സൂര്യനായ് മകൻ
" ഇതെന്താ അച്ഛൻ വരുന്നുണ്ടോ അമ്മെ ?"
അച്ഛന്റെ പാന്റ്സും ഷർട്ടുകളും 'അമ്മ അയയിൽ വിരിക്കുന്നത് കണ്ടു നന്ദു ചോദിച്ചു
അമ്മ ഒന്ന് മൂളി
"ഇതെന്താ പതിവില്ലാതെ ?"അവന്റെ ചോദ്യത്തിൽ ഈർഷ്യ കലർന്നിരുന്നു .സാധാരണ മൂന്നു വര്ഷത്തിലൊരിക്കലാണല്ലോ വരവ് എന്നവൻ ഓർത്തു.
'അമ്മ അവനെ ഒന്ന് നോക്കി .അവനെന്ന് മുതലാണ് അച്ഛനെ ഇഷ്ടമല്ലാതായത് എന്നവർ ഓർത്തു നോക്കി .
"അച്ഛൻ "നല്ല ഭർത്താവല്ലാതായപ്പോൾ ആവും .സദാ അമ്മയെ കരയിക്കുന്ന അച്ഛനെ മക്കൾ എങ്ങനെയാണ് ഇഷ്ടപ്പെടുക ?
"അച്ഛന് കൊച്ചിയിലെന്തോ ബിസിനെസ്സ് കാര്യം ഉണ്ടത്രേ. നാലഞ്ച് ദിവസങ്ങളെ ഉണ്ടാവുകയുള്ളു ഇവിടെ."
അമ്മയുടെ മറുപടിയിൽ ആശ്വാസത്തിന്റെ ഒരു തണുപ്പുണ്ടായിരുന്നു.
നന്ദു മുറുകിയ മുഖത്തോടെ അങ്ങനെയിരുന്നു.
നാലഞ്ച് ദിവസങ്ങൾ.
'അമ്മ കരയുന്ന നാലഞ്ച് ദിവസങ്ങൾ.
അമ്മയുടെ ഉടലിൽ നീലിച്ച തിണർത്ത പാടുകളും പൊള്ളിയടർന്ന മുറിവുകളും കാണുന്ന നാലഞ്ച് ദിവസങ്ങൾ.
എങ്കിലും അച്ഛന്റെ മുറി കടന്നു വന്നാൽ 'അമ്മ അതൊന്നും ഭാവിക്കാറില്ല.
തിണർത്ത പാടുകൾ തുണി കൊണ്ട് മൂടും.
കരഞ്ഞു നനഞ്ഞ കണ്ണുകളിൽ നല്ലോണം മഷിയെഴുതും. കവിളിലെ തിണർപ്പിനെ മറച്ചു കനത്ത മുടി മറഞ്ഞു കിടപ്പുണ്ടാകും.
ഈ ദിവസങ്ങളിലാണ് അമ്മ മുടിയഴിച്ചിടാറുളളതും.
തന്നോട് അച്ഛന് സ്നേഹമാണ്. നിറയെ സമ്മാനങ്ങൾ കൊണ്ട് തരും. പരീക്ഷകളിലെയും ക്വിസ് മത്സരങ്ങളിലെയും സമ്മാനങ്ങൾ കാണിച്ചു
എന്റെ മോൻ മിടുക്കനാണെന്നു കൂട്ടുകാരോടൊക്കെ പറയും.
"എന്റെ മോനെന്താ വേണ്ടത് ?"
എന്നും ചോദ്യമുണ്ടാകും എപ്പോളും. പണ്ടൊക്കെ ഒരു പാടാവശ്യങ്ങൾ ഉണ്ടായിരുന്നു. പറയാത്തതും പറഞ്ഞതും ഉള്ളിലുള്ളതുമൊക്കെ അച്ഛൻ വാങ്ങി തരും.
പക്ഷെ 'അമ്മ കരയുന്നതു താൻ കണ്ടു തുടങ്ങിയ ദിവസം മുതൽ അച്ഛൻ അമ്മയെ വേദനിപ്പിക്കുന്നത് അറിഞ്ഞു തുടങ്ങിയ ദിവസം മുതൽ തനിക്ക് ആവശ്യങ്ങൾ ഇല്ലാതായി . അമ്മയെ അച്ഛന് ഇഷ്ടമല്ല എന്ന സത്യം വളർന്നപ്പോൾ മനസിലായി. അച്ഛന്റെ ഇഷ്ടങ്ങൾ ഒക്കെ വേറെയാണ്. വേറെ പലരോടാണ്.
പിന്നെ അച്ഛൻ അമ്മയെ വിവാഹം കഴിച്ചതെന്തിന് ?കുറച്ചു കൂടി വളർന്നപ്പോൾ ഉത്തരം കിട്ടി.
അതിനുത്തരം
നീണ്ടു പരന്നു കിടക്കുന്ന വയലേലകളാണ്.
ഈ ഗ്രാമത്തിന്റെ പകുതിയോളം വരുന്ന ഭൂസ്വത്താണ്.
അമ്മയാണ് ഉടമ '.അമ്മ മാത്രം. അച്ഛനൊന്നുമുണ്ടായിരുന്നില്ല. എല്ലാം അമ്മയിലൂടെ ലഭിച്ചതായിരുന്നു.
പടികൾ കയറി കയറി പോകുമ്പോൾ ഒപ്പമുള്ള ആളെ താഴെയുപേക്ഷിക്കലാണ് മിക്കവരുടെയും ശീലം .ചവിട്ടിക്കയറുമ്പോൾ മുകളിലേക്കാണ് നോട്ടം . അവിടെയുളളവരെ ഒപ്പം കൂട്ടാനാണ് തിടുക്കം ..അച്ഛൻ അങ്ങനെയാണ്.
അമ്മയുടെ തേജസ്സ് അച്ഛനിൽ ഒരു അപകർഷതാ ബോധം ഉണ്ടാക്കിയിട്ടുണ്ടാകണം.
ശ്രീകോവിലിലെ ദേവിയെ കണക്കു 'അമ്മ തിളങ്ങുമ്പോൾ അത് കൂടും.
കാരണങ്ങൾ ഉണ്ടാക്കി ശിക്ഷിക്കുമ്പോൾ ഒരു സുഖം.
ഒരു തരം സാഡിസ്റ്റിക് പ്ലെഷർ.
പക്ഷെ അച്ഛൻ ശ്രദ്ധിക്കാത്ത ഒന്നുണ്ട്.
തന്റെ പ്രായം.
തനിക്കു പതിനെട്ട് വയസാകുന്നു.
താനും ഒരാണ് ആണ് എന്നത്.
പുറംകാഴ്ചകൾ കാണാത്ത അമ്മയെ പോലെയല്ല താൻ.
അവന്റ മുഖം ഇരുണ്ടു.
അച്ഛൻ വന്നു. കൂടെ രണ്ടു പേരും.
"ഇത് നീലിമ എന്റെ ബിസിനസ്സ് പാർട്ണർ ആണ് ഇത് വിദ്യയുടെ ഫാദർ. ഇവർ രണ്ടു ദിവസം ഇവിടെയുണ്ടാകും "അച്ഛൻ അമ്മയോട് പറയുമ്പോൾ 'അമ്മ വിളറിയ മുഖത്തോടെ നന്ദുവിനെ ഒന്ന് നോക്കി .ഇത് വരെ രഹസ്യമായി ചെയ്തു കൊണ്ടിരുന്നതൊക്കെ ....
ഇപ്പൊ പരസ്യമായി..
ഈശ്വര !
"അവർക്കു നമ്മുടെ മനയ്ക്കലെ വീട്ടിൽ താമസിക്കാമല്ലോ അച്ഛാ. കുറുപ്പ് മാഷൊക്കെ കഴിഞ്ഞ മാസം വീടൊഴിഞ്ഞു പോയി. വൃത്തിയായി കിടക്കുകയാണ് "
നന്ദു പെട്ടെന്ന് പറഞ്ഞു.
അച്ഛന്റെ മുഖത്ത് ഒരു ഭാവമാറ്റം ഉണ്ടായെങ്കിലും അയാൾ വേഗം ഒരു ചിരി എടുത്തണിഞ്ഞു.
"ഓ ശരിയാണ്. ഞാൻ അത് മറന്നു ""നീലിമ ഇതെന്റെ മകനാണ് നന്ദു "
നന്ദു അവരെ നോക്കിയില്ല. അമ്മയെ ചേർത്തു പിടിച്ചകത്തേക്കു പോയി.
അൽപനേരം കഴിഞ്ഞു അച്ഛൻ അരികിൽ വന്നു.
"നിനക്കിന്നു സ്കൂളിൽ പോകണ്ടേ ?"
"അച്ഛൻ വന്ന ദിവസമല്ലേ ഞാൻ ലീവ് എടുത്തു "അവൻ വെറുതെ ചിരിച്ചു.
അച്ഛന് മറുപടിയില്ല .അയാൾ കണ്ണുകൾ കൊണ്ട് അമ്മയോട് മുറിയിലേക്ക് ചെല്ലാൻ ആംഗ്യം കാട്ടി നടന്നു പോയി .പേടിച്ചരണ്ട മിഴികളോടെ 'അമ്മ അച്ഛന്റെ പിന്നാലെ പോകുന്നത് കണ്ട നന്ദുവിന്റെ കണ്ണുകളിൽ ഒരു തീ എരിഞ്ഞു.
"നീ ആണോ അവനോടിങ്ങനെ ഒക്കെ പറയാൻ പഠിപ്പിച്ചത്? വീട്ടിൽ വന്നു കയറുന്നവരോട് പെരുമാറാൻ അറിയില്ലേ അവന് ?"അയാൾ പല്ലു ഞെരിച്ചു.
"അവരാരാണെന്നു അവനു ശരിക്കും അറിയില്ല .അറിഞ്ഞിരുന്നെങ്കിൽ അവനിങ്ങനെ ആവില്ല പറയുക" ആദ്യമായി അവർ പ്രതികരിക്കുകയായിരുന്നു.
അയാൾ അവരുടെ മുഖം അടച്ചു ഒറ്റ അടി അടിച്ചു. ആ നേരം തന്നെ വാതിൽക്കൽ മുട്ട് കേട്ടു.
"അച്ഛാ വാതിൽ ഒന്ന് തുറന്നെ "
അവന്റ ശബ്ദം കേട്ട് അയാൾ ഭാര്യയെ ഒന്ന് നോക്കി പോയി വാതിൽ തുറന്നു.
"അമ്മേ എനിക്ക് വിശക്കുന്നു ..ഉച്ചയായില്ലേ ?"'
അമ്മ സംശയിച്ചു നിൽക്കുന്നത് കണ്ടു അവൻ ചിരിച്ചു ..
"ശ്ശെടാ ഞാൻ അച്ഛനോട് ഒരു കൂട്ടം പറയട്ടെ അമ്മെ...അമ്മ ചെന്ന് ഭക്ഷണം ഒന്നെടുത്തു വെയ്ക്കു എത്ര നാളായി അച്ഛനൊപ്പം കഴിച്ചിട്ട് ..അല്ലെ അച്ഛാ ?"
അയാൾ വിളറി ചിരിച്ചു.
'അമ്മ പോയപ്പോൾ അവൻ വാതിലടച്ചു കുറ്റിയിട്ടു.
"അച്ഛനിനി ഇവിടെ വരരുത്"
അവൻ ശാന്തമായി പറഞ്ഞു.
അയാൾ എന്തോ പറയാനായി ഭാവിച്ചപ്പോളവൻ കയ്യുയർത്തി തടഞ്ഞു.
"'അമ്മ ഒന്നും പറഞ്ഞിട്ടില്ല പക്ഷെ എനിക്ക് എല്ലാം അറിയാം. അച്ഛന് പല ബന്ധങ്ങളുമുണ്ട് ..എന്നെ ഓർത്തിട്ടാണ് അച്ഛൻ അമ്മയെ സഹിക്കുന്നത് ശരിയല്ലേ ?"അയാളുടെ കണ്ണുകൾ താഴ്ന്നു... ശിരസ്സ് കുനിഞ്ഞു.
"എന്റെ അമ്മയെ ഇനി തല്ലിയാൽ സത്യം ഞാൻ നിങ്ങളെ കൊല്ലും .."അവന്റെ ചൂണ്ടപ്പെട്ട വിരലിനു മുന്നിൽ അയാൾ പതറി. ആ മുഖത്തെ തീ അയാളെ ഭയപ്പെടുത്തി. അവൻ വളർന്നെന്നു ആദ്യം ആയി അയാൾ മനസ്സിലാക്കുകയായിരുന്നു.
"നിങ്ങളെ കൊന്നെന്ന ശാപം എന്റെ ശിരസ്സിൽ വെയ്ക്കരുത്. "നന്ദു തുടർന്നു. അമ്മയെ തല്ലാനായി മാത്രം ഇനി ഇവിടെ വരികയുമരുത് .."
"മോനെ "അയാളുടെ ശബ്ദം തെല്ലു തളർന്നു.
"മകനാണ്. നിങ്ങള് മരിച്ചാൽ കൊള്ളി വെയ്ക്കാൻ ഞാൻ ഉണ്ടാകും. വാക്ക്. അന്ന് നിങ്ങൾ ഏതു സ്ത്രീക്കൊപ്പം ആണെങ്കിലും നിങ്ങളുടെ ചിതയ്ക്ക് തീ കൊളുത്തുക ഞാൻ തന്നെ ആയിരിക്കും ..അതും വാക്ക് ..പക്ഷെ എന്റെ അമ്മയെ എനിക്ക് ആരോഗ്യത്തോടെ, ആയുസ്സോടെ വേണം ...അതിനു നിങ്ങളെ എനിക്ക് ഇവിടെ
വേണ്ട "
അവൻ വാതിലിന്റെ കൊളുത്ത് എടുത്തു. പിന്നെ ഒന്ന് നിന്നു.
"ഇതൊന്നും 'അമ്മ അറിയരുത് ...നിങ്ങളുടെ അവധികൾ നീണ്ടു പോകട്ടെ. മൂന്ന് വർഷത്തിലൊരിക്കൽ എന്നത്
അഞ്ചു വർഷത്തിലൊരിക്കൽ.. പിന്നെ പത്തു വർഷത്തിൽ ഒരിക്കൽ. അങ്ങനെ മതി ..'അമ്മ പാവമാണ്. വിശ്വസിച്ചു കൊള്ളും"ഒന്ന് നിർത്തി അവൻ വീണ്ടും പറഞ്ഞു.
"എന്റെ അമ്മ പാവമാണ് "ഇക്കുറി അവന്റെ ശബ്ദം ഒന്ന് ഇടറി.
അടുക്കളയിൽ 'അമ്മ
ഉള്ളിച്ചമ്മന്തി അരയ്ക്കുകയായിരുന്നു.
അവൻ പിന്നിലൂടെ അമ്മയെ ചേർത്ത് പിടിച്ചു മുഖം തോളിൽ അണച്ചു വെച്ചു.
"എന്താ ഇത്? ഇപ്പൊ ഒരു പുന്നാരം ?"അമ്മ ചിരിച്ചു.
"ലവ് യു അമ്മാ "
"ങേ? "
'അമ്മ അത്ഭുതം നിറഞ്ഞ കണ്ണുകളയുർത്തി നോക്കി.
" ഐ ലവ് യു അമ്മാ "അവൻ അച്ഛന്റെ കൈ പതിഞ്ഞ കവിളിൽ മുഖം ചേർത്ത് വീണ്ടും പറഞ്ഞു.
"അതാപ്പോ നന്നായെ? എനിക്കറിയാത്തതാ അത്? എന്റെ കുട്ടിക്ക് എന്നെ ജീവനാണെന്നു അമ്മയ്ക്കറിയാല്ലോ "
'അമ്മ അവന്റെ കവിളിൽ മെല്ലെ തൊട്ട് പറഞ്ഞു.
അതെ അമ്മേ.. അമ്മ എന്റെ ജീവനാണ്... ഒരു പോറല് പോലും ഏൽക്കാതിരിക്കാൻ ദൈവത്തോട് കേഴുന്നതും അതാണ്.. അതിനായ് എന്ത് ചെയ്യാനും എനിക്ക് മടിയില്ല. എന്ത് ഉപേക്ഷിക്കാനും എനിക്ക് മടിയില്ല. അത് അച്ഛന്റ്റെ സ്നേഹം ആണെങ്കിൽ കൂടി.. അമ്മയെ കരയിക്കുന്ന അച്ഛൻ ഏത് സ്വർഗം തന്നാലും എനിക്ക് വേണ്ട.
അവൻ ഉള്ളിൽ പറഞ്ഞു.
അമ്മയെ കരയിക്കാത്ത അച്ഛൻ.. അങ്ങനെ ഒരു അച്ഛൻ മതി തനിക്ക്. അല്ലെങ്കിൽ ആ അച്ഛൻ വേണ്ട.. ഒരിക്കലും.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക