Slider

ഫീനിക്സ് പക്ഷി

0


"നിന്നെക്കൊണ്ടെന്തിന് കൊള്ളാം. അപ്പുറത്തെ ശരണ്യയെ നോക്ക്. അവൾ സ്വയം വണ്ടി ഓടിച്ചു ജോലിക്ക് പോകുന്നു. വൈകുന്നേരം വന്നാലോ കുട്ടികൾ ക്കു ട്യൂഷൻ എടുക്കുന്നു. ആ വീട്ടിലെ മുഴുവൻ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്നു. ഭർത്താവിന്റെ വയസ്സായ അമ്മയെ പൊന്നു പോലെയാ നോക്കുന്നത് വിനോദ് ഗൾഫിൽ സമാധാനം ആയി ജീവിക്കുന്നത് ഇങ്ങനെ ഒരു ഭാര്യ ഉള്ളത് കൊണ്ടാണ്. എനിക്കും ഉണ്ട് ഒരെണ്ണം. എല്ലാത്തിനും പേടി. വണ്ടി ഓടിക്കാൻ പേടി, രാത്രി തനിയെ മുറ്റത്തിറങ്ങാൻ പേടി. എടി നിനക്ക് വയസ്സ് മുപ്പത് ആയില്ലേ ഒരു psc എഴുതി ജോലിക്ക് കയറിക്കൂടേ? അല്ലെങ്കി പോട്ടെ ഏതെങ്കിലും ജോലിക്ക് പൊയ്ക്കൂടേ? ഒരു നല്ല കറി വെയ്ക്കാനറിയാമോ നിനക്ക്? "

അങ്ങനെ നൂറുകൂട്ടം കുറ്റങ്ങൾ കേൾക്കുമ്പോൾ ആദ്യമൊക്കെ പോയി മരിച്ചാലോ എന്നെനിക്ക് തോന്നിയിട്ടുണ്ട്. എനിക്ക് കഴിവില്ലാത്തത് എന്റെ തെറ്റാണോ? ഞാൻ പഠിച്ചിട്ടും ജോലി കിട്ടാത്തത് എന്റെ തെറ്റാണോ? നന്നായി ശ്രമിച്ചാലും ഭർത്താവിന്റെ രുചി മനസ്സിലാക്കാൻ കഴിയാത്തത് എന്റെ കുറ്റമാണോ.. സത്യത്തിൽ ഞാൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് എനിക്ക് അറിയില്ലായിരുന്നു. സദാ സമയവും നിന്നേ കൊണ്ടെന്തിന് കൊള്ളാം എന്നൊരാൾ ചോദിച്ചാൽ നമ്മുടെ ഉള്ള ആത്മവിശ്വാസം കൂടി നഷ്ടമാകും എന്നെനിക്ക് മനസിലായി. തിരുത്തേണ്ടത് ഞാൻ അല്ല. എന്റെ ഭർത്താവ് ആണ്. അയാളുടെ മനോഭാവം ആണ്.

എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല. വണ്ടി ഓടിക്കാതെ ജീവിക്കാൻ കഴിയില്ലേ? അത് കൊണ്ട് ഞാൻ ഒന്നിനും കൊള്ളാത്തവൾ ആകുമോ? കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ തൊട്ടടുത്ത് ഒരാൾ ഉള്ളപ്പോൾ ഞാൻ ശ്രമിച്ചാൽ ആരു വരാൻ? ഞാൻ എന്നും അഞ്ച് മണിക്ക് എഴുന്നേൽക്കും. അടുക്കളയിൽ കയറി ഏഴുമണിക്ക് ജോലിക്ക് പോകുന്ന ഭർത്താവിന് രാവിലെത്തെയും ഉച്ചക്കത്തെയും ഭക്ഷണം ഉണ്ടാക്കി വെയ്ക്കും. അദേഹത്തിന്റെ വസ്ത്രങ്ങൾ ഇസ്തിരി ഇട്ടു വെയ്ക്കും. അദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും ഇഷ്ടം ഉള്ള കാപ്പി ഉണ്ടാക്കി കൊടുക്കും. മക്കളെ സ്കൂളിൽ അയയ്ക്കും മുന്നേ ചെയ്തു തീർക്കുന്നതാണ് ഇതൊക്കെ.. എന്നിട്ടും എന്നെ കൊണ്ടെന്തിന് കൊള്ളാമത്രെ..

ഞാൻ മാറി ചിന്തിച്ചു തുടങ്ങി. എന്റെ സുഹൃത്തിന്റെ സ്ഥാപനത്തിൽ അവൾ എനിക്കൊരു ജോലി ശരിയാക്കി തന്നു. എട്ടു മണി മുതൽ നാല് മണി വരെ. ഷിഫ്റ്റ്‌ ആണ്.

"ഓഹോ ജോലിക്കാരി ആയി അല്ലെ? കളക്ടർ ഉദ്യോഗം ഒന്നുമല്ലല്ലോ? "
പരിഹാസം

"നിങ്ങളും അല്ലല്ലോ ഉവ്വോ? "
ആദ്യമായി ഞാൻ തിരിച്ചു പറഞ്ഞു.

"നമുക്ക് കാണാം എത്ര ദിവസം എന്ന് "വീണ്ടും പുച്ഛം

അതെനിക്ക് വാശിയായി. ഞാൻ കഷ്ടപ്പെട്ടു കാര്യങ്ങൾ പഠിച്ചു ആത്മാർത്ഥമായി ജോലി ചെയ്തു. രാത്രിയിൽ പുന്നാരവുമായി വരുന്ന അയാളുടെ കൈ തട്ടി ദൂരെ കളഞ്ഞു പുതച്ചു മൂടി സുഖമായി ഉറങ്ങി.

"എന്റെ തുണികൾ
കഴുകാനുണ്ട് "

"വാഷിംഗ്‌ മെഷിൻ ഉണ്ടല്ലോ.. "
ഞാൻ മറുപടി കൊടുത്തു. എന്നോട് പലപ്പോഴും പറയുന്നത് "നീ അല്ലല്ലോ വാഷിംഗ്‌ മെഷിൻ അല്ലെ കഴുകുന്നത് എന്ന്. അത് ഞാൻ പലിശ സഹിതം തിരിച്ചു കൊടുത്തു.

"എനിക്ക് ഇന്ന് മീൻ വറുത്തത് വേണം "

"മീൻ വാങ്ങി വരൂ ഉണ്ടാക്കി തരാം. പക്ഷെ രാവിലെ കുറച്ചു നേരെത്തെ എണീറ്റു എന്റെ ജോലികളിൽ സഹായിക്കണം എനിക്കും ജോലിക്ക് പോകാൻ ഉള്ളതാണ് "

"എന്റെ പട്ടി വരും "

"എന്നാൽ അതിനെ കൊണ്ട് ഉണ്ടാക്കിക്കു മീൻ ഫ്രൈ "

ഞാൻ തിരിച്ചടിച്ചു. പക്ഷെ അച്ഛന്റെയും അമ്മയുടെയും കാര്യത്തിന് ഞാൻ ഒരു മുടക്കവും വരുത്തിയില്ല. ഒരു ജീവിതം മുഴുവൻ കഷ്ടപ്പെട്ടവർ. പാവങ്ങൾ വിശ്രമിച്ചോട്ടെ.

"ശരണ്യ കാർ വാങ്ങി. അങ്ങനെ ആണ് മിടുക്കികൾ "

"ശരണ്യയുടെ ഭർത്താവ് സമർത്ഥനാണ്. അയാൾ ദുബായിൽ നല്ല പോലെ കാശുണ്ടാക്കുന്നുണ്ട് ശരണ്യക്ക് ഒന്നല്ല രണ്ടു കാർ വാങ്ങാം "

അയാളുടെ മർമ്മത്തിൽ ഒരടി കിട്ടിയ പോലെ.. മിണ്ടാതെ പോയി

എന്റെ ഓഫീസിലെ ജിജിക്ക് സ്കൂട്ടർ ഉണ്ട്. അവളുടെ പിന്നിൽ ഇരുന്നാണ് ഞാൻ വരിക. അവൾ ചിലപ്പോൾ എന്നെയും പഠിപ്പിക്കും ക്ഷമയോടെ ഇതൊക്കെ നിസാരം ആണെന്ന് പറഞ്ഞു സ്നേഹത്തോടെയാണ് പഠിപ്പിക്കുക. . അങ്ങനെ ഞാൻ ലൈസൻസ് എടുത്തു. അത് ഭർത്താവിന്റെ മുന്നിൽ കൊണ്ട് വെച്ചിട്ട് നോക്കി. അമ്പരന്ന മുഖം.

"ഞാൻ ഒരു ലോൺ എടുക്കുകയാണ് ഒരു സെക്കന്റ്‌ ഹാൻഡ് സ്കൂട്ടർ പറഞ്ഞു വെച്ചിട്ടുണ്ട്. എല്ലാ മാസവും കിട്ടുന്ന ശമ്പളത്തിൽ പകുതിയെ ഇനി ഉണ്ടാവുകയുള്ളൂ "

പുള്ളി മിണ്ടിയില്ല.

ഞാൻ സ്കൂട്ടറിൽ ജോലിക്ക് പോകാൻ തുടങ്ങി. വൈകുന്നേരം വന്നു ബാക്കി സമയം കുറച്ചു കൃഷി ചെയ്‌തും എന്റെ സമയം നീക്കി. എന്റെ പച്ചക്കറികൾക്ക് ആവശ്യക്കാർ ധാരാളം ഉണ്ടായി. പിന്നെയും രാത്രി സമയം ബാക്കി ഉണ്ടായിരുന്നത് ഓൺലൈൻ ബുട്ടിക് തുടങ്ങി.. എന്റെ ഉള്ളിൽ ഇത്രയും കഴിവുകൾ ഉണ്ടായിരുന്നു എന്ന് ഞാൻ പോലും തിരിച്ചറിഞ്ഞ നാളുകൾ ആയിരുന്നു അത്.

"നിനക്ക് എന്നോട് ദേഷ്യമാണല്ലേ? "
ഒരു ദിവസം ഭർത്താവ് ചോദിച്ചു

"ആരു പറഞ്ഞു? നിങ്ങളോട് എനിക്ക് നന്ദിയുണ്ട്. കാരണം നിങ്ങൾ അങ്ങനെ എന്നെ കുറ്റപ്പെടുത്തി പറഞ്ഞത് കൊണ്ടാണ് എനിക്ക് വാശി വന്നത്.. ഞാൻ ഇപ്പൊ ഇങ്ങനെ ആയതും "

"നീ മിടുക്കിയാകാൻ വേണ്ടിയല്ലേ ഞാൻ ഓരോന്ന് പറഞ്ഞത്? "അഭിനയസിംഹമേ എന്ന് ഉറക്കെ വിളിക്കാൻ തോന്നി എനിക്ക്.

എനിക്ക് ചിരി വന്നു. ആണിന്റെ പൊതുവായ തന്ത്രമാണത്. വീണു കഴിഞ്ഞാൽ നല്ലോണം ഉരുണ്ടേക്കുക. കുറച്ചു സെന്റി ഒക്കെ ചേർത്ത്, നട്ടാൽഒരിക്കലും മുളയ്ക്കാത്ത നല്ല ഒന്നാന്തരം നുണയും അങ്ങ് വെച്ചു കാച്ചും. പിന്നേ എന്നെ നന്നാക്കാനാരുന്നത്രെ...

ഒരിക്കൽ ഞാൻ പറഞ്ഞു

"ഞാൻ ഞാനാണ് എനിക്ക് മറ്റൊരാളും ആവാൻ കഴിയില്ല. നിങ്ങൾക്ക് വേണെങ്കിൽ എന്നെ സഹിച്ചാൽ മതി "

അതോടെ ശരണ്യ മന്ത്രം നിലച്ചു. പുള്ളി നന്നായി.ഒരു വിധം നല്ല ഭർത്താവ് ആയി..
ഞാൻ പുതിയ കാർ വാങ്ങി.. കക്ഷിയെയും അരികിൽ വെച്ചു ഒരു ഡ്രൈവിന് പോയി.

"നീ മിടുക്കി ആണ് ട്ട.. സോറി ഞാൻ വിഷമിപ്പിച്ചതിന് "

ഞാൻ ചിരിച്ചു.. എനിക്ക് ഇത് കേട്ടാൽ മതി. ഒരിക്കൽ നിന്നേ കൊണ്ടെന്തിന് കൊള്ളാം എന്ന് പറഞ്ഞയാൾ തന്നെ നീ മിടുക്കിയാണ് എന്ന് പറഞ്ഞല്ലോ
സന്തോഷം ആയി..


By Ammu Santhosh

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo