നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലൗലി..


ലൗലി.. (ചെറുകഥ ).
****************
"ദേ ചേച്ചീ, മുഖത്തു മുഴുവൻ പൗഡർ ആണ് കേട്ടോ ".
ജാൻസി സിസ്റ്റർ പറഞ്ഞപ്പോളാണ് കണ്ണാടിയിൽ നോക്കിയില്ലല്ലോ എന്ന് ലൗലി ഓർത്തത്. 

നടുവിൽ വിണ്ടു കീറിയ കണ്ണാടിയുടെ മുൻപിൽ നിന്ന് ലൗലി മുഖത്തേക്ക് നോക്കി.പ്രസരിപ്പെല്ലാം നഷ്ട്ടപ്പെട്ട മുഖം.പൊട്ടിയ കണ്ണാടിയുടെ മുകൾ ഭാഗത്ത്‌ തന്റെ പഴയ മുഖം അവൾ കണ്ടു. 

'എത്ര നേരമാടീ കണ്ണാടിയുടെ മുൻപിൽ നിന്ന് അണിഞ്ഞൊരുങ്ങന്നേ '.
അമ്മയുടെ സ്വരം കേട്ടതുപോലെ ലൗലിക്ക് തോന്നി. 

കവിളിൽ പറ്റിപ്പിടിച്ചിരുന്ന പൗഡർ ലൗലി രണ്ടു കൈകൊണ്ടും തൂത്തു കളഞ്ഞു. 

" ലൗലിചേച്ചീയേ ബസ്സ് ഹോൺ അടിക്കുന്നുണ്ട് ".
ജാൻസി വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ ലൗലി വേഗം മാസ്കും, ഗ്‌ളൗസും ഇട്ടു. 

"എടീ കൊച്ചേ ഞാൻ പോകട്ടെ.  ഇനി പതിനാലു ദിവസം കഴിഞ്ഞു  കാണാം. ആയുസ്സുണ്ടെങ്കിൽ.. "

"ഉറപ്പായും കാണും. ഇന്നും ഒത്തിരി കോവിഡ് പേഷ്യന്റ് അഡ്മിറ്റ് ആയിട്ടുണ്ട്. ചേച്ചീ ഒന്ന് സൂക്ഷിച്ചാൽ മതി. "

"ഞാൻ എന്നാ സൂക്ഷിക്കാനാടീ കൊച്ചേ. വിസ റെഡിയല്ലേ. ഇനി ടിക്കറ്റ് വന്നാൽ പോരേ..? ".

ജാൻസിയുടെ കണ്ണുകൾ നിറയുന്നത് കാണാത്തതുപോലെ ലൗലി മുറിക്കു പുറത്തേക്ക് ഇറങ്ങി. 
കൂടെപ്പിറപ്പിതുങ്ങൾക്കില്ലാത്ത സ്നേഹമാണ് ജാൻസിക്ക്. അറിയാതെ നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചുകൊണ്ട് ലൗലി വേഗം ബസ്സിനടുത്തേക്കു നടന്നു. 
------------     ------------  ------------    -----------
ലോക്ക് ഡൌൺ ആയതിനാൽ തിരക്കുകൾ ഇല്ലാത്ത റോഡിലൂടെ ഹോസ്പിറ്റലിന്റെ ബസ്സ് നല്ല സ്പീഡിൽ പൊയ്ക്കൊണ്ടിരുന്നു.എത്ര പെട്ടെന്നാണ് ലോകത്തിന്റെ അവസ്ഥ ഇങ്ങനെ ആയത്.മനുഷ്യൻ കൂട്ടിക്കിഴിച്ച  കണക്കുകൾ എല്ലാം തെറ്റിച്ചുകൊണ്ട് കൊറോണവൈറസ് താണ്ടവം തുടരുന്നു. 

ലൗലി മൊബൈൽ എടുത്ത് മകൻ കുട്ടപ്പായിയുടെ  വീഡിയോസ് മാറി, മാറി കണ്ടുകൊണ്ടിരുന്നു.കുറുമ്പുകൾ കാണുമ്പോൾ കുഞ്ഞിനരികിലേക്ക് ഓടിയെത്താൻ തോന്നും.വേണ്ട...പോയാൽ ശരിയാവില്ല എന്ന് മനസ്സിനോട്‌ പറഞ്ഞ്, പറഞ്ഞ് ആ ആഗ്രഹം ഉപേക്ഷിക്കും.അടുത്ത മാസം രണ്ടിന് അവന്റെ ബർത്ഡേയാണ്.അന്ന് എന്തായാലും പോകണം. പക്ഷേ അന്നുവരെ താനുണ്ടാവുമോ എന്ന ചിന്ത അവളുടെ കണ്ണുകളെ ഈറനണിയിച്ചു. 

പത്ത്‌ ലക്ഷത്തിൽ ഒരാളുടെ രക്തത്തിൽ കാണുന്ന അണുക്കൾ തനിക്കുണ്ടെന്ന് അറിഞ്ഞപ്പോൾ അടിമുടി പതറിപ്പോയി.മുന്നോട്ടുള്ള നാളുകൾ തനിക്കനുവദിച്ചിട്ടില്ലന്നുള്ള തിരിച്ചറിവിൽ മരണത്തിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായി. 

ചിലപ്പോൾ തോന്നും താൻ ചെയ്യുന്നതൊക്കെ ശരിയാണോ എന്ന്.പെട്ടന്നുള്ള ഒരു വേർപാട് കുഞ്ഞിന്റെ മനസ്സിൽ മുറിവുണ്ടാക്കാതിരിക്കാനാണ് വീട്ടിൽ പോകാതെ ജോലി ചെയ്യുന്നിടത്ത്‌ തന്നെ തങ്ങാൻ തീരുമാനിച്ചത്. അത് ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു. കുട്ടപ്പായി  ഇപ്പോൾ കാര്യമായി തന്നെ അന്വേഷിക്കാറില്ല.ജോബിച്ചന്റെ കാര്യമോർക്കുമ്പോൾ ലൗലിക്ക് കുറ്റബോധം തോന്നും. തന്നെ ജീവനായിരുന്നെങ്കിലും എത്ര ശ്രമിച്ചിട്ടും തിരിച്ചങ്ങോട്ടതുപോലെ സ്നേഹിക്കാൻ  കഴിഞ്ഞിട്ടില്ല.ആദ്യമായി തോന്നിയ ഇഷ്ട്ടം നഷ്ടപ്പെട്ടതിന്റെ മുറിവ് മായുന്നില്ല. പറ്റുന്നത്ര നോക്കി.പക്ഷേ പരാജയപ്പെടുന്നു. മനസ്സ്  കൊടുത്ത് ഒന്ന് സ്നേഹിച്ചവർക്ക് കാലമെത്ര കഴിഞ്ഞാലും അതിൽ നിന്നും മോചനം ഉണ്ടാവില്ല.ചിലർ അഭിയനയിച്ചു വിജയിക്കുന്നു. തന്നെപ്പോലെ ചിലർ  തോറ്റുപോകുന്നു. 

"ലൗലി സിസ്റ്ററേ.... ഹോസ്പിറ്റൽ എത്തി.. ". 
അവസാനം ഇറങ്ങിയ യൂസഫ്‌ വിളിച്ചപ്പോൾ ലൗലി ഞെട്ടി കണ്ണുകൾ തുറന്നു. എല്ലാവരും ഇറങ്ങിക്കഴിഞ്ഞു. 
--------      --------   ----------   ---------     ---------
ഐസൊലേഷൻ വാർഡിലേക്ക് ഡ്യൂട്ടിയിൽ വന്ന ലൗലി വേദനയോടെ ചുറ്റും നോക്കി.  നിരനിരയായി കൊറോണ  വൈറസ് ബാധിച്ചവർ.വെന്റിലേറ്ററിന്റെ അഭാവം പലരേയും മരണത്തിലേക്ക് തള്ളിവിടുന്നു.ശ്വാസം എടുക്കാൻ കഴിയാതെ പിടഞ്ഞു മരിക്കുന്നവരുടെ മുൻപിൽ നിസ്സഹായരായി നിൽക്കേണ്ടി വരിക.അവൾക്കെന്തോ ഒരു വല്ലായ്മ തോന്നി. 

ഒരറ്റത്ത് നിന്നും രാവിലത്തെ മരുന്ന് അവൾ കൊടുത്തു തുടങ്ങി. മൂന്നാമത്തെ ബെഡിനരികിലേക്ക്  വന്ന ലൗലി കാലുറച്ചതുപോലെ അനങ്ങാനാവാതെ നിന്നു.തന്നെ നോക്കി ആ ബെഡിൽ... 

കൂടെയുള്ള സിസ്റ്ററേ മരുന്ന് കൊടുക്കാൻ ഏല്പിച്ചിട്ട് ,  ഡ്യൂട്ടി റൂം എന്ന് പേരുള്ള ആ ചെറിയ മുറിയിലെ കസേരയിലേക്ക്  അവൾ തളർന്നിരുന്നു.ശരീരമാകെ വിറക്കുന്നുണ്ടെന്ന് ലൗലിക്ക് തോന്നി. ഉറക്കെ... ഒത്തിരി ഉറക്കെ ഒന്ന് പൊട്ടിക്കരയാൻ സാധിച്ചിരുന്നെങ്കിൽ.ഉള്ളിൽ കൊത്തിവലിക്കുന്ന വേദന. മുന്നിലെ മേശയിലെ മരുന്നുകൾ തള്ളിമാറ്റി തല കുമ്പിട്ടിരുന്ന് അവൾ വിങ്ങിപ്പൊട്ടി. 
------------     ---------     -----------   -----------
ബാംഗ്ലൂരിലെ നഴ്സിംഗ് പഠനത്തിന്റെ അവസാനവർഷം. ഇന്റേൺഷിപ്പിന്റെ  ഭാഗമായി ശിവാജി നഗറിലെ ബോറിങ് ഹോസ്പിറ്റലിൽ വന്നതായിരുന്നു കുട്ടികളെല്ലാവരും. 

നിരന്തരമായ അപേക്ഷയേ തുടർന്ന് കോളേജിലേക്ക് തിരിച്ചു പോകുന്നതിനു മുൻപ് ഷോപ്പിംഗിനായി കിട്ടിയ അരമണിക്കൂർ.. 

രണ്ട് ടോപ്പ് അല്ലാതെ വേറൊന്നും വാങ്ങാൻ തോന്നിയില്ല ലൗലിക്ക്.

വലിയ ഗോപുരങ്ങളോടെ തല ഉയർത്തി നിൽക്കുന്ന സെന്റ് മേരിസ് ബസലിയ്ക്കയുടെ അടുത്തെത്തിയപ്പോൾ  ലൗലി കൂട്ടുകാരി മേബിളിനോട് ചോദിച്ചു. 
" നമ്മുക്ക് ഒന്ന്  പള്ളിയിൽ കയറിയിട്ട് പോകാം ".
"സമയം ആയി. മിസ്സ്‌ ചീത്ത പറയും ".
"പെട്ടെന്നിറങ്ങാടീ "
"ഊം ".

"ലൗലിയേ !!!  എനിക്കുവേണ്ടി കൂടി ഒന്ന് പ്രാർത്ഥിച്ചേക്കണേ. എക്സാം ജയിക്കാൻ ".
അവർ തിരിഞ്ഞു നോക്കിയപ്പോൾ കൂടെ പഠിക്കുന്ന സാവിയോ. 

"ചെറുക്കൻ സിഗരറ്റ് വലിച്ചോണ്ട് നിൽക്കുന്നത് കണ്ടില്ലേ.അവൻ കഞ്ചാവും വലിക്കുമെടീ,..  എന്നിട്ട് പ്രാർത്ഥിക്കണം പോലും ".
മേബിൾ അരിശത്തോടെ പറഞ്ഞെങ്കിലും ലൗലി  ഒന്നും മിണ്ടിയില്ല.
-----------   ------------   ----------    ------------
"ലൗലിയേ  !!!! ഇന്ന് നിന്റെ എർത്ത്‌ എവിടെ പോയി..?. 
എക്സാം കഴിഞ്ഞ് കാന്റീനിൽ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കട്ടൻ ചായയുമായി സാവിയോ ലൗലിക്ക് അടുത്തേക്ക് വന്നു. 
"അവൾ ഫീസടക്കാൻ പോയതാ. ഇപ്പോൾ വരും. എക്സാം എളുപ്പമായിരുന്നോ..? ".

" എവിടെ..??.. നീ പ്രാർത്ഥിച്ചില്ലായിരുന്നോ..? ".

"ഞാൻ പ്രാർഥിച്ചത് സാവിയോയുടെ കള്ളുകുടിയും, സിഗററ്റുവലിയും മാറാൻ വേണ്ടിയാ ".

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കിയതല്ലാതെ ഒന്നും മിണ്ടുന്നില്ലന്ന് കണ്ടപ്പോൾ ലൗലി തുടർന്നു. 

" വീട്ടിൽ കാശുണ്ടായിട്ടാണോ സാവിയോയെ നഴ്സിംഗ് പഠിക്കാൻ വിട്ടത്.ജീവിതത്തിൽ എവിടെയെങ്കിലും ഒന്നെത്തിച്ചേരുന്നത് കാണാൻ അവർ കഷ്ടപ്പെട്ട് കാശുണ്ടാക്കി അയക്കും. മകൻ ഇവിടെ കൂട്ടുകാരുടെ കൂടെ കള്ളും, കഞ്ചാവും അടിച്ചു നടക്കും.ഇത് ശരിയാണോയെന്ന് ബോധമുള്ളപ്പോൾ ഒന്ന് ചിന്തിക്കണം കേട്ടോ.. ".

സാവിയോയ്ക്കു അപ്പനെ ഓർമ്മ വന്നപ്പോൾ അവൻ എഴുന്നേറ്റു. ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.

 പെട്ടന്ന് നിന്ന അവൻ തിരിച്ചു വരുന്നത് കണ്ടപ്പോൾ അവളുടെ ഉള്ളൊന്ന് കാളി.  

"ഇനി ഞാൻ ഒരു അലമ്പിനും പോകില്ല. കള്ളും, കഞ്ചാവും ഒന്നും ഉപയോഗിക്കില്ല. നീയാണേ സത്യം ".

ലൗലി അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. 
----------  ------------  ----------   -----------    
വീട്ടിൽ കല്യാണാലോചന മുറുകിയപ്പോഴാണ് ലൗലി, സാവിയോയുടെ കാര്യം സൂചിപ്പിച്ചത്. പ്രതീക്ഷിച്ചതിലും ഉയരെ ആയിരുന്നു എതിർപ്പുകൾ. വല്യപ്പച്ചനായിരുന്നു കൂടുതൽ എതിർപ്പ്. കുടുംബ മഹിമയുടെയും, അഭിമാനത്തിന്റെയും പേരിൽ വീട്ടുകാർ കടും പിടിത്തം പിടിച്ചപ്പോൾ സാവിയോയെ അവൾക്ക് മറക്കേണ്ടി വന്നു.പക്ഷേ ജീവിതം മുന്നോട്ട് പോകും തോറും പഴയതൊന്നും അങ്ങനെ മറക്കാൻ കഴിയില്ലെന്ന് അവൾ തിരിച്ചറിഞ്ഞു കൊണ്ടേയിരുന്നു. 
----------  ----------  ------------  -----------  ---------
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. രാവിലെ മുതൽ ശരീരം തളരുന്നതുപോലെ ലൗലിക്ക് തോന്നുന്നുണ്ടായിരുന്നു. എങ്കിലും  ഡ്യൂട്ടിയുടെ തിരക്കിൽ അവൾ അതെല്ലാം മറന്നു. 

" ലൗലി സിസ്റ്ററേ, ആ മൂന്നാമത്തെ ബെഡിലെ പേഷ്യന്റിനു സീരിയസ് ആണല്ലോ. കള്ള് കുടിച്ച്, കുടിച്ച് കരൾ ഒന്നും ഇല്ലന്നാ ഡോക്ടർ പറഞ്ഞത്. ഞാൻ അയാളോട് സംസാരിച്ചായിരുന്നു. ആള് കല്യാണം ഒന്നും കഴിച്ചിട്ടില്ല. അടുത്ത നമ്പർ അയാളുടെ ആണോ എന്നൊരു സംശയം ".

"നമ്മളല്ലല്ലോ അതൊക്കെ തീരുമാനിക്കേണ്ടത്. ആയുസ്സുണ്ടേൽ ജീവിക്കും ". 
പിന്നെയും ശരീരം തളരുന്നത് പോലെ തോന്നിയപ്പോൾ ലൗലി കസേരയിലേക്കിരുന്നു. 

ലൗലീയുടെ കല്യാണം കഴിഞ്ഞതിൽ പിന്നെ ഇപ്പോളാണ് സാവിയോ അവളെ കാണുന്നത്. ഇടക്കൊക്കെ  സാവിയോ,  ലൗലിയേ നോക്കി കിടക്കും.ലൗലി അടുത്ത് വരുമ്പോൾ അവൻ കണ്ണുകൾ അടച്ചു കിടക്കും.ഇവിടുന്ന് പോകുമ്പോൾ ഒരിക്കൽ കൂടി ലൗലിയോട് സത്യം ചെയ്യണമെന്ന് സാവിയോ ഓർത്തു. 

പേഷ്യന്റ്‌സിന് ഉച്ചക്കുള്ള മരുന്ന് എടുത്തു വെച്ചുകൊണ്ടിരുന്നപ്പോൾ പിന്നെയും ലൗലിക്ക് ക്ഷീണം തോന്നി. 

"ലൗലി സിസ്റ്ററേ.. ഒരു സീരിയസ്  അഡ്മിഷൻ. അഞ്ചുവയസേയുള്ളൂ. വെന്റിലേറ്റർ വേണം. എന്താ ചെയ്യുക. "

കൂടെയുള്ള സിസ്റ്റർ ഓടിവന്നു പറഞ്ഞപ്പോൾ ലൗലി ക്ഷീണമൊക്കെ മറന്നു. 

അഞ്ചുവയസ്സുകാരനെ കണ്ടപ്പോൾ കുട്ടപ്പായിയുടെ മുഖമാണ് ലൗലിക്ക് ഓർമ്മ വന്നത്. 

" ലൗലി സിസ്റ്ററേ ആരുടെ വെന്റിലേറ്റർ ആണ് കട്ട്‌ ചെയ്യാൻ പറ്റുക ". 

ഡോക്ടർ ചോദിച്ചപ്പോൾ ലൗലിയുടെ മനസ്സിൽ ആ വാർഡിലുള്ള എല്ലാവരുടെയും മുഖം മാറി, മാറി വന്നു. 

" ഇവൻ ജീവിക്കണം ഡോക്ടർ ".

ലൗലി അടുത്ത് വരുന്നത് കണ്ടപ്പോൾ സാവിയോ വീണ്ടും കണ്ണുകൾ അടച്ചു.
വെന്റിലേറ്റർ ഡിസ്ക്കണക്റ്റ് ചെയ്യുമ്പോൾ, അവളുടെ  കണ്ണീർതുള്ളികൾ അവനെ നനച്ചു. 

ശ്വാസം കിട്ടാതെ കണ്ണുതുറന്നപ്പോൾ തന്റെ ബെഡിന്റെ സ്ഥാനം മാറുന്നതായി അവൻ കണ്ടു. 

അകന്നുപോകുന്ന ലൗലിയേ മങ്ങിയ കാഴ്ച്ചയിൽ സാവിയോ കണ്ടു. 

അഞ്ചുവയസ്സുകാരന് വെന്റിലേറ്റർ കണക്ട് ചെയ്ത് പൂർത്തിയാക്കുന്നതിനു മുൻപേ ലൗലി നിലത്തേക്ക് വീണു. 
----------    ----------    ----------   -----------  ----------
നഗരത്തിൽ നിന്നകലെയുള്ള  കാട്ടുപ്രദേശത്തിൽ  തയ്യാറാക്കിയ താഴ്ച്ചയേറിയ  കുഴിക്കരികിലേക്ക്  ട്രക്ക് വന്നു നിന്നു. വലിയ ശബ്ദത്തോടെ ട്രെക്കിന്റെ പിൻഭാഗം ഉയർന്നു. നിറഞ്ഞിരുന്ന ശവപ്പെട്ടികൾ താഴേക്ക് ഊർന്നു വീണു.ഒരേ സൈസിലുള്ള..അടുത്തടുത്തിരുന്ന ആ രണ്ട് ശവപ്പെട്ടികൾ താഴേക്ക് പതിച്ചപ്പോൾ രണ്ട് ദിക്കുകളിലായി ചെന്നു വീണു.അടങ്ങാത്ത ഏങ്ങലടികൾ കേട്ട് ആത്മാക്കൾ ചുറ്റും നോക്കി.


                          By : ബിൻസ് തോമസ്.. 







No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot