നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സമാന്തരപാതകളിലെ ഏകാന്തപഥികർകഥ | ഗിരി ബി വാരിയർ
*****
“വിവാഹത്തിന് മുൻപ് നിങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നല്ലേ” കാലത്ത് റൗണ്ടിന് വന്നപ്പോൾ വിജി മാഡം ചോദിച്ചു.
വിജിമാഡം ഈ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടാണ്. ദിനേശിനെ ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റിയതിന് ശേഷം കഴിഞ്ഞ പന്ത്രണ്ട് ദിവസമായി കാലത്തും വൈകീട്ടും മാഡം വാർഡിൽ വരും. അടുത്ത വർഷം റിട്ടയർ ചെയ്യാനിരിക്കുകയാണ്.
ദിനേശിനെ കണ്ടാൽ അവരുടെ മകന്റെ അതേ മുഖഛായയാണത്രെ. ചെറുപ്പത്തിലേ ഭർത്താവ് ഉപേക്ഷിച്ചപ്പോൾ മകനേയുംകൊണ്ട് ഈ നാട്ടിലെത്തിയതാണ്, ഈ ആശുപത്രിയോട് ചേർന്നുള്ള കോൺവെന്റിൽ അന്ന് മാഡത്തിന്റെ കൂട്ടുകാരി കന്യാസ്ത്രിയായിരുന്നു. അവരാണ് നഴ്സിംഗ് പഠിക്കാൻ പ്രേരിപ്പിച്ചതും, പിന്നീട് ഇവിടെ തന്നെ ജോലി ശരിയാക്കിയതും. മകനെ പള്ളിസ്‌കൂളിൽ പഠിപ്പിച്ചു. IIT ചെന്നൈയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ മുന്തിയ മാർക്കോടെ എഞ്ചിനീയറിംഗ് ചെയ്ത ശേഷം ക്യാമ്പസ് സെലെക്ഷൻ ആയി നേരിട്ട് അമേരിക്കയിൽ ജോലി കിട്ടിപോയതാണ്. പന്ത്രണ്ടാം ക്ലാസ് കഴിയുന്നതുവരെ അമ്മയുടെ വിരൽ തൂങ്ങി നടന്ന കുട്ടിയാണ്, ഇപ്പോൾ ഇരുപത്തിരണ്ട് കൊല്ലമായി അമേരിക്കയിൽ ഒരു സിംഗപ്പൂർ വംശജയെ വിവാഹം ചെയ്ത് ജീവിക്കുന്നു. ഇവിടെനിന്നും ജോലിയിൽ ലീവെടുത്ത് ആറുമാസം അമേരിക്കയിൽ മകന്റെ കൂടെ ജീവിച്ചുവെങ്കിലും, ആ സംസ്കാരത്തിലേക്ക് സ്വയം പറിച്ചുനടാൻ തനിക്കാവില്ലെന്ന തിരിച്ചറിവിൽ ഇങ്ങോട്ടുപോന്നു.
“എന്താ സതി ആലോചിച്ചോണ്ടിരിക്കുന്നത്, ഞാൻ ചോദിച്ചത് കേട്ടില്ലേ. നിങ്ങൾ വിവാഹത്തിന് മുൻപ് നല്ല സുഹൃത്തുക്കൾ ആയിരുന്നല്ലേ..” വിജി മാഡം ചോദ്യം ആവർത്തിച്ചു.
“അതെ.. എന്താ മാഡം അങ്ങിനെ ചോദിച്ചത്..”
“വിവാഹത്തിന് ശേഷവും നിങ്ങൾ സൗഹൃദം കാത്തുസൂക്ഷിച്ചു, അതിനെ ബന്ധത്തിലേക്ക് മാറ്റിയില്ല അല്ലെ. ഞാൻ ശ്രദ്ധിച്ചു, പെരുമാറ്റത്തിൽ നിന്നും ഞാൻ ഊഹിച്ചതാണ് ട്ടോ. നിങ്ങൾ വിവാഹം ചെയ്യാനുണ്ടായ സാഹചര്യം ഒന്ന് പറയാമോ. അറിയാനുള്ള ഒരു മോഹം അത്രയേ ഉള്ളു.”
“അച്ഛന്, അമ്മ, രണ്ടു കുട്ടികൾ എന്നിവർ അടങ്ങിയ ഒരു ചെറിയ കുടുംബമായിരുന്നു ദിനേശിന്റെത്. ഏട്ടനും ദിനേശും തമ്മില് ഏതാണ്ട് പന്ത്രണ്ട് വയസ്സിന്റെ വ്യത്യാസം ഉണ്ട്. ദിനേശ് അഞ്ചാം ക്ലാസ്സില് പഠിക്കുമ്പോള് അച്ഛന് മരിച്ചിരുന്നു. പിന്നെ, അച്ഛന്റെ ജോലി അമ്മയ്ക്ക് കിട്ടി. അമ്മ മരിക്കുമ്പോൾ ദിനേശ് പത്താം ക്ലാസ്സിൽ ആയിരുന്നു. അപ്പോഴേക്കും ഏട്ടന് ജോലി കിട്ടിയിരുന്നു. പിന്നീട് ഏട്ടനാണ് ദിനേശിനെ പഠിപ്പിച്ചതും എല്ലാം. ഏട്ടനും ഏട്ടത്തിയമ്മക്കും രണ്ടു മക്കളാണ്. മൂത്ത മകള് കല്യാണം കഴിഞ്ഞു ഭര്ത്താവിന്റെ കൂടെ സിംഗപൂരില് ആണ്. മകന് ഇപ്പോള് കോളേജില് പഠിക്കുന്നു.
ഞാൻ എട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു കാറപകടത്തിൽ അച്ഛനും അമ്മയും മരിച്ചു. അമ്മയുടെ അനുജത്തി എന്നെ കൂട്ടിക്കൊണ്ടുപോയി. അങ്ങിനെ ഞാൻ ദിനേശ് പഠിക്കുന്ന സ്‌കൂളിൽ ഒൻപതാംക്ലാസ്സിൽ ചേർന്നു. മക്കളില്ലാത്ത അവർക്ക് ഞാൻ സ്വന്തം മകൾ തന്നെയാണ്. പക്ഷെ എനിക്കെപ്പോഴും ഞാൻ അവര്ക്കൊരു ബാധ്യത ആവുന്നുണ്ടോ എന്ന തോന്നലുണ്ടായിരുന്നു.
അമ്മയും അച്ഛനും ഇല്ലാത്തവരായ രണ്ടു പേര് എന്നതാവാം എന്നെയും ദിനേശിനെയും ഒരുമിപ്പിച്ചത്. ദിനേശ് വളരെ നല്ല ഒരു സുഹൃത്ത്‌ ആയിരുന്നു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് കോളേജിലും ഞങ്ങൾ ഒരുമിച്ചുതന്നെ പഠിച്ചു. ദൈവനിശ്ചയം ആവാം എഞ്ചിനീയറിംഗ് ചെയ്തതും ഒരേ കോളേജിൽ.
ക്യാമ്പസ് ഇന്റർവ്യൂവിൽ എനിക്ക് ബാംഗ്ലൂരില് ഒരു ഐ ടി കമ്പനിയില് ജോലി കിട്ടി. ദിനേശന് തിരുവനന്തപുരത്ത് ടെക്നോപ്പാർക്കിലും. ജോലിയിലുള്ള ആത്മാർത്ഥയും ഏതു ജോലിയും പെട്ടെന്ന് ചെയ്ത് തീർക്കാനുള്ള കഴിവും ദിനേശന്റെ ഉയര്ച്ചയെ വളരെ സഹായിച്ചു. ഞാനും ദിനേശും തമ്മിലുള്ള സൗഹൃദം തുടർന്നു. വിശേഷങ്ങൾക്ക് ദിനേശിന്റെ ചേട്ടനും ചേട്ടത്തിയമ്മയും എന്നെയുംവീട്ടിലേക്ക് വിളിക്കാറുണ്ട്.
ഒരിക്കല് നാട്ടില് വന്നപ്പോള് ഏട്ടനാണ് ചോദിച്ചത് ഞങ്ങള് തമ്മിലുള്ള സൗഹൃദം എന്തുകൊണ്ട് ഒരു വിവാഹബന്ധമാക്കി മാറ്റിക്കൂടാ എന്ന്. ഞങ്ങള് അത് പറയാന് മടിച്ചിട്ടാണ് എന്നാണ്‌ ഏട്ടന് കരുതിയിരുന്നത്. പിന്നീട് ഏട്ടൻതന്നെ എന്റെ ചെറിയമ്മയോട് സംസാരിച്ച് ഞങ്ങളുടെ വിവാഹം നടത്തിതന്നു
വിവാഹശേഷം ഞാന് ബാഗ്ലൂരിലെ ജോലി രാജി വെച്ച് തിരുവനന്തപുരത്ത് വന്നു. അടുത്തടുത്ത ഫ്ലാറ്റുകളിൽ ആണ് ഞങ്ങളും ചേട്ടനും ജീവിച്ചിരുന്നത്
വിവാഹബന്ധവും സൌഹൃദവും രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാന് കുറച്ചു സമയമെടുത്തു. എന്റെ എന്ത് ആവശ്യവും നിറവേറ്റാന് ദിനേശന് മടിയില്ല. പക്ഷെ കണ്ടറിഞ്ഞ് എന്തെങ്കിലും ചെയ്തുതരാന് ദിനേശന് അറിയില്ല. എന്റെ കാര്യം മറിച്ചാണ്, എനിക്ക് ചോദിയ്ക്കാന് മടിയാണ്. ദിനേശ് എല്ലാം കണ്ടറിഞ്ഞു ചെയ്യണമെന്ന് ഞാന് ആഗ്രഹിച്ചു..
ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും ഒരു കാര്യവും ദിനേശിന് പറഞ്ഞു കൊടുക്കേണ്ട കാര്യം ഇല്ല. എല്ലാം കണ്ടറിഞ്ഞു ചെയ്യും. എന്നാല് എന്റെ കാര്യം വരുമ്പോൾ മാത്രം ഒന്നും കണ്ടറിഞ്ഞ് ചെയ്യാനറിയില്ല. ചോദിച്ചാല് പറയും അവരുടെ കാര്യങ്ങള് ഒക്കെ ദിനേശ് ചെറുപ്പം മുതല്ക്ക് ചെയ്യുന്നതെല്ലേ എന്ന്.
മുടങ്ങാതെ മാസാവശ്യങ്ങള്ക്കായി ആവശ്യത്തിലധികം എന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. അതെങ്ങിനെ എവിടെ ചിലവായി എന്നൊന്നും ചോദിക്കാറില്ല, അതുകൊണ്ടുതന്നെ അതിൽനിന്നും എനിക്കെന്തെങ്കിലും വാങ്ങാന് എനിക്ക് മടിയാണ്. ഞാൻ പണം ധൂർത്തടിച്ച് ചിലവഴിക്കുന്നുണ്ടോ എന്ന് ദിനേശ് കരുതിയാലോ എന്ന് ഭയന്നു. എന്റെ സ്വന്തം ആവശ്യങ്ങൾക്ക് പോലും വളരെ കുറച്ചേ ഞാൻ പണം ചെലവഴിക്കാറുള്ളൂ.
എനിക്ക് ജോലിക്ക് പോകണമെന്ന് വല്ലാത്ത മോഹം ഉണ്ടായിരുന്നു. അതാവുമ്പോള് എന്റെ ആവശ്യങ്ങള്ക്കുള്ള പണം എപ്പോഴും ദിനേശിനോട് ചോദിക്കേണ്ടല്ലോ. പക്ഷെ ദിനേശ് പറയുന്നത് വെറുതെ എന്തിനു കഷ്ടപ്പെട്ട് ജോലിക്ക് പോകണം, ആവശ്യത്തിലധികം ദിനേശ് സമ്പാദിച്ചു കൊണ്ടുവരുന്നുണ്ടല്ലോ എന്നാണ്‌. പണം ആവശ്യമുണ്ടെങ്കില് ചോദിച്ചു കൂടെ എന്നാണ്‌ ദിനേശന് പറയാനുള്ള സ്ഥിരം ന്യായം. ദിനേശിനെ ധിക്കരിച്ച് ഒരു ജോലിക്ക് പോകാനുള്ള മനസ്ഥിതിയും ഇല്ലായിരുന്നു
വിവാഹം കഴിഞ്ഞ് ആറാം മാസം തന്നെ വയറ്റില് ഒരു ജീവന് തുടിക്കുന്ന വിവരം ദിനേശിനോട് പറഞ്ഞപ്പോൾ ഒരു തണുത്ത പ്രതികരണമാണ് തോന്നിയത് ഞാന് മാനസികമായി ഒരു അമ്മയാവാന് തയ്യാറെടുത്തിട്ടില്ല എന്നു പറഞ്ഞപ്പോൾ ദിനേശന് മറുത്തൊന്നും പറഞ്ഞില്ല . ഏട്ടനും ചേട്ടത്തിയമ്മയും അന്ന് ദിനേശിനെ വല്ലാതെ ശകാരിച്ചിരുന്നു, എന്നെ പറഞ്ഞു മനസ്സിലാക്കുന്നതിനു പകരം ദിനേശനും എന്റെ ദുശ്ശാഠ്യങ്ങൾക്ക് കൂട്ടുനിൽക്കുകയാണെന്ന് ചൊല്ലി. അങ്ങിനെ ഒരബദ്ധം വീണ്ടും പറ്റാതിരിക്കാന് ഗർഭ നിരോധക ഗുളികകൾ ശീലമാക്കി.
ജോലിയില്ലാതെ വീട്ടില് ഏതാണ്ട് ഒരു കൊല്ലം ഇരുന്നപ്പോള് ഒരു കുട്ടിയുണ്ടായിരുന്നെങ്കില് എന്ന് ആശിച്ചു. ഗര്ഭനിരോധക ഗുളികകള് ഉപയോഗം നിര്ത്തിയിട്ടും ഫലം കണ്ടില്ല. അതോടെ ജീവിതത്തില് തന്നെ വിരസത തോന്നാന് തുടങ്ങി, അതോടൊപ്പം ആദ്യം ഉണ്ടായ കുട്ടിയെ അലസിപ്പിച്ചു കളഞ്ഞതിലുള്ള കുറ്റബോധവും.
ദിനേശ് ജോലി കഴിഞ്ഞു വീട്ടില് വന്നാലും വളരെ വൈകും വരെ ജോലിയിൽ മുഴുകിയിരിക്കും ഒരു അമേരിക്കൻ സ്ഥാപനമായതിനാൽ വെളുപ്പിനാണ് ദിനേശ് ജോലിഅവസാനിപ്പിച്ച് കിടക്കാൻവരിക.
ഒരു ദിവസം ജോലിക്ക് പോകാനുള്ള തിടുക്കത്തിൽ പുറത്തിറങ്ങിയ ദിനേശ് കഴുകിയിട്ടിരുന്ന പവിട്ടുപടിയിൽ കാല് വഴുതി, തലയടിച്ച് വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ അടുത്ത ഫ്ളാറ്റിൽ താമസിച്ചിരുന്ന ഏട്ടനെവിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുവന്നു.
ആദ്യനാലുദിവസം ബോധമില്ലാതെ ദിനേശ് കിടന്നപ്പോളാണ് എനിക്ക് ദിനേശില്ലാതെ ഒരു നിമിഷംപോലും ജീവിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞത്
“കുട്ടി ഇന്ന് ഇതുപോലുള്ള പ്രശ്നങ്ങൾ വളരെ കൂടുതലാണ്. തുറന്ന് സംസാരിച്ചാൽ തീരുന്നപ്രശ്നങ്ങൾ മനസ്സിലൊതുക്കും. നിങ്ങൾ തമ്മിൽ സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഇപ്പോഴും ഉള്ളു.
“സതി റെയിൽവേട്രാക്കിലൂടെ നടന്നിട്ടുണ്ടോ, രണ്ടുകൈകൾക്കൊണ്ടും ബാലൻസ് ചെയ്താലേ വീഴാതെ നടക്കാൻ പറ്റു. ഇവിടെ നിങ്ങൾ രണ്ടുപേരും ഒരേ ട്രാക്കിൽ രണ്ടുവശങ്ങളിൽ ആയി ബാലൻസ് ചെയ്തുനടക്കുകയാണ്. നിങ്ങൾ രണ്ടുപേരും പരസ്പരം കൈകൾ കൂട്ടിപ്പിടിച്ചാൽ അനായാസം നടക്കാവുന്നതേ ഉള്ളു. ഒരുപക്ഷെ നിങ്ങൾക്ക് സംസാരിക്കാൻ ദൈവം തന്നെ ഒരുക്കിയ ഒരു സന്ദർഭമാവും ഇത്. മനസ്സ് തുറന്നൊന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു കുട്ടി”
എന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് മാഡം പോയി .
വൈകീട്ട് ചായകുടിച്ചശേഷം എന്തോ ചിന്തിച്ചിരിക്കുമ്പോൾ ആണ് പെട്ടെന്ന് ദിനേശ് ചോദിച്ചത്
"പഠിക്കുമ്പോള് നമ്മള് നല്ല സുഹൃത്തുക്കള് ആയിരുന്നു, അത് മതിയായിരുന്നു അല്ലെ ? "
"എന്തെ ഇപ്പോള് അങ്ങിനെ തോന്നാന്?" ഞാന് ചോദിച്ചു.
" അല്ല, നീ എന്നില് നിന്നും വല്ലാതെ അകന്നു പോയതു പോലെ ..." ദിനേശ് പറഞ്ഞു.
"ഇല്ല ദിനേശ്, എനിക്ക് അതിന് കഴിയില്ല. പക്ഷെ ഞാന് ദിനേശിന്റെ ജീവിതത്തില് ഒരു ഭാരമാവുന്നുണ്ടോ എന്ന ഒരു തോന്നൽ "
"ഭാരമോ? നീ എനിക്കെങ്ങിനെ ഒരു ഭാരമാകും ?
"അതല്ല ദിനേശ്, ഒരമ്മയാകാന് കഴിയാത്തതുകൊണ്ട് ദിനേശ് എന്നെ വെറുക്കുന്നുണ്ടോ എന്ന ചിന്ത, അവയെല്ലാം മനസ്സിനെ വല്ലാതെ അലട്ടാന് തുടങ്ങിയിരുന്നു. "
"സതീ, ഞാന് എനിക്കായിട്ടൊന്നും ഉണ്ടാക്കുന്നില്ല, എല്ലാം നമുക്ക് വേണ്ടിയാണ്. കുട്ടിയുണ്ടാവത്തത് നിന്റെ കുഴപ്പമാണോ എന്റെ കുഴപ്പമാണോ എന്നൊന്നും ഞാന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഒരുപക്ഷെ എന്റെ കുഴപ്പമാണെങ്കില് നീയ്യെന്നെ ഉപേക്ഷിക്കുമായിരുന്നോ ?"
"ഇല്ല ദിനേശ്, എനിക്കത് ചിന്തിക്കാന് കൂടി കഴിയില്ല."
"അത് തന്നെയാണ് എന്റെയും അവസ്ഥ. കുട്ടികളെ ഉണ്ടാക്കാനുള്ള ഒരു യന്ത്രമായിട്ടല്ല ഞാൻ നിന്നെ കണ്ടത് , നിന്നോടുള്ള സ്നേഹം കൊണ്ട് മാത്രം ആണ് നിന്നെ വിവാഹം കഴിച്ചത്."
"സ്നേഹമോ ? "
"അതെ, നിന്നോടുള്ള സ്നേഹം, അത് നിന്നോട് പറയാൻ എനിക്ക് ഭയമായിരുന്നു . അതുകൊണ്ടാണ് ഏട്ടനോട് സംസാരിക്കാൻ പറഞ്ഞത്
"ഏട്ടനോടോ ? എന്തിന് ?"
"ഞാന് എന്റെ ഇഷ്ടം അദ്ദേഹത്തോട് പറഞ്ഞിരുന്നു. നമ്മുടെ വിവാഹത്തെ പറ്റി അദ്ദേഹം നിന്നോട് സംസാരിച്ചത് ഞാൻ പറഞ്ഞിട്ടാണ്. ഞാന് പ്രത്യേകം പറഞ്ഞിരുന്നു ഇങ്ങിനെ ഒരു ആഗ്രഹം ഞാന് പറഞ്ഞത് നിന്നോട് പറയരുത് എന്ന് കാരണം നീ എതിര് പറഞ്ഞിരുന്നു എങ്കില് നീയ്യുമായുള്ള സൗഹൃദം നഷ്ടപ്പെടുമോ എന്ന് ഞാന് ഭയന്നിരുന്നു."
"ദിനേശിന്റെ പെരുമാറ്റത്തില് നിന്നും ദിനേശിന് എന്നോട് ഒരു സൗഹൃദത്തിനപ്പുറം സ്നേഹം എന്ന വികാരം ഉണ്ടെന്നു വായിച്ചെടുക്കാന് എനിക്ക് കഴിഞ്ഞില്ല. രാമേട്ടന് പറഞ്ഞതിനെ തള്ളിക്കളയാന് പറ്റാത്തതിനാൽ ദിനേശ് എന്നെ വിവാഹം ചെയ്തതാണ് എന്നാണ്‌ ഞാന് വിചാരിച്ചത്. ആ അപഹര്ഷതാബോധം എന്റെയുള്ളില് നീറുന്നുണ്ടായിരുന്നു."
പിന്നെ, വിവാഹം കഴിഞ്ഞ് ആറാം മാസത്തില് ഗര്ഭിണിയായ ഞാന് ആ വിവരം ദിനേശിനോട് പറഞ്ഞപ്പോള് ദിനേശിന്റെ മുഖത്ത് ഞാന് സന്തോഷം കണ്ടില്ല. ഒരുപക്ഷെ ദിനേശിന് ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് തോന്നി. അതാണ്‌ ഞാന് ഗർഭം അലസിപ്പിച്ച് കളയാന് പറഞ്ഞത്. "
"അന്ന് എന്റെ ഓഫീസില് ഒരു പ്രശ്നം ഉണ്ടായിരുന്നു. അപ്പോഴാണ്‌ നീ ഇക്കാര്യം പറഞ്ഞത്. അപ്പോഴത്തെ എന്റെ മനോനിലയിൽ ഉള്ളിലെ സന്തോഷം പ്രകടിപ്പിക്കാന് കഴിഞ്ഞില്ല. അതെന്റെ തെറ്റാണ്. ഓഫീസിലെ ആയിരം പ്രശ്നങ്ങൾ ഞാൻ അവിടെ തന്നെ വെച്ച് പോരണമായിരുന്നു. വീട്ടിലെത്തിയിട്ടും ജോലി സ്ഥലത്തെ ചിന്തകൾ നിന്നെ ഒറ്റപ്പെടുത്തുന്നുണ്ടെന്ന് മനസ്സിലാക്കാൻ ഞാൻ വൈകി. സതീ എനിക്ക് നീയ്യിലാതെ ജീവിക്കാൻ പറ്റില്ല."
അപ്പോഴേക്കും നഴ്സിംഗ് സൂപ്രണ്ട് വിജിമാഡം അകത്തേക്ക് വന്നു.
"ദിനേശ്, നാളെ ഡിസ്ചാര്ജ് ഉണ്ട് ട്ടോ, കാലത്ത് റൌണ്ട് കഴിഞ്ഞപ്പോള് ഡോക്ടര് എഴുതിയിട്ടുണ്ട് എന്ന് വാർഡിലെ കുട്ടികൾ പറഞ്ഞു. പിന്നെ, നിങ്ങളോട് ഒരു കാര്യം പറയാമെന്ന് കരുതി. ഈ ആശുപത്രിയോട് ചേർന്ന് ഒരു അനാഥാശ്രമം ഉണ്ട്. സമയം കിട്ടുമ്പോൾ അവിടെചെല്ലുക കുട്ടികളുമായി ഇടപഴകുക, എന്നെങ്കിലും വേണമെന്ന് തോന്നുന്നുവെങ്കിൽ ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെക്കുറിച്ചും ചിന്തിക്കുക, അതല്ല ചികിത്സയാണ് വേണ്ടതെങ്കിൽ ഞാൻ ഒരു ഡോക്ടറെ പരിചയപ്പെടുത്തിത്തരാം. പിന്നെ ഇടക്കൊക്കെ വീടുവരെ രണ്ടുപേരും വരണം. എനിക്കൊരു മാറ്റവും ആവും ”
“മാഡം, ഇപ്പോൾ എന്തായാലും ദത്തെടുക്കുന്നില്ല, തിരമാലകൾ ഒഴിഞ്ഞ് ഞങ്ങളുടെ മനസ്സുകൾ ശാന്തമായത് ഇന്നാണ്. പരസ്പരം സ്നേഹിച്ചും അറിഞ്ഞും കുറച്ചുദിവസം ജീവിച്ചുനോക്കട്ടെ, ചിലപ്പോൾ ദൈവം തന്നെ കനിഞ്ഞ് ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നാലോ, എന്നിട്ടാവാം ഡോക്ടറും ദത്തെടുക്കലും എല്ലാം . അതുപോരെ.”
ബെഡ്‌ഡിനോട് ചാരിനിൽക്കുന്ന എന്റെ കൈകൾ അമർത്തിപ്പിടിച്ച് ചിരിച്ചുകൊണ്ട് ദിനേശ് പറഞ്ഞപ്പോൾ സൗഹൃദത്തിന്നപ്പുറത്തെ എന്തോ ഒരു വികാരം ശരീരമാസകലം ഒരു മിന്നൽപിണർ പോലെ പാഞ്ഞുപോയി, ജീവിതത്തിലാദ്യമായി..
=== ശുഭം ===
ഗിരി ബി വാരിയർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot