നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പടിപ്പുര

"ഞാൻ പറഞ്ഞില്ലേ സാറേ .. ഈ  പടിപ്പെര എപ്പഴും ഇങ്ങനെ തൊറന്നന്നേ കിടക്കൂന്ന്?
ആരേ കാത്തൊള്ള ഇരിപ്പാന്ന്  ആർക്കറിയാം ? "

 വഴി കാണിച്ചു തരാം എന്നു പറഞ്ഞു കൂടെ കയറിയ ആളിനെ ഒന്നു നോക്കി അജിത്  ആ പടിപ്പുരയുടെ സൈഡിലേക്ക് വണ്ടി ഒതുക്കി നിർത്തി . ഒപ്പം   വരാൻ തുടങ്ങിയ  അയാളേ  ഒഴിവാക്കി അകത്തു  കടന്ന  അവന്റെ  കണ്ണിൽ ആദ്യം  പെട്ടത് നിറയെ പൂത്തു നിൽക്കുന്ന മഞ്ഞ ചെമ്പകമായിരുന്നു . 
നന്നായി ആൾപെരുമാറ്റമുള്ള  വീടിന്റെ  രൂപഭാവങ്ങളുണ്ടെങ്കിലും അവിടെ ആരുടേയും ഒച്ചയോ അനക്കമോ ഒന്നുമില്ലെന്നത്  അവനേ അത്ഭുതപ്പെടുത്തി.   പഴയ തറവാടിന്റെ പ്രൗഢി ഒട്ടും ചോർന്നു പോയിട്ടില്ലാത്ത ഒരു നാലുകെട്ട് .   കൊത്തു പണികളാൽ മനോഹരമാക്കിയ മുൻവാതിൽ അവന്റെ കണ്ണിൽ പെട്ടു .ഏതോ ഓർമയിൽ അവനൊന്നു മന്ദഹസിച്ചു 

"ആരാ അത് ? കണ്ടിട്ടു മനസിലാവാണില്ലാലോ കുട്ടീ .. "

സെറ്റുമുണ്ടിൽ സുന്ദരിയായ ഒരമ്മ  നഗ്നപാദയായ് പുറത്തേയ്ക്കു വന്നു . 

"ദേവികടീച്ചർ അല്ലേ ?"

"അതേ .. ദേവിക ടീച്ചറന്നയാ .. ഇതിപ്പോ ആരാണാവോ എന്നേ ഈ പേരിൽ അന്വേഷിച്ചു വരാൻ ?? ഇവിടെയുള്ളോരൊക്കെ  എന്നേ ദേവകി ടീച്ചർന്നാ വിളിക്കാ . അതാണേ . "

"ഞാൻ  കുറച്ചു ദൂരേന്നാ .. പേര് അജിത് .. "

"ആയിക്കോട്ടെ .. കുട്ടി നിന്നു കാലു കഴയ്ക്കാണ്ട് അകത്തേയ്ക്ക് വരൂ .. "

ചെരുപ്പഴിച്ചു വച്ച്  അകത്തു കയറിയപ്പോൾ ടീച്ചർ പറയുന്നുണ്ടായിരുന്നു  പഴയ  തറയല്ലേ .. കാലുമ്മേൽ ചെളി പറ്റും  ചെരുപ്പിട്ടോളൂ മോനെന്ന് .. 

സാരമില്ല അമ്മേടെ കാലിലും ചെരുപ്പില്ലാല്ലോ എന്നു പറഞ്ഞപ്പോൾ  അവർ പെട്ടെന്ന് തിരിഞ്ഞ് അവന്റെ മുഖത്തേയ്ക്കു നോക്കി .. 

"എല്ലാരും ടീച്ചറേന്നാ വിളിക്ക .. ആദ്യമായാ ഒരാള് അമ്മേന്ന് .. "
മുഖം തിരിച്ചു മറയ്ക്കാൻ ശ്രമിച്ചെങ്കിലും അവൻ  ഒരു നിമിഷാർത്ഥം  കണ്ടിരുന്നു ആ കണ്ണിലേ നീർത്തിളക്കം ..

പുറമെയുള്ള പ്രൗഢി പക്ഷേ ഉള്ളിലുണ്ടായിരുന്നില്ല.
പഴമ വിളിച്ചോതുന്ന  സെറ്റിയും കസേരകളും. 
ഉമ്മറവാതിലിനോട് ചേർന്നു കിടന്ന കസേരയിൽ  ഇരിക്കാൻ തുടങ്ങിയ അവനോട്  "അയ്യോ  കുട്ടീ ഒന്നും തോന്നല്ലേ ആ  കസേരമേൽ ആരും ഇരിക്കാറില്ലാട്ടോ .. വിരോധല്ലാച്ചാ  ഇങ്ങോട്ടിരുന്നോളൂ .. " എന്ന് ക്ഷമാപണം പോലെ ടീച്ചർ പറഞ്ഞു .

"ഏയ് എന്തു വിരോധം ?? " 
അവൻ  ടീച്ചറിന്റെ അരികിലായി ഇരുന്നു . 

"ഇനി  പറ  കുട്ടി എവിടുന്നാ ?? ഈ  വയസ്സായ എന്നേ കണ്ടിട്ട് എന്താവശ്യാ കുട്ടിക്ക് . എന്തായാലും  വന്നത് എന്നേ തന്നെ കാണാനാണെന്ന് മനസിലായി . ഞാനും എവിടെയോ കണ്ട പോലെ .. എവിടെയെങ്കിലും വെച്ചു കണ്ടിട്ടുണ്ടാവും .. സംസാരിച്ചും കാണും . അതാ ഈ ശബ്ദോം മുഖോം ഒക്കെ ഒക്കെ നല്ല പരിചയം .പ്രായായില്ലേ ? 
അങ്ങോട്ട്  ഓർമ്മ കിട്ടണില്ല ."

"എന്റെ വീട്  അങ്ങു തൃശൂരാ ..ചേലക്കര എന്നു പറയും ..  ഇവിടെ ടെക്നോപാർക്കിലാ  ഞാൻ വർക് ചെയ്യുന്നേ ..  പിന്നെ ഈ അമ്മയേ എങ്ങനെ അറിയും എന്നു ചോദിച്ചാൽ .. അറിയും അത്ര തന്നെ . കുറച്ചൊക്കെ എന്റെ അമ്മ പറഞ്ഞിട്ടുണ്ട് . വന്നു കാണണം എന്നും  വരികയാണെങ്കിൽ ഒപ്പം കൂട്ടണം എന്നും പറഞ്ഞിരുന്നു ..    "
അവൻ ഒന്നു നിർത്തി ..

"അതൊക്കെ പോട്ടെ .. 
അമ്മേടെ കുടുംബം ?? കുട്ടികൾ ?? ഒക്കെ പറയൂ .. "

അറിയാതെ ആ  കൈകൾ  നെഞ്ചോടു ചേർന്നു കിടന്ന താലിയിൽ അമർന്നതും കണ്ണുകൾ ഒന്നു പിടഞ്ഞുണർന്നതും  അവൻ കണ്ടു . ഒരു ദീർഘ നിശ്വാസത്തോടെ അവർ പറഞ്ഞു . 

"ഇതെന്റെ തറവാടാണ് . മൂന്ന് ഏട്ടന്മാരും  ഒരു ചേച്ചിയും . അമ്മേം അച്ഛനും ഓക്കെ പോയിട്ട് ഒരുപാടു കാലമായി . ഒരേട്ടനും പോയി . പിന്നെയുള്ളോരൊക്കെ  കുടുംബോം കുട്ടികളുമൊക്കെയായി കഴിയണു .. എല്ലാർക്കും പേരക്കുട്ടികളും ആയി .. "
ഒരു നേർത്ത ചിരിയോടെ പറഞ്ഞു നിർത്തി .

"അമ്മേടെ കാര്യമൊന്നും പറഞ്ഞില്ലല്ലോ .. "
ആകാംഷ   നിറഞ്ഞ അവന്റെ ആ കുസൃതി  കണ്ണുകളിലേയ്ക്ക് നോക്കി ടീച്ചർ  .

"ഇതൊക്കെയേ ഉള്ളൂ അമ്മേടെ വിശേഷങ്ങൾ . പിന്നെ മോൻ ഉദ്ദേശിച്ചത്  ഭർത്താവ് കുട്ടികൾ ഒക്കെ ആണെങ്കിൽ ... 
ഭർത്താവ് ഉണ്ടായിരുന്നു ... സർവ്വഗുണ സമ്പന്നനായ  ഒരാൾ .. ദൈവത്തിനും അസൂയ തോന്നീട്ടുണ്ടാവുമേ .. അതാവും  ഒന്നിച്ചു ജീവിക്കാൻ ഈ ജന്മം  അവസരം തന്നില്ല  .. അതുകൊണ്ടെന്താ കുട്ടികളും ഇല്ല .. എന്നാലും എനിക്കു സങ്കടം ഒട്ടൂല്ലാ  ട്ടോ ... ആ ഓർമയിൽ ഇങ്ങനെ കഴിയണതു   തന്നേ  മുന്ജന്മ സുകൃതം .."

എന്തു ചോദിച്ച്  ആ സംസാരം നീട്ടുമെന്നറിയാതെ  ചിന്തയിലാണ്ട  അജിത്തിനേ ടീച്ചറിന്റെ ശബ്ദമാണ് ഉണർത്തിയത് ..

"മോന്റമ്മ എന്നേ പറ്റി പറഞ്ഞൂ തന്നിരുന്നു എന്നോ മറ്റോ അല്ലേ  നേരത്തേ പറഞ്ഞത് ? എന്താ കുട്ടീടെ അമ്മേടെ പേര് ? ഇനി എന്റൊപ്പം പണ്ട് പഠിച്ചവരോ പഠിപ്പിച്ചവരോ ആരെങ്കിലും ആണോ ആവോ ? "

"അല്ല .. അങ്ങനെയൊന്നുമാണെന്നു തോന്നുന്നില്ല .. ഇനിയിപ്പോ ഈ അമ്മയേ എങ്ങനെയാ അറിയുകാ  എന്നു ചോദിക്കാമെന്നു വച്ചാ അതും നടക്കില്ല കേട്ടോ .. ആളിത്തിരി തിരക്കുള്ള കൂട്ടത്തിലാരുന്നു .കുറച്ചു നേരത്തേ അങ്ങു  പോയി ....എന്നേം അച്ഛനേം തനിച്ചാക്കി ... " അമ്മയുടെ ഓർമ്മയിൽ കണ്ണു നിറച്ച ആ മകനേ ഒന്നു ചേർത്തു പിടിക്കാൻ ആ ഹൃദയം വെമ്പി ..

"വിവാഹത്തിന്റെ ആദ്യ നാളുകളിൽ തന്നെ  മരിച്ചുപോയതാണോ ഭർത്താവ് ? കുട്ടികളൊന്നും ഇല്ല എന്നു പറഞ്ഞതുകൊണ്ട് ചോദിച്ചതാ ?? " അറിയേണ്ടതൊന്നും അറിഞ്ഞില്ലല്ലോ എന്നാരോ മനസ്സിൽ മന്ത്രിച്ചപ്പോൾ അറിയാതെ ചോദിച്ചു പോയതാണ് .



"ഞാൻ പറഞ്ഞതു കുട്ടിക്ക്  ശരിക്കങ്ങട് മനസ്സിലായില്ലെന്ന് തോന്നണു .. ഒരുമിച്ചൊരു ജീവിതം ഉണ്ടായില്ലെന്നു വച്ചു മരണപ്പെട്ടു പോയിട്ടൊന്നുമില്ല അദ്ദേഹം .. എവിടെയോ ഉണ്ട് .. അല്ല  ഉണ്ടാവും ... അതല്ല ഇനിയിപ്പോ ഈ ലോകം വീട്ടു പോയീച്ചാലും എനിക്കു  സങ്കടമില്ല  കേട്ടോ . ദാ ഇവിടെ ഈ നെഞ്ചിലുണ്ട്  ആള് . എന്റെ ശ്വാസം പോണ വരേയ്ക്കും  എന്റെ കൂടെത്തന്നെയുണ്ടാവും .. പിന്നെ  ദേ ആ കസേര കണ്ടോ ?? അദ്ദേഹത്തിനു വേണ്ടി മാത്രം പണികഴിപ്പിച്ചതാ .. ആരും ഇരുന്നിട്ടില്ല അതിൽ ഇതുവരേയ്ക്കും  .. ഞാൻ അനുവദിച്ചിട്ടില്ലാന്നു കൂട്ടിക്കോ .. മോനറിയോ ?? ഒരിക്കൽ  ഞാനീ പടിപ്പുര വാതിൽ കൊട്ടിയടച്ചതാ അദ്ദേഹത്തിനു നേരേ .. സ്നേഹമില്ലാഞ്ഞോ  ഒപ്പം ജീവിക്കണമെന്ന ആഗ്രഹം  ഇല്ലാഞ്ഞോ  അല്ല .. ഞാനെന്റെ പ്രാണനേക്കാൾ   സ്നേഹിച്ചിരുന്നു ആ മനുഷ്യനേ ...... എന്റെ സാമീപ്യം പോലും ആ ജീവന് ആപത്താണെന്ന തിരിച്ചറിവു  വന്നപ്പോൾ  നെഞ്ചു പൊട്ടി ചെയ്തു പോയതാ .. " അത്രയും പറഞ്ഞപ്പോഴേയ്ക്കും തൊണ്ട ഇടറി ...ആ ചുണ്ടുകൾ വിറ കൊണ്ടു പോയിരുന്നു .

"ഒരൂട്ടം  പറഞ്ഞാൽ  കുട്ടി  വിശ്വസിക്കുവോ ??"
രഹസ്യം പറയാനെന്ന പോലെ അവന്റെ അടുത്തേയ്ക്കു കുറച്ചു നീങ്ങിയിരുന്നു  തുടർന്നു .

"മനസ്സിൽ എന്തേലും വിഷമം തോന്നിയാൽ ദാ അവിടെ ആ കസേരമേൽ തല വെച്ചു ഞാനങ്ങനിരിക്കും ..
 ദേവീന്നൊരു നേർത്ത വിളി  ....
ഞാനില്ലേ നിന്റെ കൂടെ ?? 
പിന്നെന്തിനാ ഈ പരിഭവം ??എന്നും ചോദിച്ചു തലയിൽ ഒരു തലോടൽ .. ഒക്കെയുണ്ടെന്നേ .
 ഇനി കുട്ടി തന്നെ പറ  ഞാൻ ഒറ്റയ്ക്കാണോ ??
അല്ല ...ഒട്ടും അല്ല .. എനിക്കറിയാം .. 
ഞാൻ എത്ര വട്ടം അറിഞ്ഞിരിക്കണു  ആ സാമീപ്യം .. .. "

കണ്ണുകൾ പെയ്യുന്നതേതും അറിയാതെ തന്റെ മുൻപിൽ മനസിന്റെ കെട്ടഴിക്കുന്ന ആ അമ്മയേ   അവൻ അലിവോടെ  നോക്കിയിരുന്നു  ..
ഉള്ളിൽ അമ്മേ  എന്നൊരു നിലവിളിയുമായി .... 

ഈ  ജന്മത്തിന്റെ മുക്കാലും തീർന്ന ആ നിഷ്കളങ്ക   ജന്മത്തേ ഇനിയും സങ്കടപ്പെടുത്തല്ലേ  എന്നവന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു .. 

അവൻ മെല്ലെ ആ അമ്മയുടെ കാൽച്ചുവട്ടിൽ ഇരുന്ന്   വിറയ്ക്കുന്ന ആ കൈകൾ നെഞ്ചോടു ചേർത്തു പിടിച്ചു ..

"ഞാൻ മാത്രമെന്തേ ഒറ്റയ്ക്കായി പ്പോയതെന്ന്  ഒരിക്കൽ ഞാനെന്റെ അമ്മയോട് പരിഭവിച്ചു .  നിന്റച്ഛന്റെ പ്രണയം ഒരിക്കലും ഞാനായിരുന്നില്ല കുട്ടാ എന്നു മാത്രമാണ് അമ്മ അതിനു മറുപടിയായി അന്നു പറഞ്ഞത് ..
ചെറിയ പ്രായമല്ലേ ? അന്നെനിക്ക് ശരിക്കത് മനസിലായില്ല .  
എന്നാൽ കുറച്ചു നാളുകൾക്കു ശേഷം .. കൃത്യമായി  പറഞ്ഞാൽ   ഇനി അമ്മയ്ക്ക് അധികം ദിനങ്ങളില്ല  എന്ന് 'അമ്മ മനസിലാക്കിയ ആ നാളുകളിൽ ഒന്നിൽ  എന്നേ അരികിൽ വിളിച്ചു .. എന്നിട്ട് 
എന്റെ അച്ഛന്റെ  ഏഴു വർഷങ്ങൾ നീണ്ട അനുരാഗ കഥ പറഞ്ഞുതന്നു  .. എല്ലാ എതിർപ്പുകളെയും  മറികടന്ന്  പ്രണയിനിയേ താലി ചാർത്തി  സ്വന്തമാക്കിയ അച്ഛന്റെ  തന്റേടത്തെ കുറിച്ചു  പറഞ്ഞ് അഭിമാനം കൊണ്ടു  .. 
അച്ഛമ്മ മെനഞ്ഞ  ഇല്ലാത്ത ജാതക ദോഷത്തിന്റെ പേരിൽ വിവാഹത്തിന്റെ മൂന്നാം നാൾ  തന്റെ  ജീവനും ജീവിതവും പടിയിറങ്ങിയപ്പോൾ   ദയനീയമായി നോക്കി നിൽക്കേണ്ടി വന്ന അച്ഛന്റെ നിസ്സഹായാവസ്ഥയെ പറ്റി പറഞ്ഞു  കരഞ്ഞു .. ഹൃദയം നിലച്ചേക്കുമെന്നു തോന്നിയ നിമിഷം  വീണ്ടും  തന്റെ പ്രാണനേ തേടിപ്പോയി  നിരാശയുടെ പടുകുഴിയിലേക്ക് വീണ് തിരിച്ചു പോരേണ്ടി വന്ന അച്ഛന്റെ വിധിയെ പഴിച്ചു  നെഞ്ചു തിരുമ്മി ..പിന്നെ ആ മനുഷ്യനേ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരാൻ വേണ്ടി  മാത്രം  തീറെഴുതപ്പെട്ട   വിധിയിൽ  സന്തോഷം തേടിയ  സ്വന്തം കഥയും പറഞ്ഞു തന്നു . അവസാനമായി വേറൊന്നു കൂടി പറഞ്ഞു .  എവിടെയാണെങ്കിലും  തിരക്കി കണ്ടുപിടിക്കണം  എന്ന്...... 
കുടുംബസ്ഥയാണെങ്കിൽ ഒരു വഴിപോക്കനെപോലെ  തിരിഞ്ഞു നടക്കണം. അല്ലാച്ചാൽ കൂടെ കൂട്ടണമെന്ന്  . 
ആ അമ്മയുടെ പാദസ്പർശനത്തിനായി  ഈ തറവാടിന്റെ മുക്കും മൂലയും വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്ന്  .
അതു കൊണ്ട് കുട്ടൻ എനിക്കു വാക്കു തരണം . അച്ഛൻ ഒറ്റയ്ക്കായാൽ .. ഇഹത്തിലല്ല   പരലോകത്തിലും എനിക്കു സഹിക്കാൻ കഴിയില്ല .. എന്നു പറഞ്ഞു കണ്ണീരിൽ ചിരിച്ചു ..
എങ്കിലും ഒക്കെ എന്നോടു പറയുമ്പോഴും    ഒരു പ്രതീക്ഷ ഉണ്ടായിരുന്നു  ആ മുഖത്ത്....   സ്നേഹിച്ചും ജീവിച്ചും മതിയായില്ലെന്ന് എന്നോടു പറയാതെ പറയുന്നുണ്ടായിരുന്നു  ആ വാക്കുകൾ ...   തന്നേ പൊന്നു പോലെ  നോക്കുന്ന  നല്ല പാതിയുടെ നിറഞ്ഞ സ്നേഹം തീർത്ത ആത്മവിശ്വാസത്തിന്റെ ഒരു തിളക്കമുണ്ടായിരുന്നു  ആ കണ്ണുകളിൽ ......"

എല്ലാം കേട്ട് ആ മകന്റെ നിറുകയിൽ കൈ ചേർത്ത് കണ്ണീരോടെ  അമ്മ  ഇരുന്നു .

"ആദ്യ കാഴ്ചയിലേ ഞാൻ അറിഞ്ഞിരുന്നു  തേടി നടന്ന ആൾ ഇതു് തന്നെയെന്ന് .. പിടിച്ച പിടിയാലേ ഒപ്പം കൊണ്ടുപോകാൻ തന്നെയാണ് ഈ പടി കടന്നതും . പക്ഷേ  ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു അതു ചെയ്യേണ്ടത് ഞാനല്ല എന്ന്  .. 
താലി ചാർത്തിയ ആളിനേ ഇന്നും സ്വന്തം ഹൃദയത്തിൽ  സൂക്ഷിക്കുന്ന ... ഉമ്മറപ്പടിയിൽ ആ ആളിനായി   ഇരിപ്പിടം ഒരുക്കിയ  ..   ദേവീ എന്നൊരു വിളിക്കായി  പടിപ്പുര വാതിൽ മലർക്കെ തുറന്നു കാത്തു കാതോർത്തിരുന്ന  ഈ അമ്മയുടെ കൈ പിടിക്കേണ്ടത്   ഞാനല്ല .  അതിന് നിയോഗമുള്ള ആളേത്തന്നെ  കൊണ്ടു  വരും ഞാൻ അമ്മയുടെ മുൻപിൽ .. അധികം വൈകാതെ .. എന്നിട്ടു കൊണ്ടു പോകും ഞാൻ  ഈ  സ്നേഹത്തെ എന്റൊപ്പം .. അല്ല  ഞങ്ങളുടെ ഒപ്പം . അതു ഞാനെന്റെ അമ്മയ്ക്കു കൊടുത്ത വാക്കാണ്. "
മറുപടിക്കു കാക്കാതെ ദേവിക ടീച്ചറിന്റെ  കാൽ തൊട്ടു കണ്ണിൽ വച്ച് അവൻ ആ  പടിയിറങ്ങി . അപ്പൊൾ വീശിയ കാറ്റിന്   അവന്റെ അമ്മയുടെ ഗന്ധമുണ്ടായിരുന്നു  .. അതേ .. അവന്റെ അച്ഛന് ഏറ്റവും ഇഷ്ടമുള്ള ചെമ്പകപ്പൂവിന്റെ  ആ മാസ്മരിക സുഗന്ധം ....

സീമ ബിനു 











No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot