പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിലെ ന്യൂ ജനറേഷൻ മെമ്പർമാർ പരേതരുടെ ചിത്രങ്ങൾ ഹാരവും പൂക്കളും വച്ച് എഡിറ്റു ചെയ്തു പോസ്റ്റുന്നതിൽ പരസ്പരം മത്സരിച്ചു....
മരിച്ചവർ രണ്ടു പേരും അയൽക്കാരായിരുന്നു....
അവർ സഹ പാഠികളായിരുന്നു, ഒരു കാലം വരെ സതീർഥ്യരായിരുന്നു....
ശേഷം ജീവിതത്തിന്റെ ഏതോ ഒരു കവലയിൽ വച്ച് പിരിഞ്ഞു വ്യത്യസ്ത വഴികളിൽ സഞ്ചരിച്ചവരായിരുന്നു....
ടാറ് പൂശിയ ഒരു നാട്ടിടവഴിയുടെ ഇരു കരകളിലുമായായിരുന്നു അവരുടെ വീടുകൾ....
ആ വീടുകൾക്ക് മുൻപിൽ പരേതരുടെ ചിത്രങ്ങൾ ആദരാഞ്ജലികൾ സഹിതം സ്ഥാപിച്ചിരുന്നു....
ഒന്നാമന്റ വീടിനു മുൻപിൽ വിലകൂടിയ ഷീറ്റിൽ അച്ചടിപ്പിച്ച ഒരു വലിയ ഫ്ലെകസായിയിരുന്നു വച്ചത്....
അതിൽ പരേതന്റെ HD ക്ലാരിറ്റിയുള്ള ഒരു ചിരിക്കുന്ന ചിത്രം ഉൾപ്പെടുത്തിയിരുന്നു....
അടുത്ത കാലത്തെങ്ങോ എടുത്ത ചിത്രമായിരുന്നത് കൊണ്ട് പരേതന് ഒരല്പം നെറ്റി കയറിയതും വണ്ണം കൂടിയതും ചിത്രത്തിൽ പ്രകടമായി കാണാമായിരുന്നു....
രണ്ടാമന്റെ ചിത്രം, ഏതോ പ്രെസ്സിൽ നിന്നും പ്രിന്റ് എടുപ്പിച്ച വില കുറഞ്ഞ കടലാസ് കോപ്പിയായിരുന്നു....
അതൊരു കാർഡ്ബോഡ് ചട്ടയിൽ പതിച്ചു വീടിനു മുന്നിലുള്ള വൈദ്യുത പോസ്റ്റിൽ സ്ഥാപിക്കുകയായിരുന്നു....
പരേതന്റെ നല്ല ഫോട്ടോകൾ ഒന്നും ആരുടേയും കൈവശമില്ലാഞ്ഞതിനാലാവണം, പണ്ടെങ്ങോ എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയിൽ നിന്നും കട്ട് ചെയ്ത് എടുത്തതായിരുന്നു ആ ഫോട്ടോ, അത് കൊണ്ട് തന്നെ ചിത്രത്തിലുള്ള മുഖം അത്ര വ്യക്തമല്ലായിരുന്നു....
ഒന്നാമൻ ഒരു പ്രവാസിയായിരുന്നു....
അയാൾ ഒരതിഥിയായിരുന്നു.... എന്നും എവിടെയും ....
അന്യനാട്ടിലെ പ്രവാസിയായ അതിഥി....
സ്വന്തം നാട്ടിലെ ഇടക്കാല സന്ദരർശകനായ, വര്ഷത്തിലൊരിക്കലോ മറ്റോ എത്തുന്ന അതിഥി....
അങ്ങനെയങ്ങനെ....
രണ്ടാമൻ നാട്ടുകാരൻ ആയിരുന്നു....
അയാൾ ആ നാട്ടിൽ ഇഴുകി ചേർന്നു ജീവിച്ചവനായിരുന്നു....
നാടിന്റെ ഓരോ കോണിലും തനിക്കു അലിഖിതമായ അവകാശമുണ്ടെന്നു വിശ്വസിച്ചവനായിരുന്നു....
സ്വയം കല്പിച്ചെടുത്ത ആ അവകാശം അയാളുടെ സ്വഭാവത്തിന്റെയും ദുരഭിമാനത്തിന്റെയും ഭാഗമായിരുന്നു....
സ്വഭാവ കാര്യത്തിൽ ഒന്നാമൻ ഒരു സാത്വികനായിരുന്നു.....
സാമൂഹിക ജീവിത്തിന്റെ ഗുണ നിലവാരവും ചുറ്റുപാടുകളിലെ ആയാസമില്ലായ്മയും ഒരു പരിധി വരെ തന്റെ സാമൂഹിക ഇടപെടലുകളുമായി നേർ അനുപാദത്തിലാണ് എന്ന് അയാൾ വിശ്വസിച്ചിരുന്നു....
അത് കൊണ്ട് തന്നെ നാട്ടു സഭകളിൽ അയാൾ അഭിപ്രായങ്ങൾ പറയൽ പോലും പൊതുവെ വിരളമായിരുന്നു....
ഇനി ആരെങ്കിലും അയാളോട് എന്തെങ്കിലും കാര്യങ്ങളിൽ അഭിപ്രായം ചോദിച്ചാൽ, തന്റെ അഭിപ്രായത്തിനൊരു എതിർ സ്വരം ഉണ്ടാകാവുന്ന സാഹചര്യം ഉണ്ടെന്ന പക്ഷം, അയാൾ തന്റെ മറുപടി ഒന്നോ രണ്ടോ മൂളലുകളിലോ ഒരു ചിരിയിലോ മറ്റോ ഒതുക്കാറായിരുന്നു പതിവ്....
രണ്ടാമൻ ഉപചാരങ്ങളിൽ വിശ്വസിക്കാത്തവനും മര്യാദകളെ പറ്റി ചിന്തിക്കാത്തവനുമായിരുന്നു....
തന്റെ നാട്ടിൽ എവിടെയും ഏത് വിധേനയുമുള്ള ഇടപെടലുകളും നടത്താനുള്ള അവകാശം തന്നിൽ നിക്ഷിപ്തമാണെന്ന് അയാൾ ഉറച്ചു വിശ്വസിച്ചിരുന്നു....
അത് കൊണ്ട് തന്നെ, ആരെങ്കിലും അയാളോട് അഭിപ്രായം ചോദിച്ചാലും ഇല്ലെങ്കിലും, പറയേണ്ടതാണ് എന്ന് തോന്നുന്നിടത്തു കയറി അഭിപ്രായം പറയാൻ അയാൾ ഒരിക്കലും മടിച്ചിരുന്നില്ല, ആ അഭിപ്രായം ആരെയെങ്കിലും മുഷിപ്പിച്ചേക്കുമോ എന്ന കാര്യത്തെ പറ്റി അയാൾ ഒരിക്കൽ പോലും ആകുലനും ആയിരുന്നില്ല
നാട്ടുകാരിൽ ഏറിയ പങ്കും അന്നേ ദിവസം ഇരു ഭവനങ്ങളിലും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു....
അവർ ഒന്നാമന്റെ വീട് സന്ദർശിച്ച വേളയിൽ, 'മാന്യൻ'.... 'നല്ലവൻ'.... 'കഷ്ടം'.... തുടങ്ങിയ അർഥങ്ങൾ രത്നച്ചുരുക്കമായി വരുന്ന ചെറു വാചകങ്ങൾ മൃത ദേഹത്തിൽ നോക്കി ഔപചാരികതയ്ക്കെന്ന വണ്ണം പറഞ്ഞൊപ്പിച്ചു....
ശേഷം അവർ രണ്ടാമന്റെ ഗൃഹം സന്ദർശിച്ചു....
രണ്ടാമന്റെ ചേതനയറ്റ ശരീരം നോക്കി അവർ ഔപചാരികതയ്ക്കായി ഒന്നും പറഞ്ഞില്ല....
പക്ഷെ ഉള്ളിൽ നിന്നെവിടെയോ ഉറവെടുത്ത, കറയറ്റ വേദനയുടെ ഒരു ലാഞ്ചന അവരുടെ കണ്ണുകളിൽ നിഴലിക്കുന്നുണ്ടായിരുന്നു....
കൂറ്റൻ കന്മതിലും നീണ്ട നടവഴിയുമുള്ള ഒരു സൗധമായിരുന്നു ഒന്നാമന്റെ വീട്....
അവിടെ നിന്നും ഏതെങ്കിലും തരത്തിലുള്ള ശബ്ദത്തിന്റെ അലയൊലികൾ പോലും വളരെ വിരളമായി മാത്രമേ പുറമെ കേൾക്കാറുള്ളുവായിരുന്നു....
പാതി മാത്രം തേച്ച ചുവരുകളുള്ള, പൊട്ടിയ ഓടുകളുള്ള രണ്ടാമന്റെ വീട്ടിൽ നിന്നും പൊട്ടിച്ചിരികളും, ആക്രോശങ്ങളും, കരച്ചിലുകളും പുറത്തു കേൾക്കുന്നത് ഒട്ടും പുതുമയുള്ള ഒരു കാര്യമേ ആയിരുന്നില്ല....
ഒന്നാമന്റെ വീടിന്റെ പിന്നാമ്പുറത്തു, "അനുശോചനമറിയിക്കാൻ" വരുന്നവർക്കായി, രഹസ്യമായി മദ്യപാന സൗകര്യമൊരുക്കിയിരുന്നു....
മാന്യന്മാരായെത്തി ഒളിച്ചും പത്തും രണ്ടെണ്ണം അടിച്ചു മാന്യന്മാരായി തന്നെ പലരും അവിടെ നിന്നും വിട കൊണ്ടു ....
രണ്ടാമന്റെ വീട്ടിലാകട്ടെ, മുൻവശത്തായി സാമാന്യം പരസ്യമായിട്ടുള്ള രീതിയിൽ തന്നെയായിരുന്നു മദ്യപാന സദസ്സ് അരങ്ങേറിക്കൊണ്ടിരുന്നത്....
ഉച്ചത്തിൽ സംസാരിച്ചും പൊട്ടിക്കരഞ്ഞും മൂക്ക് ചീറ്റിയും ചിലർ അവിടെയിരുന്നു ദുഃഖം പുറത്തേക്കൊഴുക്കികൊണ്ടേയിരുന്നു....
ആയുസ്സൊടുങ്ങിയതിന് ശേഷമുള്ള ഒരു പകൽ ശിഷ്ട ജന മധ്യത്തിലായി ആ രണ്ടു ഭൗതിക ദേഹങ്ങളും അങ്ങനെയൊക്കെ തള്ളി നീക്കി....
ഒടുവിൽ വരാനുള്ളവരെല്ലാം വന്നു കഴിഞ്ഞപ്പോൾ.... കാണാനുള്ളവരെല്ലാം കണ്ടു കഴിഞ്ഞപ്പോൾ.... ഇരുവർക്കും തെക്കോട്ടുള്ള അന്തിമ യാത്രയ്ക്ക് ആരംഭമായി.....
ദിവസത്തിന്റെ അന്ത്യമടുത്ത ആ യാമത്തിൽ പകൽ വെളിച്ചവും സ്വർണ നിറത്തിൽ പടിഞ്ഞാറോട്ടുള്ള യാത്ര ആരംഭിച്ചിരുന്നു....
രണ്ടു ശവമഞ്ചങ്ങളും വഹിച്ചുള്ള യാത്ര ആരംഭിച്ചതും ഏതാണ്ടൊരേ സമയത്തായിരുന്നു....
വേണ്ടപ്പെട്ടവരുടെയും, നാട്ടുകാരുടെയും മറ്റും അകമ്പടിയോടെ ആ രണ്ടു പേരും അവരുടെ യാത്രയുടെ അവസാന ബിന്ദുവിൽ എത്തി നിന്നു....
പതിയെ.... വളരെ പതിയെ.... അടുത്തടുത്തായുള്ള ചുടലപ്പറമ്പുകളിൽ രണ്ടു പേരുടെയും ചിതകൾ എരിഞ്ഞു തുടങ്ങി....
മൗനവും വേദനയും തേങ്ങലുകളും നിറഞ്ഞ ഖനമേറിയ അന്തരീക്ഷം അവിടെ കുറച്ചു നേരം തളം കെട്ടി നിന്നു....
ചിതകൾ കത്തി തുടങ്ങി കുറച്ചു നേരമായപ്പോളേക്കും കൂടെ വന്നവർ പലവഴികളിലായി നീങ്ങി തുടങ്ങി....
ചുടലപ്പറമ്പിൽ കുടുംബക്കാരും വേണ്ടപ്പെട്ടവരും മാത്രമായി....
ഇരു ചുടലകളിൽ നിന്നും ഉയർന്ന ധൂമ പടലങ്ങൾ അപ്പോഴേക്കും മുകളിലേക്കുയർന്നു തുടങ്ങിയിരുന്നു....
കുറെ മുകളിലെത്തിയപ്പോൾ അവ പരസ്പരം ആലിംഗനം ചെയ്തു തുടങ്ങി, ശേഷം വേർതിരിച്ചറിയാൻ കഴിയാത്ത വിധം ഒന്നായി വീണ്ടും മുകളിലേക്കുയർന്നു....
വീണ്ടും വീണ്ടും ആലിംഗനം ചെയ്ത് ഇഴ പിരിയാനാവാത്ത വിധം ഒന്നായി അവർ മുകളിലേക്കുള്ള യാത്ര തുടർന്നു....
കാപട്യങ്ങളില്ലാതെ.... വേഷങ്ങളും ചമയങ്ങളും ഇല്ലാതെ....പഴയ പോലെ.... കൂട്ടുകാരായ്.... സ്നേഹിതരായി.... സതീർഥ്യരായി....
രാഹുൽ വി ആർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക