നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുന്നിൻചെരുവിലെ നായിക.

 കുറേ വർഷങ്ങൾക്ക് മുൻപാണ്.. കൃത്യമായി പറഞ്ഞാൽ 1924 ൽ., മലയാളത്തിൽ കൊല്ല വർഷം 1099 ൽ.


ജൂലൈ മാസം പതിനാലാം തിയതി.
മൂന്നാറിനടുത്തുള്ള കുന്നിൽ ചെരുവിലെ പുരക്കുള്ളിൽ ഇട്ടിര ഉറക്കമുണർന്നു.സമയം എത്രയായി കാണുമെന്നറിയാനുള്ള പരിശ്രമത്തിൽ
പുര മറച്ചിരിക്കുന്ന പനയോലയുടെ വിടവുകൾക്കുള്ളിൽ കൂടി സൂര്യകിരണങ്ങൾ നോക്കി ഇട്ടിര ചുറ്റി തിരിഞ്ഞപ്പോൾ കീറപ്പായയുടെ ഒരറ്റത്ത് കിടന്നിരുന്ന അച്ചാമ്മ മുരണ്ടു.
"നേരം വെളുത്തുപോലുമില്ല, എങ്ങോട്ടെങ്കിലും എഴുന്നുള്ളുവാണെങ്കിൽ അനങ്ങാതെ അങ്ങ് പോകത്തില്ലേ മനുഷ്യാ !,ബാക്കിയുള്ളവരുടെ ഉറക്കം കൂടി കളഞ്ഞോളും ".
പറഞ്ഞിട്ട് തിരിഞ്ഞു കിടന്നു കൂർക്കം വലിച്ച അച്ചാമ്മയുടെ ചന്തിക്ക് നേരെ ഓങ്ങിയ കാൽ ഒരു സ്വയം വിചാരം ഉണ്ടായത് പോലെ പിൻവലിച്ച് ഇട്ടിര പതുക്കെ പറഞ്ഞു.
'കോട്ടയംകാരിയായ ഇവളെ ഇടുക്കിക്ക് കെട്ടിക്കൊണ്ട് വന്നിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ലല്ലോ തമ്പുരാൻ കർത്താവെ !.'
പക്ഷേ ആത്മഗതം ഇച്ചിരി ഉച്ചത്തിലായിപ്പോയി.അച്ചാമ്മ വലതുതിരിഞ്ഞു കനപ്പിച്ച് ഒന്ന് നോക്കി.
ഒറ്റമുറിയിലെ തഴപ്പായയിൽ തലങ്ങനേയും, വിലങ്ങനെയുമൊക്കെ കിടന്നിരുന്ന ആറു മക്കളുടെ ഇടയിൽക്കൂടി ഇട്ടിര പുറത്തേക്കിറങ്ങി.
ഇവളുടെ സ്വഭാവം അറിയാതെയാണ് കേപ് ക്ലീൻ സായിപ്പ് ഇവളെക്കാണുമ്പോൾ ബ്യൂട്ടിഫുൾ ഗേൾ എന്ന് പറയുന്നത്. ബ്യൂട്ടിഫുളിന്റെ അർത്ഥം അറിഞ്ഞപ്പോൾ അച്ചാമ്മയുടെ തലയിലുണ്ടായിരുന്ന അഹങ്കാരം കഴുത്തിലോട്ടും വ്യാപിച്ചുവെന്ന് ഇട്ടിരക്കു തോന്നി.സായിപ്പിന്റെ ബ്യൂട്ടിഫുൾ പറച്ചിലിൽ ഒരു ഏനക്കേട്‌ ഇട്ടിരക്ക് തോന്നിയിട്ടുണ്ട്. തേയില എസ്റ്റേറ്റിൽ പണിക്കു വരുന്ന തമിഴത്തിപെണ്ണുങ്ങളെ സായിപ്പ് വരുതിയിലാക്കുന്നത് ഇട്ടിരക്കറിയാം.സായിപ്പ് വരുമ്പോൾ മുന്നിൽ വന്നു നിൽക്കല്ലന്ന് പറഞ്ഞാൽ ഈ പോത്തിന്റെ ചെവിയിൽ കേറണ്ടേ.
മഴയും, കൂട്ടിന് മഞ്ഞും പെയ്തിറങ്ങുന്നതിനാൽ ഒന്നും കാണാൻ വയ്യ. പറമ്പിൽ നിന്നും ഒരു ചേമ്പില ഒടിച്ചെടുത്തു തലയ്ക്കു മുകളിൽ പിടിച്ചുകൊണ്ട് ഇട്ടിര കുന്നിറങ്ങി.
മഴവെള്ളവും, ചുവന്ന മണ്ണും കൂടി ലയിച്ചുകിടന്ന ഇടവഴിയിൽക്കൂടി താഴേക്കു ഇറങ്ങുമ്പോൾ ഇട്ടിരയുടെ നെഞ്ചകം ഇടക്കൊക്കെ ഒന്ന് ചാടി ഇടിച്ചു.
പേടിയുണ്ടോന്ന് ചോദിച്ചാൽ ഭയങ്കര പേടിയാ. പക്ഷേ കേപ് ക്ലീൻ സായിപ്പ് പറഞ്ഞത്പോലെ, പേടിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല.എപ്പോഴും സായിപ്പ് പറയാറുള്ള ഇംഗ്ലീഷ് വാക്ക് ഇട്ടിര ഒന്ന് നാക്കിനിടയിൽ തപ്പി നോക്കിയെങ്കിലും പല്ലേൽ തട്ടി അത് വായിക്കകത്ത്‌ തന്നെ കിടന്നു.
മണ്ണിൽ ചവിട്ടി ഇറക്കം ഇറങ്ങുമ്പോൾ കാല് തെന്നുന്നുണ്ട്. പേടി കൊണ്ടാണോ? ഏയ്‌ അല്ല !.പേടി തോന്നിയാൽ ഇട്ടിര തന്റെ ഓലപ്പുരയെക്കുറിച്ച് ഓർക്കും, അച്ചാമ്മയേയും, മക്കളെയും കുറിച്ച് ഓർക്കും. സായിപ്പ് വാഗ്ദാനം ചെയ്ത ഇരുപത്തിഅയ്യായിരം രൂപയെക്കുറിച്ച് ഓർക്കും.
കാശ് കിട്ടിയാൽ ഓലപ്പുര പൊളിച്ചു പണിയണം.ഒരു പോത്തുവണ്ടി വാങ്ങണം. അതിൽ കയറി മൂന്നാർ മൊത്തം കറങ്ങണം. മക്കളേ സായിപ്പൻമാരുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ ചേർക്കണം.
കാലാവസ്ഥയും, ഭൂപ്രകൃതിയും അനുയോജ്യമായ മൂന്നാറിലും, സമീപത്തും ബ്രിട്ടീഷുകാർ തേയില നട്ടുവളർത്തി.തേയിലകൃഷി വ്യാപകമായതോടെ മൂന്നാർ ബ്രിട്ടീഷുകാരുടെ താവളം ആയി.
ഇന്ത്യയിലെ ആദ്യത്തെ മോണോ റയിൽപ്പാത മൂന്നാറിലെ ആയി. വൈദ്യുതിയും, നല്ല റോഡുകളും, സ്കൂളുകളുമൊക്കെ ആയപ്പോൾ ഏഷ്യയിലെ സ്വിറ്റ്സർലാൻഡ് എന്ന പേര് മൂന്നാറിന് ചാർത്തപ്പെട്ടു.
തേയിലഫാക്ടറിയിൽ മാനേജർ ആയി വന്ന കേപ് ക്‌ളീൻ സായിപ്പ് അവിടത്തെ പണിക്കാരനായിരുന്ന ഇട്ടിരയുടെ മനസ്സിൽ മോഹങ്ങളുടെ വിത്ത് ഇട്ടു.
ഏക്കർ കണക്കിന് പരന്നു കിടക്കുന്ന തേയില ചെടികൾക്കിടയിൽ കഞ്ചാവ് നടുക.ആരും പെട്ടന്ന് കണ്ടുപിടുക്കാത്ത കുറച്ച് സ്ഥലം കണ്ടെത്തി ഇട്ടിര കൃഷി ചെയ്തു. വിളവെടുപ്പ് കഴിഞ്ഞ കഞ്ചാവ് ഉണക്കി പായ്ക്കറ്റുകളിലാക്കി വെച്ചിരിക്കുന്നു. ഇംഗ്ളണ്ടിന്‌ തേയില കയറ്റി വിടുന്ന പെട്ടികൾക്കുള്ളിൽ ഈ കഞ്ചാവ് പായ്ക്കറ്റുകളും ആരുമറിയാതെ വെക്കണം.
കുണ്ടള വാലി റയിൽവേ എന്നറിയപ്പെടുന്ന മൂന്നാറിൽ നിന്നും കേരള -തമിഴ്നാട് അതിർത്തി, തേനി ജില്ലയിലുള്ള ടോപ്പ് സ്റ്റേഷൻ വരെ മോണോ റയിൽ വഴി തേയിലപെട്ടികൾ എത്തിക്കും.അവിടെ നിന്നും അഞ്ചു കിലോമീറ്റർ താഴെയുള്ള കോട്ടഗുഡിയിലേക്ക് റോപ്പ്വേ മാർഗ്ഗം. പിന്നെ റോഡ് വഴി തൂത്തുക്കുടി തുറുമുഖത്തു എത്തിക്കുന്ന സാധനം കപ്പലിൽ നേരേ ഇംഗ്ലണ്ടിലേക്ക്.
ദിവാസ്വപ്നം കണ്ടു നടന്ന ഇട്ടിരക്കു മുന്നിലേക്ക് ഒരു കുതിരപ്പുറത്തു കേപ് ക്‌ളീൻ സായിപ്പ് എത്തി.
"ഗുഡ് മോർണിംഗ് ".
ഇട്ടിര തല കുലുക്കി സ്വീകരിച്ചു.
"നീ എന്താ തിരിച്ചു പറയാത്തത്. ഞാൻ പറഞ്ഞത് നീ കേട്ടില്ലേ? ".
ശരിയാ, പല പ്രാവശ്യം സായിപ്പ് പറഞ്ഞിട്ടുണ്ട്, ഗുഡ് മോർണിംഗ് പറയുമ്പോൾ തിരിച്ചു പറയണമെന്ന്. നാക്ക്‌ ഉളുക്കുമെന്നതിനാൽ ഇട്ടിര അതിനു മുതിരാറില്ല. കേരളത്തിൽ വന്നു സായിപ്പന്മാരൊക്ക മലയാളം പഠിച്ചത് നന്നായി എന്ന് ഇട്ടിര ഓർത്തു.
സായിപ്പ് തുടർന്നു.
"ഞാൻ ഇങ്ങോട്ട് വന്നത് നമ്മൾ സംസാരിക്കുന്നത് ആരും കാണാതിരിക്കാനാണ്. നാളെ തൂത്തുക്കുടിക്ക് ഉള്ള തേയിലപെട്ടികൾ പോകും.നമ്മുടെ സാധനവും ആ കൂടെ പോകണം.നാളെ ചരക്ക് പോകുന്ന കൂടെ നീയും പോകണം. തൂത്തുക്കുടിയിൽ കപ്പലിൽ എൻ്റെ ആള് ഉണ്ടാവും. കഞ്ചാവ് ഉള്ള പെട്ടി അയാളെ കാണിച്ചു കൊടുത്താൽ നിന്റെ ജോലി കഴിയും. തിരിച്ചു ഇവിടെ വരുമ്പോൾ കാശ് കയ്യിൽ തരും.ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായോ?".
ഓർത്തപ്പോൾ ഒരു വിറ ഉണ്ടെങ്കിലും ഇട്ടിര തല കുലുക്കി.
സായിപ്പ് കുതിരയേ ഓടിച്ചു പോയപ്പോൾ ഇട്ടിര ധൈര്യം സംഭരിച്ചു ഫാക്ടറിയിലേക്ക് നടന്നു.
-------------------------------------------
ഇട്ടിര തൂത്തുക്കുടിക്ക് പോയതിന്റെ പിറ്റേദിവസം രാവിലെ കേപ് ക്ളീൻ സായിപ്പ് ഇംഗ്ലണ്ടിൽ നിന്നും കൊണ്ടുവന്ന വില കൂടിയ വൈറ്റ് റം രണ്ടെണ്ണം അകത്താക്കി.ബംഗ്ലാവിൽ നിന്നും തൻറെ കുതിരപ്പുറത്തു കയറി കുന്നിൻ ചെരുവിലെ ഇട്ടിരയുടെ പുര ലക്ഷ്യമാക്കി നീങ്ങി.
മഴയുടെ ശക്തി ഓരോ ദിവസവും കൂടികൊണ്ടിരുന്നു. മക്കൾ സ്കൂളിൽ നിന്നും വരുന്നതിനു മുൻപ് പുരയിലെ ചോർച്ച ഉള്ളിടത്ത്‌ പനയോല തിരുകി അടക്കാനുള്ള ശ്രമത്തിൽ ആയിരുന്നു അച്ചാമ്മ.
"അച്ചാമ്മ !!".
പ്രതീക്ഷിക്കാത്ത സമയത്തുള്ള വിളി കേട്ട് തിരിഞ്ഞു നോക്കിയ അച്ചാമ്മ ഞെട്ടിപ്പോയി.
വാതിൽക്കൽ കേപ് ക്‌ളീൻ സായിപ്പ്. സായിപ്പിന്റെ മുഖത്തുള്ള വഷളൻ ചിരിയും, മദ്യത്തിന്റെ മണവും,..
ഇട്ടിര പലപ്പോഴും സായിപ്പിനെപ്പറ്റി പറഞ്ഞിട്ടുള്ളത് കൂടി ഓർമ്മ വന്നപ്പോൾ ആറാം ഇന്ദ്രിയത്തിൽ അപകട സൂചന മിന്നി. ഉള്ളിൽ തോന്നിയ പേടി പുറത്തു കാണിക്കാതെ അച്ചാമ്മ ചോദിച്ചു.
"എന്താ സായിപ്പേ? ഇട്ടിര ഇവിടെ ഇല്ല. "
"ഇട്ടിര ഇല്ലന്ന് എനിക്കറിയാം. ഞാൻ ആണ് അവനേ തൂത്തുക്കുടിക്ക് പറഞ്ഞു വിട്ടത്. ഞാൻ വന്നത് അച്ചാമ്മയെ കാണാനാ."
"എന്താ സായിപ്പിന്റെ ഉദ്ദേശം?".
"ഹ.. ഹ.. സിമ്പിൾ. അച്ചാമ്മയേ കണ്ട നാൾ മുതൽ എന്റെ മനസ്സിൽ ഉള്ള ആഗ്രഹം. അതൊന്ന് സാധിക്കണം. നീ ഭയങ്കര സുന്ദരിയാ. ബ്യൂട്ടിഫുൾ
ഗേൾ. "
"അതിന് സായിപ്പ് വേറെ ആളേ നോക്ക്. തമിഴത്തി പെണ്ണുങ്ങളുടെ അടുത്ത ചെല്ലുന്നപോലെ എൻ്റെ അടുത്ത് വന്നാൽ ഈ അച്ചാമ്മ ആരാണെന്നു സായിപ്പ് അറിയും."
വിറച്ചുകൊണ്ട് അച്ചാമ്മ പറഞ്ഞു.
"ഇട്ടിരയേ അച്ചാമ്മക്ക് വേണോ?. തൂത്തുക്കുടിയിൽ പോയ ഇട്ടിര തിരിച്ചു വരണമെങ്കിൽ നീ എനിക്ക്
വഴങ്ങണം."
ശക്തനായ സായിപ്പിനെ നേരിടാൻ തന്നെക്കൊണ്ട് കഴിയില്ലന്ന് അച്ചാമ്മക്ക് മനസ്സിലായി. ഇയാൾ ഇവിടുള്ളടത്തോളം കാലം തങ്ങൾക്കു സ്വസ്ഥതയും ഉണ്ടാകില്ല. പക്ഷേ എന്ത് ചെയ്യണമെന്ന് അച്ചാമ്മക്കു അറിയില്ലായിരുന്നു. ഈ സമയം ഇട്ടിര അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് അച്ചാമ്മ ആഗ്രഹിച്ചു.
"സായിപ്പ് ഇങ്ങോട്ട് ഇരിക്ക് ".
കാൽ ആടുന്ന ബഞ്ചിലെ പൊടി, ഉടുത്തിരുന്ന ചട്ടയുടെ അറ്റത്താൽ തുടച്ചിട്ട് അച്ചാമ്മ പറഞ്ഞു.
"ഗുഡ് ഗേൾ. നിനക്ക് സൗന്ദര്യം മാത്രമല്ല ബുദ്ധിയും ഉണ്ട്. "
സന്തോഷത്തോടെ സായിപ്പ് പറഞ്ഞു.
ഇട്ടിരുന്ന കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ബോട്ടിൽ എടുത്തു സായിപ്പ് ചുണ്ടിലേക്ക് അടുപ്പിച്ചു.
"സായിപ്പേ അങ്ങനെ കുടിക്കാതെ, ഞാൻ ഗ്ലാസ്സിലൊഴിച്ചു തരാം ".
"ഊം.. ഗുഡ്. ഇന്ന് എല്ലാം അച്ചാമ്മയുടെ ഇഷ്ടം ".
ചായ്‌പ്പിലേക്ക് ചെന്ന് സായിപ്പിന്റെ കയ്യിൽ നിന്നും വാങ്ങിയ ബോട്ടിൽ തുറന്ന് റം അച്ചാമ്മ സ്റ്റീൽ ഗ്ലാസ്സിലേക്ക് ഒഴിച്ചു. അപ്പോൾ തോന്നിയ ബുദ്ധിയിൽ വാഴക്ക് ഇടാൻ വെച്ചിരുന്നതിൽ നിന്നും അൽപ്പം കുരുടാനും കൂടെ ഇട്ടു കലക്കി.
പുരയിടത്തിനു താഴെയുള്ള ഓലിയിൽനിന്നും വെള്ളം കോരി അച്ചാമ്മ തലയിലേക്ക് ഒഴിച്ചു കൊണ്ടിരുന്നു. ഇട്ടിരുന്ന ചട്ടയും, മുണ്ടും നനഞ്ഞു കുതിർന്നെങ്കിലും ഉള്ളിലേ ചൂട് കുറയുന്നില്ലന്ന് അച്ചാമ്മക്ക് തോന്നി.
കുളിച്ചിട്ടു വരാമെന്നു പറഞ്ഞാണ് സായിപ്പിന്റെ മുന്നിൽ നിന്നും പോന്നത്. കുരുടാൻ ഇട്ട കള്ള് അയാൾ കുടിച്ചുകാണുമോ? കുടിച്ചാൽ താൻ ചെല്ലുമ്പോഴേക്കും സായിപ്പ് മരിച്ചിട്ടുണ്ടാവും.എങ്കിൽ താമസിയാതെ പോലീസ് തന്നെ പിടിക്കും. ഇതൊക്കെ അറിയുമ്പോൾ ഇട്ടിരയും, മക്കളും തന്നെ വെറുക്കുമായിരിക്കും.സായിപ്പിന് വഴങ്ങേണ്ടി വന്നിരുന്നെങ്കിൽ താൻ പിന്നെ ജീവിച്ചിരിക്കുമായിരുന്നില്ല. അതിലും നല്ലത് ഇപ്പോൾ ചെയ്തതാണന്ന് അച്ചാമ്മ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു.
സമയം പോകുന്തോറും അച്ചാമ്മയുടെ ഉള്ളിൽ ആധി കൂടി.മഴ വീണ്ടും അലച്ചു പെയ്യാൻ തുടങ്ങി.മക്കൾ സ്കൂളിൽ നിന്നും വരാറാകുന്നു.അതിന് മുൻപ് എന്തെങ്കിലും ചെയ്യണം. അച്ചാമ്മ പുരയിടത്തിലേക്ക് പതിയെ ചെന്നു.പുറത്ത് നിന്നുകൊണ്ട് അച്ചാമ്മ നോക്കുമ്പോൾ സായിപ്പ് ഇരുന്നിരുന്ന ബെഞ്ച്‌ ശൂന്യം. ചങ്കിടിപ്പോട അകത്തേക്ക് കാലുകൾ വെച്ചു. ഉള്ളിലൊന്നും സായിപ്പ് ഇല്ല. സ്റ്റീൽ ഗ്ലാസ്‌ കാലിയായി നിലത്ത് കിടപ്പുണ്ട്. അയാൾ
രക്ഷപ്പെട്ടു കാണുമോ? അച്ചാമ്മ പുറത്തേക്കു ഇറങ്ങി. മുറ്റത്ത്‌ സായിപ്പിന്റെ ഒരു ചെരുപ്പ് കിടക്കുന്നു. പതിയെ മുറ്റത്തുനിന്നും കുറച്ച് താഴേക്ക് ഇറങ്ങിയ അച്ചാമ്മ പെട്ടന്ന് നിന്നു.
ഇടവഴിയിൽ അനക്കമില്ലാതെ സായിപ്പ് കിടക്കുന്നു.രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ ഇവിടെ വരെ എത്തിയതാവും.മുഖത്തും, കയ്യിലുമൊക്കെയുള്ള മുറിവുകളിൽ നിന്നും വരുന്ന ചോര മഴവെള്ളത്തിൽ അലിഞ്ഞൊഴുകുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ, സായിപ്പിന്റെ അടുത്തേക്ക് പോകാൻ മടിച്ച് അച്ചാമ്മ നിന്നു.
പെട്ടന്ന് മഴയുടെ ശക്തി കൂടി.ഉള്ളിൽ ധൈര്യം സംഭരിച്ചു അച്ചാമ്മ സായിപ്പിന്റെ കാലുകളിൽ പിടിച്ചു വലിച്ചു.കുറച്ചധികം പരിശ്രമത്തിനു ശേഷം പറമ്പിന്റെ കുറച്ച് ഉള്ളിലേക്ക് സായിപ്പിനെ വലിച്ചിട്ടു.കുറേ വാഴക്കച്ചകൾ വലിച്ച് പറിച്ച് ജീവൻ പോയ ആ ശരീരത്തെ മറച്ചു. ശക്തമായ മഴത്തുള്ളികൾ ദേഹത്തു പതിക്കുമ്പോഴും മനസ്സും, ശരീരവും ഒരുപോലെ പൊള്ളുന്നുണ്ടന്ന് അച്ചാമ്മക്ക് തോന്നി.
അന്ന് രാത്രി ഏറെ വൈകിയിട്ടും അച്ചാമ്മക്ക് ഉറക്കം വന്നില്ല. മക്കളേ മാറി, മാറി കെട്ടിപ്പുണർന്നു അച്ചാമ്മ നെഞ്ചുരുകി കരഞ്ഞു.ഇട്ടിര തിരിച്ചുവരുന്നതിനു മുൻപേ പോലീസ് തന്നെ കൊണ്ടുപോകുമെന്ന് അവൾക്ക് തോന്നി.
ആ രാത്രി പ്രകൃതി കലിതുള്ളുകയായിരുന്നു. ശക്തമായ മഴയിൽ മണ്ണിടിഞ്ഞും, മരങ്ങൾ കടപുഴകിയും മാട്ടുപ്പെട്ടിയിൽ രണ്ട് മലകൾ ചേരുന്നിടത് ഒരു ബണ്ട് തനിയേ രൂപം കൊണ്ടു.
171.2 ഇഞ്ചളവിൽ രാവും, പകലും പെരുമഴ പെയ്തപ്പോൾ പലയിടത്തും ഉരുൾ പൊട്ടലുണ്ടായി. ഒഴുകി വന്ന മണ്ണും, വെള്ളവും താങ്ങാനാവാതെ ബണ്ട് പൊട്ടി വെള്ളം കുത്തിയൊലിച്ചു. മുന്നിൽ കണ്ടതൊക്കെ കടപുഴക്കി മുന്നേറിയ വെള്ളപ്പാച്ചിലിൽ സമുദ്ര നിരപ്പിൽ നിന്നും ആറായിരം അടി ഉയരത്തിലുള്ള മൂന്നാർ പട്ടണം തകർന്നു തരിപ്പണം ആയി. മൂന്നാറിന്റെ അഭിമാനം ആയിരുന്ന കുണ്ടള വാലി റയിൽവേ പൂർണ്ണമായും നശിച്ചു. റോഡുകൾ മിക്കതും ഒലിച്ചു പോയി. ഉയർന്ന പ്രദേശങ്ങളൊഴികെ സർവ്വവും വെള്ളം മൂടി.
--------------------------------------------------
ഒരാഴ്ച്ച കഴിഞ്ഞപ്പോൾ വെള്ളം പതിയെ ഇറങ്ങിത്തുടങ്ങി. പുരയിടത്തിനു തൊട്ട് താഴെ വരെ വെള്ളം പൊങ്ങിയതിനാൽ അച്ചാമ്മ മക്കളുമായി പുരക്കുള്ളിൽ തന്നെ കഴിച്ചുകൂട്ടുവായിരുന്നു. ഇട്ടിരയേപ്പറ്റി ഒരു വിവരവും ഇല്ല.പോലീസ് ഏത് നിമിഷവും കടന്നു വരാം.
കുന്നിൻ ചെരുവിലെ നായികയുടെ മനസ്സിൽ ഭയാശങ്കകൾ നിറയുമ്പോൾ താഴെ മൂന്നാർ പട്ടണത്തിൽ കണക്കെടുക്കാനാവാത്തപോലെ മൃതശരീരങ്ങൾ ഒഴുകിനടന്നു. അതിലൊന്ന് അഴുകി തുടങ്ങിയ കേപ് ക്ലീൻ
സായിപ്പിന്റേതായിരുന്നു.
(അവസാനിച്ചു )
Written By : Bins Thomas.

Comments


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot