നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തൊഴിലുറപ്പ്


തൊഴിലുറപ്പുകാരി പെണ്ണുങ്ങളെ അച്ഛന് തീരെ ഇഷ്ടമല്ല. അവർ മൺവെട്ടിയും കൂന്താലി യുമൊക്കെയുമായി പോവുന്നത്, പൊക്കം കുറഞ്ഞ മതിലിനു മുകളിലൂടെ കണ്ടു കഴിഞ്ഞാൽ, ഉടൻ അച്ഛൻ എന്തെങ്കിലുമൊക്കെ പറഞ്ഞു തുടങ്ങും . എല്ലാം പരിചയക്കാരും വേണ്ടപ്പെട്ടവരുമൊക്കെയാണ് എന്നിട്ടും ......
ഒടുക്കം അമ്മ തന്നെ ഇടപെടേണ്ടി വരും . മാഷിൻ്റെ തറവാട്ടീന്നൊന്നുമല്ലല്ലോ അവർക്ക് ചെലവിന് കൊടുക്കുന്നത്..... അവര് നല്ല പോലെ പണിയെടുത്തിട്ടല്ലേ കൂലി വാങ്ങുന്നത് ..... അങ്ങനെ അമ്മയുടെ വാദഗതി നീണ്ടു പോകും.
ഭവാനി മിണ്ടാതിരിക്ക് ....... എന്ന് അച്ഛൻ പ്രതികരിക്കുവോളം അമ്മ ന്യായീകരിച്ചോണ്ടേ ഇരിക്കും. ഭവാനി ....,എന്ന വിളി കേട്ടാൽ മാഷ് ചൂടായി കഴിഞ്ഞു എന്ന് മനസിലാക്കി, അമ്മ ഉടൻ സംസാരം നിർത്തി എഴുന്നേറ്റു പോകും . മറ്റവസരങ്ങളിൽ അച്ഛൻ ,അമ്മയെ ടീച്ചറേ എന്നേ വിളിക്കാറുള്ളൂ.
അമ്മയും കൂടി പെൻഷനായി വീട്ടിലെത്തിയ ശേഷമാണെന്നു തോന്നുന്നു, അച്ഛനിൽ ഇങ്ങനെയൊരു ഭാവമാറ്റം കണ്ടു തുടങ്ങുന്നത്. ആരോടും പുഞ്ചിരിയോടെ , മൃദുവായി മാത്രം സംസാരിച്ചു പോന്നിട്ടുള്ള ഒരു മാതൃകാ അദ്ധ്യാപകനായിരുന്നു ,
ശശാങ്കൻ മാഷ്.
വൈകിട്ട് വളവിലെ, വിശ്വപ്പൻ്റെ ചായക്കടയിൽ നിന്ന് കടുപ്പത്തിൽ ഒരു ചായ കുടിക്കുന്ന പതിവ് അച്ഛനുണ്ട്. കൂട്ടത്തിൽ കടയിൽ എടുക്കുന്ന, പാർട്ടി പത്രവും അരിച്ചു പെറുക്കും . പിന്നീടാണ് വീട്ടിലെ പത്രവുമായുള്ള താരതമ്യവും വിശകലനവും . എല്ലാം മനസിലാണെന്നു മാത്രം.
അപൂർവം അവസരങ്ങളിൽ ,
ചില ചർച്ചകളിലും തർക്കങ്ങളിലും ചെന്നു പെടാറുമുണ്ട്. ആ ദിവസങ്ങളിൽ വീട്ടിലെത്തിയാൽ ഭവാനീ ....
എന്ന് വിളിച്ചാവും സംസാരിച്ചു തുടങ്ങുക. തുടർന്ന് ,
ദേശീയ പ്രാദേശിക രാഷ്ട്രീയത്തിലെ സമകാലീന സംഭവങ്ങളൊക്കെ അച്ഛൻ്റെ നിലപാടനുസരിച്ച് വിശദീകരിച്ചു കൊണ്ടിരിക്കും.
പാവം അമ്മ...........അങ്ങാടി തോറ്റതിന് അമ്മേടെ നെഞ്ചത്ത്‌ എന്ന സത്യം മനസ്സിലാക്കി ,എല്ലാം നിശബ്ദം കേട്ടുകൊണ്ടിരിക്കും .
ഒടുക്കം , ടീച്ചറോടിതൊക്കെ പറഞ്ഞിട്ടെന്താ ... എന്ന് പറഞ്ഞ് അച്ഛൻ ഉപസംഹരിക്കുമ്പോ ൾ അമ്മ , വീട്ടു വിശേഷങ്ങൾ പറഞ്ഞു തുടങ്ങും . അതെല്ലാം അച്ഛൻ ക്ഷമയോടെ ഇരുന്നു കേൾക്കും .
ഗൾഫീന്ന് മോൻ സതീഷ് വിളിക്കുമ്പോഴും അച്ഛൻ്റെ വാശികളെ കുറിച്ചാണ് കൂടുതലും അമ്മയോട് ചോദിക്കാറ് .എല്ലാം വള്ളി പുള്ളി തെറ്റാതെ അമ്മ അവനോട് പറയും .ഒക്കെ കേട്ട് അങ്ങേ മുറിയിൽ ഇരിക്കുന്ന മാഷ്, സതീഷിനോട് സംസാരിക്കാൻ വിളിച്ചാലും വരാൻ കൂട്ടാക്കില്ല . സതീഷ് അടുത്ത തവണ വിളിക്കുമ്പോൾ അച്ഛൻ തന്നെ ഫോണെടുക്കും . അമ്മയുടെ കുറ്റങ്ങളും കുറവുകളുമൊക്കെയാവും അച്ഛൻ അവനോട് പറയുക . ആ തവണ അമ്മക്ക് സംസാരിക്കാനായി, ഫോൺ കൊടുക്കുകയുമില്ല .
ഹോ .. .... ഇതെല്ലാം കേട്ട് അങ്ങേ തലക്കൽ ഇരിക്കുന്ന സതീഷിൻ്റെ ക്ഷമയെ ... സമ്മതിക്കണം .
അന്ന് ,അച്ഛൻ അല്പം കലിപ്പോടെയാണ് പതിവിലും നേരത്തേ സായാഹ്നസവാരിയും കഴിഞ്ഞെത്തിയത്. ഭവാനീ ...എന്ന് തന്നെയാണ് വിളിച്ചതും .
വടക്കു നിന്ന് അന്നത്തെ പണിയും കഴിഞ്ഞ്
തൊഴിലുറപ്പുകാർ തെക്കോട്ട് കൂട്ടമായി പോവുന്ന സമയമായിരുന്നു.
"സൊറ പറച്ചിലും കഴിഞ്ഞ് പോവുകയാണ്..... " വരാന്തയിലെ കസേരയിലിരുന്നു കൊണ്ട് അച്ഛൻ പറഞ്ഞു.
" സൊറേ ..... അവർ പണീം കഴിഞ്ഞ് പോവുകയല്ലേ ....."
" പണി ..... ഏതെങ്കിലും മരത്തണലിൽ ഇരുന്നാവും ....
അമ്മായിഅമ്മയുടെ കുറ്റം .... മരുമകളുടെ കുറ്റം ...... പിന്നെ ഭർത്താവിൻ്റേയും ... " ഒരു ദയയും ദാക്ഷിണ്യവുമില്ലാതെ അച്ഛൻ പറഞ്ഞു
കൊണ്ടേയിരുന്നു.
" ഇത് അനാവശ്യമാണ് ... "
"അനാവശ്യമാണ് ..... രണ്ടു കോടി തൊഴിലവസരങ്ങൾ എന്ന കേന്ദ്ര വാഗ്ദാനം നിറവേറ്റാനുള്ള കുറുക്കു വഴി .....
നാഷണൽ വേസ്റ്റ് ...." അച്ഛൻ പിന്നെയും പറഞ്ഞു
കൊണ്ടേയിരുന്നു.
അച്ഛൻ്റെയും അമ്മയുടെയും ഈ തർക്കത്തിനിടയിലും ഒരു ദിവസം തൊഴിലുറപ്പുകാർ വീട്ടിലും വന്നു.
അവർ കുളം വൃത്തിയാക്കു വാനുള്ള അറിയിപ്പുമായാണ് വന്നത്. രണ്ടു ദിവസത്തിനുള്ളിൽ വരുമെന്ന് പറഞ്ഞ് , അവർക്ക് ആവശ്യമുള്ള കരം ഒടുക്കിയ രസീതും വാങ്ങി പോയി .
അമ്മ പറഞ്ഞു
" ദേ ... അവർ വന്ന് എന്തെങ്കിലും ചെയ്ത് പൊക്കോട്ടേ .... ദയവുചെയ്ത് മാഷ് ഒന്നിലും ഇടപെടരുത് ......"
പകുതി കളിയായും പകുതി കാര്യവുമായാണ് അമ്മ പറഞ്ഞത്. പറഞ്ഞതിൽ അല്പം ഭീഷണി ചുവയുണ്ടോ എന്ന് അച്ഛൻ ആഴത്തിൽ ചിന്തിച്ചു കൊണ്ടിരുന്നു.
പറഞ്ഞ പോലെ തന്നെ അവർ പതിനഞ്ചു പേര് പല തരം ആയുധങ്ങളുമായി ഒരു ദിവസം രാവിലെ ശുചീകരണത്തിനായി എത്തി. വന്നപാടെ കുറച്ചു പേർ കുളത്തിലേക്ക്, ഇടിഞ്ഞു വീണു പോയിരുന്ന മണ്ണ് കരയിലേക്ക് വെട്ടി കയറ്റാൻ തുടങ്ങി . കുറച്ചു പേർ തെങ്ങിന് തടം ഒരുക്കുന്ന തിരക്കിലും. ഈ പണികളൊക്കെ ഒരു വിധമായപ്പോളാണ് മോട്ടോർ പമ്പ് എവിടെയാണെന്ന് ചോദിച്ച് അച്ഛൻ്റെടുത്ത് എത്തിയത്. ഇത്രയും നേരം അവരുടെ പണിയൊന്നും ഇഷ്ടപ്പെടാതെ അവരെ തന്നെ ശ്രദ്ധിച്ച് വരാന്തയിലെ കസേരയിൽ ഇരിക്കുകയായിരുന്നു അച്ഛൻ .
രണ്ടു പേർ, തടിയിൽ ഉറപ്പിച്ചിരുന്ന മോട്ടോർ ഇരുവശവും പിടിക്കുവാനുള്ള പിടിയിൽ പിടിച്ച് പൊക്കി കുളത്തിനരികിൽ കൊണ്ടു പോയി വച്ചു.
കണക്ഷൻ കൊടുക്കലും ഫുട് വാൽവ് ഫിറ്റ് ചെയ്യലുമൊക്കെ ഇലക്ട്രീഷൻ സുകുമാരൻ വന്നിട്ടു വേണം.
ഈ സമയത്താണ് അച്ഛന് ശുചീകരണത്തിൻ്റെ പുരോഗതി വിലയിരുത്തണമെന്ന് തോന്നുന്നത്. കുളത്തിനു സമീപം അച്ഛനെത്തി. മണ്ണ് വെട്ടി കയറ്റിയതൊന്നും അച്ഛന് അത്രക്കങ്ങ് ഇഷ്ടമായില്ല. അടുത്ത് നിന്ന് പണി ചെയ്തു കൊണ്ടിരുന്ന രമണി ചേച്ചി യോട് അത് പറയുകയും ചെയ്തു.
അപ്പോഴാണ് മോട്ടോർ വച്ചിരിക്കുന്നത് അച്ഛൻ ശ്രദ്ധിക്കുന്നത്. കുളത്തിൽ നിന്ന് വെട്ടി കയറ്റിയ മണ്ണിന് മീതെ ,എപ്പോ വേണമെങ്കിലും കുളത്തിലേക്ക് തന്നെ വീണു
പോയേക്കാവു ന്ന നിലയിൽ .
അവരോടു പറഞ്ഞിട്ട് കാര്യമില്ല എന്നു കരുതിയിട്ടാവും , അച്ഛൻ തന്നെ തടിയിൽ ഉറപ്പിച്ചിരുന്ന മോട്ടോർ കുറച്ചു കൂടി മാറ്റി വക്കാൻ ശ്രമിച്ചത്. വെട്ടിക്കൂട്ടിയ ഉറപ്പില്ലാത്ത മണ്ണ് ഇടിഞ്ഞ്, അച്ഛൻ കുളത്തിലേക്ക് മുഖം കുത്തി വീഴുകയായിരന്നു.
ശബ്ദം കേട്ട് സ്ത്രീകളെല്ലാം ഓടിക്കൂടി. മൂക്കും വായും ചെളി കൊണ്ടു മൂടി
ശ്വാസമെടുക്കാൻ കഷ്ടപ്പെടുന്ന അച്ഛനെ അവർ, കുളത്തിൽ നിന്നും പൊക്കിയെടുത്തു.
അച്ഛന് ബോധം നഷ്ടപ്പെട്ടിരുന്നു.
.***********************
വരാന്തയിൽ ഇരുന്നാൽ തന്നെ ,വേനലിനു ലഭിച്ച വരദാനമായ മേഘങ്ങളൊഴിഞ്ഞ നീലാകാശം കാണാം . നീലാകാശത്തെക്കാളും അച്ഛന് ഇഷ്ടം പഞ്ഞി മേഘങ്ങൾ നിറഞ്ഞ ശുഭ്രവാനമാണ് . കാറ്റിനനുസരിച്ചുള്ള വെണ്മേഘങ്ങളുടെ സഞ്ചാരവും നോക്കി എത്ര നേരം വേണമെങ്കിലും അച്ഛൻ ഇരുന്നു കൊള്ളും .
ഇടക്കിടെയുള്ള വരണ്ട കാറ്റ് വേർപ്പിനെ ഇളം തണുപ്പായി മാറ്റിക്കൊണ്ടിരുന്നു.
ഒരാഴ്ചത്തെ ആശുപത്രി വാസം കഴിഞ്ഞെത്തിയിട്ട് അഞ്ചാറു ദിവസമായിരിക്കുന്നു. ശരീരത്തിൻ്റെ ക്ഷീണമൊക്കെ മാറി എല്ലാം ഏതാണ്ട് സാധാരണ നിലയിലായിരിക്കുന്നു.
തൊഴിലുറപ്പു പണി ചെയ്യുന്ന സ്ത്രീകൾ ഇടക്കിടെ വീട്ടിൽ വരും .അച്ഛനോട് വർത്തമാനം പറഞ്ഞിരിക്കാൻ അവർ കുറച്ചു സമയം കണ്ടെത്തുന്നു. ആശുപത്രിയിലായിരുന്നപ്പോഴും അവരിൽ പലരും വരുമായിരുന്നു. ഇപ്പോൾ റോഡിലുടെ പോവുകയാണെങ്കിൽ കൂടി അച്ഛനു നേരെ കയ്യുയർത്തിയിട്ടേ അവർ പോവാറുള്ളൂ.
ഗേറ്റിന് പുറത്ത് റോഡിലൂടെ കണിയാരത്തെ ആൽബി നടന്നു പോവുന്നു. കൈയിൽ എന്തോ നിറച്ച ഒരു സഞ്ചിയുമുണ്ട്. തൊഴിലുറപ്പുകാർക്ക് ഇന്ന് കണിയാരത്താണ് പണി, അവർക്ക് കൊടുക്കാനുള്ള പലഹാരമാവും സഞ്ചിയിൽ.
മൂലയിൽ ചാരി വച്ചിരുന്ന കാലൻ കുടയുമെടുത്ത് അച്ഛൻ പുറത്തേക്കിറങ്ങി. വീഴ്ചക്ക് ശേഷം, ആദ്യമായാണ് പുറത്തിറങ്ങി നടക്കുന്നത്. നടക്കുന്നതിന് ഒരായാസവും തോന്നിയില്ല .
തെങ്ങോലകൾ തീർത്ത നിഴൽ ചിത്രങ്ങളെ ചവിട്ടി, ഗേറ്റിലേക്കുള്ള നടപ്പിനിടയിൽ, വൃത്തിയാക്കി കഴിഞ്ഞ കുളത്തിലേക്ക് നോക്കി . കുളം ഇത്രയും വെടിപ്പായി ഇതിന് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് അച്ഛന് തോന്നി. കടവിൽ ,കുളത്തിലേക്ക് ഇറങ്ങാൻ തടി കഷണങ്ങൾ കൊണ്ട് പല തട്ടുകളുള്ള ഒരു പടി ഉണ്ടാക്കിയിരിക്കുന്നു. പഴയ കാലത്ത് കുളം വെട്ടി തയ്യാറാക്കുന്ന പോലെ തന്നെ..
ഗേറ്റ് കടന്ന് റോഡിലൂടെ അച്ഛൻ വടക്കോട്ട് നടന്നു തുടങ്ങി.
അടുക്കളയിൽ തിരക്കിലായിരുന്ന അമ്മ ,ഇടക്കൊന്ന് പൂമുഖത്തേക്ക് വന്നപ്പോൾ അച്ഛൻ അവിടെ ഉണ്ടായിരുന്നില്ല. അല്പം പരിഭ്രമിച്ചെങ്കിലും നോട്ടത്തിനൊടുവിൽ മതിലിനപ്പുറം റോഡിലൂടെ നടന്നു നീങ്ങുന്ന അച്ഛനെ കണ്ടു. ഒന്നു സംശയിച്ചെങ്കിലും അമ്മയും അച്ഛനു പുറകെ നടന്നു തുടങ്ങി .
ഗേറ്റ് കടന്ന് പുറത്തിറങ്ങിയപ്പോൾ അച്ഛൻ , അകലെ കണിയാരത്ത് വീട്ടിലേക്ക് കയറുന്നതാണ് കണ്ടത്. അമ്മയും കണിയാരത്തേക്ക് തന്നെ നടന്നു.
കണിയാരത്തെ കുളം, പറമ്പിൻ്റെ വടക്കു പടിഞ്ഞാറെ മൂലയിലാണ്. പണ്ട് നാട്ടാരെല്ലാം കുടിക്കാനായി വെള്ളം എടുത്തിരുന്നത് ഈ കുളത്തിൽ നിന്നാണ്. കുഴൽ വെള്ളത്തിൻ്റെ വരവോടെ, ആ വലിയ കുളം ഒരധികപ്പറ്റാവുകയായിരുന്നു.
അമ്മ കണിയാരത്തെ പടി കടന്ന് ,കുളത്തിനടുത്ത് എത്തുമ്പോൾ അച്ഛൻ സ്ത്രീകളോട് നർമസംഭാഷണങ്ങളിലേർപ്പെട്ടിരിക്കുന്നതാണ് കണ്ടത്. മാഷിനോട് സംസാരിക്കുന്നതിലേക്കായി അവർ താൽക്കാലികമായി തങ്ങളുടെ പണി തന്നെ നിർത്തി വച്ചിരിക്കുന്നു . അമ്മയെ കണ്ടതോടെ അവരുടെ ശ്രദ്ധ അമ്മയുടെ നേർക്കുമായി.
അച്ഛൻ്റെ മുഖത്ത് പെട്ടെന്ന് ഒരു ജാള്യത മിന്നി മറയുന്നത് അമ്മ ശ്രദ്ധിച്ചു.
പറഞ്ഞു വന്നതിൻ്റെ തുടർച്ചയെന്നോണം അച്ഛൻ പറഞ്ഞു .
" അപ്പോ .... നിങ്ങടെ പണി നടക്കട്ടെ ....."
തന്നെ കണ്ടതോടെ അവിടെ തുടരാൻ അച്ഛന് അത്രക്ക് താല്പര്യമില്ലെന്ന് അമ്മക്ക് മനസിലായി.
അമ്മ , സ്ത്രീകളോട് അത്യാവശ്യം കുശലാന്വേഷണങ്ങൾ നടത്തി. അടുത്തു തന്നെ ഉണ്ടായിരുന്ന ആൽബിയും ഭാര്യയും അമ്മയുടെ അടുത്തേക്കു വന്നു. അവരോടും അല്പ നേരം അമ്മ സംസാരിച്ചു നിന്നു. അച്ഛൻ ഇതിനകം തിരികെ വീട്ടിലേക്ക് നടന്നു കഴിഞ്ഞിരുന്നു. എല്ലാവരോടും ഒന്നു കൂടി ചിരിച്ചിട്ട് അമ്മയും അച്ഛനു പിന്നാലേ വീട്ടിലേക്കു നടന്നു.
വരാന്തയിലെ കസേരയിൽ വന്നിരിക്കുമ്പോൾ അച്ഛൻ നന്നേ ക്ഷീണിച്ചിരുന്നു .കുട മൂലയിലേക്ക് ഒന്നുകൂടി തള്ളിയ ശേഷം ,കാൽ നീട്ടി വച്ച് അച്ഛൻ ഇരുന്നു. അമ്മ അകത്ത് ചെന്ന് ഒരു ഗ്ലാസ് തണുത്ത വെള്ളം കൊണ്ടു വന്നു കൊടുത്തു.
"പണ്ട് പുരുഷന്മാരായ പണിക്കാർ ചെയ്യുന്നതിനേക്കാൾ ഭംഗിയായാണ് അവർ ചെയ്യുന്നത് ...." ഉന്മേഷം വീണ്ടെടുത്തപ്പോൾ അച്ഛൻ പറഞ്ഞു തുടങ്ങി .
അമ്മക്ക് ഉള്ളിൽ ചിരി വന്നെങ്കിലും പുറത്തു കാണിച്ചില്ല.
" അവർക്ക് കിട്ടുന്ന കൂലി ... ഇരുന്നൂറ്റമ്പത് രൂപ... ,വളരെ കുറവാണ് . കുറഞ്ഞത് പുരുഷന്മാർക്ക് ലഭിക്കുന്ന കൂലിയെങ്കിലും ലഭിക്കാൻ അവർ യോഗ്യരാണ് ......"
അച്ഛൻ പിന്നെയും തൊഴിലുറപ്പിലെ സ്ത്രീകളുടെ ന്യായമായ അവകാശങ്ങളേക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.
മനുഷ്യന്, തിരിച്ചറിവ് എപ്പോൾ പ്രാപ്തമാവുന്നു എന്നു പറയാനാവില്ലെന്നാണ് അമ്മ ഓർത്തു കൊണ്ടിരുന്നത്. ചില അനുഭവങ്ങൾ ഓരോരുത്തരേയും അറിവിലേക്ക് പിടിച്ച് നയിച്ചെന്നിരിക്കും . ചിലർക്ക് നന്നേ ചെറുപ്രായത്തിൽ തന്നെ അത് ലഭിച്ചേക്കാം .മറ്റു ചിലർക്ക് വാർദ്ധകൃത്തിലേ ലഭിച്ചു എന്നു വരൂ . ഇനിയും ചിലരുണ്ട്, ഇങ്ങനെയൊരു ബോധ്യം വരാതെ തന്നെ മരിച്ചു പോവുന്നവർ .
ഈ തനിക്കു തന്നെ ഇനിയും പിടി തരാത്ത എത്രയോ കാര്യങ്ങൾ ....... അമ്മയുടെ ചിന്ത,
ചേക്കേറാനായി
ചില്ലയൊന്നും കാണാതെ പറന്നു പറന്നു നടന്നു.
*****
ഒരു നിമിഷം ....
അച്ഛനെയും അമ്മയെയും കുറിച്ച് ഇത്ര സ്വാതന്ത്രൃത്തോടെ പറഞ്ഞ് പോവുന്നതാര് .... എന്ന് നിങ്ങൾ സംശയിച്ചിട്ടുണ്ടാവും .. തീർച്ച ...
ഞാൻ ശ്രീക്കുട്ടി. ശശാങ്കൻ മാഷിൻ്റെയും ഭവാനി ടീച്ചറുടേയും മകൾ . സതീഷ് എൻ്റെ സഹോദരനാണ്. വിവാഹ ശേഷം അഞ്ചു കിലോ മീറ്റർ അകലെയുള്ള ഭർതൃ ഗൃഹത്തിലാണ് എൻ്റെ താമസം .രണ്ടു കുട്ടികളുമുണ്ട് .അച്ഛൻ്റെയും അമ്മയുടെയും കാര്യങ്ങൾ ഞാനും ഭർത്താവുമാണ് നോക്കി പോരുന്നത്. കുറച്ചു കാലമായി അവരെ കുറിച്ച് (അച്ഛനെയും അമ്മയെയും കുറിച്ച് ) എഴുതണമെന്ന് വിചാരിക്കുന്നു. ഇപ്പോഴാണ് സമയം ഒത്തുവന്നത്. കഥയിലൊന്നും ആവശ്യമില്ലാതെ എൻ്റെ സാന്നിധ്യമുണ്ടാക്കി വായനക്കാരെ ബുദ്ധിമുട്ടിക്കണ്ട എന്നു വിചാരിച്ച് പറയാഞ്ഞതാണ് . വായന ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കട്ടെ
നന്ദി പൂർവം
ശ്രീക്കുട്ടി
.......................
എ എൻ സാബു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot