Showing posts with label SreekalaMenon. Show all posts
Showing posts with label SreekalaMenon. Show all posts

സൈറ I Sreekala Menon

 

"സൈറയുടെ കവിതകൾക്ക് എന്ത് ജീവനാണ് ഋതു.. മനസ്സിനെ വല്ലാതെ ഉലച്ചു കളയുന്ന വരികൾ. ജിബ്രാന്റെ കവിതകൾ പോലെ.."
ദില്ലിയിൽ ശൈത്യം തുടങ്ങിയതേയുള്ളു. ഓഫീസിലെ ചില്ലിട്ട ജനലിൽക്കൂടി മൂടൽമഞ്ഞിലൊളിച്ചിരിക്കുന്ന നഗരത്തിന്റെ കാഴ്ച എന്നെ അസ്വസ്ഥനാക്കി തുടങ്ങിയിരിക്കുന്നു.
ഭൂമിയിലെ എല്ലാ കാമുകിമാരായ പെണ്ണുങ്ങൾക്കും തോന്നാവുന്ന അസൂയ കണ്ണുകളിൽ നിറച്ചു ഋതു എന്നെ നോക്കി
"അഭിക്ക് ഈയിടെയായി സൈറയെ പറ്റി മാത്രമേ പറയാനുള്ളു.. ആ ആർട്ടിക്കിൾ എഴുതിത്തീർന്നില്ലേ..? "
"തീർന്നു. അടുത്താഴ്ച മുതൽ വീക്കിലിയിൽ വന്നു തുടങ്ങും."
ഞാൻ സൈറയെ കുറിച്ചോർത്തു.
ഈയിടെയായി എന്റെ മനസ്സിങ്ങിനെയാണ്. ഋതുവിൽ നിന്നും സൈറയിലേക്കും സൈറയിൽ നിന്നു ഋതുവിലേക്കും മാറി മാറി സഞ്ചരിക്കുന്നു. ഋതുവിന്റെ മനോഹരമായ കണ്ണുകളും, മൃദുവായ ചുണ്ടും, മിനുസമുള്ള കവിളും കാണുമ്പോൾ എനിക്ക് സൈറയുടെ ഷാൾ കൊണ്ട് ഇടതു ഭാഗം മറച്ച മുഖമാണ് ഓർമ്മ വരിക.
ആസിഡ് അറ്റാക്കിനു ഇരയായ സ്ത്രീകളെ കുറിച്ചുള്ള പരമ്പരയിൽ എട്ടു പേരിൽ ഞാൻ അവസാനം ഇന്റർവ്യൂ ചെയ്തത് സൈറയെയാണ്.
ഒരു പാവപ്പെട്ട പാർസി കുടുംബത്തിലെ അംഗമാണ് സൈറ. ജ്വലിക്കുന്ന സൗന്ദര്യവുമായി മോഡലിംഗ് രംഗത്ത് ചുവടുറപ്പിച്ചു വന്നിരുന്ന അവളുടെ സ്വപ്‌നങ്ങൾ പിച്ചിച്ചീന്തിയെറിഞ്ഞത് അവളുടെ കാമുകനായിരുന്ന ഫർഹാൻ ആദിൽ എന്ന ഉത്തരേന്ത്യൻ ചെറുപ്പക്കാരനായിരുന്നു.
അതും പട്ടാപകൽ കരോൾബാഗിലെ തിരക്കുള്ള തെരുവിൽ വെച്ച്.
ഇന്റർവ്യൂ ചെയ്ത മറ്റ് ഏഴുപേരും ആക്രമികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് തറപ്പിച്ചു പറഞ്ഞു. ചിലർ രോഷത്തോടെ അലറി വിളിച്ചു.. ചിലർ ഉറക്കെ കരഞ്ഞു, പൊട്ടിത്തെറിച്ചു. ദീപിക എന്ന പെൺകുട്ടി ആക്രോശിച്ചത് അസിഡ് ഒഴിച്ച് പ്രതിയുടെ ദേഹം മുഴുവൻ പൊള്ളിച്ച് ശിക്ഷ നടപ്പിലാക്കണമെന്നാണ്.
പക്ഷെ സൈറ..
"ഫർഹാന്റെ പ്രണയം എന്നെ ശരിക്കും ലഹരി പിടിപ്പിച്ചിരുന്നു. പ്രണയം സ്വാർത്ഥത കൂടിയല്ലേ അഭി. എന്നെയാരെങ്കിലും ആരാധനയോടെ നോക്കുന്നത് പോലും ഫർഹാൻ വെറുത്തിരുന്നു. ഫർഹാൻ എന്നോട് കാണിച്ചിരുന്ന പൊസ്സസ്സീവ്നെസ്സ്... ഞാനത് തികച്ചും ആസ്വദിച്ചിരുന്നു."
"സ്നേഹിക്കപ്പെടാൻ അതും തീവ്രമായി പ്രണയിക്കപ്പെടുവാൻ ഒരോ സ്ത്രീയും ആഗ്രഹിക്കുന്നുണ്ട് ഇല്ലേ അഭി. അത് അമിതമായ വികാരപ്രകടനമായാൽപ്പോലും.."
സൈറയുടെ വാക്കുകൾ എനിക്കുൾക്കൊള്ളാൻ കഴിഞ്ഞില്ല .
"അത്രയേറെ സ്നേഹിക്കുന്നൊരാളെ വേദനിപ്പിക്കാൻ കഴിയുന്നത് എന്ത് വികാരമാണ് സൈറ. അതിനെ ഭ്രാന്തെന്നല്ലേ വിളിക്കേണ്ടത്..?"
സൈറ ഒരു നിമിഷം മൗനത്തിലാണ്ടു.
"ആസിഡ് വീണു പൊള്ളുന്നതിന്റെ വേദന എത്രയാണെന്നറിയോ അഭിക്ക്..?"
"തുന്നിച്ചേർത്തു വെച്ച സ്വപ്നങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് പൊട്ടിപ്പോവുന്ന അവസ്ഥ അനുഭവിച്ചിട്ടുണ്ടോ… ആരാധനയോടെ നോക്കിയ കണ്ണുകളിൽ ഭയം നിറയുന്നത് കാണുമ്പോഴുള്ള വേദന അറിഞ്ഞിട്ടുണ്ടോ "
എനിക്ക് ശ്വാസം നിലച്ചത് പോലെ തോന്നി.
അസ്വസ്ഥയോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
"ആളുകളുടെ മുഖത്തെ ഭയവും അറപ്പും കാണുമ്പോൾ അസിഡ് വീണു പൊള്ളിയതിനേക്കാൾ ആയിരമിരട്ടി പൊള്ളുന്നുണ്ട് എനിക്കിപ്പോൾ. എന്നിട്ടും എനിക്ക് ഫർഹാനെ വെറുക്കാൻ കഴിയുന്നില്ല."
"കാരണം അത് പോലെ എന്നെ പ്രണയിക്കാൻ ഇനിയാരും എന്റെ ജീവിതത്തിലേക്ക് കടന്ന് വരില്ല. ശരിയല്ലേ അഭി.."
ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു. പലപ്പോഴും ഞാനവളുടെ അടുത്തേക്ക് പോയത് ഒരു പത്രപ്രവർത്തകന്റെ പരിവേഷത്തോടെയാണല്ലോ.
ആർട്ടിക്കിളിന് വേണ്ടി സൈറയുടെ ഒരു പഴയ ഫോട്ടോ ചോദിച്ചപ്പോൾ എവിടെ നിന്നോ ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ തപ്പിയെടുത്തു സൈറ എന്റെ നേർക്ക് നീട്ടി.
" ഇതേ ഉള്ളൂ. മൊബൈൽ ഗാലറിയിൽ നിന്നും എല്ലാം ഞാൻ ഡിലീറ്റ് ചെയ്തു."
"എനിക്കെന്നെ നഷ്ടമാവുന്നത് ഈ ഓർമ്മപ്പെടുത്തലുകളിലാണ് അഭി".സൈറ വിഷാദത്തോടെ ചിരിച്ചു.
"നോക്കൂ. എന്റെ ഈ വലതു വശം എന്റെ ഇന്നലെകളാണ്" സൈറ അവളുടെ വലതു കവിളിൽ തൊട്ടു കൊണ്ട് പറഞ്ഞു.
സൈറ എഴുതിക്കൊണ്ടിരുന്ന ഡയറിയെടുത്തു ഞാൻ വെറുതെ പേജുകൾ മറിച്ചു.
"ഇവിടെ തനിച്ചിരിക്കുമ്പോൾ എനിക്ക് നിന്നെക്കുറിച്ച് എഴുതണമെന്നുണ്ടായിരുന്നു
പക്ഷെ അരികത്തോളം വന്നു അകന്ന് പോകുന്ന കാലൊച്ചകൾ എന്നെ പിന്തിരിപ്പിക്കുന്നു
ഇപ്പോൾ രാത്രിയും നിന്നെപ്പോലെ മൗനമാണ്
അവളും എന്നെ ഭയപ്പെട്ടു തുടങ്ങിയോ..
നിനക്കറിയാമോ.. നമ്മുക്കായി മാത്രം വിടർന്നിരുന്ന വാകപ്പൂക്കൾ അവയും കൊഴിഞ്ഞു തുടങ്ങി.. "
"നീയെന്തിനാണ് സൈറ എപ്പോഴുമിങ്ങിനെ നെഗറ്റീവ് ആയി ചിന്തിക്കുന്നത്..? "
ലളിത ബെൻ ബൻസി, പ്രമോദിനി, ലക്ഷ്മി അഗർവാൾ, കവിത ബാരുണി... ഞാൻ പേരുകൾ നിരത്തി. ആസിഡ് അക്രമത്തിനു ഇരയായ ശേഷം വിവാഹം കഴിച്ചവർ. അവരുടെ ജീവിതത്തിലേക്ക് കടന്ന് വന്നവരെ കുറിച്ച് ഞാൻ സൈറയോട് പറഞ്ഞു. പത്രത്തിൽ വന്ന വാർത്തകൾ അവളെ കാണിച്ചു.
"അത് പ്രണയമാണെന്ന് അഭിക്ക് ഉറപ്പ് പറയാൻ കഴിയുമോ. പ്രണയത്തിന് സ്വാർത്ഥതയും, ഭ്രാന്തും, പൊസ്സസ്സീവ്നെസ്സുമൊക്കെ ആവാം.. പക്ഷേ
സഹതാപം ഒട്ടും യോജിക്കുന്നില്ല."
"ഞാനൊന്ന് ചോദിക്കട്ടെ അഭി.." ഒന്ന് നിർത്തി സൈറ ചോദിച്ചു
"അഭിയുടെ ജീവിതത്തിൽ ഒരുപക്ഷെ ഋതു ഇല്ലായിരുന്നെങ്കിൽ അഭി എന്നെ പ്രണിയിക്കുമായിരുന്നോ..?"
ഞാൻ ഞെട്ടലോടെ സൈറയുടെ മുഖത്തേക്ക് നോക്കി. തലയിൽ നിന്നും ഷാൾ എടുത്തു മാറ്റി സൈറ എന്നെതന്നെ നോക്കിയിരിക്കുകയാണ്.
അവളുടെ വെന്ത് കരിവാളിച്ച് ഒട്ടിയ കവിളും പാതിയടഞ്ഞ ഇടത്തെ കണ്ണും പൊള്ളലേറ്റ് വികൃതമായ ചെവിയും ഞാനാദ്യമായി കണ്ടു. എനിക്ക് ശരീരം തളരുന്നത് പോലെ തോന്നി. പെട്ടന്ന് ഞാൻ കണ്ണുകൾ പിൻവലിച്ചു.
സൈറ ചിരിച്ചു. അതിന് ചിരിയെന്ന് പറയാൻ കഴിയുമോ.. അറിയില്ല. പാതി ചുണ്ടിൽ വിരിഞ്ഞ ഒരു പ്രത്യേക ഭാവം.
"പുരുഷനാസ്വദിക്കാൻ നനവാർന്ന മിനുസമുള്ള ചുണ്ടുകളും വിടർന്ന കണ്ണുകളും തുടുത്ത കവിൾത്തടവുമൊക്കെ വേണമല്ലേ അഭി "
ഇപ്പോൾ പൊള്ളുന്നത് എനിക്കാണ്. വാക്കുകൾ ശ്വാസംമുട്ടി ഉള്ളിൽ ഞെരിഞ്ഞമർന്നു. ഷാൾ പഴയത് പോലെയാക്കി സൈറ പതിയെ പറഞ്ഞു.
"അഭി പൊയ്ക്കോളൂ.. വിഷമിക്കണ്ട. എന്നെ സമാധാനിപ്പിക്കാൻ വേണ്ടി മാത്രം ദയവായി ഒന്നും പറയരുത്. ഞാൻ പറഞ്ഞില്ലേ, പ്രണയം ഒരിക്കലും സഹതാപം അർഹിക്കുന്നില്ല "
ഒരു നിമിഷം സൈറ എന്തോ ഓർത്തിരുന്നു
"എനിക്കൊരു കാമുകനെ വേണം അഭി. എന്നെ ഭ്രാന്തമായി പ്രണയിക്കുന്ന, എന്റെ ഇടത്തെ കവിളിൽ മുഖം ചേർത്ത്, ആ കണ്ണിൽ ചുംബിച്ചു, ആ ചെവിയിൽ പ്രണയം മന്ത്രിക്കുന്ന ഒരു കാമുകനെ."
അവളുടെ കണ്ണ് നിറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.
ഞാനാലോചിക്കുകയായിരുന്നു
പ്രണയത്തിനെത്ര മുഖങ്ങളാണ്. വികാരങ്ങളാണ്. ഞാൻ ലൈലയെയും മജ്നുവിനെയും കുറിച്ചോർത്തു, സലീമിനെയും അനാർക്കലിയെയും കുറിച്ചോർത്തു, ബഷീറിന്റെ സുഹറയേയും മജീദിനെയും കുറിച്ചോർത്തു. സൈറയെയും ഫർഹാനെയും കുറിച്ചോർത്തു.. പിന്നെ ഋതുവിനെ കുറിച്ചോർത്തു. യാതൊരു യുക്തി ബോധവുമില്ലാതെ പെരുമാറാൻ പ്രേരിപ്പിക്കുന്ന, മനുഷ്യനെ അത്രമേൽ ശക്തിയോടെ കീഴ്പ്പെടുത്തുന്ന ഒരു വികാരത്തിന് സത്യത്തിൽ എന്ത്‌ നിർവചനമാണ് കൊടുക്കേണ്ടത്..!!
പ്രണയം ദിവ്യമാണെന്നും, ഉപാധികളില്ലാത്തതാണെന്നും അത് മനസ്സുകളുടെ ഒത്തുചേരൽ മാത്രമാണെന്നും അതിന് ശരീര സൗന്ദര്യവുമായി യാതൊരു
ബന്ധവുമില്ലെന്നും എനിക്ക് വാദിച്ചു ജയിക്കണമെന്നുണ്ടായിരുന്നു.
എന്നിട്ടും സൈറയുടെ ചോദ്യത്തിന് മുൻപിൽ പരാജയപ്പെട്ടതോർത്തപ്പോൾ എനിക്ക് ലജ്ജ തോന്നി.
ഋതുവെന്ന പ്രണയ പേമാരിയിൽ നനഞ്ഞു കുതിരുമ്പോഴും ഞാൻ സൈറയുടെ അക്ഷരങ്ങളുടെ പുറകെ പോയതെന്തിനാണ്.
ദില്ലിയിലെ ആ തണുത്തുറഞ്ഞ സായാഹ്നത്തിൽ ഋതുവിന്റെ മാറിലെ നേർത്തചൂടിലേക്ക് ധൃതിയിൽ ഡ്രൈവ്
ചെയ്യുമ്പോൾ വെറുതെയെങ്കിലും ഞാനാശിച്ചു.
ആരെങ്കിലും ഒരാൾ... സൈറ ആഗ്രഹിക്കുന്നത് പോലെ ആരെങ്കിലും.. അവളുടെ ഇടതു കവിളിലേക്ക് മുഖം ചേർത്തു വെച്ച്… അടഞ്ഞ കണ്ണിൽ ചുംബിച്ച്… ചെവിയിൽ പ്രണയം മന്ത്രിച്ച്.
അവർക്ക് വേണ്ടി മാത്രം പ്രണയത്തിന്റെ വാക പൂക്കുന്നതപ്പോഴാണല്ലോ…
അത് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച്ചയാവുന്നതും..
ശ്രീകല മേനോൻ

ഡോണ്ട് വറി അമ്മ…


കുറേക്കാലത്തിന് ശേഷമാണ് ഞാനൊരു സിനിമ കാണുന്നത്.മോളുടെ കൂടെയിരുന്ന് ആമസോൺ പ്രൈമിൽ "സൂരരയ്‌ പോട്രൂ "എന്ന തമിഴ് സിനിമ.സിനിമയിൽ വികാര നിർഭരമായ രംഗങ്ങൾ കണ്ടാൽ എനിക്ക് പെട്ടെന്ന് കരച്ചിൽ വരും. (ഇക്കാര്യത്തിൽ അമ്മമ്മക്കാണ് (എന്റെ അമ്മ)യാണ് ഒന്നാം സ്ഥാനം എന്നാണ് മോളുടെ കമന്റ്‌ )ഈ സിനിമയിൽ
നായകൻ സൂര്യയുടെ വികാര പ്രകടനങ്ങൾ കണ്ട് ഞാനൊരു കണ്ണീർ തടാകം അങ്ങനെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
പെട്ടന്ന് മോളുടെ അടക്കിപിടിച്ച ചിരി.ഞാനവളുടെ മുഖത്തേക്ക് രൂക്ഷമായൊന്ന് നോക്കി "ഇതിലെന്താ ഇത്ര ചിരിക്കാൻ "
"എനിക്കമ്മയുടെ മുഖം കണ്ടിട്ടാ ചിരി വരണത്"
ഇവൾക്ക് ഇതൊന്നും കണ്ടിട്ട് ഒരു തുള്ളി കണ്ണീരു പോലും വരിണില്ല്യേ . ഒട്ടും സെൻസിറ്റീവ് അല്ലാത്ത കുട്ടി.
"ഇതിലിപ്പോ എന്താ ഇത്ര കരയാൻ. ഇത് വെറും ഒരു സിനിമയല്ലേ.. ഒരു സ്റ്റോറി "
ശരിയാണ്.. എന്നാലും..
ഞാനാലോചിച്ചു.അവളല്ലെങ്കിലും എപ്പോഴും ഇങ്ങിനെ തന്നെയാണല്ലോ. വികാരങ്ങളൊന്നും അധികം പുറത്തു കാണിക്കാതെ എല്ലാം ഉള്ളിലൊതുക്കി.
കുട്ടിക്കാലത്ത് തല്ലു കൊള്ളുമ്പോൾ കരയാതെ ആ ചൈനീസ് കണ്ണുകൾ അതിന്റെ മാക്സിമം വലുതാക്കി എന്നെയങ്ങനെ തുറിച്ചു നോക്കി ചുണ്ടമർത്തിപ്പിടിച്ചു നിൽക്കും ന്നല്ലാതെ..
(ഇപ്പോൾ അതൊക്കെ ആലോചിച്ചു രാത്രി തനിച്ചു കിടന്നു കരയാറുണ്ടല്ലോ ഈ അമ്മ )
ഞാൻ ഇടക്ക് ഓർക്കാറുണ്ട്.. ഈ ന്യൂ ജനറഷൻ കുട്ടികളൊക്കെ ഇങ്ങിനെ തന്നെയാണോ...
പിറ്റേന്ന് ഓഫീസിൽ നിന്നും വന്നപ്പോൾ അതാ അവളെങ്ങനെ മൂടികെട്ടിയ മുഖവുമായി..
"എന്താ ടാ എന്ത് പറ്റി. സുഖമില്ലേ "
"കോളേജിൽ നിന്നും മെസ്സേജ് വന്നു. ഇനി ഓൺലൈൻ ക്ലാസ്സ്‌ ഉണ്ടാവില്ല. തിങ്കളാഴ്ച കോളേജ് തുറക്കും "
ഓ അത്രേ ഉള്ളൂ..മനസൊന്നു തണുത്തു. അതോ ഒന്ന് പിടഞ്ഞോ...
"അതെയോ.. അയ്യോ. അപ്പോൾ പോവെണ്ടേ.സമയമില്ലല്ലോ "
അവളെന്നെയൊന്നു ചൈനീസ് കണ്ണ് വഴി രൂക്ഷമായി നോക്കി
"അമ്മക്ക് സമാധാനായീലോ..കോളേജ് തുറക്കാതെ അമ്മക്കായിരുന്നൂലോ ടെൻഷൻ "
അവളെ പറഞ്ഞിട്ട് കാര്യമില്ല.കേരളത്തിൽ എല്ലാ കോളേജും തുറന്നല്ലോ.ബാംഗ്ലൂരിൽ മാത്രം എന്താ തുറക്കാത്തത് ഫൈനൽ ഇയർ അല്ലെ ന്നൊക്കെ പറഞ്ഞു നൂറു വട്ടം പരാതി പറഞ്ഞത് ഞാനാണല്ലോ.
എന്നാലും ഉള്ളിൽ വേവലാതി തുടങ്ങി. ബാംഗ്ലൂരിൽ ഒരു നിയന്ത്രണവുമില്ല. ആളുകൾ മാസ്ക് പോലും ശരിക്കും ധരിക്കുന്നില്ല. അങ്ങനെ എന്തൊക്കെയോ കേൾക്കുന്നുണ്ട്.
ഒന്നും പുറത്തു കാട്ടാതെ ബാംഗ്ലൂരിലേക്കുള്ള ബസ് ടിക്കറ്റ് ബുക്ക്‌ ചെയ്തു.
അങ്ങിനെ കോവിഡ് വെക്കേഷനോടും കോവിഡ് കാലത്തു അവൾക്കു വേണ്ടി യൂട്യൂബ് നോക്കി പഠിച്ച സ്പെഷ്യൽ കൊക്കോ മിൽക്കിനോടും (പാൽ ഒട്ടും കുടിക്കാതിരുന്ന അവൾക്ക് വേണ്ടി ഞാൻ കണ്ട് പിടിച്ചത് )ഹക്ക നൂഡിൽസിനോടും,പൊട്ടാറ്റൊ ഫിംഗർ ചിപ് സിനോടും വിട പറഞ്ഞ് കാതിൽ ഇയർഫോൺ ഫിറ്റ് ചെയ്തു അവൾ ബസിൽ കയറി.
"മോളെ സൂക്ഷിക്കണേ, മാസ്ക് ഇടണേ, സാനിറ്റൈസർ യൂസ് ചെയ്യണേ. ദിവസവും വിളിക്കണേ "ന്നൊക്കെയുള്ള എന്റെ ഡയലോഗുകൾക്ക് മറുപടിയായി "ഡോണ്ട് വറി അമ്മ"എന്ന് പറഞ്ഞു കവിളിൽ ഒരുമ്മയും തന്ന് അവൾ യാത്രയാവുമ്പോൾ കണ്ണിൽത്തുമ്പത്തോളം വന്നു എത്ര ശ്രമിച്ചിട്ടും തടുക്കാൻ കഴിയാതെ പിടഞ്ഞു വീണ ഒരു കുഞ്ഞു തുള്ളിയെ അവൾ കണ്ടോ ആവോ…
അങ്ങനെ ഓരോന്നാലോചിച്ചു കൂട്ടി ഉറക്കമില്ലാത്ത രാത്രികൾ തള്ളി നീക്കുമ്പോഴാണ് ഓഫീസിൽ കോവിഡ്
കേസുകൾ തലപ്പൊക്കുന്നത്.രണ്ടു ദിവസത്തിനിടെ നാല് പേർക്ക് കോവിഡ്. പലർക്കും പനി.
ആകെ ടെൻഷനടിച്ചു നാരങ്ങാ വെള്ളവും മമഞ്ഞൾ പൊടിയിട്ട വെള്ളവുമൊക്കെ കലക്കി കുടിക്കുന്നതിനിടയിൽ അവൾക്ക് മെസ്സേജ് അയച്ചു. പാവം അവൾക്കു ആകെ വിഷമമാവും. എന്നാലും അറിയിക്കണമല്ലോ
ഉടനെ എന്നെ ഞെട്ടിച്ചു കൊണ്ട് മറുപടിയായി 😁😁😁(ഈ ചിരിക്കു എന്താ പറയാ. ആവോ )😜😜🤗🤗ഇങ്ങിനെ കുറെ സ്മൈലികൾ വന്നു
മക്കളായാൽ ഇങ്ങിനെയാണോ. ഇവൾക്കെന്താ എന്നോട് ഒട്ടും സ്നേഹമില്ലേ, ഒന്ന് സമാധാനിപ്പിച്ചൂടെ ന്നൊക്കെ മനസ്സ് പരിഭവിച്ചിരിക്കുമ്പോൾ അതാ വരുന്നു അവളുടെ കാൾ..
ഉള്ളിലുള്ള പരിഭവമൊക്കെ അങ്ങോട്ട് പറഞ്ഞപ്പോൾ അവളുണ്ട് ചിരിക്കുന്നു "ഡോണ്ട് വറി അമ്മ. ഇതിപ്പോ അത്ര ടെൻഷൻ അടിക്കേണ്ട കാര്യോന്നൂല്യ. വിറ്റാമിൻ c ടാബ്‌ലറ്റ് വാങ്ങി കഴിക്കൂ "
പിന്നെയും എന്തൊക്കെയോ ഉപദേശത്തിന് ശേഷം "അമ്മ പേടിക്കണ്ട ട്ടോ. ഞാൻ ഇടക്ക് വിളിക്കാം.
ഉമ്മ
…ടേക്ക് കെയർ "
അത് മതീലോ എല്ലാ പരിഭവങ്ങളും അങ്ങനെ ഉരുകിയില്ലാതാവാൻ….
********
രാവിലെ വാട്സാപ്പിൽ ഫ്രണ്ടിന്റെ മെസ്സേജ്.
ഇന്ന്" നാഷണൽ ഗേൾ ചൈൽഡ് ഡേ "
ഞാനൊലോചിക്കുകയിരുന്നു. ഇന്നത്തെ പെൺകുട്ടികൾ... അവർ നമ്മളിൽ നിന്നെല്ലാം എത്രെയോ വ്യത്യസ്തരാണ്.ചിലപ്പോൾ അവരൊ രിക്കലും നമ്മളെ സ്നേഹപ്രകടനങ്ങൾ കൊണ്ട് വീർപ്പു മുട്ടിക്കില്ല. അമിതമായി വികാരങ്ങൾ പ്രകടിപ്പിക്കില്ല. അവരുടേതായ അഭിപ്രായങ്ങൾ കൊണ്ട് നമ്മളെ
ചിലപ്പോൾ ഞെട്ടിക്കും ചിലപ്പോൾ ചിന്തിപ്പിക്കും.
എങ്കിലും അവർ മാലാഖകുഞ്ഞുങ്ങളാണ് കണ്ണുകളിൽ നക്ഷത്രങ്ങൾ വിരിയിച്ചു നടക്കുന്നവർ.അവർക്ക് കാണാൻ ഒരുപാട് സ്വപ്നങ്ങളുണ്ട്. അവരുടെ ഉള്ളിലൊളിപ്പിച്ചിട്ടുണ്ട് ഒരു കടലോളം സ്നേഹം.
നിനച്ചിരിക്കാത്ത സമയത്ത് ഓടി വന്നു കവിളിൽ മുത്തം നൽകി അവർ നമ്മളെ ചിലപ്പോൾ കരയിപ്പിക്കും.നമുക്ക് മനസിലാവാത്ത ഭാഷയിൽ സംസാരിക്കും.തോറ്റു തരാൻ മനസ്സില്ലാതെ തർക്കിക്കും.ചിലപ്പോൾ രാത്രി നമ്മുടെ കൈക്കുള്ളിൽ ഒരു അഞ്ചു വയസ്സുകാരിയുടെ അതേ നിഷ്കളങ്കതയോടെ കിടന്നുറങ്ങും.
"സൂരരയ് പോട്രു "എന്ന സിനിമ നമ്മളെ പഠിപ്പിച്ച ഒരു പാഠമുണ്ട്.
ഒരുപാട് പ്രതിസന്ധികളിലും തോൽവിയിലും തളരാതെ മുന്നേറിയാൽ മാത്രമേ ലക്ഷ്യത്തിലെത്തൂ എന്ന പാഠം..
ഇന്നത്തെ കുട്ടികൾക്ക് അത്രത്തോളം ക്ഷമയുണ്ടോ അറിയില്ല. അവർക്ക് ചിലപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പത്തിൽ നേടണം. അതൊരു പക്ഷെ ഒരു കഷ്ടപ്പാടുമറിയിക്കാതെ വളരുന്നത് (നമ്മൾ വളർത്തുന്നത്)കൊണ്ട് കൂടിയാവാം.
എങ്കിലും സ്വപ്‌നങ്ങൾ കണ്ട് അവർ വളരട്ടെ. ചെറിയ തോൽവികൾ അവരെ തളർത്താതിരിക്കട്ടെ.
ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും ഒടുവിൽ "ഡോണ്ട് വറി അമ്മ "എന്നു പറഞ്ഞു നമ്മളെ ചേർത്ത് പിടിക്കുമ്പോൾ അവരുടെ മനസ്സ് കാണാൻ നമുക്ക് കഴിയട്ടെ.
ഒരു ചാറ്റൽമഴയേൽക്കുന്ന സുഖമുണ്ടല്ലോ അതിന്..
ശ്രീകല മേനോൻ
24/01/2021

ചിദംബര രഹസ്യം

 


പുലർച്ചെയുടെ നേർത്ത ചുവപ്പി.ൽ കാവിയുടുത്തു ധ്യാനത്തിലിരിക്കുന്ന സന്യാസിയെപോലയാണ് ചിദംബരം.

കാറിൽ അഞ്ചു മണിക്കൂറിന്റെ യാത്രക്ഷീണം ശിവാനിയുടെ മുഖത്തു കാണാമായിരുന്നു.
ഒരിക്കലും ഇങ്ങോട്ടുള്ള യാത്രയിൽ തനിക്ക് തളർച്ച അനുഭവപ്പെടാറില്ല.
"അമ്മക്കെന്താ ഇങ്ങോട്ട് തന്നെ വരണമെന്ന് ഇത്ര നിർബന്ധം അതും .ഇത്രയും ദൂരെ "
കയ്യിലുള്ള ഷാളെടുത്തു പുതപ്പിക്കുന്നതിനിടയിൽ ശിവാനി അല്പം പരിഭവത്തോടെ ചോദിച്ചു.
"എന്റെ ഭൂതകാലത്തെ ബന്ധിപ്പിക്കുന്ന ചരടിന്റെ ഒരറ്റം ഇവിടെയാണ് ശിവാനി.ഈ മണ്ണിൽ…ഇവിടെയാണ് മീര എന്ന എഴുത്തുകാരിയുടെ പുനർജ്ജന്മം "
ശിവാനി മുഖം വീർപ്പിച്ചു.
"അമ്മയുടെ ഫിലോസഫി എനിക്കൊട്ടും പിടികിട്ടാറില്ല പലപ്പോഴും."
.കഴിഞ്ഞ മുപ്പത്തിരണ്ട് വർഷങ്ങൾക്കിടയിൽ എത്രമത്തെ തവണയാണ് ഈ മണ്ണിൽ കാലുകുത്തുന്നത്.
പതുക്കെ ശിവാനിയുടെ കൈ പിടിച്ചു നടന്നു.
ദാവണി ഉടുത്തു കറുത്ത് മെല്ലിച്ച ഒരു പെൺകുട്ടി കയ്യിൽ ഒരു കൂട കനകാംബരവുമായി ഓടി വന്നു
" രണ്ടു മുഴം കനകാംമ്പരം വാങ്കമ്മ.. ഒരു മുഴം നടരാജനുക്കും ഒരു മുഴം ശിവകാമി അമ്മാവുക്കും "
"വേണ്ട കുട്ടി "
അവൾ വിടുന്ന ഭാവമില്ല.
"അമ്മ മൊഴത്തുക്ക്‌ പത്തു രൂപ താനേ. രണ്ടു മൊഴം വാങ്കമ്മ."
ദൂരെ ആകാശത്തേക്ക് കൈകൂപ്പി നിൽക്കുന്ന ഗോപുരത്തിലേക്ക് നോക്കി. വഴിയരികിൽ ചെരുപ്പുകൾക്ക് കാവലിരിക്കുന്നവരുടെ കൂട്ടത്തിലൊരിക്കൽ
നാട്ടിലെ ഒരു പയ്യനെ കണ്ടതോർമ്മ വന്നു. അവനെ പിന്നെ കണ്ടിട്ടില്ല.പൂക്കളും പൂജാ സാമഗ്രികളും വിൽക്കുന്ന വൃദ്ധകളും പെൺകുട്ടികളും വൃദ്ധന്മാരും വഴി നീളെ ഒഴുകി.
അവരുടെ ഇടയിൽ എവിടെയെങ്കിലുമുണ്ടോ...കണ്ണുകൾ പരതി നടന്നു.
ചിദംബരത്തിലെ കാറ്റിനെന്നും ഭസ്മത്തിന്റെയും കർപ്പൂരത്തിന്റെയും ഇടകലർന്ന ഗന്ധമാണ്.
നടവഴിയിലെ കല്ലുകളിലെ തണുപ്പ് തട്ടിയപ്പോൾ കാൽപാദങ്ങൾ വിറച്ചു.തലേന്ന് രാത്രി മഴ പെയ്തതിന്റെ സൂചന.
"അമ്മേ പതുക്കെ… വഴുക്കലുണ്ട് "ശിവാനി ഓർമ്മിപ്പിച്ചു.
ക്ഷേത്രത്തിന്റെ നീണ്ടുനിവർന്നു കിടക്കുന്ന പ്രദിക്ഷിണവീഥികളിൽ ഓർമ്മകളുടെ കാല്പാടുകൾ തേടി പതിയെ നടന്നു..
അന്നാദ്യമായി ഇവിടെ വരുമ്പോഴും മഴ പെയ്തിരുന്നു.
നീണ്ട മുപ്പത്തിരണ്ടു വർഷങ്ങളും ഓർമ്മകൾക്ക് മങ്ങലേൽപ്പിച്ചിട്ടില്ല.
****************
ചിദംബരം..ജ്ഞാനത്തിന്റെ അംബരം.പഞ്ചഭൂതങ്ങളിൽ ഒന്നായ ക്ഷേത്രം. അന്തരീക്ഷത്തിലലിഞ്ഞു ചേരുന്ന പഞ്ചാക്ഷര മന്ത്രം.."ഓം നമശിവായ "
ക്ഷേത്രമണികളിൽ ഓംകാര മന്ത്രത്തിന്റെ പ്രതിധ്വനി.
"പഞ്ചാക്ഷര മന്ത്രം ഉരുവിട്ട് നടന്നോളൂ.എല്ലാം നടരാജൻ നോക്കിക്കോളും."തീർത്ഥാടന സംഘത്തിൽ ഒപ്പമുമുണ്ടായിരുന്ന പ്രായം ചെന്നൊരു സ്ത്രീ ഇടക്ക് ഓർമിപ്പിച്ചു കൊണ്ടിരുന്നു.
ചെയ്ത തെറ്റിനുള്ള മുക്തി തേടി നടരാജന്റെ കാൽക്കൽ. എല്ലാ മോഹങ്ങളും ബന്ധങ്ങളും ഉള്ളിൽ എരിഞ്ഞടങ്ങി ഭസ്മമായിത്തീരാൻ.
അന്തരീക്ഷത്തിലെ ശൂന്യതയിലേക്ക് ആരതിയുഴിയുന്ന ദീക്ഷതർ.അതിശയത്തോടെ നോക്കി. ഇതാണ് ചിദംബര രഹസ്യത്തിന്റെ പൊരുൾ.ഈശ്വരൻ അരൂപിയാണ്. ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞിരിക്കുന്ന പരബ്രഹ്മം.
ക്ഷേത്രഗോപുരത്തിന്റെ ഒരോ നിലയിലും കൽത്തൂണുകളിലും കൊത്തിവെച്ച നാട്യശാസ്ത്രത്തിന്റെ വിസ്മയകാഴ്ചകൾ
കണ്ടു നടക്കുമ്പോൾ..
"മീര.."
ഞെട്ടിതിരിഞ്ഞു നോക്കി.
തല മുണ്ഡനം ചെയ്തു കാവി ചുറ്റിയ ഒരു സന്യാസി.
"രവിശങ്കർ."അറിയാതെ ചുണ്ടുകൾ മന്ത്രിച്ചു.
"അല്ല ഇപ്പോൾ മൃത്യുഞ്ജയൻ."കണ്ണുകളിൽ നേർത്ത മന്ദഹാസം.
ഒരിക്കലും പ്രതീക്ഷിച്ചതല്ല ഈ കൂടിക്കാഴ്ച്ച.
ജീവിതത്തിൽ ഏറ്റവും വെറുക്കപെട്ട ഇനിയൊരിക്കലും കാണരുതെന്നാഗ്രഹിച്ച മുഖത്തേക്ക് നോക്കി ഒന്നും പറയാൻ കഴിയാതെ ഒരു നിമിഷം നിന്നു.
ദൂരെ ശിവഗംഗ തീർത്ഥകുളത്തിൽ മുങ്ങിനിവരുന്ന സന്യാസിമാർ
ചെയ്ത പാപങ്ങളൊഴുക്കിക്കളയാൻ ജന്മജന്മാന്തരങ്ങളുടെ പുണ്യം നേടാൻ.
പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..കാലത്തിന്റെ ഗതി ചക്രം തിരിച്ചു വെച്ച് ജീവിതത്തിൽ എന്തെങ്കിലുമൊന്ന് മാറ്റിയെഴുത്തപ്പെടാൻ ഒരവസരം ലഭിച്ചാൽ.. അതെന്തായിരിക്കും
മീരകൃഷ്ണ എന്ന എഴുത്തുകാരിയിൽ നിന്നും മീര രവിശങ്കർ എന്ന പദവിയിലേക്കുള്ള ചുവടുമാറ്റം. സങ്കല്പങ്ങളുടെയും കാല്പനികതയുടേയും ലോകത്ത് നിന്നും പച്ചയായ ജീവിത യാഥാർഥ്യങ്ങളിലേക്കുള്ള പറിച്ചു നടൽ.
അതത്ര എളുപ്പമായിരുന്നില്ല.ഭ്രാന്തമായ ചിന്തകളെ, ഭാവനകളെ തളച്ചിടാൻ കഴിയാതെ അവയെ വീണ്ടും വീണ്ടും മതിമറന്നു പ്രണയിക്കുമ്പോൾ സ്വപ്നങ്ങളുടെയും കാല്പനികതയുടേയും ലോകത്ത് തനിച്ചാണെന്ന ബോധ്യമുണ്ടാവാൻ അധികസമയം വേണ്ടി വെന്നില്ല.
പാൽ തിളപ്പിക്കാൻ വെച്ച് ആദ്യമഴ കൊള്ളാനിറങ്ങിയത്,ചോറ് വാർക്കാൻ മറന്നു പോയി സ്വപ്നം കണ്ടിരുന്നത് ഭർത്താവിന്റെ വികാരങ്ങളെ മാനിക്കാതെ പാതിരാക്ക്ക്ക് കവിതയെഴുതാനിരുന്നത്..എല്ലാം തെറ്റ്.. അല്ലെങ്കിൽ ഭ്രാന്ത്
"ചെയ്യുന്ന കാര്യങ്ങളിൽ അല്പമെങ്കിലും ബോധമുണ്ടാവണം "വാക്കുകളിൽ അമർഷത്തേക്കാൾ പരിഹാസമായിരുന്നു.
വികാരങ്ങളുടെ ഭാഷയെ
നിർവചിക്കുവാൻ ആർക്കാണ് കഴിയുക. അത് ബോധമില്ലായ്മയാണോ.
ഒരിക്കലും പരസ്പരം കൂടിച്ചേരാൻ കഴിയാത്ത രണ്ട് മനസ്സുകൾ രണ്ട് ധ്രുവങ്ങളിൽ കിടന്നു വീർപ്പുമുട്ടി.
"എഴുത്തും വായനയുമാണ് എന്നേക്കാൾ പ്രധാനമെങ്കിൽ
എന്തിനാണെന്നെ വിവാഹം ചെയ്തത്..ഞാനിങ്ങനെ ഇവിടെയൊരാളുണ്ടെന്ന് ഇടക്കെങ്കിലും ഓർമ്മ വേണം "
ഉള്ളിൽ നിന്നാരോ പുറത്ത് ചാടി എല്ലാറ്റിൻ നിന്നുമോടി രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നു. എവിടേക്ക്….അതിന് മാത്രം ഉത്തരമില്ലായിരുന്നു.
എഴുതുന്നതൊക്കെ കടലാസുകളിലും പുസ്തകങ്ങളിലും എഴുതിവെക്കുന്ന പതിവുണ്ടായിരുന്നു അന്ന്.അതിനുമുണ്ടായിരുന്നു കുറ്റം. എഴുതികൂട്ടുന്നതൊക്കെ പ്രണയവും വിരഹവും നൊമ്പരവും..
"സത്യം പറയൂ. നീയാരെയെങ്കിലും പ്രണയിക്കുന്നുണ്ടോ "
അതിനും ഉത്തരമില്ലായിരുന്നു.ആരെയാണ് പ്രണയിക്കുന്നത്. എഴുത്തുകാരുടെ പ്രണയം.. അതീ പ്രപഞ്ചം മുഴുവൻ വ്യാപിച്ചു കിടക്കുന്നു.
"എല്ലാറ്റിനുമുണ്ട് നിനക്കൊരു ന്യായീകരണം..
ഇങ്ങിനെയായാൽ നമുക്കൊരു കുഞ്ഞുണ്ടായാൽ പോലും നീയതിനെ ശ്രദ്ധിക്കില്ല.
ഇത് ഭ്രാന്താണ്. ശുദ്ധ ഭ്രാന്ത്.നിനക്കൊരിക്കലും ഒരു നല്ല ഭാര്യയോ അമ്മയോ ആവാൻ കഴിയില്ല."
എല്ലാം നശിപ്പിച്ചു കളയാനുള്ള പകയോളമെത്തി പൊരുത്തക്കേടുകളുടെ ആഴം.
ഒടുവിൽ കത്തിയമരുന്ന കടലാസ് കഷ്ണങ്ങളിലേക്ക് പ്രതികരിക്കാനാവാതെ നോക്കി നിൽക്കേണ്ടി വന്നു.
അടിവയറ്റിൽ പുതിയൊരു ജീവന്റെ തുടപ്പുകളുണ്ടെന്നറിഞ്ഞിട്ടും എല്ലാമവസാനിപ്പിച്ചു ഇറങ്ങി നടന്നു
"എഴുതാതിരിക്കാൻ എനിക്കാവില്ല.
നിങ്ങൾക്കെന്റെ എഴുത്തുകളെ മാത്രമേ നശിപ്പിക്കാൻ കഴിയുള്ളു. എന്റെ ചിന്തകളെ ഇല്ലാതാക്കാൻ കഴിയില്ല."
പക്ഷെ അതും എളുപ്പമായിരുന്നില്ല.
ആത്മാവ് നഷ്ടപെട്ട ശരീരം പോലെയായിരുന്നു മനസ്സ്. അക്ഷരങ്ങളൊന്നും കൂട്ടി യോജിപ്പിക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയാതെ..
പാതി കത്തിയെരിഞ്ഞ കടലാസ് തുണ്ടുകളിൽ നിന്നും പിടഞ്ഞെണീറ്റ് ആയിരകണക്കിന് അക്ഷര ഭ്രൂണങ്ങൾ സ്വപ്നങ്ങളിൽ വന്നു അലമുറയിട്ടു.അവക്ക് പുനർജ്ജന്മം നൽകാനാവാതെ മനസ്സ് പിടഞ്ഞു. ഒന്നും പഴയത് പോലെയാവുന്നില്ല. ഒന്നും..
സ്വയം ഇല്ലാതാവാനുള്ള ആത്മധൈര്യം ചോർന്നു പോയത് ശിവാനിയുടെ കുഞ്ഞുമുഖത്തേക്ക് നോക്കുമ്പോഴായിരുന്നു.
അവൾക്ക് വേണ്ടി ജീവിക്കേണ്ടി വന്നു.ആത്മശാന്തിക്കു വേണ്ടി യാത്രകൾ ചെയ്തു. അത് പലപ്പോഴും അവസാനിച്ചത് ചിദംബരത്തിലായിരുന്നു.ഒരു നിയോഗം പോലെ.
**********
എഴു വർഷങ്ങൾക്ക് ശേഷമാണ് നേരിൽ കാണുന്നത്.
"വല്ലാത്ത ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു അന്ന്. നീയെന്ന പുഴയിലേക്ക് എത്ര ശ്രമിച്ചിട്ടും ഒഴുകിയെത്താൻ കഴിയാത്ത കൈവഴി മാത്രമായിരുന്നു ഞാൻ."
വാക്കുകളിൽ കുറ്റബോധം നിഴലിച്ചിരുന്നു
"ഞാനിപ്പോൾ ഒന്നും എഴുതാറില്ല. അന്ന് നിങ്ങൾ കത്തിച്ചു കളഞ്ഞത് വെറും കടലാസ് കഷ്ണങ്ങളല്ല. എന്റെ ആത്മാവിനെയാണ് ."ഉള്ളിലുള്ള വെറുപ്പും നിന്ദയുമെല്ലാം വാക്കുകളിൽ നിറഞ്ഞു
ഒരിക്കലും പ്രതീക്ഷിക്കാത്ത ആർദ്രഭവത്തോടെ അടുത്തേക്ക് വന്നു.
"നീയിനിയും എഴുതണം മീര.അത് നിന്റെ കർത്തവ്യമാണ്. അക്ഷരങ്ങൾ അഗ്നിയാണ്. നിന്റെ ചിന്തകളുടെ ചൂടേറ്റ് നിന്റെ അസ്തികളിലേക്ക് പടരുന്ന അഗ്നി.അഗ്നിയെ അഗ്നിക്ക് ഊതികെടുത്താനാവില്ല.മാപ്പ് ചോദിക്കാൻ പോലും എനിക്കർഹതയില്ല.പകരം ഇതെടുത്തോളൂ "
കഴുത്തിൽ കിടന്ന രുദ്രാക്ഷമെടുത്ത് നീട്ടി. "എന്നേക്കാൾ ഇതർഹിക്കുന്നത് നീയാണ് . ശിവന്റെ കണ്ണിൽ നിന്നുമടർന്നു വീണ ബാഷ്പകങ്ങളാണത്രെ ഭൂമിയിലെ രുദ്രാക്ഷങ്ങൾ.
ഇതിൽ എന്റെ പ്രായശ്ചിതത്തിന്റെ കണ്ണീരുണ്ട്. അതിനെ കയ്യിൽ ജപമാലയായി
ഗ്രഹിക്കൂ. ഉള്ളിലെ അഗ്നി കെട്ടടങ്ങുവോളം നിനക്കെഴുതാൻ കഴിയട്ടെ "
"മനുഷ്യൻ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ ഒരു വലയം ചുറ്റും സൃഷ്ടിച്ചു അതിൽ തന്റെ മനസ്സിനെ തളച്ചിടുന്നു.അതല്ലേ സത്യം. എന്നിൽ നിന്നും നിന്നിലേക്കുള്ള ദൂരം.. അത് വളരെ കൂടുതലായിരുന്നു."
"കഴിഞ്ഞ ഏഴു വർഷം ഈശ്വരനിലേക്കുള്ള അന്വേഷണത്തിലായിരുന്നു. വേദങ്ങളും ഉപനിഷത്തുകളും മനഃപാഠമാക്കി. ഒന്നിലും മനഃശാന്തി ലഭിച്ചില്ല….ഈ നിമിഷം വരെ.കുറ്റബോധം അത്രെയേറെ മനസ്സിനെ ഉലച്ചിരുന്നു "
ദൂരെ കയ്യിൽ പൂക്കൂടയുമായി ഭക്തരുടെ പുറകെ നടക്കുന്ന ഒരു വൃദ്ധനിലേക്ക് കണ്ണുകൾ നീണ്ടു.
"ഇനി വരുമ്പോൾ എന്നെ അവരുടെ ഇടയിൽ തിരഞ്ഞാൽ മതി.വേദങ്ങളും ഉപനിഷത്തുക്കളുമല്ല...ഇനി പഠിക്കാനുള്ളത് അവരിൽ നിന്നാണ് "
*************
ചിന്തകളുടെ തീനാളങ്ങൾ അപ്പോഴും മുഴുവനായി അണഞ്ഞു തീരാതെ പടുതിരിയായി ഉള്ളിൽ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു.അതൂതിക്കെടുത്താൻ ശ്രമിച്ച കരങ്ങൾ തന്നെ അതിലേക്ക് എണ്ണ പകർന്നപ്പോൾ വീണ്ടുമത് ആളിക്കത്തി. മീര എന്ന എഴുത്തുകാരിയിലേക്കുള്ള തിരിച്ചു നടത്തം.
എഴുതിയ ഓരോന്നും ആ കാൽക്കൽ മനസ്സ് കൊണ്ട് സമർപ്പിച്ചു.
മനസ്സിന്റെ അലച്ചിലുകളെ ശമിപ്പിക്കാനുള്ള തീർത്ഥാടനമായിരുന്നു ചിദംബര യാത്രകൾ.
കാണുമ്പോഴൊക്കെ പൂകച്ചവടക്കാരനായി അല്ലെങ്കിൽ ചെരുപ്പ്കാവൽക്കാരനായി അതുമല്ലെങ്കിൽ ഏതെങ്കിലും ഭിക്ഷക്കാരുടെ ഇടയിൽ അവരിലൊരാളായി..
രണ്ട് വർഷമെടുത്തു "ചിദംബര രഹസ്യം" പൂർത്തിയാക്കാൻ
"ഇത് കഥയല്ല. എന്റെ ജീവിതമാണ് വായിച്ചു അനുഗ്രഹിക്കണം "
പുസ്തകം കയ്യിൽ വാങ്ങുമ്പോൾ ചുണ്ടിൽ ഒരു നേർത്ത ചിരി വിടർന്നു.
"ഇതിലെ ഭാഷ മനസ്സിലാവാണമെങ്കിൽ ആദ്യം നിന്നെ മനസിലാക്കണം മീര..അതിൽ ഞാൻ എന്നും പരാജയെപ്പെട്ടിട്ടെയുള്ളൂ."
പുസ്തകം ഒരു നിമിഷം നെഞ്ചോടു ചേർത്ത് പിടിച്ചു പറഞ്ഞു "ധാരാളം അംഗീകാരങ്ങൾ തേടി വരട്ടെ. എന്റെ അനുഗ്രഹ മെന്നുമുണ്ടാവും,"
"എന്തിനാണിങ്ങിനെ സ്വയമുരുകിയില്ലാതാവുന്നത്?ഇവരുടെയിടയിൽ ഒരു ഭിക്ഷുവിനെ പോലെ ."
"'അന്ധം തമ: പ്രവിശന്തി യേ അവിദ്യാമുപാസതേ
തതോ ഭൂയ ഇവ തേ തമോ
യ ഉ വിദ്യായാം രതാ:'"എന്നല്ലേ.കർമ്മത്തെ മറന്നുള്ള ജ്ഞാനം അന്ധകാരത്തിലേക്ക് നയിക്കുന്നു.അതല്ലേ ശരി "
"ദാരിദ്രർക്കെന്തിനാണ് മീര വേദങ്ങളും ഉപനിഷത്തുകളും. വിശപ്പകറ്റാൻ കഴിയുന്ന എന്ത് മന്ത്രമാണ് അവരുരുവിടേണ്ടത്?
ഒരു മനുഷ്യനിൽ നിന്നും മറ്റൊരു മനുഷ്യനിക്കുള്ള പരിണാമം. നിഗൂഢതയുടെ കലവറയാണല്ലോ മനുഷ്യ മനസ്സുകൾ..
********
"അമ്മ എന്താണ് ആലോചിക്കുന്നത്. നല്ല തിരക്കുണ്ട്.
.ഉള്ളിലേക്ക് കയറാൻ ക്യു നിൽക്കണം,"
ശിവാനിയുടെ ശബ്ദം ചിന്തകളിൽ നിന്നുണർത്തി
"കുറച്ചു കഴിയട്ടെ.എനിക്കൊരാളെ കാണാനുണ്ട്."
അടുത്തേക്ക് നടന്നു വരുന്ന ഒരു ദീക്ഷിതരെ കണ്ടപ്പോൾ ചോദിച്ചു.
"ഇവിടെ ഒരു സന്യാസിയുണ്ടായിരുന്നില്ലേ മൃത്യുഞ്ജയൻ എന്ന പേരിൽ?"
ദീക്ഷിതർ ഒരുനിമിഷം മുഖത്തേക്ക് നോക്കി.
"ആ പേരിൽ ഒരുപാട് സന്യാസിമാരുണ്ടല്ലോ. എല്ലാം പരമശിവന്റെ നാമം. മഹാദേവൻ, മൃത്യുഞ്ജയൻ, തൃലോകനാഥൻ.. ആരെയാണ് അന്വേഷിക്കുന്നത്?"
"ഇദ്ദേഹം രുദ്രാക്ഷം ധരിക്കാറില്ല.താഴെ പൂ വിൽപ്പനക്ക്കാരുടെയും ഭിക്ഷുക്കളുടെയും ഇടയിൽ കാണാം.അറിയാമോ "
പെട്ടെന്ന് ദീക്ഷിതരുടെ മുഖം തെളിഞ്ഞു.
"മനസിലായി. അദ്ദേഹം.. അദ്ദേഹം സമാധിയായല്ലോ."
പ്രതീക്ഷിച്ചിരുന്നത് തന്നെ സംഭവിച്ചിരിക്കുന്നു. തണുത്ത കാറ്റേറ്റ് ശരീരം വിറച്ചു.
"എവിടെയാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. ഒന്ന് കാണാൻ പറ്റുമോ "
"വരൂ "
ദീക്ഷിതരുടെ പുറകെ നടക്കുമ്പോൾ ഒരു കടലോളം ചോദ്യങ്ങൾ ഇരമ്പി മറയുന്നുണ്ട് ശിവാനിയുടെ നോട്ടങ്ങളിൽ.
"ദാ അവിടെയാണ് അദ്ദേഹത്തെ അടക്കം ചെയ്തിട്ടുള്ളത്."കൂവളത്തിന്റെ ഇലകൾ കൊഴിഞ്ഞു വീണ ഒരു ചെറിയ മൺകൂനയെ ചൂണ്ടി ദീക്ഷിതർ പറഞ്ഞു.
"ഒര്രു വർഷമായി സമാധിയായിട്ട്. ഒരു പ്രത്യേക പ്രകൃതക്കാരനായിരുന്നു.എന്നും പാവങ്ങളുടെ ഇടയിൽ കഴിയാനായിരുന്നു ഇഷ്ടം. പൂജയിലും ധ്യാനത്തിലുമൊന്നും തീരെ ശ്രദ്ധയില്ലായിരുന്നു."
പതിയെ മൺകൂനയുടെ അടുത്തേക്ക് ശിവാനിയോടൊപ്പം നടന്നു.കയ്യിൽ മുറുകെപ്പിടിച്ചിരുന്ന രുദ്രാക്ഷം അതിലേക്ക് വെച്ച് മനസ്സിൽ പറഞ്ഞു
" മീര എന്ന എഴുത്തുകാരിയുടെ ഉള്ളിലെ അഗ്നി കെട്ടടങ്ങി കഴിഞ്ഞിരിക്കുന്നു.ഇനി എനിക്കിതിന്റെ ആവശ്യമില്ല. ഞാനിതു തിരിച്ചു നൽകുന്നു."
ഒരുപിടി കൂവളത്തിന്റെ ഇലകൾ സമാധിയിൽ സമർപ്പിച്ചു തിരികെ നടക്കുമ്പോൾ ശിവാനി ചോദിച്ചു.
"ആരായിരുന്നു അമ്മേ അത്. "
ആ ചോദ്യം ഉള്ളിലൊരായിരം വട്ടം ചോദിച്ചു കഴിഞ്ഞതാണ്. ആരായിരുന്നു...
ഉള്ളിലെ അന്ധകാരത്തെ അകറ്റി ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതരാണ്..
പതിയെ അവളുടെ കൈപിടിച്ചു ക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ പറഞ്ഞു
"എന്റെ ഗുരു "
ശ്രീകല മേനോൻ
228/12/2020

അമ്മയ്ക്കുമുണ്ട് ഇഷ്ടങ്ങൾ


ബസ്സിന്റെ ജനലഴികളിൽക്കൂടി വന്ന നേരിയ തണുത്തകാറ്റേറ്റിരിക്കുമ്പോൾ അമ്മയായിരുന്നു മനസ്സ് നിറയെ.അല്ലെങ്കിലും കഴിഞ്ഞ രണ്ടു വർഷം ഓർക്കാൻ വേറെയാരാണ് എനിക്കുള്ളത്. അമ്മയല്ലാതെ.. അമ്മയും ഞാനും മാത്രമായുള്ള ലോകം.അച്ഛൻ മരിച്ചതിനു ശേഷം എനിക്ക് വേണ്ടിയാണ് അമ്മ ജീവിക്കുന്നത് തന്നെ.ഒരു ഡോക്ടറുടെ വീട്ടിൽ പണിക്കു നിൽക്കുകയാണ് അമ്മ. ഇനി എനിക്കൊരു ലക്ഷ്യമുണ്ട്. നല്ലൊരു ജോലി നേടണം.ഡിഗ്രി പരീക്ഷക്ക് നല്ല മാർക്ക്‌ കിട്ടുമെന്നുറപ്പാണ്. അമ്മയെ ഈ കഷ്ടപ്പാടുകളിൽ നിന്നും കരകയറ്റണം.ഇതു വരെയനുഭവിക്കാത്ത സന്തോഷം മുഴുവൻ അമ്മക്ക് നൽകണം. പക്ഷെ ഈയെടെയായി അമ്മ സംസാരിക്കുമ്പോൾ എന്തോ ഒരു മാറ്റം അനുഭവപ്പെടുന്നു. എന്റെ തോന്നലാണോ. അമ്മയെന്തോ എന്നോടൊളിക്കുന്നത് പോലെ. അല്ലെങ്കിൽ എന്നോട് പറയാൻ കഴിയാതെ എന്തോ ഉള്ളിൽ കൊണ്ട് നടക്കുന്നത്പോലെ....തോന്നലായിരിക്കാം അമ്മയിപ്പോ ഡോക്ടറുടെ വീട്ടിൽ നിന്നും എത്തിയിട്ടുണ്ടാവും . എനിക്കിഷ്ടമുള്ള ഇലയടയും ഉണ്ണിയപ്പവും ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടാവും. ഓർത്തപ്പോ തന്നെ വായിൽ വെള്ളമൂറുന്നു.എത്ര ദിവസമായി അമ്മയുടെ കൂടെയിരുന്നു ആ കൈകൊണ്ടുണ്ടാക്കിയ രുചിയുള്ള ഭക്ഷണം കഴിച്ചിട്ട്. ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചു മടുത്തു തുടങ്ങിയിരിക്കുന്നു. **** അമ്മ ഒന്ന് കൂടി സുന്ദരിയായത് പോലെ.മുഖത്തു അത് വരെ കാണാത്ത ഒരു പ്രസരിപ്പ്. ഞാൻ വന്നതിന്റെ സന്തോഷമാവും. അല്ലെങ്കിൽ അമ്മക്ക് എന്നെ പറ്റി എന്നും വേവലാതിയാണല്ലോ. അത് കൊണ്ടല്ലേ ഇത്രയും ദൂരെ എന്നെ പറഞ്ഞയച്ചത്. എല്ലാം കഴിച്ചു തീരുന്നത് വരെ അമ്മ കൂടെയിരുന്ന് കോളേജിലെ വിശേഷങ്ങൾ കേട്ടു. രാത്രി നേർത്ത മഴയുടെ സ്വരം കേട്ട് അമ്മയുടെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുമ്പോൾ പിന്നെയും ആ തോന്നലുണ്ടായി. അമ്മക്കെന്തോ എന്നോട് പറയാനുണ്ട്. ഈ നെഞ്ചിനകത്തു എന്തൊക്കെയോ പുകഞ്ഞു നീറുന്നുണ്ട്. രാവിലെ എണീറ്റപ്പോൾ ഡോക്ടറുടെ അടുത്ത് പോവാൻ തയ്യാറായി നിൽക്കുന്ന അമ്മയെയാണ് കണ്ടത്. നല്ല കടുംപച്ച സാരിയുടുത്തു നെറ്റിയിൽ വലിയ പൊട്ടു തൊട്ട് അമ്മ കൂടുതൽ സുന്ദരിയായത് പോലെ. പക്ഷെ അപ്പോഴും എന്താണിങ്ങനെ മനസ്സ് അസ്വസ്ഥമാവുന്നത്. അച്ഛൻ മരിച്ചതിൽ പിന്നെ അമ്മ പൊട്ടു തൊട്ടു കണ്ടിട്ടില്ല. ഇത്രയും കടും നിറത്തിലുള്ള സാരിയുടുത്തു കണ്ടിട്ടില്ല. ഞാൻ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ അമ്മയുടെ മുഖത്തു ഒരു ജാള്യത നിഴലിച്ചത് പോലെ. അതും എനിക്ക് തോന്നിയതാണോ "എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട് മോളെടുത്തു കഴിച്ചോളൂ. ചിലപ്പോൾ ഞാൻ വരാൻ വൈകും." അമ്മ പടികടന്ന് പോവുന്നത് നോക്കി നിന്നു. അമ്മക്ക് എന്താണ് പറ്റിയത് ****** തനിയെ ഇരുന്നു ബോറടിച്ചപ്പോൾ അശ്വതിയെ കുറിച്ചോർത്തു. സ്കൂളിൽ എന്റെ ഏറ്റവുമടുത്ത കൂട്ടുകാരിയായിരുന്നു അശ്വതി. അവളുമിപ്പോൾ എന്നെപ്പോലെ പരീക്ഷ കഴിഞ്ഞ് വീട്ടിലുണ്ടാവും.കുറെ വിശേഷങ്ങളുണ്ട് അവളോട് പറയാൻ. എന്നെ കണ്ടപ്പോൾ അശ്വതിയുടെ മുഖം വിടർന്നു.അവളോടി അടുത്ത് വന്നു "സ്നേഹാ,നിന്നെ കാണാൻ അങ്ങോട്ട് വരാനിരിക്കുകയായിരുന്നു ഞാൻ " കോളേജ് വിശേഷങ്ങളും നാട്ടിലെ വാർത്തമാനങ്ങളും പറയുന്നതിനിടക്കെപ്പോഴോ അശ്വതി മൌനം പൂണ്ടൂ അവൾ മെല്ലെ എന്റെ കൈപിടിച്ചു. "സ്നേഹാ അമ്മ എന്തെങ്കിലും നിന്നോട് പറഞ്ഞോ?" "എന്ത്?.. എന്താ കാര്യം അശ്വതി?"എന്റെ നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു. "ഏയ്‌ ഒന്നുമില്ല."അവൾ എന്നോട് എന്തോ മൂടിവെയ്ക്കുന്നത് പോലെ കുറെ നിർബന്ധിച്ചപ്പോഴാണ് അശ്വതി പറഞ്ഞു തുടങ്ങിയത്.. "നിനക്കോർമ്മയില്ലേ. സ്കൂളിൽ നമ്മളെ മലയാളം പഠിപ്പിച്ച വിനയൻ മാഷിനെ.ഭാര്യ മരിച്ച ശേഷം മാഷ് ഒറ്റക്കാണല്ലോ." "അതേ ഓർമ്മയുണ്ട്. എന്താ കാര്യം " "സ്നേഹാ..ഞാൻ പറയുന്നത് കേട്ട് നിനക്ക് വിഷമം തോന്നരുത് നിന്റെ അമ്മയെയും മാഷിനെയും പറ്റി പലതും പറഞ്ഞു കേൾക്കുന്നുണ്ട്. അവർ തമ്മിൽ ഇഷ്ടത്തിലാണെന്നും വിവാഹം കഴിക്കുമെന്നൊക്കെ." തല കറങ്ങുന്നത് പോലെ തോന്നി. "എന്റെയമ്മയോ. ഒരിക്കലും ഞാനിതു വിശേസിക്കില്ല. ആളുകൾ എന്തെങ്കിലും പറഞ്ഞോട്ടെ അമ്മക്ക് ഞാനും എനിക്ക് അമ്മയും മാത്രമേയുള്ളു ഈ ലോകത്ത് " "അറിയാം സ്നേഹാ..പക്ഷെ ഞാനും ഒരിക്കൽ കണ്ടിട്ടുണ്ട് മാഷ് നിന്റെ വീട്ടിൽ നിന്നും ഇറങ്ങി വരുന്നത് " അശ്വതിയോട് യാത്ര പോലും പറയാതെ ഇറങ്ങി നടക്കുമ്പോൾ ആരോ ഉള്ളിൽ നിന്നും പറയുന്നത് കേട്ടു. "വയസ്സാംകാലത്ത് ഒരു പ്രണയം. ഇത്ര വലിയ മകളുണ്ടെന്നെങ്കിലും ഓർക്കണ്ടേ നാണക്കേട്.!" അപ്പോ അതാണ് അമ്മയിലുള്ള മാറ്റത്തിന്റെ കാരണം.അമ്മക്ക് പ്രണയം തലക്ക് പിടിച്ചിരിക്കുന്നു.ഉള്ളിൽ വലിയൊരു കനലെരിഞ്ഞു തുടങ്ങിയിരുന്നു.അമ്മയോട് എല്ലാം ചോദിച്ചറിയണം. കേട്ടതൊന്നും സത്യമാവരുതേ എന്ന് പ്രാർത്ഥിച്ചു വീട്ടിലേക്കു നടന്നു. ആരൊക്കെയോ ശ്രദ്ധിക്കുന്നത് പോലെ. തന്റെ നേർക്കു നീളുന്ന കണ്ണുകളിൽ പരിഹാസമോ സഹതാപമോ എന്താണ്. മിഴികൾ അറിയാതെ പെയ്തു തുടങ്ങിയിരുന്നു… പണി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ എന്റെ മൂടിക്കെട്ടിയ മുഖഭാവം കണ്ടിട്ടാവും അമ്മ അരികിൽ വന്നു ചേർത്തു പിടിച്ചു. "എന്ത് പറ്റി നിനക്ക്? സുഖമില്ലേ? എന്താ കാപ്പി കുടിക്കാഞ്ഞത്. അമ്മ ഉണ്ണിയപ്പം ഉണ്ടാക്കിയിട്ടുണ്ട്. വന്നു കഴിക്ക് " "എനിക്കൊന്നും വേണ്ട "ഞാൻ അമ്മയുടെ കൈ തട്ടിമാറ്റി അകത്തേക്ക് പോയി കട്ടിലിൽ കിടന്നു. അമ്മ പുറകെ വന്നു അടുത്തിരുന്നു "എന്ത് പറ്റി എന്റെ മോൾക്ക്. അമ്മയോട് പറ " "അമ്മക്കെത്ര വയസ്സായി?" എന്റെ ചോദ്യം കേട്ട് ഒരു നിമിഷം അമ്മ അതിശയത്തോടെ എന്നെ നോക്കി. "എന്താ മോളെ. എന്താ കാര്യം " "അമ്മയും ആ വിനയൻ മാഷും തമ്മിലെന്താ.പ്രണയമാണോ. അമ്മക്ക് നാണമില്ലേ. ഈ പ്രായത്തിൽ… അതും എന്നെ പോലെ ഒരു മോളുള്ളപ്പോൾ. ആളുകൾ എന്തൊക്കെയാ പറയുന്നതെന്ന് അറിയോ. അമ്മ എപ്പോഴെങ്കിലും എന്നെ കുറിച്ചോർത്തോ. " അമ്മ വാക്കുകളെ തിരഞ്ഞു പരാജയപ്പെടുന്നുണ്ടയിരുന്നു. "അത്..ഞാൻ.. മോളെ..മാഷ്.. ഞാൻ നിന്നോട് എല്ലാം പറയാൻ ഇരിക്കായിരുന്നു." അപ്പൊ കേട്ടതൊക്കെ സത്യമാണ്.എനിക്കിനിയൊന്നും കേൾക്കേണ്ട. ഞാനുറക്കെ കരഞ്ഞു. അമ്മ പിന്നെയുമെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അന്ന് രാത്രി ഉറക്കം മിഴികളെ തഴുകാതെ പിണങ്ങി നിന്നപ്പോൾ അമ്മ അരികിൽ വന്നു ചേർത്തു പിടിച്ചു കിടന്നു. "മാഷ് നല്ലവനാണ്.മറ്റുള്ളവരിൽ കാണുന്ന ഭ്രാന്ത് ഞാനൊരിക്കലും മാഷിന്റെ കണ്ണുകളിൽ കണ്ടിട്ടില്ല. ഒന്ന് രണ്ടു തവണ കുറച്ചു പണം ഞാൻ മാഷിന്റെ കയ്യിൽ നിന്നും കടം വാങ്ങിയിരുന്നു.എന്തോ മാഷിനോട് സംസാരിക്കുമ്പോൾ വല്ലാത്ത ആശ്വാസമാണ് മനസ്സിൽ. ആരോ കൂടെയുള്ളത് പോലെ. വല്ലാത്തൊരു ധൈര്യം തോന്നും..അത് പ്രണയമാണോ എന്നെനിക്കറിയില്ല. വിവാഹത്തെ പറ്റി മാഷ് സൂചിപ്പിച്ചപ്പോൾ ഞാൻ പറഞ്ഞത് നിന്നോട് ചോദിക്കാതെ നിന്റെ സമ്മതമില്ലാതെ ഒരു തീരുമാനവും എടുക്കില്ല എന്ന് തന്നെയാണ്. എന്തോ നിന്നോട് പറയാൻ കഴിയാതെ വീർപ്പുമുട്ടുകയായിരുന്നു ഈ രണ്ടു ദിവസവും.എനിക്കും നിനക്കും മാഷ് ഒരു തുണയാകുമെന്ന് മാത്രമേ കരുതിയുള്ളൂ. നിനക്കിഷ്ടമില്ലെങ്കിൽ വേണ്ട .എന്റെ മോളെക്കാൾ വലുതല്ല എനിക്കൊരു ബന്ധവും " സന്തോഷം കൊണ്ട് അമ്മയെ കെട്ടിപിടിച്ചു കിടക്കുമ്പോൾ രണ്ടാളുടെയും കണ്ണീർ തലയിണ ഏറ്റുവാങ്ങുന്നുണ്ടായിരുന്നു. ********* പിറ്റേന്ന് നിറം മങ്ങിയ സാരി ചുറ്റി പൊട്ട് തൊടാതെ അമ്മ പടികടന്ന് പോവുന്നത് നോക്കി നിന്നപ്പോൾ എന്തിനാണ് മിഴികൾ വീണ്ടും നിറഞ്ഞു തുളുമ്പിയത്. എന്തൊക്കെയോ ഉള്ളിൽ അടക്കിപ്പിടിച്ചു ഒരു യന്ത്രം പോലെ അമ്മ ഓരോന്ന് ചെയ്തു. എനിക്ക് വേണ്ടി ഉണ്ണിയപ്പവും എലയടയും ഉണ്ടാക്കി എന്നെ സന്തോഷിപ്പിച്ചു. എനിക്ക് വേണ്ടി എപ്പോഴും ചുണ്ടിൽ ഒരു ചിരി വരുത്താൻ ശ്രമിച്ചു.. പഴയ അമ്മയാവാൻ അമ്മ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു. പ്രണയം എന്നത് ഇത്ര ശക്തമായ വികാരമാണോ. ഞാൻ ഉറച്ച ഒരു തീരുമാനമെടുത്തു. നാളെ തന്നെ മാഷിനെ ചെന്ന് കാണണം. എന്റെ അമ്മയെ എനിക്ക് തിരിച്ചു തരാൻ പറയണം. ***** മാഷ് എന്റെ വരവ് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് തോന്നി. "സ്നേഹ വരൂ,"മാഷ് ഉള്ളിലേക്ക് ക്ഷണിച്ചു. മാഷിപ്പോഴും അതേ സ്കൂളിലെ അദ്ധ്യാപകനാണ്. നല്ല വൃത്തിയോടും ചിട്ടയോടും കൂടി അലങ്കരിച്ച മുറി. പുസ്തകങ്ങൾ അടുക്കിവെച്ച ഒരു ഷെൽഫിലേക്ക് കണ്ണുകൾ പാഞ്ഞു.പുസ്തകങ്ങളെന്നും. മാഷിന് ഹരമായിരുന്നല്ലോ. ഒറ്റക്കുള്ള ജീവിതത്തിൽ മാഷിന് വായന ഒരാശ്വാസമായിരിക്കും. "ഞാൻ വന്നത്.." പതിയെ മാഷിന്റെ മുഖത്തു നോക്കി ഞാൻ പറഞ്ഞു തുടങ്ങി.കാര്യങ്ങൾ എങ്ങിനെ മാഷിനെ വേദനിപ്പിക്കാതെ അവതരിപ്പിക്കണമെന്ന് എനിക്കത്ര നിശ്ചയമില്ലായിരുന്നു. "പറയൂ. എന്തായാലും ഞാൻ കേൾക്കാൻ തയ്യാറാണ് "മാഷത് പറഞ്ഞപ്പോൾ ഉള്ളിൽ കുറച്ചു ധൈര്യം തോന്നി. "മാഷിനറിയാമല്ലോ. അമ്മക്ക് ഞാൻ മാത്രമേയുള്ളു. അമ്മ ഈ കഷ്ടപ്പെടുന്നതൊക്ക എനിക്ക് വേണ്ടിയാണ്. ഒരു നല്ല ജോലി നേടി അമ്മയെ ഈ നരകത്തിൽ നിന്നും കരകയറ്റണമെന്ന് മാത്രമാണ് ഇന്നെന്റെ ലക്ഷ്യം. മാഷിനെ കുറിച്ച് അമ്മ എല്ലാം പറഞ്ഞു. അമ്മ മാഷിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് . പക്ഷെ ആളുകൾ വളരെ മോശമായാണ് ഈ ബന്ധത്തെ കാണുന്നത്. ഒന്നമത് നിങ്ങളുടെ പ്രായം.അത് കൊണ്ട് തന്നെ മാഷ് ഇതിൽ നിന്നും പിന്മാറണം. വെറുതെ ഇനിയും മോഹിപ്പിച്ചു അമ്മയെ വേദനിപ്പിക്കരുത്. ഒരിക്കലും ഇങ്ങനെയൊരു ബന്ധം അംഗീകരിക്കാൻ എനിക്ക് കഴിയില്ല " ഞാൻ പറയുന്നത് കേട്ട് മാഷിന്റെ മുഖത്തു ഒരു പുഞ്ചിരി വിടരുന്നത് ഞാൻ അതിശയത്തോടെ നോക്കി. "ഞാനൊരു കാര്യം ചോദിക്കട്ടെ. സ്നേഹയുടെ അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറമെന്താണ്?" ആ ചോദ്യം എന്നെ അമ്പരപ്പിച്ചു. അമ്മയുടെ ഇഷ്ടനിറം.അങ്ങിനെ ഒന്നുണ്ടോ. ഞാനാലോചിച്ചു "അങ്ങിനെ അമ്മക്ക് പ്രത്യേകിച്ച് ഇഷ്ടമുള്ള നിറമുണ്ടെന്ന് തോന്നുന്നില്ല . അല്ലെങ്കിൽ ഞാനിതു വരെ ചോദിച്ചിട്ടില്ല." മാഷ് പിന്നെയും ചിരിച്ചു. "ഉണ്ടാവും സ്നേഹാ .. അമ്മക്കിഷ്ടമുള്ള ഒരുപാട് കാര്യങ്ങളുണ്ടാവും. കേൾക്കാൻ ഇഷ്ടമുള്ള പാട്ടുകൾ, ഇഷ്ടമുള്ള നിറം,ഇഷ്ടമുള്ള ആഹാരം, ഏറെ കാണാൻ കൊതിക്കുന്ന ഒരു സ്ഥലം അങ്ങിനെ ഒരുപാടൊരുപാട്. ആ ഇഷ്ടങ്ങളൊക്കെ അമ്മ പുറത്തു കാണിക്കുന്നില്ലന്നേയുള്ളു. സ്നേഹക്ക് വേണ്ടി " എന്റെ ഉള്ളിലിരുന്നാരോ വിതുമ്പി അമ്മയുടെ ഇഷ്ടങ്ങൾ….ഞാനതൊന്നും അമ്മയോട് ഇതു വരെ ചോദിച്ചിട്ടില്ലല്ലോ "സ്നേഹ പറഞ്ഞത് പോലെ അമ്മയുടെ ലോകം സ്നേഹ മാത്രമാണ്. സ്നേഹയുടെ പഠിപ്പ്, സുരക്ഷിതത്വം ഇതൊക്കെ മാത്രമാണ് അമ്മയുടെ ലക്ഷ്യം. ഒരിക്കൽ കുറച്ചു പണം കടം വാങ്ങാനായി ഉമ ഇവിടെ വന്നിരുന്നു. ആ അമ്മയുടെ ഉള്ളിലുള്ള വിങ്ങലുകൾ മുഴുവനെനിക്ക് കേൾക്കാമായിരുന്നു.ഞങ്ങളടുത്തു എന്നുള്ളത് ശരിയാണ്. ഉമ എന്നോട് എല്ലാം പറയുമായിരുന്നു. എപ്പോഴോ നിങ്ങളുടെ ജീവിതത്തിൽ ഒരു തണലായി മാറാൻ ഞാനാഗ്രഹിച്ചു.അത് പ്രണയമാണോ എനിക്കറിയില്ല. പക്ഷെ എന്നോട് ഉമ പറഞ്ഞത് സ്നേഹയുടെ സമ്മതം വാങ്ങിയ ശേഷം മാത്രമേ ഒരു തീരുമാനമെടുക്കൂ എന്നാണ് " "പിന്നെ ആളുകൾ… പ്രണയത്തിനെപ്പോഴാണ് പ്രായം ഒരു വിലങ്ങു വീഴ്ത്തിയിട്ടുള്ളത്?വിധവയായ സ്ത്രീ ഒന്ന് അണിഞ്ഞൊരുങ്ങിയാൽ, നിറമുള്ള സാരിയുടുത്താൽ, ഒന്ന് പ്രണയിച്ചാൽ അതൊക്കെ എല്ലാവരുടെയും കണ്ണിൽ തെറ്റാണ്. എന്തിനെയും നിഷേധാത്മകതയോടെ മാത്രം കാണുന്ന സമൂഹം. എനിക്കാരെയും പേടിയില്ല സ്നേഹാ.പക്ഷെ നിനക്കിഷ്ടമല്ലെങ്കിൽ ഒരിക്കലും ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വരില്ല " "പക്ഷെ .." ഒന്ന് നിർത്തി മാഷ് വീണ്ടും പറഞ്ഞു തുടങ്ങി "നീയാഗ്രഹിക്കുന്നത് പോലെ ഒരു ജോലി നേടി അമ്മയെ സംരക്ഷിക്കാൻ നിനക്ക് കഴിയും. പക്ഷെ എന്നെങ്കിലും നീ വിവാഹിതയാവുമ്പോൾ നിങ്ങളുടെ പുതിയ ജീവിതത്തിൽ അമ്മയൊരു ബാധ്യതയായി തോന്നുമ്പോൾ ഉമയെ എനിക്ക് തിരിച്ചു തരണം.." "എനിക്കൊരു അപേക്ഷയുണ്ട്.സ്നേഹക്ക് വേണ്ടി മാത്രമാണ് അമ്മ പെയ്തു തോരുന്നത്. ഒരിക്കലും അവരെ തനിച്ചാക്കരുത് " ഒന്നും പറയാൻ കഴിയാതെ ഞാൻ തലകുനിച്ചിരുന്നു എല്ലാം കേട്ടു.. ഞങ്ങളുടെ ഇടയിൽ ഒരു നീണ്ട മൌനം വീർപ്പുമുട്ടി നിന്നു ഉള്ളിലെന്തൊക്കെയോ അടക്കിപ്പിടിച്ചു എന്നെ സന്തോഷിപ്പിക്കാൻ ഓടിനടക്കുന്ന അമ്മയെക്കുറിച്ചു ഞാനോർത്തു. "മാഷിനോർമ്മയുണ്ടോ പണ്ട് മാഷെന്നും ക്ലാസ്സിൽ ചൊല്ലാറുള്ള നെരൂദയുടെ കവിത. എനിക്കാ കവിതയിലെ വരികൾ ഒരുപാടിഷ്ടമായിരുന്നു." "ഞാൻ നിന്റെ കാൽപാദങ്ങളെ പ്രണയിക്കുന്നു. കാരണം ഈ ഭൂമിയും കാറ്റും വെള്ളവും കടന്ന് അവരെന്നെ തേടിയെത്തിയിരിക്കുന്നു. " "ആ കാലടികളുടെ സ്വരമെനിക്ക് കേൾക്കാം മാഷേ. മാഷ് ഏത്രയും വേഗം ഞങ്ങളുടെ ജീവിതത്തിലേക്ക് വരണം. എനിക്ക് സന്തോഷം മാത്രമേയുള്ളു " "ഞാനിതു വരെ എന്നെ കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളു..മാഷ് പറഞ്ഞത് പോലെ അമ്മ മഴ പെയ്തു തോരുന്നത് മുഴുവൻ എനിക്ക് വേണ്ടിയാണ്.എനിക്ക് വേണ്ടി ഒരുപാടിഷ്ടങ്ങൾ അമ്മ വേണ്ടെന്ന് വെച്ചിട്ടുണ്ടാവും. ഇതെങ്കിലും എനിക്ക് തിരിച്ചു നൽകണം അമ്മയുടെ നഷ്ട്ടപെട്ട പ്രണയം " അതും പറഞ്ഞു അതിശയത്തോടെ എന്നെ നോക്കുന്ന മാഷിനോട് യാത്ര പോലും പറയാതെ ഞാനിറങ്ങി നടന്നു അപ്പോഴും എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...

ശ്രീകല മേനോൻ 18/11/2020

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo