നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആത്മാവിന്റെ ഡയറിക്കുറിപ്പുകൾ

 

വെളുപ്പിനെ,നിർത്താതെയടിക്കുന്ന അലാറത്തിന്റെ ശബ്ദം കേട്ട് അല്പം ഈർഷ്യത്തോടെയാണ് വിവേക് ഒച്ചയെടുത്തത്...
"എടീ, അലാറം അടിക്കുന്നത് കേൾക്കുന്നില്ലേ നീ..?
പോത്തുപോലെ കിടുന്നുറങ്ങാതെ എഴുന്നേൽക്കാൻ..."
അനക്കമൊന്നും ഇല്ലാത്തതിനാൽ
അയാൾ വീണ്ടും ദേഷ്യപ്പെട്ടു...
"ഡീ... മാലതി...നിന്നോടല്ലേ പറഞ്ഞത്,
എഴുനേൽക്കാൻ...
എനിക്കിന്ന് ഓഫീസിൽ നേരത്തെ പോകേണ്ടതാണ്, കുട്ടികൾക്കും ക്ലാസ്സ്‌ ഉണ്ടെന്ന്‌ അറിഞ്ഞുകൂടേ നിനക്ക്...?"
അലാറം ഒരു റൗണ്ട് അടിച്ചു തീർന്നു,വീണ്ടും 10 മിനിറ്റ് കഴിഞ്ഞു
അലാറം അടിക്കാൻ തുടങ്ങീട്ടും എഴുന്നേൽക്കാൻ കൂട്ടാക്കാത്ത അവളെ വിളിച്ചുണർത്താൻ വേണ്ടി, അയാൾ കൈകൾ നീട്ടി.
കട്ടിലിന്റെ മറുവശത്തു ഒട്ടിച്ചേർന്നു കിടക്കുന്നയവളെ
ഇത്തിരി നീങ്ങികിടന്ന്, തട്ടിവിളിച്ചിട്ടും അനക്കം ഇല്ലാത്തതിനാൽ, പുതച്ചിരുന്ന പുതപ്പ് വലിച്ചു മാറ്റിയപ്പോൾ,
ആള് സുഖനിദ്രയിലാണ്.
രാത്രി എപ്പോഴാണവൾ വന്നു കിടന്നതെന്ന് അയാൾക്കറിയില്ല.
അത്താഴം കഴിഞ്ഞു, മൊബൈലും നോക്കികിടന്ന വിവേക് നേരത്തെ ഉറങ്ങി പോയിരുന്നു.
അവളുടെയാ കിടപ്പ് കണ്ടാവണം,
എത്രയോ നാളായി താനവളെയൊന്ന് തൊട്ടിട്ടെന്ന് അയാൾ ചിന്തിച്ചു പോയി.
മെല്ലെ അടുത്തേയ്ക്ക് നീങ്ങി കിടന്നുകൊണ്ട് അവളെ സ്പർശിച്ചപ്പോൾ അയാൾ ഞെട്ടിത്തരിച്ചുപോയി.
വല്ലാത്തയൊരു തണുപ്പ്...
"എന്താടീ നിനക്ക്,സുഖമില്ലേ...?
എന്തുപറ്റിയെടീ...?"
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ...
ചാടിയെഴുനേറ്റിരുന്നു കൊണ്ട്
അവളെ കുലുക്കി വിളിക്കാൻ ശ്രമിച്ച അവന്റ കൈകളിലേയ്ക്ക് ആ തണുപ്പ് ആഴ്ന്നിറങ്ങി.
ശാന്തമായ്...
ഒരു നേരിയ പുഞ്ചിരി ചുണ്ടിലൊളിപ്പിച്ചു വച്ചുകൊണ്ട് അവൾ ഉറങ്ങുകയാണ്...അത്രമേൽ സുന്ദരിയായ് അവളെ,
അവൻ മുൻപ്പൊരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല.
ശോഷിച്ചയാ കൈവിരലുകളിൽ തലോടിയൊന്നു വിങ്ങി കരയാൻ പോലുമാകാതെ അയാൾ വിറങ്ങലടിച്ചു നിന്ന് പോയി.
വളരെ ആകസ്മികമായിയെത്തിയൊരു അതിഥി ,സൈലന്റ് അറ്റാക്കിലൂടെ അവളുടെ ജീവിതത്തിന്റെ വെളിച്ചം കെടുത്തി അവളെ അന്ധകാരത്തിലേക്ക് കൊണ്ടുപോയതിന്റെ ഏഴാം ദിവസമാണ് വിവേക് ആ ഡയറി കണ്ടത്.
കിടപ്പുമുറിയിലെ പഴയ
അലമാരയിൽ അവളുടെ നിറം മങ്ങിയ വസ്ത്രങ്ങൾക്കിടയിൽ നിന്നും, വർഷങ്ങൾ പഴക്കമുള്ള ഡയറി കൈയിലെടുത്തപ്പോൾ വീണ്ടും അയാൾക്ക് ആ തണുപ്പനുഭവപ്പെട്ടു.
പുതിയ അലമാരയിൽ തന്റെയും, കുഞ്ഞുങ്ങളുടെയും നിറമുള്ള വസ്ത്രങ്ങൾ മാത്രമാണ് അടുക്കി വച്ചരിക്കുന്നതെന്ന അറിവ് അത്ഭുതത്തേക്കളുപരി കുറ്റബോധമാണ് അയാളിൽ നിറച്ചത്.
ബ്രൗൺ ബയിന്റുള്ള ഡയറി...
അവളുടെ അവശേഷിപ്പുകളിലൊന്ന്.
ഒരുപക്ഷേ...
മരിച്ചിട്ടും വിട്ടുപിരിയാനാവാത്ത അവളുടെ ആത്മാവ് കുടിയിരിക്കുന്ന ഡയറിയാവാമത്.
അവൾ,പോകും വരെയും അങ്ങനെയൊരാളാ വീട്ടിലുണ്ടായിരുന്നുവെന്നാരും അറിഞ്ഞിരുന്നില്ല.
അവൾ പറന്നകന്നു കഴിഞ്ഞപ്പോഴാണ് അവളുടെ സാന്നിധ്യം എത്രമാത്രം വിലയെറിയതെന്നും അവളുടെ അസാന്നിധ്യം എത്രമാത്രം നൊമ്പരവുമാണെന്നവർ തിരിച്ചറിഞ്ഞത്.
വിവേക് ,ഡയറി താളുകൾ മെല്ലെ മെല്ലെ മറിച്ചു നോക്കി.
ആ അക്ഷരങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ അയാൾ വിയർത്തുപോയി...
ശ്വാസം പിടഞ്ഞു...
കണ്ണുകളിൽ നിന്നും ഉതിർന്നു വീണ
പ്രായശ്ചിത്തത്തിന്റെ നൊമ്പര പൂവുകൾ ആ പഴയ ഡയറി താളുകളിൽ വീണു നിലവിളിച്ചു.
മാർച്ച്‌ 6
ഇന്ന് നന്ദു മോന്റെ ജന്മദിനമായിരുന്നു.പിറന്നാൾ സദ്യയൊക്കെയുണ്ടാക്കി. ഒരുപാട് സമ്മാനങ്ങൾ കിട്ടിയെന്റെ കുട്ടിയ്ക്ക്. എല്ലാവരും വന്നിരുന്നു,നന്ദുമോന്റെ കൂട്ടുകാർ ഉൾപ്പെടെ. ഒരുപാട് സന്തോഷമായി.
ജൂൺ 14
വിവേകേട്ടന്റെ ജന്മദിനമായിരുന്നു. ബന്ധുക്കളും, മിത്രങ്ങളുമെല്ലാമെത്തി ഭയങ്കര ആഘോഷമായിരുന്നു.
ഓഗസ്റ്റ് 3
അച്ഛന്റെ അമ്മയുടെയും വിവാഹ ജൂബിലിയായിരുന്നു.ആകെ ഒരു ഉത്സവപ്രതീതിയായിരുന്നു. നാടടച്ചു വിളിച്ചിരുന്നു.
നവംബർ 24
നയന മോളുടെ ജന്മദിനം...
ഒരു കല്യാണ വീട്ടിലെ തിരക്ക് പോലെയുള്ള ആഘോഷം...
എല്ലാവരും വന്നിരുന്നു... സന്തോഷം നിറഞ്ഞ ദിവസം.
ഓണം....
തിരുവാതിര...
വിഷു....
എന്നുവേണ്ട തറവാട്ടിലെ ഓരോ ആഘോഷങ്ങളും എത്ര മനോഹരമായിട്ടാണ് അവൾ എഴുതി വച്ചിരിക്കുന്നത്.
പഴയ ഡയറിയിൽ തീയതി എഴുതി
ചേർത്ത് അവൾ കുറച്ചു വർഷങ്ങളിലെ കാര്യങ്ങൾ അടയാളപ്പെടുത്തി വച്ചിരിക്കുന്നു.
ശ്രദ്ധിച്ചപ്പോൾ ഓരോ പുതുവർഷവും അവൾ ഗുണന ചിഹ്നം ഇട്ടു വച്ചിരിക്കുന്നു.അവസാനം ഒരു ചോദ്യചിഹ്നവും.
ജനുവരി 1
X ........?
പേജുകൾ മറിച്ചു, അവസാന ഭാഗത്ത്‌ എത്തിയപ്പോൾ
അവളുടെ വടിവൊത്ത അക്ഷരങ്ങൾ...
"ഓരോ പുതുവത്സരവും,എനിക്ക് സമ്മാനിക്കുന്നത് ഓരോ വയസ്സ് കൂടിയാണെന്ന് ഇവിടെയാരും അറിയാത്തത് എന്താണ്...?
എന്റെ ജന്മദിനം മാത്രം ഇവിടെ ആരും ആഘോഷിക്കാത്തത് എന്താണ്...?
എനിക്കൊരു പിറന്നാൾ സമ്മാനം തരുകയോ, പോകട്ടെ, എനിക്കൊരു ആശംസ പറയുകയോ, ജന്മദിനത്തിനൊരു കേക്ക് മുറിക്കാൻ പോലും അനുവദിക്കാത്തതോ എന്താണ്...?
വീട്ടിലെല്ലാവർക്കും ഉത്സവത്തിനും, ആഘോഷങ്ങൾക്കും പുതിയ വസ്ത്രങ്ങളെടുക്കുമ്പോൾ എനിക്ക് മാത്രമെന്താണ് ഒരു നൈറ്റിയിൽ പുതുകോടി ഒതുക്കുന്നത്...?
എനിക്കുമാഗ്രഹമില്ലേ
നല്ല സാരി ഉടുക്കണമെന്ന്...?
പൊട്ട് കുത്തണമെന്ന്....?
കണ്ണ് എഴുത്തണമെന്ന്...?
പൗഡർ ഇടണമെന്ന്...?
ഇതൊന്നുമെനിക്ക് വാങ്ങിതരാത്തത് എന്താണ്...?
ഞാനും ആഗ്രഹിക്കുന്നു... എന്നെങ്കിലുമൊരിക്കൽ എന്റെ ജന്മദിനം ആഘോഷിക്കണമെന്ന്. പിറന്നാൾ സമ്മാനമെന്ന് പറഞ്ഞു എനിക്കൊരു സമ്മാനം കിട്ടണമെന്ന്.
അന്ന് ചുവന്ന പട്ടു ബ്ലൗസും, സ്വർണ്ണ കസവ് സെറ്റും, മുണ്ടുമുടുത്തു അമ്പലത്തിൽ പോകണം...
ഭഗവാന്റെ മുൻപിൽ ഒരുപാട് നേരം കണ്ണടച്ചു പ്രാർത്ഥിക്കണം.
തിരിച്ചു വരുമ്പോൾ എനിക്കായിയൊരു പിറന്നാൾ സദ്യ ഉണ്ടാവണം...
ഞാൻ അടുക്കളയിൽ കയറാത്ത ദിവസം ആവണം അന്ന്.
എല്ലാവരും ഒന്നിച്ചു പിറന്നാൾ സദ്യ കഴിക്കും മുൻപ് കത്തിച്ചു വച്ച തിരി ഊതികെടുത്തി കേക്ക് മുറിക്കണം എനിക്ക്...
ഏട്ടനും, കുഞ്ഞുങ്ങളും കേക്ക് വായിൽ വച്ചു തരുമ്പോൾ എനിക്ക് സന്തോഷത്തോടെ അവരെ ചേർത്ത് നിർത്തി പറയണം...
നിങ്ങളാണ് എന്റെ സൗഭാഗ്യമെന്ന്.....
എല്ലാവരുടെയും ജന്മദിനങ്ങൾ
ഓർമ്മിച്ചു ആഘോഷിക്കുമ്പോൾ ജനിച്ചുവെങ്കിലും മരിച്ചു ജീവിക്കുന്ന എന്നെക്കുറിച്ച് മാത്രം എന്താണാരും ചിന്തിക്കാത്തത്..?
അവധി ദിവസത്തിന്റെ ആലസ്യത്തിൽ ശനിയും, ഞായറും എല്ലാവരും 9 മണിവരെ കിടന്നു മതിമറന്നുറങ്ങുമ്പോൾ,365 ദിവസവും ജോലി ചെയ്യുന്ന എനിക്കുമാഗ്രഹമില്ലേ ഒരു ദിവസമെങ്കിലും...
ഒരിത്തിരി സമയം കൂടുതൽ ഉറങ്ങണമെന്ന്.
അഞ്ചു ദിവസം,എട്ടുമണിക്കൂർ വീതം ജോലി ചെയ്യുന്നവരോട്,
വർഷം മുഴുവനും,രാവിലെ നാലുമണി മുതൽ രാത്രി പതിനൊന്ന് മണിവരെയും ജോലി ചെയ്യുന്ന എന്നെ താരതമ്യം ചെയ്തു പറയുന്നതിന്റെ പൊരുൾ എനിക്ക് മനസ്സിലാവുന്നില്ല....
"നിനക്ക് എന്താണ് പണി...? ചുമ്മാ വീട്ടിൽ ഇരിപ്പല്ലേ....?"
എനിക്കൊന്നുറങ്ങണം...
കൊതിതീരെ...
മതിവരുവോളം...
.............................✍️
ഇനിയൊരു വരി പോലും വായിക്കാനാവാതെ ഒരു ഗദ്ഗതത്തോടെ വിവേക് ഡയറിയടച്ചു.
അവൾ ഇല്ലായ്മയിൽ നിന്നുണ്ടായ ബോധ്യപ്പെടലിനാലാവണം പിന്നീടുള്ള അയാളുടെ ജീവിതം മാതാപിതാക്കൾക്കും, കുട്ടികൾക്കും വേണ്ടിയുള്ളതായിരുന്നു.
ആഴ്ചകൾ മാസങ്ങൾക്കു വഴിയൊരുക്കി...
കലണ്ടറുകൾ മറിയ്ക്കപ്പെടുകയും,
മാറ്റപ്പെടുകയും ചെയ്തു.
പുതുവത്സരത്തിന്റെയന്ന്...
മാലിതിയുടെ ജന്മദിനം.
രാത്രി...
അവളുടെ അസ്ഥിത്തറയിൽ കത്തിച്ചു വച്ച
തിരിനാളം സാക്ഷിയാക്കി വർണ്ണകടലാസ്സിൽ പൊതിഞ്ഞയൊരു പിറന്നാൾ
സമ്മാനം, വിവേക് അവൾക്കായി സമ്മാനിച്ചു.
"മാലതി.........
ഇതാ നിന്റെ ആഗ്രഹം പോലെ എല്ലാം ഞാൻ കൊണ്ടുവന്നിട്ടുണ്ട്...
കൂടെ, നീ പറയാത്തയൊരു കാര്യം കൂടി ഉണ്ട്...' രണ്ടു മുഴം മുല്ലപ്പൂവ് '
ചുവന്ന പട്ടു ബ്ലൗസും, സ്വർണ്ണ കസവു സെറ്റും മുണ്ടും, ഉടുത്തു..
കണ്ണെഴുതി, പൊട്ടുകുത്തി നീ ഒന്ന് ഒരുങ്ങി വാ...
ഞാൻ ഒന്ന് കാണട്ടെ നിന്നെ...
എന്നിട്ട് നമ്മുക്ക് കേക്ക് മുറിക്കണം.. ഞാനത് നിന്റെ വായിൽ വച്ചു തരാം..."
വാക്കുകൾ മുറിഞ്ഞു വിതുമ്പിപ്പോയി അയാൾ.
കനത്ത ഇരുട്ടിൽ, തെളിഞ്ഞു നിൽക്കുന്ന തിരിനാളം ഒന്ന് ആളിക്കത്തിയോ...
ഉയരുന്ന ധൂമപാളികൾ അവ്യക്തമായ ചിത്രങ്ങൾ വരയ്ക്കുന്നത് പോലെ...
അടക്കിപ്പിടിച്ചയൊരു തേങ്ങൽ
തെന്നലിന്റെ അകമ്പടിയോടെ അയാളുടെ കാതുകളിൽ വന്നാർത്തലച്ചു.
പെടുന്നനെ...
വീശിയടിച്ചയൊരു കാറ്റിലാ
തിരിനാളം അണഞ്ഞു.
കനത്ത അന്ധകാരത്തിൽ ബോധം നഷ്ടപ്പെട്ടവനെപ്പോലെയയാൾ പുലമ്പി....
"എന്റെ മാലതിക്ക്.....
പിറന്നാൾ
ആശംസകൾ
....
പിറന്നാൾ
ആശംസകൾ
.....
പിറന്നാൾ
ആശംസകൾ
....
.................................................
😪
✍️സുനി ഷാജി
*************************************
നമ്മൾ മനഃപൂർവ്വം മറക്കുന്നതല്ല...
അറിയാതെ സംഭവിച്ചു പോകുന്നതാണിത്...
ഇങ്ങനെയും ഉണ്ടാവും ഒരുപാട് ജന്മങ്ങൾ...
മറക്കരുത് അവളെ...
ഒരു മെഴുകുതിരി പോലെ സ്വയമെരിഞ്ഞു കുടുംബത്തിൽ പ്രകാശം പരത്തുന്നവളെ...
അവളെ,അറിഞ്ഞു വരുമ്പോഴേയ്ക്കും
പ്രയശ്ചിത്തം പോലും ചെയ്യാൻ ആവാതെ നിസ്സഹായരായി പോകും
നമ്മൾ...
അതുകൊണ്ട് അണയും മുൻപ് ഒരിക്കലെങ്കിലും ഒന്ന് ചേർത്ത് പിടിക്കുക. 🙏

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot