"നീ എന്താടീ ഒറ്റക്ക് സംസാരിക്കുന്നത്?"
അവളുടെ ഒറ്റക്കുള്ള സംസാരം കേട്ട്, അമ്മ ചോദിച്ചു.
"ഒന്നൂല്യമ്മേ, ഞാൻ നമ്മുടെ ഡോക്ടറെക്കുറിച്ച് പറഞ്ഞതാ. അയാൾ ഇത്തിരി ഓവറല്ലെന്നൊരു സംശയം."
"ശരിയാണ്. എനിക്കും തോന്നി.
തൊടലും പിടിക്കലുമെല്ലാം ഇത്തിരി കൂടുതലാ. അടുത്തപ്രാവശ്യം പോകുമ്പോൾ ഒറ്റക്ക് പോകണ്ടാട്ടോ." അമ്മയുടെ സംസാരത്തിൽ
അല്പം ആശങ്കയുണ്ടായിരുന്നു.
ഈയടുത്തകാലത്താണ്
അവൾക്ക് ചില ആസ്വഭാവികമായ
ചില രോഗലക്ഷണങ്ങൾ കണ്ടത്.
മാരകമായ അസുഖം വലതുമാണോ
എന്നൊരു സംശയം. അങ്ങനെയാണ്
നാട്ടിലെ പ്രശസ്തനായ ഡോക്ടറെ കാണാൻ പോയത് .
ആദ്യം ഭർത്താവിന്റെ കൂടെയാണ് പോയത്. രോഗികളുടെ തിരക്ക്
കാരണം നേരത്തെ ബുക്ക് ചെയ്താണ് പോയത്. നല്ല മാന്യമായ ഇടപെടൽ. ഒരുമാസത്തേക്ക് മരുന്ന് തന്നു. നല്ല മാറ്റമുണ്ടായിരുന്നു.
രണ്ടാമത്തെ പ്രാവശ്യം ഭർത്താവിന് തിരക്കായതിനാൽ അവളുടെ അമ്മയോടൊപ്പമാണ് പോയത്.
അപ്പോഴാണ് അയാൾ പരിശോധന
എന്ന പേരിൽ ആസ്ഥാനത്തുള്ള തൊടലും പിടിക്കലുമായി അയാൾ കുറച്ച് ഓവറാക്കിയത്. തീരെ
ഇഷ്ടപ്പെട്ടില്ലെങ്കിലും പെട്ടെന്ന്
ഒന്നും പറഞ്ഞില്ല.
അമ്മ അടുത്തപ്രാവശ്യം ഒറ്റക്ക് പോകണ്ട എന്ന് പറഞ്ഞിരുന്നെങ്കിലും
അടുത്ത പ്രാവശ്യം ഡോക്ടറെ
കാണാൻ അവളൊറ്റക്കാണ് പോയത്. പേടിയൊന്നുമുണ്ടായിരുന്നില്ല.
കാരണം ചെറുപ്പക്കാലം മുതലേ മറ്റുള്ളവർ പറയുന്നത്,' അവളൊരു ആൺകുട്ടിയാണ് ' എന്നാണ്.
ഇഷ്ടപെടാത്ത ഒരു കാര്യം
കണ്ടാൽ മുന്നും പിന്നും നോക്കാതെ
പൊട്ടിത്തെറിക്കുന്നതാണ് പ്രകൃതം.
അന്ന് കണ്ടയുടനെ ഡോക്ടർ
നല്ല മൂടിലായിരുന്നു. പിന്നെ ഒറ്റക്കുമാണല്ലോ. അയാൾ
അസുഖം മാറിയോന്ന് നോക്കട്ടെ എന്നുപറഞ്ഞുകൊണ്ട് അവളുടെ
അടുത്തേക്ക് വന്നു. അവൾക്ക്
ദേഷ്യം ഇറച്ചുകയറി. പക്ഷെ,
പുറത്ത് കാത്തിരിക്കുന്ന
രോഗികളെക്കുറിച്ചും ആശുപത്രിയെക്കുറിച്ചും
ഡോക്ടറുടെയും തന്റെയും
കുടുംബങ്ങളെയുമെല്ലാം
ഓർത്ത് സംയമനം പാലിച്ചു.
മുഖത്ത് ഒരു ചിരി അഭിനയിച്ച്
അയാളോട് പറഞ്ഞു, "കഴിഞ്ഞ
തവണ ഇവിടെ വന്നു തിരിച്ച്
വീട്ടിലെത്തിയപ്പോൾ അമ്മ
ചോദിക്കുന്നുണ്ടായിരുന്നു,
ഡോക്ടറുടെ പരിശോധന
കുറച്ച് ഓവറല്ലെന്ന്."
അയാളുടെ മുഖം ആകെ
വിളറി വെളുത്തുപോയി. പിന്നെ
ഒന്നും മിണ്ടിയില്ല. ഒരു മാസംകൂടി
മരുന്നുകഴിക്കണം എന്ന് പറഞ്ഞു.
തിരിച്ചുവരുമ്പോൾ ഡോക്ടറോട്
സ്നേഹത്തോടെ പതുക്കെ പറഞ്ഞു,
"ഡോക്ടർ നല്ലൊരു ഡോക്ടറാണ്.
കുറച്ചുകൂടി സ്വഭാവം സൂക്ഷിക്കണം.
ഇല്ലെങ്കിൽ ചീത്തപ്പേരാകും." അയാൾ രണ്ട് കയ്യും കൂപ്പി തൊഴുതു.
തിരിച്ചുപോരുമ്പോൾ അവളോർത്തു,
"ഇക്കാലത്ത് പെൺകുട്ടി, ആൺകുട്ടി
ആകേണ്ട കാര്യമൊന്നുമില്ല. ഒരു
ശരിയായ പെൺകുട്ടിയായാൽ മതി."
അന്നവൾക്ക് ലഭിച്ചത് പുതിയൊരു
തിരിച്ചറിവായിരുന്നു, പ്രശ്നങ്ങളെ
വികാരപരമല്ലാതെ സംയമനം
കൊണ്ടും വിചാരംകൊണ്ടും അതിജീവിക്കാനുള്ള പുതിയ ജീവിതപാഠം.
..... സ്വാമി ചന്ദ്രദീപ്തൻ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക