കുറേക്കാലത്തിന് ശേഷമാണ് ഞാനൊരു സിനിമ കാണുന്നത്.മോളുടെ കൂടെയിരുന്ന് ആമസോൺ പ്രൈമിൽ "സൂരരയ് പോട്രൂ "എന്ന തമിഴ് സിനിമ.സിനിമയിൽ വികാര നിർഭരമായ രംഗങ്ങൾ കണ്ടാൽ എനിക്ക് പെട്ടെന്ന് കരച്ചിൽ വരും. (ഇക്കാര്യത്തിൽ അമ്മമ്മക്കാണ് (എന്റെ അമ്മ)യാണ് ഒന്നാം സ്ഥാനം എന്നാണ് മോളുടെ കമന്റ് )ഈ സിനിമയിൽ
നായകൻ സൂര്യയുടെ വികാര പ്രകടനങ്ങൾ കണ്ട് ഞാനൊരു കണ്ണീർ തടാകം അങ്ങനെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
പെട്ടന്ന് മോളുടെ അടക്കിപിടിച്ച ചിരി.ഞാനവളുടെ മുഖത്തേക്ക് രൂക്ഷമായൊന്ന് നോക്കി "ഇതിലെന്താ ഇത്ര ചിരിക്കാൻ "
"എനിക്കമ്മയുടെ മുഖം കണ്ടിട്ടാ ചിരി വരണത്"
ഇവൾക്ക് ഇതൊന്നും കണ്ടിട്ട് ഒരു തുള്ളി കണ്ണീരു പോലും വരിണില്ല്യേ . ഒട്ടും സെൻസിറ്റീവ് അല്ലാത്ത കുട്ടി.
"ഇതിലിപ്പോ എന്താ ഇത്ര കരയാൻ. ഇത് വെറും ഒരു സിനിമയല്ലേ.. ഒരു സ്റ്റോറി "
ശരിയാണ്.. എന്നാലും..
ഞാനാലോചിച്ചു.അവളല്ലെങ്കിലും എപ്പോഴും ഇങ്ങിനെ തന്നെയാണല്ലോ. വികാരങ്ങളൊന്നും അധികം പുറത്തു കാണിക്കാതെ എല്ലാം ഉള്ളിലൊതുക്കി.
കുട്ടിക്കാലത്ത് തല്ലു കൊള്ളുമ്പോൾ കരയാതെ ആ ചൈനീസ് കണ്ണുകൾ അതിന്റെ മാക്സിമം വലുതാക്കി എന്നെയങ്ങനെ തുറിച്ചു നോക്കി ചുണ്ടമർത്തിപ്പിടിച്ചു നിൽക്കും ന്നല്ലാതെ..
(ഇപ്പോൾ അതൊക്കെ ആലോചിച്ചു രാത്രി തനിച്ചു കിടന്നു കരയാറുണ്ടല്ലോ ഈ അമ്മ )
ഞാൻ ഇടക്ക് ഓർക്കാറുണ്ട്.. ഈ ന്യൂ ജനറഷൻ കുട്ടികളൊക്കെ ഇങ്ങിനെ തന്നെയാണോ...
പിറ്റേന്ന് ഓഫീസിൽ നിന്നും വന്നപ്പോൾ അതാ അവളെങ്ങനെ മൂടികെട്ടിയ മുഖവുമായി..
"എന്താ ടാ എന്ത് പറ്റി. സുഖമില്ലേ "
"കോളേജിൽ നിന്നും മെസ്സേജ് വന്നു. ഇനി ഓൺലൈൻ ക്ലാസ്സ് ഉണ്ടാവില്ല. തിങ്കളാഴ്ച കോളേജ് തുറക്കും "
ഓ അത്രേ ഉള്ളൂ..മനസൊന്നു തണുത്തു. അതോ ഒന്ന് പിടഞ്ഞോ...
"അതെയോ.. അയ്യോ. അപ്പോൾ പോവെണ്ടേ.സമയമില്ലല്ലോ "
അവളെന്നെയൊന്നു ചൈനീസ് കണ്ണ് വഴി രൂക്ഷമായി നോക്കി
"അമ്മക്ക് സമാധാനായീലോ..കോളേജ് തുറക്കാതെ അമ്മക്കായിരുന്നൂലോ ടെൻഷൻ "
അവളെ പറഞ്ഞിട്ട് കാര്യമില്ല.കേരളത്തിൽ എല്ലാ കോളേജും തുറന്നല്ലോ.ബാംഗ്ലൂരിൽ മാത്രം എന്താ തുറക്കാത്തത് ഫൈനൽ ഇയർ അല്ലെ ന്നൊക്കെ പറഞ്ഞു നൂറു വട്ടം പരാതി പറഞ്ഞത് ഞാനാണല്ലോ.
എന്നാലും ഉള്ളിൽ വേവലാതി തുടങ്ങി. ബാംഗ്ലൂരിൽ ഒരു നിയന്ത്രണവുമില്ല. ആളുകൾ മാസ്ക് പോലും ശരിക്കും ധരിക്കുന്നില്ല. അങ്ങനെ എന്തൊക്കെയോ കേൾക്കുന്നുണ്ട്.
ഒന്നും പുറത്തു കാട്ടാതെ ബാംഗ്ലൂരിലേക്കുള്ള ബസ് ടിക്കറ്റ് ബുക്ക് ചെയ്തു.
അങ്ങിനെ കോവിഡ് വെക്കേഷനോടും കോവിഡ് കാലത്തു അവൾക്കു വേണ്ടി യൂട്യൂബ് നോക്കി പഠിച്ച സ്പെഷ്യൽ കൊക്കോ മിൽക്കിനോടും (പാൽ ഒട്ടും കുടിക്കാതിരുന്ന അവൾക്ക് വേണ്ടി ഞാൻ കണ്ട് പിടിച്ചത് )ഹക്ക നൂഡിൽസിനോടും,പൊട്ടാറ്റൊ ഫിംഗർ ചിപ് സിനോടും വിട പറഞ്ഞ് കാതിൽ ഇയർഫോൺ ഫിറ്റ് ചെയ്തു അവൾ ബസിൽ കയറി.
"മോളെ സൂക്ഷിക്കണേ, മാസ്ക് ഇടണേ, സാനിറ്റൈസർ യൂസ് ചെയ്യണേ. ദിവസവും വിളിക്കണേ "ന്നൊക്കെയുള്ള എന്റെ ഡയലോഗുകൾക്ക് മറുപടിയായി "ഡോണ്ട് വറി അമ്മ"എന്ന് പറഞ്ഞു കവിളിൽ ഒരുമ്മയും തന്ന് അവൾ യാത്രയാവുമ്പോൾ കണ്ണിൽത്തുമ്പത്തോളം വന്നു എത്ര ശ്രമിച്ചിട്ടും തടുക്കാൻ കഴിയാതെ പിടഞ്ഞു വീണ ഒരു കുഞ്ഞു തുള്ളിയെ അവൾ കണ്ടോ ആവോ…
അങ്ങനെ ഓരോന്നാലോചിച്ചു കൂട്ടി ഉറക്കമില്ലാത്ത രാത്രികൾ തള്ളി നീക്കുമ്പോഴാണ് ഓഫീസിൽ കോവിഡ്
കേസുകൾ തലപ്പൊക്കുന്നത്.രണ്ടു ദിവസത്തിനിടെ നാല് പേർക്ക് കോവിഡ്. പലർക്കും പനി.
ആകെ ടെൻഷനടിച്ചു നാരങ്ങാ വെള്ളവും മമഞ്ഞൾ പൊടിയിട്ട വെള്ളവുമൊക്കെ കലക്കി കുടിക്കുന്നതിനിടയിൽ അവൾക്ക് മെസ്സേജ് അയച്ചു. പാവം അവൾക്കു ആകെ വിഷമമാവും. എന്നാലും അറിയിക്കണമല്ലോ
ഉടനെ എന്നെ ഞെട്ടിച്ചു കൊണ്ട് മറുപടിയായി (ഈ ചിരിക്കു എന്താ പറയാ. ആവോ )ഇങ്ങിനെ കുറെ സ്മൈലികൾ വന്നു
മക്കളായാൽ ഇങ്ങിനെയാണോ. ഇവൾക്കെന്താ എന്നോട് ഒട്ടും സ്നേഹമില്ലേ, ഒന്ന് സമാധാനിപ്പിച്ചൂടെ ന്നൊക്കെ മനസ്സ് പരിഭവിച്ചിരിക്കുമ്പോൾ അതാ വരുന്നു അവളുടെ കാൾ..
ഉള്ളിലുള്ള പരിഭവമൊക്കെ അങ്ങോട്ട് പറഞ്ഞപ്പോൾ അവളുണ്ട് ചിരിക്കുന്നു "ഡോണ്ട് വറി അമ്മ. ഇതിപ്പോ അത്ര ടെൻഷൻ അടിക്കേണ്ട കാര്യോന്നൂല്യ. വിറ്റാമിൻ c ടാബ്‌ലറ്റ് വാങ്ങി കഴിക്കൂ "
പിന്നെയും എന്തൊക്കെയോ ഉപദേശത്തിന് ശേഷം "അമ്മ പേടിക്കണ്ട ട്ടോ. ഞാൻ ഇടക്ക് വിളിക്കാം.
ഉമ്മ
…ടേക്ക് കെയർ "അത് മതീലോ എല്ലാ പരിഭവങ്ങളും അങ്ങനെ ഉരുകിയില്ലാതാവാൻ….
********
രാവിലെ വാട്സാപ്പിൽ ഫ്രണ്ടിന്റെ മെസ്സേജ്.
ഇന്ന്" നാഷണൽ ഗേൾ ചൈൽഡ് ഡേ "
ഞാനൊലോചിക്കുകയിരുന്നു. ഇന്നത്തെ പെൺകുട്ടികൾ... അവർ നമ്മളിൽ നിന്നെല്ലാം എത്രെയോ വ്യത്യസ്തരാണ്.ചിലപ്പോൾ അവരൊ രിക്കലും നമ്മളെ സ്നേഹപ്രകടനങ്ങൾ കൊണ്ട് വീർപ്പു മുട്ടിക്കില്ല. അമിതമായി വികാരങ്ങൾ പ്രകടിപ്പിക്കില്ല. അവരുടേതായ അഭിപ്രായങ്ങൾ കൊണ്ട് നമ്മളെ
ചിലപ്പോൾ ഞെട്ടിക്കും ചിലപ്പോൾ ചിന്തിപ്പിക്കും.
എങ്കിലും അവർ മാലാഖകുഞ്ഞുങ്ങളാണ് കണ്ണുകളിൽ നക്ഷത്രങ്ങൾ വിരിയിച്ചു നടക്കുന്നവർ.അവർക്ക് കാണാൻ ഒരുപാട് സ്വപ്നങ്ങളുണ്ട്. അവരുടെ ഉള്ളിലൊളിപ്പിച്ചിട്ടുണ്ട് ഒരു കടലോളം സ്നേഹം.
നിനച്ചിരിക്കാത്ത സമയത്ത് ഓടി വന്നു കവിളിൽ മുത്തം നൽകി അവർ നമ്മളെ ചിലപ്പോൾ കരയിപ്പിക്കും.നമുക്ക് മനസിലാവാത്ത ഭാഷയിൽ സംസാരിക്കും.തോറ്റു തരാൻ മനസ്സില്ലാതെ തർക്കിക്കും.ചിലപ്പോൾ രാത്രി നമ്മുടെ കൈക്കുള്ളിൽ ഒരു അഞ്ചു വയസ്സുകാരിയുടെ അതേ നിഷ്കളങ്കതയോടെ കിടന്നുറങ്ങും.
"സൂരരയ് പോട്രു "എന്ന സിനിമ നമ്മളെ പഠിപ്പിച്ച ഒരു പാഠമുണ്ട്.
ഒരുപാട് പ്രതിസന്ധികളിലും തോൽവിയിലും തളരാതെ മുന്നേറിയാൽ മാത്രമേ ലക്ഷ്യത്തിലെത്തൂ എന്ന പാഠം..
ഇന്നത്തെ കുട്ടികൾക്ക് അത്രത്തോളം ക്ഷമയുണ്ടോ അറിയില്ല. അവർക്ക് ചിലപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പത്തിൽ നേടണം. അതൊരു പക്ഷെ ഒരു കഷ്ടപ്പാടുമറിയിക്കാതെ വളരുന്നത് (നമ്മൾ വളർത്തുന്നത്)കൊണ്ട് കൂടിയാവാം.
എങ്കിലും സ്വപ്‌നങ്ങൾ കണ്ട് അവർ വളരട്ടെ. ചെറിയ തോൽവികൾ അവരെ തളർത്താതിരിക്കട്ടെ.
ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും ഒടുവിൽ "ഡോണ്ട് വറി അമ്മ "എന്നു പറഞ്ഞു നമ്മളെ ചേർത്ത് പിടിക്കുമ്പോൾ അവരുടെ മനസ്സ് കാണാൻ നമുക്ക് കഴിയട്ടെ.
ഒരു ചാറ്റൽമഴയേൽക്കുന്ന സുഖമുണ്ടല്ലോ അതിന്..
ശ്രീകല മേനോൻ
24/01/2021
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക