Slider

തേവൻ

0


 വീടിനു ചുറ്റും കുറച്ചു മുറ്റമുണ്ട്. വൈകിയുണർന്ന്, മുറ്റത്തേക്കിറങ്ങുമ്പോൾ, ഒരാൾ മുറ്റം കിളയ്ക്കുന്നതു കണ്ടു. നല്ല പ്രായമുണ്ട്. നല്ല പൊക്കമുള്ള മെലിഞ്ഞ ശരീരം. കറുത്ത വർണ്ണം.

എന്നെ കണ്ടപ്പോൾ ആ മനുഷ്യൻ നല്ലൊരു പുഞ്ചിരി തന്നു. എനിക്കും ഒരിഷ്ടമൊക്കെ തോന്നി. ഒന്നു ചിരിച്ചിട്ട്, ഞാൻ അടുക്കളയിലേക്ക് പോയി.
അമ്മ ചോറും കറിയുമൊക്കെയുണ്ടാക്കുന്ന തിരക്കിലാണ്. അടുക്കളയിലാകെ പുക നിറഞ്ഞിരിക്കുന്നു. അമ്മ ഇടയ്ക്കിടെ അടുപ്പിൽ തിരുകിയ പാതിയുണങ്ങിയ വിറകിനെ പഴിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് കെട്ടുപോകാൻ തുടങ്ങുന്ന തീ ഊതിക്കത്തിക്കുന്നുമുണ്ട്.
അമ്മയോട് ചേർന്നു നിന്ന് പുന്നാരം പറയുമ്പോൾ,അമ്മ പറഞ്ഞു, "മോൻ അകത്തുപൊയ്ക്കോ. പുകകൊണ്ട് ചുമ പിടിക്കേണ്ട."
എന്റെ ഓടിട്ട വീട്ടിലെ ചെറിയ തീൻമേശയിൽ അമ്മ പ്രഭാതഭക്ഷണം ചൂടോടെ കൊണ്ടുവന്നു വച്ചു. പുട്ടും കടലയും. അനിയന്മാർ എഴുന്നേറ്റ് കണ്ണും തിരുമ്മി വരുന്നുണ്ട്. ഇന്ന് സ്കൂളിന് അവധിയാണ്.
ഞാൻ തിന്നുകൊണ്ടിരിക്കുമ്പോൾ പുറത്തെന്തോ വാങ്ങാൻ പോയ അച്ഛൻ മടങ്ങിവന്നു. പിന്നെ അമ്മയുമായി പതിവുള്ള സ്നേഹം പിണക്കം. വാങ്ങാൻ പറഞ്ഞതിൽ എന്തൊക്കെയോ അച്ഛൻ മറന്നിരിക്കുന്നു. അതുതന്നെ പിണക്കത്തിന്റെ കാരണം. പതിവ് കാഴ്ചകളെങ്കിലും ഒട്ടും അലോസരം തോന്നിയില്ല. എന്നെയും അമ്മ പിണങ്ങാറുണ്ട്, അച്ഛനും.
സന്ധ്യ കഴിയുമ്പോൾ, അച്ഛൻ പണി കഴിഞ്ഞുവരുന്നത് ഞാൻ അനിയന്മാരും അമ്മയും കാത്തിരിക്കാറുണ്ട്. വന്നു കയറുമ്പോൾ, അച്ഛന്റെ കയ്യിൽ മണ്ണിലിട്ടു വറുത്ത കപ്പലണ്ടിയുടെ ഒരു പൊതിയുണ്ടാവും. കവലയിൽ ഒരാൾ എന്നും കപ്പലണ്ടി വറുത്തു വിൽക്കുന്നുണ്ട്.
കപ്പലണ്ടി എല്ലാവർക്കുമായി അമ്മ വീതം വയ്ക്കും. കഴിക്കുന്ന കൂട്ടത്തിൽ, ഞങ്ങൾ സഹോദരൻമാരിൽ ഒരാൾ മറ്റൊരാളുടെ പങ്കിൽ കൈവക്കും. പിന്നെ ചെറിയ വഴക്കുകൾ. ചിലപ്പോൾ അച്ഛന്റെയോ അമ്മയുടെയോ കയ്യിൽ നിന്നു കിട്ടുന്ന അടിയിലായിരിക്കും ആ വഴക്കിന്റെ അന്ത്യം. എന്നാലും കിടന്നുറങ്ങുന്നത് ഒന്നിച്ചുതന്നെ. അവിടെയും ഉണ്ടാകും കൊച്ചുപിണക്കങ്ങളും ശകാരവും.
ഞാൻ പറമ്പിൽ പണിയെടുക്കുന്ന മനുഷ്യനെ ജനലിലൂടെ നോക്കിയിരുന്നു ഭക്ഷണം കഴിച്ചു. ഇടയ്ക്ക് അടുത്തുവന്ന അമ്മയോട് അതാരാണെന്നു തിരക്കി. അമ്മ പറഞ്ഞു തന്നു. തേവൻ എന്നാണ് പേര്. അടുത്തെവിടെയോ താമസിക്കുന്നു. അയാളുടെ നിഷ്കളങ്കമായ ചിരി മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ, അമ്മ തേവനപ്പനെ ഭക്ഷണം കഴിക്കാൻ വിളിച്ചു.അകത്തിരുന്ന് കഴിക്കാൻ ഞാൻ എത്ര പറഞ്ഞിട്ടും ആ അപ്പുപ്പൻ അകത്തേക്ക് വന്നില്ല.
വീട്ടിലേക്ക് കയറുന്ന പടിയിലിരുന്ന് ആ മെലിഞ്ഞ മനുഷ്യൻ ഭക്ഷണം കഴിച്ചു. കഴിച്ച പാത്രം കഴുകിതിരിച്ചു തന്നു. അതും എന്നെ തൊടാതെ. എനിക്ക് വല്ലാത്ത വിഷമം തോന്നി.
ഞാൻ അമ്മയോട് ചോദിച്ചു, "ആ അപ്പൂപ്പനെന്താ അകത്തേക്ക് വരാത്തത്?"
അമ്മ പറഞ്ഞു, " വിളിച്ചാലും കയറില്ല മോനെ. അതാണ് അപ്പൂപ്പന്റെ ശീലം. ആ അപ്പൂപ്പന് ജോലിയുള്ള മക്കളൊക്കെയുണ്ട്. എന്നാലും പണിയെടുക്കാതെ ജീവിക്കാൻ ഇഷ്ടമല്ല. പണിയെടുക്കേണ്ട ആവശ്യമുണ്ടായിട്ടല്ല."
വൈകുന്നേരം പണിയെല്ലാം തീർത്തു മടങ്ങുമ്പോൾ, അച്ഛൻ കൂലി എത്രയെന്നു ചോദിച്ചു. ആ മനുഷ്യൻ കൂലിയെത്രയെന്നു പറഞ്ഞില്ല. അച്ഛൻ എത്ര കൊടുത്തുവെന്ന് എനിക്കറിയില്ല. കൊടുത്ത കൂലി തൊഴുതു വാങ്ങുമ്പോഴും ആ വൃദ്ധൻ കൂലി കൊടുക്കുന്നവനോട് അകലം പാലിച്ചിരുന്നു. എന്തിനെന്ന് എനിക്കു മനസിലായില്ല.
അയാൾ മടങ്ങിയപ്പോൾ എന്റെ ചോദ്യങ്ങൾക്ക് അച്ഛൻ മറുപടി തന്നു.അയാൾ താഴ്ന്ന ജാതിയാണെന്ന തോന്നൽ അയാളെ വിട്ടുപിരിയുന്നില്ല.
"നമ്മൾ വലിയ ജാതിയാണോ", ഞാൻ ചോദിച്ചു.
"ആരും വലിയ ജാതിയല്ല. അതൊക്കെ വെറും തോന്നലുകളാണ്. പക്ഷേ, ശീലങ്ങൾ മറക്കാൻ ചിലർക്ക് കഴിയില്ല. ചിലർ വളരെ കാലമെടുക്കും. കാലങ്ങൾകൊണ്ട് ഉണ്ടായ ശീലങ്ങളല്ലേ."
അച്ഛൻ പറഞ്ഞു.
വാൽകഷണം
---------------------------
ശീലങ്ങൾ ഓർമ്മിപ്പിക്കാനും അടിച്ചേൽപ്പിക്കാനും ഒരു സമൂഹമുണ്ടെങ്കിൽ,
ശീലങ്ങൾ മാറ്റാൻ മനസ്സില്ലെങ്കിൽ,
നമുക്കു മോചനമുണ്ടാവില്ല, നാടിനും.
എതിർക്കേണ്ടതിനെ എതിർക്കുകതന്നെ വേണം. മനസ്സിൽ പതിഞ്ഞ വേണ്ടാത്ത ശീലങ്ങളെയും.
--------------------------------------------------------
--- സിരാജ് ശാരംഗപാണി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo