ബാച്ചിലർ ചരിതം മൂന്നാം ഭാഗം. ഇപ്രാവശ്യം നമ്മൾ ജുമൈറായിലാണ്. ക്രീക്കോ പ്രീക്കോ അങ്ങനെയേതാണ്ടൊരു സ്ഥലം. ബീച്ചിനോട് ചേർന്നൊരു സൂപ്പർ വില്ല.
മുകളിലെ നില ഒരു മദാമ്മക്കുട്ടിയുടേതാണ്. പേര് കാറ്റ്രിയോന. ഇംഗ്ലീഷിൽ കെയ്റ്റ് എന്നും മലയാളത്തിൽ കത്രീന എന്നും വിളിക്കാം. അമേരിക്കൻ ആണ്. എന്റെ കമ്പനിയിലെ സെക്രട്ടറിയായിരുന്നു.
താഴത്തെ നില ഞങ്ങൾ അഞ്ച് മലയാളികൾ പകുത്തെടുത്തിരിക്കുന്നു. ഞാനാണ് മദാമ്മക്കുട്ടിയിൽ നിന്നും സബ് ലെറ്റ് ചെയ്തിരിക്കുന്നത്. സോ ഇപ്രാവശ്യം ഹൗസ് ഓണർ അച്ചായൻ ഈ ഞാൻ തന്നെയാണ്.
വീട് വാടകയ്ക്കെടുക്കാൻ മദാമ്മയുമായി സംസാരിച്ച അന്നു തന്നെ അവർ എന്നോടു സീഗൾസിനെപ്പറ്റി (കടൽ കാക്കകൾ) സൂചിപ്പിച്ചിരുന്നു. പക്ഷേ എന്റെ നിലയത്തിലുണ്ടായ ഒരു ചെറിയ ട്രാൻസ്ലേഷൻ മിസ്റ്റേക്ക് കാരണം
സ്റ്റീവൻ സീഗൾ എന്നൊരു പാട്ടുകാരനെപ്പറ്റിയാണവർ പറയുന്നതെന്ന് ഞാൻ കരുതി "യാ യാ സീഗാൾ ! ഓസം" എന്നോക്കെ പറഞ്ഞ് തള്ളവിരലുയർത്തിക്കാട്ടി. ഒപ്പം സീഗാൾ ഗിറ്റാറും പിടിച്ചു നിൽക്കുന്ന ഒരു പോസും അങ്ങ് വെച്ചു കൊടുത്തു. മദാമ്മ കണ്ണു തുറിച്ച് നോക്കുന്ന കണ്ടു. കടൽക്കാക്കകളെപ്പറ്റി ഇത്രയധികം വികാരാധീനനാകുന്ന ഒരു മനുഷ്യനെ അവർ ആദ്യമായി കാണുകയായിരുന്നിരിക്കണം.
സീഗൾസ്!
സത്യത്തിൽ കടൽ കാക്കകളെ സൂക്ഷിക്കണം എന്നാണവർ പറഞ്ഞത്. ആ ഒരു ലൈനിലുള്ള കുറേയേറെ വില്ലകൾ കടലോരത്താണ് സ്ഥിതി ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ അവിടത്തെ ആകാശത്തിന്റെ നല്ലൊരു ഭാഗവും കടൽ കാക്കകളുടെ നിയന്ത്രണത്തിലായിരുന്നു.
വില്ലയുടെ പുറകിലായി ഒരു ടെറസ് ഉണ്ട്. അവിടെ ഒരു ചെറിയ സ്വിമ്മിംഗ് പൂളും 'മമ്മ ഡോഗ്' എന്നറിയപ്പെട്ടിരുന്ന കൂറ്റൻ ഗോൾഡൻ റിട്രീവർ പട്ടിയുടെ കൂടും ഉണ്ടായിരുന്നു. ടെറസിൽ നിന്നും നീളത്തിൽ മരപ്പലകകൾ അടുക്കിയുണ്ടാക്കിയ ഡെക്ക് കടലിലേക്ക് നീണ്ടു കിടന്നു. അതിന്റെ അറ്റത്ത് ഒരു സ്പീഡ് ബോട്ട് ബന്ധിച്ചിട്ടിരുന്നു. കത്രീനയുടെ എക്സ് ഹസ്ബൻഡ് കെവിന്റേതാണ്.
അയാൾ മാസത്തിലൊരിക്കൽ അവിടെ വന്ന് കത്രീനയുമായി അടിയുണ്ടാക്കും. അതു കഴിഞ് ബോട്ടെടുത്ത് ഒന്ന് കറങ്ങും. ആ സമയത്ത് കത്രീന അടിച്ചു വീലാകും. വിചിത്രമായ ഒരു തരം ആചാരം. ഞങ്ങൾ മലബാറികൾക്ക് ശീലമായി.
ഈ സീഗൾസ് എന്നു പറയുന്നത് അതീവ ബുദ്ധിയുള്ള ഒരിനം വെളുത്ത കാക്കകളാണ്. അതെനിക്ക് ആദ്യ ദിവസം തന്നെ ബോദ്ധ്യപെട്ടു. ഒരു പ്ലേറ്റിൽ രണ്ടു കഷണം സാൻഡ്വിച്ചുമായി ഞാൻ സ്വിമ്മിംഗ് പൂളിന്റെ ഡെക്കിലേക്കിറങ്ങിയതായിരുന്നു. പ്രകൃതി രമണീയത ആസ്വദിച്ച് ഭക്ഷണം കഴിച്ച് ശീലമായിപ്പോയി. എന്തു ചെയ്യാനാണ്.
കിച്ചന്റെ ഡോർ തുറന്നതേ ഓർമ്മയുള്ളൂ. ക്രാ ക്രീ എന്ന രണ്ട് ശബ്ദങ്ങൾ കേട്ടു. അടുത്ത നിമിഷം നാനാ ദിക്കിൽ നിന്നും മിസെയിലുകൾ പോലെ പാഞ്ഞെത്തിയ പക്ഷി സൈന്യം യാതൊരു ദാക്ഷിണ്യവും കൂടാതെ എന്റെ പ്ലേറ്റ് കാലിയാക്കി സ്ഥലം വിട്ടു. എന്താണുണ്ടായതെന്ന് മനസ്സിലാക്കാൻ പോലും എനിക്ക് രണ്ട് മിനിട്ടെടുത്തു. അപ്പോൾ മുകളിലെ നിലയിലെ ബാൽക്കണിയിൽ നിന്ന് കത്രീനയുടെ ശബ്ദം.
"ഇതു തന്നെയല്ലേഡാ ........ നിന്നോട് ഞാൻ പറഞ്ഞത് ?"
"യെസ്! ടെസ്റ്റ് ചെയ്തു നോക്കിയതാണ്. യൂ ആർ റൈറ്റ് കെയ്റ്റ്!!" ഞാൻ വീണ്ടും തള്ളവിരലുയർത്തിക്കാട്ടി.
അങ്ങനെ വലിയ അല്ലലുകളില്ലാതെ അവിടെ കഴിഞ്ഞു പോരവേ ഒരു ദിവസം നമ്മുടെ കഥാനായകൻ - വാടകക്കാരിലൊരാളായ ബാലുവിന്റെ ഒരു കസിൻ - പ്രത്യക്ഷപ്പെട്ടു. യഥാർത്ഥ പേര് ഉപയോഗിക്കാൻ പറ്റില്ലാത്തതിനാൽ നമുക്ക് ഇയാളെ ഗണു അഥവാ ഗണേശ് എന്നു വിളിക്കാം. ജീവിതത്തിൽ പിന്നീടെപ്പൊഴെങ്കിലും അതുപോലൊരു കഥാപാത്രത്തെ നേരിൽ കണ്ടത് നമ്മുടെ ഗണേശിനെയാണ്. സത്യത്തിൽ ഈ കഥയിലെ സെക്കൻഡ് ഹീറോ ആണ് കേട്ടോ. ശരിക്കുള്ള ഹീറോ വരുന്നുണ്ട്.
ഗണു
ഇയാൾ വിസിറ്റിംഗ് വിസയിൽ വന്നതാണ്. വന്നതിന്റെ പിറ്റേന്നു തന്നെ 'അവീർ' എന്നൊരിടത്ത് ഒരു കമ്പനിയിൽ ജോലിക്ക് കയറി. നല്ലോരു ഈജിപ്ഷ്യൻ കമ്പനി. ചെന്നയുടൻ മുതലാളി അവന്റെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും വാങ്ങി വെച്ചു.
14 മണിക്കൂർ ഡ്യൂട്ടി. ഓവർ ടൈം സാലറി ഫുഡ് അക്കൊമഡേഷൻ... എല്ലാമുണ്ട്. സോ പയ്യൻസ് ഒന്നും മിണ്ടാതെ അടങ്ങി നിന്നു. ഒരു മാസം.
പക്ഷേ തിയതി ഒന്നായി , രണ്ടായി , പത്തായി ശമ്പളമില്ല. ഒരു ദിവസം ചെന്നപ്പൊ ഫുഡുമില്ല!
ഗണു ബാലുവിനെ വിളിച്ച് വിവരം പറഞ്ഞു. ബാലു ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ ശനിയാഴ്ച്ച അങ്ങോട്ട് ചെന്ന് അവന്റെ മുതലാളിയുമായി സംസാരിക്കാമെന്ന് തീരുമാനിച്ചു. പക്ഷേ കാര്യങ്ങൾ ഉദ്ദേശിച്ച പോലെ നടന്നില്ല.
ആ ഈജിപ്ഷ്യൻ മുതലാളി എന്തോ കാലക്കേടിന് അന്ന് ഒരൽപ്പം ലേറ്റായി ഓഫീസിലിരുന്നു. സഹായത്തിന് ഗണുവിനേയും വിളിച്ചു.
ഗണു പണിയെടുത്തോണ്ടിരിക്കുന്ന സമയത്ത് മുതലാളി കെ എഫ് സി ഓർഡർ ചെയ്തത്രേ. ഗണുവിന്റെ ആവേശം ഇരട്ടിച്ചു. പണികളെല്ലാം ശരവേഗത്തിൽ തീർത്ത് കൈയ്യൊക്കെ കഴുകി കെ എഫ് സിക്ക് വെയ്റ്റ് ചെയ്തിരുന്ന ഗണു പെട്ടെന്നാണ് ആ പലക കണ്ടത്.
ക്ഷമയുടെ നെല്ലിപ്പലക!
ആ പലകയിൽ ചമ്രം പടിഞ്ഞിരുന്ന് വറുത്ത ചിക്കൻ കാലുകൾ കടിച്ചു വലിക്കുകയാണ് അവന്റെ മുതലാളി. ആ മാന്യൻ അയാൾക്ക് മാത്രമേ ഫുഡ് പറഞ്ഞിരുന്നുള്ളൂ. ഗണുവിനെ മൂലയ്ക്കു നിർത്തി ആ മനുഷ്യൻ ഒരു ബക്കറ്റ് ചിക്കൻ മുൻപിൽ വെച്ച് തന്റെ ജഠരാഗ്നി ശമിപ്പിച്ചുകൊണ്ടിരുന്നു.
ഇടയ്ക്കിടയ്ക്ക് ഗണുവിനെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചുകൊണ്ട് വായിൽ നിന്നും എല്ലിൻ കഷണങ്ങൾ ഊരിയെടുക്കുന്നുണ്ടായിരുന്നു.
രണ്ടു ദിവസമായി പട്ടിണിയായിരുന്ന പാവം ഗണു സ്വയമറിയാതെ മുൻപോട്ടൊന്ന് ആഞ്ഞു പോയെന്നാണ് ഞങ്ങളോട് പറഞ്ഞത്. ഏതാണ്ട് 15 മിനിട്ടോളം ഈജിപ്ഷ്യൻ വായുവിലായിരുന്നത്രേ. ബക്കറ്റിൽ ബാക്കി വന്ന എല്ലിൻ കഷണങ്ങൾ കൂടി തീറ്റിച്ചിട്ടേ അയാളെ അവൻ നിലത്തു നിർത്തിയുള്ളൂ.
തുടർന്ന് പാസ്സ്പോർട്ടുകൾ വെച്ചിരുന്ന അലമാര ചവിട്ടിപ്പൊളിച്ച് അതിനകത്തുണ്ടായിരുന്ന സകല പേപ്പറുകളും ഒരു ഭാണ്ഢം പോലെ കെട്ടി പോരാൻ നേരത്ത് അവിടിരുന്ന ഒരു പ്രിന്റർ എടുത്ത് അയാളുടെ തലയ്ക്കടിച്ച് തകർത്തിട്ട് വരുന്ന വഴിയാണ്.
"ബാലുവേ!!" ഞാൻ റൂം മേറ്റിനെ നോക്കി.
"പേടിക്കുവൊന്നും വേണ്ടച്ചയാ. നാട്ടിലും ഇവൻ ഇങ്ങനെ തന്നെയാ. " ബാലു പുഞ്ചിരിയോടെ മൊഴിഞ്ഞു.
“അതെയോ. അപ്പൊപ്പിന്നെ കൊഴപ്പമില്ല.” എനിക്ക് സമാധാനമായി. ദുബായ് പൊലീസ് വരുമ്പോൾ അതങ്ങ് പറഞ്ഞു കൊടുത്താൽ മതിയല്ലോ.
അങ്ങനെ തൽക്കാലത്തേക്ക് ഇവനെ തലയിലേൽക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. കത്രീനയോടും വിവരം പറഞ്ഞു. ഒറ്റ നോട്ടത്തിൽ തന്നെ " ഇവനൊരു വശപ്പെശകാണല്ലോ..." എന്നായിരുന്നു അവരുടെ പ്രതികരണം.
എല്ലാം ശാന്തമായി. പെട്ടെന്ന്!
"വെശക്കുന്നഡേ!"
ചെറിയൊരു അലർച്ച പോലെയായിരുന്നു ആ ശബ്ദം. ഞങ്ങൾ ഞെട്ടി.
"കൊഴപ്പമില്ല. ഞാൻ ഡീൽ ചെയ്തോളാം. " ബാലു മുൻപോട്ടു വന്ന് അവനെയും കൂട്ടി കിച്ചനിലേക്ക് പോയി.
കലികാലം.
ബാലു ഒരു പ്ലേറ്റിൽ നിറയെ എന്തൊക്കെയോ നിറച്ച് ഓവനിൽ വെച്ചു. ഗണുവാകട്ടെ ഈ സമയത്ത് അടുക്കളയുടെ ഗ്ലാസ്സ് ഡോറിലൂടെ പുറത്തെ കാഴ്ച്ചകൾ വീക്ഷിക്കുകയയിരുന്നു.
" എന്തൊരടിപൊളി സെറ്റപ്പാ അളിയാ! നിങ്ങളൊക്കെ ഭാഗ്യം ചെയ്ത ആൾക്കാരാണു കേട്ടാ. ഞാനിനി എങ്ങോട്ടുമില്ല!"
പറഞ്ഞു തീർന്നതും ഓവൻ മണിയടിച്ചു. ലവൻ പാഞ്ഞു ചെന്ന് അത് തുറന്ന് പ്ലേറ്റുമെടുത്ത് യുദ്ധകാഹളം മുഴക്കി. പാവം രണ്ടു ദിവസായിട്ട് പട്ടിണിയായിരുന്നല്ലോ.
ഗണു തിരിയുന്നത് കണ്ടതും ബാലു അപകടം മണത്തതാണ്. പക്ഷേ വൈകിപ്പോയിരുന്നു.
പ്ലേറ്റുമെടുത്ത് നേരേ കിച്ചന്റെ ഡോറും തുറന്ന് ടെറസിലേക്കിറങ്ങിയ ഗണുവിന് കുറച്ചു നേരത്തെക്ക് എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലായില്ല. ജീവിതത്തിലാദ്യമായി അതി ശക്തമായ വ്യോമാക്രമണത്തിന് വിധേയനാവുകയായിരുന്നു ആ പാവം യുവാവ്.
"കൊല്ലുമെടാ പട്ടീ!!" എന്നൊരലർച്ച കേട്ടാണ് ഞങ്ങൾ ഓടിച്ചെന്നത്.
അവിടെ... ടെറസിൽ ഘോര യുദ്ധമാണ്!!
സാമാന്യം വലുപ്പമുള്ള ഒരു കടൽക്കാക്കയെ ഭിത്തിയോട് ചേർത്തു നിർത്തി കഴുത്തിന് കുത്തിപ്പിടിച്ച് നിൽക്കുകയാണ് കഥാനായകൻ! ചുരുട്ടിപ്പിടിച്ച മുഷ്ടി ഏതു നിമിഷവും പക്ഷിയുടെ അടിവയറ്റിൽ പതിക്കും!
ഓടിയെത്തിയ ഞങ്ങൾ, ഉടൻ തന്നെ രണ്ടുപേരെയും പിടിച്ചു മാറ്റി സഘർഷാവസ്ഥ ഒഴിവാക്കി. പക്ഷേ അതുകൊണ്ട് വലിയ പ്രയോജനമൊന്നുമുണ്ടായില്ല. ഫ്രണ്ട്സ് സിനിമയിൽ, തലയിൽ ചുറ്റിക വീണ ജഗതിച്ചേട്ടനെപ്പോലെ ആ പക്ഷി കറങ്ങിക്കറങ്ങി നിലം പതിച്ചു.
ഗണു ക്രോധാവേശത്താൽ അതി കഠിനമായ സംസ്കൃത പദങ്ങൾ ഉറക്കെ ഉരുവിടുന്നുണ്ടായിരുന്നു. പിടി വിട്ടാൽ ഇന്നവിടെ ഒരു കൊലപാതകം നടക്കുമെന്നുറപ്പ്!
"ഗണൂ... കാക്കയാണ്. ഉപദ്രവിക്കരുത്. " ഞാൻ യാചിച്ചു.
"കാക്കയല്ല കഴുകനായാലും എന്റെ പാത്രത്തി കയ്യിട്ടു വാരാൻ വന്നാ വെച്ചേക്കില്ല ഞാൻ !" അവൻ അലറി!
പെട്ടെന്നാണ് അവിടെ ഒരു ഇംഗ്ലീഷ് അശരീരി മുഴങ്ങിയത്.
"ഓ മൈ ഗോഡ്!! വാട്ട് ഡിഡ് യൂ ഡൂ !! യൂ ബ്ലഡി അനിമൽസ് !!" (ബഹുവചനം)
സീനിലേക്ക് പാഞ്ഞെത്തിയ കത്രീന ആ പക്ഷിയെ വാരിയെടുത്തു.
ആ പക്ഷിയുടെ ജീവിതത്തിലാദ്യമായിട്ടായിരുന്നിരിക്കണം ഇത്തരമൊരനുഭവം. അക്ഷരാർത്ഥത്തിൽ തകർന്നു പോയിരുന്നു പാവം.
കത്രീന പക്ഷിയുമായി കിച്ചനിലേക്ക് വന്ന് പ്രഥമ ശുശ്രൂഷകളാരംഭിച്ചു. ശ്വാസമെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതിനു ശേഷം അതിനെ കമഴ്ത്തി കിടത്തി ചിറകുകൾ, നട്ടെല്ല്, വാരിയെല്ലുകൾ ഒക്കെ പരിശോധിച്ച് നേരേ അതിനേയുമെടുത്ത് കാറിൽ കയറി ഒരൊറ്റ പോക്ക്.
"എനിക്കറിയാൻ പാടില്ലാത്ത കൊണ്ട് ചോദിക്കുവാ" ഗണുവാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. " ഇത് ഇവിടത്തെ ദേശീയ പക്ഷി വല്ലതുമാണോ ?"
"ഗണുവേ... മോനേ... നിന്റെ ജോലിയെന്തുവാ ?" എനിക്ക് ചോദിക്കാതിരിക്കാനായില്ല.
"എന്റണ്ണാ! ഞാനാണോ പ്രശ്നൊണ്ടാക്കിയത് ? വല്ല മീനും പിടിച്ച് തിന്ന് മാന്യമായിട്ട് ജീവിച്ചു കൂടെ ഇവനൊക്കെ ? വല്ലവന്റേം പാത്രത്തി കേറി തോന്ന്യാസം കാണിച്ചിട്ടല്ലേ ?"
അവൻ പറയുന്നതിലും കാര്യമുണ്ട്. മാത്രമല്ല വിശന്നിരിക്കുന്നവനെ ഉപദേശിക്കാൻ പോകരുതെന്ന് വിവരമുള്ളവർ പറഞ്ഞിട്ടുണ്ട്. ഇനി അടുക്കളയിൽ കഞ്ഞിവെള്ളം പോലും ബാക്കിയില്ല.കൂടുതൽ സംസാരിക്കാൻ നിന്നാൽ അവൻ ഞങ്ങളെയെല്ലാം പിടിച്ചിട്ടിടിക്കാൻ സാദ്ധ്യതയുണ്ട്. ആയതിനാൽ ഞങ്ങൾ താൽക്കാലികമായി പിരിഞ്ഞു.
ഏതാണ്ട് രണ്ടു മണിക്കൂറുകൾക്ക് ശേഷം കത്രീന മടങ്ങിയെത്തി. പക്ഷിയുടെ വലതു ചിറക് തൂവലൊക്കെ പറിച്ച് പ്ലാസ്റ്ററിലാക്കിയിരുന്നു.
വന്നപാടെ ഞങ്ങളെയെല്ലാം ഒന്ന് രൂക്ഷമായി നോക്കി അവൾ മുകളിലേക്ക് കയറിപ്പോയി.
അങ്ങനെ വില്ലയിൽ അന്നു മുതൽ ഒരു പുതിയ താമസക്കാരനും കൂടിയായെന്നു പറഞ്ഞാൽ മതിയല്ലോ.
പക്ഷിയെ സ്റ്റീവൻ സീഗാൾ എന്നു വിളിക്കാമെന്ന് സജസ്റ്റ് ചെയ്തത് ഞാനായിരുന്നു. എല്ലാവർക്കും താൽപ്പര്യമായി. കൃത്യമായി മൂന്നു നേരം ഭക്ഷണം കൊടുത്ത് മുറിവ് ഡ്രസ്സ് ചെയ്ത് രാജകീയമായി ഞങ്ങളെല്ലാവരും കൂടി അവനെ കുടുംബത്തിന്റെ ഒരു ഭാഗമാക്കിയെടുത്തു. യാതൊരു കാരണവശാലും ഗണു, സ്റ്റീവന്റെ ഏഴയലത്തു പോലും വരരുതെന്ന് കത്രീനയുടെ കർശ്ശന നിർദ്ദേശമുണ്ടായിരുന്നു. പക്ഷേ വിശപ്പു മാറിയാൽ ഗണു വെറും പാവമായിരുന്നു എന്ന് അവൾക്കറിയില്ലല്ലോ.
ഒന്നര മാസങ്ങൾ കടന്നു പോയി.
ഗണുവിന് സത്വയിൽ ഒരു കഫ്തീരിയായിൽ ഷവർമ്മ ചെത്തുന്ന ജോലി കിട്ടി. താമസം ഞങ്ങടെ കൂടെത്തന്നെ. വാടക തരില്ല. പക്ഷേ നന്നായി കുക്ക് ചെയ്യും. പിന്നെ രസമാണ് കക്‌ഷിയുടെ കൂടെയുള്ള ജീവിതം. അതുകൊണ്ട് ആരും മൈൻഡ് ചെയ്തില്ല.
സ്റ്റീവന്റെ കഥയാണ് അതിലും രസം. പരുക്കൊക്കെ ഭേദമായി പറന്നു തുടങ്ങിയിട്ടും ലവൻ ഞങ്ങളെ വിട്ട് പോകാനൊരുക്കമല്ലായിരുന്നു. കത്രീന പലവട്ടം ബാൽക്കണിയിൽ നിന്ന് പറപ്പിച്ചു വിട്ടു നോക്കി. പക്ഷേ രക്ഷയില്ല. ബൂമറാങ്ങ് പോലെ കക്ഷി തിരിച്ച് വീട്ടിനകത്തേക്കു തന്നെ വരും. ഒടുക്കം ഞങ്ങൾ ആ പരിപാടി ഉപേക്ഷിച്ചു. ഗണുവിനടക്കം എല്ലാർക്കും പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞിരുന്നു സ്റ്റീവൻ. കത്രീനയുടെ ബെഡിനോട് ചേർന്ന് ഒരു ചെറിയ തൂവൽ മെത്തയൊക്കെ സെറ്റ് ചെയ്ത് അവനും അക്കോമഡേഷനൊരുക്കി ഞങ്ങൾ.
അങ്ങനെ ഒരു ഓണക്കാലം.
തിരുവോണം ഒരു വെള്ളിയാഴ്ച്ചയിൽ വന്ന് വീണു കിട്ടിയ അപൂർവ്വം വർഷങ്ങളിലൊന്ന്. ഞങ്ങൾ മലബാറികൾ സം ദുഷ്ടരായി. റാസ് അൽ ഖൈമായിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ ഓണം ആഘോഷിക്കാമെന്ന് ധാരണയായി. വ്യാഴാഴ്ച്ച തന്നെ രാത്രിയിൽ അങ്ങോട്ടു പുറപെട്ടു.
മറക്കാനാവാത്ത ഒരോണം!
ഞങ്ങൾ പത്തിരുപതു പേർ കൂടി ഒരു വമ്പൻ സദ്യയൊരുക്കി. നാട്ടിലേതിനേക്കാൾ കേമമായിത്തന്നെ. കുട്ടികളുടെ കലാ പരിപാടികൾ. പൂക്കളം. സുന്ദരിക്ക് പൊട്ടുതൊടൽ. ചാക്കിലോട്ടം. വടം വലി. എന്നു വേണ്ട സകല പരിപാടികളും കഴിഞ്ഞ് ഏതാണ്ട് മൂന്നുമണിയോടെ തിരികെ വില്ലയിലെത്തി.
നടുക്കുന്ന ഒരു കാഴ്ച്ചയാണ് ഞങ്ങളെ കാത്തിരുന്നത്.
സ്റ്റീവൻ സീഗാൾ...
അടുക്കളയിലേക്ക് കയറിയതും ഞങ്ങൾ അതു കണ്ടു ...
പുറത്ത് ടെറസിൽ കത്രീനയുടെ പട്ടി "മാമ ഡോഗ്" നിന്നിരുന്നു. അവളുടെ വായിൽ...
"ചതിച്ചല്ലോ ഈശ്വരാ !" എന്ന് ഒരേ സ്വരത്തിൽ നിലവിളിച്ചുകൊണ്ട് ഞങ്ങൾ പുറത്തേക്കോടി.
കൂറ്റൻ പട്ടിയാണ് മാമ ഡോഗ്. നമളെ ഉപദ്രവിക്കില്ല. പക്ഷേ ഒടുക്കത്തെ ആരോഗ്യം. ഏറെ നേരത്തെ ശ്രമഫലമായിട്ടാണ് സ്റ്റീവനെ അവളുടെ വായിൽ നിന്നും സ്വതന്ത്രനാക്കിയെടുത്തത്. പക്ഷേ അപ്പോഴേക്കും...
ഒരൊറ്റ നിമിഷം കൊണ്ട് ലോകം തലകീഴായി മറിഞ്ഞ പോലെ തോന്നി ഞങൾക്കെല്ലാവർക്കും. ഓണാഘോഷത്തിന്റെ ആവേശമെല്ലാം തകർന്നടിഞ്ഞു. പാവം ഗണുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഞാൻ അവനെ ചേർത്തു പിടിച്ചു.
"അച്ചായാ... ഇത് എന്റെ തലേലാകും. ല്ലേ ?"
"ങേ!" ഞങ്ങളെല്ലാം ഒരുപോലെ ഞെട്ടി.
" ആ പെണ്ണുമ്പിള്ളക്ക് എന്നെ അല്ലെങ്കിലേ കണ്ടുകൂട. സ്റ്റീവനെന്തെങ്കിലും പറ്റിയാൽ ഉറപ്പായും അവരെന്നെയേ സംശയിക്കുവൊള്ളൂ. മട്ടും മാതിരിയുമൊക്കെ കണ്ടിട്ട് ഈ പക്ഷി അവൾടെ കുഞ്ഞമ്മേടെ മോനാണെന്ന് തോന്നുന്നു. എന്റെ ഇവിടത്തെ താമസം ഹുദാ ഗവാ !" അവൻ എണ്ണിപ്പെറുക്കി കരയുകയാണ്.
ആദ്യത്തെ നടുക്കം വിട്ടുമാറിക്കഴിഞ്ഞപ്പോൾ എല്ലാവരും ചിന്തിക്കാൻ തുടങ്ങി. ഈ മരണം അവന്റെ മാത്രമല്ല ഞങ്ങളെല്ലാവരുടേയും ഇവിടത്തെ താമസത്തെ ബാധിച്ചേക്കാം എന്നൊരു ചിന്ത.
കത്രീന സ്ഥലത്തില്ല. അവൾ വരുമ്പോഴേക്കും തെളിവ് നശിപ്പിക്കണം. ഓരോരുത്തരും ഓരോ ഐഡിയാകളുമായി മുൻപോട്ടു വന്നു.
നല്ലൊരു കുക്കായിരുന്ന ഗണു ആദ്യമായി മുൻപോട്ടു വെച്ച ഐഡിയാ വളരെ സിമ്പിളും പവർ ഫുള്ളും ആയിരുന്നു. പക്ഷേ ബാക്കി എല്ലാവരും അത് കേട്ട് നടുങ്ങിപ്പോയി.
“നിനക്കെങ്ങനെ മനസ്സു വന്നെടാ മഹാ പാപീ അതു പറയാൻ ? എനിക്കെന്റെ ബാബുമോനെപ്പോലാണ് ആ പക്ഷി.” ബാലു മൂക്കു പിഴിഞ്ഞു.
ഒടുവിൽ ഗണു തന്നെ മറ്റൊരു ഐഡിയായുമായി മുൻപോട്ടു വന്നു. അത് എല്ലാവർക്കും ഒരുപോലെ സ്വീകാര്യമായി.
സ്റ്റീവനെ എടുത്ത് ഒരു ബക്കറ്റ് വെള്ളത്തിലിട്ട് ആദ്യം നന്നായൊന്നു കഴുകിയെടുത്തു. നിറയെ മണ്ണും പൊടിയുമായിരുന്നു.
അതിനു ശേഷം ഒരു ഹെയർ ഡ്രയർ ഉപയോഗിച്ച് നന്നായി ഉണക്കിയെടുത്ത് തൂവലുകളൊക്കെ ഒന്ന് കോതിയൊതുക്കിക്കഴിഞപ്പോൾ കക്ഷി മിടുക്കനായി. ചത്തുപോയി എന്നതൊഴിച്ചാൽ വേറേ യാതൊരു കുഴപ്പവുമില്ല !
പ്ലാനിന്റെ രണ്ടാംഭാഗം.
ഭിത്തിയിലൂടെ അള്ളിപ്പിടിച്ച് കയറിയ ഗണു ബാൽക്കണിയുടെ സ്ലൈഡിംഗ് ഡോർ തുറന്ന് കത്രീനയുടെ ബെഡ് റൂമിനകത്തു കയറി. സ്റ്റീവന്റെ ബെഡിൽ അവനെ ചെരിച്ചു കിടത്തി ഒരു കുട്ടിപ്പുതപ്പെടുത്ത് അവനെ നന്നായി പുതപ്പിച്ച് കയറിയ വഴിയേ തന്നെ ചാടി കാലുളുക്കി ഒരു വിധത്തിൽ താഴെയെത്തി.
എല്ലാവരും ഒരേ സ്വരത്തിൽ ദീർഘനിശ്വാസമുതിർത്തു.
അഞ്ചു മണി.
കത്രീന കറക്കം കഴിഞ്ഞ് വീടണഞ്ഞു. കാറിന്റെ ഡോർ അടയുന്ന ശബ്ദം കേട്ട് ഞങ്ങൾ ഡൈനിംഗ് റൂമിലിരുന്ന് ടീവീയിലേക്ക് ശ്രദ്ധ പതിപ്പിച്ചു.
അകത്തേക്കു കയറി വന്ന കത്രീനയുടെ മുഖം മ്ലാനമായിരുന്നു. വന്ന പാടെ ഞങ്ങളെയെല്ലാം ഒന്നു നോക്കി. കണ്ണുകൾ ഒരൽപ്പം നനഞ്ഞോ എന്ന് സംശയം.
" വാട്ട് ഹാപ്പൻഡ് കെയ്റ്റ് ?" ഞാൻ ചോദിച്ചു.
"അലക്സ്..." അവരുടെ തൊണ്ടയിടറി. "നമ്മുടെ സ്റ്റീവൻ..."
ഞങ്ങളുടെ എല്ലാവരുടേയും നെറ്റിയിൽ ചുളിവുകൾ വീണു. "സ്റ്റീവൻ ??"
" നിങ്ങടെ ഓണാഘോഷം നശിപ്പിക്കണ്ട എന്നു കരുതിയാണ് ഞാൻ വിളിക്കാതിരുന്നത്. നമ്മുടെ സ്റ്റീവൻ ഇന്നു രാവിലെ ഞാൻ നോക്കുമ്പോൾ ... ഹീ ഈസ് നോ മോർ അലക്സ്... ഇന്നു രാവിലെ അവൻ ഉണർന്നില്ല!"
"ദൈവമേ!! " ഞാൻ ഉമിനീരിറക്കി.
"യെസ്. ഹാർട്ട് അറ്റാക്കായിരുന്നു എന്നാണ് വെറ്റ് പറഞ്ഞത്. ഞാൻ നമ്മുടെ ബാക്ക് യാർഡിൽ ഒരു ചെറിയ കുഴിയെടുത്ത് മറവു ചെയ്തു. "
ഞങ്ങൾ മുഖത്തോടു മുഖം നോക്കി.
"എനിക്കൊന്നു കിടക്കണം ഗയ്സ്! സോ സോറി. അവൻ നിങ്ങൾക്കൊക്കെ എത്ര പ്രിയപ്പെട്ടവനായിരുന്നു എന്നെനിക്കറിയാം. നമുക്കെല്ലാവർക്കും അവന്റെ ആത്മാവിന്റെ-"
"കെയ്റ്റ് മുകളിലോട്ട് പോകുകയാണോ ?" ഞാൻ അവരെ പൂർത്തിയാക്കാൻ അനുവദിച്ചില്ല.
"യെസ്!"
"നന്നായി! വേഗം ചെല്ല്. കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനമാകട്ടെ. "
കത്രീന സ്റ്റെയർ കയറി മുകളിലേക്ക് പോയിക്കൊണ്ടിരുന്നപ്പോൾ ബാത്ത് റൂമിൽ നിന്നും ഗണു വെളിയിൽ വന്നു.
“എന്തായി ? കാര്യങ്ങളൊക്കെ സെറ്റായോ ?” പഹയന്റെ മുഖത്തൊരു കുസൃതിച്ചിരിയുണ്ടായിരുന്നു.
“ഇല്ല. കൊറച്ചോടെ സെറ്റാകാനുണ്ട്. നീ എങ്ങോട്ടും പോകല്ലേ. ഇവിടെത്തന്നെ ഉണ്ടാകണം.” ഞാൻ അവനെ ചേർത്ത് അരികിൽ നിർത്തി.
അലക്സ് ജോൺ
ത്രിശ്ശൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക