Slider

ഡ്രൈവർ ദാസനും കണ്ടക്ടർ വിജയനും

1
 

യാത്രക്കാർ ഇറങ്ങിയപ്പോൾ കണ്ടക്ടർ വിജയൻ ഡബിൾ ബല്ലടിച്ചു .... ഡ്രൈവർ ദാസൻ വണ്ടി മുൻപോട്ടെടുത്തു.... വാട്സപ്പിൽ മെസ്സജ് വന്ന ശബ്ദം കേട്ട് ദാസൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ കയ്യിലെടുത്തു ....
"അച്ഛാ എനിക്ക് IAS സെലക്ഷൻ കിട്ടി ... റാങ്ക് ലിസ്റ്റിൽ ഉണ്ട് ... അച്ഛൻ വേഗം വീട്ടിലേക്ക് വാ"
മകൻ ഹരികൃഷ്ണന്റെ മെസ്സജ് വന്നതും ദാസന് വിശ്വസിക്കാനായില്ല. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു
" വിജയാ ടാ വിജയാ " സന്തോഷം കൊണ്ടയാൾ ഉറക്കെവിളിച്ചു ... വിജയനെ കാണാതായപ്പോൾ
പിറകിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു
" ടാ വിജയാ മ്മടെ ഹരികൃഷ്ണന് IAS കിട്ടി ....നീ അറിഞ്ഞാ....''
"ങ്ങടെ ഒരു സ്വപ്നം ആയിരുന്നില്ലെ ദാസേട്ടാ അത്.... സന്തോഷായിട്ടാ .."
കമ്പിയിൽ പിടിച്ച് മുന്നോട്ട് നടന്നുനീങ്ങി ദാസന്റെ അരികിലെത്തിയ വിജയൻ പെട്ടെന്നാണ് അത് കണ്ടത്
" ദാസേട്ടാ ചെക്കന്മാര് ബൈക്കില് ... റോങ്ങ് സൈഡാ .... ബ്രേക്ക് ചവിട്ടി ....."
വിജയൻ ഉറക്കെ പറഞ്ഞതും ദാസന്റെ കയ്യിൽ നിന്ന് പാളിപ്പോയ വണ്ടി എതിരെ കയറി വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചതും പെട്ടെന്നായിരുന്നു ... ബൈക്ക് ഓടിച്ചിരുന്ന യുവാവ് ബൈക്കിനോടൊപ്പം റോഡിൽ ഉരുണ്ടു തെന്നിമാറി വീഴുകയും പിറകിലിരുന്ന പയ്യൻ തെറിച്ച് റോഡരികിൽ നിന്ന വലിയ മരത്തിൽ ഇടിച്ച് ചോരയിൽ കുളിച്ച് മണ്ണിൽ ബോധമറ്റ് വീഴുകയും ചെയ്തു ....
ബസ്സ് നിർത്തി ദാസനും വിജയനും ചാടി പുറത്തേക്കിറങ്ങി .... ആൾക്കൂട്ടങ്ങൾക്കിടയിലൂടെ അവർ മുന്നോട്ട് കുതിച്ചു
" ചതിച്ച് ... ദാസേട്ടാ... ഈ വീണ് കിടക്കണത് മ്മടെ മോൻ ഹരികൃഷ്ണനാ ...."
"മോനെ......." ഒരു ഭ്രാന്തനെപ്പോലെ ദാസൻ അലറി
........................
ഒരു വലിയ സദസ്സിന് മുമ്പിൽ ഹരികൃഷ്ണൻ ഒരു കഥ പറയുമ്പോലെ ഇത്രയും പറഞ്ഞ് നിർത്തിയപ്പോൾ സദസ്സ് തികഞ്ഞ നിശബ്ദത പാലിച്ചു കൊണ്ട് കേട്ടുകൊണ്ടിരുന്നു ....
വർഷങ്ങൾ പഴക്കമുള്ള ഗവ ആർട്ട്സ് കോളേജിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പൂർവ്വ വിദ്യാർത്ഥി കൂടിയായ ജില്ലാ കലക്ടർ ഹരികൃഷ്ണൻ ....
ഹരികൃഷ്ണൻ തുടർന്നു
" ഈ ഗവർമ്മണ്ട് കോളേജിന്റെ മുന്നിലുള്ള ജംങ്ക്ഷനിലാണ് അന്ന് വർഷങ്ങൾക്ക് മുൻപ് ആ അപകടം സംഭവിച്ചത് ... രക്തത്തിൽ കുളിച്ചു കിടന്ന ഞാൻ മരിച്ചെന്ന് കരുതി എന്റെ അച്ഛൻ പാവം കുഴഞ്ഞ് വീഴുകയായിരുന്നു ....എന്റെ ....എന്റെ അച്ഛനെ എനിക്ക് .... എനിക്ക് ... എന്നെന്നേക്കുമായി നഷ്ടപെടുകയായിരുന്നു "
ഒന്നു നിർത്തി ഹരികൃഷ്ണൻ തുടർന്നു.....
"എന്റെ അച്ഛനും വർഷങ്ങളായുള്ള ഈ കലാലയ മുത്തശ്ശിയുടെ ഒരു പൂർവ്വവിദ്യാർത്ഥിയായിരുന്നു "
ഹരികൃഷ്ണന്റെ തൊണ്ടയിടറി ... ഒരു നിമിഷം കണ്ണുകളടച്ചു .....
" ഞാൻ അയച്ച ഒരു വാട്സപ്പ് മെസ്സേജാണ് എന്റെ അച്ചന്റെ മരണത്തിന് കാരണമെന്ന ചിന്ത ഇന്നും എന്നെ ശക്തമായി വേട്ടയാടുന്നു .... അന്ന് ഞാനാ മെസ്സെജ് അയച്ചില്ലായിരുന്നെങ്കിൽ ...."
ഹരികൃഷ്ണൻ ഒന്നു വിതുമ്പി ... കണ്ണുകൾ തുടച്ചു ....
" അവസാനമായി എനിക്കൊന്നെ പറയാനുള്ളു ...വിരൽ തുമ്പുകളാൽ നമ്മൾ കുത്തി വിടുന്ന
മെസ്സജുകളേക്കാൾ എത്രയോ വലുതാണ് ജീവിതാനുഭവങ്ങൾ നമുക്ക് തരുന്ന മെസ്സേജുകൾ ... അത് മറക്കരുത് "
സദസ്സ് മുഴുവനായി എഴുന്നേറ്റ് നിന്ന് ഹരികൃഷ്ണന്റെ വാക്കുകൾക്ക് ഒരു നീണ്ട കയ്യടി നൽകിയപ്പോൾ .... ഏറ്റവും പിറകിലായി മറ്റൊരു പൂർവ്വ വിദ്യാർത്ഥിയായ കണ്ടക്ടർ വിജയൻ നിർത്താതെ കയ്യടിച്ചു കൊണ്ടിരിക്കയായിരുന്നു
" ദാസേട്ടാ ങ്ങള് കേട്ടില്ലെ ...മ്മടെ ഹരികൃഷ്ണൻ പ്രസംഗിച്ചത് .... ങ്ങളെ ക്കുറിച്ച് ഓൻ കുറെ പറഞ്ഞ് ... എനിക്ക് ഭയങ്കര സന്തോഷായിട്ടാ .... എത്ര കാലായി ദാസേട്ടാ മ്മള് രണ്ടു പേരും കൂടി ബസ്സോടിച്ചിട്ട് ... ങ്ങള് വണ്ടി എടിക്കീന്ന് ...ഞാൻ ഡബിൾ ബല്ലടിച്ച് ....."
നിർത്താത്ത ആ കയ്യടികൾക്കിടയിലും വിജയന്റെ മനസ്സ് തന്റെ പ്രിയപ്പെട്ട ദാസേട്ടനോട് ഇതെല്ലാം പതിയെ പറയുകയായിരുന്നു ... ....കൂട്ടത്തിൽ വികൃതി കാണിച്ചു പൊട്ടിച്ചിരിച്ചു കൊണ്ട് കൊച്ചു കൊച്ചു കണ്ണീർ കുഞ്ഞു ങ്ങൾ വിജയന്റെ കവിളിലേക്ക് തുരുതുരാ വീണു കൊണ്ടെയിരുന്നു
(അവസാനിച്ചു)
സുരേഷ് മേനോൻ
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo