നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിശ്ശബ്ദചിത്രങ്ങൾ... (കഥ)


"അതേയ്..  കുട്ടൻ ഇനി എന്നാ വരണേന്ന് പറഞ്ഞുവോ?"

നടപ്പുരയിൽ തെക്കേ ചുമരിനടുത്ത് മടക്കിവെച്ചിരുന്ന കിടക്കയെടുത്ത് നിവർത്തിയിട്ട് അതിൽ വിരിച്ചിട്ടിരുന്ന വിരി  തട്ടിക്കുടഞ്ഞ് വീണ്ടും വിരിച്ചുകൊണ്ട് അച്യുതൻ നായർ ചോദിച്ചു.

"അവനിപ്പോ പോയ്യല്ലേ ഉള്ളു.. അവ്ടെ എത്തണേനും മുൻപ് അടുത്ത വരവിനെക്കുറിച്ച് ചിന്തിക്കാൻ പറ്റ്വോ ?"

അത്താഴം കഴിഞ്ഞ്  പാത്രങ്ങൾ കഴുകി കമഴ്ത്തി വെച്ച് ബാക്കി വന്ന ചോറിൽ വെള്ളമൊഴിച്ച്‌ അടുപ്പിന്റെ മുകളിൽ അടച്ചുവെക്കുകയായിരുന്ന ദേവകിയമ്മ അവിടെ നിന്നുകൊണ്ടുതന്നെ മറുപടിയും കൊടുത്തു.

"നേരത്തെകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാറുണ്ടല്ലോ അവൻ.. അതിനെപ്പറ്റി എന്തെങ്കിലും സൂചിപ്പിച്ചോ എന്നറിയാൻ ചോദിച്ചതാണ്."

"ജാനു ഇപ്പോ പത്തിലാ, അവൾടെ പരീക്ഷക്ക് കുട്ടന് ലീവ് എടുക്കേണ്ടി വരും. ഉള്ള ലീവൊക്കെ എടുത്ത് തീർത്താപിന്നെ അവന് ബുദ്ധിമുട്ടാവും" 

ഓട്ടുമൊന്തയിൽ അച്യുതൻ നായർക്ക് രാത്രി കുടിക്കാനുള്ള വെള്ളവും ഗ്ലാസും കിടക്കയുടെ അടുത്ത്  കൊണ്ടുവെച്ചുകൊണ്ട് ദേവകിയമ്മ പറഞ്ഞു.

"ഈ പറമ്പും പെരയും ഒക്കെ കുട്ട്യോൾടെ പേരിൽ എഴുതി രജിസ്റ്റർ ചെയ്താൽ എനിക്ക് സമാധാനമായി കണ്ണടക്കാർന്നു.  മണ്ണിന് വേണ്ടി ആ നാണുമേനോന്റെ കുട്ട്യോള് തല്ലുകൂടണത് കണ്ടില്ല്യേ.. ന്റെ കുട്ട്യോൾക്ക് അങ്ങിനെ ഒരു ഗതി വരരുത് ന്ന്ണ്ട്.   അതുകൊണ്ടാണു്.."

കിടക്കയിൽ കാലും നീട്ടിയിരുന്ന് നെഞ്ചത്തും കഴുത്തിലും പുറത്തും വിക്സ് പുരട്ടിക്കൊണ്ട്   അച്യുതൻ നായർ പറഞ്ഞു.

"അങ്ങിന്യൊന്നുംണ്ടാവില്ല്യ.  നിങ്ങള്ടെ ചോരന്ന്യല്ലേ കുട്ട്യോൾക്കും.   അവർക്കങ്ങനെ ആക്രാന്തം ഒന്നൂല്ല്യ," നടപ്പുരയിൽ നിന്നും ഇറയത്തേക്കുള്ള വാതിലിന്റെ ഓടാമ്പൽ ഇട്ടുകൊണ്ട് ദേവകിയമ്മ പറഞ്ഞു.

"രാധക്കിപ്പോൾ ഈ വീടൊന്നും വേണ്ടിവരില്ല്യ, അവള്  കൊട്ടാരം പോലെ ഒരു വീട് വെച്ചിട്ടുണ്ടല്ലോ, നളിനിക്കും വേണ്ടിവരില്ല്യ .. ദിവാകരന് അവന്റെ അമ്മേം അച്ഛനേം നോക്കാനുള്ളതാണ്,  പിന്നെ അവരുടെ കാലശേഷം ആ വീട് ദിവാകരന് തന്നെയാണുതാനും. അപ്പോപ്പിന്നെ ഈ വീട് കുട്ടന് കൊടുക്കാംന്നാണ് എനിക്ക് തോന്നണത്.  നാട്ടില് അവൻ ഒന്നുണ്ടാക്കീട്ടില്ല്യ, അതിനൊന്നുംള്ള മിടുക്കും അവനില്ല്യ. അവന് ഈ വീട്ന്ന് പറയുമ്പോൾ ഒരു സ്നേഹോം മായേം ഒക്കേണ്ട്."

വിക്സിന്റെ ഡപ്പി അടച്ച് ദേവകിയമ്മയ്ക്ക് കൊടുത്ത് മേശയുടെ മുകളിൽ വെക്കാൻ ആംഗ്യം കാണിച്ചുകൊണ്ട് അച്യുതൻ നായർ പറഞ്ഞു.

"അതേയ് .. നിങ്ങളായിട്ടൊന്നും പറയണ്ട.. എണ്പത്തിനാലാം  പിറന്നാളിന് എല്ലാവരും വരുണ്ട്‌ന്ന് ല്ലേ പറഞ്ഞേ.. അപ്പോ നമുക്ക് ഒരു ധാരണേണ്ടാക്കാം.  മായേം സ്നേഹോംക്കെ ശര്യന്നെ പക്ഷെ അവരെക്കാളും സ്നേഹം മായേം ഈ പെരയോട് ഇവിടുത്തെ ചെതലുകൾക്കാണ്.   രണ്ടീസം വീട് അടച്ചിട്ടാൽ തീർന്നു.." വിക്‌സിന്റെ ഡബ്ബി മേശപ്പുറത്ത് വെക്കുന്നതിന്റെ കൂടെ അച്യുതൻ നായർ തലയിണയുടെ അടിയിൽ  വെച്ചിരുന്ന മൂക്കുപൊടിയുടെ ഡബ്ബിയും കൂടെ എടുത്ത് മേശപ്പുറത്ത് വെച്ചുകൊണ്ട് ദേവകിയമ്മ പറഞ്ഞു

"രാത്രീലെങ്കിലും ഈ പൊടി വലിക്കൽ ഒന്ന് നിർത്തൂ.. എനിക്കൊറങ്ങാൻ  കിട്ടണത് ആകെ മൂന്നാല് മണിക്കൂറാണ്, ആ സമയത്താവും നിങ്ങളുടെ ഈ പൊടിവലിയും മൂക്ക് ചീറ്റലും തുമ്മലും ഒക്കെ.  കുട്ടനോട് പറഞ്ഞു ആദ്യം നിർത്തിക്കേണ്ടത് നിങ്ങള്ടെ ഈ പൊടിവലിയാണ്. ."

പിറുപിറുത്തുകൊണ്ട് ദേവകിയമ്മ നടപ്പുരയിൽ നിന്നും തളത്തിലേക്ക് നടന്നു. വലതുഭാഗത്തുള്ള  ചുമരിൽ നടപ്പുരയിലെ ട്യൂബ് ലൈറ്റിന്റെ സ്വിച്ച് ഓഫ് ചെയ്ത് നീല ബൾബിന്റെ സ്വിച്ച് ഇട്ടു.    രാത്രി എന്തെങ്കിലും ആവശ്യത്തിന് നടപ്പുരയിൽ പോകണമെങ്കിൽ തട്ടിത്തടഞ്ഞ് വീഴാതിരിക്കാൻ കുട്ടൻ ചെയ്ത പരിപാടിയാണ് ഈ ലൈറ്റ്.   എല്ലാ ബൾബുകളും ഓഫ് ചെയ്താൽ പിന്നെ ഇതിന് നല്ല വെളിച്ചമാണ്.

നടപ്പുരയിൽ നിന്നും ഒരു പടി ഉയരത്തിലാണ് തളം.    പണ്ട് മുത്തശ്ശിയുടെ അമ്മയുടെ കാലത്ത് പണിതീർത്ത തറവാടിന്റെ തള്ളപ്പുരയിലേക്ക് കയറുമ്പോൾ  ആദ്യത്തെ മുറിയാണ് തളം. തളത്തിൽ നിന്നുമാണ് തട്ടിന്മേലേക്കുള്ള കോണിപ്പടി, മുകളിൽ രണ്ടുമുറികൾ, അതിൽ പണ്ട്  രാത്രി സമയത്തു് മൂത്രമൊഴിക്കാൻ മാത്രമായി ഓവകമുണ്ടായിരുന്നു, ഇപ്പോൾ അത് നന്നാക്കി ഇന്ത്യൻ കക്കൂസ് ആക്കി. തളത്തിൽ നിന്നും ഇടനാഴി വഴി മേലടുക്കളയിൽ എത്താം അവിടെനിന്നും അടുക്കളയിലേക്കും.  അടുക്കളയോട് ചേർന്ന് അടുക്കളക്കിണറിലേക്ക് ഒരു വാതിൽ ഇട്ടിട്ടുണ്ട്. നടപ്പുര പിന്നീട് പണികഴിപ്പിച്ചതാണ്.  

വാതത്തിന്റെ അസ്കിത തുടങ്ങിയതുമുതൽ മുട്ടിനൊന്നും ബലമില്ല.   കാൽമുട്ടിൽ കൈയൂന്നിക്കൊണ്ട് തളത്തിലേക്ക് കയറി.

തളത്തിൽ ഒരു പത്തായമുണ്ട്.  പണ്ട് ക്യഷി കഴിഞ്ഞ് നെല്ലൊക്കെ അതിലാണ് കൂട്ടിയിടുക.     

തളത്തിൽ തേക്കിന്റെ തടിയിൽ തീർത്ത അഴികട്ടിലിലാണ് ദേവകിയമ്മ കിടക്കുക.    അവിടെ കിടന്നാൽ മരത്തിന്റെ അഴിയിട്ട ജനാലയിലൂടെ നടപ്പുരയിൽ കിടക്കുന്ന അച്യുതൻ നായരെ കാണാം.  

കാലത്ത് മൂന്നരക്ക് എഴുന്നേറ്റ് വിളക്ക്  കൊളുത്തി, തൊഴുത്തിൽ പോയി പശുക്കുട്ടിയെ തള്ളപ്പശുവിന്റെ അടുത്തുനിന്നും മാറ്റിക്കെട്ടണം.   എന്നാൽ മാത്രമേ ഏഴരയ്ക്ക് രാഘവൻ പശുവിനെ കറക്കാൻ വരുമ്പോഴേക്കും പശു പാല് ചുരത്തുള്ളു.

നാമം ചൊല്ലി ലൈറ്റ് ഓഫ് ചെയ്ത് കിടക്കുമ്പോഴേക്കും നടപ്പുരയിൽ അച്യുതൻ നായർ കൂർക്കം വലിക്കാൻ തുടങ്ങിയിരുന്നു.   

പണ്ട് കല്യാണം കഴിഞ്ഞയുടനെ ഈ കൂർക്കം വലി  ഒരു ശല്ല്യമായിരുന്നു. എന്നാൽ കൂർക്കംവലിയുടെ  അസുഖമുണ്ടെന്ന് ഈ കഴിഞ്ഞ അൻപത്തിയഞ്ചു വർഷത്തിൽ അച്യുതൻനായർ ഒരിക്കലും സമ്മതിച്ചിട്ടില്ല, തെളിയിക്കാൻ ദേവകിയമ്മയ്ക്ക് കഴിഞ്ഞിട്ടുമില്ല.   ഉറക്കം ശക്തി പ്രാപിക്കുന്നതോടെ കൂർക്കംവലിയുടെ ശബ്ദവും കൂടും. ഉർവ്വശി ശാപം ഉപകാരം എന്നപോലെ ആ കൂർക്കംവലി ദേവകിയമ്മയ്ക്ക് ഇപ്പോൾ ഒരാശ്വാസമാണ്. അത് കേൾക്കാതായാൽ പരിഭ്രാന്തിയാവും 

കാലത്ത് എഴുന്നേറ്റാൽ തൊഴുത്തിൽ പോയി പശുക്കുട്ടിയെ മാറ്റിക്കെട്ടി ദേവകിയമ്മ തിരിച്ചുവരുന്നതും കാത്ത്  അച്യുതൻനായർ വാതിൽ തുറന്ന് കാവലിരിക്കുന്നുണ്ടാവും. അതു കഴിഞ്ഞാൽ മുൻവാതിൽ അടച്ച് അടുക്കളയിലെ ബെഞ്ചിൽ വന്നിരിക്കും,  അടുപ്പിൽ ഓലക്കടി കത്തിച്ച് ചായക്ക് വെള്ളം വെച്ച് അടുക്കളയ്ക്ക് മുകളിലെ തട്ടിൽ നിന്നും ഒരു ചെറിയ വിറക് അടുപ്പിൽ ഇട്ട് ദേവകിയമ്മ കുളിക്കാൻ പോയാൽ പിന്നെ ചായയുണ്ടാക്കുന്നത് അച്യുതൻ നായരുടെ ജോലിയാണ്.     വടക്കേ ഇറയത്താണ് കുളിമുറി. രണ്ടു വർഷം മുൻപ് അവിടെ നിഴല് പോലെ ആരേയോ കണ്ടു എന്ന് പറഞ്ഞപ്പോൾ കുട്ടൻ അവിടെ അഴിയിട്ട ഗ്രിൽ ഇട്ട് അടച്ചു. എത്ര തണുപ്പിലും ദേവകിയമ്മ കിണറ്റിൽ നിന്നും കോരിയ തണുത്ത വെള്ളത്തിലെ കുളിക്കൂ.  കുളി കഴിഞ്ഞ് ദേവകിയമ്മ പുറത്ത് വന്നാൽ പിന്നെ അച്ചുതൻനായരുടെ ഊഴമാണ്.  

ചുടു ചായ കുടിച്ചശേഷം പിറ്റേന്ന് വൈകുന്നേരം ബാക്കി വെച്ച മുറിബീഡിയെടുത്ത് ചെവിയിൽ തിരുകി വടക്കേ ഇറയത്തേക്ക് നടക്കും.  രണ്ടു പുകയെടുത്താലെ അച്യുതൻ നായർക്ക് ശോധന ശരിയാകുകയുള്ളു. വീടിനകത്ത് ബീഡി വലിക്കരുതെന്ന് ശാസനയുള്ളതിനാൽ, വടക്കേ ഇറയത്ത് കക്കൂസിന്റെ വാതിൽക്കൽ ഒരു സ്റ്റൂൾ ഇട്ടിട്ടുണ്ട് , അതിൽ ഇരുന്നാണ്  ബീഡിവലി. അച്യുതൻ നായർ ശോധനയൊക്കെ തീർത്ത് വരുമ്പോഴേക്കും നിലവിളക്ക് കൊളുത്തി ദേവകിയമ്മയുടെ കാലത്തെ നാമം ജപം കഴിഞ്ഞിരിക്കും. വർഷങ്ങളായി മൂന്നരയ്ക്ക് എഴുന്നേറ്റ് ശീലിച്ചതിനാൽ രണ്ടുപേർക്കും ആ സമയമാവുമ്പോഴേക്കും ഉറക്കം മുറിയും.

നേരം വെളുത്താൽ ദേവകിയമ്മ മുറ്റത്തുള്ള നന്ദ്യാർവട്ടവും, തെച്ചിയും ചെമ്പരത്തിപ്പൂവും ഒക്കെ പറിച്ച് പാടത്തിന്നക്കരെയുള്ള ഭഗവതിയുടെ അമ്പലത്തിലേക്ക് പോകും.   വാരസ്യാർ വരുന്നതിനുമുമ്പ് മാലക്കുള്ള പൂവ്വ് ചുറ്റമ്പലത്തിൽ വെച്ചുപോരും. ശ്രീകോവിലിലേക്കുള്ള പൂവ്വ് മതിലകത്തുള്ള ചെടികളിൽ തന്നെയുണ്ട്. അതും പൊട്ടിച്ചുകൊടുക്കും.  വാര്യത്തെ ശേഖരവാര്യരുടെ ഭാര്യ മാലതിക്കാണ് ഇപ്പോൾ കഴകം.   

ശേഖര വാര്യരെ ഞങ്ങൾ സമപ്രായക്കാർ  ശേരേട്ടൻ എന്നാണ് വിളിക്കുക ശേരേട്ടനെ മനസ്സിൽ പ്രതിഷ്ഠിച്ച ഒരു കാലമുണ്ടായിരുന്നു ദേവകിയമ്മയ്ക്ക്.   ഒരിക്കലും തുറന്നുപറഞ്ഞിട്ടില്ലാത്ത പ്രണയം, ദേവകിയമ്മയുടെ ഏട്ടന്റെ സുഹ്യത്ത് എന്ന നിലയിൽ ശേരേട്ടൻ പതിവായി വീട്ടിൽ  വരാറുണ്ടായിരുന്നു. അന്നുതുടങ്ങിയ ഇഷ്ടമാണ്. ദേവകിയമ്മയുടെ മനസ്സിലെ ഇഷ്ടം ശേരേട്ടൻ മനസ്സിലാക്കിയിരുന്നോ എന്നത് ഇന്നും ദേവകിയമ്മയ്ക്ക് സ്വയം ഉത്തരം കിട്ടാത്ത ചോദ്യമാണു്.  വീട്ടിൽ പ്രായപൂർത്തിയായ കുട്ടിയുള്ളതാണ് എന്ന് അമ്മ പറയുമ്പോൾ ഏട്ടൻ പറയാറുണ്ട് ശേരന് ദേവകീന്ന് പറഞ്ഞാൽ അനുജത്തിയുടെ പോലെ തന്നെയാണെന്ന്. ഏട്ടന്റെ ആ വിശ്വാസത്തിന് കോട്ടം വരുത്തരുത് എന്ന്  കരുതിയാവാം ശേരേട്ടൻ ഒരിക്കലും അടുപ്പം കാണിക്കാതിരുന്നത്.

മാലതിയെ ശേരേട്ടൻ  താലികെട്ടിക്കൊണ്ടുവന്നപ്പോൾ  വല്ലാത്ത അസൂയയായിരുന്നു. പക്ഷേ ദിവസങ്ങൾക്കുള്ളിൽ മാലതിയുടെ നിഷ്കളങ്കമായ പെരുമാറ്റം ദേവകിയമ്മയുടെ മനസ്സ് മാറ്റി.  മാലതി ഒരു സഹോദരി സ്ഥാനത്തേക്ക് ഉയരുകയായിരുന്നു.

കാലത്ത് രണ്ടുപേരും ഒരുമിച്ചാണ് അമ്പലത്തിൽ പോകാറുള്ളത്, അക്കാലത്ത്  ശേരേട്ടന്റെ അമ്മക്കായിരുന്നു കഴകം. പിന്നീട് അമ്മയുടെ മരണശേഷം ആ ചുമതല മാലതി ഏറ്റെടുക്കുകയായിരുന്നു.     അച്യുതൻ നായരും ശേരേട്ടൻ ഒരേ പ്രായക്കാരാണ്. ഭാഗത്തിൽ ദേവകിയമ്മയ്ക്ക് തറവാടും ചേർന്നുള്ള ഒരു ഏക്കർ സ്ഥലവും കിട്ടിയപ്പോൾ അച്യുതൻ നായർ ഭാര്യവീട്ടിലേക്ക് താമസം മാറ്റിയതായിരുന്നു.   ശേരേട്ടൻ ദിവസവും വൈകീട്ട് അച്ചുതൻ നായരുമായി സംസാരിക്കാൻ വരാറുണ്ട്. ശേരേട്ടൻ ഇടയ്ക്കിടെ വെള്ളം കുടിക്കണം. അതറിയുന്നു കൊണ്ട് എറയത്ത് തിണ്ണയിൽ ഒരു മൺകൂജയിൽ വെള്ളം വെയ്ക്കാൻ ദേവകിയമ്മ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്..  

ശേരേട്ടന് അടുത്ത കാലത്ത് സ്ട്രോക്ക് വന്നതിനു ശേഷം തീരെ കിടപ്പിലായി.   ശേരേട്ടന്റെ കാലത്തെ കാര്യങ്ങൾ നോക്കി മാലതി അമ്പലത്തിൽ എത്തുമ്പോഴേക്കും വൈകാറുണ്ട്.  മാലതിക്കൊരു സഹായമായിക്കോട്ടെ എന്നുകരുതി ദേവകിയമ്മ എല്ലാം ചെയ്തു കൊടുക്കും. മാലകെട്ട് വാര്യത്തിന്റെ മാത്രം  അവകാശമായതിനാൽ, അതിൽ ഒരിക്കലും കൈകടത്താറില്ല.

അമ്പലത്തിൽ നിന്നും തിരികെ വരുമ്പോഴേക്കും രാഘവൻ വന്ന് പശുവിനെ കറന്ന് പാല് പാത്രത്തിൽ വെച്ചിട്ടുണ്ടാകും.   അമ്പലത്തിൽ നിന്നും തിരിച്ചു പോകുന്ന വഴി മാലതി ഉരി പാൽ കൊണ്ടുപോകും. പട്ടരുമഠത്തിലേക്കുള്ള പാലുവാങ്ങാൻ അടിച്ചുതളിക്കാരി ജാനു അങ്ങോട്ട് പോകുന്ന വഴി വരും.  ബാക്കിയുള്ളത് എടുത്ത് കാച്ചി വെക്കും.  

അത് കഴിഞ്ഞാൽ കാലത്തേക്കുള്ള പലഹാരം ഉണ്ടാക്കാനുള്ള ശ്രമമായി.    അച്യുതൻ നായർക്ക് ദോശ അല്ലെങ്കിൽ ഇഡ്ഡലി വേണം, കൂടെ ചമ്മന്തിയും. പറമ്പിൽ തേങ്ങയുള്ളതിനാൽ ഒരു പ്രശ്നമല്ല.   നാളികേരം ഉടച്ച്, ചിരകി വെച്ചിട്ടുണ്ടാകും, മിക്സിയിൽ അരച്ചുകൊടുത്താൽ മതി. ദേവകിയമ്മയ്ക്ക് എന്തെങ്കിലും അസുഖമായാൽ അതും അച്യുതൻ നായർ ചെയ്യും.   

പ്രാതൽ കഴിഞ്ഞാൽ രണ്ടുപേരും ചേർന്ന് പറമ്പൊക്കെ ഒന്ന് ചുറ്റിനടന്ന് നോക്കും.  രണ്ട് മാസത്തിലെരിക്കൽ അയ്യപ്പന്റെ മകൻ ചന്ദ്രൻ വരും. പണ്ട് അയ്യപ്പനായിരുന്നു പറമ്പിലെ പണിയൊക്കെ നോക്കിയിരുന്നത്. അയ്യപ്പന് പ്രായമായതോടെ മകൻ പണി ഏറ്റെടുത്തു.

ആ നടത്തത്തിൽ പറമ്പിൽ നിന്നും കിട്ടിയതെന്തെങ്കിലും ഇട്ട് ഉച്ചക്കലേക്ക് ഒരു കൂട്ടാനും ഉപ്പേരിയും ഉണ്ടാക്കും.   ഊണ് കഴിഞ്ഞാൽ അച്യുതൻ നായർക്ക് ഒരു ഉറക്കം പതിവുണ്ട്. ആ സമയത്താണ് ദേവകിയമ്മക്ക് ഭാഗവതമോ, രാമായണമോ ഒക്കെ വായിക്കാനുള്ള സമയം.    നാലുമണിക്ക് അച്യുതൻ നായർക്ക് ചായ വേണം.

ചായ കുടിച്ചുകഴിഞ്ഞാൽ അച്യുതൻ നായർ പടിക്കലുള്ള അരമതിലിൽ പോയിരിക്കും.  ആ സമയത്ത് ആ വഴിയിലൂടെ പോകുന്നവരൊക്കെയായി എന്തെങ്കിലും രണ്ടുവാക്ക് മിണ്ടിയും പറഞ്ഞും ഇരിക്കും.   

സന്ധ്യയായാൽ പിന്നെ  വൈദ്യശാലയിൽ നിന്നും കൊണ്ടുവന്ന പിണ്ണതൈലം  പുരട്ടി വിസ്തരിച്ചൊരു കുളി. രാത്രിയിൽ ഉച്ചക്കലത്തെ ചോറിൽ കുറച്ച് വെള്ളം ഒഴിച്ചുതിളപ്പിച്ചു കഞ്ഞിയാക്കി,  അടുപ്പിലെ കനലിൽ ചുട്ടെടുത്ത പപ്പടവും കൂട്ടി കഴിക്കും.  

ചിന്തകളിൽ നിന്നുമെപ്പോഴാണ് ഉറക്കത്തിലേക്ക് വഴുതി വീണത് എന്നറിയില്ല.  

ആരോ തന്റെ പേര് വിളിച്ചതുപോലെ തോന്നിയിട്ടാണ്  ദേവകിയമ്മ ഞെട്ടിയുണർന്നത്. അച്യുതൻ നായർ ഒരിക്കലും പേരുവിളിച്ചിട്ടില്ല.  പെട്ടെന്നാണ് ദേവകിയമ്മ ശ്രദ്ധിച്ചത് അച്യുതൻ നായരുടെ പതിവുള്ള കൂർക്കം വിളി കേൾക്കാനില്ല,  മാത്രവുമല്ല ഒരു വശം ചെരിഞ്ഞുകിടക്കുന്നത് അരണ്ട നീല ബൾബിന്റെ പ്രകാശത്തിൽ കണ്ടു. ദേവകിയമ്മയുടെ  ഉള്ളൊന്നു കാളി. അച്യുതൻ നായർ അങ്ങിനെ കിടക്കുന്നത് ദേവകിയമ്മ ഒരിക്കലും കണ്ടിട്ടില്ല.  

പെട്ടെന്നെഴുന്നേറ്റ് തിരിഞ്ഞതും, കട്ടിലിനടുത്ത് ഇട്ടിരിക്കുന്ന സ്റ്റൂളിൽ കാല് തട്ടി ഗ്ലാസിൽ കുടിക്കാൻ വെച്ചിരുന്ന വെള്ളം താഴെമറിഞ്ഞു.   ആകെ അപശകുനം. വേദന സാരമാക്കാതെ, കാൽമുട്ട് തലോടി നടപ്പുരയിലേക്ക് വേഗത്തിൽ നടന്നു. ട്യൂബു് ലൈറ്റ് ഇട്ടപ്പോളാണ് കണ്ടത്, ചെരിഞ്ഞുകിടന്ന് ശബ്ദമുണ്ടാക്കാതെ തള്ളവിരലും ചൂണ്ടുവിരലും  കൂട്ടിപ്പിടിച്ച് മൂക്കുപൊടി വലിക്കാൻ ശ്രമിക്കുന്ന അച്യുതൻ നായർ.  

"ഇങ്ങിനെ പേടിച്ച് പേടിച്ച് ഒരീസം ഞാൻ അങ്ങോട്ട് പോകും.."  ദേഷ്യം കടിച്ചമർത്തി ദേവകിയമ്മ പറഞ്ഞു.

"ഇത് വലിച്ചില്ലെങ്കില് ഉറക്കം ശര്യാവില്ല്യ.  കൊറേ കാലത്തെ ശീലം അല്ലെ ദേവകീ. ഇനീപ്പോ ഇതൊക്കെ നിർത്തിട്ടെന്തിനാ.." അച്ചുതൻ നായർ ദേവകിയമ്മയെ ശാന്തയാക്കാൻ നോക്കി. 

"എണീറ്റിരുന്നിട്ട് ആയിക്കൂടെ മൂക്കുപൊടി വലിച്ചുകയറ്റല് , മലർന്നു കിടന്നു തുമ്മിയാൽ വയറ്റിൽ നിന്നും ഗ്യാസ് കയറലും കൊളുത്തിപ്പിടിക്കലും ഒക്കെ ആവും."  

'നിങ്ങളെന്തിനാ ഇപ്പോ  എണീറ്റത്.. ഞാൻ ശബ്ദം ഒന്നൂണ്ടാക്കീല്ല്യാലോ"

"ആരോ വിളിച്ച പോലെ തോന്നി.  ഈ വെള്ളം ഞാൻ എടുത്തുകുടിച്ചുട്ടോ ദേവകീന്ന് ആരോ പറയുന്നത്‌ കേട്ടപോലെ തോന്നി  "

"ഞാനൊന്നും കേട്ടില്ല്യാലോ, സ്വപ്നം കണ്ടതാവും .."  അച്യുതൻനായർ പറഞ്ഞു.

അപ്പോഴേക്കും ദേവകിയമ്മ മുൻവശത്തെ കതകിന്റെ ഓടാമ്പൽ നീക്കി വാതിൽ തുറന്നു കഴിഞ്ഞിരുന്നു.   പുറത്തെ ലൈറ്റിട്ടു. ആരെയും കണ്ടില്ല..

"നേരം വെളുക്കാറായി.  ഇനിയിപ്പോൾ കിടന്നിട്ട് എന്തിനാ?." പിറുത്തുകൊണ്ട് നടപ്പുരയിലെ  ലൈറ്റ് ഓഫ് ചെയ്ത് തളത്തിലേക്ക് തിരിച്ചുപോയി കിടന്നു.

പെട്ടെന്ന് വീണ്ടും ആരോ വാതിലിൽ  മുട്ടി.

"അതേയ്, ദേ ഇപ്പൊ ശരിക്കും ആരോ വാതിൽ മുട്ടീരിക്കുണു.. ഒന്ന് നോക്ക്വ.."

ദേവകിയമ്മ വീണ്ടും എഴുന്നേറ്റ് വന്ന് നടപ്പുരയിലെ ലൈറ്റ് ഇട്ട് വാതിൽ  തുറന്നു. പുറത്ത് ശേഖരവാര്യരുടെ മരുമകൻ...

"അതേയ്.. കുറച്ച് മുൻപ് ശേരമ്മാൻ  പോയീട്ടോ.. ഇവിടെ വന്ന് പറയാൻ അമ്മായി പറഞ്ഞു.."

പെട്ടെന്ന് കണ്ണിൽ ഇരുട്ടു കയറിയ പോലെ തോന്നി.   മനസ്സിൽ വല്ലാത്ത ശൂന്യത നിറഞ്ഞപോലെയും. ഒന്നും പറയാൻ കഴിയാതെ നിന്നു, ചേതനയില്ലാതെ,  തൂണുപോലെ.  

"മോൻ പൊയ്ക്കോളൂ, ഞങ്ങൾ  അങ്ങോട്ട് വരാം." അപ്പോഴേക്കും അച്യുതൻ നായർ വാതിൽക്കലെത്തിയിരുന്നു. 

ശേരേട്ടന്റെ മരുമകൻ  പോയപ്പോഴാണ് ദേവകിയമ്മ ഇറയത്ത് തിണ്ണയിൽ ചെരിഞ്ഞു കിടക്കുന്ന മൺകൂജ ശ്രദ്ധിച്ചത്,  അതിൽ നിന്നും ചുറ്റും ഒഴുകിയ വെള്ളവും.  

ഒരു നിശ്ശബ്ദപ്രണയത്തിന്റെ സാക്ഷിപത്രമായി കൂജയിൽ നിന്നും ഒഴുകിയ വെള്ളം ദേവകിയമ്മയുടെ കണ്ണിൽ നിന്നും ഉതിരുന്ന കണ്ണുനീർ തുള്ളിയുടെ അതേ താളത്തിൽ ഇറയത്തെ തിണ്ണയിൽ നിന്നും  തറയിലേക്ക് ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു. ദേവകിയമ്മ ഓർമ്മയിൽനിന്നും ചികഞ്ഞെടുക്കാൻ ശ്രമിക്കുകയായിരുന്നു, സ്വപ്നത്തിൽ കേട്ട ആ പരിചിതമായ ശബ്ദം ശേരേട്ടന്റെ ആയിരുന്നോ....
ഗിരി ബി. വാരിയർ 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot