നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലിഫ്റ്റ്...!

 

കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിയോടടുത്ത സമയത്ത് നേരിടേണ്ടിവന്ന അസാധാരണമായ സംഭവങ്ങളാണ് പറയാൻപോകുന്നത് .
ഇതുപോലെ ചിലതെല്ലാം നിങ്ങളുടെ ജീവിതത്തിലും സംഭവിച്ചുകൂടായ്കയില്ല .
നമ്മുടെ സ്വന്തമെന്ന് നാം വിശ്വസിക്കുന്ന ജീവിതത്തിൽ മറ്റേതൊക്കെയോ ശക്തികൾക്ക്‌ ഒരുപിടിയുണ്ടെന്നും ആവശ്യഘട്ടത്തിൽ നമ്മളറിയാതെ അവർ നമ്മളെ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും മനസ്സിലായത്
ആ രാത്രിയിലാണ് .
എന്റെ പേര് രാജീവൻ .
ടൗണിൽ ഫാൻസിഷോപ്പ് നടത്തുന്നു .
ഭാര്യ സുനന്ദ .
മകൾ കൃഷ്ണപ്രിയ .
ഷോപ്പിൽനിന്ന് വീട്ടിലേക്ക് പതിനൊന്ന് കിലോമീറ്റർ ദൂരമുണ്ട് . ഇതിൽ എട്ട് കിലോമീറ്ററും എം-സി റോട്ടിലൂടെയാണ് പോകേണ്ടത് . ആ അർദ്ധരാത്രിയിൽ
ഈ ഹൈവേയിൽവെച്ചാണ് ഇനിയുള്ള ജീവിതത്തിലൊരിക്കലും മറക്കാനിടയില്ലാത്ത അസാധാരണ സംഭവങ്ങളെല്ലാമരങ്ങേറുന്നത്...!
വെള്ളിയാഴ്ച രാത്രിയിൽ കടപൂട്ടിയിറങ്ങുമ്പോൾ പതിനൊന്ന് കഴിഞ്ഞിരുന്നു . സാധാരണനിലയിൽ അത്രയും താമസിക്കാറില്ല .
നാലുദിവസത്തേക്ക് അച്ഛന്റേയും അമ്മയുടേയും കൂടെ പാർക്കാനായി സുനന്ദയും മോളും അവളുടെ വീട്ടിലേക്ക് പോയിരിക്കുന്നതിനാൽ ആളനക്കമില്ലാതെ ശൂന്യമായ വീട്ടിലേക്ക് പോകാനുള്ള മടിയാണ് ഒന്നൊന്നര മണിക്കൂർ വൈകാനുള്ള കാരണം .
ആശ്രമംപടിക്കലുള്ള തട്ടുകടയിലെത്തുമ്പോൾ പതിനൊന്നര കഴിഞ്ഞു . ഒതുക്കിനിർത്തിയ ബൈക്കിൽനിന്നിറങ്ങി നേരെ തട്ടുകടയിലേക്ക് കയറി .
രണ്ട് ദോശയും ഓംലെറ്റും കട്ടൻകാപ്പിയും
കഴിച്ചിട്ടുപോയാൽ മേലുകഴുകി കിടന്നാൽ മതിയല്ലോ .
ദോശകഴിച്ചിറങ്ങിയ ഞാൻ ബൈക്കിന്റെ ഇൻഡികേറ്റർ പരിശോധിച്ചു .
ഇടയ്ക്കിടെ അതിനൊരു മിസ്സിംഗുണ്ട് .
ഹൈവേയിലുള്ള നൈറ്റ്‌ പട്രോളിംഗ് സാധ്യതയ്ക്കുപുറമേ അഞ്ചുകിലോമീറ്റർ അകലെയുള്ള കമ്പനിപ്പടിയിൽ
പോലീസ്-ചെക്കിംഗ് ഉറപ്പാണ് .
കാരണം കമ്പനിപ്പടിയിൽനിന്ന്
മൂവാറ്റുപുഴയിലേക്ക് വഴിപിരിയുന്നുണ്ട് .
എം-സി റോട്ടിലൂടെ അപകടകരമായ ലഹരിമരുന്നുകളും കഞ്ചാവുമൊക്കെ കടത്തുന്നതിൽ ഈ മൂന്നുംകൂടിയ കവലയ്ക്ക് പ്രത്യേക സാംഗത്യമുള്ളതിനാൽ
ചെക്ക്പോയന്റുപോലെ കമ്പനിപ്പടിയിൽ പോലീസുണ്ടാകും... പ്രത്യേകിച്ച് രാത്രിയിൽ .
വാഹനം പരിശോധിക്കുന്നതിനിടെ
ഇൻഡിക്കേറ്റർ തെളിയാത്തത് ശ്രദ്ധയിൽപ്പെട്ടാലും പെറ്റിയടിച്ചുതരാൻ
മടിക്കില്ല പോലീസുകാർ .
ഇൻഡിക്കേറ്റർ തെളിയുന്നുവെന്ന് ഉറപ്പാക്കിയതിനുശേഷം മൊബൈലെടുത്ത് സമയം നോക്കി . പന്ത്രണ്ട് കഴിഞ്ഞു .
ഹെൽമറ്റ്‌ ധരിക്കാൻ നോക്കവേ
ഒരു ബുള്ളറ്റ് വരുന്നതിന്റെ പ്രകമ്പനം കേട്ടു .
സന്ദീപായിരിക്കുമോ...?
ഒരു കൗതുകം തോന്നി...!
ബുള്ളറ്റ് അടുത്തുവന്ന് നിശ്ചലമായി .
സന്ദീപായിരുന്നു...!
ഹെൽമറ്റും ജാക്കറ്റും പുറത്തുതൂക്കിയ
കറുത്ത ലതർ ബാഗുമായിരുന്നു സന്ദീപിന്റെ വേഷം .
ഞങ്ങളുടെ തൊട്ടയല്പക്കമായ റിട്ടയേർഡ് ഇൻസ്‌പെക്ടർ ഗോപിനാഥപിള്ളയുടെ ഇളയ മകൻ .
ഐ സി ഐ സി ഐ ബാങ്കിന്റെ കോഴിക്കോട്-ബാലുശ്ശേരി ബ്രാഞ്ചിൽ മാനേജരാണ് സന്ദീപ് .
എല്ലാ വെള്ളിയാഴ്‌ചയും ഡ്യൂട്ടി കഴിഞ്ഞ്
ഏഴുമണിയോടടുപ്പിച്ച് അവിടെനിന്നും പുറപ്പെടുന്ന സന്ദീപ് ഏതാണ്ട് അർദ്ധരാത്രി കഴിയുമ്പോഴാണ് വീട്ടിലെത്തുക .
യാത്ര കാറിലാക്കിക്കൂടെയെന്ന് ചോദിച്ചപ്പോഴൊക്കെ അതിന് ബൈക്കോടിക്കുന്ന ഹരം കിട്ടില്ലല്ലോ രാജീവേട്ടാന്നായിരുന്നു മറുപടി .
പതിവില്ലാതെ വൈകിയതെന്താണെന്ന
ചോദ്യത്തിന് സുനന്ദയും മോളും വീട്ടിലില്ലാത്തതിനാൽ പതിയെ പോകാമെന്നുകരുതിയതാണെന്ന് പറഞ്ഞ ഞാൻ... അവനോടും ഒന്നുരണ്ട് വാചകങ്ങളിൽ അത്യാവശ്യം കുശലാന്വേഷണങ്ങൾ നടത്തി .
അസമയമായതിനാൽ അധികം സംസാരിച്ചു നിന്നില്ല .
സന്ദീപിന് പിറകെ ഞാനും വണ്ടിയെടുത്തു .
നാമമാത്രമായി ചില കാറുകളും ഒന്നോരണ്ടോ ബൈക്കുകളും ചീറിപ്പോകുന്നതൊഴിച്ചാൽ തിരക്കൊഴിഞ്ഞ ഹൈവേയിൽ
ചരക്കുവാഹനങ്ങളായിരുന്നു കൂടുതൽ .
വൈകിയ രാത്രിയുടെ വിജനതയിൽ ബൈക്കൊടിക്കുന്നതിന്റെ സുഖമാസ്വദിച്ച് ഞങ്ങളെങ്ങനെ പോകുന്നതിനിടയിലാണ്
പ്രിയദർശിനികോളേജ് പടിക്കൽവെച്ച് ഒരാൾ സന്ദീപിന്റെ ബൈക്കിന് കൈകാണിച്ചത് .
സന്ദീപ് നിർത്തിയപ്പോഴേക്കും ഞാനും അവരുടെ അരികിലെത്തി .
ചെറിയൊരു ബാഗും തൂക്കിനിൽക്കുന്ന
ചെറുപ്പക്കാരൻ . കാണുമ്പോൾതന്നെ അയ്യോപാവം തോന്നുന്ന ശരീരഭാഷ .
കമ്പനിപ്പടിക്കാണ് വീട് .
അങ്കമാലിയിൽപ്പോയിട്ട് വരികയാണ് .
ഇവിടെവരെ വേറൊരു ബൈക്കുകാരൻ ലിഫ്റ്റ് കൊടുത്തതാണെന്നും മറ്റുമുള്ള വിവരങ്ങൾ യുവാവ് തന്മയത്വത്തോടെ വിശദീകരിക്കുകയും ചെയ്തു .
സന്ദീപ് മുന്നോട്ടൊതുങ്ങിയിരുന്നു .
അപരിചിതൻ പിറകിൽക്കേറി .
ഞാൻ മുന്നിലും അവർ പിറകിലുമായാണ്
അവിടംമുതൽ യാത്രതുടങ്ങിയത് .
മൂന്നുകിലോമീറ്റർ കഴിഞ്ഞുകാണും
ബുള്ളറ്റിന്റെ ശക്തമായ ലൈറ്റ് റോഡ് വിട്ട് സൈഡിലേക്കൊതുങ്ങുന്നതുപോലെ തോന്നി . സന്ദീപ് ഹോണടിക്കുകയും ചെയ്തു .
ഗ്ലാസ്സിലൂടെ നോക്കിയപ്പോൾ ബുള്ളറ്റ് റോഡരികിലേക്കൊതുക്കി നിർത്തിയെന്ന് മനസ്സിലായി .
അവിടെയിട്ട് വട്ടംകറക്കിയ ഞാൻ അവരുടെയടുത്തേക്ക് തിരിച്ചുചെന്നു .
എന്താണ് പ്രശ്നം...?
അയാൾക്ക് അവിടെയിറങ്ങണം...!
വിജനമാണ്.., ചുറ്റും ഇരുട്ടാണ്...!
കമ്പനിപ്പടിക്കാണെന്ന് പറഞ്ഞുകയറിയിട്ട് ഇവിടെ ഇറങ്ങുന്നതെന്തിനാണെന്ന് സന്ദീപ് .
കാര്യമെന്താണന്ന് അപരിചിതൻ പറയുന്നില്ല .
തർക്കിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
ഞങ്ങൾക്കെതിരെ ഒരു ഇന്നോവ പതിയെ വന്നുനിന്നു .
അതിനകത്ത് രണ്ട് യുവാക്കളായിരുന്നു .
എന്താണ് പ്രശ്നമെന്നന്വേഷിച്ച അവരോട്
സംഭവം വിശദീകരിച്ചു .
കാറിലെത്തിയ യുവാക്കൾ അപരിചിതനെ പോലീസുകാരെപ്പോലെ ചോദ്യംചെയ്യുകയും വിരട്ടുകയും ചെയ്തു .
അവസാനം ഇവനെ ഞങ്ങൾ പെരുമ്പാവൂർ സ്റ്റേഷനിൽ ഏൽപ്പിക്കാമെന്ന് പറഞ്ഞ്
ഇന്നോവയിൽക്കേറ്റിക്കൊണ്ടുപോയി .
സത്യത്തിൽ ഞാനും സന്ദീപും അമ്പരന്നുപോയിരുന്നു .
അപ്പോഴും അറിയില്ലായിരുന്നല്ലോ
ആരോ രചിച്ച തിരക്കഥയ്ക്കനുസരിച്ച് അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് ഞങ്ങളെന്ന്...!
'എന്ത് മാരണമാണാവോ'യെന്ന് പരസ്പരം പറഞ്ഞുകൊണ്ട് വീണ്ടും ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു .
രണ്ട് വളവ് കഴിഞ്ഞാൽ ആശുപത്രിപ്പടിയാണ് .
മൂന്നോനാലോ ഓട്ടോറിക്ഷകളൊഴിച്ചാൽ ആശുപത്രിപ്പടി ആളൊഴിഞ്ഞുകിടന്നു .
പോലീസ് പടതന്നെയുണ്ടായിരുന്നു കമ്പനിപ്പടിയിൽ . സൈഡിലേക്കൊതുക്കി നിർത്തിച്ച് കാറുകളുൾപ്പെടെയുള്ള ചെറുവാഹനങ്ങളെല്ലാം അരിച്ചുപെറുക്കുകയായിരുന്നു പോലീസ് .
അല്പംമാറി എസ് പി സുഭാഷ് ചന്ദ്രയും ഇൻസ്‌പെക്ടർ ഫിലിപ്പ് മാത്യുവും നിൽക്കുന്നുണ്ടായിരുന്നു .
എസ് പി നേരിട്ടത്തിയ സ്ഥിതിക്ക് ശക്തമായ ഇൻഫർമേഷനെന്തെങ്കിലുമുണ്ടാകാമെന്ന് മനസ്സിൽക്കരുതി .
സത്യസന്ധനും കർക്കശക്കാരനുമായ
സുഭാഷ് ചന്ദ്ര ലഹരിമാഫിയയ്ക്ക്
തലവേദനയുണ്ടാക്കുന്ന ഉദ്യോഗസ്ഥരിലൊരാളാണല്ലോ .
മുന്നിൽവരികയായിരുന്ന എന്നോട് കൈനീട്ടി നിർത്താൻ ആംഗ്യംകാണിച്ച പോലീസുകാർ വണ്ടിയൊതുക്കാൻ പറഞ്ഞു .
എങ്ങോട്ടാണ് പോകുന്നത്... എവിടെനിന്നാണ് വരുന്നത് തുടങ്ങിയ ചോദ്യങ്ങൾക്കൊപ്പം ബൈക്ക് മൊത്തമായി പരിശോധിക്കുകയും ചെയ്തു .
സന്ദീപ് ബാങ്ക് മാനേജരും റിട്ടയേർഡ് ഇൻസ്‌പെക്ടറുടെ മകനുമാണന്നതുമാത്രമല്ല... വെള്ളിയാഴ്ചകളിൽ സ്ഥിരമായി
ഈ സമയത്ത് കടന്നുപോകുന്ന ആളുമായതിനാൽ ഇൻസ്‌പെക്ടർ ഫിലിപ്പ് മാത്യുവിനും പോലീസുകാർക്കും സന്ദീപിനെ നല്ല പരിചയമുണ്ടായിരുന്നു .
സന്ദീപിനെ പരിശോധിച്ചില്ല .
ഇൻസ്‌പെക്ടറുമായി സംസാരിച്ചുകൊണ്ട്
അവൻ എനിക്കുവേണ്ടി കാത്തുനിന്നു .
സന്ദീപ് കൂടെയുള്ളതിനാലാവണം അധികം ബുദ്ധിമുട്ടൊന്നുമില്ലാതെ അവരുടെപിടിയിൽനിന്ന് രക്ഷപ്പെടാനായി .
ഞങ്ങൾ ഹൈവേയിൽനിന്ന് വലത്തോട്ട് മൂവാറ്റുപുഴ റോട്ടിലേക്ക് തിരിഞ്ഞു .
അവിടെനിന്ന് കഷ്ടി നാലുകിലോമീറ്റർ ദൂരത്താണ് വീട് .
പക്ഷേ... അതിനുമുൻപായി പാൽസൊസൈറ്റിയോട് ചേർന്നുള്ള സ്ട്രീറ്റ്ലൈറ്റിന്റെ വെളിച്ചത്തിൽ അഞ്ചാറുപേർ നിൽക്കുന്നുണ്ടായിരുന്നു . അവർക്ക് പിറകിൽ റോഡ് ബ്ലോക്ക് ചെയ്തനിലയിൽ കുറുങ്ങനെനിർത്തിയ രണ്ടു ബൈക്കുകളും അതിനോട് ചേർന്ന്
ഒരു റെഡ് ഹ്യുണ്ടായ് ക്രേറ്റയുമുണ്ടായിരുന്നു .
ബൈക്ക് നിർത്തിയ ഞങ്ങളിരുവരും എന്താണെന്ന ഭാവത്തിൽ നോക്കി .
" നിങ്ങളുടെ പുറത്തുതൂക്കിയിട്ട ബാഗിൽ
വേറൊരു ചെറിയ ബാഗ് അറ്റാച്ച് ചെയ്തിട്ടുണ്ട് . അത് ഞങ്ങളുടേതാണ് .
അതെടുത്തിട്ട് ഉപദ്രവിക്കാതെ ഞങ്ങളങ്ങ് പൊക്കോളാം... സഹകരിക്കണം..."
സാൾട്ട് ആൻഡ് പെപ്പർ സ്റ്റൈലിൽ നരവീണതാടിയുള്ള ഒരാൾ വിനയാന്വിതമായ ഭാഷയിൽ സന്ദീപിനോട് പറഞ്ഞു .
ഞെട്ടലോടെ ഞാൻ സന്ദീപിന്റെ പുറത്തേക്ക് നോക്കി . ശരിയാണ്... സന്ദീപിന്റെ കറുത്തബാഗിൽ ഒറ്റനോട്ടത്തിൽ അറിയാത്തവിധം വേറൊരു ബാഗ് കെട്ടിയുറപ്പിച്ചിട്ടുണ്ടായിരുന്നു...!
കോളേജ് പടിക്കൽനിന്ന് സന്ദീപിന്റെ പിറകിൽക്കയറിയ അപരിചിതന്റെ കയ്യിലുണ്ടായിരുന്ന ബാഗ്...!
അറിയാതെയാണെങ്കിലും മയക്കുമരുന്ന് കടത്തിന്റെ ഭാഗമാക്കിയതിന്റെ വെറുപ്പും
അമർഷവും തികട്ടിയതിനാലാവണം സന്ദീപ് ബുള്ളറ്റിൽനിന്ന് ചാടിയിറങ്ങി .
എന്താണ് സംഭവിക്കാൻപോകുന്നതെന്ന
വിഹ്വലതയിൽ ഞാനും നിലത്തേക്കിറങ്ങി .
ഞങ്ങൾ എതിർക്കാനാണ് ഭാവമെന്ന്
തോന്നിക്കാണണം...
ഹ്യുണ്ടായ് ക്രേറ്റയുടെ വിശാലമായ ഡിക്കി
തുറക്കപ്പെട്ടു .
ഒന്നേ നോക്കിയുള്ളൂ .
വിറച്ചുപോയി .
വലിയ വാക്കത്തികളും വടിവാളും
മൂന്നുനാലടി നീളമുള്ള ഇരുമ്പ് കമ്പിയുമുൾപ്പെടെ അതിൽനിറയെ മാരകയുധങ്ങളായിരുന്നു...!
അതിനുമുൻപ് അത്തരമൊരുകാഴ്ച
ചില തമിഴ് സിനിമകളിൽ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ .
സാഹചര്യത്തിന്റെ ഗൗരവം വളരെ വേഗത്തിൽ മനസ്സിലാക്കിയ ഞാൻ സന്ദീപിന്റെ ബാഗിന്റെ സ്ട്രാപ്പിൽ കെട്ടിയുറപ്പിച്ചിരുന്ന ചെറിയബാഗ് അഴിച്ചെടുത്ത് അവർക്ക് കൊടുത്തു .
സാധനം കിട്ടിയതോടെ വഴിമുടക്കിയിട്ടിരുന്ന ബൈക്കുകൾ മാറ്റപ്പെട്ടു .
" ഈ രാത്രി നമ്മൾ തമ്മിൽ കണ്ടിട്ടില്ല...
സംസാരിച്ചിട്ടില്ല... അരുതാത്തതൊന്നും നടന്നിട്ടുമില്ല... ഞങ്ങളുടെയെല്ലാവരുടെയും മുഖവും വണ്ടിനമ്പറുമടക്കം എല്ലാം ഇവിടെത്തന്നെ മറന്നേക്കൂ . കണക്കുകൂട്ടൽ ഒരല്പം പിഴച്ചുപോയതിനാലാണ് നിങ്ങളെ ബുദ്ധിമുട്ടിക്കേണ്ടി വന്നത്... ക്ഷമിക്കണം..."
നേരത്തെ സംസാരിച്ചയാൾ ശാന്തമായി സഹൃദത്തോടെ വീണ്ടുംപറഞ്ഞു .
"ഇവിടെ പോലീസും കോടതിയും നാട്ടുകാരുമുണ്ടെടാ... നേരമൊന്ന് വെളുത്തോട്ടെ"യെന്ന് മനസ്സിൽക്കരുതി
ഞാനയാളെ തറപ്പിച്ചുനോക്കി .
അപ്പോഴാണ് ബൈക്കിൽ ചാരിനിൽക്കുകയായിരുന്ന പയ്യൻ
" രാജീവേട്ടാ... വിട്ടുകള... സുനന്ദേച്ചിക്കും
മോൾക്കും സുഖമല്ലേ"യെന്ന് ഉറക്കെ വിളിച്ചുചോദിച്ചത് .
വെള്ളിടിവെട്ടറ്റപോലെ തറഞ്ഞുപോയ ഞാൻ ആ കൊച്ചുപയ്യന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി .
ഇതിനുമുൻപൊരിക്കലും
ആ മുഖം ഞാൻ കണ്ടിട്ടില്ലായിരുന്നു...!
അവനെങ്ങനെയാണ് എന്റെ പേരറിയുന്നത്...?
എന്റെ സുനന്ദയുടേയും മോളുടേയുമൊക്ക വിവരങ്ങളറിയുന്നത്...?
ശരീരം വിറയ്ക്കുന്നുണ്ടായിരുന്നെങ്കിലും
അവർ പറഞ്ഞതിനെല്ലാം സമ്മതമെന്ന് തലയാട്ടി ഒരുവിധത്തിൽ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു .
മൂന്നുകിലോമീറ്റർ ശരവേഗത്തിൽ പിന്നിട്ട് വീടിന്റെ പടിക്കലെത്തിയ ഞങ്ങൾ ഹെൽമറ്റൂരി ശ്വാസം വലിച്ചെടുത്തു .
ആപത്തൊന്നും പറ്റാതെ വീട്ടിലെത്താനായതിന്റെയാശ്വാസം രണ്ടാളുടെയും ഉള്ളിലുണ്ടായിരുന്നു .
മൗനമായി ഏതാനും നിമിഷങ്ങൾ
പരസ്പരം നോക്കിനിന്നതിനുശേഷം
ഞാനവനോട് ' പോട്ടേടാ... നാളെ കാണാ"മെന്നുപറഞ്ഞു .
പൊടുന്നനെ അവനെന്നെ കെട്ടിപ്പിടിച്ചു .
" രാജീവേട്ടാ... എല്ലാ വെള്ളിയാഴ്‌ചകളിലും
ആരെങ്കിലുമൊക്കെ എന്നോട് ലിഫ്റ്റ് ചോദിക്കാറുണ്ടായിരുന്നു . രാത്രിയല്ലേ ഒരുസഹായമല്ലേയെന്നൊക്കെയോർത്ത് അവരെയൊക്കെ ഞാൻ കമ്പനിപ്പടിയിലും സോസൈറ്റിപ്പടിയിലുമൊക്കെയായി ഇറക്കിവിട്ടിറ്റുമുണ്ട് . അവരൊക്കെ ഇത്തരം ആൾക്കാരായിരുന്നോ..."?
നടുങ്ങിപ്പോയി .
ഇരുട്ടിന്റെ മറവിൽ സമൂഹവിരുദ്ധപ്രവൃത്തികൾ നടത്തുന്ന ഒരുകൂട്ടമപകടകാരികൾ സന്ദീപിനെ
അവനറിയാതെ തങ്ങളുടെ ബ്ലാക്ക് ബിസ്സിനസ്സിന് ഉപയോഗിച്ചിരുന്നുവെന്ന യാഥാർഥ്യം എന്നെ വീണ്ടും ഞെട്ടിച്ചു .
ഏതോ ഒരുൾപ്രേരണയിൽ ഞാനവനെ എന്നിൽനിന്ന് പിടിച്ചുമാറ്റി .
എത്രയുംപെട്ടന്ന് അവനിൽനിന്ന്
അകന്നുപോകാനുള്ള ത്വരയോടെ
ബൈക്ക് അവിടെയിട്ട് വീട്ടിലേക്ക് നടന്നു .
ശേഷിച്ച രാത്രിയിൽ ഞാനുറങ്ങിയില്ല .
നടന്നതെല്ലാം ഒരുവട്ടംകൂടി ഓർത്തുനോക്കി .
ഹ്യുണ്ടായ് ക്രേറ്റയും അപരിചിതനെ കൂട്ടിക്കൊണ്ടുപോയ ഇന്നോവയും കൂടാതെ ആശ്രമംപടിക്കലെ തട്ടുകടക്കെതിർവശത്ത് കിടന്നിരുന്ന മാരുതി സ്വിഫ്റ്റും ഈ ഓപ്പറേഷനിൽ ഉണ്ടായിരുന്നുവെന്ന് മനസ്സിലായി . കാരണം സന്ദീപിന്റെ ബൈക്കിൽക്കേറിയ അപരിചിതൻ
ഇരുട്ടിലേക്കിറങ്ങണമെന്ന് വാശിപിടിച്ചസമയം മുന്നിലായിരുന്ന ഞാൻ അവിടെയിട്ട് വട്ടംകറക്കി അവർക്കെതിരെ ചെന്നപ്പോൾ എന്റെ ഹെഡ്ലൈറ്റിന്റെ പരിധിയിൽ ആ സ്വിഫ്റ്റുണ്ടായിരുന്നു .
അവർ ഞങ്ങളെ പിന്തുടരുകയായിരുന്നു...!
അത്രയേറെ വിലപിടിപ്പുള്ള ഏതോ ലഹരിവസ്തുവാണ് അവർ സന്ദീപിനെ ഉപയോഗിച്ച് എസ് പി സുഭാഷ് ചന്ദ്രയ്ക്ക് മുന്നിലൂടെ കടത്തിയത്...!
മനസ്സുനിറയെ ഭയാശങ്കകൾ നിറഞ്ഞ് നിസ്സഹായനായ എനിക്ക് ആ രാത്രിയിൽത്തന്നെ സുനന്ദയെയും മോളേയും കാണണമെന്ന് തോന്നി .
കമ്പനിപ്പടിക്കെന്ന് പറഞ്ഞ് സന്ദീപിന്റെ പിറകിൽക്കയറിയ അപരിചിതൻ
പാതിവഴിയിലിറങ്ങിയത് എസ് പി സുഭാഷ് ചന്ദ്ര നേരിട്ട് ചെക്കിങ്ങിന് നേതൃത്വം കൊടുക്കുന്നുവെന്ന നിർദ്ദേശം കിട്ടിയതിനാലാവുമോ...?
സാധ്യതകൾ പരിശോധിച്ചപ്പോൾ അങ്ങനെയൊരു നിഗമനത്തിലാണ് ഞാനെത്തിയത് . എന്തായാലും
സംഭവത്തിനുശേഷം കടയിലേക്ക് അപരിചിതരാരെങ്കിലും കയറിവരുമ്പോൾ ഞാനസ്വസ്ഥനാകുന്നു...!
ഒറ്റിയിട്ടില്ലെങ്കിലും 'ലഹരിമാഫിയ..,
ക്വട്ടേഷൻ.., സ്കെച്ചിടുക.., പണികൊടുക്കുക' തുടങ്ങിയ പദങ്ങളൊക്കെ മനസ്സിലും നാവിൻതുമ്പിലുമിടിച്ചുകേറി ഭയപ്പെടുത്തുന്നു .
നാലുദിവസമെങ്കിലും നിൽക്കണമെന്നാഗ്രഹിച്ച് വീട്ടിലേക്കുപോയ സുനന്ദയെ പിറ്റേന്നുതന്നെ കൂട്ടിക്കൊണ്ടുവന്നെങ്കിലും അവളോട്
ഈ നിമിഷംവരെ സംഭവം പറഞ്ഞിട്ടില്ല .
വെറുതെയെന്തിനാ അവളെക്കൂടി...?
ratheesh chamakkalayil...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot