Showing posts with label AlexJohn. Show all posts
Showing posts with label AlexJohn. Show all posts

കല്ക്കട്ട ബാർ ത്രിശ്ശൂർ. i Alex John


 “കണ്ടട്ട് നല്ല പരിചയം തോന്നണുണ്ടല്ലോ ? എന്നെ അറിയോ ?” തന്റെ മുന്നിലിരുന്ന മദ്ധ്യവയസ്കന്റെ
കുഴഞ്ഞ സ്വരത്തിലുള്ള ചോദ്യം കേട്ട് ജോബി മുഖമുയർത്തി.
“എനിക്കും തോന്നിയാർന്നു. ഞാൻ നേരത്തേ ചോദിക്കണോന്ന് വിചാരിച്ചതാ. എവ്ടാ ബ്രോന്റെ വീട് ?” ജോബിയും നല്ല കണ്ടീഷനിലായിരുന്നു.
“എന്റെ വീട് ഇവ്ടെ അടുത്തന്നെ. പുത്തൂർന്ന് പറയും കേട്ടട്ടുണ്ടോ ?”
“ങ്ഹേ! അതു കൊള്ളാല്ലോ. പുത്തൂരെവടെ ? പുത്തൂരു തന്നെയാ എന്റേം വീട്.” ജോബി ആശ്ചര്യുപ്പെട്ടു.
“പുത്തൂര്‌ കൊറച്ച് ഉള്ളീട്ടു കേറണം. കൊങ്ങമ്പാറ എന്നു കേട്ടട്ടുണ്ടോ ?”
ജോബി ഞെട്ടി മേശയിലൊരടി!
“കൊങ്ങമ്പാറേലോ ? താനിതെന്തുട്ട് വർത്താനാ ഈ പറയണെ ? എന്റെ വീടും അവടെത്തന്നെഡോ!”
“ശരിക്കും ?”
“അതേന്ന്! താനേതു സ്കൂളിലാ പഠിച്ചെ ?”.
“പുത്തൂരു തന്നെ. ഗവണ്മെന്റ് സ്കൂളില്‌.”
“ദൈവമേ! ഞാനും അവടെത്തന്നെഡോ! ഏതു വർഷാരുന്നു ?”
“ഞാൻ 1998 ബാച്ച്, എസ് എസ് എൽ സി. ബ്രോയോ ?”
ജോബി ചടിയെണീറ്റു.
“ഡോ! ഒന്നുകിൽ താനെന്നെ കളിയാക്കുവാ. അല്ലെങ്കി...”
മറ്റവനും ചാടിയെണീറ്റു.
“ഞാനെന്തിനാഡോ കോപ്പേ തന്നെ കളിയാക്കുന്നെ ?”
“പിന്നെ, 1998 ബാച്ചിൽ പുത്തൂർ സ്കൂളി പഠിച്ചെറങ്ങീട്ട് നമ്മൾ തമ്മിലെങ്ങനാഡോ പരിചയമില്ലാതെ വരുന്നെ ? ഞാനും ആ ബാച്ചിൽ തന്നെയല്ലാർന്നോ ?”
“എന്നാ നിന്റെ അപ്പന്റെ പേരെന്നാ ? അത് പറഞ്ഞേ. ആളെയെങ്കിലും അറിയോന്ന് നോക്കട്ടെ.“
”എന്റെ അപ്പൻ തോമാസ്. തുരുത്തിക്കര തോമാസ്!“
‘പ്ടേ!’ എന്നൊരു ശബ്ദം കേട്ടു. അപ്പുറത്തിരുന്നവന്റെ കണ്ണുകളിലൂടെ പൊന്നീച്ചകൾ പാറിക്കളിച്ചു.
“അത് നിന്റെ അപ്പനാണെങ്കി, എന്റെ അപ്പനാരാഡാ പന്നീ ?തോന്ന്യാസം പറഞ്ഞാ ചവിട്ടിക്കൂട്ടും ഞാൻ!” ജോബി ചാടി മേശപ്പുറത്തു കേറി.
ഈ സമയം, ഡ്യൂട്ടി കഴിഞ്ഞെത്തിയ ഒരു പൊലീസുകാരൻ ബാറിലേക്ക് പ്രവേശിച്ചു.
”എന്താ അവടെയൊരു ബഹളം ?“ അയാൾ ബാർ അറ്റൻഡറോട് തിരക്കി.
”അതു കൊഴപ്പില്ല സാറേ. മ്മടെ കൊങ്ങമ്പാറേലെ തോമസേട്ടന്റെ എരട്ടപ്പിള്ളേരാ. രണ്ടും നല്ല ഫിറ്റാ.“
(തുടരുന്നില്ല...)
ബൈ ദുബായ് . ഇംക്ലീഷ് കഥയുടെ മോഷണമാണ്‌ കേട്ടോ.
Written by Alex john

മെഡിക്കൽ പ്രോസീജേഴ്സ്‌. | Alex John


 അവർ നാലു പേരുണ്ടായിരുന്നു. മെഡിക്കൽ വിദ്യാർത്ഥികൾ. വന്ന പാടേ എന്റെ ചുറ്റും കൂടി.
"സർ... ഈ പേഷ്യന്റിന്‌ ഇനിയും ഡെവലപ്പ്മെന്റ്സ്‌ ഒന്നുമുണ്ടാകുന്നില്ലെങ്കിൽ എന്താണ്‌ അടുത്ത പ്രോസീജർ ?"
തൊട്ടപ്പുറത്തെ ബെഡിൽ കിടന്ന് ഒരു ഹതഭാഗ്യൻ ഞെരങ്ങുകയാണ്‌.
"നിങ്ങൾക്കെന്തു തോന്നുന്നു ?" ഞാൻ മറുചോദ്യമെറിഞ്ഞു.
"അങ്ങനെ ചോദിച്ചാൽ..." കുട്ടികൾ പരുങ്ങി. എനിക്ക്‌ ചിരി വന്നു.
"നെക്സ്റ്റ്‌ പ്രോസീജർ..." ഞാൻ ബുൾഗാനിലൂടെ വിരലോടിച്ചു കൊണ്ട്‌ ഇപ്രകാരം അരുളിച്ചെയ്തു.
"ഒരു തുടക്കം എന്ന നിലയ്ക്ക്‌ നമുക്ക്‌ കിഡ്നി മാറ്റി വെച്ച്‌ നോക്കാം ... എന്നിട്ടും ശരിയാകുന്നില്ലെങ്കി-"
"കിഡ്നിയോ ?" എട്ടു കണ്ണുകൾ ഒരേ സമയം പുറത്തേക്ക്‌ തള്ളി വന്നു.
"ലിവർ സിറോസിസ്‌ അല്ലേ സർ ?" ഒരു ഡോക്ടർ കുട്ടി ചാർട്ടിലാകെ പരതിക്കൊണ്ട്‌ ചോദിച്ചു. അതിന്റെ ഒച്ചയടച്ചു പോയ പോലെ.
"ഓ... യൂ മീൻ ഈ പേഷ്യന്റ്‌! " ഞാൻ കുറച്ച്‌ മയപ്പെട്ടു. "ലിവറിനാണ്‌ തകരാറെങ്കിൽ കിഡ്നി മാറ്റി വെക്കുന്നതുകൊണ്ട്‌ വലിയ പ്രയോജനമുണ്ടാകാൻ വഴിയില്ല. ലിവർ തന്നെ മാറ്റി വെക്കണം. ഇതൊക്കെ ഇത്ര ചോദിക്കാനുണ്ടോ ?"
"അത്‌ സർ... അത്രയ്ക്കൊക്കെ വേണോ ? ഹൈലി ഇൻവേസീവ്‌ ആൻഡ്‌ ഡേഞ്ചറസ്‌ ആയിട്ടുള്ള അത്തരം ഒരു പ്രോസീജർ ഒക്കെ-"
"പിന്നെ എന്നോട്‌ ചോദിച്ചാ ഞാനെന്നാ പറയാനാ പിള്ളേരെ ? ഞാനിവിടെ കാന്റീനില്‌ കഞ്ഞി കൊടുക്കണ ആളല്ലേ. നിങ്ങളൊക്കെ ഇനി എന്നാ സ്വന്തായിട്ടൊരു തീരുമാനമെടുക്കാറാകുന്നെ ? " എനിക്ക്‌ കുറേശ്ശേ ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു.
പുറത്തേക്കിറങ്ങുമ്പൊ എനിക്കാകെ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ.
ഇത്രേം ഗ്ലാമർ ശത്രുക്കൾക്കു പോലും കൊടുക്കല്ലേ എന്റീശ്വരമ്മാരേ!

Written by Alex John

സ്പീഷീസ്‌!

 

കുറച്ച്‌ കൊല്ലങ്ങൾക്ക്‌ മുൻപ്‌ ഉണ്ടായ ഒരു സംഭവം പെട്ടെന്ന് ഓർമ്മ വന്നതാണ്‌.
ഒരു ദിവസം ഞാൻ പാട വരമ്പത്തൂടെ നടന്നങ്ങനെ ചെല്ലുമ്പോ വളരെ വിചിത്രമായ ഒരു കാഴ്ച്ച കണ്ടു.
വെള്ളപ്പാറ്റ പോലൊരു മദാമ്മയും അതിനെ തെളിച്ചു കൊണ്ട്‌ മുൻപിൽ നടന്നു വരുന്ന കൊതുകു പോലൊരു പെൺകുട്ടിയും. മദാമ്മയുടെ അസിസ്റ്റന്റായിരിക്കണം.
എന്നെ കണ്ട മാത്രയിൽ രണ്ടു പേരും കൂടി വട്ടമിട്ട്‌ പിടിച്ചു നിർത്തി.
"ഇതെന്ത്‌ പക്ഷിയാണ്‌ ചേട്ടാ ?" അസിസ്റ്റന്റ്‌ കുട്ടിയുടേതാണ്‌ ചോദ്യം.
"തന്റെ പേരെന്താ ?" വളരെ ഗൗരവത്തിൽ ഞാനൊരു മറു ചോദ്യമെറിഞ്ഞു.
"ഏലി. ഏല്യാമ്മാന്നാണ്‌ ശരിക്കും. പക്ഷേ ഏലീന്ന് വിളിച്ചാ മതി. "
"ഓക്കെ. ഏലിക്കറിയില്ലേ ഇതെന്ത്‌ പക്ഷിയാന്ന് ?"
"ഞാൻ കുറേ കാലായില്ലേ ചേട്ടാ നാടു വിട്ട്‌ പോയിട്ട്‌. ചെലതിന്റെ പേരൊക്കെ മറന്നു. "
"കൊക്കിനെ കണ്ടാ തിരിച്ചറിയാണ്ടായി!" എനിക്ക്‌ ആ കൊച്ചിനോട്‌ വല്ലാത്ത വെറുപ്പ്‌ തോന്നി.
"ഓവ്‌!! കൊക്ക്‌. യെസ്‌. യെസ്‌! ഓർമ്മയുണ്ട്‌!" അവളുടെ മുഖത്ത്‌ പൂത്തിരി കത്തിച്ചു വച്ച പൊലെ ഒരു ചിരി വിടർന്നു.
അടുത്ത ചോദ്യം.
"എന്തു തരം കൊക്കാണ്‌ ചേട്ടാ ഇത്‌ ?"
"ങേ ?" എനിക്ക്‌ മനസ്സിലായില്ല.
"ഐ മീൻ ... ഏത്‌ സ്പീഷീസ്‌ ലൊള്ള..."
"സ്പീഷീസാ ? കൊച്ച്‌ പൊക്കേ! എനിക്ക്‌ തെറ്യാ വായില്‌ വരണേട്ടാ !" അതിന്റെ മോന്തക്കിട്ടൊരു കുത്തു കൊടുക്കാൻ എന്റെ കൈ തരിച്ചു.
"മാഡം. ദിസ്‌ ഈസ്‌ സം കൈൻഡ്‌ ഓഫ്‌ എ ... വൈറ്റ്‌ ബേർഡ്‌!" ഏലി തന്റെ മദാമ്മ ബോസിന്‌ പക്ഷിയെ പരിചയപ്പെട്ത്തി.
മദാമ്മ അവളുടെ മുഖത്തേക്കൊന്ന് ചുഴിഞ്ഞു നോക്കി. "ഇത്‌ നീ പറഞ്ഞിട്ട്‌ വേണോ ?" എന്നൊരു ഭാവത്തിൽ.
തുടർന്ന് മദാമ്മ ഏലിയോട്‌ ഇംഗ്ലീഷിലെന്തോ മന്ത്രിക്കുന്നത്‌ കണ്ടു. ഏലി വീണ്ടും എന്റെ നേരേ തിരിഞ്ഞു.
"ചേട്ടാ... ഈ പശുക്കളും കൊക്കുകളുമായിട്ട്‌ വല്ല ഡീലും ഉണ്ടോ ? മാഡം ചോദിച്ചതാണ്‌. "
"ങേ ?"
"അതായത്‌..." മദാമ്മ എന്റെ നേരേ തിരിഞ്ഞു. "ഐവ്‌ ബീൻ നോട്ടീസിംഗ്‌ ദിസ്‌ വിയേർഡ്‌ ഫിനോമിനോൺ..."
"നോ!" ഞാൻ കയ്യുയർത്തി തടഞ്ഞു. "ഏലി പറഞ്ഞാ മതി. "
മദാമ്മ നിർത്തി നിർത്തി പറഞ്ഞിരുന്നെങ്കിൽ എനിക്ക്‌ മനസ്സിലായേനേ. പക്ഷേ ഇതങ്ങനെയായിരുന്നില്ല.
"അതായത്‌ ചേട്ടാ... ഇവരു വന്നപ്പൊ മുതൽ ശ്രദ്ധിക്കുകയായിരുന്നത്രേ. ഒരു പശൂന്റെ കൂടെ ഒന്നോ രണ്ടോ കൊക്കുകൾ. അതെന്താ സംഭവം എന്നറിയാനാണ്‌ മാഡത്തിന്‌. "
ഞാൻ വെളുക്കെയൊരു ചിരി ചിരിച്ചു.
"ഏലീ... പശൂന്റെ കടീം മാറും കൊക്കിന്റെ വിശപ്പും മാറും ന്ന് കേട്ടിട്ടില്ലേ ?"
"ന്ന്വച്ചാ ?"
"എന്ന്വെച്ചാ... " ഞാൻ ആ സുന്ദരിക്കൊക്കിനെയും അതിന്റെ 'പാർട്ട്ണർ' പശുവിനേയും നോക്കി ഒന്ന് പുഞ്ചിരിച്ചു.
"നേരിട്ട്‌ ചോദിച്ചോട്ടോ ഏലീ. അവരു തമ്മിൽ വളരെ സീരിയസായിട്ട്‌ എന്തോ ഇടപാടുണ്ട്‌. ഞാൻ അന്വേഷിക്കാൻ ചെന്നാ ചെലപ്പൊ അവർക്കിഷ്ടാവില്ല. "

Written by ; Alex John

സ്റ്റീവൻ ദ സീഗൾ


ബാച്ചിലർ ചരിതം മൂന്നാം ഭാഗം. ഇപ്രാവശ്യം നമ്മൾ ജുമൈറായിലാണ്‌. ക്രീക്കോ പ്രീക്കോ അങ്ങനെയേതാണ്ടൊരു സ്ഥലം. ബീച്ചിനോട്‌ ചേർന്നൊരു സൂപ്പർ വില്ല.

മുകളിലെ നില ഒരു മദാമ്മക്കുട്ടിയുടേതാണ്‌. പേര്‌ കാറ്റ്രിയോന. ഇംഗ്ലീഷിൽ കെയ്റ്റ്‌ എന്നും മലയാളത്തിൽ കത്രീന എന്നും വിളിക്കാം. അമേരിക്കൻ ആണ്‌. എന്റെ കമ്പനിയിലെ സെക്രട്ടറിയായിരുന്നു.
താഴത്തെ നില ഞങ്ങൾ അഞ്ച്‌ മലയാളികൾ പകുത്തെടുത്തിരിക്കുന്നു. ഞാനാണ്‌ മദാമ്മക്കുട്ടിയിൽ നിന്നും സബ്‌ ലെറ്റ്‌ ചെയ്തിരിക്കുന്നത്‌. സോ ഇപ്രാവശ്യം ഹൗസ്‌ ഓണർ അച്ചായൻ ഈ ഞാൻ തന്നെയാണ്‌.
വീട്‌ വാടകയ്ക്കെടുക്കാൻ മദാമ്മയുമായി സംസാരിച്ച അന്നു തന്നെ അവർ എന്നോടു സീഗൾസിനെപ്പറ്റി (കടൽ കാക്കകൾ) സൂചിപ്പിച്ചിരുന്നു. പക്ഷേ എന്റെ നിലയത്തിലുണ്ടായ ഒരു ചെറിയ ട്രാൻസ്ലേഷൻ മിസ്റ്റേക്ക്‌ കാരണം
സ്റ്റീവൻ സീഗൾ എന്നൊരു പാട്ടുകാരനെപ്പറ്റിയാണവർ പറയുന്നതെന്ന് ഞാൻ കരുതി "യാ യാ സീഗാൾ ! ഓസം" എന്നോക്കെ പറഞ്ഞ്‌ തള്ളവിരലുയർത്തിക്കാട്ടി. ഒപ്പം സീഗാൾ ഗിറ്റാറും പിടിച്ചു നിൽക്കുന്ന ഒരു പോസും അങ്ങ്‌ വെച്ചു കൊടുത്തു. മദാമ്മ കണ്ണു തുറിച്ച്‌ നോക്കുന്ന കണ്ടു. കടൽക്കാക്കകളെപ്പറ്റി ഇത്രയധികം വികാരാധീനനാകുന്ന ഒരു മനുഷ്യനെ അവർ ആദ്യമായി കാണുകയായിരുന്നിരിക്കണം.
സീഗൾസ്‌!
സത്യത്തിൽ കടൽ കാക്കകളെ സൂക്ഷിക്കണം എന്നാണവർ പറഞ്ഞത്‌. ആ ഒരു ലൈനിലുള്ള കുറേയേറെ വില്ലകൾ കടലോരത്താണ്‌ സ്ഥിതി ചെയ്തിരുന്നത്‌. അതുകൊണ്ടു തന്നെ അവിടത്തെ ആകാശത്തിന്റെ നല്ലൊരു ഭാഗവും കടൽ കാക്കകളുടെ നിയന്ത്രണത്തിലായിരുന്നു.
വില്ലയുടെ പുറകിലായി ഒരു ടെറസ്‌ ഉണ്ട്‌. അവിടെ ഒരു ചെറിയ സ്വിമ്മിംഗ്‌ പൂളും 'മമ്മ ഡോഗ്‌' എന്നറിയപ്പെട്ടിരുന്ന കൂറ്റൻ ഗോൾഡൻ റിട്രീവർ പട്ടിയുടെ കൂടും ഉണ്ടായിരുന്നു. ടെറസിൽ നിന്നും നീളത്തിൽ മരപ്പലകകൾ അടുക്കിയുണ്ടാക്കിയ ഡെക്ക്‌ കടലിലേക്ക്‌ നീണ്ടു കിടന്നു. അതിന്റെ അറ്റത്ത്‌ ഒരു സ്പീഡ്‌ ബോട്ട്‌ ബന്ധിച്ചിട്ടിരുന്നു. കത്രീനയുടെ എക്സ്‌ ഹസ്ബൻഡ്‌ കെവിന്റേതാണ്‌.
അയാൾ മാസത്തിലൊരിക്കൽ അവിടെ വന്ന് കത്രീനയുമായി അടിയുണ്ടാക്കും. അതു കഴിഞ്‌ ബോട്ടെടുത്ത്‌ ഒന്ന് കറങ്ങും. ആ സമയത്ത്‌ കത്രീന അടിച്ചു വീലാകും. വിചിത്രമായ ഒരു തരം ആചാരം. ഞങ്ങൾ മലബാറികൾക്ക്‌ ശീലമായി.
ഈ സീഗൾസ്‌ എന്നു പറയുന്നത്‌ അതീവ ബുദ്ധിയുള്ള ഒരിനം വെളുത്ത കാക്കകളാണ്‌. അതെനിക്ക്‌ ആദ്യ ദിവസം തന്നെ ബോദ്ധ്യപെട്ടു. ഒരു പ്ലേറ്റിൽ രണ്ടു കഷണം സാൻഡ്വിച്ചുമായി ഞാൻ സ്വിമ്മിംഗ്‌ പൂളിന്റെ ഡെക്കിലേക്കിറങ്ങിയതായിരുന്നു. പ്രകൃതി രമണീയത ആസ്വദിച്ച്‌ ഭക്ഷണം കഴിച്ച്‌ ശീലമായിപ്പോയി. എന്തു ചെയ്യാനാണ്‌.
കിച്ചന്റെ ഡോർ തുറന്നതേ ഓർമ്മയുള്ളൂ. ക്രാ ക്രീ എന്ന രണ്ട്‌ ശബ്ദങ്ങൾ കേട്ടു. അടുത്ത നിമിഷം നാനാ ദിക്കിൽ നിന്നും മിസെയിലുകൾ പോലെ പാഞ്ഞെത്തിയ പക്ഷി സൈന്യം യാതൊരു ദാക്ഷിണ്യവും കൂടാതെ എന്റെ പ്ലേറ്റ്‌ കാലിയാക്കി സ്ഥലം വിട്ടു. എന്താണുണ്ടായതെന്ന് മനസ്സിലാക്കാൻ പോലും എനിക്ക്‌ രണ്ട്‌ മിനിട്ടെടുത്തു. അപ്പോൾ മുകളിലെ നിലയിലെ ബാൽക്കണിയിൽ നിന്ന് കത്രീനയുടെ ശബ്ദം.
"ഇതു തന്നെയല്ലേഡാ ........ നിന്നോട്‌ ഞാൻ പറഞ്ഞത്‌ ?"
"യെസ്‌! ടെസ്റ്റ്‌ ചെയ്തു നോക്കിയതാണ്‌. യൂ ആർ റൈറ്റ്‌ കെയ്റ്റ്‌!!" ഞാൻ വീണ്ടും തള്ളവിരലുയർത്തിക്കാട്ടി.
അങ്ങനെ വലിയ അല്ലലുകളില്ലാതെ അവിടെ കഴിഞ്ഞു പോരവേ ഒരു ദിവസം നമ്മുടെ കഥാനായകൻ - വാടകക്കാരിലൊരാളായ ബാലുവിന്റെ ഒരു കസിൻ - പ്രത്യക്ഷപ്പെട്ടു. യഥാർത്ഥ പേര്‌ ഉപയോഗിക്കാൻ പറ്റില്ലാത്തതിനാൽ നമുക്ക്‌ ഇയാളെ ഗണു അഥവാ ഗണേശ്‌ എന്നു വിളിക്കാം. ജീവിതത്തിൽ പിന്നീടെപ്പൊഴെങ്കിലും അതുപോലൊരു കഥാപാത്രത്തെ നേരിൽ കണ്ടത്‌ നമ്മുടെ ഗണേശിനെയാണ്‌. സത്യത്തിൽ ഈ കഥയിലെ സെക്കൻഡ്‌ ഹീറോ ആണ്‌ കേട്ടോ. ശരിക്കുള്ള ഹീറോ വരുന്നുണ്ട്‌.
ഗണു
ഇയാൾ വിസിറ്റിംഗ്‌ വിസയിൽ വന്നതാണ്‌. വന്നതിന്റെ പിറ്റേന്നു തന്നെ 'അവീർ' എന്നൊരിടത്ത്‌ ഒരു കമ്പനിയിൽ ജോലിക്ക്‌ കയറി. നല്ലോരു ഈജിപ്ഷ്യൻ കമ്പനി. ചെന്നയുടൻ മുതലാളി അവന്റെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും വാങ്ങി വെച്ചു.
14 മണിക്കൂർ ഡ്യൂട്ടി. ഓവർ ടൈം സാലറി ഫുഡ്‌ അക്കൊമഡേഷൻ... എല്ലാമുണ്ട്‌. സോ പയ്യൻസ്‌ ഒന്നും മിണ്ടാതെ അടങ്ങി നിന്നു. ഒരു മാസം.
പക്ഷേ തിയതി ഒന്നായി , രണ്ടായി , പത്തായി ശമ്പളമില്ല. ഒരു ദിവസം ചെന്നപ്പൊ ഫുഡുമില്ല!
ഗണു ബാലുവിനെ വിളിച്ച്‌ വിവരം പറഞ്ഞു. ബാലു ഞങ്ങളോട്‌ പറഞ്ഞു. ഞങ്ങൾ ശനിയാഴ്ച്ച അങ്ങോട്ട്‌ ചെന്ന് അവന്റെ മുതലാളിയുമായി സംസാരിക്കാമെന്ന് തീരുമാനിച്ചു. പക്ഷേ കാര്യങ്ങൾ ഉദ്ദേശിച്ച പോലെ നടന്നില്ല.
ആ ഈജിപ്ഷ്യൻ മുതലാളി എന്തോ കാലക്കേടിന്‌ അന്ന് ഒരൽപ്പം ലേറ്റായി ഓഫീസിലിരുന്നു. സഹായത്തിന്‌ ഗണുവിനേയും വിളിച്ചു.
ഗണു പണിയെടുത്തോണ്ടിരിക്കുന്ന സമയത്ത്‌‌ മുതലാളി കെ എഫ്‌ സി ഓർഡർ ചെയ്തത്രേ. ഗണുവിന്റെ ആവേശം ഇരട്ടിച്ചു. പണികളെല്ലാം ശരവേഗത്തിൽ തീർത്ത്‌ കൈയ്യൊക്കെ കഴുകി കെ എഫ്‌ സിക്ക്‌ വെയ്റ്റ്‌ ചെയ്തിരുന്ന ഗണു പെട്ടെന്നാണ്‌ ആ പലക കണ്ടത്‌.
ക്ഷമയുടെ നെല്ലിപ്പലക!
ആ പലകയിൽ ചമ്രം പടിഞ്ഞിരുന്ന് വറുത്ത ചിക്കൻ കാലുകൾ കടിച്ചു വലിക്കുകയാണ്‌ അവന്റെ മുതലാളി. ആ മാന്യൻ അയാൾക്ക്‌ മാത്രമേ ഫുഡ്‌ പറഞ്ഞിരുന്നുള്ളൂ. ഗണുവിനെ മൂലയ്ക്കു നിർത്തി ആ മനുഷ്യൻ ഒരു ബക്കറ്റ്‌ ചിക്കൻ മുൻപിൽ വെച്ച് തന്റെ ജഠരാഗ്നി ശമിപ്പിച്ചുകൊണ്ടിരുന്നു.
ഇടയ്ക്കിടയ്ക്ക്‌ ഗണുവിനെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചുകൊണ്ട്‌ വായിൽ നിന്നും എല്ലിൻ കഷണങ്ങൾ ഊരിയെടുക്കുന്നുണ്ടായിരുന്നു.
രണ്ടു ദിവസമായി പട്ടിണിയായിരുന്ന പാവം ഗണു സ്വയമറിയാതെ മുൻപോട്ടൊന്ന് ആഞ്ഞു പോയെന്നാണ്‌ ഞങ്ങളോട്‌ പറഞ്ഞത്‌. ഏതാണ്ട്‌ 15 മിനിട്ടോളം ഈജിപ്ഷ്യൻ വായുവിലായിരുന്നത്രേ. ബക്കറ്റിൽ ബാക്കി വന്ന എല്ലിൻ കഷണങ്ങൾ കൂടി തീറ്റിച്ചിട്ടേ അയാളെ അവൻ നിലത്തു നിർത്തിയുള്ളൂ.
തുടർന്ന് പാസ്സ്പോർട്ടുകൾ വെച്ചിരുന്ന അലമാര ചവിട്ടിപ്പൊളിച്ച്‌ അതിനകത്തുണ്ടായിരുന്ന സകല പേപ്പറുകളും ഒരു ഭാണ്ഢം പോലെ കെട്ടി പോരാൻ നേരത്ത്‌ അവിടിരുന്ന ഒരു പ്രിന്റർ എടുത്ത്‌ അയാളുടെ തലയ്ക്കടിച്ച്‌ തകർത്തിട്ട്‌ വരുന്ന വഴിയാണ്‌.
"ബാലുവേ!!" ഞാൻ റൂം മേറ്റിനെ നോക്കി.
"പേടിക്കുവൊന്നും വേണ്ടച്ചയാ. നാട്ടിലും ഇവൻ ഇങ്ങനെ തന്നെയാ. " ബാലു പുഞ്ചിരിയോടെ മൊഴിഞ്ഞു.
“അതെയോ. അപ്പൊപ്പിന്നെ കൊഴപ്പമില്ല.” എനിക്ക് സമാധാനമായി. ദുബായ് പൊലീസ് വരുമ്പോൾ അതങ്ങ് പറഞ്ഞു കൊടുത്താൽ മതിയല്ലോ.
അങ്ങനെ തൽക്കാലത്തേക്ക്‌ ഇവനെ തലയിലേൽക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. കത്രീനയോടും വിവരം പറഞ്ഞു. ഒറ്റ നോട്ടത്തിൽ തന്നെ " ഇവനൊരു വശപ്പെശകാണല്ലോ..." എന്നായിരുന്നു അവരുടെ പ്രതികരണം.
എല്ലാം ശാന്തമായി. പെട്ടെന്ന്!
"വെശക്കുന്നഡേ!"
ചെറിയൊരു അലർച്ച പോലെയായിരുന്നു ആ ശബ്ദം. ഞങ്ങൾ ഞെട്ടി.
"കൊഴപ്പമില്ല. ഞാൻ ഡീൽ ചെയ്തോളാം. " ബാലു മുൻപോട്ടു വന്ന് അവനെയും കൂട്ടി കിച്ചനിലേക്ക്‌ പോയി.
കലികാലം.
ബാലു ഒരു പ്ലേറ്റിൽ നിറയെ എന്തൊക്കെയോ നിറച്ച്‌ ഓവനിൽ വെച്ചു. ഗണുവാകട്ടെ ഈ സമയത്ത്‌ അടുക്കളയുടെ ഗ്ലാസ്സ്‌ ഡോറിലൂടെ പുറത്തെ കാഴ്ച്ചകൾ വീക്ഷിക്കുകയയിരുന്നു.
" എന്തൊരടിപൊളി സെറ്റപ്പാ അളിയാ! നിങ്ങളൊക്കെ ഭാഗ്യം ചെയ്ത ആൾക്കാരാണു കേട്ടാ. ഞാനിനി എങ്ങോട്ടുമില്ല!"
പറഞ്ഞു തീർന്നതും ഓവൻ മണിയടിച്ചു. ലവൻ പാഞ്ഞു ചെന്ന് അത്‌ തുറന്ന് പ്ലേറ്റുമെടുത്ത്‌ യുദ്ധകാഹളം മുഴക്കി. പാവം രണ്ടു ദിവസായിട്ട്‌ പട്ടിണിയായിരുന്നല്ലോ.
ഗണു തിരിയുന്നത്‌ കണ്ടതും ബാലു അപകടം മണത്തതാണ്‌. പക്ഷേ വൈകിപ്പോയിരുന്നു.
പ്ലേറ്റുമെടുത്ത്‌ നേരേ കിച്ചന്റെ ഡോറും തുറന്ന് ടെറസിലേക്കിറങ്ങിയ ഗണുവിന്‌ കുറച്ചു നേരത്തെക്ക്‌ എന്താണ്‌ സംഭവിക്കുന്നതെന്നു പോലും മനസ്സിലായില്ല. ജീവിതത്തിലാദ്യമായി അതി ശക്തമായ വ്യോമാക്രമണത്തിന്‌ വിധേയനാവുകയായിരുന്നു ആ പാവം യുവാവ്‌.
"കൊല്ലുമെടാ പട്ടീ!!" എന്നൊരലർച്ച കേട്ടാണ്‌ ഞങ്ങൾ ഓടിച്ചെന്നത്‌.
അവിടെ... ടെറസിൽ ഘോര യുദ്ധമാണ്‌!!
സാമാന്യം വലുപ്പമുള്ള ഒരു കടൽക്കാക്കയെ ഭിത്തിയോട്‌ ചേർത്തു നിർത്തി കഴുത്തിന്‌ കുത്തിപ്പിടിച്ച്‌ നിൽക്കുകയാണ്‌ കഥാനായകൻ! ചുരുട്ടിപ്പിടിച്ച മുഷ്ടി ഏതു നിമിഷവും പക്ഷിയുടെ അടിവയറ്റിൽ പതിക്കും!
ഓടിയെത്തിയ ഞങ്ങൾ, ഉടൻ തന്നെ രണ്ടുപേരെയും പിടിച്ചു മാറ്റി സഘർഷാവസ്ഥ ഒഴിവാക്കി. പക്ഷേ അതുകൊണ്ട്‌ വലിയ പ്രയോജനമൊന്നുമുണ്ടായില്ല. ഫ്രണ്ട്സ് സിനിമയിൽ, തലയിൽ ചുറ്റിക വീണ ജഗതിച്ചേട്ടനെപ്പോലെ ആ പക്ഷി കറങ്ങിക്കറങ്ങി നിലം പതിച്ചു.
ഗണു ക്രോധാവേശത്താൽ അതി കഠിനമായ സംസ്കൃത പദങ്ങൾ ഉറക്കെ ഉരുവിടുന്നുണ്ടായിരുന്നു. പിടി വിട്ടാൽ ഇന്നവിടെ ഒരു കൊലപാതകം നടക്കുമെന്നുറപ്പ്‌!
"ഗണൂ... കാക്കയാണ്‌. ഉപദ്രവിക്കരുത്‌. " ഞാൻ യാചിച്ചു.
"കാക്കയല്ല കഴുകനായാലും എന്റെ പാത്രത്തി കയ്യിട്ടു വാരാൻ വന്നാ വെച്ചേക്കില്ല ഞാൻ !" അവൻ അലറി!
പെട്ടെന്നാണ്‌ അവിടെ ഒരു ഇംഗ്ലീഷ്‌ അശരീരി മുഴങ്ങിയത്‌.
"ഓ മൈ ഗോഡ്‌!! വാട്ട്‌ ഡിഡ്‌ യൂ ഡൂ !! യൂ ബ്ലഡി അനിമൽസ്‌ !!" (ബഹുവചനം)
സീനിലേക്ക്‌ പാഞ്ഞെത്തിയ കത്രീന ആ പക്ഷിയെ വാരിയെടുത്തു.
ആ പക്ഷിയുടെ ജീവിതത്തിലാദ്യമായിട്ടായിരുന്നിരിക്കണം ഇത്തരമൊരനുഭവം. അക്ഷരാർത്ഥത്തിൽ തകർന്നു പോയിരുന്നു പാവം.
കത്രീന പക്ഷിയുമായി കിച്ചനിലേക്ക്‌ വന്ന് പ്രഥമ ശുശ്രൂഷകളാരംഭിച്ചു. ശ്വാസമെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതിനു ശേഷം അതിനെ കമഴ്ത്തി കിടത്തി ചിറകുകൾ, നട്ടെല്ല്, വാരിയെല്ലുകൾ ഒക്കെ പരിശോധിച്ച്‌ നേരേ അതിനേയുമെടുത്ത്‌ കാറിൽ കയറി ഒരൊറ്റ പോക്ക്‌.
"എനിക്കറിയാൻ പാടില്ലാത്ത കൊണ്ട്‌ ചോദിക്കുവാ" ഗണുവാണ്‌ ആദ്യം സംസാരിച്ചു തുടങ്ങിയത്‌. " ഇത്‌ ഇവിടത്തെ ദേശീയ പക്ഷി വല്ലതുമാണോ ?"
"ഗണുവേ... മോനേ... നിന്റെ ജോലിയെന്തുവാ ?" എനിക്ക്‌ ചോദിക്കാതിരിക്കാനായില്ല.
"എന്റണ്ണാ! ഞാനാണോ പ്രശ്നൊണ്ടാക്കിയത്‌ ? വല്ല മീനും പിടിച്ച്‌ തിന്ന് മാന്യമായിട്ട്‌ ജീവിച്ചു കൂടെ ഇവനൊക്കെ ? വല്ലവന്റേം പാത്രത്തി കേറി തോന്ന്യാസം കാണിച്ചിട്ടല്ലേ ?"
അവൻ പറയുന്നതിലും കാര്യമുണ്ട്‌. മാത്രമല്ല വിശന്നിരിക്കുന്നവനെ ഉപദേശിക്കാൻ പോകരുതെന്ന് വിവരമുള്ളവർ പറഞ്ഞിട്ടുണ്ട്‌. ഇനി അടുക്കളയിൽ കഞ്ഞിവെള്ളം പോലും ബാക്കിയില്ല.കൂടുതൽ സംസാരിക്കാൻ നിന്നാൽ അവൻ ഞങ്ങളെയെല്ലാം പിടിച്ചിട്ടിടിക്കാൻ സാദ്ധ്യതയുണ്ട്‌. ആയതിനാൽ ഞങ്ങൾ താൽക്കാലികമായി പിരിഞ്ഞു.
ഏതാണ്ട്‌ രണ്ടു മണിക്കൂറുകൾക്ക്‌ ശേഷം കത്രീന മടങ്ങിയെത്തി. പക്ഷിയുടെ വലതു ചിറക്‌ തൂവലൊക്കെ പറിച്ച്‌ പ്ലാസ്റ്ററിലാക്കിയിരുന്നു.
വന്നപാടെ ഞങ്ങളെയെല്ലാം ഒന്ന് രൂക്ഷമായി നോക്കി അവൾ മുകളിലേക്ക്‌ കയറിപ്പോയി.
അങ്ങനെ വില്ലയിൽ അന്നു മുതൽ ഒരു പുതിയ താമസക്കാരനും കൂടിയായെന്നു പറഞ്ഞാൽ മതിയല്ലോ.
പക്ഷിയെ സ്റ്റീവൻ സീഗാൾ എന്നു വിളിക്കാമെന്ന് സജസ്റ്റ്‌ ചെയ്തത്‌ ഞാനായിരുന്നു. എല്ലാവർക്കും താൽപ്പര്യമായി. കൃത്യമായി മൂന്നു നേരം ഭക്ഷണം കൊടുത്ത്‌ മുറിവ്‌ ഡ്രസ്സ്‌ ചെയ്ത്‌ രാജകീയമായി ഞങ്ങളെല്ലാവരും കൂടി അവനെ കുടുംബത്തിന്റെ ഒരു ഭാഗമാക്കിയെടുത്തു. യാതൊരു കാരണവശാലും ഗണു, സ്റ്റീവന്റെ ഏഴയലത്തു പോലും വരരുതെന്ന് കത്രീനയുടെ കർശ്ശന നിർദ്ദേശമുണ്ടായിരുന്നു. പക്ഷേ വിശപ്പു മാറിയാൽ ഗണു വെറും പാവമായിരുന്നു എന്ന് അവൾക്കറിയില്ലല്ലോ.
ഒന്നര മാസങ്ങൾ കടന്നു പോയി.
ഗണുവിന്‌ സത്വയിൽ ഒരു കഫ്തീരിയായിൽ ഷവർമ്മ ചെത്തുന്ന ജോലി കിട്ടി. താമസം ഞങ്ങടെ കൂടെത്തന്നെ. വാടക തരില്ല. പക്ഷേ നന്നായി കുക്ക്‌ ചെയ്യും. പിന്നെ രസമാണ്‌ കക്‌ഷിയുടെ കൂടെയുള്ള ജീവിതം. അതുകൊണ്ട്‌ ആരും മൈൻഡ്‌ ചെയ്തില്ല.
സ്റ്റീവന്റെ കഥയാണ്‌ അതിലും രസം. പരുക്കൊക്കെ ഭേദമായി പറന്നു തുടങ്ങിയിട്ടും ലവൻ ഞങ്ങളെ വിട്ട്‌ പോകാനൊരുക്കമല്ലായിരുന്നു. കത്രീന പലവട്ടം ബാൽക്കണിയിൽ നിന്ന് പറപ്പിച്ചു വിട്ടു നോക്കി. പക്ഷേ രക്ഷയില്ല. ബൂമറാങ്ങ്‌ പോലെ കക്ഷി തിരിച്ച്‌ വീട്ടിനകത്തേക്കു തന്നെ വരും. ഒടുക്കം ഞങ്ങൾ ആ പരിപാടി ഉപേക്ഷിച്ചു. ഗണുവിനടക്കം എല്ലാർക്കും പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞിരുന്നു സ്റ്റീവൻ. കത്രീനയുടെ ബെഡിനോട്‌ ചേർന്ന് ഒരു ചെറിയ തൂവൽ മെത്തയൊക്കെ സെറ്റ്‌ ചെയ്ത്‌ അവനും അക്കോമഡേഷനൊരുക്കി ഞങ്ങൾ.
അങ്ങനെ ഒരു ഓണക്കാലം.
തിരുവോണം ഒരു വെള്ളിയാഴ്ച്ചയിൽ വന്ന് വീണു കിട്ടിയ അപൂർവ്വം വർഷങ്ങളിലൊന്ന്. ഞങ്ങൾ മലബാറികൾ സം ദുഷ്ടരായി. റാസ്‌ അൽ ഖൈമായിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ ഓണം ആഘോഷിക്കാമെന്ന് ധാരണയായി. വ്യാഴാഴ്ച്ച തന്നെ രാത്രിയിൽ അങ്ങോട്ടു പുറപെട്ടു.
മറക്കാനാവാത്ത ഒരോണം!
ഞങ്ങൾ പത്തിരുപതു പേർ കൂടി ഒരു വമ്പൻ സദ്യയൊരുക്കി. നാട്ടിലേതിനേക്കാൾ കേമമായിത്തന്നെ. കുട്ടികളുടെ കലാ പരിപാടികൾ. പൂക്കളം. സുന്ദരിക്ക്‌ പൊട്ടുതൊടൽ. ചാക്കിലോട്ടം. വടം വലി. എന്നു വേണ്ട സകല പരിപാടികളും കഴിഞ്ഞ്‌ ഏതാണ്ട്‌ മൂന്നുമണിയോടെ തിരികെ വില്ലയിലെത്തി.
നടുക്കുന്ന ഒരു കാഴ്ച്ചയാണ്‌ ഞങ്ങളെ കാത്തിരുന്നത്‌.
സ്റ്റീവൻ സീഗാൾ...
അടുക്കളയിലേക്ക്‌ കയറിയതും ഞങ്ങൾ അതു കണ്ടു ...
പുറത്ത്‌ ടെറസിൽ കത്രീനയുടെ പട്ടി "മാമ ഡോഗ്‌" നിന്നിരുന്നു. അവളുടെ വായിൽ...
"ചതിച്ചല്ലോ ഈശ്വരാ !" എന്ന് ഒരേ സ്വരത്തിൽ നിലവിളിച്ചുകൊണ്ട്‌ ഞങ്ങൾ പുറത്തേക്കോടി.
കൂറ്റൻ പട്ടിയാണ്‌ മാമ ഡോഗ്‌. നമളെ ഉപദ്രവിക്കില്ല. പക്ഷേ ഒടുക്കത്തെ ആരോഗ്യം. ഏറെ നേരത്തെ ശ്രമഫലമായിട്ടാണ്‌ സ്റ്റീവനെ അവളുടെ വായിൽ നിന്നും സ്വതന്ത്രനാക്കിയെടുത്തത്‌. പക്ഷേ അപ്പോഴേക്കും...
ഒരൊറ്റ നിമിഷം കൊണ്ട്‌ ലോകം തലകീഴായി മറിഞ്ഞ പോലെ തോന്നി ഞങൾക്കെല്ലാവർക്കും. ഓണാഘോഷത്തിന്റെ ആവേശമെല്ലാം തകർന്നടിഞ്ഞു. പാവം ഗണുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഞാൻ അവനെ ചേർത്തു പിടിച്ചു.
"അച്ചായാ... ഇത്‌ എന്റെ തലേലാകും. ല്ലേ ?"
"ങേ!" ഞങ്ങളെല്ലാം ഒരുപോലെ ഞെട്ടി.
" ആ പെണ്ണുമ്പിള്ളക്ക്‌ എന്നെ അല്ലെങ്കിലേ കണ്ടുകൂട. സ്റ്റീവനെന്തെങ്കിലും പറ്റിയാൽ ഉറപ്പായും അവരെന്നെയേ സംശയിക്കുവൊള്ളൂ. മട്ടും മാതിരിയുമൊക്കെ കണ്ടിട്ട് ഈ പക്ഷി അവൾടെ കുഞ്ഞമ്മേടെ മോനാണെന്ന് തോന്നുന്നു. എന്റെ ഇവിടത്തെ താമസം ഹുദാ ഗവാ !" അവൻ എണ്ണിപ്പെറുക്കി കരയുകയാണ്‌.
ആദ്യത്തെ നടുക്കം വിട്ടുമാറിക്കഴിഞ്ഞപ്പോൾ എല്ലാവരും ചിന്തിക്കാൻ തുടങ്ങി. ഈ മരണം അവന്റെ മാത്രമല്ല ഞങ്ങളെല്ലാവരുടേയും ഇവിടത്തെ താമസത്തെ ബാധിച്ചേക്കാം എന്നൊരു ചിന്ത.
കത്രീന സ്ഥലത്തില്ല. അവൾ വരുമ്പോഴേക്കും തെളിവ്‌ നശിപ്പിക്കണം. ഓരോരുത്തരും ഓരോ ഐഡിയാകളുമായി മുൻപോട്ടു വന്നു.
നല്ലൊരു കുക്കായിരുന്ന ഗണു ആദ്യമായി മുൻപോട്ടു വെച്ച ഐഡിയാ വളരെ സിമ്പിളും പവർ ഫുള്ളും ആയിരുന്നു. പക്ഷേ ബാക്കി എല്ലാവരും അത് കേട്ട് നടുങ്ങിപ്പോയി.
“നിനക്കെങ്ങനെ മനസ്സു വന്നെടാ മഹാ പാപീ അതു പറയാൻ ? എനിക്കെന്റെ ബാബുമോനെപ്പോലാണ്‌ ആ പക്ഷി.” ബാലു മൂക്കു പിഴിഞ്ഞു.
ഒടുവിൽ ഗണു തന്നെ മറ്റൊരു ഐഡിയായുമായി മുൻപോട്ടു വന്നു. അത് എല്ലാവർക്കും ഒരുപോലെ സ്വീകാര്യമായി.
സ്റ്റീവനെ എടുത്ത്‌ ഒരു ബക്കറ്റ്‌ വെള്ളത്തിലിട്ട്‌ ആദ്യം നന്നായൊന്നു കഴുകിയെടുത്തു. നിറയെ മണ്ണും പൊടിയുമായിരുന്നു.
അതിനു ശേഷം ഒരു ഹെയർ ഡ്രയർ ഉപയോഗിച്ച്‌ നന്നായി ഉണക്കിയെടുത്ത്‌ തൂവലുകളൊക്കെ ഒന്ന് കോതിയൊതുക്കിക്കഴിഞപ്പോൾ കക്ഷി മിടുക്കനായി. ചത്തുപോയി എന്നതൊഴിച്ചാൽ വേറേ യാതൊരു കുഴപ്പവുമില്ല !
പ്ലാനിന്റെ രണ്ടാംഭാഗം.
ഭിത്തിയിലൂടെ അള്ളിപ്പിടിച്ച്‌ കയറിയ ഗണു ബാൽക്കണിയുടെ സ്ലൈഡിംഗ്‌ ഡോർ തുറന്ന് കത്രീനയുടെ ബെഡ്‌ റൂമിനകത്തു കയറി. സ്റ്റീവന്റെ ബെഡിൽ അവനെ ചെരിച്ചു കിടത്തി ഒരു കുട്ടിപ്പുതപ്പെടുത്ത്‌ അവനെ നന്നായി പുതപ്പിച്ച്‌ കയറിയ വഴിയേ തന്നെ ചാടി കാലുളുക്കി ഒരു വിധത്തിൽ താഴെയെത്തി.
എല്ലാവരും ഒരേ സ്വരത്തിൽ ദീർഘനിശ്വാസമുതിർത്തു.
അഞ്ചു മണി.
കത്രീന കറക്കം കഴിഞ്ഞ്‌ വീടണഞ്ഞു. കാറിന്റെ ഡോർ അടയുന്ന ശബ്ദം കേട്ട്‌ ഞങ്ങൾ ഡൈനിംഗ്‌ റൂമിലിരുന്ന് ടീവീയിലേക്ക്‌ ശ്രദ്ധ പതിപ്പിച്ചു.
അകത്തേക്കു കയറി വന്ന കത്രീനയുടെ മുഖം മ്ലാനമായിരുന്നു. വന്ന പാടെ ഞങ്ങളെയെല്ലാം ഒന്നു നോക്കി. കണ്ണുകൾ ഒരൽപ്പം നനഞ്ഞോ എന്ന് സംശയം.
" വാട്ട്‌ ഹാപ്പൻഡ്‌ കെയ്റ്റ്‌ ?" ഞാൻ ചോദിച്ചു.
"അലക്സ്‌..." അവരുടെ തൊണ്ടയിടറി. "നമ്മുടെ സ്റ്റീവൻ..."
ഞങ്ങളുടെ എല്ലാവരുടേയും നെറ്റിയിൽ ചുളിവുകൾ വീണു. "സ്റ്റീവൻ ??"
" നിങ്ങടെ ഓണാഘോഷം നശിപ്പിക്കണ്ട എന്നു കരുതിയാണ്‌ ഞാൻ വിളിക്കാതിരുന്നത്‌. നമ്മുടെ സ്റ്റീവൻ ഇന്നു രാവിലെ ഞാൻ നോക്കുമ്പോൾ ... ഹീ ഈസ്‌ നോ മോർ അലക്സ്‌... ഇന്നു രാവിലെ അവൻ ഉണർന്നില്ല!"
"ദൈവമേ!! " ഞാൻ ഉമിനീരിറക്കി.
"യെസ്‌. ഹാർട്ട്‌ അറ്റാക്കായിരുന്നു എന്നാണ്‌ വെറ്റ്‌ പറഞ്ഞത്‌. ഞാൻ നമ്മുടെ ബാക്ക്‌ യാർഡിൽ ഒരു ചെറിയ കുഴിയെടുത്ത്‌ മറവു ചെയ്തു. "
ഞങ്ങൾ മുഖത്തോടു മുഖം നോക്കി.
"എനിക്കൊന്നു കിടക്കണം ഗയ്സ്‌! സോ സോറി. അവൻ നിങ്ങൾക്കൊക്കെ എത്ര പ്രിയപ്പെട്ടവനായിരുന്നു എന്നെനിക്കറിയാം. നമുക്കെല്ലാവർക്കും അവന്റെ ആത്മാവിന്റെ-"
"കെയ്റ്റ്‌ മുകളിലോട്ട്‌ പോകുകയാണോ ?" ഞാൻ അവരെ പൂർത്തിയാക്കാൻ അനുവദിച്ചില്ല.
"യെസ്‌!"
"നന്നായി! വേഗം ചെല്ല്. കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനമാകട്ടെ. "
കത്രീന സ്റ്റെയർ കയറി മുകളിലേക്ക് പോയിക്കൊണ്ടിരുന്നപ്പോൾ ബാത്ത് റൂമിൽ നിന്നും ഗണു വെളിയിൽ വന്നു.
“എന്തായി ? കാര്യങ്ങളൊക്കെ സെറ്റായോ ?” പഹയന്റെ മുഖത്തൊരു കുസൃതിച്ചിരിയുണ്ടായിരുന്നു.
“ഇല്ല. കൊറച്ചോടെ സെറ്റാകാനുണ്ട്. നീ എങ്ങോട്ടും പോകല്ലേ. ഇവിടെത്തന്നെ ഉണ്ടാകണം.” ഞാൻ അവനെ ചേർത്ത് അരികിൽ നിർത്തി.
അലക്സ്‌ ജോൺ
ത്രിശ്ശൂർ

ബ്രാൽക്കണിയിലെ ബ്ലാ!

  


ദുബായിലെ ബാച്ചിലർ ജീവിത കഥകൾ തുടരുകയാണ്‌. തൊട്ടു മുന്നെ എഴുതിയ പാലസിലെ ഡ്രൈവറുടെ കഥ ഭീകര ഹിറ്റ്‌ ആക്കിത്തന്ന എല്ലാർക്കുമുള്ള നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തുന്നു. ഞാൻ ഇതുവരെ എഴുതിയതിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരു ഗ്രൂപ്പിൽ നിന്ന് വായിച്ച കഥയാണത്‌.

രണ്ടായിരാമാണ്ടിന്റെ തുടക്കക്കാലമാണ്‌. ഞാൻ അപ്പോഴും പുതുമ മാറാത്ത ഒരു പ്രവാസിപ്പയ്യൻ തന്നെ.
ജോലി കിട്ടിക്കഴിഞ്ഞപ്പോൾ താമസ സ്ഥലം മാറേണ്ട ഒരു അവസ്ഥയുണ്ടായി. ബെഡ്‌ സ്പേസുകൾ തപ്പി നടന്ന് ഒടുവിൽ ഒരു ഫാമിലിയുടെ കൂടെ അവരുടെ 2ബെഡ്‌ റൂം ഫ്ലാറ്റിലെ ഒരു മുറി ഷെയർ ചെയ്ത്‌ താമസിക്കുന്ന ഒരു അറേഞ്ച്മെന്റിലെത്തി നിൽക്കുന്ന കാലം. എന്റെ കൂടെ ഒരു സുഹൃത്ത്‌ കൂടെ ഉണ്ട്‌. ഞങ്ങൾ രണ്ടുപേരും ഷെയർ ചെയ്ത്‌ ആ പാർട്ടീഷൻ ബെഡ്‌ റൂമിൽ അഡ്ജസ്റ്റ്‌ ചെയ്ത്‌ ജീവിതം തുടങ്ങി. ഫസ്റ്റ്‌ ഫ്ലോറിലായിരുന്നു ഞങ്ങളുടെ ഫ്ലാറ്റ്‌. ബെഡ്‌ റൂമിൽ നിന്നും തുറന്നിറങ്ങാനാകുന്ന ബാൽക്കണിയാണ്‌ ആ കെട്ടിടത്തിന്റെ മെയിൻ അട്രാക്ഷൻ.
ഹൗസ്‌ ഓണർ ഒരു കോട്ടയം അച്ചായനായിരുന്നു. ഒരു തനി ശുദ്ധഗതിക്കാരനായ, പേടിത്തൊണ്ടനായ സാധു മനുഷ്യൻ. പിശുക്ക്‌ ദുബായിലാകെ പ്രസിദ്ധമായിരുന്നു. ഡേ റ്റു ഡേ - വൺ ദിർഹം ഷോപ്പിൽ പോയി ബാർഗ്ഗെയിൻ ചെയ്യുന്ന അപൂർവ്വം വ്യക്തികളിലൊരാൾ. ഭാര്യ കൂടെയുണ്ട്‌. മക്കൾ രണ്ടുപേരും നാട്ടിൽ. പിശുക്കു പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യാ ഭയവും പ്രസിദ്ധമായിരുന്നു. ആ സ്ത്രീ വെറും ഒരു നോട്ടം കൊണ്ട്‌ ആ വീട്ടിലെ മിക്ക ഉപകരണങ്ങളും നിയന്ത്രിക്കുന്നത്‌ കാണാം. വല്ലാത്തൊരു ജീവിയായിരുന്നു അത്‌. അവരുള്ളപ്പോൾ ഞങ്ങൾക്ക്‌ ടീവീ പോലും ഒന്നുറക്കെ വെക്കാൻ പേടിയായിരുന്നു.
അങ്ങനെ ഒരു ദിവസം ഞാൻ ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ നടന്നു വരുന്ന സമയം. സമയം ആറു മണി. മനോഹരമായ ഒരു ഡിസംബർ സായാഹ്നം.
'പ്ധൊക്കൊ!!' എന്നൊരു ശബ്ദമാണ്‌ എന്നെ ചിന്തയിൽ നിന്നുണർത്തിയത്‌. മുന്നിൽ കണ്ട ആ കാഴ്ച്ച എന്നെ സ്തംഭിപ്പിച്ചു കളഞ്ഞു.
അച്ചായൻ എന്റെ മുന്നിൽ ഒരു നാലടി ദൂരത്ത്‌ ഫുട്പാത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു! ഒരു ചാക്കുകെട്ട്‌ മറിഞ്ഞു വീണു കിടക്കുന്ന പോലെ.
"എന്റ്മ്മേ! ചത്തേ!! " തുടങ്ങിയ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്‌. ഞാൻ ഓടി അടുത്തെത്തി താങ്ങിപ്പിടിച്ച്‌ നിവർത്തി വെച്ചു. വേദന സഹിക്കാനാവാതെ പാവം കിടന്ന് അമറുന്നുണ്ടായിരുന്നു.
"അച്ചായനിപ്പൊ എവിടുന്നാ വന്നെ ?"
സത്യമായിട്ടും എനിക്കങ്ങനെ ചോദിക്കാനാണ്‌ വായിൽ വന്നത്‌. എന്തു ചെയ്യാനൊക്കും ?
മറുപടിയായി എന്നെ നോക്കി പല്ലിറുമ്മിക്കൊണ്ട്‌ അച്ചായനെന്തോ സെൻസർ ചെയ്തു.
ഞാൻ മുകളിലെ ബാൽക്കണിയിലേക്ക്‌ നോക്കി. വരവ്‌ അവിടെ നിന്നാണെന്നെനിക്ക്‌ മനസ്സിലായി. പക്ഷേ ഇത്ര ധൃതി പിടിച്ച്‌ വരണ്ട കാര്യം ??
ഞങ്ങളുടെ ഫ്ലോറിന്റെ മുകളിലെ നിലയിലും ഒരു ബാൽക്കണിയുണ്ട്‌. അവിടെ വായും പൊളിച്ച്‌ സ്തബ്ധയായി നോക്കി നിൽക്കുന്ന ഒരു ഫിലിപ്പീനി സുന്ദരി!
എനിക്കൊന്നും മനസ്സിലായില്ല.
ഞാൻ ഉടൻ തന്നെ ഫോണെടുത്ത്‌ ആംബുലൻസ്‌ വിളിച്ചതിനു ശേഷം അച്ചായനെ, അപ്പോഴേക്കും ഓടിക്കൂടിയ മനുഷ്യരെ ഏൽപ്പിച്ച്‌ ഫ്ലാറ്റിലേക്ക്‌ കുതിച്ചു. അച്ചായത്തിയെ വിവരമറിയിക്കണമല്ലോ.
ഫ്ലാറ്റ്‌ തുറന്ന് അകത്തു കയറിയ ഞാൻ ഞെട്ടി. അച്ചായത്തി ഫുൾ കലിപ്പിൽ! ബെഡ്‌ റൂമിന്റെ വാതിലിൽ ശക്തിയായി ഇടിക്കുന്നുണ്ട്‌. എന്തൊക്കെയോ പിച്ചും പേയും പറയുന്നു. എന്നെ കണ്ടപാടെ ഞെട്ടിത്തിരിഞു.
"എട ചെറക്കാ! നീ നിങ്ങടെ റൂമിനകത്തോടെ കേറി ബാൽക്കണീൽ ചെന്ന് ഈ മനുഷ്യൻ അകത്തെന്നതാ പരിപാടി എന്നൊന്നു നോക്കിക്കേ! കൊറേ നേരായി അകത്ത്‌ കേറി ലോക്ക്‌ ചെയ്തിട്ട്‌! ഒരു പെണ്ണിന്റെ ഒച്ച കേൾക്കുന്നുണ്ട്‌. ഇയാളടെ ഈ എടപാടെന്താന്ന് എനിക്കിന്നറിയണം. കുറേ കാലായി തൊടങ്ങീട്ട്‌!"
"അച്ചായൻ മുറിക്കകത്തില്ല ചേട്ടത്തി. " അക്രമാസക്തയായി ഗർജ്ജിക്കുന്ന ഒരു വന്യമൃഗത്തോട്‌മലയാളത്തിൽ സംസാരിക്കുന്നത് എത്ര വിചിത്രമായൊരു ഏർപ്പാടാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
"അച്ചായൻ ഇച്ചിരി മുന്നെ ബാൽക്കണീന്ന് താഴെപ്പോയി ചേട്ടത്തീ..."
"ങേ!! അതെന്തിന്‌ ?? " അവർ കണ്ണു മിഴിച്ചു.
"എന്തിനാന്ന് ചോദിച്ചാ... അതിപ്പൊ ... ങേ ?" ഞാൻ ഞെട്ടി. ഇവരെന്താ ഈ ചോദിക്കുന്നത്‌ ?
" ഇപ്പൊ പുള്ളി എവടൊണ്ട്‌ ?"
"താഴെ. ആംബുലൻസ്‌ വരും ഇപ്പൊ. "
സ്ത്രീ ഒരു നിമിഷം സ്തംഭിച്ചു നിന്നു. പിന്നെ പതുക്കെ അനങ്ങിത്തുടങ്ങി. ഇപ്പൊഴാണ്‌ അവർക്ക്‌ സംഭവം മനസ്സിലായത്‌ എന്ന് എനിക്ക്‌ മനസ്സിലായി. പക്ഷേ അവരുടെ അടുത്ത വാചകം എന്നെ വീണ്ടും ഞെട്ടിച്ചു കളഞ്ഞു.
"ഇനി ആ ബെഡ്‌ റൂമിന്റെ വാതിലു തൊറക്കാൻ എന്തു ചെയ്യും ?! അകത്തൂന്ന് പൂട്ടിയേക്കുവാ."
"അതേ. അതാണിപ്പോൾ നമ്മൾ നേരിടുന്ന പ്രധാന വെല്ലുവിളി ! ഒന്നെറങ്ങെന്റെ പെണ്ണുമ്പിള്ളേ!!"
എന്റെ നിശബ്ദമായ അലർച്ച ഫലം കണ്ടു. അവർ വേഗം റെഡിയായി.
ഹോസ്പിറ്റൽ സീൻ.
ഏറ്റവുമടുത്തുണ്ടായിരുന്ന ഒരു ഇറാനിയൻ ഹോസ്പിറ്റലിലേക്കാണ്‌ ആംബുലൻസ്‌, അച്ചായനെ കൊണ്ടുപോയത്‌. ഞാനും ചേട്ടത്തിയാരും ഒരു ടാക്സിയിൽ പുറകേ എത്തി.
ടെസ്റ്റുകളെല്ലാം കഴിഞ്ഞ്‌ ഒരു റൂമിലേക്ക്‌ മാറ്റുന്നതു വരെ നിലത്തു നിൽക്കാൻ പറ്റിയില്ല. വിവിധ മരുന്നുകൾക്കായി ഒരു അഞ്ചു വട്ടമെങ്കിലും എന്നെ ഫാർമ്മസിയിലേക്ക്‌ ഓടിച്ചിരിക്കണം. വലിയ സെറ്റപ്പൊന്നുമില്ലാത്ത ഒരു ഹോസ്പിറ്റലായിരുന്നു അത്‌.
ഡ്യൂട്ടി ഡോക്ടർ കടന്നു വന്നു.
"ഫസ്റ്റ്‌ ഫ്ലോറിൽ നിന്ന് താഴെപ്പോയിട്ട്‌ ആകെ ഇത്രേ പറ്റിയൊള്ളോ ?" ഡോക്ടറുടെ വാക്കുകളിൽ കടുത്ത ഇച്ഛാഭംഗം.
"മാരകമായിട്ടൊന്നുമില്ലല്ലോ അല്ലേ സാർ ?" അച്ചായത്തിയുടെ ചോദ്യം.
"ഏയ്‌. നെഞ്ചും തല്ലി വീണതുകൊണ്ട്‌ കയ്യും കാലുമൊന്നും ഒടിയാതെ രക്ഷപ്പെട്ടു. വാരിയെല്ലുകളിൽ ചെറിയ ബ്രൂസിംഗ്‌ ഉണ്ട്‌. ചെലപ്പൊ ഒരു നീർക്കെട്ടുണ്ടായേക്കാം. വേദനയ്ക്കുള്ള മരുന്നുകൾ കൊടുത്തിട്ട്ണ്ട്‌. "
ഡോക്ടർ ഇറങ്ങിയതും ഭാര്യ ഭർത്താവിനെ തട്ടിവിളിച്ചു.
"എന്താ ഒണ്ടായേ? എന്തിനാ നിങ്ങൾ...എന്തുപ്രശനൊണ്ടെങ്കിലും മ്മക്ക്‌ ..."
ഭർത്താവ്‌ മുഖം തിരിച്ചുകളഞ്ഞു.
അച്ചായത്തിക്ക്‌ സഹിച്ചില്ല. മൂക്കു പിഴിഞ്ഞുകൊണ്ട്‌ അവർ പുറത്തേക്കു പോയി. വാതിലടഞ്ഞ ശബ്ദം കേട്ടതും അച്ചായൻ തിരിഞ്ഞ്‌ എന്നെ നോക്കി.
വേദനാ സംഹാരികൾ ധാരാളം കയറ്റിയതുകൊണ്ടാകണം ആകെ മൊത്തം അച്ചായനൊരു ചൈതന്യം വന്നിരുന്നു.
"സത്യം പറ മനുഷ്യാ... എന്താ ഉണ്ടായേ ?" ഞാൻ ബെഡിലേക്കിരുന്നു.
“ബ്രാൽക്കണിയിലെ ബ്ലാ..." അച്ചായന്റെ വരണ്ട ചുണ്ടുകൾ ചലിച്ചു.
"ങേ ?" എനിക്ക്‌ മനസ്സിലായില്ല.
തുടർന്ന് ഒരു ദീഘ നിശ്വാസത്തോടെ അച്ചായൻ ആ സംഭവം വിവരിച്ചു.
ഞങ്ങളുടെ ഫ്ലാറ്റിന്റെ മുകളിലെ നിലയിൽ താമസികുന്നത്‌ ഏതാനും ഫിലിപ്പീൻസ്‌ യുവതികളാണ്‌. ഏതോ ക്ലീനിങ്‌ കമ്പനി സ്റ്റാഫുകൾ. നല്ല രസമാണ്‌ അവറ്റകളെ കാണാൻ. റോസ്‌ കളർ യൂണിഫോമിൽ നിരനിരയായി സ്റ്റെയർ ഇറങ്ങിപ്പോകുന്നത്‌ കണ്ടാൽ ഫ്ലമിങ്കോ പക്ഷികളുടെ ഒരു കൂട്ടം പോകുന്ന പോലെ തോന്നും.
സംഭവിച്ചത്‌ ഇത്രേയുള്ളൂ.
ഫ്ലമിങ്കോ പക്ഷികളിലൊന്ന് അവളുടെ ബ്രാ കഴുകി അവരുടെ ബാൽക്കണിയിൽ ഉണക്കാനിടുകയായിരുന്നു. തൽസമയം നമ്മുടെ അച്ചായൻ, ഭാര്യ ഡ്യൂട്ടി കഴിഞ്ഞു വരുന്നതിനു മുൻപ്‌ ഒരു പുക എടുക്കാനായി ഞങ്ങളുടെ ബാൽക്കണിയിലേക്കിറങ്ങുന്നു.
അതിശക്തമായ ഒരു കാറ്റടിക്കുന്നു.
പെൺകുട്ടിയുടെ ബ്രാ പറന്ന് ഞങ്ങളുടെ ബാൽക്കണിയിൽ ലാൻഡ്‌ ചെയുന്നു.
"പരേ! ഒരു സാധനം അങ്ങ്‌ വീണട്ട്ണ്ട്‌. കിട്ടിയാർന്നോ പരേ?" എന്ന് ആ പെൺകുട്ടി വിളിച്ചു ചോദിക്കുന്നു.
"കിട്ടി പരേ! " എന്ന് അച്ചായൻ മറുപടിപറയുന്നു.
ഫിലിപ്പീൻസ്‌ ഭാഷയിൽ 'പരേ!' എന്നു വെച്ചാൽ ' ഫ്രണ്ടേ' എന്നു വിളിക്കുന്നതാണ്‌ കേട്ടോ. (ഇതിന്റെ ശരിക്കുള്ള ഉച്ചാരണം മലയാളത്തിൽ തെറിയാണെന്നു തോന്നുന്നു). കഥ തുടരട്ടെ.
"കിട്ടിയെങ്കിൽ അത്‌ കയ്യിൽ വെക്കൂ പരേ. ഞാനിപ്പൊ താഴത്തോട്ട്‌ വരാം. " ഫ്ലമിങ്കോ ചിലയ്ക്കുന്നു.
ആ നിമിഷം തന്നെ, ജോലി കഴിഞ്ഞ്‌ വന്ന അച്ചായത്തി ഫ്ലാറ്റിനുള്ളിലേക്ക്‌ പ്രവേശിക്കുന്നു. മെയിൻ ഡോർ തുറക്കുന്ന ശബ്ദം അച്ചായൻ കേൾക്കുന്നു.
അടുത്ത ഏതാനും മിനിറ്റുകൾക്കുള്ളിൽ നടന്നേക്കാവുന്ന അതി ഭയാനകമായ ഒരു കൂടിക്കാഴ്ച്ച അച്ചായന്റെ മനസ്സിൽ തെളിഞ്ഞു.
കോളിംഗ്‌ ബെല്ലടിക്കുന്നു. അച്ചായത്തി വാതിൽ തുറക്കുന്നു. പുറത്ത്‌ പുഞ്ചിരി തൂകി നിൽകുന്ന ഫിലിപീൻസ്‌ സുന്ദരി ലജ്ജാവിവശയായി മൊഴിയുന്നു.
"എന്റെ ബ്രാ ഇവിടുണ്ട്‌. അതെടുക്കാൻ വന്നതാ..."
ചിന്ത അത്രയുമായപ്പോഴേക്കും അച്ചായന്‌ അതി കഠിനമായ ശ്വാസതടസ്സം നേരിട്ടു തുടങ്ങി.
"പരേ!!" അച്ചായൻ ഉറക്കെ വിളിച്ചു. നിലവിളിച്ചു എന്നു പറയുന്നതായിരിക്കും ശരി. " നീ ലിങ്ങോട്ട്‌ വരണ്ട. ഞാൻ ലിവിടുന്ന് ലങ്ങോട്ട്‌ ഇട്ടു തരാം. "
"തേങ്ക്യൂ പരേ! ബട്ട്‌ ദാറ്റീസ്‌ ബെരി ബെരി ഡേഞ്ചറസ്‌" എന്നൊക്കെ ആ കുട്ടി പറഞ്ഞു നോക്കിയെങ്കിലും അച്ചായനുണ്ടോ സമ്മതിക്കുന്നു. 'നീ ഇങ്ങോട്ടു വരുന്നത്രയും ഡേഞ്ചറസ്‌ അല്ല ഒന്നും' എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്‌ അച്ചായൻ ആ ബ്രാ ചുരുട്ടി ഒരു ബോൾ പോലെയാക്കി ബാൽക്കണിയുടെ റെയിലിനു മുകളിലൂടെ പുറകോട്ട്‌ ഏങ്ങി വലിഞ്ഞു നിന്ന് മുകളിലേക്കെറിഞ്ഞു കൊടുത്തു. അതിസാഹസികമായി ആ കുട്ടി അത്‌ പിടിച്ചെടുക്കുകയും ചെയ്തു.
പക്ഷേ ആ പൊസിഷനിൽ നിന്നും പൂർവ്വസ്ഥിതിയിലേക്ക്‌ വരാൻ പാവം അച്ചായന്‌ അവസരം കിട്ടിയില്ല എന്നതാണ്‌ സത്യം. യാതൊരു ദയയുമില്ലാതെ സകല വസ്തുക്കളേയും തന്റെ കേന്ദ്രത്തിലേക്ക്‌ ആകർഷിക്കുന്ന ഭൂമി പാവം നമ്മുടെ അച്ചായനേയും വെറുതേ വിട്ടില്ല.
അലക്സ്‌ ജോൺ. ത്രിശ്ശൂർ.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo