നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മായിടെ അച്ചാറുകുപ്പി

 


അലാറമടിക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് സൈനബ ഉറക്കിൽ നിന്നെണീച്ചത്. കണ്ണുതുറന്നു നോക്കുമ്പോൾ ഭിത്തിയിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന "ലാഇലാഹ ഇള്ളല്ലാഹ്" എന്ന ചിത്രത്തിലും. "ഭാഗ്യം" കറങ്ങുന്ന ഫാൻ കണ്ടില്ല.. ഫാൻ വല്ലോം കണ്ടായിരുന്നെങ്കിൽ ഇന്നത്തെ ദിവസം മൊത്തം കറങ്ങിയേനെ.. ഒന്നു കണ്ടതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. മനസ്സിലോർത്തുകൊണ്ട് ബെഡിൽ നിന്നെണീച്ചു.

കട്ടിലിന്റെ കാലിൽ തലകീഴായി കമിഴ്ന്നും ചെരിഞ്ഞും കിടക്കുന്ന ചെരിപ്പ് നേരെയാക്കി കാലിലിട്ടു ബാത്ത്റൂമിലേയ്ക്ക്. പല്ല് തേപ്പും, കുളിയുംകഴിഞ്ഞ് റൂമിലെത്തി ജപവും, ഓത്തും, ബൈത്തും ഓതിത്തീർത്ത്, മുസല്ല മടക്കി ബെർത്തിൽ വെച്ച് തിരിഞ്ഞു നോക്കുമ്പോൾ കെട്ട്യോനും മക്കളും കൂർക്കം വലിച്ചുറങ്ങുന്നു. ചെറു ചിരിയിൽ കലർന്ന ദേഷ്യത്തോടെ കെട്ട്യോന്റെ പള്ളയ്ക്കൊരു കുത്ത് കൊടുത്തുകൊണ്ടുതന്നെ വിളിച്ചു.
“ദേ മനുഷ്യാ സമയം 5 മണിയായി എണീച്ച് പല്ല് തേച്ച് നിസ്ക്കരിച്ചേ”
ഉറക്കച്ചടവോടെ ബ്ലാങ്കറ്റ് മാറ്റതെതന്നെ ബെഡിൽ ഇരുന്നു. ബ്ലാങ്കറ്റിന്റെ അടിയിൽ ഉടുതുണി പരതുമ്പോഴും അയാൾ സൈനബിനെ നോക്കിക്കൊണ്ട്
"എടീ കുറച്ചു കഴിയട്ടെ"
"കോപ്പ്, ഞാനിവിടെ ഓരോരോ പണിയെടുത്ത് നടുവൊടിയാറായി"
“എന്ത് പണിയാണ്.. അതൊക്കെ പ്രകൃതി സഹജമല്ലേ”
“ദേ മനുഷ്യാ ഈ വെളുപ്പാൻ കാലത്ത് ന്നെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കണ്ടാ”
“ഹെന്ത്”
“എന്ത് ഉണ്ടംപൊരിയായാലും കുഴപ്പമില്ല വേം എണീച്ച് കുളിച്ച് നിസ്കരിക്കാൻ നോക്കിൻ”
“ഓഹ് ശരി മാഡം”
അത്രയും പറഞ്ഞവൾ തിരിഞ്ഞു നോക്കുമ്പോൾ മൂത്തമകൾ മുട്ടുവരെ പാവാടയും കയറി തൊള്ളേം തുറന്ന് തേനും ഒലിപ്പിച്ച് കിടന്നുറങ്ങുന്നു. ദേഷ്യമങ്ങ് അരിച്ചിറങ്ങിയപ്പോൾ ഒന്നും നോക്കാതെ ചന്തിനോക്കിയൊരു ചവിട്ട്, മകൾ ചാടിയെണിച്ച്‌ ദയനീയ ഭാവത്തോടെ ഉമ്മയെ നോക്കി
“എന്താണുമ്മ”
“എടീ ചീനു നീ തൊള്ളേം തുറന്ന് ഉറങ്ങാതെ എണീറ്റ് പോയി നിസ്ക്കാരിക്കാൻ നോക്കി”
“കുറച്ച് നേരം കൂടി ഉറങ്ങട്ടെ
ഉമ്മ
ാ”
“ചീനു നീ തല്ലുവാങ്ങാതെ പോയി നിസ്ക്കാരിക്കാൻ നോക്ക്. സുബഹി നിസ്ക്കാരിക്കാതെ ഉറങ്ങുന്നവരുടെ ദേഹത്ത് ഇബ്ലീസ് ഉറങ്ങുമെന്നാ നിന്റെ ഇമ്മാമ്മ പറയാറ്”
“അതിന് ഇമ്മാമ്മ ഇബ്ലീസിന്റെ കൂടെയായിരുന്നോ”
“ഡീ.. നീ ബഷ്‌ളത്തരം പറയാതെ പോയി നിസ്‌ക്കരിക്കിൻ. പണ്ടും ഞാൻ നിന്നെപ്പോലെയായിരുന്നു. ഇപ്പൊ അനുഭവിക്കുന്നത് കണ്ടോ?”
“ഹോ ഈ ഇമ്മ”
"തൊട്ടതിനും പിടിച്ചതിനും കുറ്റം, ഫാൻ ക്ലീൻ ചെയ്തില്ല കർട്ടൻ അലക്കിയില്ല, മൊബൈലിൽ ചാർജ് ഇല്ലാത്തതിന് വരെ കുറ്റം".
“ഇതൊക്കെ എന്തിനാ ന്നോട് പറയണേ”
"നീ അറിയാൻ വേണ്ടി.. ഇതൊക്കെ ശീലമാകാൻ വേണ്ടി"
'ന്റെ മോള് പല്ല് തേച്ച് വുളുഹ് എടുത്ത് നിസ്ക്കരിക്ക്"
“ഹാ”
“ചെല്ല് മുത്തുമണിയെ”
മകളെ നിസ്ക്കരിക്കാൻ പറഞ്ഞയച്ച് നേരെ അടുക്കളയിലേയ്ക്ക്, അപ്പോഴേയ്ക്കും
ഉമ്മ
അടുക്കളയിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. പടച്ചോനെ പണി പാളി.
"പടച്ചവനേ.. നിന്റെ വാക്കിന് വ്യവസ്തയില്ലാത്തവനാണോ നീ"
പറഞ്ഞു തീരും മുന്നേയവൾ മാപ്പിരന്നു..
"അസ്തഗ്ഫിറുല്ലാഹ്.. യാ അല്ലാഹ് മാപ്പാക്കണം ഇന്റെ സങ്കടംകൊണ്ട് പറഞ്ഞതാണ്"
ആദ്യമൊന്ന് സങ്കടപ്പെടുത്തിയാലും രണ്ടാമത് സന്തോഷം തരുന്നവനല്ലോ പടച്ചോൻ രണ്ടും കൽപ്പിച്ച് അടുക്കളയിലേയ്ക്ക് കയറി. ഇമ്മ ഒന്നുനോക്കി പിന്നെയൊന്നും മിണ്ടിയില്ലാ. സമാധാനം. ചായ ഉണ്ടാക്കിയപ്പോൾ ഒരു ഗ്ലാസ് എനിക്കും തന്നു. ഇന്നെന്തോ ഇമ്മ നല്ല മൂഡിലാണ്.. വല്യ പ്രശ്നമില്ല. ഇക്ക നിസ്ക്കാരം കഴിഞ്ഞു വരുമ്പോൾ ഒരു ഗ്ലാസ് കട്ടൻ ചായ പതിവാണ്. സ്റ്റൗവിൽ ഉണ്ടായിരുന്ന സ്റ്റീൽ പാത്രത്തിൽ നോക്കിയപ്പോൾ ചായ ബാക്കിയുണ്ട് പഞ്ചസാരയിട്ട് ഗ്ലാസിലേയ്ക്ക് പകർത്തി അതുമെടുത്ത് ഇക്കയുടെ അടുത്തെത്തിയപ്പോൾ ഖുർആൻ ഓതുന്നു. "യാസീൻ" ആണ് ഒതുന്നത്. ചായ കട്ടിലിന്റെ സൈഡിൽ വെയ്ക്കാൻ ആംഗ്യം കാണിച്ചു. ചായ ഗ്ലാസ് സൈഡിൽ വെച്ച് നേരെ അടുക്കളയിലേക്ക്.
ഉമ്മ
അടുക്കളയിൽത്തന്നെയുണ്ട്. അരിപ്പൊടി നനയ്ക്കുന്നു. പുട്ടാണെന്ന് തോന്നുന്നു. നേരെ നോക്കി കടലക്കറിയുണ്ടാക്കാൻ പറഞ്ഞു. കറിയ്ക്ക് ഉള്ളി തൊലിക്കുമ്പോൾ ഉമ്മയുടെ അപ്രതീക്ഷിത ചോദ്യം?
"കുറേ നാളായില്ലേ നീ വീട്ടിൽ പോയിട്ട്"
പ്രതീക്ഷിക്കാതെയുള്ള ചോദ്യത്തിൽ ആശ്ചര്യത്തോടെ നിന്നപ്പോൾ ഉമ്മയുടെ രണ്ടാമത്തെ ചോദ്യം?
“ഡീ സൈനു പറഞ്ഞത് കേട്ടില്ലേ വീട്ടിൽ പോകുന്നെങ്കിൽ പൊയ്ക്കോളാൻ”
കേട്ടപാതി കേൾക്കാത്ത പാതി അവൾ മറുപടി പറഞ്ഞു.
"അതിന് ഇക്ക സമ്മതിക്കില്ല ഇമ്മാ"
“നീ പൊയ്ക്കോ ഞാനവനോട് പറഞ്ഞോളാ ചീനുനേം കൂട്ടിക്കോ”
“കൊണ്ടൊയാക്കാൻ ഇക്ക വരുമോ ഇമ്മാ”
“അത് അവനോട് ചോദിക്ക്”
നേരെ സിറ്റൗട്ടിലിരുന്ന് പത്രം അരിച്ചുപെറുക്കി വായിക്കുന്ന കേട്ട്യോന്റെ അടുത്തേയ്ക്ക്
“ഇക്കാ ന്നോട് ഇമ്മ ന്റെ വീട്ടിൽ പോയ്ക്കോളാൻ പറഞ്ഞു ഞാൻ പൊയ്ക്കോട്ടെ.. കൊണ്ടൊയാക്കാൻ ഇക്ക വരുമോ”
"ഹാ പൊയ്ക്കോ.. ഒരു ഓട്ടോ വിളിച്ചോ? എനിക്ക് ഇന്ന് പണിയുണ്ട്"
ഓട്ടോയിൽ അല്ല വേണമെങ്കിൽ ലോറിയിലും പോകാം വിട്ടാൽ മതി മനസിലോർത്തു..
“അല്ലാ.. ഇന്ന് നിനക്ക് സ്കൂളിൽ പഠിപ്പിക്കാൻ പോകണ്ടേ”
“അത് പ്രശ്നമില്ല ഇക്കാ ഫോൺ ചെയ്ത് പറഞ്ഞാൽ മതി”
“ശരി അതുപോട്ടെ എത്ര ദിവസം നിൽക്കാനാ മോളുടേം
ഉമ്മ
േടേം പ്ലാൻ”
"ഒരു രണ്ടാഴ്ച്ച"
“രണ്ടാഴ്ചയോ? അതൊന്നും പറ്റില്ല ഒരാഴ്ച്ച നിന്നോ”
ഹാ.. ശരി.
സമ്മതവും കിട്ടി നേരെ അടുക്കളയിലേക്ക്. ഇന്ന് എല്ലാ പണികളും ഞാൻ തന്നെ ചെയ്യാം ഇമ്മായ്ക്ക് റെസ്റ്റ്.. സന്തോഷമാണോ സങ്കടമാണോ എന്നൊന്നൊന്നും ഒരു പിടുത്താവുമില്ല യാന്ത്രികമായി നല്ലയൊഴുക്കോടെ എല്ലാ പണികളും ചെയ്തു തീർക്കുമ്പോഴും മകളോട് കോട്ടൻപർദ്ദ ഇസ്തിരിയിടാൻ ആജ്ഞാപിച്ചു. കൂടെ ഒരാഴ്ച്ചത്തേയ്ക്കുള്ള ഡ്രെസ്സ് ബാഗിലാക്കാനും പറഞ്ഞ് വീണ്ടും അടുക്കളയിലേക്ക്.
തീരാത്ത പണികൾ എല്ലാം പെട്ടന്ന് തീർത്ത് കുളിക്കാൻ ബാത്ത്റൂമിൽ കയറി കുളിച്ചു പുറത്തിറങ്ങി. ഡ്രെസ്സ് മാറ്റുന്നതിനിടയിൽ കേട്ട്യോൻ സലാം പറഞ്ഞിറങ്ങുന്നത് ജനാലയുടെ കർട്ടന്റെ മൂല കുറച്ചുമാറ്റി നോക്കിനിന്നു. മോളുടെ ഡ്രെസ്സ് മാറ്റി അവളും വന്നു.
“ഇമ്മ ഇതുവരെ ഒരുങ്ങിയില്ലേ”
“ഇജ്ജ് ബേജാറാവല്ലേ ചീനു.. യ്ക്ക് ഈ പർദ്ദയുടെ ബട്ടൻ മാത്രമേ ഇടാനുള്ളൂ”
“വേഗാവട്ടെ ഇമ്മ.. മാജിക്കാടെ ഓട്ടോ വിളിച്ചിട്ടുണ്ട്”
“ആരുടെ ആ വായ് നോക്കിയുടെയോ”
“അതേ.. ഇമ്മയുടെ ആദ്യ കാമുകന്റെ”
“ചീനു നീ ന്റെന്ന് വാങ്ങിക്കും.. ഇതാ പറയുന്നേ ഉപ്പാടേം മോളുടേംടുത്ത് ഒരു കാര്യോം പറയാൻ പറ്റില്ലെന്ന്.”
“ഇഞ്ഞി കളിയാക്കില്ല ഇമ്മാ ഇഞ്ഞി അടുത്ത വെള്ളിയാഴ്ച്ചയേ കളിയാക്കൂ.”
“പോടീ ആട്ന്ന്”
വീടിന്റെ മുൻവശത്ത് ഹോണടിക്കുന്നത് കേട്ടുകൊണ്ടാണ് അവർ മുൻവശത്തേയ്ക്ക് വന്നത്. കൂടെ ഇമ്മയും
"ഇമ്മാ പോയിവരാം"
"ചീനു ഇമ്മാമ്മയോട് സലാം പറ"
“അസ്സലാമു അലൈക്കും ഇമ്മാമ്മ”
“വ അലൈക്കും സലാം വാഹമാതുള്ളാഹി ബറക്കാത്തുഹൂ”
അവർ ഓട്ടോയിൽ കയറി ഉമ്മയുടെ നേരെ നോക്കി. ചെറിയ വിഷമമുണ്ടെന്ന് തോന്നുന്നു. ഒന്നിന് ഒന്ന് കുറ്റം പറയുമെങ്കിലും, ഇമ്മ പാവമാണ്. അപ്പോഴേയ്ക്കും ഓട്ടോ ഗേറ്റും കടന്ന് പോയിരുന്നു.
ഇക്കയുടെ വീട്ടീന്ന് 40 കിലോമീറ്റർ ഉള്ളുവെങ്കിലും സ്വന്തം വീട്ടിലേയ്ക്ക് പോകുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കാൻ വയ്യ.. അത്രയ്ക്കും മനഃസുഖം ഓരോ പെണ്ണും അനുഭവിക്കുന്നുണ്ടാകും. സ്വന്തം വീട് കുടി, നാട്ടുകാർ വീട്ടുകാർ, അങ്ങാടി എന്നുവേണ്ട സകലതും മനസിലോടിയെത്തി. പുറത്തേയ്ക്ക് കണ്ണുകളോടിച്ചുനോക്കിയപ്പോൾ കിലോമീറ്ററുകൾ താണ്ടിയതറിഞ്ഞില്ല അടുത്ത ജംഗ്ഷൻ മുതൽ കൈപൊക്കി കാണിക്കേണ്ടി വരും ആണ്ടിലും, കൊല്ലത്തിലും വരുന്ന രാഷ്ട്രീയക്കാരെപ്പോലെ.
ആദ്യം കണ്ടത് വീടിന്റെ അയല്പക്കമായ മൊയ്‌തുക്കയെയാണ് അപ്പോത്തന്നെ കൈപൊക്കി.. മൂന്ന് നാല് പേരായപ്പോൾ പതിയെ പുറകിലേയ്ക്ക് വലിഞ്ഞു.. എന്തൊയൊരു വിമ്മിട്ടം പോലെ. വീട്ടിലേയ്ക്കുള്ള വഴി ഡ്രൈവർക്ക് അറിയാമായതുകൊണ്ട് വഴി പറഞ്ഞു കൊടുക്കേണ്ട അവശ്യമുണ്ടായില്ല.
കാമുകൻ മ്മളേം തേച്ചൊട്ടിച്ച് പോകുമ്പോൾ, കെട്ടിയ ഭർത്താവിന്റെ കുട്ടികളെ കാമുകൻ കാൺകേ കൈയിൽ പിടിച്ചുനടക്കുന്ന പ്രായമായൊരു കുട്ടിയേയും, ഒക്കത്ത് ഒരു കുട്ടിയേയും ഇരുത്തി, കാമുകന്റെതന്നെ, ഓട്ടോയും വിളിച്ച് മ്മടെ വീട്ടിലേയ്ക്ക് പോകുന്ന സുഖം ഒന്നു വേറെയാണ്. അത് പറഞ്ഞാൽ മനസിലാകില്ല.
ഓട്ടോ നേരേവീട്ടിൽ എത്തിയപ്പോൾ ഇമ്മയും ഉപ്പയും ഗേറ്റിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഓട്ടോ ഡ്രൈവറായ തേപ്പ് കാമുകനെ വീട്ടിലേയ്ക്ക് ക്ഷണിക്കാതെയും ഒക്കത്തും, പ്രായപൂർത്തിയായ ചീനുനേം കാണിച്ച് ഓട്ടോയുടെ കൂലിയും കൊടുത്ത് പറഞ്ഞയച്ച് പ്രതികാരം ചെയ്തു. കാര്യം മനസിലായി ചീനു ഇമ്മയും ഉപ്പയും നോക്കി നിൽക്കെ ഒരൊന്നൊന്നര കമന്റ്..
"ഇമ്മ പ്രതികാരം ചെയ്തുവല്ലേ"
"അതേ ചെയ്തു.. അവസരം കിട്ടുമ്പോഴൊക്കെ ചെയ്യും"
പിന്നെയൊരു ചിരിയായിരുന്നു എല്ലാവരും. "കുട്ടിയാകേ മെലിഞ്ഞു പോയി" എന്ന സ്ഥിരം പല്ലവിയോടെയുള്ള കരച്ചിലും കെട്ടിപ്പിടുത്തവും. ഉപ്പ ചെറിയവനെ എടുത്ത് വീട്ടിലേയ്ക്ക് കയറി കൂടെ ഞങ്ങളും. നാട്ടുകാര്യവും വീട്ടുകാര്യവുമെല്ലാം പറഞ്ഞു തീരുന്നില്ല.. ഉമ്മയ്ക്ക് ഇടയ്ക്ക് സങ്കടമൊക്കെ വരുന്നുണ്ട്. "സാരമില്ലുമ്മ".. കെട്ടിച്ചു വിട്ട വീട്ടിൽ അങ്ങനെയൊക്കെ ഉണ്ടാകും. എല്ലാം ശരിയാകും. പക്ഷെ ഇക്കയുടെ ഇമ്മായ്ക്ക് ഇന്നോട് സ്നേഹമൊക്കെയുണ്ട്. പ്രകടിപ്പിക്കുന്നില്ല എന്നുമാത്രം.
ളുഹറും അസറും മഗ്രിബും കഴിഞ്ഞു ഇശാഹ് എത്തി. അത്താഴം കഴിക്കാൻ ഇരുന്നു. ഇമ്മ ഇടയ്ക്കൊക്കെ അവിടെയിവിടെ വേദന എന്നൊക്കെ പറയുന്നുണ്ട്. ഉപ്പയുടെ കാലുവേദന കുറയുന്നില്ലെന്നും പറഞ്ഞിമ്മയുടെ സങ്കടം. തോളിൽ കിടന്നുറങ്ങിയ രണ്ടാമത്തവനെ കട്ടിലിൽ കിടത്തി. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ചോറുണ്ട് കിടന്നിരുന്നു.
പിറ്റേന്ന് വെളുപ്പിനെ തന്നെ മൊബൈലിൽ അലാറം അടിച്ചു. സമയം നോക്കിയപ്പോൾ 4 മണി. ഇത്രനേരത്തെ തന്നെ എണിച്ചോ? ചുറ്റും നോക്കി ഫാനില്ല, കർട്ടൻ ഇല്ല, ബ്ലാങ്കറ്റ് ഇല്ല ചുമരിന്മേലുള്ള ചിത്രമില്ല. സുഖം സുന്ദരം. കുറച്ചു നേരം കൂടി കിടക്കാം. കിടന്നു, ഉറങ്ങി. പിന്നീട് ഇമ്മ 6 മണിക്ക് വന്ന് തലയിലൂടെ വെള്ളമൊഴിച്ചപ്പോഴാണ് അറിഞ്ഞത്. കൂടെ ഇമ്മയുടെ ചീത്തയും. പെട്ടെന്നെണീച്ച് ശുദ്ധിചെയ്ത് സുബ്ഹി നിസ്ക്കരിച്ചു.
ദിക്കറുകൾ ചൊല്ലിക്കൊണ്ടിരിക്കെ ഉറങ്ങിപ്പോയി. കണ്ണുകൾ അടയ്ക്കുമ്പോൾ കെട്ടിക്കൊടുത്തയച്ച വീട്ടിലെ ഫാനും, ബെഡും, ചുവരും കർട്ടനും കണ്മുന്നിൽ. എന്തോ പിന്നെയങ്ങ് ഉറക്കം വന്നില്ല അടുക്കളയിൽ ചെന്ന് ഇമ്മ ണ്ടാക്കിയ കട്ടൻ ചായയും ബിസ്ക്കറ്റും മിണുങ്ങികൊണ്ടിരിക്കെ ഇമ്മയുടെ ഡയലോഗ്.
“മോന്ത മോറിയിട്ട് മിണുങ്ങി പോത്തെ”
"ആകെയുള്ളത് അഞ്ചാറ് ദിവസല്ലേ മ്മാ.. അതിലും ങ്ങനെ കടിഞ്ഞാണിടല്ലേ"
“ജ്ജ് ന്താണ്ച്ച കാണിക്ക്”
പിന്നെയൊന്നും ഇമ്മ പറഞ്ഞില്ല.
അല്പസമത്തിന് ശേഷം ചീനുവും ഉറക്കം തെളിഞ്ഞെണീച്ചു.
“ഇമ്മമ്മാടെ സ്വത്തുമണി എണീച്ച”
“ഓഹ് പിന്നെ.. കെട്ടിക്കാൻ പ്രായമായി ഒരു സ്വത്തുമണി വന്നേക്കുന്നു”
“ഈ ഇമ്മാക്ക് കുശുമ്പാ.. ല്ലേ ഇമ്മമ്മാ”
"അതേയതെ മോള് പോയി പല്ല് തേച്ചീ വരീ. അരിക്കണ്ടീം കോയിച്ചാറും ണ്ടാക്കി വെച്ചീക്ക്ണ്. വേം മോറീട്ട് വരീ. നീയും മോറീട്ട് വരീ സൈനു"
ഏത് പെണ്ണും സ്വന്തം വീട്ടിൽ വന്നാൽ കടിഞ്ഞാണുണ്ടാകില്ല. അത് അവരുടെ ലോകം കെട്ട്യോൻ ഇല്ലെങ്കിൽ പിന്നെ പറയുകയും വേണ്ടാ അതിൽ കൈകടത്താൻ ആരേയും സമ്മതിക്കില്ല. പല്ലും തേച്ച് മോന്തയും മോറി അടുക്കളയിലെത്തിയപ്പോൾ
ഉമ്മ
അരിപ്പുട്ടും കോഴിച്ചാറും ടേബിളിൽ എടുത്തുവെച്ചിരുന്നു. അതെടുത്ത് കഴിച്ചു.
പ്രഭാതഭക്ഷണം കഴിച്ച് കൈ മോറാൻ പോയപ്പോഴേയ്ക്കും ഉപ്പയും വന്നു. ചായയും ബിസ്ക്കറ്റും ചോദിച്ചു.
ഉമ്മ
ഞങ്ങൾ കഴിച്ചത് തന്നെ കൊടുത്തു. പത്തുമണിയ്ക്ക് കഞ്ഞിയില്ലത്രേ. ഉപ്പയൊന്നും മിണ്ടിയില്ല.
"ഇവിടെയും പരിഷ്‌ക്കരണം"
ചീനുവിന്റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു. ഇമ്മയപ്പോൾ സ്വന്തത്തിലുള്ള അമ്മായിടെ കാര്യം പറഞ്ഞു.
“നീയറിഞ്ഞോ സൈനു സോഫിയമ്മായിടെ പുയ്യാപ്ല വയ്യാതെ കിടപ്പിലാ”
“എന്ത് പറ്റിയതാമ്മാ”
“എന്തോ വലിയ രോഗമാണെന്ന പറഞ്ഞത് മുക്കീന്നും വായീന്നും ചോരയൊക്കെ വന്നീനു”
“ഓഹ്.. ബ്ലഡ് ക്യാൻസർ എത്രോസായിമ്മാ”
“ഹാ ങ്ങനെയെന്തോ പറേണത്, നാലഞ്ച് മാസായിട്ട് കിടപ്പാ”
"പോയി കാണാം മ്മാ.. ന്നുല്ലെങ്കിലും ന്റെ കല്യാണത്തിന് രണ്ട് പവന്റെ സ്വർണ്ണവള തന്നതല്ലേ."
വർത്താനം പറഞ്ഞിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല ചെറിയവനെ ഉറക്കിൽ നിന്നെണീപ്പിച്ചു ചായയും കഴിക്കാനും കൊടുത്തു. അപ്പോഴേയ്ക്കും മുറ്റത്ത് അയൽപക്കത്തെ സൂറാത്താ കാണാനായി വന്നത്.
“സൈനോ..”
“ന്തോയ്”
“ന്തൊക്കെ വർത്താനം”
"സുഖായിട്ട് പോണൂ സൂറാത്ത"
“ജ്ജ് സുഖോല്ലാത്ത അമ്മായിക്കാക്കാടെടുത്ത് പോയില്ലേ സൈനോ”
"ദേ പോകാനിറങ്ങുവാ"
ഇമ്മയും പിറകേ വന്നു സൂറാത്തയോട് സംസാരിച്ചുകൊണ്ടിരിക്കെ സൈനബ് കൈയിൽ കിട്ടിയ ഷാളുമെടുത്ത് തലയിലിട്ട് പുറത്തിറങ്ങി. നേരെ അമ്മായിടെ വീട്ടിലേയ്ക്ക് ഇട വഴിയിലൂടെ സ്വല്പം നടക്കണം. ആ നടപ്പ് അതൊരു സുഖമാണ്. തൊടിയിലാകേ കാടുപ്പിച്ചു കിടക്കുന്നു. ഇഴജന്തുക്കളുണ്ടെങ്കിൽ അറിയുക പോലുമില്ല. ചെറിയ പേടിയോടെ അമ്മായിടെ വീട്ടിലെത്തി. ചായയും പലഹാരങ്ങളൊക്കെ തന്നു, പക്ഷെ കഴിക്കാൻ തോന്നിയില്ല. ഒരു ഗ്ലാസ് പാൽ ചായ കുടിച്ച് അമ്മായിക്കാക്കാനേം കണ്ട് അവിടുന്നിറങ്ങി. ഇറങ്ങാൻ നേരത്ത് അമ്മായി എന്തൊക്കെയോ പൊതിഞ്ഞുകെട്ടി തന്നിരുന്നു. ആരു ചെന്നാലും അമ്മായിടെ സ്ഥിരം പതിവാണ് ഈ പൊതിഞ്ഞുകെട്ടല്. പൊതിയും വാങ്ങി വീട്ടിലെത്തിയപ്പോൾ ഇമ്മ പറഞ്ഞു പൊതി അഴിക്കണ്ടാ പലഹാരം വല്ലോമാകും ജ്ജ് വീട്ടിൽ കൊണ്ടുപോയ്ക്കോ. പൊതി അഴിക്കാൻ സമ്മതിക്കാതെ ഇമ്മ തന്നെ എടുത്തു വെച്ചു.
ദിവസങ്ങൾ കഴിഞ്ഞു കേട്ട്യോന്റെ വീട്ടിലേയ്ക്ക് പോരാനുള്ള ദിവസം വന്നപ്പോൾ രാവിലെ തന്നെ കേട്ട്യോന്റെ കോൾ.
“സൈനു ഇന്ന് നീ വരണ്ടാ.. നാളെ വന്നാൽ മതി”
“അതെന്തേ ഇക്കാ”
“ഞാൻ oneday ടൂർ പോകുവാ”
പറഞ്ഞുതീരും മുന്നേ കോൾ കട്ടായി. ദുഷ്ടൻ ന്നേം കൊണ്ടോവാണ്ട് ടൂർ പോകുന്നു. ങ്ങടെ
"ചന്തിയിൽ ഉറുമ്പ് കടിക്കും മനുഷ്യാ"
മനസ്സിൽ പിറുപിറുത്തുകൊണ്ടു സൈനബ് അടുക്കളയിലേക്ക് നീങ്ങി. പണ്ടപ്പരപ്പും, പരാധീനവും കുശുമ്പും കുന്നായ്മയും പറഞ്ഞ് ഇമ്മയെ ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കെ അങ്ങളയും അവന്റെ പെണ്ണും അവളുടെ വീട്ടിൽ പോയി തിരിച്ചു വന്നു. അവരും മറ്റുള്ള എല്ലാവരും ചേർന്നപ്പോൾ വീടൊരു ഉത്സവം പോലെയായി. രാത്രി ഉറങ്ങാൻ കിടക്കുന്നതുവരെ തുടർന്നു.
തലേന്ന് തന്നെ കൊണ്ടുവന്ന ഡ്രെസ്സ് പായ്ക്ക് ചെയ്തു വെച്ചതുകൊണ്ട് ഇറങ്ങാൻ നേരത്ത് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അമ്മായി തന്ന സ്നേഹോപഹാരം കൈയിൽ തന്നെ കവറിലാക്കി പിടിച്ചിരുന്നു. ഉപ്പയോട് ഓട്ടോ വിളിക്കാൻ നേരത്തെ പറഞ്ഞതു കൊണ്ട് പറഞ്ഞ സമയത്തു തന്നെ ഓട്ടോയും വന്നു.
സലാം പറഞ്ഞിറങ്ങുമ്പോൾ ഇമ്മയുടെ മുഖംവാടി ചീനു എല്ലാവർക്കും കൈ വീശി കാണിച്ച് യാത്ര ചോദിച്ചു. ഇനിയും ഇവിടെ നിന്നാൽ കരച്ചിലിൽ തീരുകയുള്ളു എന്നതുകൊണ്ട് ഓട്ടോ ഡ്രൈവറോട് വണ്ടിയെടുക്കാൻ പറഞ്ഞു. വീടുംകഴിഞ്ഞ് അങ്ങാടിയും കഴിഞ്ഞ് വണ്ടി മുന്നോട്ട്, ആരെയും നോക്കിയില്ല കൈ വീശിയില്ല. യാത്ര അവസാനിച്ചത് കേട്ട്യോന്റെ വീട്ടിലും. പൈസയും കൊടുത്ത് ഒട്ടോക്കാരനെ പറഞ്ഞയച്ചു.
കെട്ട്യോന്റെ വീട്ടിലെത്തിയെങ്കിലും മുറ്റത്ത് കാറോന്നും കണ്ടില്ല. കാർപോർച്ചിലും കണ്ടില്ല. ടൂറും കഴിഞ്ഞ് കെട്ട്യോൻ വീട്ടിലെത്തിയിട്ടില്ലെന്നു മനസിലായി. വാതിൽക്കലിൽ തന്നെ ഇമ്മ നിക്കുന്നു.
“പടച്ചോനേ അങ്ങേരുടെ ചന്തിയിൽ ഇതുവരെ ഉറുമ്പ് കടിച്ചില്ലേ”
മനസ്സിലോർത്തുകൊണ്ട് ഇമ്മാനോടായി ചോദിച്ചു.
“ഇമ്മാ ഇക്കാ വന്നില്ലേ”
“ഇല്ല ഇതുവരെ വന്നില്ല നാളെ വരുകയുള്ളോയെന്ന വിളിച്ചു പറഞ്ഞിരുന്നു”
“ദുഷ്ടൻ വീണ്ടും പറ്റിച്ചു. ഇങ്ങു വരട്ടെ ശരിയാക്കിത്തരാം”
വീടിനുള്ളിലേയ്ക്ക് കയറി റൂമിലെത്തി ആകെയൊരു മൂകത ആ ചുമരും കർട്ടനും ഫാനും ബെഡ്ഡും ചുമർ ചിത്രവുംമാത്രം വീണ്ടും വീണ്ടും. തികട്ടി വരുന്നു. കെട്ട്യോനോടുള്ള ദേഷ്യം കൊണ്ടും, കെട്ട്യോന്റെയും അമ്മായിയമ്മേടെയും സമ്മതം എന്നു കിട്ടും എന്നറിയാൻ പാടില്ലാത്തതുകൊണ്ടും ഇനി അടുത്ത സുഖവാസം എന്നാണെന്നറിയാത്തതുകൊണ്ടും കെട്ട്യോന് വേണ്ടി സോഫിയമ്മായി കൊടുത്തയച്ച പൊതി അടുക്കളയിൽ വെച്ചു. ശേഷം പൊതി പൊട്ടിച്ചു നോക്കി. പൂപ്പൽ വന്നഅച്ചാറ്, രണ്ട് മൂന്ന് ദിവസമായ കേടുവന്ന ബിരിയാണിയും.
“അമ്മായിടെയൊരു കാര്യം”
ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നപ്പോൾ തടം വെട്ടി കൂട്ടിയിട്ടിരുന്ന തെങ്ങിൻ ചുവട്ടിലേയ്ക്ക് പൊതിവലിച്ചെറിഞ്ഞു. പൊട്ടിച്ചിതറിയ പൊതിയിൽ അച്ചാർ കുപ്പി തലയുയർത്തി നിന്ന് "ഞാൻ അമ്മായിടെ അച്ചാറുകുപ്പി" എന്നുപറയുന്നത് പോലെ സൈനബിന് തോന്നി..
⁂ ആപ്പിൾ ⁂
°°°
NB:-
ലാഇലാഹ ഇല്ലല്ലാഹ് = അള്ളാഹു അല്ലാതെ ആരാധ്യനില്ല.
വുളൂഹ് = കൈ, മുഖം, വായ്, മുടി, ചെവി, കാല് എന്നീ ശുദ്ധിയാക്കുന്നതിനെ
ദിക്കർ = പ്രാർത്ഥനയിൽ ചൊല്ലുന്ന അറബി പദപ്രയോഗങ്ങൾ
മുസല്ല = നമസ്കരിക്കാൻ ഉപയോഗിക്കുന്ന പായ(തുണിപോലുള്ളത്)
മോന്ത = മുഖം
മോറുക = കഴുകുക
അരിക്കണ്ടി = പുട്ട്
കോഴിച്ചാറ് = കോഴിയുടെ തലയും ചങ്കും കരളും ചേർത്തുണ്ടാക്കുന്ന കറി
പുയ്യാപ്ല = ഉമ്മയ്ക്ക് മരുമകൻ, ഭാര്യയ്ക്ക് ഭർത്താവ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot