"എനിക്കൊരു പാലം പണിയണം ,ഉറച്ച ബീമുകളും ഉടയാത്ത തൂണുകളുമുള്ളൊരു പാലം....! വരണ്ടുണങ്ങിപ്പോയ എന്റയീ മനസ്സിൽ നിന്നും ഒരു പെണ്ണിന്റെ മനസ്സിലേക്ക് നീളുന്നൊരാ പാലത്തിന് സുരക്ഷിതമായ കൈവരികളുണ്ടാവണം ,തുടർന്ന് സർവ്വ വികാരങ്ങളും കുത്തിനിറച്ചുള്ള അപ്രോച്ച് റോഡുകളും പണിയണം ."
ഇടിഞ്ഞു വീഴാറായ കൈവരികൾക്ക് മേൽ കാല് കയറ്റി വെച്ച് കസേരയിൽ ഒന്നുകൂടി വിസ്തരിച്ചിരുന്ന് ശാന്തകുമാരൻ ചിന്തിക്കുകയായിരുന്നു. മൂന്നുമുറി പീടികയുടെ മുകളിൽ കുറച്ചെങ്കിലും താമസയോഗ്യമായ ആ മുറിയിൽ അയാളെത്തിയിട്ട് കഷ്ടിച്ച് രണ്ടാഴ്ചയോളമായി. എന്തെങ്കിലും ഒരു പണി കിട്ടിയാൽ കൊള്ളാമെന്നുള്ള ആഗ്രഹത്തിനും ഏതാണ്ട് അതേ പ്രായം തന്നെയായിക്കാണും .
പാർവ്വതീപുരം ഉറക്കച്ചടവിൽ നിന്നും മുക്തമാവുന്നേ ഉണ്ടായിരിന്നുള്ളൂ. താഴെ സീമന്തിനി ചേച്ചിയുടെ ചായക്കടയിൽ ഒരു ദിവസത്തിന്റെ ചൂടും പുകയും ഏറ്റുവാങ്ങാനായി സമോവർ കുളിച്ചൊരുങ്ങി നിൽപ്പുണ്ടാവും .. അയാൾ പതിയേ എഴുന്നേറ്റ് ശ്രദ്ധയോടെ ഗോവണിയിറങ്ങി.
"ശാന്തന് ഈ നാട്ടിൽ പണി വല്ലതും കിട്ടാൻ പാടാണ് ട്ടോ ... വെറുതേ സമയം കളഞ്ഞിട്ട് കാര്യമില്ല ,"
ചൂടു ചായ മേശമേൽ വെച്ച് സീമന്തിനി സാരിയുടെ മുന്താണി കൊണ്ട് മുഖമൊന്നമർത്തി തുടച്ചു .
"ഒറ്റാന്തടിക്കാർക്ക് ഈ നാട്ടിൽ ജീവിക്കാൻ വല്ല്യ പാടാണ് ശാന്താ .. ഇവിടെ നിനക്ക് നിൽക്കണമെന്നുണ്ടെങ്കിൽ നീയൊരു പെണ്ണ് കെട്ടിക്കോ ."
"അയ്യോ .. സമയാസമയം ചോറും ചായയും ഇവിടുന്ന് കിട്ടുമെന്നൊരു പ്രതീക്ഷയുണ്ട് .. പിന്നെന്തിനാ കെട്ടുന്നത് ..?" ശാന്തൻ കുസൃതിയോടെ ചായ ഊതിക്കുടിച്ചു.
"അതേയ് , ഇവിടെ ചില സമയക്രമമൊക്കെയുണ്ട് കേട്ടോ .. അതില്ലാതെ ചായ കിട്ടണമെങ്കിൽ പെണ്ണ് കെട്ടുക തന്നെ വേണം .. " സീമന്തിനി അയാളെ ശ്രദ്ധിക്കാതെ പറഞ്ഞു.
"ഇന്നെന്താ പാല് വന്നില്ലേ .. ?"
"ഓഹ് ,ഇല്ല .ആ താമരക്കൊച്ച് പട്ടണത്തിലേക്ക് പോയി , ഇനിയാ കാർന്നോത്തി വരണം .അതാ താമസിക്കുന്നേ ."
കഴിഞ്ഞ കുറച്ചു ദിവസമായി തന്റെ മനസ്സിൽ വിരിയാൻ വെമ്പുന്ന താമരമൊട്ടിനെ അയാൾ വെറുതേ താലോലിച്ചു .
"എസ്റ്റേറ്റിലെ സാറിനേം കൊച്ചമ്മയേയും കാണാൻ പോയതാ , അവർക്ക് വല്ല്യ കാര്യമാ അവളെ ... "
ശാന്തകുമാരൻ തെറുപ്പ് ബീഡിയുടെ പുകയൂതി വീണ്ടും പഴയ ഇരിപ്പു തുടർന്നു .
അയാളിലെ ചിന്തകൾക്ക് വന്യത കൈവരാൻ തുടങ്ങുന്നുണ്ടായിരുന്നു .
രണ്ടാഴ്ച മുന്നേയുള്ള ആ സായാഹ്നം ചിന്തകളെ വീണ്ടും മത്തുപിടിപ്പിക്കാൻ തുടങ്ങുന്ന പോലെ ...,
മനോഹരമായൊരു ഇരുനില വീട് , അകത്തെവിടേയോ ഇഴഞ്ഞു നീങ്ങുന്ന സമയചക്രത്തിൽ പലവിധ വർണ്ണങ്ങൾ ചാലിച്ച് വശ്യമായി ചിത്രമെഴുതുന്ന യുവതി , ആരേയും ആകർഷിക്കുന്ന അവരുടെ പുഞ്ചിരികൾ പ്രിയതമന്റെ തിരക്കിൽ വീണലിഞ്ഞു പോവാറാണ് പതിവ് .ഇടവേളകളിൽ മട്ടുപ്പാവിലിരുന്ന്
കാഴ്ചകൾ കാണുന്ന അവരെ യാദൃശ്ചികമായാണ് ശാന്തൻ കണ്ടത്.
പിന്നീട് ആ മട്ടുപ്പാവിൽ അയാൾ പലപ്പോഴുമവരെ കാണാറുണ്ട് .
വീടിന്റെ മുറ്റത്ത് നിറയെ സുഗന്ധം പരത്തുന്ന ഒരുപാട് പൂക്കളുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അവരെ കാണുമ്പോൾ വിടർന്നൊരു ചെമ്പനീർ പൂവായി
അയാൾക്ക് തോന്നി.
അവർക്കെന്തോ വല്ലാത്തൊരു ഭംഗിയുള്ളത് കൊണ്ടാവും ശാന്തകുമാരൻ പല തവണ അതിലേ ചുറ്റിക്കറങ്ങാറുണ്ട് .
അന്ന് സകല നിയന്ത്രണവും കൈവിട്ട ശാന്തൻ ഉദ്യാനപാലകന്റെ അസാന്നിദ്ധ്യമുറപ്പുവരുത്തി തോട്ടത്തിൽ അതിക്രമിച്ചു കയറി ആ ചെമ്പനീർ പൂവിനെ ചതച്ചരച്ചു. ഞെട്ടറ്റു വീണൊരാ പൂവ് പൊഴിഞ്ഞുവീണ ദളങ്ങൾ വാരിക്കൂട്ടി ദിഗന്തങ്ങൾ പൊട്ടുമാറുച്ചത്തിൽ കരഞ്ഞു .പക്ഷെ അയാളാവട്ടെ കരച്ചിലിനു മേലെ തന്റെ പൊട്ടിച്ചിരികൾ വിതറിയശേഷം ഒരു തെറുപ്പു
ബീഡിയെടുത്ത് ആസ്വദിച്ചൊരു പുകയും വിട്ട് ആ നാട്ടിൽ നിന്നും പതിയെ നടന്നു തുടങ്ങി.
ശാന്തൻ പതിയേ എഴുന്നേറ്റു , അയാളാകെ അസ്വസ്ഥനായിരുന്നു . താമരയ്ക്ക് പകരാനായി തന്റെ തീക്ഷണ രശ്മികളെയൊരുക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി .അയാളീ നാട്ടിലെത്തിയ ദിവസം ക്ഷേത്രോത്സവമാ യിരുന്നു. ശക്തിസ്വരൂപിണിയായ പാർവ്വതീദേവിയുടെ അനുഗ്രഹംതേടി നാട്ടിലെ മുഴുവൻ സ്ത്രീകളും അന്നവിടെ ഒത്തുചേർന്നിരുന്നു .
"ഇത് സ്ത്രീകളുടെ നാടാണ് ... ഇവിടെ പ്രാധാന്യം അവർക്കാണ് ,അവരുടെ സംരക്ഷണയിലാണ് മുഴുവൻ പുരുഷൻമാരും .സ്ത്രീയുടെ സാന്നിദ്ധ്യം ഏതൊരക്രമിയേയും ഇവിടെ
ശാന്തനാക്കും "
പുതുമുഖമായതിനാലാവും ഒരപ്പൂപ്പൻ അയാൾ കേൾക്കാനായി പറഞ്ഞു.
എങ്കിലും ശാന്തനിലെ ഭുജഗങ്ങൾ അടങ്ങിയില്ല , താമരയുടെ ഇളംമേനിയിൽ അത് പടർന്നുകയറാൻ തുടങ്ങി .ഒരു ബലപ്രയോഗം ഇവിടെ അസാധ്യമാണെന്നയാൾക്കറിയാമായിരുന്നു
കീഴ്പെടുത്തി മാത്രം ശീലിച്ചു മടുത്ത ശാന്തൻ പ്രണയത്തിന്റെ നീരുറവകൾ തേടാൻ തുടങ്ങി .. അധികം വൈകാതെ താമരയിൽ ഈർപ്പത്തിന്റെ സാന്നിദ്ധ്യമുറപ്പിക്കാൻ അയാൾക്കായിരുന്നു. അതൊരു പ്രവാഹമായിത്തീരുന്ന രാവിനായ് ശാന്തൻ കരുക്കളൊരുക്കി .
ഉണ്ടുമുറങ്ങിയും പാർവ്വതീപുരത്തിന്റെ പെണ്ണുശിര് നേരിൽ കണ്ടും ദിനങ്ങൾ കൊഴിഞ്ഞു വീണു , തന്റെ മുറിയുടെ കിളിവാതിലിലൂടെ താമരയുടെ വീട്ടിലേക്കയാൾ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു .അവളുടെ ചുടുനിശ്വാസങ്ങൾ അയാളിൽ ആന്തലുകളുതിർത്തിരുന്നു. കളിചിരികൾ പറയുമെങ്കിലും സ്പർശിക്കാൻ സമതിക്കാത്ത അവളോട് അയാൾക്ക് തെല്ലൊരു ഈർഷ്യയുമുണ്ടായിരുന്നു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു , വിരസമായ കിളിവാതിൽ കാഴ്ചകളൊന്നിൽ താമരയുടെ മുഖം പതിഞ്ഞു. അവളുടെയമ്മ ജോലിക്ക് പോയ സമയം .ഫണം വിടർത്തിയ ഭുജഗങ്ങൾ അയാളുടെയുറക്കം കെടുത്തി . ശാന്തനിൽ മൃഗീയ വികാരങ്ങളുണർന്നു .രണ്ടും കൽപ്പിച്ച് അയാളാ തടാകത്തിലിറങ്ങി താമരമൊട്ടിന് നേരെ കൈനീട്ടി .
"നിങ്ങൾക്ക് ആള് തെറ്റിപ്പോയല്ലോ ശാന്തകുമാരാ ... ഇത് സ്ഥലം
പാർവ്വതീപുരമാണ് .ശക്തിയുടെ തേജസ്സുറങ്ങുന്ന പുണ്യഭൂമി ,ഒരു പെണ്ണിന്റെ ഇഷ്ടമില്ലാതെ ഒരാണും ഇവിടെയവളുടെ നേരെ കൈനീട്ടില്ല .. നീട്ടിയാൽ ആ കൈ വെട്ടാൻ മടിക്കില്ല ഞങ്ങൾ ."
"ഒന്നു പോടീ ... പെണ്ണെന്നും പെണ്ണ് തന്നെയാ .. ഒരാണിന്റെ ഉശിരിന് മുന്നിൽ തകർന്നടിയും നിന്റെയൊക്കെ ആത്മധൈര്യം ."
"ഇത് മുന്നേ നിങ്ങൾ കണ്ട
മീരക്കൊച്ചമ്മയല്ല ..കണ്ടിരുന്നു ഞാനവരെ ..., എതോ നരാധമന്റെ കൈക്കരുത്തിൽ വാടിക്കുഴഞ്ഞ് ..! എനിക്കമ്മയപ്പോലെയാണവർ .. ഏറെ പണിപ്പെട്ടവരൊരു ചിത്രം വരയ്ക്കുന്നുണ്ടവിടെ ..പക്ഷെ ആ മിഴികൾ കണ്ടപ്പോഴേ നിങ്ങളെ ഞാൻ തിരിച്ചറിഞ്ഞിരുന്നു."
ശാന്തനാകെ വെട്ടി വിയർത്തു .സകലതും നഷ്ടപെട്ട അയാൾക്കൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല .. സർവ്വ ശക്തിയുമെടുത്ത് താമരയെ അയാൾ തള്ളി വീഴ്ത്തി .
ഒരു മിന്നൽപ്പിണർ ....! ഞൊടിയിടയിൽ അന്തരീക്ഷമാകെ മാറി .
ഒന്നൊന്നായ് പാർവ്വതീപുരമവിടേയ്ക്കിരച്ചു കയറി. കാളീരൂപം പൂണ്ട താമരയ്ക്ക് പിന്നിലായ് ഒരു ചെമ്പനീർ പൂവ് ഉദിച്ചു പൊങ്ങി . അതിന്റെ തണ്ട് അതീശീഘ്രം അയാളെ വിലയം ചെയ്തു .. കൂർത്ത മുള്ളുകൾ ആഴ്ന്നിറങ്ങുമ്പോൾ കൂടിനിന്ന സ്ത്രീകൾ അട്ടഹാസം മുഴക്കി ..
അയാൾ ജീവശ്വാസത്തിന്നായ് ഞെരിപിരി കൊണ്ടു ... കൈ കാലുകൾ അനക്കാൻ വയ്യ ...,
മരണം ....!
ഞെട്ടിയുണർന്ന ശാന്തകുമാരൻ ആകെ വിയർത്തിരുന്നു ... പുറത്ത് ക്ഷേത്രത്തിൽ നിന്നുമുള്ള ഉച്ചഭാഷിണിയുടെ ശബ്ദം അയാളുടെ ചെവിയിലേക്കരിച്ചിറങ്ങി
ശാന്താകാരം ഭുജഗശയനം
പദ്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം
മേഘവർണം ശുഭാംഗം
ലക്ഷ്മി കാന്തം കമലനയനം
യോഗിഹൃധ്യാന ഗമ്യം
വന്ദേ വിഷ്ണും ഭവ ഭയഹരം
സർവ ലോകൈക നാഥം.
പിടഞ്ഞെഴുന്നേറ്റ ശാന്തൻ വെളിയിലേക്കിറങ്ങി ... ഉദിച്ചുയുരന്ന പുലരിയിൽ മട്ടുപ്പാവിലിരുന്ന് കാഴ്ചകൾ കാണുന്ന ആ യുവതിയെ
ആയാളാരാധനയോടെ നോക്കിനിന്നു.
അവരുടെ പേരാവുമോ മീര ...! പെണ്ണുശിരിന്റ നാട്ടിലേക്ക് നടത്തിയ
സ്വപ്നയാത്ര തനിക്ക് പകർന്ന തിരിച്ചറിവിന്റെ മേലാപ്പ് അയാളൊന്നുകൂടി വരിഞ്ഞുമുറുക്കി. തുടർന്ന് അനന്തതയിലേക്ക് മിഴിയൂന്നി അയാൾ സ്വയം പറഞ്ഞു,
''എനിക്കൊരു പാലം പണിയണം ,ഉറച്ച ബീമുകളും ഉടയാത്ത തൂണുകളുമുള്ളൊരു പാലം....! വരണ്ടുണങ്ങിപ്പോയ എന്റയീ മനസ്സിൽ നിന്നും ഒരു പെണ്ണിന്റെ മനസ്സിലേക്ക് നീളുന്നൊരാ പാലത്തിന് സുരക്ഷിതമായ കൈവരികളുണ്ടാവണം ,തുടർന്ന് സർവ്വ വികാരങ്ങളും കുത്തിനിറച്ചുള്ള അപ്രോച്ച് റോഡുകളും പണിയണം ."
............... .................... ..........................
✍️.ശ്രീധർ ആർ.എൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക