നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രായശ്ചിത്തം ( കഥ )

" കാവിലെ തെയ്യകെട്ട് നാളെ മുടിയെടുക്കുവല്ലേ? നാളത്തെ തെയ്യം അവനാണെന്ന കേട്ടത് ആ ഉണ്ണിക്ക്, ഒരു പ്രായശ്ചിത്തമായിട്ടെങ്കിലും ഒരു പണം തൊഴുത് മനസ്സ് കൊണ്ടെങ്കിലും മാപ്പ് ചോദിച്ച് വന്നാലോ നമുക്ക്, അങ്ങനെങ്കിലും ന്റെ കുട്ടിടെ മനസ്സൊന്ന് തണുക്കുകയാണെങ്കിൽ ,......
അതായിരിക്കും നമ്മൾ അവൾക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല ചികിത്സ.
പറഞ്ഞു കഴിഞ്ഞതും ഊർന്നിറങ്ങാറായ സാരിത്തലപ്പ് നേരയാക്കി നിറഞ്ഞു തൂവിയ കണ്ണുനീർ തുള്ളികൾ ഒപ്പിയെടുത്ത് ,ചാരുകസേരയിൽ ദൂരെക്കെ വിടെയോ കണ്ണും നട്ട് ഇരിക്കുന്ന ഭർത്താവു മാധവൻ നായരുടെ മുഖത്തേക്ക് തറപ്പിച്ചൊന്നു നോക്കി ഭവാനിയമ്മ.
ഭാര്യയുടെ ചോദ്യത്തിന് മറുപടി പറയാതെ ഇരുകൈകളും തലയ്ക്കടിയിൽ ഒന്നൂടി അമർത്തിവെച്ച് വീണ്ടും അയാൾ ആ ഇരിപ്പ് തുടർന്നു.
പതിവിന് വിപരീതമായി അയാളുടെ പേര് പറയുമ്പോൾ കടിച്ച് തിന്നാൻ നിൽക്കുന്ന ഭർത്താവിന്റെ സൗമ്യഭാവം ഭവാനിയമ്മയുടെ മനസ്സൊന്ന് തണുപ്പിച്ചു. എല്ലാം ശുഭമായി വരുമെന്ന ചിന്തയോടെ അടുക്കളയിലേക്ക് നടക്കുമ്പോൾ ജനലിലൂടെ അകത്തെ മുറിയിലേക്ക് അവരൊന്ന് നോക്കി.
" പാവം ന്റെ കുട്ടി,"
കട്ടലിൽ കമിഴ്ന്ന് കിടക്കുകയിരുന്ന നന്ദിനിയുടെ അടുത്ത് അവർ വന്നിരുന്നു. അവൾ ഉറക്കമാണെന്ന് കരുതി, ശല്യപെടുത്താതെ ആ തലയിലൊന്ന് തടവുക മാത്രം ചെയ്ത് അവർ തിരിച്ചു പോയി.

ഇതെല്ലാം കേട്ട് ആ മുറിയിൽ നിന്ന് തികട്ടി വന്ന ഏങ്ങലുകൾ കടിച്ചമർത്താൻ പാട് പെടുകയായിരുന്നു നന്ദിനി..എങ്കിലും അപ്പോൾ അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരിറ്റു പ്രകാശം നിറയുന്നുണ്ടായിരുന്നു.
*************
ശരിക്കും ദൈവം ഉണ്ടോ ഉണ്ണിയേട്ടാ...?
അങ്ങനെ ചോദിച്ചാൽ....
എന്തേ?
ന്നൂല്ല...
നിങ്ങളൊക്കെ തെയ്യം കെട്ടിയാൽ പറയുന്നതൊക്കെ?
സത്യമല്ലേ?
അവൻ അവളുടെ മുഖത്തേക്ക് നോക്കി.
എന്നാലും...?
എന്താപ്പോ ന്റെ .... വായിൽ അബദ്ധം പിണഞ്ഞത് പോലെ അവനൊന്നു നിർത്തി.
എന്താ പറഞ്ഞത്, ന്റെ ന്നോ?ബാക്കി കൂടി പറ ഉണ്ണിയേട്ടാ ,കേൾക്കാൻ കൊതിയായിട്ടാ, അവൾ കൊഞ്ചി കൊണ്ടിരുന്നു.
അവളുടെ തലയിലൊരു കൊട്ട് കൊടുത്തിട്ട് , ധൃതിയിൽ നടന്നു നീങ്ങുന്ന അവന്റെ പിന്നാലെ അവൾ വീണ്ടും കൂടി.
"പിന്നെ അധികം വൈകാതെ വീട്ടിൽ പോകാൻ നോക്ക്, താൻ എന്റെ പിറകേ വരുന്നുത് തന്റെ അച്ഛനെങ്ങാനും അറിഞ്ഞാൽ.".
എനിക്ക് താഴെ മൂന്നെണ്ണം ഉള്ളതാ, ന്റെ അച്ഛന്റെ അവസ്ഥ അറിയാലോ നന്ദിനിക്ക്. അവരെ പട്ടിണിക്കിടരുത്.
മുഖം വീർപ്പിച്ച് അവനെ നോക്കി ഒരു കൊനിഷ്ട് കാട്ടി അവൻ നടന്നു നീങ്ങുന്നതും നോക്കി, അവൾ നിർന്നിമേഷയായി നോക്കി നിന്നു.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

നാട്ടിലെ പ്രശസ്തനായിരുന്ന തെയ്യം കെട്ട് കാരൻ കൃഷ്ണപണിക്കരുടെ മൂത്ത മകനാണ് ഉണ്ണി . ആളിക്കത്തുന്ന മേലെരിയിൽ നൂറു തവണ കുളിച്ചു നിവരണം എന്നതാണ് ആ നാട്ടിലെ പൊട്ടൻ തെയ്യത്തിന്റെ പ്രത്യേകത, അന്ന് കുളിച്ചു നിവർന്ന പൊട്ടൻ തെയ്യത്തിനോടൊപ്പം ഉയർന്നു വന്നത് ദേഹമാസകലം പൊള്ളലേറ്റ് അവശതയിലായ കൃഷ്ണൻ പണിക്കരുടെ വെന്ത ശരീരമായിരുന്നു. അന്ന് മുതൽ കോളേജ് വിദ്യാർത്ഥിയായിരുന്ന ഉണ്ണിയുടെ ചുമലിലായി കുടുംബത്തിന്റെ ബാധ്യത. പഠിക്കാൻ മിടുക്കനായിരുന്ന ഉണ്ണിക്ക് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. അച്ഛൻ അഴിച്ചു വെച്ച ചിലമ്പ് അന്നു മുതൽ അയാളുടെ കാലുകളിൽ സ്ഥാനം പിടിച്ചു,
അച്ഛനെ പോലെ പേരെടുത്ത തെയ്യക്കാരനാവാൻ ഉണ്ണിക്ക് അധികം സമയം വേണ്ടി വന്നില്ല,
പേരുകേട്ട നായർ തറവാട്ടിലെ മാധവൻ നായർക്കും, ഭാര്യ ഭവാനിക്കുംനാല് ആൺമക്കൾക്ക് ശേഷം നേർച്ചയും വഴിപാടും നടത്തി കിട്ടിയ അഞ്ചാമത്തെ പെൺതരി നന്ദിനി ഒത്തിരി ലാളനയേറ്റാണ് വളർന്നത് .കുഞ്ഞുനാളിലെ മുത്തശ്ശിയുടെ കഥകൾ കേട്ട് വളർന്ന നന്ദിനിക്ക് തെയ്യക്കഥകൾ കേൾക്കുന്നത് അത്ഭുതവും,ആവേശവുമായിരുന്നു.
അപ്പോഴാണ് തന്റെ കോളേജിൽ പഠിക്കുന്ന ഉണ്ണി ,തന്റെ തറവാട്ടിൽ തെയ്യം കെട്ടിയാടുന്ന വിവരം നന്ദിനി അറിയുന്നത്,
മുത്തശ്ശിയുടെ കൈയ്യും പിടിച്ച് തറവാട്ടിലേക്ക് നീങ്ങുമ്പോൾ തനിക്കെന്നോ ഇഷ്ടം തോന്നിയ ഉണ്ണിയുടെ മുഖമായിരുന്നു അവളുടെ മനസ്സുനിറയെ യുള്ള ദൈവ രൂപം.
__________

പത്ത് ദിവസം നീണ്ട നിന്ന കളിയാട്ടത്തിന്റെ അവസാന ദിവസമാണിന്ന്, മുത്തശ്ശിയാണെങ്കിൽ തറവാട്ടിൽ കുംടുബക്കാരുമായി ബന്ധം ഊട്ടിയുറപ്പിക്കയാണ്. അപ്പോഴാണ് അണിയറയുടെ പിൻഭാഗത്തുടെ ഒറ്റയ്ക്ക് നടന്നു പോവുന്ന ഉണ്ണി അവളുടെ ശ്രദ്ധയിൽ പെട്ടത്, അവസരം മുതലാക്കി മുത്തശ്ശിയോട് പറയാതെ അവളും അവന്റെ പിന്നാലെ ചെന്നതാണ്,തന്റെ ഇഷ്ടം പാത്തും, പതുങ്ങിയും
പലവട്ടം അവനെ അറിയിച്ചിട്ടുണ്ടെങ്കിലും, ഒന്നും അറിയാത്ത ഭാവo നടിക്കുമ്പോഴാണ് അവൾക്ക് ദേഷ്യം കൂടാറ്.
ഇന്ന് നല്ലൊരു അവസരം കിട്ടിയതായിരുന്നു ഉണ്ണിയേട്ടനുമായി സംസാരിക്കാൻ, അതു നശിപ്പിച്ചു ദുഷ്ടൻ, അവനെ പ്രാകിക്കൊണ്ട് തിരിച്ചു നടക്കാൻ തുടങ്ങിയ നന്ദിനിയെ ചുറ്റിപറ്റി രണ്ടു കണ്ണുകൾ ഇഴഞ്ഞത് അവൾ അറിഞ്ഞതേയില്ല,

തറവാട്ടിൽ ചെന്ന് മുത്തശ്ശിയേയും വിളിച്ച് കുടുംബക്കാരോട് യാത്ര പറഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ നന്ദിനിയെ വരവേറ്റത് അച്ഛന്റെ കൈയ്യിലെ ചൂരലിന്റെ പ്രഹരമായിരുന്നു.
.
ആ മലയ ചെക്കനുമായി നിനക്കെന്താടി ബന്ധം? മാധവൻ നായർ അലറുകയായിരുന്നു ഒപ്പം ചൂരൽ വടി വായുവിൽ സഞ്ചരിച്ച് അവളുടെ ദേഹമാസകലം നിറഞ്ഞാടി
എന്റിശ്വരാ,,,,
ഞാനെന്തൊക്കയാ ഈ കാണുന്നത്, ഇടയ്ക്കിടെ ഭവാനിയമ്മയുടെ അലമുറയല്ലാതെ നന്ദിനിക്ക് മറ്റൊന്നും കാണാൻ കഴിഞ്ഞില്ല.
അവന് ശരിക്കും വെട്ട് കൊണ്ടിട്ടുണ്ട്, ഇനി നിർത്താം ഓടിക്കിതച്ച് വന്ന ആരോ ഒരാളുടെ ശബ്ദം നന്ദിനിയുടെ ചെവിയിൽ വന്നലച്ചു. മരിച്ചു കാണുമെന്ന തോന്നുന്നത് അത്രയ്ക്കും അലർച്ചയായിരുന്നു. മറ്റൊരാളുടെ ശബ്ദം.
'' ന്റെ ഉണ്ണിയേട്ടനെ,,,,,, ഒരലർച്ചയോടൊപ്പം ഉമ്മറത്തിരുന്ന വെട്ടുക്കത്തിയെടുത്ത് നന്ദിനി അവർക്ക് നേരെ വെട്ടാനോങ്ങി ഓടുകയായിരുന്നു
ഭ്രാന്താണിവൾക്ക്, ചങ്ങലയ്ക്കിടണം കൂട്ടത്തിൽ വന്ന മറ്റൊരാളുടെ ആക്രോശം,
പിന്നെയെന്തൊക്കെ അവിടെ നടന്നതെന്ന് അറിയാതെ നന്ദിനി ബോധമില്ലാതെ തറയിലേക്കിരുന്നു.
ബോധമുണരുമ്പോൾ അവൾ ഒരു ഇരുട്ടുമുറിയിൽ , നാട്ടുക്കാരുടെ പരിഹാസത്തിന് ഇരയായി ,ഭ്രാന്തില്ലാത്ത ഭ്രാന്തിയായി. തൽക്കാലം എല്ലാം മറക്കാൻ അവളും ഭ്രാന്താണെന്ന് അഭിനയിച്ചു.
************
മുറിയിലേക്ക് അമ്മ കടന്നു വന്നത് നന്ദിനി അറിഞ്ഞതേയില്ല.
നീണ്ട പന്ത്രണ്ട് വർഷങ്ങൾ, മരുന്നിന്റെയും ഷോക്കിന്റെയും ആലസ്യത്തിൽ താനങ്ങനെ ഈ ഇരുട്ടുമുറിയിൽ,,,, ഇടയ്ക്കപ്പോഴോ എല്ലാം ശരിയാവുന്ന വിശ്വാസത്തിൽ ,തന്നെ ചെറുപ്പത്തിലേ ഇഷ്ടമായിരുന്ന മുറ ചെറുക്കൻ മുരളിയേട്ടൻ താലികെട്ടുകയും ചെയ്തു.
പാവം മുരളിയേട്ടൻ തന്നെ ഇത്രമാത്രം സ്നേഹിക്കാൻ എനിക്കെന്താണ് യോഗ്യത, മുരളിയേട്ടനെ ഓർത്തിട്ടാണ് ഈ ഇരുട്ടുമുറിയിൽ താനിപ്പോഴും സൗമ്യയായി കഴിഞ്ഞുകൂടുന്നത്,
''അവൻ മരിച്ചിട്ടില്ലെന്ന് ന്റെ കുട്ടി ഇനിയും വിശ്വസിച്ചിട്ടില്ലെങ്കിൽ, നാളെ നമ്മുക്ക് ഒരിടം വരെ പോകാം.അപ്പോ എല്ലാം മനസ്സിലാവും, മുരളിയേയും വിളിക്കാമെന്ന് അച്ഛൻ ഏറ്റിട്ടുണ്ട്, കുട്ടി ഒന്ന് എഴുന്നേറ്റ് വരു, എല്ലാം ശുഭമായി വരാൻ നമ്മുക്കൊന്ന് അമ്പലത്തിൽ പോയ് വരാം,
അമ്മയുണ്ട് കൂടെ, ഇനി ആരും ന്റെ മോളെ പരിഹസിക്കാൻ വരില്ല ,ഭവാനിയമ്മയുടെ ശബ്ദമാണ് അവളെ ഓർമ്മകളിൽ നിന്നുണർത്തിയത്. അമ്മയുടെ കണ്ണിൽ ദൃഢനിശ്ചയത്തിന്റെ പ്രകാശം, നന്ദിനിയെ ഒരു കൊച്ചു കുട്ടിയെ എന്ന പോലെ അനുസരണയുള്ളവളാക്കി പുറകേ നടത്തിച്ചു.

രാവിലെ തന്നെ, കാറുമായി എത്തിയ മുരളിയുടെ കൈപിടിച്ച് കാറിന്റെ പിൻസീറ്റിലേക്ക് അമ്മയോടൊപ്പം ഇരിക്കുമ്പോൾ നന്ദിനിയുടെ ഹൃദയം പട പട ഇടിക്കുകയാരുന്നു. കാവിലേക്കുള്ള പത്ത് മിനിറ്റ് യാത്രയിലൂടെ നീളം ആർക്കുമൊന്നു o സംസാരിക്കാനുണ്ടായിരുന്നില്ല, അമ്മയുടെ ചുമലിൽ തല വെച്ച് കിടന്ന നന്ദിനിയെ ഭവാനിയമ്മ തഴുകി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

സഡൻ ബ്രേക്കിട്ട് നിന്ന കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിയ മുരളി ഒരു കൈ കൊണ്ട് നന്ദിനിയെ ചുമലിലേക്കടിപ്പിച്ച് മറ്റേ കൈ കൊണ്ട് കാർലോക്കാക്കി പതുക്കെ മുൻപോട്ട് നടന്നു. ചാണകം മെഴുകിയ മുറ്റത്തേക്ക് കാലെടുത്ത് വെച്ചപ്പോഴേ " ആ ശബ്ദം അവൾ തിരിച്ചറിഞ്ഞു .
" ഉണ്ണിയേട്ടൻ,.."
അവളുടെ മനസ്സ് മന്ത്രിച്ചു.
അവൻ ജീവനോടെ എവിടെയോ ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും, താൻ കാരണം ഒത്തിരി സഹിച്ച ആ മനുഷ്യനെ നേരിൽ കണ്ട് ആ കാൽക്കൽ തൊട്ട് മാപ്പിരക്കണമെന്ന തന്റെ ആഗ്രഹം ഇതാ സഫലമാകാൻ പോകുന്നു. മുരളിയുടെ കൈപിടിച്ച് അവൾ യാന്ത്രിക മെന്നോണം തെയ്യത്തിന്റെ മുന്നിലെത്തി.

"എന്റെ പൈതങ്ങളെ ഞാൻ കൈവിടില്ല ഒരു കാലത്തും, എന്നും ഗുണം വരുത്താൻ ദൈവത്തെ ഉള്ളുരുകി പ്രാർത്ഥിച്ചോളു." എല്ലാം അറിയുന്നുണ്ട് പരദേവത.
കഴിഞ്ഞതൊക്കെ ഒരു സ്വപ്നമായി കണ്ട് വരാനിരിക്കുന്ന നല്ല നാളുകളെ ഒരു അനുഭവമാക്കി തരുവാൻ ദൈവത്തോടു് പ്രാർത്ഥിച്ചു കൊള്ളുമാറാകട്ടെ!"
വാക്കുരയാടി കൊണ്ട് ഉണ്ണിയുടെ തെയ്യക്കോലം ഒരു നുള്ള് മഞ്ഞൾ ക്കുറിയെടുത്ത് നന്ദിനിയുടെ നെറുകയിൽ ഇടുമ്പോൾ, ഒഴുകി വന്ന കണ്ണൂനീർ ചാലുകൾക്കൊപ്പം, ചുണ്ടുകൾ കൊണ്ടവൾ വീണ്ടും വീണ്ടും മന്ത്രിച്ചു കൊണ്ടേയിരുന്നു.
"മാ.... മാപ്പ് ,വിതുമ്പലുകൾക്കിടയിലൂടെ വന്ന അവ്യക്ത ശബ്ദം മുഴുമിപ്പിക്കാനാവാതെ പരദേവത കെട്ടിയ ഉണ്ണിയുടെ കാലുകളിലേക്ക് ജീവച്ഛവം പോലെ ഊർന്നിറങ്ങിയ അവളെ മുരളി എഴുന്നേൽപ്പിച്ച് തന്നോടടുപ്പിക്കുമ്പോഴും, അനുഗ്രഹത്തിന്റെ വാമൊഴികൾ പരദേവത ഉരുവിടുന്നുണ്ടായിരുന്നു.

ശുഭം
പത്മിനി നാരായണൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot