നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഐഡിയ

 

വളരെ പണ്ടാണ് നമ്മള് ചെർതായപ്പം
സ്കൂൾ പൂട്ടിയ അവധിക്കാലം
ഇമ്മാന്റെ വീട്ടിൽ വിരുന്ന് പോയതാണ്..
അവധി കാലം വന്നാൽ
ഒരുപാട് കുഞ്ഞു പീടികകള് ഉണ്ടാവും ഓരോ വീടിന്റെ മുന്നിലും
തേൻ മിട്ടായി
കടലമിട്ടായി
കടിച്ചാ പറിച്ചി
ഗ്യാസ് മിട്ടായി..
അതിനു പുറമേ അഞ്ച് പൈസക്ക്
ഒരു അളവ് പാത്രത്തിൽ അളന്ന് തരുന്ന വറുത്ത കടല...
അഞ്ച് പൈസ പോലും കയ്യിൽ ഉണ്ടാവില്ല.
അതോണ്ട് വെള്ളമിറക്കി നിൽക്കുകയല്ലാതെ വഴിയില്ല..
അപ്പഴാണ് ഞങ്ങള് ആ കാഴ്ച കണ്ടത്
ഒരുവൻ ഒരു പിടി അണ്ടി(കശുവണ്ടി) കൊടുത്തു മിട്ടായി വാങ്ങി പോകുന്നു...
അണ്ടിക്ക് എന്താ വെല ?
അഞ്ച് എണ്ണം അഞ്ചൈസാ..
ഒമ്പതെണ്ണം പത്തൈസാ...
കായി മാണ്ടോൽക്ക് കായ് മുട്ടായി മാണ്ടോൽക്ക് മുട്ടായി..
ഞങ്ങൾ ആ പ്രലോഭനത്തിൽ വീണു..
പുരയിടത്തിൽ രണ്ട് മൂന്ന് കശുമാവ് ഉണ്ട്
അതിൽ ഉള്ള മൂത്തതും മൂക്കാത്തതുമായ അണ്ടി ഒക്കെ ഉരിഞ്ഞെടുത്ത്..
ആ മൂക്കാത്ത അണ്ട്യാളൊന്നും കുലുക്കി ചാടിച്ചല്ലീ കുരുപ്പ്വാളേന്ന്
ഉമ്മ
േം അമ്മായി മാരും ഒച്ചയിടും
കിട്ടിയത് വാരി ഞങ്ങള് നാല് വഴിക്ക് ഓടും
കിട്ടിയത് കൊടുത്ത് മിട്ടായി വാങ്ങി ഞങ്ങള്
തേങ്ങാ കൊട്ട മറിഞ്ഞത് പോലത്തെ എട്ട് പത്തെണ്ണം കൊതിയടക്കും
അന്ന് അങ്ങനെ കഴിഞ്ഞു..
പിറ്റേന്ന്..
ഒരു വഴീമില്ല..
അബ്ബാസ് ആണ് ഐഡിയ മുന്നോട്ടു വെച്ചത്..
കോരം തൊടൂലെ അമ്മായീന്റെ അണ്ടി പെറുക്ക്യാലോ..
അപ്പുറത്ത് താമസിക്കുന്നത് വല്ലിപ്പായുടെ വകയിലൊരു പെങ്ങളാണ്..
അമ്മായി യും പേരക്കുട്ടി കാദറും മാത്രം ആണ് അവിടെ..
ഒരപാട് കശുമാവുകളുണ്ട് ആ പറമ്പിൽ
"ആ കുരിപ്പ് കാദറ് കാണൂലേ എന്ന് ഞാൻ
അയ്നൊക്കെ വഴീണ്ട് കൊറച്ച് കഴിഞ്ഞാ ഓൻ പീടീൽ പോവും അപ്പോ പെറുക്ക്യാലോ..
എന്ന് അമ്മോന്റെ മോൾ റംല
"അയ്ന് ആ പണ്ടാറം അമ്മായി ന്റെ കണ്ണ് കുത്തി പൊട്ടി ച്ചണം അത് എപ്പളും പൊറത്തെന്നെ ഉണ്ടാവും..,,
എന്ന് മുന്താസ്
ഇനീപ്പൊ എന്താണ് ഒരു വഴി ?
അപ്പോൾ റംലക്ക് ഒരു ഐഡിയ..
അയിനൊരുവയീണ്ട് കാദറ് പോയാൽ ഇജ്ജ് അമ്മായീന്റെ അടുത്ത്ക്ക് ചെല്ലണം ഇജ്ജ് വിരുന്ന് വന്നതല്ലേ.. അന്നേ കൊണ്ട് കയ്യണമായിരി അമ്മായീനെ വർത്തമാനം പറഞ്ഞു നിർത്തണം
ഞാൻ ഒറ്റയ്ക്ക് പോവൂലാ ഇജ്ജും മാണം എന്ന് ഞാൻ
ന്നാ ആയ്കോട്ടേന്ന് ഓളും..
ആ സമേം കൊണ്ട് ഞങ്ങള് പെറുക്കാം എന്ന് മറ്റുള്ളവരും
അങ്ങനെ ഞങ്ങൾ തൽക്കാലആശ്വാസത്തിന് വല്ലതും കിട്ടുമോന്ന് നോക്കി കാക്കച്ചി ഹംസാക്കയുടെ പറങ്കൂച്ചി കാട്ടിൽ പോയി
ആരേലും കണ്ടാ പറങ്ക്യാങ്ങ ഇട്ക്കുണുള്ളൂന്ന് പറഞ്ഞാ മതീട്ടോ...
ആരേലും വരുമ്പോ പറേണം ട്ടോ ന്നും കൂട്ടത്തിൽ ചെറിയ നാലഞ്ചെണ്ണത്തിനെ ചട്ടം കെട്ടി...
കശുമാങ്ങ ഈർക്കിലിൽ കോർത്ത് നാല് ഭാഗം നോക്കി ആരും കാണാതെ അണ്ടി ഞങ്ങള് വന്ന വഴിയിലേക്ക് എറിയും
അണ്ടി പറമ്പ് കടത്തുക ..എന്നാണ് ഞങ്ങളതിന് പറയുന്നത്😁
എത്തുന്നിടത്ത് ഉള്ള പച്ച മാങ്ങയും ഞങ്ങള് പറിച്ചു...
കശുമാങ്ങ എല്ലാരേം കാണിച്ചു പിടിച്ചും
കശുവണ്ടിയും മാങ്ങയും ഒളിപ്പിച്ചും ഞങ്ങള് പറമ്പ് ഇറങ്ങും
ഒതുക്കത്തിലൊരിടത്ത് ഇരുന്നു അണ്ടി എണ്ണി തിട്ടപ്പെടുത്തി....
ആളെണ്ണം തികയൂലാ...
അന്ന് മുത്ത്യാര് കുണ്ട് പുഴയിൽ കുളിക്കാൻ പോവാൻ പ്ലാൻ ഇട്ട ദിവസമാണ്
പുഴയിൽ എത്തുന്നത് വരെ നുണയാൻ ഉള്ളതിനുള്ള വക കൂടി കാണണം..
അപ്പോൾ കൂട്ടത്തിൽ ചെറിയ മുത്തു പറഞ്ഞത്
അതാ കാദിറ് പോണൂ...
ഇത് തന്നെ തക്കം
ഞങ്ങള് വർത്താനം പറഞ്ഞു നിക്കണ നേരം
കൊണ്ട് കജ്ജ്ണ അത്രേം പെറുക്കി ചാലിങ്ങലെ പാറേന്റെ അവിടുക്ക് എറിയേണം ട്ടോ....
എന്ന് ഒക്കെ പറഞ്ഞുറപ്പിച്ച്
ഞാനും അമ്മോന്റെ മോള് കുഞ്ഞിമ്മു എന്ന റംലയും കൂടി അമ്മായി യുടെ അടുത്തേക്ക് ചെല്ലുന്നു..
വിരുന്ന് വന്ന ഞാൻ കൂടി ഉള്ളത് കൊണ്ട് ഒരു സ്പെഷ്യൽ പരിഗണന ഒക്കെ തന്ന് ഞങ്ങൾ ക്ക് ചക്കരയിട്ട് അവിലുംവെള്ളം കലക്കാൻ അമ്മായി അകത്തേക്ക് പോവുന്നു
ഞങ്ങള് വഴിയിൽ നിൽക്കുന്നവർക്ക് സിഗ്നൽ കൊടുക്കുന്നു
ബാക്കി ഉള്ളോര് പ്രവർത്തനസജ്ജരാവുന്നു...
ഷൗക്കത്തും ഇസ്മായിലൂം മുത്തുവും മുന്താസും പെറുക്കി കൊടുക്കുന്നു..
അതിനിടയിൽ അവര് പരസ്പരം ഇരട്ടപേരുകൾ ആയ
താമ്പാളം
അട്ടിക്കല്ല്
കണ്ണംചെരട്ട
അടുപ്പിതൂറി
എളക്കത്താലി
എന്നീ പേരുകൾ വിളിച്ച് വഴക്കിടുന്നു..അടി കൂടുന്നു...
അബ്ബാസ് അത് അമ്മായി യുടെ പറമ്പിനപ്പുറത്തേക്ക് എറിയുന്നു..
അമ്മായി കലക്കി തന്ന അവിലും വെള്ളം സിപ്പ് സിപ്പ് ആയി പതിയെ ആണ് ഞങ്ങൾ കുടിക്കുന്നത്
അണ്ടി മുഴുവനും പറമ്പ് കടത്തുന്നത് വരെ അമ്മായിയെ പിടിച്ചു നിർത്തലാണല്ലൊ ഞങ്ങളുടെ ലക്ഷ്യം
ഇടക്കിടെ അമ്മായി പറയും
ഇഞ്ചെ തൊടൂല് വല്ല കുട്ട്യാളുണ്ടോന്നാവോ..ഉള്ള അണ്ടി മുയ്മനും കട്ടോണ്ട് പോവും ലച്ചണം കെട്ട കുട്ട്യാള്...
അത് കേട്ട് കോട്ട് പല്ല് കടിച്ചു പിടിച്ചു ചിരി അമർത്തി
"ഇല്ലമ്മായീ തൊടൂലാരൂല്ലാ...,,ന്ന് പറഞ്ഞു അമ്മായീനെ സമാധാനിപ്പിക്കും..
പതുക്കെ അവിടെ നിന്ന് സ്കൂട്ടായി
ബാർട്ടർ സമ്പ്രദായപ്രകാരം അണ്ടി കൊടുത്തു മിട്ടായിയും കടിച്ചാപറിച്ചിയുംകടല വറുത്തതും വാങ്ങി
കുട്ടികൾക്ക് ചെറിയഓഹരി വെച്ച്
വലിയവരായ ഞങ്ങള് കൂടുതൽ എടുക്കും
പെറുക്കിയത് അവരാണെങ്കിലും ഐഡിയ ഞങ്ങളുടേതാണല്ലോ..😁
ഇനിയാണ് വേറെ ഒരു കടമ്പ..
പുഴയിൽ കുളിക്കാൻ പോണം
വീട്ടിൽ നിന്ന് അനുവാദമില്ലാത്ത പോക്ക് ആണ്
തോർത്ത് മുണ്ട്,സോപ്പ് ഇത്യാദി വകകളും
ഓരോരുത്തർക്കും മാറ്റി ഉടുക്കാൻ ഉള്ള വസ്ത്രങ്ങളും നാല് വീടുകളിൽ നിന്ന് എടുത്ത് എല്ലാം പുറത്ത് എത്തിക്കണം
ആരുടെയും കണ്ണിൽ പെടാനും പാടില്ല
ഓരോരുത്തരായി തിക്കും പൊക്കും നോക്കി വസ്ത്രങ്ങൾ പലയിടത്തായി കൊണ്ട് വന്നു വെക്കും..
അതിനൊപ്പം തന്നെ പഴുത്ത കശുമാങ്ങയിലും പച്ച മാങ്ങയിലും ഉപ്പും മുളക് പൊടിയും തിരുമ്മാനുള്ള വകകളും ഒളിച്ചു കടത്തണം
കണ്ടാൽ അതിനും വഴക്ക് കേൾക്കണം
ഉള്ള പറങ്ക്യാങ്ങേം പച്ചാങ്ങേം ഉപ്പും മൊളൂം കൂട്ടി തിന്നു വയറ്റീന്നോക്ക് പിടിപ്പിച്ചണ്ട ബലാല്വാളേ....എന്ന് പറഞ്ഞാവോം ബഹളോം അടീം
ഇതെല്ലാം കൂടി വാഴയിലയിൽ പൊതിഞ്ഞ് പലവഴിയായി ഞങ്ങള് മുത്ത്യാര് കുണ്ട് പുഴയിൽ എത്തും
പോകുന്ന വഴി ഇതെല്ലാം പങ്ക് വെച്ച് കഴിക്കും..
അപ്പോഴും കൂടുതൽ എടുക്കുക ഞങ്ങള് കൂട്ടത്തിൽ മുതിർന്ന വരായിരിക്കും
കാരണം ഐഡിയ ഞങ്ങളുടേതാണല്ലോ..😀
പിന്നെ ഒരു ബോധോം ണ്ടാവൂലാ..
കുത്തി മറിഞ്ഞും തൊട്ടു കളിച്ചും മൂങ്ങാം കുഴിയിട്ടും
മഗ്രിബ് ആവുന്നത് പോലും അറിയില്ല..
തോടും പാടോം നീന്തി വീട്ടിൽ നിന്ന് ആരെങ്കിലും തിരഞ്ഞ് വരും
അധികവും ഉമ്മയാവും വരിക
അപ്പോഴേക്കും ഞങ്ങള് അണ്ടിയും മാങ്ങയും കട്ടതും
കട്ട മുതല് കൊണ്ട് മിട്ടായി വാങ്ങിയതും
എല്ലാം കൂട്ടത്തിൽ ഉള്ള ഏതെങ്കിലും യൂദാസ് ഒറ്റികൊടുത്തിട്ടുണ്ടാവും
പള്ളനെറച്ചും കിട്ടും
കഞ്ഞീം ചോറും തിന്നാതെ വെയിലും കൊണ്ട് പാറ്റേം പിടിച്ചു നടന്നതിന്
അണ്ടീം മാങ്ങേം കട്ടതിന്
നീന്തൽ അറിയാത്ത കുട്ടികളെ പുഴയിൽ കൊണ്ട് പോയതിന്
വീട്ടിൽ പറയാതെ കുളിക്കാൻ പുഴയിൽ പോയതിന്...
ആരാന്റെ മുതല് അനുവാദം ചോദിക്കാതെ എടുത്തതിന്...😁😁
തല്ല് കൊള്ളുന്നത് മുഴുവനും ഞങ്ങള് കൂട്ടത്തിൽ മുതിർന്നവരായിരിക്കും
കാരണം ഐഡിയ മുയ്മനും ഞങ്ങളുടേതായിരുന്നല്ലോ..😀😀
അസ്മാബി മങ്കട.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot