു. അവൻ വായിച്ച പഴയ ഒരു നാടകമാണ്.
"ഉയർത്തെഴുന്നേൽപ്" എന്നാണ് നാടകത്തിന്റെ പേര് എന്നാണ് എന്റെ ഓർമ്മ.
എന്തോ അഭിനയത്തോടും , സിനിമയോടും അടങ്ങാത്ത ഭ്രാന്ത് കൊണ്ട് നടക്കുന്ന
സമയമാണ്. ഇവരുടെ ഈ നാടക കളരി കണ്ടപ്പോൾ സത്യം പറഞ്ഞാൽ മനസ്സിൽ കൊതി
തോന്നി. കാരണം ബാക് ബെഞ്ചേഴ്‌സായ ഞങ്ങളുടെ ഇടയിൽ മറ്റു കലാകാരൻമാർ
ഉണ്ടെങ്കിലും അഭിനയ മോഹം ഉള്ളവർ ഇല്ലെന്നാണ് എനിക്ക്
തോന്നിയിട്ടുള്ളത്..!

ഞാൻ കുറച്ചു സമയം അവിടെ ഇരുന്ന് നമ്മുടെ കൂട്ടുകാരുടെ നാടക കളരി
വീക്ഷിച്ചു. സംവിധായകൻ ശരത് എല്ലാവർക്കും അവരവരുടെ ഭാഗം വായിച്ചു
കേൾപ്പിക്കുന്നു. മറ്റുള്ളവർ അത് കേട്ട് അഭിനയിക്കാൻ ശ്രമിക്കുന്നു.
എന്നാൽ എനിക്ക് അവരുടെ പഠന രീതി തീരേ ഇഷ്ടമായില്ല. തീരെ നിലവാരം ഇല്ലെന്ന
പോലെ തോന്നി. ഞാൻ ശരത്തിൻ്റെ അടുത്ത് ചെന്ന് സ്ക്രിപ്റ്റ് വാങ്ങി
വായിച്ചു. എന്നിട് അവനോട് കുറെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കൊറച്ചു നേരം
കഴിഞ്ഞ് ശരത്തിനോട് ഒറ്റ ചോദ്യം,

ശരത്തെ .. ഞാൻ ഈ നാടകം തിട്ടപ്പെടുത്തട്ടെ...!!

അവനിക്ക് പൂർണ്ണ സമ്മതം.

പിന്നീട് നടന്നത്,,,, ഞാൻ ആ കഥയിലെ മുഴുവൻ അഭിനേതാക്കളെയും വെട്ടി
മാറ്റി, പുതിയ കലാകാരന്മാരെ അണി നിരത്തി. ആരാണാ പുതിയ കലാകാരൻമാർ
എന്നല്ലേ.. അതെ അവർ തന്നെ എൻ്റെ സ്വന്തം ബാക് ബെഞ്ചേഴ്സ് ... കാരണം
വേറൊന്നുമല്ല, പഴയ ടീമിന് അത് അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റില്ലെന്നുള്ള
ഒരു തോന്നൽ.... അത് എൻ്റെ മാത്രം തോന്നലാവാം .. പക്ഷെ ആ വേഷങ്ങൾക് ചേർന്ന
ശരീര ഘടനക്കും മറ്റും എൻ്റെ മനസിലേക്ക് ബാക് ബെഞ്ചേഴ്സിനാണ് . അവർക്
കൊറച് ഉയരക്കൂടുതലും ഉണ്ടല്ലോ !!!

അങ്ങനെ നാടക കളരി ആരംഭിച്ചു. ഒരു പഴയ ചൈനീസ് നാടകമാണ്.
ഓരോ കഥാപാത്രങ്ങളും ഞാൻ ഓരോരുത്തർക്കായി വീതിച്ചു നൽകി . ചൈനീസ് രാജാവായി
ഞാൻ , ഒരു അടിമയായി ഹഖീകത്തും . ഈ രണ്ടു കഥാ പത്രങ്ങളാണ് മെയിൻ , പിന്നെ
കുറെ സാത്താന്മാർ , പോലീസുകാർ അങ്ങനെ നിരവധി കഥാപാത്രങ്ങൾ.
അങ്ങനെ നാടകമെല്ലാം അഭിനയിച്ചു പഠിച്ച്, യുവജനോത്സവത്തിൻ്റെ രണ്ടു ദിവസം
മുന്നേ ആണ് ഞങ്ങൾ വസ്ത്രാലങ്കാരത്തെ പറ്റി ചർച്ച ചെയ്യുന്നത്.
ശരത്തിന്റെ കൂടെ അഭിപ്രായത്തോടെ വസ്ത്രങ്ങൾ തീരുമാനിച്ചു . എന്നാൽ അതിനു
കുറച്ച് പൈസ മുടക്കേണ്ടതായിട്ടുണ്ട്. കയ്യിൽ കാശോ, വട്ട പൂജ്യം ..!!
അപ്പോളാണ് നമ്മുടെ സകലകലാ വല്ലഭനായ ജിത്തേട്ടൻ്റെ ഐഡിയകൾ
ഉടലെടുക്കുന്നത് , ഞാൻ അവനോട് വേണ്ട വസ്ത്രത്തിൻ്റെ പൂർണ്ണ രൂപം
വിശദീകരിച്ചു. രാജാവിന്റെ കിരീടം, വസ്ത്രം, ദണ്ഡ് , ഒരു തലയോട്ടി,
അടിമയുടെ വസ്ത്രം, സാത്താൻമാരുടെ വിരൂപ രൂപം അങ്ങനെ തുടങ്ങി എല്ലാം ..
ജിത്തേട്ടനും ഹരമായി , രാജാവിൻ്റെ കിരീടവും, ദണ്ഡും അവൻ നിർമ്മിച്ചു .
അടിമക്കുള്ള വസ്ത്രം അവൻ ഒരു പഴയ ചാക്കിൽ തിട്ടപ്പെടുത്തി. തലയോട്ടിയോ ,
വെറും ഒരു പച്ച കപ്പങ്ങയിൽ .. അങ്ങനെ വലിയ ചിലവില്ലാതെ ഞങ്ങളുടെ .. അല്ല
ശരത്തിൻ്റെ സ്വപ്ന നാടകം അരങ്ങേറി. വേദിയിൽ എല്ലാവരും അവരവരുടെ
കഥാപാത്രങ്ങൾ മികവുറ്റതാക്കി..

ഹോ വിധിയുടെ ദൈവമേ...."എളങ്കച്ച എനക്കു കുശാചുമി..."

ഓരോ സംഭാഷണങ്ങളും, രംഗങ്ങളും മനസ്സിൽ നിറഞ്ഞു വന്നു . അങ്ങനെ നാടകത്തിൻ്റെ
അന്ത്യം സദസിൽ നിറഞ്ഞ കയ്യടി... മനസ് നിറഞ്ഞു ,,,,,,.... ഞാൻ ഇന്നും
വിശ്വസിക്കുന്നു , എൻ്റെ അല്ലായിരുന്നിട്ടും യാദ്രിശ്ചികമായി
അങ്ങനെ ഒരു നാടക കളരി കാണുവാനും, അത് തിട്ടപ്പെടുത്തി അവതരിപ്പിക്കുവാനും
സാധിച്ചത്, ഉടയ തമ്പുരാൻ എനിക്ക് തന്ന ഒരു വല്യ ഭാഗ്യമാണ് ..!! ഇങ്ങനെ
ഒരവസരം കിട്ടാൻ കാരണക്കാരാനായ ശരത്തിന് മനസ്സ് നിറഞ്ഞുള്ള നന്ദി. ആ
നാടകം മത്സര ഇനത്തിൽ അല്ലായിരുന്നതിനാൽ അതിനു കപ്പ് ഒന്നും
കിട്ടിയില്ല... പക്ഷെ അത് എനിക്ക് തന്ന അനുഭൂതി.. അത് അത്ര
വലുതായിരുന്നു. അഭിനയം എന്ന മോഹം എപ്പോളും മനസിയിൽ ഉണ്ട്. എന്നാൽ
അതിനായി ഞാൻ ഇത് വരെ പരിശ്രമിക്കുകയോ ഒന്നും ചെയ്തിട്ടില്ല.

കുറേ നാളുകൾക് ശേഷം അങ്ങനെ യാദൃശ്ചികമായി തന്നെ ഒരു സിനിമയിൽ ഒരു വേഷം
ചെയ്യാനുള്ള ഭാഗ്യവും കിട്ടി. വേഷം എന്ന് പറഞ്ഞാൽ സംഭാഷണമോ വലിയ സീനോ
ഒന്നും ഇല്ല. ഒരാളെ ബസിൽ കയറ്റി വിടുന്ന രംഗം. അതെ എല്ലാവരും ഇപ്പൊ
ചിന്തിക്കുന്നുണ്ടാവാം ഹോ ..തള്ളൽ...
അങ്ങനെ ഒരു സിനിമയോ.. അത് ഏത്.. അതെ നമ്മുടെ ദുൽക്കർ സൽമാൻ അഭിനയിച്ച
കമ്മട്ടിപ്പാടം...
കല്യാണമൊക്കെ കഴിഞ്ഞ സമയമാണ്. ഒരിക്കൽ കൊച്ചിയിലെ കാക്കനാട് NGO
കോർട്ടേഴ്സിൽ രാത്രി പത്തു മണി സമയം , ഞാൻ ഒരു സ്ഥലം വരെ
പോയി തിരികെ വീട്ടിലേക്ക് പോകും വഴി വലിയ ആൾക്കൂട്ടം. നോക്കിയപ്പോൾ
ഷൂട്ടിംഗ് ആണ്. അത് കണ്ടിട്ട് പോവാൻ തോന്നിയില്ല . ഞാൻ വണ്ടി പയ്യെ സൈഡ്
ആക്കി ആൾക്കൂട്ടത്തിൽ പോയി നിന്നു . ഷൂട്ട് ചെയ്യുന്ന സീനിൽ അഭിനയിക്കാൻ
പറ്റിയ ആളെ തപ്പി ഒരു കൺട്രോളർ ചേച്ചി അവിടെ കറങ്ങി നടക്കുന്നു. അവർക്
ആണെങ്കിൽ ഷൂസ് ധരിച്ച ഒരാളെ വേണം . ഞാൻ എൻ്റെ കാലിലേക് നോക്കി. അതെ ..
ഞാൻ ഷൂസ് ആണ്‌ ഇട്ടിരിക്കുന്നത്. എന്നിൽ ഉറങ്ങി കിടന്ന ആ പഴയ അഭിനയ
ഭ്രാന്തൻ ഉണർന്നു . വേറൊന്നും ചിന്തിച്ചില്ല, അങ്ങോട് ഇടിച്ച് കയറി
ചെന്ന് ഞാൻ എൻ്റെ ഷൂസ് കാണിച്ചു. പുള്ളിക്കാരി ഫ്ലാറ്റ് ... അങ്ങനെ
അരമണിക്കൂറിൽ വീട്ടിൽ എത്തേണ്ട ഞാൻ ചെന്ന് കേറിയത് , പാതിരാവിൽ ഒരു
മണിക്ക് .. ഭാര്യയുമായി ചെറിയ സൗന്ദര്യ പിണക്കം വന്നു... എന്നാലെന്താ
ദുൽഖറിൻ്റെ കൂടെ അല്ലേ സിനിമയിൽ അഭിനയിച്ചത് .. പിണക്കമൊക്കെ അപ്പോ തന്നെ
മാറി കേട്ടോ... അങ്ങനെ ആ നേരവും കടന്നു പോയി.!!!

"കമ്മട്ടിപ്പാടം" എന്ന സിനിമ ഇറങ്ങിയപ്പോൾ ഞാൻ ഇവിടെ സൗദി അറേബിയയിലേക്
വീണ്ടും ചേക്കേറിയിരുന്നു. ഒരിക്കൽ എൻ്റെ പ്രിയ ഗൾഫ് സുഹൃത്തുക്കളോട് ഈ
സിനിമയിൽ അഭിനയിച്ച വിവരം അറിയാതെ ഒന്നു പറഞ്ഞു പോയി. പറയണോ പൂരം.. സിനിമ
ഇൻറർനെറ്റിൽ വന്ന അന്ന് തന്നെ അവന്മാർ ഡൌൺലോഡ് ചെയ്തു. എല്ലാവരും എൻ്റെ
തള്ളിൻ്റെ സത്യാവസ്ഥ അറിയുവാൻ വേണ്ടി ചുറ്റും കൂടി നിന്നു . ഓരോ
സീനും ഫോർവേഡ് അടിച്ചടിച്ചു പോയി ... ഇല്ല ഞാൻ ഇല്ല... എന്നെ
കാണുന്നില്ല... എല്ലാവരും എന്നെ കളിയാക്കി ചിരിച്ചു. ബെസ്റ്റ് ആക്ടർ
സിനിമയിലെ മമ്മൂക്കയെ ഷൂട്ടിംഗ് സെറ്റിൽ നിന്നും പറഞ്ഞു വിടുന്ന പോലെ ഒരു രംഗം..

തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ള് കാക്കേ ...!! കൂട്ടത്തിൽ ആരോ
വിളിച്ചു പറയുന്നുണ്ടായിരുന്നു
.
എൻ്റെ മുഖം ചോര വറ്റിയ പോലെ ആയി... മനസ്സിൽ വല്ലാതെ വിഷമിച്ച്
ഇരിക്കുമ്പോൾ .. പ്രിയ കൂട്ടുകാരൻ ഷെബി ലാപ്ടോപ്പിൻ്റെ മുന്നിൽ ഇരുന്ന്
വിളിച്ച് കൂവി ..
ദേ നമ്മുടെ കാക്ക ,, കമ്മട്ടിപ്പാടത്തിൽ കാക്ക..!!

എൻ്റെ ഉള്ളിൽ ഒരു മിന്നൽ പോലെ തോന്നി. കണ്ണിൽ ഇരുട്ട് കയറിയ പോലെ ...
ഞാനും ആകാംഷയോടെ ലാപ്‌ടോപ്പിന് മുന്നിൽ ചെന്ന് നോക്കി. അതെ അത് ഞാൻ
തന്നെ.. ഗൾഫിലെ കൂട്ടുകാർക്കിടയിൽ അന്ന് വരെ കാക്ക ആയിരുന്ന ഞാൻ അന്ന്
മുതൽ "കമ്മട്ടിപ്പാടം കാക്ക" ആയി..️

ആ നിമിഷങ്ങൾ എനിക്ക് സമ്മാനിച്ച അനുഭൂതി അത് എനിക്ക് വർണ്ണിക്കുവാൻ വാക്കുകളില്ല ..

ഇത് എൻ്റെ മാത്രം അനുഭവം ആയിരിക്കില്ല .. നിങ്ങൾ ഓരോരുത്തരും ജീവിതത്തിൽ
ഇത് പോലെ സുന്ദരമായ നിമിഷങ്ങളിലൂടെ കടന്നു പോയിട്ടുള്ളവരായിരിക്കും..
ഇത് പോലുള്ള കൊച്ചു കൊച്ചു അനുഭവങ്ങളും സന്തോഷങ്ങളും ഇല്ലാതെ എന്ത്
ജീവിതം ആണ് ഭായ് .. ഞാൻ ഇങ്ങനെ ഒക്കെയാണ് ഭായ്‌ ....

ഇനി നിങ്ങൾ പറയൂ... ആരാണ് ശരിക്കും എൻ്റെ കഥയിലെ നായകൻ ...

നൗഫൽ കളമശ്ശേരി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo