നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരിക്കൽ കൂടി ഉണർന്നിരുന്നെങ്കിൽ

 

"ഈ ഇൻജെക്ഷൻ നൽകി കുറച്ചുസമയത്തിനകം നിങ്ങളുടെ ബോധം നഷ്ടപ്പെടും. നന്നായി പ്രാർത്ഥിച്ചോളൂ. എല്ലാം ശരിയാവും."
ഓപ്പറേഷൻ ടേബിളിനു മുകളിലായി പ്രകാശിച്ചുനിൽക്കുന്ന സ്പോട്ട് ലൈറ്റ് നോക്കി കിടക്കുമ്പോഴാണ് ഡോക്ടർ ഇൻജെക്ഷൻ തന്നത്.
ഇനി ഒരുപക്ഷെ എനിക്ക് ബോധം തിരിച്ചുകിട്ടിയില്ലെങ്കിലോ. ഇനി ഒരിക്കൽ കൂടി ഗംഗേട്ടനെയും മക്കളെയും കാണാൻ കഴിയുമോ, ബോധം തിരിച്ചുകിട്ടുകയാണെങ്കിൽ ആദ്യം നിർമ്മയോട് മാപ്പ് പറയണം, അഞ്ച് വയസ്സ് മൂപ്പുണ്ടായിട്ടും ഒരിക്കൽപോലും ചേച്ചി എന്ന് വിളിക്കാത്തതിന്, മനസ്സിൽ നിറയെ വിഷം നിറച്ചുവെച്ച് സ്നേഹം അഭിനയിച്ചതിന്, എല്ലാത്തിനും മാപ്പ് ചോദിക്കണം.
ഞാൻ ആഗ്രഹിച്ചതെല്ലാം അവളെനിക്ക് തന്നില്ലേ. സ്വന്തം കൂടപ്പിറപ്പായിട്ടും അവളോട് എന്നും അസൂയയായിരുന്നു. അവളുടെ വെളുത്ത നിറവും, ചുരുണ്ട മുടിയും, ചിരിക്കുമ്പോൾ അവളുടെ കവിളിൽ വിരിയുന്ന നുണക്കുഴികളും എത്രമാത്രം അവളെ സുന്ദരിയാക്കുന്നുവോ, അതിലധികം എനിക്ക് അവളോടുള്ള അസൂയ ഉളവാക്കുന്നവയായിരുന്നു.
അച്ഛൻ എന്തുകൊണ്ടുവന്നാലും അവൾ തിരഞ്ഞെടുക്കുന്നത് തന്നെ എനിക്ക് വേണമെന്ന് ശാഠ്യം പിടിക്കാറുണ്ട്, അവൾ ഒരിക്കൽ പോലും അതിന് എതിരും നിന്നിട്ടില്ല. സന്തോഷത്തോടെ അതൊക്കെ എനിക്ക് തന്നു. പലപ്പോഴും അവളുടെ പാതി പോലും എനിക്കുവേണ്ടി മാറ്റിവെക്കുമായിരുന്നു. അവൾക്കെങ്ങിനെ ഇതുപോലെ സ്നേഹിക്കാൻ കഴിയുന്നു.
ഗൾഫിൽ ജോലിയുള്ള മുറച്ചെറുക്കനായ ഗംഗേട്ടനെ അവൾ മനസ്സിൽ കൊണ്ടു നടക്കുന്നു എന്നറിഞ്ഞ നിമിഷം മുതൽക്കല്ലേ അദ്ദേഹത്തോടുള്ള പ്രണയം ആരംഭിച്ചത്. അച്ഛനോട് തന്റെ ഇഷ്ടം തുറന്നുപറയുമ്പോൾ നിങ്ങൾ നല്ല ചേർച്ചയാവുമെന്ന് പറഞ്ഞ് എന്റെ തലമുടിയിൽ തഴുകിയ അവളുടെ കണ്ണുകളിൽ തെളിഞ്ഞ ജലം കാണുന്നവർക്ക് ആനന്ദബാഷ്പമായി പക്ഷെ ആ കണ്ണുനീർതുള്ളികൾ എന്റെ കൈകളിൽ വീണപ്പോൾ എനിക്ക് പൊള്ളുന്നുണ്ടായിരുന്നു.
ബാങ്കുദ്യോഗസ്ഥനായ രഘുവേട്ടൻ അവളെ വിവാഹം ചെയ്ത് നഗരത്തിലെ ഒരു ചെറിയ വീട്ടിലേക്ക് മാറി താമസിച്ചപ്പോഴും ദുബായിലെ ഫ്ളാറ്റിലെ ശീതികരിച്ച മുറിയിൽ ഇരുന്ന് അവളുടെ ജീവിതം നോക്കി അസൂയപ്പെടുകയായിരുന്നു. അവളുടെ കുട്ടികളുടെ ഉയർച്ചകളിൽ അഭിനന്ദിച്ചപ്പോഴും മനസിനുള്ളിൽ അസൂയ തിളച്ചുമറിയുകയായിരുന്നില്ലേ.
വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും അവൾക്ക് എന്നോടുള്ള സ്നേഹത്തിന് ഒരു കുറവുമുണ്ടായില്ല, ആ സ്നേഹം എന്റെ മക്കൾക്കും പകർന്നുനൽകി. പിന്നീടുള്ള ഓരോ അവസരത്തിലും അവൾ എന്ത് വാങ്ങുമ്പോഴും എനിക്കുവേണ്ടി ഒരു ഭാഗം പകുത്തുവെച്ചു. ഞാൻ അവൾക്കെന്ത് കൊടുത്തു, ഒന്നും കൊടുത്തില്ല. അവൾ തരുന്ന സ്നേഹവും സമ്മാനങ്ങളും എല്ലാം ഞാൻ എന്റെ അവകാശമായി കണ്ടു.
എന്റെ വാക്കുകളിലും പ്രവർത്തികളിലും എല്ലാം ഞാൻ അവളെ സ്നേഹം കൊണ്ടുമൂടി, എന്റെ മനസ്സിലെ വിഷം ഒരിക്കലും തിരിച്ചറിയാൻ അവൾക്കായില്ല, അല്ലെങ്കിൽ അതിനൊരു അവസരം നൽകാതെ ഞാൻ നല്ലൊരു അഭിനേത്രി ആവുകയായിരുന്നു.
അവസാനം അവളുടെ രണ്ടുകിഡ്നിയും തകരാറിലായപ്പോൾ, കൂടപ്പിറപ്പായ എന്നിലേക്കായിരുന്നു എല്ലാവരുടെയും നോട്ടം ചെന്നെത്തിയിരുന്നത്. അത് മനസ്സിലാക്കിയാവാം അവൾ പറഞ്ഞത്,
"രാജിയുടെ രക്തം പരിശോധിക്കേണ്ട, എനിക്കെന്തെങ്കിലും പറ്റിയാൽ എന്റെ മക്കളെ അവൾ നോക്കിക്കോളും..പക്ഷെ ഞങ്ങൾ രണ്ടുപേർക്കും എന്തെങ്കിലും സംഭവിച്ചാലോ.."
അത് കേട്ടപ്പോൾ എന്ത് വികാരമാണ് തോന്നിയത് എന്നറിയില്ല, സന്തോഷമായിരുന്നോ.
എന്നിട്ടും അവളുടെ അഭിപ്രായം മറികടന്ന് അവയവദാനത്തിനുള്ള സമ്മതപത്രത്തിൽ ഒപ്പുവെച്ച് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് പ്രവേശിച്ചപ്പോൾ മനസ്സിൽ തോന്നിയത് സ്വാർത്ഥതയായിരുന്നില്ലേ, അവളുടെ ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ ഉറവ മുൻപിൽ കണ്ടല്ലേ. അതോ കരിങ്കല്ലുപോലുള്ള എന്റെ ഹൃദയത്തിനുള്ളിൽ കുറ്റബോധം എന്ന വികാരം ഉടലെടുക്കുന്നുവോ..
ഓർമ്മകൾ മറയുന്നുവോ? ഈ മയക്കം വിട്ടു ഞാൻ ഉണരുകില്ലേ, ഉണർന്നുവെങ്കിൽ!!!!
ഗിരി ബി വാരിയർ
24 ജനുവരി 2021

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot