Slider

അവൾ

0

 അവൾക്കൊരു ഭൂമിയുണ്ടായിരുന്നു.
കരഞ്ഞു തളരുമ്പോൾ മുഖമമർത്തിയിരുന്ന കൈകൾ മാറ്റി വീർത്തു കെട്ടിയ കണ്ണുകളോടെ അവൾ നോക്കിയിരുന്ന ഭൂമി.
അടുക്കളയിലെ കരിപുരളാത്ത പാത്രങ്ങൾ അവളുടെ കൈയ്യിലെ മൃദുത്വത്തിൽ തട്ടി പുളകിതരായപ്പോൾ,
എണ്ണ തേച്ചും മടക്കിയും നിവർത്തിയും അവളാ കൈകളിലെ വേദനയാറ്റി. പറഞ്ഞിട്ടും കാര്യമില്ലാത്ത പരിഭവങ്ങൾ ഉള്ളിലൊതുക്കി..........
അവൾക്കൊരു ആകാശമുണ്ടായിരുന്നു.
മനോഹരമായ ചിറകുകൾ വിടർത്തി അവൾക്കു മാത്രം പറക്കാനൊരാകാശം.
അവിടെയവൾ ഉറക്കെയുറക്കെ ചിരിച്ചു.
അവളുടെ മനസ്സു തുറന്ന ചിരിയിൽ നക്ഷത്രങ്ങൾ സന്തോഷിച്ചു.
ഭൂമിയിൽ നീയെന്താ ചിരിക്കാൻ മറന്നതെന്നവർ അവളോടു ചോദിച്ചു.
ചിരിക്കാൻ മറന്നതല്ല,
മറ്റുള്ളവർക്കു വേണ്ടി ജീവിച്ചപ്പോൾ സ്വയം മറന്നുപോയതാണെന്നവൾ.
നിനക്കെന്താ ഇഷ്ടങ്ങളുണ്ടായിരുന്നില്ലേ ?
ഈ നക്ഷത്രങ്ങൾക്കിതെന്താ,
ഇവിടെയും ചോദ്യങ്ങൾ.
ഇഷ്ടങ്ങൾ.... അതൊക്കെ കൂട്ടിക്കെട്ടി പട്ടു തുണിയിൽ പൊതിഞ്ഞ് ഭദ്രമായി അലമാരയിൽ വച്ചിട്ടുണ്ട്.പുറത്തേക്കെടുക്കാൻ പാടില്ല,അടുക്കള പട്ടിണിയാകാൻ പാടില്ല,വീടു മാറാല പിടിക്കാൻ പാടില്ല.
പോട്ടെ.. സാരമില്ല.നിന്റെ ഇഷ്ടങ്ങൾ ഞങ്ങളോടു പറയൂ.ഞങ്ങൾ കേൾക്കാം.
തന്റെ ഇഷ്ടങ്ങൾക്കു ചെവിയോർക്കാൻ കാത്തു നിൽക്കുന്ന നക്ഷത്രങ്ങൾ.
അവൾ പറയാൻ തുടങ്ങി.തന്റെ വർത്തമാനം ശ്രദ്ധയോടെ കേൾക്കുന്ന നക്ഷത്രങ്ങളെ കണ്ട് അവളുടെ മനസ്സു കുളിർന്നു.
നക്ഷത്രങ്ങൾ അവളെയൊരു കാഴ്ച കാണിച്ചു.
ദേ നോക്കിയേ നിന്റെ വീട്ടിലേക്ക്.
കുഞ്ഞു മകൾ ആകാശത്തേക്ക് നോക്കി അമ്മയെ വിളിച്ചു കരയുന്നു.
അയ്യോ.... എന്റെ കുഞ്ഞ്.
എനിക്കീ ആകാശം വേണ്ട,ഇഷ്ടങ്ങൾ വേണ്ട, എന്റെ കുഞ്ഞിന്റെ സങ്കടം മാറ്റിയാൽ മതി.
അവളിലെ അമ്മവാത്സല്യം കണ്ട്
നക്ഷത്രങ്ങൾ പരസ്പരം നോക്കി പുഞ്ചിരിച്ചു.
ഉറക്കം ഞെട്ടിയ കുഞ്ഞിനെ ചേർത്തു പിടിച്ചവൾ
താൻ കണ്ട സ്വപ്നം ഒന്നു കൂടെ ഓർക്കാൻ ശ്രമിച്ചു.
സരിത സുനിൽ ✍️
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo