സ്വന്തം ഭാര്യയെ ബീവറേജ് ക്യൂവിൽ കണ്ടെന്ന് കൂട്ടുകാരൻ വിളിച്ച് പറഞ്ഞപ്പോൾ മുതൽ അവളെപ്പേടിച്ച് മദ്യത്തിന്റെ മണമറിയാതിരിക്കാൻ ചവച്ച ഏലക്കായും സവാളയുമെല്ലാം തികട്ടി വരുന്നത്പോലെ രമേഷിന് തോന്നി
പിന്നെ രണ്ടിലൊന്നാലോചിച്ചില്ല രമേഷ് ബൈക്കെടുത്ത് ബീവറേജസിലേക്ക് പോയി
യാത്രയിലുടനീളം തന്റെ മദ്യപാനത്തിന്റെ പേരിൽ അവളുമായി കലഹിച്ച് കിടന്ന രാത്രികളായിരുന്നു മനസ്സിൽ
തന്നെ തോൽപിക്കാൻ വേണ്ടി ഇനിയെങ്ങാനും ആശയും മദ്യപാനം തുടങ്ങിയോ
ഓർത്തിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ല.ജോലിയുടെ ക്ഷീണം മാറ്റാനാണ് വെള്ളമടിക്കുന്നതെന്ന തന്റെ ന്യായീകരണത്തിനിടയിൽ പലപ്പോഴും അവൾ പറഞ്ഞിട്ടുള്ളതാണ് എന്നാൽപിന്നെ പകലന്തിയോളം ഈ വീട്ട് വേല ചെയ്യുന്നതിന് അവളും മദ്യപിക്കാമെന്ന്,പറഞ്ഞത് പോലെ എങ്ങാനും ചെയ്യുമോ
ക്ഷേത്രത്തിലെ അന്നദാനത്തിന് പോലും വരിയിൽ നിൽക്കാതെ ഇടയ്ക്ക് കയറി കഴിച്ച് പ്രശ്നമുണ്ടാക്കുന്ന ആളാണ് വളരെ ക്ഷമയോടും അച്ചടക്കത്തോടും കൂടി ക്യൂവിൽ നിൽക്കുന്നത്
എന്തായാലും അവളുടെ പദ്ധതി ഇന്ന് തന്നെ കണ്ട്പിടിച്ചേ പറ്റൂ
ചേട്ടാ രണ്ട് ഫുള്ള്
ഒരു ബെക്കാർഡി,പിന്നെ ഒരു ഗ്രീൻ ലേബലും
പ്രസവരക്ഷയ്ക്കായി നിർബന്ധിച്ച് കൊടുത്ത ബ്രാണ്ടി എന്റെ മുഖത്തേക്ക് തുപ്പിയ എന്റെ അതേ ഭാര്യ തന്നെയാണോ ഇവൾ എന്ന് സുമേഷ് ഒന്നു കൂടി ഉറപ്പ് വരുത്തി.
മദ്യം വാങ്ങി ബാഗിലിട്ടശേഷം അവൾ വീണ്ടും ചോദിച്ചു
ഫെനി ഇവിടെ കിട്ടില്ലല്ലോ അല്ലേ
മദ്യത്തെപറ്റിയുള്ള അവളുടെ പരിജ്‌ഞാനം കണ്ട് അകത്തിരുന്നവരും പുറത്ത് വരിയിലുള്ളവരും എന്തിന് എന്റെ വയറ്റിൽ കിടക്കുന്ന മുക്കാൽ ചക്രത്തിന്റെ കൂതറ റം പോലും അവളെ എഴുന്നേറ്റ് നിന്ന് നമിച്ചു.
ലോകം കീഴടക്കിയ വീര നായികയെപ്പോലെ കുപ്പിയുമായി പുറത്തിറങ്ങിയ അവൾ ഓട്ടോ പിടിച്ചു.
ഇത്രയും നല്ലൊരു കമ്പനി വീട്ടിലുള്ളപ്പോൾ ആരുടെ കൂടെപ്പോയ് വെള്ളമടിക്കാനാണ് അവൾ ഓട്ടോ വിളിച്ച് പോകുന്നത്.
രമേഷ് അവളെ പിന്തുടർന്നു
ഓട്ടോ ചെന്ന് നിന്നത് കാലപ്പഴക്കം തീരെയില്ലാത്ത ഒരു ക്ഷേത്രനടയിലാണ്.
ബീവ്റേജിലാക്കാൾ വലിയ ക്യൂവാണ് ക്ഷേത്രത്തിൽ
വരിയിലുള്ള എല്ലാവരുടേയും കയ്യിൽ അവനവന്റെ സാമ്പത്തിക നിലയനുസരിച്ച് ഫുള്ളും ഹാഫും പൈന്റുമെല്ലാം ഉണ്ട്
കൊന്തയും പൂണൂലും പർദ്ദയും എന്ന് വേണ്ട ബംഗാളികൾ വരെ വരിയിലുണ്ട്
മതസൗഹാർദ്ദം കണ്ട് എന്റെ രോമകൂപങ്ങൾ എഴുന്നേറ്റ് നിന്ന് ഭാരത് മാതാ കീ ജയ് വിളിച്ചു
നട തുറന്നതോടെ വരിയിലുള്ള ഓരോ ആളുകളും കയ്യിലുള്ള മദ്യക്കുപ്പി മൂന്ന് തവണ ഇടത്തേക്ക് തലയ്ക്കുഴിഞ്ഞ് വിചിത്രമായ ആവശ്യങ്ങൾ നടയിലേക്ക് നോക്കി ഉറക്കെ വിളിച്ച് പറയാൻ തുടങ്ങി.
എന്റെ മകൻ പ്രേമിച്ച പെണ്ണിനെ മറക്കണേ
ബിസിനസ് പുഷ്ടിപ്പെടണേ
ഞങ്ങളുടെ കാര്യങ്ങളൊന്നും കെട്യോൻ കണ്ട് പിടിക്കല്ലേ
സിവിൽ സർവീസ് കിട്ടണേ
പറമ്പ് കച്ചവടം നടക്കണേ
മകളുടെ വിവാഹം നടക്കണേ
അങ്ങനെ പലർക്കും പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ.അവസാനം അവളുടെ ഊഴമെത്തി
ബെക്കാർഡിയും ഗ്രീൻലേബലും തലയ്ക്കുഴിഞ്ഞ് അവൾ പറഞ്ഞു
എന്റെ പൊന്ന് ചാത്താ എന്റെ പോത്തൻ കെട്യോന്റെ വെള്ളമടി നിർത്തിത്തരണേ
ആ സമയം എന്റെ മനസ്സ് മുഴുവൻ ഒന്നാം തീയതി ഇവിടെ വന്ന് ബ്ലാക്കിൽ സാധനം വാങ്ങിക്കുന്ന ത്വരയായിരുന്നു.
അവൾ എന്നെ കാണാതിരിക്കാൻ ഞാൻ ക്ഷേത്രത്തിന് പുറകിലുള്ള തന്ത്രിമഠത്തിനരുകിലേക്ക് പോയി.
അവിടെ ഇതിലും മനോഹരമായ ആചാരങ്ങളായിരുന്നു നടക്കുന്നത്
കുപ്പി വച്ച ഭക്തർ ഓരോരുത്തരുമായി ശാന്തിയെക്കണ്ട് സങ്കടം ബോധിപ്പിച്ചു
സേട്ടാ എനിക്കൊരു ബേട്ട ഉണ്ടാവാൻ എന്ത് ചെയ്യണം,ചാർ ബേട്ടി ഉണ്ട്,ബംഗാളി ചോദിച്ചു
മൂന്ന് പെൺമക്കൾ മാത്രമുള്ള ശാന്തി അയാൾക്ക് പാലിൽ കലക്കി കുടിക്കാൻ ഭസ്മം കൊടുത്തു
അലക്കിത്തേച്ച വെള്ളക്കുപ്പായക്കാരന് വരാൻ പോകുന്ന പഞ്ചായത്തിലക്ഷനിൽ ജയിക്കാൻ അതേ ഭസ്മം വോട്ടിങ്ങ് യന്ത്രത്തിൽ തൂവാൻ തന്ത്രികൾ അവർകൾ കൊടുത്തയച്ചു
കുടുംബത്തിൽ മനസമാധാനം കിട്ടാൻ എത്തിയ വീട്ടമ്മയുടെ വയറിൽ തടവി വയറിന്റെ കന്നിമൂലയിൽ അമ്മായിഅമ്മ നിക്ഷേപിച്ച കൂടോത്രം കണ്ട്പിടിച്ച മഹാനായ തന്ത്രി വയറിളക്കി കളയാൻ മറ്റൊരു പൊതിയിൽ ഭസ്മം നൽകി.ഇനിയങ്ങോട്ട് അവരുടെ കുടുംബത്തിലെ മനസമാധാനത്തെ ഓർത്ത് എന്റെ നെഞ്ചിടിച്ചു.
സൂക്ഷിച്ച് നോക്കിയപ്പോഴാണ് ആളെപ്പിടികിട്ടിയത്
ഇത് പഴയ പെണ്ണ് മനോജല്ലേ,കോളേജിൽ പഠിക്കുന്ന കാലത്തേ പെണ്ണ് അവനൊരു ഹരമായിരുന്നു.
കാമഭ്രാന്തനായ ഇവനെപ്പോഴാണ് ശാന്തിയായത്
സ്വർണ്ണമാലയും നാലഞ്ച് മോതിരവും ഇട്ടാൽ തന്ത്രിയാകുമോ,മന്ത്രങ്ങൾ അറിഞ്ഞില്ലേലും തന്ത്രങ്ങൾ അവന് നന്നായി അറിയാം.ചക്ക വീണ് മുയല് ചത്താലും വിശ്വാസികൾ ജനിക്കുമല്ലോ.
എത്രയും പെട്ടെന്ന് ആശയെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് കണ്ട് പിടിക്കണം
തന്ത്രിയെക്കാണാൻ അവളെ അനുവദിച്ച് കൂട
തന്ത്രി വേഷത്തിൽ സ്പർശനസുഖം അയാൾ ഒരു പാട് അനുഭവിക്കുന്നുണ്ടെന്ന് നിമിഷനേരംകൊണ്ട് തന്നെ സുമേഷിന് ബോധ്യപ്പെട്ടു.തന്ത്രി പറഞ്ഞതനുസരിച്ചാൽ അവൾ ഇനി ഫെനി വാങ്ങാൻ ഗോവയ്ക്ക് പോവാനും മടിക്കില്ല.
തന്ത്രിയുടെ തന്ത്രങ്ങളറിയാതെ തന്ത്രിദർശനത്തിനായ് വരിനിൽക്കുന്നവർക്കിടയിൽ നിന്ന് ആശയെ വിളിച്ചു.
നിങ്ങളെന്താ മനുഷ്യാ ഇവിടെ
എന്റെ പൊന്ന്മോളേ ഞാൻ നിനക്ക് വേണ്ടി മദ്യപാനം നിർത്താം,പക്ഷെ നീ ഇനി ഇവിടെ വരരുത്
നിങ്ങൾ വാക്ക് തെറ്റിക്കില്ലെങ്കിൽ ഞാനിനി ഇവിടെ വരില്ല
ശരി ഇനി ഞാൻ മദ്യം കൈ കൊണ്ട് തൊടില്ല
എന്റെ പൊന്ന് ചാത്താ ഇത്ര പെട്ടെന്ന് ഫലം കണ്ടല്ലോ,അവൾ നിറകണ്ണുകളോടെ തൊഴുതു.
അതോടെ ഒരു വിശ്വാസികൂടി അവിടെ ജനിച്ചു
ഒരുപാട് പേരുടെ ഭാവി നിർണ്ണയിക്കുന്നതിനിടയിൽ സ്വന്തം ഭാവി കവടിപ്പലകയിൽ തെളിയാതിരുന്ന തന്ത്രികൾ അവർകൾ ഇന്ന് അനധികൃതമായി മദ്യം വിറ്റതിന് ജയിലിലാണെന്ന പത്രവാർത്തയെങ്കിലും ഭക്തവൃന്ദത്തിന്റെ കണ്ണ് തുറപ്പിക്കട്ടെ
Written by Sithu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക